Wednesday, January 23, 2008

വിപണി കരടി പിടിയിലേക്ക്.

ഭാരതത്തിന്റെ മൂലധന വിപണിയില്‍ ഉണ്ടായിരിക്കുന്ന തകര്‍ച്ച താല്‍ക്കാലിമല്ല. രണ്ടായിരത്തി മൂന്നില്‍ തുടങ്ങിയ ആഗോള മൂലധന വിപണിയുടെ വളര്‍ച്ച തിരിച്ചടിയുടെ വക്കിലാണ്. കാരണം മറ്റൊന്നല്ല. ഇറാന്‍-അമേരിക്ക പ്രതിസന്ധി ഏപ്രിലോടുകൂടി ഏറ്റവും മോശമായ അവസ്ഥയിലേക്ക് മാറുകയും പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷ ഭരിതമാവുകയും ചെയ്യും എന്ന് ഏറ്റവും ആദ്യം മനസ്സിലാക്കുന്നത് ലോക വിപണിയെ നിയന്ത്രിക്കുന്ന കോര്‍പ്പറേറ്റ് ഭീമന്‍മാരാണ്. വൈറ്റ് ഹൌസ് പോലും തിരിച്ചറിയും മുമ്പ് എണ്ണയിലും സ്വര്‍ണ്ണത്തിലും മൂലധനവിപണിയിലും ഉണ്ടാകാന്‍ പോകുന്ന കയറ്റിറക്കങ്ങള്‍ മരത്തില്‍ കാണാന്‍ വിപണി നിയന്ത്രിക്കുന്നവര്‍ക്ക് കഴിയും. അല്ലെങ്കില്‍ ലോകത്ത് എന്ത് എപ്പോള്‍ എങ്ങിനെ നടക്കണം എന്ന് തീരുമാനിക്കുന്നത് വന്‍‌കിട സാമ്പത്തിക കൈകാര്യ കര്‍ത്താക്കളാണ്.

അമേരിക്കയുടെ നയങ്ങള്‍ക്ക് അനുസരണമായി ഭാരതത്തിന്റെ കമ്പോളവും ചലിക്കുന്നു എന്നത് ആഗോള വിപണിയുടെ പൊതു സ്വഭാവത്തിന്റെ ഭാഗമാണെന്ന് പറയാമെങ്കിലും ഭാരതത്തിന്റെ മൂലധന വിപണി എത്തി നില്‍ക്കുന്നത് ഒരു വല്ലിയ പ്രതിസന്ധിയിലാണ്. ആ പ്രതിസന്ധി സ്വയം ഉണ്ടായതല്ല. കൃതൃമമായി ഉണ്ടാക്കിയെടുത്തതാണ്. കാരണം കഴിഞ്ഞ ഒന്നര വര്‍ഷം കൊണ്ട് വിപണി നേടിയത് ഏകദേശം പതിമൂന്നായിരം പോയിന്റാണ്. ഇത്രയധികം പണം വിപണിയിലേക്ക് എത്തിച്ചത് ദീര്‍ഘകാല നിക്ഷേപകരാണോ? അല്ല തന്നെ. ദീര്‍ഘകാല നിക്ഷേപകരാണ് വിപണിയുടെ നട്ടെല്ല്. ഊഹകച്ചവടവും ഹൃസ്വകാല നിക്ഷേപകരും വിപണിയില്‍ നിന്നും അവര്‍ക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല ലാഭം എത്തി എന്ന് തോന്നിയാല്‍ വിപണിയില്‍ നിന്നും പിന്‍‌വാങ്ങും, യാതൊരു മുന്‍‌വിധിയും ഇല്ലാതെ തന്നെ.

