Thursday, August 14, 2008

കുരീപ്പുഴ ശ്രീകുമാറിന്റെ ജെസ്സി കേള്‍ക്കാം.

ഒരിയ്ക്കല്‍ ജെസ്സി ഒരു ഹരമായിരുന്നു.

പഠനകാലത്ത് കുരീപ്പുഴ ശ്രീകുമാര്‍ സാറിന്റെ ജെസ്സി എപ്പോഴും ചുണ്ടുകളില്‍ ഉണ്ടാകുമായിരുന്നു. ഒരു കോളേജ് ഡേയ്ക്ക് അഥിതിയായെത്തിയ കുരീപ്പുഴ ശ്രീകുമാര്‍ സാറിന്റെ ചുണ്ടുകളില്‍ നിന്നും ഉതിര്‍ന്ന് വീണാണ് ആദ്യം ജെസ്സി കേട്ടത്. കവിത ചൊല്ലുമ്പോഴുള്ള അദ്ദേഹത്തിന്റെ ഭാവം ഇന്നും കണ്മുന്നില്‍ ഉണ്ട്.

അന്ന് കവിതാ പാരായണ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ആലപിച്ചു കേട്ടിട്ടുള്ളതും ജെസ്സി തന്നെയായിരുന്നു. നാറാണത്ത് ഭ്രാന്തനും അഗസ്ത്യ ഹൃദയവും ഭൂമിയ്ക്കൊരു ചരമ ഗീതവും കുറത്തിയും ഒക്കെ കാസറ്റുകളിലൂടെ പ്രചരിപ്പിക്കപ്പെട്ടിരുന്ന ഒരു കാലത്ത് വേദികളില്‍ നിന്നും വേദികളിലേയ്ക്ക് കുരീപ്പുഴ സാര്‍ ജെസ്സിയുമായി ആ തലമുറയിലെ അനുവാചകരിലേയ്ക്ക് നേരിട്ടെത്തുകയായിരുന്നു.

അര്‍ഹതയുണ്ടായിട്ടും പാര്‍ശ്വവല്‍ക്കരിയ്ക്കപ്പെട്ടു പോയ ഒരു കവിയാണ് കുരീപ്പുഴ ശ്രീകുമാര്‍. കൊച്ചിയില്‍ വെച്ച് തൊണ്ണൂറ്റി ആറില്‍ നടന്ന സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിലെ പദ്യം ചൊല്ലല്‍ വേദിയില്‍ “അമ്മ മലയാളം” എന്ന കവിത ചൊല്ലിയ കുട്ടി സദസ്സിനെ അപ്പാടെ കയ്യിലെടുക്കുകയായിരുന്നു. എല്ലാം കൊണ്ടും ഒന്നാം സ്ഥാനത്തിനര്‍ഹമായിരുന്ന ആ കുട്ടി തഴയപ്പെട്ടത് കവിയുടെ പേരിലായിരുന്നു. പത്രക്കാര്‍ എന്തുകൊണ്ട് “അമ്മമലയാളം” ചൊല്ലിയ കുട്ടി സമ്മാനാര്‍ഹയായില്ല എന്ന ചോദ്യത്തിന് “ആദ്യം അതെഴുതിയ ആള്‍ കവിത എഴുതാന്‍ പഠിയ്ക്കട്ടെ” എന്നായിരുന്നു വിധികര്‍ത്താവായിരുന്ന മലയാളത്തിലെ പുകള്‍പെറ്റ ഒരു കവിയുടെ മറുപടി. ആ വേദിയില്‍ ചൊല്ലി കേട്ട “അമ്മ മലയാളത്തിന്” ഒപ്പം വെയ്ക്കാന്‍ മറ്റൊരു പദ്യവും ആ വേദിയിലോ ഒരു പക്ഷേ മറ്റു വേദികളിലോ കേട്ടിട്ടില്ല. കുരീപ്പുഴ ശ്രീകുമാര്‍ ആയിരുന്നു അമ്മ മലയാളത്തിന്റെ കര്‍ത്താവ്. “അമ്മ മലയാളം” പിന്നെ എങ്ങും ചൊല്ലി കേട്ടിട്ടില്ല.

ജെസ്സി ഇന്നും കേള്‍ക്കുന്നത് ഹരമാണ്. അത് കുരീപ്പുഴ ശ്രീകുമാറിന്റെ ശബ്ദത്തില്‍ തന്നെ കേള്‍ക്കണം. ജെസ്സി തപ്പി നെറ്റ് മുഴുവന്‍ നടന്നു. അപ്പോഴാണ് ശരത്തിന്റെ ബ്ലോഗില്‍ ജെസ്സിയെ കിട്ടിയത്.

