Sunday, September 03, 2017

റോഹിങ്ക്യൻ മുസ്ലീമുകൾ ഓർമ്മപ്പെടുത്തുന്നത് എന്തെന്നാൽ...


 സഞ്ചാര സ്വാതന്ത്ര്യം നിയന്ത്രണ വിധേയം, വിവാഹം കഴിക്കാൻ സർക്കാറിന്റെ പ്രത്യേക അനുമതി വേണം, മതാധിഷ്ഠിതമായ വിവാഹം മരണശിക്ഷക്ക് വരെ കാരണം ആകും, കുട്ടികളെ സൃഷ്ടിച്ചാൽ തടവ് ശിക്ഷ, കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസത്തിനു അവകാശം ഇല്ല, സർക്കാർ ജോലി സ്വപ്നം പോലും കാണണ്ട, സ്വന്തം പേരിൽ വസ്തു വകകൾ രെജിസ്റ്റർ ചെയ്യാൻ കഴിയില്ല, സ്വന്തം ആയിട്ടുള്ള കൃഷിയിടങ്ങളും വസ്തുക്കളും സർക്കാർ ഏറ്റെടുത്തു, കട്ട കെട്ടിയതോ കെട്ടുറപ്പുള്ളതോ ആയ വീടുകൾ വെക്കാൻ അനുവാദം കിട്ടില്ല, തമ്പ് പോലെയുള്ള വീടുകൾ ആണ് സർക്കാർ അനുവദിക്കുക, ഓരോ ഗ്രാമത്തിലും പുറത്ത് നിന്നും ഏതെങ്കിലും അഥിതി വരണം എങ്കിൽ പട്ടാളത്തിന്റെയോ സുരക്ഷാ ഏജൻസിയുടെയോ മുൻ‌കൂർ അനുവാദം വേണം, അതിഥികൾക്ക് അനുവദിക്കുന്ന സമയത്തിനപ്പുറം വീട്ടിൽ താങ്ങാൻ പറ്റില്ല. അതിഥി രാത്രി വീട്ടിൽ കഴിഞ്ഞു കൂടിയാൽ ഗൃഹനാഥന് വിചാരണ കൂടാതെ വധ ശിക്ഷ, വീടുകളിൽ മത ചിഹ്നങ്ങളോ ഗ്രന്ഥങ്ങളോ സൂക്ഷിക്കാൻ പാടില്ല, നമസ്കാരം അടക്കം ഒരുവിധ മതപരം ആയ ആരാധനകളും പാടില്ല, ആരാധനാലയങ്ങൾ അനധികൃത കെട്ടിടങ്ങൾ ആയി വിലയിരുത്തുന്നു, അങ്ങിനെ ഒരു രാജ്യത്ത് പൗരത്വം നിഷേധിക്കപ്പെട്ട ഒരു സമൂഹം.... മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടിക്കഴിയുമ്പോൾ സംഘപരിവാർ ഭാരതത്തിൽ നടപ്പാക്കണം എന്ന് സ്വപ്നം കാണുന്നതെല്ലാം റോഹിങ്ക്യ മുസ്ലീമുകൾ മ്യാൻമറിൽ അനുഭവിക്കുന്നു. ഭരണഘടന തിരുത്തപ്പെടുമ്പോൾ നമ്മുടെ നാട്ടിലും ന്യൂനപക്ഷങ്ങൾ നേരിടാൻ പോകുന്നത് ഇതൊക്കെ തന്നെ. പൗരത്വം നഷ്ടപ്പെടുന്ന ന്യൂനപക്ഷങ്ങൾ.... അവർ എന്തൊക്കെ എങ്ങിനെ ഒക്കെ ജീവിക്കേണ്ടി വരും എന്ന് മ്യാൻമർ നമ്മെ പഠിപ്പിക്കുന്നു.