നമ്മുടെ വിപണിയിലേക്ക് ഒഴുകുന്ന പണം ഭാരതത്തിലെ യഥാര്‍ത്ഥ നിക്ഷേപരുടേതല്ല. എഫ്.ഐ.ഐ. എന്ന് ഓമന പേരില്‍ അറിയപ്പെടുന്ന ഫോറിന്‍ ഇന്‍സ്റ്റിട്യൂഷനല്‍ ഇന്‍‌വെസ്റ്റേഴ്സിന്റെ പണമാണ് ഇന്ന് വിപണിയെ നിയന്ത്രിക്കുന്നത്. അതായത് ഭാരതത്തിന്റെ സാമ്പത്തിക ഭദ്രതയെ അല്പം പോലും മാനിക്കാതെ തങ്ങളുടെ ലാഭം മാത്രം ലാക്കാക്കി വിപണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിപണിയില്‍ നിന്നും ഏറ്റവും കൂടുതല്‍ ലാഭം കൊയ്ത് പിന്‍‌വാങ്ങാനുള്ള അവസരം അവര്‍ തന്നെ കൃതൃമമായി ഉണ്ടാക്കിയിട്ട് വിപണിയില്‍ നിന്നും അവര്‍ ഒഴിഞ്ഞ് തുടങ്ങിയെന്ന്. എങ്ങിനെയെന്നാല്‍ ‍നിമിഷങ്ങള്‍ കൊണ്ട് ഇരട്ടിപ്പിക്കാമെന്ന വ്യമോഹിപ്പിച്ച് വിപണിയുടെ ഉണര്‍വിലേക്ക് മക്കളെ കെട്ടിക്കാന്‍ വെച്ചിരുന്ന പണം വരെ കൊണ്ടു തള്ളാന്‍ പ്രേരിപ്പിച്ച് ഉയര്‍ന്ന വിലയില്‍ ഓഹരികള്‍ വാങ്ങി ആത്മഹത്യയുടെ വക്കിലേക്ക് ഭാരതത്തിലെ സാധാരണക്കാരനെ എത്തിച്ചിട്ട് വിപണി ഉറങ്ങികിടന്നപ്പോള്‍ വാങ്ങിക്കൂട്ടിയ ഓഹരികളില്‍ നിന്നും ലാഭം കൊയ്ത് വിദേശിയര്‍ കൊള്ളലാഭം ഉണ്ടാക്കിയിട്ട് മാറി നില്‍ക്കും. ഇന്നിയും തകര്‍ന്നടിയുന്ന വിപണിയില്‍ നിന്നും സാധാരണക്കാരന്‍ ഒഴിഞ്ഞ് പോകുമ്പോള്‍ വീണ്ടും നനഞ്ഞ പൂച്ചയെപോലെ കടന്ന് വന്ന് ആരും അറിയാതെ വില കുറഞ്ഞ നിലയില്‍ ഓഹരികള്‍ വാങ്ങികൂട്ടും. വീണ്ടും വിപണി ഉയരും. സാധാരണക്കാരന്‍ ഉയര്‍ന്ന വിലയില്‍ വിദേശീയരുടെ കയ്യില്‍ നിന്നും സ്വദേശീ ഓഹരികള്‍ വാങ്ങും. വീണ്ടും വിദേശീയര്‍ക്കായി വിപണി പൊട്ടും. കൂടെ പൊട്ടുന്നത് സാധാരണക്കാരും.

