Wednesday, April 01, 2020

ധാരാവിയിലെ കൊറോണ മരണം നൽകുന്ന മുന്നറിയിപ്പ്.

ഷ്യയിലെ ഏറ്റവും വല്യ ചേരി പ്രദേശമായ ധാരാവിയാണ് ലോകത്തിലെ ഏറ്റവും ജനസാന്ദ്രത ഏറിയ സ്ഥലവും. ഏകദേശം രണ്ടു ചതുരശ്ര കിലോമീറ്ററിൽ എട്ടു ലക്ഷത്തോളം ആളുകൾ തിങ്ങിപാർക്കുന്നിടം. അവിടെ കൊറോണ പടർന്നു പിടിച്ചാൽ എന്താകും എന്ന ആശങ്ക നേരത്തേ പങ്കു വെച്ചിരുന്നു.
.
നിർഭാഗ്യകരം എന്ന് പറയട്ടെ, ഇപ്പോൾ ധാരാവിയിൽ നിന്നും കൊറോണ ബാധിച്ച് ആദ്യ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നു. മഹാ ദുരന്തം അതല്ല. 56 വയസുളള ഈ ഹതഭാഗ്യന് കൊറോണ സ്ഥിരീകരിച്ചത് ഇന്നാണ് എന്നുള്ളതാണ്.
.
മാർച്ച് 23-നു ആണ് ഇദ്ദേഹം പനിയും ചുമയും ശ്വാസം മുട്ടലും ഒക്കെയായി ധാരാവിയിൽ   തന്നെയുള്ള ഒരു ലോക്കൽ ക്ലിനിക്കിൽ പോകുന്നത്. ഒരു വൈറൽ ഫ്യുവറിനു അപ്പുറം ആയ ഒരു ഗൗരവം പരിശോധിച്ച ഡോക്ടർക്ക് തോന്നിയില്ല.  അസുഖം കൂടുതൽ വഷളായപ്പോൾ അദ്ദേഹത്തെ മുംബയിലെ സിയോൺ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. തുടർന്ന് സ്വാബ്‌ ടെസ്റ്റ് നടത്തി. ടെസ്റ്റിന്റെ റിസൾട്ട് ഇന്ന് ഉച്ചയോടെ വന്നു, റിസൾട്ട് പോസിറ്റീവ് ആയി.
.
സിയോൺ ഹോസ്പിറ്റലിൽ കൊറോണ ചികിത്സയ്ക്ക് വേണ്ടുന്ന സൗകര്യങ്ങൾ കുറവായത് കൊണ്ടും സുരക്ഷയെ കരുതിയും ഇദ്ദേഹത്തെ കസ്തൂർബാ ഹോസ്പിറ്റലിലേക്ക് മാറ്റാൻ തീരുമാനിച്ചു. കസ്തൂർബാ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകും വഴി രാത്രി പത്ത് മുപ്പതോടെ അദ്ദേഹം മരണത്തിനു കീഴടങ്ങി.
.
ഇദ്ദേഹത്തിന് ഒരു ട്രാവൽ ഹിസ്റ്ററിയും ഇല്ല. മാർച്ച് ഇരുപത്തി മൂന്നിന് ആദ്യം ഹോസ്പിറ്റലിൽ പോകുമ്പോഴും   അതിനു മുന്നെയും അതിനു ശേഷം കൊറോണ പോസിറ്റീവ് ആയ റിസൾട്ട് വരുന്ന വരെയും സമൂഹവും ആയി പൂർണമായും ഇടപഴകിയ റൂട്ട് മാപ്പാണ് ഇദ്ദേഹത്തിന് ഉള്ളത്. അത് കണ്ടെത്തുക അത്രമേൽ സങ്കീർണമാണ്. എന്നിട്ടും ബീ എം സി റൂട്ട് മാപ്പ് ഉണ്ടാക്കാൻ   ഉള്ള ശ്രമത്തിൽ ആണ്.
.
ഡോക്ടർ ബിർള നഗർ എസ്സ്. ആർ. എ സൊസൈറ്റി ഇദ്ദേഹം താമസിച്ചിരുന്നതിന്റെ സമീപത്തെ മുന്നൂറിൽ അധികം  ഫ്‌ളാറ്റുകളും  നൂറിലധികം ഷോപ്പുകളും ഇന്ന്  പൂർണമായും ക്ളോസ് സീൽ ചെയ്തിട്ടുണ്ട്.   പ്രാഥമിക സമ്പർക്ക ലിസ്റ്റ് ഉണ്ടാക്കി അവരെ ക്വറന്റൈൻ ചെയ്തു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സ്ഥിരമായി ഇടപെടുന്ന ഷോപ്പിലെ ആളുകളുടെയും സാമ്പിൾ സ്വാബ് ടെസ്റ്റിന് അയച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വീടിനോട് ചേർന്നുള്ള എലലാ സീനിയർ സിറ്റിസെൻസിന്റെയും സാമ്പിളും ടെസ്റ്റിന് വിട്ടു.