മ്യാന്മാറിന്റെ ചരിത്രം തുടങ്ങുന്നതിനും മുമ്പ് റോഹിങ്ക്യ മുസ്ലീമുകളുടെ ചരിത്രം തുടങ്ങുന്നു. ഇന്നത്തെ മ്യാന്മാറിന്റെ ഭാഗം ആയ അറാകാൻ പ്രവിശ്യ നൂറ്റാണ്ടുകൾക്ക് മുന്നേ ബർമ്മയുടെയും ബംഗ്ലാദേശിന്റെയും ഇടയിൽ സ്ഥിതി ചെയ്തിരുന്ന ഒരു മുസ്‌ലിം ഭൂരിപക്ഷം സ്വന്തന്ത്ര രാജ്യം ആയിരുന്നു. ആ രാജ്യത്തെ മുസ്ലീമുകൾ റോഹിങ്ക്യ എന്ന പേരിൽ അറിയപ്പെട്ടു. മുസ്‌ലിം ഭരണ ക്രമം ആയിരുന്നു അവിടെ നില നിന്നിരുന്നത്. ആയിരത്തി എഴുന്നൂറ്റി എൺപത്തി നാലിൽ ബർമ്മ രക്ത രൂക്ഷിതം ആയ ഒരു യുദ്ധത്തിൽ അറാകാൻ കീഴ്‌പ്പെടുത്തി. ബുദ്ധ ഭരണക്രമത്തിൽ ആയിരുന്ന ബർമ്മയുടെ കീഴിൽ ആയതോടെ റോഹിങ്ക്യ മുസ്ലീമുകളുടെ ദുരന്തവും ആരംഭിച്ചു. അറാകാനിലെ മുസ്‌ലിം സ്വത്വം അവസാനിപ്പിക്കാൻ ബർമ്മ വിവിധ ബുദ്ധ ഗോത്രങ്ങളെ ഉപയോഗിച്ച് റോഹിങ്ക്യ സമൂഹത്തെ ഉപദ്രവിച്ചു കൊണ്ടിരുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പടയോട്ട കാലത്ത് ബർമ്മയും കമ്പനിയുടെ കോളനി ആയി. ബർമ്മ 1824-ൽ ബ്രിട്ടന്റെ അധിനിവേശത്തിൽ ആയി. അതോടെ ബുദ്ധഗോത്രങ്ങളുടെ ആധിപത്യം ബർമ്മയിൽ പൊതുവെ അസ്തമിച്ചു. കൂട്ടത്തിൽ അറാകാനിലും ബുദ്ധ ഗോത്രങ്ങളുടെ ആക്രമണത്തിന് ശമനം വന്നു. ബ്രിട്ടന്റെ ഭരണത്തിൻ കീഴിൽ റോഹിങ്ക്യൻ മുസ്ലീമുകൾ കുറെയൊക്കെ സുരക്ഷിതർ ആയിരുന്നു.   


റോഹിങ്ക്യൻ മുസ്‌ലിം വീണ്ടും ദുരന്തത്തിൽ ആകുന്നതു ബ്രിടീഷ്കാർ ബർമ്മ വിട്ടതോടെ ആണ്. 1948-ൽ ബ്രിട്ടണിൽ നിന്നും ബർമ്മ സ്വാതന്ത്ര്യം നേടി. ബുദ്ധ ഭൂരിപക്ഷ രാജ്യം ആയ ബർമ്മ വീണ്ടും ബുദ്ധ ഭരണക്രമത്തിൽ ആയി. ഗോത്ര വർഗ്ഗങ്ങൾ വീണ്ടും സജീവം ആയി. അതിൽ ഒരു പ്രമുഖ ഗോത്ര വർഗ്ഗം ആണ് "റാഖേൻ". ബർമ്മയിൽ "റാഖേൻ" ന്യൂന പക്ഷ ബുദ്ധ ഗോത്രം ആണ്. പക്ഷേ അറാകാനിൽ "റാഖേൻ" ഭൂരിപക്ഷ ബുദ്ധ ഗോത്രം ആണ്. അറാകാൻ പ്രവിശ്യയിൽ റോഹിങ്ക്യൻ മുസ്‌ലിം കഴിഞ്ഞാൽ പിന്നെ കൂടുതൽ ഉള്ളതും റാഖേൻ വംശം ആണ്. അവിടെയാണ് പ്രശ്നവും. സ്വാതന്ത്ര്യാനന്തരം അറാകാൻ പ്രവിശ്യയുടെ പേര് പോലും ഔദ്യോഗികം ആയി "റാഖേൻ" എന്നാക്കി മാറ്റി. അറാകാൻ തങ്ങൾക്ക് അവകാശപ്പെട്ടത് ആണ് എന്നും റോഹിങ്ക്യൻ മുസ്ലീമുകൾ ബംഗ്ലാദേശിൽ നിന്നും കുടിയേറിയവർ ആണ് എന്നും ആണ് റാഖേൻ ഗോത്രത്തിന്റെ വാദം. സത്യത്തോട്‌ പുലബന്ധം പോലും ഉള്ള വാദം അല്ല റാഖേൻറെതു. കാരണം ബർമ്മയുടെ ചരിത്രം തുടങ്ങുമ്പോൾ അറാകാൻ സ്വദേശി മുസ്ലീമുകളുടെ ഒരു സ്വതന്ത്ര രാജ്യം ആയിരുന്നു.   

