Sunday, April 19, 2009

കാളപ്പേറെടുക്കുന്ന കേരളാ ചാനലുകള്‍.

വോട്ടെടുപ്പ് നടന്ന ഏപ്രില്‍ പതിനാറാം തീയതി.

രാവിലെ.

ഇമ്മിണിപോന്ന ഭൂമിമലയാളത്തിലെ ഡസന്‍ ചാനലുകളിലും കേരളത്തിലെ വോട്ടിംങ്ങ് ശതമാനം എമ്പതിനു മുകളിലേയ്ക്ക് ഉയരുകയായിരുന്നു. ചാനലുകളുടെ തത്സമയ ലേഖകന്മാര്‍ ഇരുന്നും, കിടന്നും, നെടുങ്ങനെ ഓടിയും, ഉറഞ്ഞു തുള്ളിയും, കുട്ടിക്കരണം മറിഞ്ഞും പോളിങ്ങില്‍ ജനം കാട്ടുന്ന ആവേശം ഒട്ടും ചോരാതെ പ്രേക്ഷകരിലേയ്ക്ക് എത്തിച്ചു കൊണ്ടേയിരുന്നു. മന്ത്രിമാര്‍, സിനിമാ നടന്മാര്‍, അബദ്ധത്തില്‍ എപ്പോഴോ സീരിയലില്‍ മുഖം കാണിച്ചവര്‍ എന്നു വേണ്ട ഒരുത്തര്‍ക്കും തത്സമയക്കാര്‍ സ്വൈരം കൊടുക്കുന്നുണ്ടായിരുന്നില്ല. തിരിച്ചറിയല്‍ കാര്‍ഡ് മറന്നു പോയ മെഗാതാരം സ്ക്രോളായത് ദിനം മുഴുവനുമാണ്. രാവിലെ വോട്ടും കുത്തി അവരവരുടെ തൊഴിലുകളിലേയ്ക്ക് മടങ്ങാന്‍ ക്യൂ നിന്നവരുടെ നീണ്ട നിരകാട്ടി കേരളം ഏറ്റവും ഉയര്‍ന്ന പോളിങ്ങ് ശതമാനത്തിലേയ്ക്ക് നീങ്ങുന്ന ചരിത്ര മുഹൂര്‍ത്തത്തിലേയ്ക്ക് ചാനലുകാര്‍ ചര്‍ച്ചകള്‍ നയിച്ചു.

ചര്‍ച്ചകള്‍ നീണ്ടു. കുത്തനെ ഉയരുന്ന പോളിങ്ങ് ആര്‍ക്ക് തുണയാകും? അവരവരുടെ മുന്നണികള്‍ക്കും പാര്‍ട്ടികള്‍ക്കും പിന്തുണച്ചവര്‍ക്കും നേതാക്കന്മാര്‍ വിജയം ഉറപ്പിച്ചു കൊണ്ടേയിരുന്നു. തോല്‍ക്കുന്നവര്‍ ആരുമില്ല. എല്ലാവരും ജയിച്ചു കയറുന്നവര്‍. എല്ലാ ചാനലുകളിലും പോളിങ്ങ് ശതമാനം അടിയ്ക്കടി വന്നു കൊണ്ടിരുന്നു. പക്ഷേ എല്ലാ ശതമാനങ്ങളും പരസ്പര വിരുദ്ധമായിരുന്നു. എവിടുന്നൊക്കെയോ കിട്ടിയ ഒരോ മുറി പേപ്പറുമായി അനൌദ്യോഗിക പോളിങ്ങ് ശതമാനം അനുനിമിഷം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്നവര്‍ ഏതാണ്ട് രണ്ടു മണിയോടെ കളം മാറ്റി തുടങ്ങി.

ഉച്ചയ്ക്ക്.

കേരളത്തില്‍ രാവിലെ കണ്ട ആവേശം ഉച്ചയ്ക്ക് ശേഷം കാണുന്നില്ല. വോട്ടു ചെയ്യാന്‍ നില്‍ക്കുന്നവരുടെ നിര ശുഷ്കിച്ചു തുടങ്ങി. വോട്ടിങ്ങ് കുത്തനെ താഴേയ്ക്ക് പോകാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. മിനിറ്റുകള്‍ക്കകം ചാനലായ ചാനലുകളിലൊക്കെ കേരളത്തിലെ പോളിങ്ങ് നാല്‍പ്പതു ശതമാനത്തിനും താഴേയ്ക്ക് പോകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുമായി ചര്‍ച്ച തുടങ്ങി.