.
പക്ഷേ ഇപ്പോൾ എടുത്തിരിക്കുന്ന ഈ സുരക്ഷാ മാനദണ്ഡങ്ങൾ മാർച്ച് ഇരുപത്തി മൂന്നിന് തന്നെ ചെയ്യേണ്ടിയിരുന്നതാണ്. അതും ധാരാവി പോലെയുള്ള ഒരിടത്ത് കൊറോണ സംശയിക്കത്തക്ക തരത്തിൽ ഒരു പേഷ്യന്റ് ക്ലിനിക്കിൽ എത്തിയതിനെ ഗൗരവത്തിൽ എടുക്കാൻ ക്ലിനിക്കിലെ ബന്ധപ്പെട്ടവർക്ക് കഴിയാതെ പോയി.
.
കൊറോണയെ അലംഭാവത്തോടെ സമീപിക്കാൻ ആകില്ല. മരണ നിരക്ക് ഏറ്റവും നല്ല ആരോഗ്യ സംരക്ഷണ സാഹചര്യത്തിൽ കൃത്യമായ പരിചരണത്തിൽ  ആണ് മൂന്നു ശതമാനം. രോഗം പടരുന്നതിന് അനുസരിച്ച്  ആരോഗ്യമേഖലയിൽ എല്ലാ രോഗികൾക്കും വേണ്ടത്ര ചികിത്സ  ലഭ്യമാക്കാൻ കഴിയാതെ വരും. കിടത്താൻ കൃത്യമായ കിടക്കയോ ആശുപത്രി സൗകര്യങ്ങളോ മരുന്നോ ഇല്ലാതെ വരും. ഇറ്റലിയിൽ കണ്ട പോലെ പൊതുനിരത്തിൽ കിടക്കകൾ ഇടേണ്ടി വരും. ആ സാഹചര്യത്തിൽ മരണ നിരക്ക് മൂന്ന് ശതമാനം ആകില്ല. കൊറോണ ബാധിച്ചാൽ മരണം എന്ന അവസ്ഥ എത്തും. കരുതൽ അല്ലാതെ മറ്റൊരു മാർഗ്ഗവും ലോകത്തിനു മുന്നിൽ ഇല്ല.
.
മനുഷ്യൻ അത്രമേൽ ഇടതിങ്ങി   ജീവിക്കുന്ന ധാരാവിയിൽ ഇപ്പോൾ ഉണ്ടായ അശ്രദ്ധ കൂടുതൽ ദുരന്തങ്ങൾക്ക് ഹേതുവാകാതിരിക്കട്ടെ എന്ന് ആഗ്രഹിക്കാനേ ഇപ്പോൾ ആകുള്ളൂ.

കൊറോണകാലത്ത് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം (മാർച്ച്-31)


സംസ്ഥാനത്ത് കോവിഡ്-19 രോഗബാധ ഏഴ് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു.  കാസര്‍കോട്, തിരുവനന്തപുരം ജില്ലകളില്‍ രണ്ടുപേര്‍ക്കും കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓരോ ആളുകള്‍ക്കുമാണ് രോഗം ബാധിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതർ  215 ആയി. സംസ്ഥാനത്ത് ഒരാൾ കൂടി കൊറോണ ബാധിച്ച് മരിച്ചു. പോത്തൻകോട് സ്വദേശി ആണ് മരിച്ചത്. അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ രണ്ടുപേരുടെ വീതം പരിശോധനാഫലം നെഗറ്റീവായി. സംസ്ഥാനത്ത് ആകെ 1,63,129 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 1,62,471 പേര്‍ വീടുകളിലും 658 പേര്‍ ആശുപത്രികളിലുമാണ്.

