Saturday, August 02, 2008

ഒരു ബ്ലോഗറുടെ പതനം.

മിന്നാമിനുങ്ങളുടെ ചോരണത്തെ കുറിച്ച് വീണ്ടുമൊരു പോസ്റ്റിടേണ്ടി വരുമെന്ന് കരുതിയിരുന്നില്ല. മിന്നാമിന്നിയുടെ ക്ഷമാപണത്തോടെ ഒരു ബൂലോഗ ചോരണ പര്‍വ്വത്തിന് തിരശ്ശീല വീണു എന്ന് ധരിച്ചവര്‍ വീണ്ടും വിഡ്ഡികളായി. കേരള്‍സ്കാമിന്റെ ബൂലോഗ കൊള്ളയടി വെളിച്ചത്ത് കൊണ്ട് വന്ന ബൂലോഗന്റെ ഭാണ്ഡം മുഴുവന്‍ തൊണ്ടിയായിരുന്നു എന്ന തിരിച്ചറിവ് ഒട്ടു ഞെട്ടലോടെയാണ് ബൂലോഗത്ത് പരന്നത്. പക്ഷേ ആ ചോരണത്തോട് ബൂലോഗം കടപ്പെട്ടിരിയ്ക്കുന്നു.

തനിയ്ക്ക് പൊക്കാന്‍ പറ്റുന്നത് വല്ലതുമുണ്ടോ എന്ന് തപ്പിയിറങ്ങവേയാണ് യാദൃശ്ചികമായി അദിയാന്‍ കേരള്‍സ്കാമിന്റെ ഷോറൂമില്‍ ചെന്ന് കയറുന്നത്. അവിടെ നിന്നും കിട്ടിയതൊക്കെയും ചാക്കില്‍ കേറ്റി തന്റെ മാളത്തിലെത്തിയപ്പോഴാണ് താന്‍ നേരത്തെ ചില്ലറയായി കൊള്ളയടിച്ച് തന്റെ ചില്ലലമാരയില്‍ ചില്ലറ വില്പനയ്ക്ക് വെച്ചിരുന്നവ തന്നെയാണ് കേരള്‍സ്കാമിന്റെ ചില്ലലമാരയില്‍ മൊത്ത കച്ചവടത്തിന് വെച്ചിരിയ്ക്കുന്നത് എന്ന് തിരിച്ചറിഞ്ഞത്. അപ്പോള്‍ തന്നെ അതൊരു പോസ്റ്റായി. ആ പോസ്റ്റ് പിന്നെ ബൂലോഗത്തെ ചരിത്രങ്ങളില്‍ ഒന്നായി. മിന്നാമിനുങ്ങ് അന്ന് ഇര പിടിയ്കാന്‍ ഇറങ്ങിയില്ലായിരുന്നു എങ്കില്‍ കേരള്‍സ്കാമിന്റെ ഷോറൂമില്‍ എത്തുമായിരുന്നില്ല. മലയാളം അക്ഷരങ്ങള്‍ കണ്ട് അവിടെ തനിയ്ക്ക് പറ്റിയത് വല്ലതും കോപ്പീ പേസ്റ്റാനുണ്ടാകും എന്ന് കണ്ടു കൊണ്ട് തന്നെയാണ് മിന്നാമിനുങ്ങ് അങ്ങാട്ട് പറന്നത്. അതുകൊണ്ട് തന്നെ മിന്നാമിനുങ്ങിന്റെ കോപ്പീ പേസ്റ്റിനോട് ബൂലോഗവും കടപ്പെട്ടിരിയ്ക്കുന്നു!

ക്ഷമാപണത്തിനായി അവതരിയ്ക്കപ്പെട്ട പോസ്റ്റില്‍ തന്നെ ഉപബോധ മനസ്സിന്റെ ചുറ്റിക്കളിയില്‍ മറ്റൊരു ബ്ലോഗറുടെ വരികള്‍ കടന്ന് വന്നത് യാദൃശ്ചികമാണെന്ന് പറയാം. തുടര്‍ന്ന് ഇട്ടിമാളുവിന്റെ വരികള്‍ അതേപോലെ മിന്നാമിനുങ്ങിന്റെ പോസ്റ്റില്‍ കടന്നു വന്നതു മുതല്‍ അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ മുഴുവനും കളവാണോ എന്ന സംശയം ബൂലോഗത്ത് നിറഞ്ഞു. തുടര്‍ന്ന് കളവു മുതല്‍ കണ്ടു പിടിയ്ക്കപ്പെടുന്നത് തുടര്‍ക്കഥയാ‍യി. ഒരോ കളവ് പുറത്ത് വരുമ്പോഴും “അതിന് തെറ്റ് ചെയ്തിട്ടില്ലങ്കിലും ഞാന്‍ മാപ്പു ചോദിയ്ക്കുന്നു” എന്ന രണ്ടും കെട്ട ക്ഷമാപണവുമായി മിന്നാമിനുങ്ങ് ഇടയ്ക്കിടയ്ക്ക് പൊങ്ങിയും മുങ്ങിയും വന്നു കൊണ്ടിരിന്നു. തൊണ്ടികള്‍ തോണ്ടിയെടുക്കപ്പട്ടു കൊണ്ടിരിയ്ക്കുന്നതിനിടയില്‍ തൊണ്ടികള്‍ വില്പനയ്ക്ക് വെച്ചിരുന്ന കട പൂട്ടപ്പെട്ടു. കളവ് മുതല്‍ വാങ്ങാന്‍ വരുന്നവര്‍ക്ക് മാത്രമായി കട തുറക്കപ്പെടും എന്ന ബോര്‍ഡും തൂങ്ങി.