നിരവധി കവിതകളുടെ ഒരു സഞ്ചയമാണ് ശരത് ഒരുക്കിയിരിയ്ക്കുന്നത്. അധികമൊന്നും ശ്രദ്ധിയ്ക്കാതെ പോയ ശരത്തിന്റെ ബ്ലോഗ് സന്ദര്‍ശിയ്ക്കേണ്ട ഒന്നാണ്. നാറാണത്ത് ഭ്രാന്തനും, ആത്മാവിലൊരു ചിതയും, സര്‍ഗ്ഗ സംഗീതവും, രാവണ പുത്രിയും, പെങ്ങളും അടക്കം നിരവധി കവിതകള്‍ ഓണലൈനില്‍ കേള്‍ക്കാം.

ഇംഗ്ലീഷിലാണ് ശരത് അദ്ദേഹത്തിന്റെ ബ്ലോഗ് ഒരുക്കിയിരിയ്ക്കുന്നത്. ഒരു പക്ഷേ അതു കൊണ്ടാകാം ബൂലോഗത്തില്‍ ഈ ബ്ലോഗിന്റെ സാനിദ്ധ്യം കാണാത്തത്.

ഏഷ്യാനെറ്റിന്റെ അര്‍ദ്ധരാത്രിയിലെ കൂരിരിട്ട്!

അഭിനവ് ബിന്ദ്ര ഭാരതത്തിന്റെ അഭിമാനങ്ങളില്‍ ഒരാളാണ്. എന്നാല്‍ ഭാരതത്തിന്റെ കായിക ചരിത്രം അഭിനവ് ബിന്ദ്രയിലേയ്ക്ക് ചുരുക്കുന്നതും തെറ്റാണ്. അദ്ദേഹത്തിന്റെ നേട്ടത്തില്‍ ദേശം ഒന്നടങ്കം സന്തോഷിയ്ക്കുന്നു. അതു വേണ്ടതും ആണ്. പക്ഷേ ഒളിമ്പിക്സിലെ സുവര്‍ണ്ണ നേട്ടത്തിന് ശേഷം ഭാരതത്തിലേയ്ക്ക് തിരിച്ചെത്തിയ അഭിനവ് ബിന്ദ്രയ്ക്ക് വിമാനത്താവളത്തില്‍ കൊടുത്ത സ്വീകരണം തത്സമയം റിപ്പോര്‍ട്ടാക്കി ഇന്നലെ ഏഷ്യനെറ്റില്‍ പ്രത്യേക വാര്‍ത്താ ബുള്ളറ്റിന്‍ ആയി കാട്ടിയ ആഭാസം ഒരു നിലയ്ക്കും അംഗീകരിയ്ക്കാന്‍ കഴിയുന്നില്ല.

ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ അത് റിപ്പോര്‍ട്ട് ചെയ്യുന്ന ആള്‍ ആ സംഭവത്തിന്റെ ആവേശത്തിലേയ്ക്ക് ഇറങ്ങി ചെല്ലുന്നതിനെ കുറ്റം പറയുന്നില്ല. പക്ഷേ ഇന്നലെ അഭിനവ് ബിന്ദ്രയ്ക്ക് വിമാനത്താവളത്തില്‍ നല്‍കപ്പെട്ട സ്വീകരണം റിപ്പോര്‍ട്ട് ചെയ്ത ചങ്ങാതി ആവേശത്തോടേ വിളിച്ചു കൂവിയ ചളിപ്പുകള്‍ക്ക് ഒരു കണക്കുമുണ്ടായിരുന്നില്ല. മിമിക്രിക്കാരുടെ സ്ഥിരം പല്ലവിയായ അര്‍ദ്ധരാത്രിയിലെ കൂരിരിട്ട് മുതല്‍ ഈ രാത്രിയുടെ അനന്തമായ ഇരുട്ട് എന്നുവരെ ആവേശത്തില്‍ അതിയാന്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.