ലാബുകള്‍ കൂടുതല്‍ സാമ്പിളുകള്‍ എടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. ടെസ്റ്റിഗില്‍ നല്ല പുരോഗതിയാണുള്ളത്. കാസര്‍കോട് ജില്ലയിലെ ആശുപത്രികളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുള്ളത്. 163 പേര്‍. കണ്ണൂരില്‍ 108 പേരും മലപ്പുറത്ത് 102 പേരും ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. കൂടുതൽ കൊറോണ ബാധിതർ ഉള്ള  കാസര്‍കോട് ജില്ലയ്ക്കുവേണ്ടി പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും. ജില്ലയിലെ പഞ്ചായത്ത്‌ തല ഡാറ്റ എടുത്ത്‌ പെട്ടെന്ന്‌ ടെസ്‌റ്റിനയക്കും. ചുമയും പനിയും ഉള്ളവരുടെ ലിസ്‌റ്റ്‌ എടുത്ത്‌ പ്രത്യേകം പരിശോധിക്കും. സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ ടെസ്‌റ്റിങ്ങിനുള്ള അനുമതി ഐസിഎംആറിൽനിന്ന്‌ ലഭിച്ചുകഴിഞ്ഞു. രോഗലക്ഷണം ഉള്ളവരുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും ലിസ്റ്റ് തയ്യാറാക്കും.
.
7485 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 6381 എണ്ണത്തിൽ രോഗബാധയില്ലെന്ന് ഉറപ്പായി. ലാബുകളിൽ കൂടുതൽ സാമ്പിളുകൾ എടുക്കുന്നു. ടെസ്റ്റിങ്ങിൽ നല്ല പുരോഗതിയുണ്ട്. കൂടുതൽ സാമ്പിളുകൾ ടെസ്റ്റ് ചെയ്ത് വളരെ വേഗം റിസൾട്ട് വാങ്ങാനാകുന്നതും ഉണ്ട്.
.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ആരംഭിച്ച സമൂഹ അടുക്കളകളിലൂടെ കഴിഞ്ഞ ദിവസംമാത്രം 1.54 ലക്ഷം പേർക്ക്‌ ഭക്ഷണം നൽകാനായി.  സംസ്ഥാനത്തെ 1034 തദ്ദേശഭരണ സ്ഥാപനങ്ങളിൽ 1031ലും അടുക്കളകൾ തുറന്നു കഴിഞ്ഞു.  ആകെ 1213 സമൂഹ അടുക്കളകൾ  പ്രവർത്തിക്കുന്നുണ്ട്.  ഇതിൽ 1,37,930 പേർക്കും സൗജന്യമായി ഭക്ഷണം നൽകാനായി. സ്വന്തമായി ഭക്ഷണം പാചകം ചെയ്യാനാകാത്തതും സ്വന്തമായി കാര്യങ്ങൾ നിർവഹിക്കാൻ കഴിയാത്തവരുമായ നിരാലംബർക്കും അത്യാവശ്യക്കാർക്കും ഭക്ഷണം നൽകുന്നതിനാണ്‌ പ്രത്യേകം അടുക്കളകൾ തുറന്നത്. ഇക്കാര്യത്തിൽ കൃത്യതയുണ്ടാകണം.

പണം നൽകി ഭക്ഷണം വാങ്ങാൻ തയ്യാറാകുന്നവർക്ക്‌ ഇതുവഴിയല്ല വിതരണം ചെയ്യേണ്ടത്. കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കാനായി തുടങ്ങുന്ന 1000 ഹോട്ടലുകളിൽ നിലവിൽ പ്രവർത്തനം തുടങ്ങിയവയിൽനിന്ന്‌ പണം നൽകി ഭക്ഷണം വാങ്ങാൻ കഴിയും. എവിടെയൊക്കെ ഭക്ഷണത്തിന് ആവശ്യം വരുന്നുവോ അവിടങ്ങളിൽ പ്രത്യേക ക്രമീകരണത്തോടെ ഇത്തരം ഹോട്ടലുകൾ തുറക്കേണ്ടതായും വരും. ഹോം ഡെലിവറിയായിട്ടാകണം ഇപ്പോഴത്തെ സാഹചര്യത്തിൽ ഇവിടെനിന്ന്‌ ഭക്ഷണവിതരണം നടത്തേണ്ടത്.
,
നാളെ ഒരു പ്രത്യേക ദിവസമാണല്ലോ? ആളുകളെ പറ്റിക്കാം എന്നൊക്കെയുള്ള ദിവസം. പക്ഷേ ഏപ്രിൽ ഒന്നിന്റെ ആനുകൂല്യത്തിൽ കൊറോണകാലത്ത് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളോ സന്ദേശങ്ങളോ പ്രചരിപ്പിക്കരുത്. അങ്ങിനെ പ്രചരിപ്പിക്കുന്നവർക്ക് എതിരേ ശക്തമായ നടപടികൾ സ്വീകരിക്കും.