കേരള ജനത അനാരോഗ്യകരമായ അരാഷ്ട്രീയ വാദത്തിലേയ്ക്ക് വീണിരിയ്ക്കുന്നു. ജനാധിപത്യത്തിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമായിരിയ്ക്കുന്നു. ആറു ലക്ഷത്തിലധികമുള്ള കന്നി വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടിട്ടില്ല. ഇരുമുന്നണികളിലും കക്ഷിരാഷ്ട്രീയത്തിലുമുള്ള കേരള ജനതയുടെ വിമുഖത ആഗോള ജനാധിപത്യത്തിനു തന്നെ ഭീഷണിയാകുന്നു....

ചര്‍ച്ച മുറുകി തുടങ്ങി.

കേരളത്തിലെ പോളിങ്ങില്‍ വന്ന വന്‍ കുറവ് ആരെ ബാധിയ്ക്കും? ആരും വോട്ട് ചെയ്തില്ലേല്‍ ഏതു കക്ഷി ജയിച്ചു കയറും? കേരളം എന്തു കൊണ്ട് ജനാധിപത്യ വിരുദ്ധ നിലപാടിലേയ്ക്ക് പോകുന്നു? തിരുവനന്തപുരത്ത് മുപ്പത്തി എട്ടു ശതമാനം പേരേ വോട്ടു ചെയ്തിട്ടുള്ളൂ. അതിനാല്‍ ആരു ജയിയ്ക്കും? തോല്‍ക്കാന്‍ ആര്‍ക്കായിരിയ്ക്കും വിധി? ചാനലുകളിലെ ഉണ്ണാക്കന്മാര്‍ അനുനിമിഷം ചോദ്യശരങ്ങളുമായി മുന്നണികളിലേയും രാഷ്ട്രീയ കക്ഷികളിലേയും ഉണ്ണാക്കന്മാരെ ചര്‍ച്ചകളിലേയ്ക്ക് വലിച്ചിഴച്ചു കൊണ്ടിരുന്നു. ചാനലുകള്‍ കെട്ടിതാഴ്ത്തിയ കേരളത്തിലെ പോളിങ്ങ് ശതമാനം കണ്ട് നല്ല ബോധം പോയ പ്രതിപക്ഷ നേതാവ് മുങ്കൂര്‍ ജാമ്യം നേടി. “കേരളത്തില്‍ വ്യാപകമായ കള്ളവോട്ട്....” ദേണ്ടെ കിടക്കുന്നു... ആകപ്പാടെ അമ്മാണി ഇമ്മാണി നാല്‍പ്പത് ശതമാനം വോട്ട്. അതിപ്പോ കള്ളവോട്ടും കൂടിയായാല്‍. പിന്നെ ചര്‍ച്ച ആ വഴിയ്ക്കായി. വോട്ടിങ്ങ് ശതമാനം കുറയുകയും കള്ളവോട്ടു വ്യാപകമാവുകയും ചെയ്താല്‍ ആരു ജയിയ്ക്കും?

ചാനല്‍ ചര്‍ച്ചകളില്‍ കേരളീയ പൊതുസമൂഹത്തിന്റെ ജനാധിപത്യ പൌരധര്‍മ്മം തലങ്ങും വിലങ്ങും വ്യഭിചരിയ്ക്കപ്പെട്ടുകൊണ്ടേയിരുന്നു....

സമയം വൈകിട്ട് അഞ്ചു മണി.

പോളിങ്ങ് അവസാനിച്ചിരിയ്ക്കുന്നു. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്തവിധം താഴ്ന്ന പോളിങ്ങ്. കേരളം വോട്ടു ചെയ്യാന്‍ വിമുഖത കാട്ടി. പോളിങ്ങ് അമ്പത് ശതമാനത്തിനു മുകളില്‍ എത്തില്ല. അമ്പതു ശതമാനം കേരളീയരും വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. കേരളം അരാഷ്ട്രീയ വാദത്തിലേയ്ക്ക് നീങ്ങി കഴിഞ്ഞിരിയ്ക്കുന്നു!