  റാഖേൻ ഗോത്രം ക്രൂരം ആയ പീഡനങ്ങളും അക്രമങ്ങളും കൊണ്ട് അറാകാൻ മേഖലയിലെ മുസ്‌ലിം പ്രാതിനിധ്യം കുറയ്ക്കാൻ ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു. ഏറ്റവും ഭീകരം ആയ വംശീയ ആക്രമണം 1942-ലെ "കര്‍ബലാ അറാകാന്‍" എന്ന പേരിൽ അറിയപ്പെടുന്ന ആക്രമണം ആയിരുന്നു. ഒരു ലക്ഷത്തോളം മുസ്‌ലിമുകൾ കൊല്ലപ്പെട്ട ആക്രമണം. അന്നും ഇന്നും അതി നിഷ്ടൂരം ആയ കൊലപാതകങ്ങൾ ആണ് റാഖേൻ ഗോത്രം മുസ്ലീമുകൾക്ക് നേരെ നടപ്പാക്കപ്പെടുന്നത്. സർക്കാരിന്റെയും സൈന്യത്തിന്റെയും സർവ്വ പിന്തുണയും മുസ്ലീങ്ങളെ കൊന്നൊടുക്കാൻ ഈ ഗോത്ര വർഗ്ഗത്തിന് ലഭിക്കുന്നു.

1982-ൽ ബർമയിലെ സൈനിക ഭരണ കൂടം ബർമ്മയുടെ പൗരത്വാ നിയമത്തിൽ ഭേദഗതി വരുത്തി. പുതിയ നിയമത്തിൻ കീഴിൽ റോഹിങ്ക്യൻ മുസ്ലീമുകളുടെ പൗരത്വം സൈനിക ഭരണ കൂടം റദ്ദാക്കി. പൊതുവേ ദുരന്തത്തിൽ ആയിരുന്ന ഒരു ജന വിഭാഗം അതോടെ അക്ഷരാർത്ഥത്തിൽ നരകത്തിൽ ആയി. ബർമ്മയിലെ അനധികൃത കുടിയേറ്റക്കാർ ആയി റോഹിങ്ക്യൻ മുസ്‌ലിംങ്ങൾ മാറി.

ഇന്ന് യൂ എന്നിന്റെ കണക്ക് പുസ്തകത്തിൽ ഏറ്റവും കൂടുതൽ പീഡനം അനുഭവിക്കുന്ന ഒരു രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗം ഇന്ന് റോഹിങ്ക്യൻ മുസ്‌ലിം ആണ്. റാഖേൻ ഗോത്രത്തിലെ സന്യാസിമാർ മുസ്ലീമുകളുടെ വംശ ഹത്യ പുണ്യ കർമ്മം ആണ് എന്ന് ആഹ്വാനം ചെയ്യുന്നു. റോഹിങ്ക്യൻ മുലസീമങ്ങളുടെ ഉന്മൂലനം ലക്‌ഷ്യം ആക്കി വൻ പദ്ധതികൾ ഇവർ ആസൂത്രണം ചെയ്യുന്നുണ്ട്.  