.
വീട്ടിൽ കഴിയുന്നവർ  ആരോഗ്യകരമായ ബന്ധവും ജനാധിപത്യപരമായ അന്തരീക്ഷവും ഉയർത്തിക്കൊണ്ടുവരാൻ ശ്രദ്ധിക്കണം ശ്രദ്ധിക്കണം. മുതിർന്നവർ അക്കാര്യം ശ്രദ്ധിക്കണം. ഏറ്റവും പ്രധാനം പരസ്പരം ആശയവിനിമയമാണ്. എല്ലാവരുംകൂടി കാര്യങ്ങൾ സംസാരിക്കുക, ചർച്ച ചെയ്യുക, കുട്ടികളുമായി ആവശ്യമായ കാര്യങ്ങൾ പങ്കുവയ്ക്കുക. കുറച്ച് സമയം അതിനുവേണ്ടി മാറ്റിവയ്‌ക്കുക. ഇതെല്ലാം വീടുകളിൽ നല്ല അന്തരീക്ഷം ഉണ്ടാക്കും. പല വീടുകളിലും സ്ത്രീകൾമാത്രമാണ് ജോലി ചെയ്യുന്നത്.  അല്പം ചില വീട്ടുകാര്യങ്ങളിൽ സഹായിക്കുന്നത് സ്ത്രീജനങ്ങൾക്ക് സഹായമാകും. അപൂർവം വീടുകളിൽ ഗാർഹിക അതിക്രമമുണ്ടാകാൻ സാധ്യതയുണ്ട്. സ്ത്രീകളും കുട്ടികളും പലപ്പോഴും അതിന് ഇരയാവുകയാണ്. അത്തരം കാര്യങ്ങൾ ഇല്ലാതിരിക്കാൻ ജാഗ്രതവേണം.
.
മദ്യാസക്തിയുള്ള ആളുകൾ വീടിനടുത്തുള്ള വിമുക്തികേന്ദ്രവുമായി ബന്ധപ്പെടണം. അങ്ങനെ മദ്യാസക്തിയിൽനിന്ന് മോചനം നേടാൻ  ഈ ഘട്ടത്തിൽ ശ്രമിക്കണം.
.
പെൻഷൻ വാങ്ങുന്നവരിൽ മഹാഭൂരിഭാഗവും മുതിർന്നവരും ആരോഗ്യപ്രശ്നമുള്ളവരുമായതിനാൽ അവരെ മറ്റുള്ളവർ സഹായിക്കണം.
.
ആശുപത്രികളിൽ  ഡോക്ടർമാരെയും മറ്റ്‌ മെഡിക്കൽ ജീവനക്കാരെയും പരിഹസിക്കുന്നത്‌ അനുവദിക്കില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.  സ്വന്തം ജീവൻ  അപായപ്പെടുത്തിയുള്ള പ്രവർത്തനത്തിലാണ് ഡോക്ടർമാരും മറ്റും  ഏർപ്പെടുന്നത്. ഇതിൽപ്പരമൊരു ത്യാഗമില്ല. ഈ ത്യാഗം ചെയ്യുന്നവരെ സമ്പന്നർ എന്ന്‌ സ്വയം കരുതുന്ന ചിലർ  പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്യുന്നുണ്ട്‌. ഇത്  ആപൽക്കരമാണ്. ആരോഗ്യപ്രവർത്തകരെ ആദരിച്ചില്ലെങ്കിലും നിന്ദിക്കരുത്‌. ഇത്തരം നടപടി ഗൗരവമായി തന്നെ സർക്കാർ കാണും.
.
സൗജന്യ റേഷൻ വിതരണം നാളെ മുതൽ ആരംഭിക്കാൻ ഉള്ള എല്ലാ ക്രമീകരണങ്ങളും ആയിട്ടുണ്ട്. റേഷൻ വിതരണത്തിന് ചില നിയന്ത്രണങ്ങളും സുരക്ഷാ സംവീധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. . ഒരേസമയം അഞ്ചിൽ കൂടുതൽ പേർ ക്യൂവിലോ കടയ്‌ക്കു മുന്നിലോ  പാടില്ല. റേഷൻ വാങ്ങുന്നതിന്‌ കാർഡിന്റെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരണം ഏർപ്പെടുത്തി. അഞ്ച്‌ ദിവസത്തിനുള്ളിൽ എല്ലാവർക്കും റേഷൻ നൽകും.  ഞായറാഴ്‌ചയും റേഷൻ കട പ്രവർത്തിക്കും. ഈ ദിവസങ്ങളിൽ  വാങ്ങാൻ കഴിയാത്തവർക്ക്‌ പിന്നീട്‌ വാങ്ങാം.  ഉച്ചവരെ മുൻഗണനാ വിഭാഗങ്ങൾക്കും ഉച്ചയ്‌ക്കുശേഷം മുൻഗണനേതര വിഭാഗങ്ങൾക്കുമാണ്‌ റേഷൻ വിതരണം.