ഇന്നലെ മാത്രം വിപണിയില്‍ നിന്നും ആവിയായത് ഏകദേശം പത്ത് ലക്ഷം കോടി രൂപയാണ്. ഈ പണമത്രയും പോയത് സാധാരണക്കാരായ നിക്ഷേപകരില്‍ നിന്നുമായിരുന്നു എന്ന വാര്‍ത്ത ശരിവെക്കുന്നത് വിപണിയുടെ കൃതൃമങ്ങളാണ്. ഇന്നലെ വരെ വിപണിയുടെ കരുത്തിനെ പ്രകീര്‍ത്തിച്ചിരുന്നവരുടെ ശരീര ഭാഷകളില്‍ മാറ്റം വന്നു തുടങ്ങി. പത്ത് ദിനം മുമ്പ് ഒരു ദിനം വിപണി താഴേക്കിരുന്നപ്പോള്‍ ഭാരതത്തിന്റെ മൂലധന വിപണീ വിദഗ്ദര്‍ പറഞ്ഞ ഒരു കാരണം “റിലയന്‍സിന്റെ നാച്വറല്‍ റിസോര്‍സിലേക്ക് ഫണ്ട് തിരിച്ചു വിട്ടത് കൊണ്ടാണ് വിപണി താഴ്ന്നത്” എന്നാണ്. ഒരു കമ്പനിയുടെ ഐ.പി.ഓയിലേക്കോ മ്യൂച്വല്‍ ഫണ്ടിലേക്കോ പണം നിക്ഷേപിക്കണമെങ്കില്‍ അപേക്ഷിക്കുന്ന അതേ സമയത്ത് പണമായി തന്നെ നിക്ഷേപിക്കണം. മൂലധന വിപണിയില്‍ നിന്നും ഓഹരികള്‍ വിറ്റാല്‍ ഏറ്റവും കുറഞ്ഞത് പതിനഞ്ച് ദിനമെങ്കിലും വേണം പണം കയ്യില്‍ കിട്ടാന്‍. പിന്നെങ്ങിനെ ഒറ്റ ദിനം കൊണ്ട് വിപണിയില്‍ നിന്നും പണം പിന്‍‌വലിച്ച് “റിലയന്‍സ് നാച്വറല്‍ റിസോഴ്സില്‍” നിക്ഷേപിക്കും. വിപണി താഴുമ്പോള്‍ എന്തെങ്കിലുമൊക്കെ തട്ടി മൂളിക്കാന്‍ റിലയന്‍സും ഒരു കാരണമായി എന്ന് മാത്രം.

പത്ത് ദിനത്തിന് ശേഷം ഇന്നലെയും ഇന്നുമായി വിപണി ചരിത്രത്തിലെ ഏറ്റവും വല്ലിയ രണ്ടാമത്തെ തകര്‍ച്ചക്ക് സാക്ഷ്യം വഹിക്കുമ്പോള്‍ (ഏറ്റവും വലിയ തകര്‍ച്ച ഹര്‍ഷത് മേത്ത സംഭാവന ചെയ്തത്) വിപണീ വിദഗ്ദര്‍ക്ക് പറയാനുള്ളത് ഇപ്പോഴും റിലയന്‍സിലേക്ക് ഫണ്ട് പോയതും അമേരിക്കയുടെ സാമ്പത്തിക മാന്ദ്യവും സിറ്റി ബാങ്കിന്റെ പ്രവര്‍ത്തന നഷ്ടവും ഒക്കെ തന്നെയാണ്. എന്നിട്ട് ആശ്വാസം കൊള്ളുന്നതോ ഫോറിന്‍ ഇന്‍സ്റ്റിട്യൂഷനല്‍ ഇന്‍‌വെസ്റ്റേഴ്സ് പണവുമായി കാത്തിരിക്കുകയാണ് അവര്‍ ഭാരത വിപണിയില്‍ നിക്ഷേപിക്കും എന്ന്. അവര്‍ നിക്ഷേപിക്കുന്നത് അവരുടെ ലാഭത്തിന്. അതില്‍ ഭാരതീയന് എന്ത് കാര്യം.

ഭാരതത്തിലെ ചെറുകിട നിക്ഷേപകരേയും സാധാരണക്കാരനേയും വ്യാമോഹിപ്പിച്ച് വിപണിയുടെ ചതിക്കുഴികളില്‍ പെടുത്തിയിട്ട് ലാഭവുമായി വിദേശീയര്‍ മടങ്ങുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കുകയാണ്. “വിപണിയെ സമചിത്തതയോടെ സമീപിക്കൂ ചെറുകിടക്കാരേ...നിങ്ങള്‍ ഭയപ്പെടേണ്ട ഞാന്‍ നിന്നോടു കൂടെയുണ്ട്” എന്ന് ചിദംബരം ഇന്ന് പറയുമ്പോള്‍, ഇല്ലാത്ത പണം കൊണ്ട് വിപണി പതിനായിരം പോയിന്റിലേക്കെത്തി നാലു ദിനം കൊട്ട് പൊട്ടി പൊളിഞ്ഞപ്പോള്‍ അന്നത്തെ ധനകാര്യ മന്ത്രി മന്മോഹന്‍ സിങ്ങും “വിപണിയെ സമചിത്തതയോടെ സമീപിക്കൂ ചെറുകിടക്കാരേ...നിങ്ങള്‍ ഭയപ്പെടേണ്ട ഞാന്‍ നിന്നോടു കൂടെയുണ്ട്” എന്ന് തന്നെയാണ് പറഞ്ഞത്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ടില്‍ ഒമ്പതിനായിരത്തി എഴുനൂറില്‍ നിന്നും പൊട്ടിയ വിപണി എത്തി നിന്നത് മൂവായിരത്തിനടുത്ത്. പിന്നെ എത്രയോ വര്‍ഷങ്ങള്‍ വിപണി കരടിയുടെ പിടുത്തത്തിലായിരുന്നു.