ബർമ്മയിലെ തീവ്ര ബുദ്ധ ഗോത്രങ്ങളുടെ വംശ ശുദ്ധീകരണം മുസ്ളീംങ്ങൾക്ക് നേരെ മാത്രം ആണ് എന്ന് കരുതണ്ട. ന്യൂന പക്ഷം ആയ ക്രിസ്ത്യാനികളും ആക്രമണങ്ങൾ പെടുന്നുണ്ട്. മുസ്ലീമുകളെ അപേക്ഷിച്ച് താരതമ്യേന കുറവാണ് ബർമ്മയിലെ ക്രിസ്ത്യൻ ജനസംഖ്യ. കയ്യിങ് എന്ന പ്രവിശ്യയിലാണ് ക്രിസ്ത്യാനികൾ കൂടുതൽ. റോഹിങ്ക്യൻ മുസ്ലീമുകളും ബർമ്മയിലെ ക്രിസ്ത്യാനികളും തമ്മിലുള്ള നേരിട്ടുള്ള വ്യത്യാസം ക്രിസ്ത്യാനികൾക്ക് പൗരത്വം ഉണ്ട് എന്നുള്ളതാണ്.
.
ആദ്യം മുസ്ലീങ്ങൾ പിന്നെ ക്രിസ്ത്യാനികൾ... അങ്ങിനെ ആണല്ലോ കാര്യങ്ങൾ.
.
ബർമ്മയിൽ ഇന്ന് കാണുന്നത് ഒക്കെയും നാളെ ഭാരതത്തിലും അസംഭവ്യം അല്ല. മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ സംഘപരിവാർ അധികാരത്തിൽ എത്തിയാൽ ഈ പോസ്റ്റിലെ ബർമ്മ, മ്യാന്മാർ തുടങ്ങിയ പദങ്ങൾ ഒഴിവാക്കി നമ്മുടെ രാജ്യത്തിന്റെ പേര് ചേർത്താൽ മതിയാകും. ലോകത്തിലെ ഏറ്റവും ദുരന്തത്തിൽ ഉള്ള ഒരു രാജ്യത്തെ ന്യൂന പക്ഷം മ്യാൻമറിലെ റോഹിങ്ക്യൻ മുസ്‌ലിം എന്ന യൂ എന്നിന്റെ കണക്ക് പുസ്തകം തിരുത്തപ്പെടുന്ന ഒരു കാലം വിദൂരം അല്ല. അവിടെയും ആദ്യം മുസ്‌ലിം പിന്നെ ക്രിസ്ത്യൻ എന്ന കണക്കും ശെരിക്കും ശെരിയാകും.

Friday, September 01, 2017

പുലിവാൽ പിടിച്ച റിസർവ്വ് ബാങ്ക്.

 "നോട്ട് നിരോധനം വൻ വിജയം. മൂന്നു ലക്ഷം കോടി രൂപയുടെ കള്ളപ്പണം ബാങ്കിങ് സിസ്റ്റത്തിലേക്ക് തിരികെ വന്നു" : നരേന്ദ്രമോഡി സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് ചെങ്കോട്ടയിൽ നിന്നും പ്രസ്താവിച്ചത് ആണ് ഈ വരികൾ. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ "According to the research conducted by outside experts, about Rs.3 lakh crores that had never come into the banking system before, has been brought into the system after the demonetization".

സത്യത്തിൽ ഈ മനുഷ്യൻ എന്താണ് ഉദ്ദേശിച്ചത്? അകൗണ്ടബിൾ അല്ലാത്ത പണം തിരികെ വരില്ലാ എന്നും ആ പണം രാജ്യത്തിന്റെ പൊതു സ്വത്ത് ആകും എന്നും ആണ് പണം നിരോധിക്കുമ്പോൾ പറഞ്ഞിരുന്നത്. അതും ഏകദേശം മൂന്നു ലക്ഷം കോടി മൂല്യം വരുന്ന കറൻസി തിരികെ വരില്ല എന്നതായിരുന്നു നിരോധിക്കുന്ന സമയത്ത് ഉള്ള അസ്സസ്സ്മെന്റ്. അന്ന് തിരികെ വരില്ല എന്ന് കിനാവ് കണ്ട അതെ തുക തിരികെ വന്നു എന്ന് കണ്ടു കഴിയുമ്പോൾ പണം തിരികെ വന്നതാണ് വിജയം എന്ന് ഉൽഘോഷിക്കുന്നവന്റെ തല കഴുകണ്ടേ?