അഞ്ചു മണി കഴിഞ്ഞതോടെ കേരളം ജനാധിപത്യ വിരുദ്ധമാവുകയായിരുന്നു - ചാനലുകളിലൂ‍ടെ. ഒരൊറ്റ ചാനല്‍ തത്സമയ റിപ്പോര്‍ട്ടിങ്ങില്‍ പോലും പോളിങ്ങ് എഴുപത് ശതമാനം കഴിയുമെന്ന വസ്തുതയുണ്ടായിരുന്നില്ല. മുന്‍ വര്‍ഷത്തെ പോളിങ്ങ് ശതമാനവുമായി താരതമ്യം ചെയ്ത് ഇരുപത് ശതമാനത്തോളം കുറവില്‍ പോളിങ്ങ് അവസാനിയ്ക്കുമെന്ന രീതിയില്‍ ചാനലുകളില്‍ ചര്‍ച്ചകള്‍ കൊഴുത്തു. ചോദ്യം ചോദിയ്ക്കുന്ന ഉണ്ണാക്കന്മാരും ഉത്തരം പറയുന്ന ഉണ്ണാക്കന്മാരും നിജസ്ഥിതി മനസ്സിലാക്കാന്‍ ശ്രമിയ്ക്കകയോ ഏറ്റവും കുറഞ്ഞത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അവസാന പോളിങ്ങ് കണക്കുകള്‍ വരുന്നതു വരെ ഒന്നു സമാധാനിയ്ക്കാന്‍ നിര്‍ദ്ദേശിയ്ക്കുകയോ ചെയ്യുന്നുണ്ടായിരുന്നില്ല.

ആറുമണിയ്ക്കുള്ള ബുള്ളറ്റിനുകളിലും പോളിങ്ങ് താഴെ പോകാനുള്ള കാര്യകാരണങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു തത്സമയക്കാര്‍. ഒരോ കക്ഷി നേതാക്കളും പോളിങ്ങ് താഴെ പോയതിനു എതിര്‍ കക്ഷികളേയും മുന്നണികളേയും കുറ്റം പറഞ്ഞ് കൊണ്ടേയിരുന്നു. എന്നിട്ടും ഒരുത്തനും അപ്പോഴും മനസ്സിലാക്കിയിരുന്നില്ല എഴുപത് ശതമാനം മലയാളികളും പോളിങ്ങ് ബൂത്തില്‍ എത്തിയിരുന്നു എന്ന്.

പതിനാറാം തീയതി അര്‍ദ്ധരാത്രി.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പോളിങ്ങ് കണക്കുകള്‍ പുറത്തു വന്നു.
കേരളത്തിന്റെ മുക്കാല്‍ ഭാഗം ജനങ്ങളും വോട്ടു ചെയ്തിരിയ്ക്കുന്നു! ജനാധിപത്യത്തിന്റെ മഹത്വം മലയാളിയെ വിഡ്ഡിപ്പെട്ടിയുടെ പ്രതിനിധികള്‍ പഠിപ്പിയ്ക്കേണ്ടതില്ലാ എന്ന മുഖവുരയോടെ! തത്സമയ വാര്‍ത്താ വിതരണക്കാരുടെ മുഖത്ത് ആട്ടും പോലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പോളിങ്ങ് ശതമാനം പുറത്ത് വന്നത്. എഴുപത്തി മൂന്നര ശതമാനം കേരള ജനതയും വോട്ടു ചെയ്തിരിയ്ക്കുന്നു.

ഉളിപ്പേതുമില്ലാതെ അതും ചാനലുകളില്‍ സ്ക്രോളായി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പോളിങ്ങ് കൂടുതല്‍! കേരളം ആവേശത്തോടെ വോട്ടെടുപ്പില്‍ പങ്കെടുത്തു! ചാനലുകളില്‍ വീണ്ടും ചര്‍ച്ച. ശതമാനം കൂടിയതിനാല്‍ ആരു ജയിയ്ക്കും. മിനിറ്റുകള്‍ക്ക് മുന്നേ തൂറിയതെല്ലാം കൂടി ചാനലുകള്‍ വാരി വലിച്ചു വിഴുങ്ങി പുതിയ ചര്‍ച്ച തുടങ്ങി. അപ്പോഴും നേതാക്കന്മാര്‍ ചാനലുകളിലെ ഉണ്ണാക്കന്മാര്‍ ചോദിയ്ക്കുന്ന വിഡ്ഡിത്തരങ്ങള്‍ക്ക് ഉത്തരം പറയുകയായിരുന്നു. നിമിഷങ്ങള്‍ക്ക് മുന്നേ പറഞ്ഞതിനു വിപരീതമായി. കഷ്ടം... തത്സമയ സം‌പ്രക്ഷേപണത്തിനു മറ്റെന്തെങ്കിലും പേരു കണ്ടുപിടിയ്ക്കേണ്ടിയിരിയ്ക്കുന്നു.

