Tuesday, March 24, 2020

പ്രവാസത്തിലെ കൊറോണ.

കേരളത്തിൽ കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച 28 പേരിൽ 25 പേരും യൂ. ഏ . യിൽ നിന്നും വന്നവർ ആണെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഇന്ന് മുംബയിൽ മരണമടഞ്ഞ കൊറോണ ബാധിതനും യൂ. ഏ. യിൽ നിന്നും വന്നതാണ്. ഇന്ത്യയിലെ കൊറോണ ബാധിതരിൽ  അധികവും അടുത്ത സമയത്ത് വിദേശ യാത്ര നടത്തിയവരോ വിദേശങ്ങളിൽ തൊഴിൽ എടുക്കുന്നവരോ അവിടങ്ങളിൽ താമസിക്കുന്നവരോ ആണ്.


മധ്യേഷ്യയിൽ തൊഴിൽ എടുക്കുന്ന പ്രവാസികളുടെ ജീവിതം എങ്ങിനെ ആണെന്നറിയാം. നല്ലൊരു ശതമാനവും ഷെയറിങ്ങ് അക്കൊമൊഡേഷനിൽ ആകും. ഒന്നുകിൽ ഫാമിലി ഷെയറിങ്ങ് അല്ലെങ്കിൽ ബാച്ചിലർ ഷെയറിങ്ങ്. ഫാമിലി ഷെയറിങ്ങിൽ മിക്കവാറും കിച്ചണും ബാത്‌റൂമും ഷെയറിങ്ങ് തന്നെ ആണ്. വളരെ അപൂർവ്വം ആയിട്ടാണ് കിച്ചൺ സെപറേറ്റ് ലഭ്യം ആവുക. ബാത്ത് റൂം അറ്റാച്ച്ഡ് കിട്ടിയാൽ ആയി ഇല്ലെങ്കിൽ ആയി. ബെഡ് റൂം ഒഴികെ ബാക്കി എല്ലാം ഷെയറിങ്ങ് ആകും മിക്കപ്പോഴും. ബെഡ്‌റൂം പോലും ഷെയറിങ്ങ് ആയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതേ കുറിച്ച് മുൻ കാല പോസ്റ്റുകളിൽ ഒന്നിൽ പറഞ്ഞിട്ടുണ്ട്. ബാച്ച്ലർ ഷെയറിങ്ങിൽ കിച്ചണും ബാത്ത്‌റൂമും എല്ലായിപ്പോഴും ഷെയറിങ്ങ് തന്നെയാണ്.


ഫാമിലി ഷെയറിങ്ങിൽ ഒരു ഫ്‌ളാറ്റിൽ മൂന്നു റൂം ഉണ്ടെങ്കിൽ മൂന്നു ഫാമിലി ഉണ്ടാകും. ബാച്ച്ലർ ഷെയറിങ്ങിൽ മൂന്നു റൂം ഉണ്ടെങ്കിൽ അവിടെ ഏറ്റവും കുറഞ്ഞത് പന്ത്രണ്ട് പേര് എങ്കിലും ഉണ്ടാകും. ലേബർ അക്കൊമൊഡേഷനിൽ ഡോർമെറ്ററി പോലെ അടുക്കടുക്കായിട്ടാണ് താമസിക്കേണ്ടി വരിക. സ്ത്രീകളുടെ ഷെയറിങ്ങ് അക്കൊമൊഡേഷനും ഒട്ടും വ്യത്യസ്തമല്ല. അത് തന്നെ സ്ഥിതി. കമ്പനികൾ കൊടുക്കുന്ന അക്കൊമൊഡേഷനിൽ മാക്സിമം ജീവനക്കാരെ തിരുകി കയറ്റുകയും ചെയ്യും.

പറഞ്ഞു വന്നത് യൂ. ഏ. യിൽ നിന്നും വരുന്ന അല്ലെങ്കിൽ മറ്റു പ്രവാസ ഭൂമികയിൽ നിന്നും വരുന്നവർ കൊറോണ ടെസ്റ്റിൽ പോസിറ്റീവ് ആകുമ്പോൾ അവരുടെ റൂട്ട് മാപ്പ് നമ്മൾ ഇപ്പോൾ എയർപോർട്ട് മുതൽ ആണ് കണക്കാക്കുന്നത്. പക്ഷേ അവർ താമസിച്ചിരുന്നിടത്തേക്ക് തൊഴിൽ എടുത്തിടത്തേക്ക് ആ റൂട്ട് മാപ്പ് നീളേണ്ടത് അല്ലെ? ഏതൊരു ആൾ എയർപോർട്ടിൽ പോസിറ്റീവ് ആയാലും അയാൾ പ്രവാസ ഭൂമികയിൽ ഒരു ഷെയറിങ്ങ് അക്കൊമൊഡേഷനിൽ  നിന്നും വന്നവൻ ആകും. അവർ ഇടപഴകിയതിൽ അദ്ദേഹത്തിന്റെ നാട്ടിലെ കൂട്ടുകാരും ബന്ധുക്കളും ഒക്കെ ഉണ്ടാകും. എയർപോർട്ടിന് അപ്പുറം കൊറോണ ഇല്ല എന്നാണ് എന്ന് തോന്നും ഇപ്പോഴത്തെ റൂട്ട് മാപ്പും കരുതലും ഒക്കെ കാണുമ്പോൾ.