ചെങ്കോട്ടയിൽ നിന്നും ഇത് വിളിച്ചു പറയുമ്പോൾ മൻമോഹൻ സിംഗ് അടക്കം ഉള്ള സാമ്പത്തിക ശാസ്ത്രജന്മാർ അവിടെ ഇരിപ്പുണ്ടായിരുന്നു. ഈ പ്രഖ്യാപനം ആഗസ്റ്റ് പതിനഞ്ചിനു കേട്ടപ്പോൾ ഒരു സാധാരണക്കാരൻ എന്ന നിലക്ക് മനസ്സിലായത് തിരികെ വന്ന നോരോധിക്കപെട്ട കറൻസികളിൽ ലക്ഷ്യം വെച്ചത് പോലെ തന്നെ മൂന്നു ലക്ഷം കോടിയുടെ കുറവ് ഉണ്ട് എന്നും, അത്രയും കുറവ് രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ അടിത്തറ ശക്തം ആക്കും എന്നും, ഇത്രയും തുക രാഷ്ട്രത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ആയി ഉപയോഗപ്പെടുത്താൻ കഴിയും എന്നും ആണ്. പക്ഷേ ആഗസ്റ്റ് മുപ്പതാം തീയതി അറിയുന്നു മൊത്തം വിനിമയത്തിൽ ഉണ്ടായിരുന്ന നിരോധിക്കപ്പെട്ട കറൻസിയുടെ തൊണ്ണൂറ്റി ഒമ്പത് ശതമാനവും റിസർവ് ബാങ്കിലേക്ക് തിരികെ വന്നു എന്ന്. ചെങ്കോട്ടയിൽ നിന്നും പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് കളവ് പറഞ്ഞു എന്ന് അർത്ഥം ആക്കണോ? അതിനു പ്രധാനമന്ത്രി കളവ് പറഞ്ഞിട്ടില്ലല്ലോ? മൂന്നു ലക്ഷം കോടി തിരികെ വന്നു എന്നല്ലേ പറഞ്ഞത്? അത്രയും തുക വന്നല്ലോപിന്നെന്താ പ്രശ്നം? വടിവേലു പഴം തിന്ന പോലെ... മോഡി പറയേണ്ടി ഇരുന്നത് മൂന്നു ലക്ഷം കോടി എന്നല്ല. പതിനഞ്ചര കോടി തിരികെ വന്നു എന്നാണു. ആരും അറിയാത്ത ഏതോ ഒരു റിസർച്ചിന്റെ മേമ്പൊടിയോടെ ഇല്ലാത്ത ഒരു കാര്യം എന്തോ വലുതായി അവതരിപ്പിക്കുക. അത് മാത്രമേ അദ്ദേഹം ചെയ്തിട്ടുള്ളു. തന്റെ വളർച്ചയുടെ അടിസ്ഥാനം ഘടകം ആയ ഫോട്ടോ ഷോപ്പിന്റെ പ്രസംഗ രൂപം!

ഒരു സാധാരണക്കാരന് നരേന്ദ്ര മോദിയുടെ പ്രസംഗത്തിൽ മറച്ചു വെക്കപ്പെട്ട ഫോട്ടോ ഷോപ്പ് മനസിലാക്കാൻ കഴിയില്ല. വാക്കുകളിലെ വ്യാജനെ പക്ഷെ എന്ത് കൊണ്ട് രാജ്യത്തെ സാമ്പത്തിക ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയില്ല. അൺ അക്കൗണ്ടബിൾ ആയിട്ടുള്ള മൂന്നു ലക്ഷം കോടിയിൽ അധികം രൂപയുടെ കുറവ് തേടി ഇറങ്ങിയവർ മൂന്നു ലക്ഷം കോടി രൂപ കണ്ടെത്തുക എന്ന് പറഞ്ഞാൽ പിന്നെ അതെങ്ങിനെ കള്ളപ്പണം ആകും? നെഗറ്റീവ് ആയ ഒരു റിസൾട്ടിനെ പോസിറ്റിവ് ആയി പ്രഖ്യാപിച്ചതിനെ കേട്ടിരുന്ന രാജ്യത്തെ ഒരു സാമ്പത്തിക ശാസ്ത്രജ്ഞനും അത് കയ്യോടെ പിടികൂടാൻ കഴിഞ്ഞില്ല എന്നതാണ് നരേന്ദ്ര മോഡി എന്ന അൽപ ബുദ്ധിക്ക് ഭാരതം ഭരിച്ച് തുലക്കാൻ ഉള്ള ഇന്ധനം പ്രദാനം ചെയ്യുന്നത്.

എല്ലാം കഴിഞ്ഞോ? ഇല്ല. ഒന്നും കഴിഞ്ഞിട്ടില്ല. എല്ലാം ആരംഭിക്കുന്നതെ ഉള്ളൂ.