ഇപ്പോള്‍ വിപണി വീണ്ടും കരടിയുടെ പിടുത്തത്തിലേക്ക് പോകുന്നു. അത് തുടങ്ങി കഴിഞ്ഞു. ഏപ്രിലോടുകൂടി ഇറാനില്‍ അമേരിക്ക ആദ്യ ബോംബിടും അതോടെ ആഗോള വിപണിക്കൊപ്പം നമ്മുടെ വിപണി തകര്‍ന്നടിയും. അതിന്റെ തുടക്കമാണ് ആഗോള വിപണിയില്‍ കാണുന്നത്. വിപണിക്ക് ഒരു മനശ്ശാസ്ത്രമുണ്ട്. വിപണി ഉയര്‍ച്ചയുടെ പാതയിലാണെങ്കില്‍ വിപരീതമായി വരുന്ന കാര്യങ്ങളിലെ അനുകൂലഘടകങ്ങളെ കണ്ടെത്തി അതിനോട് ചേര്‍ന്ന് പോസിറ്റീവ് ആയി പ്രതികരിക്കും. വീണ്ടും ഉയരത്തിലേക്ക് പോകും. അതേ സമയം വിപണി താഴ്ചയിലാണെങ്കില്‍ അനുകൂല ഘടകങ്ങള്‍ വന്നാ‍ലും ആ അനുകൂല ഘടകങ്ങളിലെ ന്യൂനതകള്‍ മുന്‍‌കൂട്ടി കണ്ട് വിപണി അതിനനുസരിച്ച് വീണ്ടും താഴേക്ക് പോകും. അതായത് വിപണിയുടെ ഉയര്‍ച്ചയുടെ സമയത്താണ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടന്നത്. അധികാരത്തില്‍ ബീ.ജെ.പി വീണ്ടും വരികയും ഹിമാചലില്‍ കോണ്‍ഗ്രസ് നിലം പതിക്കുകയും ചെയ്തപ്പോള്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് നേരിട്ട തിരിച്ചടി എന്ന ന്യൂനതയില്‍ വിപണി താഴേക്ക് പോരേണ്ടുന്നതായിരുന്നു. പക്ഷേ സംഭവിച്ചത് നേരേ തിരിച്ചും. കാരണമെന്താ. ഉടന്‍ ഒരു പൊതു തിരഞ്ഞെടുപ്പ് ഒഴിവായി എന്ന ഒരു ചെറിയ അനുകൂലഘടകത്തെ ഭരണ കക്ഷിക്കേറ്റ തിരിച്ചടി എന്ന വന്‍ ന്യൂനതയില്‍ നിന്നും വിപണി വേര്‍തിരിച്ചെടുത്തു. അത്ര തന്നെ. നേരേ മറിച്ച് ഗുജറാത്ത് ഹിമാചല്‍ തിരഞ്ഞെടുപ്പ് സമയത്ത് വിപണി കരടിപിടിയിലായിരുന്നു എങ്കില്‍ വീണ്ടും താഴേക്ക് തന്നെ പോകുമായിരുന്നു. അപ്പോള്‍ കാരണം “ഭരണ കക്ഷിക്കേറ്റ തിരിച്ചടി” ആവുകയും ചെയ്യുമായിരുന്നു.

