Sunday, July 06, 2008

ടോള്‍ ഗേറ്റില്‍ കുടുങ്ങിയ ചങ്ങാതി.

ചങ്ങാതി വാശിയിലാണ്. ഒരു കാരണ വശാലും ടോള്‍ ടാഗെടുക്കില്ല. ദുബായിലെ ഷെയ്ക്ക് സെയ്ദ് റോഡിലും ഗര്‍ഹൂദ് പാലത്തിലും ടോള്‍ ഗേറ്റ് വന്നിട്ട് വര്‍ഷം ഒന്നു കഴിഞ്ഞിട്ടും അതിയാനിതുവരെ ടോള്‍ ടാഗെടുത്തിട്ടുമില്ല. ഗര്‍ഹൂദ് പാലം ചങ്ങാതിയുടെ വാഹനം കഴിഞ്ഞ ജൂലൈയ്ക്ക് ശേഷം കണ്ടിട്ടില്ലാ എങ്കിലും ദിവസവും അദ്ദേഹം ഷെയ്ക്ക് സെയ്ദ് റോഡ് വഴി വണ്ടിയോടിക്കുകയും ചെയ്യുന്നുണ്ട്.

ബുസിനസ് ബേ വഴിയോ, മക്തൂം പാലം വഴിയോ, ഫ്ലോട്ടിങ്ങ് ബ്രിഡ്ജ് വഴിയോ, ഷിന്‍ഡാഗാ ടണല്‍ വഴിയോ കയറി ആദ്യത്തെ കടമ്പ കടക്കുന്ന വിദ്വോന്‍ അല്‍ ബര്‍ഷാ ടോള്‍ ഗേറ്റില്‍ പെടാതിരിക്കാന്‍ ബീച്ച് റോഡ് വഴിയോ അല്‍ക്കായേല്‍ റോഡുവഴിയോ വണ്ടി തിരിച്ചു വിടും. ടോളൊന്നും കൊടുക്കാതെ സുഖകരമായി യാ‍ത്ര ചെയ്തു കൊണ്ടിരുന്ന ചങ്ങാതി ഒരിക്കല്‍ അല്‍ ബര്‍ഷാ ടോള്‍ ഗേറ്റിന്റെ മുന്നില്‍ പെട്ടു. മീഡിയാ സിറ്റിയില്‍ നിന്നും തിരിഞ്ഞ് അല്‍ക്കായേല്‍ റോഡിലേക്ക് കയറി ടോള്‍ കഴിച്ചിലാക്കാനുള്ള ശ്രമത്തിനിടയിലെ വളരെ ചെറിയ ഒരശ്രദ്ധ അതിയാനേ നേരേ അല്‍ ബര്‍ഷ ടോള്‍ ഗേറ്റിന് മുന്നിലെത്തിച്ചു.

വാഹനത്തിലാണേല്‍ ടോള്‍ ടാഗില്ല. മുന്നോട്ട് പോയാല്‍ ടോള്‍ ഗേറ്റില്‍ പെടും, ഫൈന്‍ വരും. പിന്നോട്ടെടുക്കാന്‍ കഴിയുകയുമില്ല. നിരനിരയായി വാഹനങ്ങള്‍ വന്നു കൊണ്ടേയിരിയ്ക്കുകയും ചെയ്യുന്നു. ചങ്ങാതി കുടുങ്ങിയത് തന്നെ.

പക്ഷേ അതിയാന്‍ ഫൈന്‍ വരാതെ ടോള്‍ ഗേറ്റില്‍ നിന്നും കഴിച്ചിലായി. എങ്ങിനെയാണ് അദ്ദേഹം ആ വിഷമവൃത്തത്തില്‍ നിന്നും തടികഴിച്ചിലാക്കിയത് എന്ന് പറയാന്‍ കഴിയുമോ?

ചോദ്യം ഒരിക്കല്‍കൂടി.
ടോള്‍ ടാഗില്ലാതെ ടോള്‍ ഗേറ്റിന്റെ മുന്നില്‍ പെട്ട ചങ്ങാതി ഫൈന്‍ വരാതെ ടോള്‍ ഗേറ്റ് കടന്നു. എങ്ങിനെ?

ശരിയായി ഉത്തരം പറയുന്ന ഒരാള്‍ക്ക് കൊച്ചി മെട്രോ റെയിലില്‍ യാത്ര ചെയ്യാനുള്ള ഒരു ടിക്കറ്റ് സമ്മാനം. (അമ്പത് വര്‍ഷത്തിന് ശേഷം ബന്ധപ്പെടേണ്ട വിലാസം കൂടി മത്സരാര്‍ത്ഥികള്‍ രേഖപ്പെടുത്തേണ്ടുന്നതാകുന്നു!)