ഇപ്പോൾ വന്നിരിക്കുന്നത് മാർച്ച് മാസം മുപ്പത്തി ഒന്നാം തീയതി വരെ തിരികെ എത്തിയ കറൻസിയുടെ കണക്ക് ആണ്. ജൂൺ മുപ്പത് ആയിരുന്നു പ്രവാസി ഭാരതീയന് പഴയ കറൻസി മാറ്റിയെടുക്കാൻ അനുവദിച്ചിരുന്ന സമയം. മറ്റു രാജ്യങ്ങളിൽ രാജ്യാന്തര കരാർ പ്രകാരം വിനിമയത്തിൽ ഉളള കറൻസികൾ ഇപ്പോഴും തിരികെ വന്നു കൊണ്ടിരിക്കുന്നു. അതിൽ തങ്ങളുടെ കറൻസിയോടൊപ്പം തന്നെ തുല്യ പ്രാധാന്യത്തോടെ ഭാരതത്തിന്റെ കറൻസി വിനിമയത്തിൽ ഉള്ള നേപ്പാൾ ഭൂട്ടാൻ തുടങ്ങിയ അയൽ രാജ്യങ്ങളിൽ നിന്നും കറൻസി ഇനിയും എത്താനുണ്ട്. രാജ്യത്തെ പൗരന്മാരോട് കണ്ണ് ഉരുട്ടിയതു പോലെ അയൽ രാജ്യങ്ങളിലെ ഗവൺമെന്റുകളോട് കണ്ണുരുട്ടാൻ റിസർവ്വ് ബാങ്കിന് കഴിയില്ല. അതെല്ലാം തിരികെ വരണം. ഇപ്പോൾ മാർച്ച് വരെ തൊണ്ണൂറ്റി ഒമ്പത് ശതമാനം തിരികെ എത്തി. അപ്പോൾ ബാക്കി കൂടി വന്നു അടുത്ത റിപ്പോർട്ട് ആകുമ്പോൾ എത്ര തിരികെ വരും. ഏറ്റവും കുറഞ്ഞത് നൂറ്റി പത്ത് ശതമാനത്തിൽ എത്തും എന്നാണു പണ വിപണി പ്രതീക്ഷയ്‌ക്കുന്നത്.

അതായത് മൂന്നു ലക്ഷം കോടി രൂപ തിരികെ വരില്ല എന്ന് കരുതിയിടത്ത് മൂന്നു ലക്ഷം കോടി അധികം എത്തുക!!! നല്ല ശേലായിരിക്കും അങ്ങിനെ ഒരു അവസ്ഥ സംജാതം ആയാൽ. രാജ്യാന്തര തലത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യം കുത്തനെ ഇടിയുന്ന സാഹചര്യത്തെ പ്രതീക്ഷിക്കണം. അങ്ങിനെ ഉണ്ടായാൽ സർവ്വ നാശം ഫലം. രാജ്യത്തെ രക്ഷിക്കാൻ പിന്നെ ഒരു ഗോമാതാവിനും കഴിയില്ല. കാര്യങ്ങളുടെ പോക്ക് അങ്ങോട്ടേക്ക് ആണ്. ഈ തൊണ്ണൂറ്റി ഒമ്പത് ശതമാനം പോലും വിശ്വാസ യോഗ്യം അല്ല. ഒന്ന് തണുപ്പിക്കാൻ റിസർവ്വ് ബാങ്ക് മനഃപൂർവ്വം ശ്രമിച്ചതായിരിക്കാം ഈ ഒരു ശതമാനം ബാക്കി വെച്ചത്. യഥാര്ഥത്തില് ഇപ്പോൾ തന്നെ നൂറു ശതമാനം കടന്നിരിക്കാം.