തിരഞ്ഞെടുപ്പിലെ പോളിങ്ങ് ശതമാനം മിനിറ്റു വെച്ച് തത്സമയമാക്കാന്‍ ആരും ആരേയും ചുമതലപ്പെടുത്തിയിരുന്നില്ല. തിരഞ്ഞെടുപ്പ് അഞ്ചുമണിയ്ക്ക് കഴിയും. അതിനു ശേഷം ഒരു മൂന്ന് മണിയ്ക്കൂറിനുള്ളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൃത്യമായ കണക്ക് വരും. അതുവരെ ക്ഷമിയ്ക്കാനുള്ള സാമാന്യ മര്യാദ പാലിയ്ക്കാന്‍ കേരളത്തിലെ ഒരു ചാനലിനും കഴിഞ്ഞില്ല. മണിയ്ക്കൂറുകളോളം ഇല്ലാത്ത കാര്യങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു തലങ്ങും വിലങ്ങും. വോട്ടിങ്ങ് ശതമാനം അറുപതിലും എഴുപതിലും എത്തിക്കഴിഞ്ഞപ്പോഴും ചാനലുകളില്‍ അമ്പതു ശതമാനത്തിന്റെ തര്‍ക്കവിതര്‍ക്കങ്ങള്‍ നടക്കുകയായിരുന്നു. ആര്‍ക്കായിരുന്നു ഇത്ര തിരക്ക്. കേരളീയ പൊതു സമൂഹത്തെ മണിക്കൂറുകളോളം ജനാധിപത്യ വിരുദ്ധരാക്കിയ ഒരൊറ്റ ചാനലും പറ്റിയ കൊടിയ തെറ്റിനു ക്ഷമചോദിച്ചും കണ്ടില്ല.

അക്ഷരാര്‍ത്ഥത്തില്‍ കാളപ്പേറിനു കയറെടുക്കന്ന മാധ്യമ സംസ്കാരമാണ് മലയാള ചാനലുകളെയൊക്കെയും ഇന്നു ഭരിയ്ക്കുന്നത്. എങ്ങിനേയും വാര്‍ത്തകള്‍ പടച്ചെടുക്കുക. എന്നിട്ട് അതിന്മേല്‍ നിരര്‍ത്ഥകമായ ചര്‍ച്ചകള്‍ നടത്തുക. നിരര്‍ത്ഥകമെന്നു തിരിച്ചറിഞ്ഞിട്ടും ആ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ കോട്ടും തുന്നി കുറേ ഉണ്ണാക്കന്മാര്‍ വേറേയും. ആ നിരര്‍ത്ഥക ചര്‍ച്ചകള്‍ ഒന്നും വിടാതെ കണ്ട് കഴുത കരഞ്ഞ് തീര്‍ക്കുന്നതുപോലെ ബ്ലോഗെഴുതി അരിശം തീര്‍ക്കുന്ന എന്നേ പോലെയുള്ള കുറേ ഉണ്ണാക്കന്മാര്‍ ഇതാ ഇവിടേയും....

-----------------------------------------------
പ്രിയ വായാനക്കാരാ,
താങ്കള്‍ ഈ കുറിപ്പിനെ എങ്ങിനെ വിലയിരുത്തി?
താഴെ കാണുന്ന റേറ്റിങ്ങില്‍ ഒന്നമര്‍ത്തുന്നതിലൂടെ ഈ കുറിപ്പ് എങ്ങിനെ വായിയ്ക്കപ്പെട്ടു എന്നു ലേഖകനു സ്വയം വിലയിരുത്തുവാന്‍ ഒരവസരമാണ് താങ്കള്‍ നല്‍കുന്നത്. ഒരു നിമിഷം ചിലവഴിയ്ക്കുമല്ലോ?
നന്ദി..