 ഇവിടെ എയർപോർട്ടിൽ കൊറോണ സ്ഥിരീകരിക്കുന്ന ആളുടെ പ്രവാസത്തിലെ ഇടപെടലുകളും റൂട്ട് മാപ്പും അവിടുത്തെ സർക്കാരിനും ആരോഗ്യ പ്രവർത്തകർക്കും കൈമാറാൻ ഉള്ള നടപടികൾ എത്രയും   വേഗം ഉണ്ടാകണം. പ്രവാസത്തിലെ ഷെയറിങ്ങ് അക്കൊമൊഡേഷന്റെ പ്രത്യേകത മിക്കപ്പോഴും ഓരോ സംസ്ഥാനത്ത് നിന്നും ഉള്ളവർ ഒന്നിച്ചാകും എന്നതാണ്. ഭാഷാപരമായിട്ടാണ് മിക്കപ്പോഴും ഷെയറിങ്ങ് അക്കൊമൊഡേഷനുകൾ ഉണ്ടാകുന്നത്. കമ്പനി അക്കൊമൊഡേഷൻ ആണെങ്കിൽ അങ്ങിനെ ആകണം എന്നില്ല. പൊതുവെ എല്ലാ ഭാഷ സംസാരിക്കുന്നവരും എല്ലാ രാജ്യക്കാരും കമ്പനി അക്കൊമൊഡേഷനിൽ  ഒന്നിച്ചുണ്ടാകും. എങ്ങിനെ ആയാലും നാട്ടിൽ വന്നു എയർപോർട്ടിൽ ടെസ്റ്റ് പോസിറ്റീവ് ആകുന്നവർ പ്രവാസത്തിൽ ഇടപെട്ടിടവും അപകടത്തിൽ ആണ്.

രാജ്യം ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത കാട്ടണം. പ്രത്യേകിച്ചും കേരളം. നാട്ടിൽ എത്തി കൊറോണ ടെസ്റ്റ് നടത്തി പോസിറ്റീവ് ആണെങ്കിൽ അവർ അതുവരെ ഇടപെട്ടിടത്ത് കൊറോണ ബാധിച്ചിട്ടുണ്ട്. പക്ഷേ അവിടുത്തെ സർക്കാരോ ജനങ്ങളോ കൂടെ താമസിച്ചവരോ ആരോഗ്യ പ്രവർത്തകരോ അത് അറിയുന്നില്ല. അപകടകരമാണ് ആ സാഹചര്യം.

ലോകം എമ്പാടും ഉള്ള ആരോഗ്യ പ്രവർത്തകർ ഇക്കാര്യത്തിൽ കരുതൽ തേടണം. നാളെകൾ എങ്ങിനെ ആകും എന്ന് ആർക്കും പ്രവചിക്കാൻ ആകുന്നില്ല. പ്രവാസത്തിൽ നിന്നും നാട്ടിൽ എത്തി ടെസ്റ്റ് പോസിറ്റീവ് ആകുന്നവർ പ്രവാസത്തിൽ അവരോട് ഇടപെട്ടവരെ രക്ഷിക്കാനും കൂടി ശ്രമിക്കണം.

കനിക കപൂർ വീട്ടിലിരുത്തിയ പ്രമുഖർ.


രാജസ്ഥാനിൽ വസുന്ധര രാജ്യയും മകൻ ദുഷ്യൻ സിങ്ങും കനിക കപൂറിന്റെ സംഗീത നിശയിൽ പങ്കെടുത്തതിനെ തുടർന്ന് സ്വയം ക്വോറന്റിൻ തിരഞ്ഞെടുത്തു ദുഷ്യൻ സിങ്ങ് എം.പിയാണ്.

തൃണമൂൽ കൊണ്ഗ്രെസ്സ് എം.പി. ടെറീക്ക് ഓ ബ്രീൻ ക്വോറന്റീനിൽ ആയി. ദുഷ്യൻ എം.പി പങ്കെടുത്ത സ്റ്റാൻഡിങ് കമ്മിറ്റി മീറ്റിങ്ങിൽ പങ്കെടുത്തതാണ് ടെറിക്കിനെ പെടുത്തിയത്.

കൊണ്ഗ്രെസ്സ് . നേതാവ് ജിതിൻ പ്രസാദും അദ്ദേഹത്തിന്റെ ഭാര്യയും ക്വറന്റീനിൽ ആയി. കനിക കപൂർ ആണ് ജിതിനെയും പെടുത്തിയത്. അവരുടെ സംഗീത നിശയിൽ  പ്രസാദും ഭാര്യയും സജീവം ആയി പങ്കെടുത്തിരുന്നു.