മൂന്നു ലക്ഷം കോടി രൂപ അധികം ആയി റിസവ്വ് ബാങ്കിലേക്ക് വന്നാൽ അത്രയും കള്ള നോട്ടുകൾ റിസർവ്വ് ബാങ്കിലേക്ക് വന്നു എന്ന് നല്ല മലയാളം. അത്രയും കള്ള നോട്ടുകൾ റിസർവ്വ് ബാങ്ക് മാറ്റി കൊടുത്തു എന്നാൽ റിസർവ്വ് ബാങ്കിന് മൂന്നു ലക്ഷം കോടി നഷ്ട്ടം എന്ന് ആണ് അർത്ഥം. ഈ നഷ്ടം റിസർവ്വ് ബാങ്ക് എങ്ങിനെ നികത്തും എന്നാണു? ഭാരതത്തിന്റെ റിസർവ്വ് ബാങ്ക് പാപ്പർ സ്യൂട്ട് ആകുന്ന ഒരു സാഹചര്യം ആയിരിക്കില്ലേ അങ്ങിനെ ആണ് എങ്കിൽ ഉരുത്തിരിഞ്ഞു വരിക? ശെരിക്കും ഉള്ള റിപ്പോർട്ട് ഇനി റിസർവ്വ് ബാങ്ക് പ്രസിദ്ധീകരിക്കുമ്പോൾ രാഷ്ട്രത്തിന്റെ സാമ്പത്തിക മേഖല എങ്ങിനെ പ്രതികരിക്കും എന്ന് കണ്ടറിയണം. ശെരിക്കും റിസർവ്വ് ബാങ്ക് പുലിവാൽ പിടിച്ചിട്ട് ആണ് ഉള്ളത്.

നൂറു ശതമാനത്തിനു മുകളിൽ പണം തിരികെ വന്നു എന്ന് പറഞ്ഞാൽ കള്ള നോട്ടുകളും റിസർവ്വ് ബാങ്ക് മാറ്റി കൊടുത്തു എന്നാണു അർത്ഥം. അങ്ങിനെ വന്ന കള്ള നോട്ടുകൾ എത്ര എന്ന് കണക്കാക്കാൻ ഒരു ഓഡിറ്റിന് ഉള്ള അവസരം പോലും ഇപ്പോൾ ഇല്ല. തെളിവ് നശിപ്പിക്കാൻ ആദ്യം ചെയ്യുന്നത് മൃതദേഹം ദഹിപ്പിക്കുക എന്ന തന്ത്രം ആണ്. അത് പോലെ തിരികെ വന്ന പണം എണ്ണി തിട്ടപ്പെടുത്തി കഴിയുന്ന നിമിഷം നശിപ്പിച്ചു കളയുകയാണ് ചെയ്തത്. സാധാരണ സാഹചര്യത്തിൽ തിരികെ വന്ന പണം അല്ല ഈ കത്തിച്ചു കളഞ്ഞത്. നാളെ ചോദ്യം വന്നാൽ ഉത്തരം പറയേണ്ടി വരുന്ന കറൻസികൾ ആണ് കത്തിക്കുന്നത്. ഭാരതം പോലൊരു രാജ്യത്ത് ഈ നോട്ടുകളെ ഒരു പ്രത്യേക സമയം വരെ സൂക്ഷിച്ചു വെക്കാൻ കഴിയില്ലായിരുന്നോ? എന്താണ് ഈ കറൻസികൾ ദുരൂഹ സാഹചര്യത്തിൽ മരണം അടഞ്ഞ ആളുടെ ശരീരം ദഹിപ്പിക്കുന്ന ധൃതിയിൽ ദഹിപ്പിച്ചത്. ആർക്കോ എന്തൊക്കെയോ മറയ്ക്കാൻ ഉണ്ട് എന്നതല്ലേ ഈ തിരക്ക് കാണിക്കുന്നത്.?

രാജ്യത്തിന്റെ സാമ്പത്തിക അടിത്തറക്ക് തുരങ്കം വെക്കാൻ ആരൊരാൾ തുനിഞ്ഞിറങ്ങിയോ അവർക്ക് രാജ്യത്തെ കാഴ്ച വെക്കുന്ന സംഭവങ്ങൾ ആണ് രാജ്യസ്നേഹത്തിന്റെ മൊത്ത വ്യാപാരികൾ ലോകത്തിനു കാട്ടി കൊടുക്കുന്നത്. രാജ്യദ്രോഹികൾ അധികാര സ്ഥാനത്ത് ഇരുന്ന് രാജ്യത്തെ നശിപ്പിക്കുന്നതിനെ പ്രതിരോധിക്കാൻ ഒരു പ്രതിപക്ഷം പോലും ഇല്ലാ എന്നത് രാഷ്ട്രത്തിന്റെ ദൈന്യം. നാശത്തിലേക്ക് രാജ്യം കൂപ്പു കുത്തുന്നത് നിസ്സഹായതയോടെ വീക്ഷിക്കാനേ രാഷ്ട്ര നിർമാതാക്കൾക്കും കഴിയുള്ളു.