ഇപ്പോള്‍ വിപണി താഴ്ചയിലേക്കാണ്. ഇന്ന് അമേരിക്കന്‍ ഫേഡറല്‍ റേറ്റ് മുക്കാല്‍ ശതമാനം കുറച്ചതിനോട് നാളെ വിപണി അനുകൂലമായി പ്രതികരിക്കില്ല. “അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യം കൂടുന്നതിനാലാണ് ഫെഡറല്‍ റിസര്‍വ് റേറ്റ് കുറച്ചത്, അതിനാല്‍ അമേരിക്കന്‍ വിപണിയോടൊപ്പം ഏഷ്യന്‍ വിപണിയും കുടെ നമ്മുടെ വിപണിയും താഴേക്ക്” എന്നതായിരിക്കും നാളത്തെ വിപണിയുടെ മന:ശ്ശാസ്ത്രം. സെപ്തംബറില്‍ അമേരിക്ക ഫെഡറല്‍ റിസര്‍വ്വ് റേറ്റ് അരശതമാനം കുറച്ചപ്പോള്‍ ഭാരത വിപണി മുന്നേറിയത് അന്ന് വിപണി മുന്നേറ്റത്തിന്റെ പാതയിലായിരുന്നത് കൊണ്ടാണ്. ഇന്ന് വിപണി താഴ്ചയിലാണ്. സാമ്പത്തിക മേഖലയില്‍ ഉണ്ടാകുന്ന എല്ലാ അനുകൂല ഘടകങ്ങളോടൂം വിപണി ഇപ്പോള്‍ വിപരീതമായേ പ്രതികരിക്കുള്ളൂ.

ഇന്ന് ഒരു മണിക്കൂര്‍ വിപണി അടച്ചിട്ടട്ട് വീണ്ടും വിപണി തുറന്നപ്പോള്‍ തകര്‍ച്ചയുടെ തടയിട്ടതിന്റെ പിന്നാമ്പുറം തേടി പോയാല്‍ യൂ.ടീ.ഐക്കും എല്‍.ഐ.സിക്കും ഒക്കെ ഒരു പാട് പറയാന്‍ കാണും. വിപണിയിലേക്ക് നമ്മുടെ പൊതു മേഖലാ സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നും ഇന്ന് തടസ്സപ്പെട്ട ഒരു മണിക്കൂറിന് ശേഷം ഒഴുകിയ പണത്തിന് ഒരു കണക്കും ഉണ്ടാകില്ല. വിപണിയെ പിടിച്ച് നിര്‍ത്താന്‍ വേണ്ടി ഏറ്റവും ഉയര്‍ന്ന നിലയില്‍ ഇന്ന് വിപണിയില്‍ നിന്നും ഓഹരികള്‍ വാങ്ങാന്‍ നിര്‍ബന്ധിതരായിട്ടുള്ള നമ്മുടെ സാധാരണക്കാരന്റെ നിക്ഷേപ താല്പര്യ സംരക്ഷണാര്‍ത്ഥം സൃഷ്ടിക്കപ്പെട്ട ധനകാര്യ സ്ഥാപനങ്ങളുടെ നെറ്റ് അസറ്റ് വാല്യൂ താഴേക്ക് പോകുന്നതും നാളെ കാണാം.

ഭാരത മൂലധന വിപണിയിലെ സെക്കന്ററി മാര്‍ക്കറ്റില്‍ ഒരിക്കലും പണം നിക്ഷേപിക്കരുത്. പബ്ലിക്ക് ഇഷ്യൂവില്‍ നേരിട്ട് പണം നിക്ഷേപിച്ച് മാന്യമായ ലാഭം കിട്ടുമ്പോള്‍ വിറ്റുമാറുക. ലോകത്തിലെ ഏറ്റവും അനിശ്ചിതമായ മൂലധന വിപണിയാണ് ഭാരതത്തിന്റേത് എന്ന് സ്വയം തിരിച്ചറിയുക.