ഉത്തർ പ്രദേശ് ആരോഗ്യ മന്ത്രി ജയ് പ്രതാപ് സിങ്ങ് ക്വറന്റീനിൽ ആയി. കനിക കപൂർ തന്നെയാണ് ആരോഗ്യമന്ത്രിയുടെ ആരോഗ്യം കുഴപ്പത്തിൽ ആണോ എന്ന സംശയത്തിന് കാരണം. പ്രതാപ് സിങ്ങ് ഗോമൂത്ര പ്രതിരോധത്തിന്റെ പ്രചാരകൻ കൂടി ആണ്.

കൊണ്ഗ്രെസ്സ് നേതാവ് ദീപേന്ദർ ഹൂഡയും സ്വയം ക്വറന്റിന് സ്വീകരിച്ചു. കനിക കപൂറിന്റെ സംഗീത നിശയിൽ ആർമ്മാദിച്ച ദുഷ്യൻ സിംങ്ങും ആയുള്ള സമ്പർക്കം ആണ് ദീപേന്ദർ ഹൂഡയെ വീട്ടിലിരുത്തിയത്.

അപ്ന ദാൽ  പ്രസിഡന്റ് അനുപ്രിയയെയും കനിക കപൂർ വീട്ടിലിരുത്തി.


കൊറോണയെ മറികടന്ന മുതുമുത്തശ്ശി.

കദേശം അറുപതിനായിരം ആളുകൾക്ക് കൊറോണ ബാധ ഏൽക്കുകയും ആറായിരത്തോളം ആളുകൾ കൊറോണയ്ക്ക് കീഴടങ്ങി മരണം വരിക്കുകയും ചെയ്ത ഇറ്റയിലിലെ ദുരന്ത കാഴ്ചകളുടെയും കേൾവികളുടെയും ഇടയിൽ  നിന്നും ഒരു മനോഹര കാഴ്ചയും വാർത്തയും വരുന്നുണ്ട്. ലോകത്തിൽ കൊറോണ ബാധിച്ചിട്ട് രോഗം ഭേദം ആയ ഏറ്റവും പ്രായം കൂടിയ വനിതയുടെ പുഞ്ചിരിക്കുന്ന മുഖം ആരോഗ്യ പ്രവർത്തകർ പുറത്ത്‌ വിട്ടു.

"ഞാൻ സുഖമായിരിക്കുന്നു... പരിപൂർണമായും!.  അത്ഭുതം ഞാൻ അല്ല. എന്നെ ചികിൽസിച്ചവരും പരിചരിച്ചവരും ആണ്."
ഹോസ്പിറ്റൽ അധികൃതരുടെ ക്ഷണം സ്വീകരിച്ച് മുത്തശ്ശിയെ കാണാൻ ഹോസ്പിറ്റലിൽ എത്തിയ മാധ്യമ പ്രവർത്തകരോട് അത്യധികമായ ആത്മ വിശ്വാസത്തോടെ ക്ലാരമ്മ പറഞ്ഞു.

ചിത്രത്തിന് കടപ്പാട് : The Telegraph.

മാർച്ച് അഞ്ചാം തീയതിയാണ് അവശതയോടെ അംല ക്ലാര കോർസിനി എന്ന 95 വയസുള്ള ഗ്രാൻഡ് മായെ   ഇറ്റലിയിലെ മോഡേണ പ്രോവിന്സിലെ   ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. മോഡേണായിലെ ഫാനാന പട്ടണത്തിൽ ആണ് ക്ലാരമ്മ താമസിക്കുന്നത്. പ്രതിരോധ മരുന്നുകളുടെ സഹായം ഇല്ലാതെ ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കപ്പെട്ടാണ് ക്ളാരാമ്മ കൊറോണയെ അതിജീവിച്ചത്. ഈ അതിജീവനത്തിലൂടെ ക്ലാരമ്മ സൃഷ്ടിച്ചത് ഒരു ലോക റിക്കോർഡ് കൂടിയാണ്. ലോകത്തിൽ കൊറോണയെ അതിജീവിച്ച ഏറ്റവും പ്രായം കൂടിയ വനിത എന്ന റിക്കോർഡ്.

ലോകം ആകമാനം കൊറോണയ്ക്ക് എതിരേ പോരാടുന്ന ആരോഗ്യ പ്രവർത്തകർക്ക് ആത്മവിശ്വാസവും ആത്മവീര്യവും നൽകുന്ന വാർത്തയാണ് ക്ലാര മുത്തശ്ശി നൽകിയത്. രോഗാതുരമായ ലോകത്തിനു നേരിയ ആശ്വാസവും.

ക്ലാരമ്മയ്ക്ക് ഭാവുകങ്ങൾ. ആരോഗ്യ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. ഇറ്റലിയ്ക്ക് ഐക്യദാർഢ്യം.