ഈ അര്‍ദ്ധരാത്രിയുടെ കൂരിരിട്ടിലും അഭിനവ് ബിന്ദ്രയെ ഒരു നോക്കു കാണാനായി അനന്തമായി തടിച്ചു കൂടിയിരിയ്ക്കുന്ന ജന സാഗരത്തിന്റെ ആവേശം അലകടലായി ആര്‍ത്തിരമ്പുന്ന ആവേശ്വാജ്ജ്വലമായ കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിയ്ക്കുന്നത്....(തുടങ്ങിയിട്ടേ ഉള്ളൂ)

ഭാരതത്തില്‍ നിന്നും ചൈനയ്ക്കേറ്റ അതി ഭയാനകമായ പ്രഹരത്തില്‍ നിന്നും ചൈന ഇന്നിയും മുക്തി നേടിയിട്ടില്ല. ചൈനയുടെ സുവര്‍ണ്ണ താരത്തിനേറ്റ പരാജയം ഇപ്പോഴും ചൈനയില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. (ഈ ഭയാനകമായ പരാജയത്തില്‍ നിന്നും മുക്തി നേടാനാകാതെ ഒളിമ്പിക്സ് തന്നെ ചൈന നിര്‍ത്തി വെയ്ക്കാന്‍ ആലോചിയ്ക്കുന്നു എന്നു കൂടി പറയാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രം.)

ലോകത്തിന്റെ നെറുകയിലേയ്ക്ക് ഭാരതത്തെ കൊണ്ടെത്തിച്ച വിജയമാണ് അഭിനവ് ബിന്ദ്ര നേടിയിരിയ്ക്കുന്നത് (പത്ത് മീറ്റര്‍ എയര്‍ റൈഫിളിലെ വിജയിയെ നിര്‍ണ്ണയിയ്ക്കാനാണ് നലുവര്‍ഷത്തില്‍ ഒരിയ്ക്കല്‍ ഒളിമ്പിക്സ് നടത്തുന്നത്!).

നൂറ്റി എട്ട് വര്‍ഷത്തെ ഒളിമ്പിക്സ് ചരിത്രത്തിനിടയ്ക്ക് ഭാരതത്തിലേയ്ക്ക് ആദ്യമായി സ്വര്‍ണ്ണമെത്തിച്ച മഹാനാണ് അഭിനവ് ബിന്ദ്ര (വ്യക്തിഗതം എന്നത് ആവേശത്തില്‍ അതിയാന്‍ അങ്ങ് വിട്ടു പോയി-പലവട്ടം).

ആധുനിക ഒളിമ്പിക്സിന്റെ ചരിത്രത്തില്‍ ഒളിമ്പിക്സ് വേദിയില്‍ ആദ്യമായി ദേശീയ ഗാനം മുഴങ്ങി കേട്ട ദിനം. (ഹോക്കിയില്‍ സ്വര്‍ണ്ണം നേടിയപ്പോള്‍ മുഴങ്ങി കേട്ടിരുന്നത് എന്തായിരുന്നോ എന്തോ?)

ഭാരതത്തിന്റെ കായിക ചരിത്രം ഇന്നി അഭിനവ് ബിന്ദ്രയ്ക്ക് മാത്രം സ്വന്തം. (ക്രിക്കറ്റ്, ഹോക്കി, ചെസ്സ്, ടെന്നീസ് എല്ലാം വെറും പുല്ല്)

അദ്ദേഹത്തിന്റെ തലയും വാലുമില്ലാത്ത കമന്ററി (റിപ്പോര്‍ട്ടിങ്ങ് അല്ല) അങ്ങിനെ നീണ്ടു.

ബീജിങ്ങ് ഒളിമ്പിക്സില്‍ ഭാരതത്തിന്റെ മാനം കാത്തത് അഭിനവ് ബിന്ദ്ര തന്നെ. സംശയമില്ല. പക്ഷേ എഷ്യാനെറ്റിന്റെ ഇന്നലത്തെ ആ പ്രത്യേക വാര്‍ത്താ ബുള്ളറ്റിന്‍ അഭിനവ് ബിന്ദ്രയ്ക്ക് മനസ്സിലാകുന്ന ഭാഷയില്‍ പരിഭാഷപ്പെടുത്തി അദ്ദേഹത്തെ കേള്‍പ്പിച്ചിരുന്നു എങ്കില്‍ അഭിനവ് ബിന്ദ്ര ഒറ്റ ബുള്ളറ്റ് കൊണ്ട് അത് റിപ്പോര്‍ട്ട് ചെയ്തവനെ അപ്പോള്‍ തന്നെ തീര്‍ത്തേനെ. അത്രയ്ക്ക് കേമമായിരുന്നു ഇന്നലെ രാത്രി ഏഷ്യാനെറ്റ് അഭിനവ് ബിന്ദ്രയെ പ്രത്യേക വാര്‍ത്താ ബുള്ളറ്റിനാക്കി കൊല്ലാകൊല ചെയ്തത്!