കാര്യങ്ങള്‍ അങ്ങിനെ മുങ്ങാം കുഴിയിട്ട് നീങ്ങവേ ശിശിരം എന്ന ബ്ലോഗര്‍‍ തികച്ചും ന്യായമായ ഒരു നിര്‍ദ്ദേശവുമായി “ക്ഷമാപണ” പോസ്റ്റില്‍ വന്നു.
“മിന്നാമിനുങ്ങേ, സംഭവിച്ചതെല്ലാം സംഭവിച്ചു. താങ്കള്‍ക്ക് തെറ്റു തിരുത്താന്‍ ഇന്നി ഒരവസരമേ ബാക്കിയുള്ളൂ... താങ്കള്‍ ഇന്നി എവിടുന്നെങ്കിലും അറിഞ്ഞോ അറിയാതയോ വരികള്‍ എടുത്തിട്ടുണ്ട് എങ്കില്‍ അതേതൊക്കെയാണ് എന്ന് ഏറ്റുപറഞ്ഞ് ഈ മാ‍നക്കേടില്‍ നിന്നും രക്ഷപെടാന്‍ നോക്കൂ..”
അതോടെ മാപ്പപേക്ഷ പോസ്റ്റും ഇഷ്ടക്കാര്‍ക്ക് മാത്രമായി ചുരുങ്ങി. സ്നേഹ ദീപവും മിഴിയടച്ചു . ആ ബ്ലോഗും താഴിട്ടു!

ബ്ലോഗെഴുത്ത് സാഹിത്യം തന്നെയാകണം എന്ന നിര്‍ബന്ധം എങ്ങിനെയോ മലയാള ബ്ലോഗിങ്ങില്‍ രൂഡമൂലമായിരിയ്ക്കുന്നു. തനിയ്കറിയാവുന്നത് അറിയാവുന്നത് പോലെ എഴുതിയിടുക. അത് സാഹിത്യം ആകണമെന്നില്ല. രാവിലെ കണ്ടൊരു കാര്യം എഴുതാം. ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച ഒരു കാഴ്ച പോസ്റ്റായി മാറാം. സൌഹൃദങ്ങളില്‍ കേട്ട ഒരു കുഞ്ഞ് തമാശ ഒരു പോസ്റ്റായി മാറാം. മനസ്സിനെ നൊമ്പരപ്പെടുത്തിയ ഒരു വാര്‍ത്ത ഒരു പോസ്റ്റായി പരിണമിയ്ക്കാം. സൌഹൃദങ്ങളില്‍ ഉണ്ടാകുന്ന സൌന്ദര്യ പിണക്കം ഒരു പോസ്റ്റായി വരാം. മൊബൈലില്‍ എടുക്കുന്ന ഒരു ചിത്രം പോസ്റ്റാകാം. മറ്റു ബ്ലോഗ് പോസ്റ്റുകള്‍ തന്നെ പോസ്റ്റിന് വിഷയമാകാം. എഴുതുമ്പോള്‍ സാഹിത്യം അനര്‍ഗ്ഗളമായി നിര്‍ഗ്ഗമിയ്ക്കണം എന്നില്ല. അറിയാവുന്ന ഭാഷയില്‍ അങ്ങെഴുതുക. കുറേപ്പേര്‍ എന്തായാലും വായിയ്ക്കും. ആരെങ്കിലുമൊക്കെ കമന്റും. അതൊക്കെത്തന്നെയാണ് ബ്ലോഗിങ്ങ് എന്ന് കരുതുന്ന ഒരു വിഡ്ഡിയാണ് ഞാന്‍. അതിന് ഏറ്റവും നല്ല ഉദാഹരണം എന്റെ ഈ അവിയല്‍ ബ്ലോഗും ആണ്. ഇന്നി ഇതൊന്നുമല്ല ബ്ലോഗിങ്ങെന്നു പറയുന്നവരോട് തര്‍ക്കിക്കാനും ഞാനില്ല. കാരണം എന്നെ സംബന്ധിച്ചിടത്തോളം മേല്പറഞ്ഞതൊക്കെ തന്നെയാണ് ബ്ലോഗിങ്ങ്.