.
റേഷൻ കടകളിൽ എത്തുന്നവർ അവിടെയുള്ള സോപ്പും വെള്ളം ഉപയോഗിച്ച്‌ കൈകഴുകണം. പനിയോ ജലദോഷമോ ഉള്ളവർ കടകളിൽ വരരുത്. നേരിട്ടെത്താൻ കഴിയാത്തവർക്കുള്ള റേഷൻ തദ്ദേശസ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്‌ത സന്നദ്ധ പ്രവർത്തകർ  വീടുകളിലെത്തിക്കണം.   കാർഡില്ലാത്തവർ ആധാർ നമ്പരും ഫോൺ നമ്പരും അടങ്ങുന്ന സത്യവാങ്മൂലം റേഷൻ വ്യാപാരിക്ക്‌ നൽകണം. മറ്റൊരിടത്തും റേഷൻ കാർഡിൽ പേരില്ലാത്തവർക്കുമാത്രമാണ്‌ ഈ സൗകര്യം ലഭിക്കുക.
.
കേന്ദ്ര സർക്കാർ മുൻഗണനാവിഭാഗത്തിന്‌  പ്രഖ്യാപിച്ച അഞ്ച്‌ കിലോ അരിയുടെ വിതരണവും ഏപ്രിലിൽ നടക്കും. സംസ്ഥാന സർക്കാരിന്റെ 1000 രൂപ വില വരുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണവും ഏപ്രിൽ ആദ്യവാരം ആരംഭിക്കും.റേഷൻ കടകളിൽ തിരക്ക്‌ കൂട്ടാതിരിക്കാൻ ടോക്കൺ സംവിധാനം ഏർപ്പെടുത്തും.
.
ഇപ്പോൾ ലഭ്യമാക്കുന്ന റേഷൻ : മഞ്ഞ കാർഡുള്ളവർക്ക് 35 കിലോ കുറി. പിങ്ക് കാർഡുള്ളവർക്ക് ഒരാൾക്ക് അഞ്ച് കിലോ വീതം അരി. നീല വെള്ള കാർഡുമകൾക്ക് 15 കിലോ അരിവീതം. സൗജന്യ റേഷൻ വാങ്ങുന്നതിനു ഓരോ ദിവസവും തിരക്ക് കുറയ്ക്കാൻ താഴെ നൽകുന്ന ക്രമം സ്വീകരിക്കും. താഴെനൽകുന്ന
.
ബുധനാഴ്ച: പൂജ്യം, ഒന്ന് എന്നീ നമ്പരുകളിൽ അവസാനിക്കുന്ന കാർഡുകൾക്ക്.
വ്യാഴാഴ്ച: രണ്ട്, മൂന്ന് എന്നീ നമ്പറുകളിൽ അവസാനിക്കുന്ന കാർഡുകൾക്ക്.
വെള്ളിയാഴ്ച: നാല്, അഞ്ച് എന്നീ നമ്പറുകളിൽ അവസാനിക്കുന്ന കാർഡുകൾക്ക്.
ശനിയാഴ്ച: ആറ്, ഏഴ് എന്നീ നമ്പറുകളിൽ അവസാനിക്കുന്ന കാർഡുകൾക്ക്.
ഞായറാഴ്ച: എട്ട്, ഒമ്പത് എന്നീ നമ്പറുകളിൽ അവസാനിക്കുന്ന കാർഡുകൾക്ക്.
.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ലക്ഷം രൂപ സംഭാവന നൽകി. സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നും സംഭാവനകൾ എത്തുന്നുണ്ട്. ഇന്ന് അഞ്ചരക്കോടി രൂപ സംഭാവനയായി എത്തിയിട്ടുണ്ട്.
.
കർണാടക അതിർത്തിയിലെ പ്രശ്നനങ്ങൾ പല തലത്തിൽ പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്. ഞാൻ ഒരു ശുഭാപ്തി വിശ്വാസക്കാരൻ ആണ്. എല്ലാം രമ്യമായി പരിഹരിക്കാൻ ആകും എന്ന് തന്നെ കരുതുന്നു.