സാഹിത്യം മാത്രമാണ് ബ്ലോഗെഴുത്ത് എന്ന് കരുതിയിടത്താണ് സാഹിത്യം കയ്യിലില്ലാത്ത മിന്നാമിനുങ്ങിന് തെറ്റിയത്. ഒരു വിഷയത്തോട് നേരേ ചൊവ്വേ പ്രതികരിയ്ക്കാന്‍ പോലും ഭാഷ കയ്യിലില്ലാത്തവനായിരുന്നു സ്നേഹ ഗായകന്‍ എന്ന് അദ്ദേഹം പലയിടത്തായി എഴുതിയിട്ടിരിയ്ക്കുന്ന കമന്റുകളിലൂടെ ഒന്ന് ഓടിച്ചു നോക്കിയാല്‍ മതി. അദ്ദേഹം വളരെ വൈകാരികമായി പ്രതികരിച്ച ഈ കമന്റ് തന്നെ നല്ലൊരുദാഹരണമാണ്. അതില്‍ അദ്ദേഹം എന്താണ് പറഞ്ഞിരിയ്ക്കുന്നത് എന്ന് അദ്ദേഹത്തിന് പോലും നിശ്ചയം ഉണ്ട് എന്ന് തോന്നുന്നില്ല. എങ്ങുനിന്നും കോപ്പി ചെയ്യാതെ സ്വന്തമായി എഴുതിയ ഒരു പ്രതികരണത്തിന്റെ ഭാഷയാണത്. അതുകൊണ്ട് തന്നെ നല്ല സാഹിത്യമെന്ന് തോന്നലുണ്ടാക്കിയ അദ്ദേഹത്തിന്റെ പോസ്റ്റുകളുടെയെല്ലാം വേരുകള്‍ മറ്റു ബ്ലോഗുകളിലും പഴയ കാല ആനുകാലികങ്ങളിലും കോളേജ് മാഗസിനുകളിലും ആയിരിയ്ക്കും എന്നതില്‍ യാതൊരു സംശയവും വേണ്ട.

റഹീം വേങ്ങര എന്നൊരു വിദ്വാനു മിന്നാമിനുങ്ങിന്റേതു പോലൊരു സൈറ്റുണ്ട്. മലയാളത്തിലുള്ള ഒട്ടു മിക്ക ബ്ലൊഗുകളിലേയും അദ്ദേഹത്തിന് ഇഷ്ടമായ വരികള്‍ അദ്ദേഹത്തിന്റേതായി അവിടെ കാണാം. അക്ഷരമറിയാത്ത എന്റെ വരികള്‍ പോലും അവിടെ ഉണ്ട് എന്ന തിരിച്ചറിവില്‍ ബൂലോഗര്‍ക്കായി ഞാനെഴുതിയിട്ട പോസ്റ്റിന്റെ പിറകേ പോയവര്‍ അവരവരുടെ വരികള്‍ അവിടെ കണ്ട് സായൂജ്യമടഞ്ഞിരുന്നു. അദ്ദേഹവും ഒരു സ്നേഹഗായകനാണ്. സ്വന്തം വരികള്‍ അന്യന്റെ സൈറ്റുകളില്‍ കാണുമ്പോള്‍ ഉണ്ടാകുന്ന ചൊരുക്ക് അത്ര വേഗം ഒഴിഞ്ഞ് പോകില്ലല്ലോ?

അരൂപിക്കുട്ടന്‍ എന്ന ബ്ലോഗര്‍ തുറന്ന് വിട്ട ഭൂതം അക്ഷര ചോരണത്തിന് ഇറങ്ങി പുറപ്പെടുന്നവര്‍ക്കെല്ലാം ഒരു താക്കീതാണ്. മറ്റുള്ളവന്റെ വരികള്‍ സ്വന്താമാണെന്ന ഭാവത്തില്‍ പടച്ച് വിടുന്നവര്‍ക്ക് ഉണ്ടാകുന്ന അധഃപതനമാണ് മിന്നാമിനുങ്ങിലൂടെ തെളിയിക്കപ്പെടുന്നത്. മിന്നാമിനുങ്ങിന്റെ ബ്ലോഗുകള്‍ ഒന്നൊന്നായി പൂട്ടപ്പെടുവാനുണ്ടായ സാഹചര്യം എല്ലാവരും തിരിച്ചറിയണം. ബ്ലോഗെഴുത്ത് “അമ്പട ഞാനേ” എന്ന ഭാവത്തിനുപയോഗിച്ചതാണ് ആ ബ്ലോഗര്‍ ഇങ്ങിനെ അധഃപതിയ്ക്കാന്‍ കാരണം.