Sunday, January 04, 2009

ചില യുവജനോത്സവ ചിന്തകള്‍.

നാല്പത്തി ഒമ്പതാമത് സംസ്ഥാന സ്കൂള്‍ യുവജനോത്സവം കൊടിയിറങ്ങുകയായി. നൂറ്റി പതിനേഴു പവന്റെ സ്വര്‍ണ്ണ കപ്പിനു വേണ്ടിയുള്ള ജില്ലകളുടെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ആര് എന്ത് നേടും? ചാനല്‍ ഭാഷയിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനു ശേഷം നൂറ്റി പതിനേഴു പവന്റെ കപ്പ് വീണ്ടും ട്രഷറിയുടെ ലോക്കറിന്റെ ഇരുട്ടിലേയ്ക്ക് ചേക്കേറും എന്നതല്ലാതെ ഈ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് എന്ത് അര്‍ത്ഥമാണുള്ളത്? യുവജനോത്സവത്തില്‍ പങ്കെടുത്ത കുട്ടികള്‍ അവരുടെ വീടുകളില്‍ എത്തും മുമ്പേ നൂറ്റി പതിനേഴു പവന്‍ സ്ട്രോങ്ങ് റൂമില്‍ എത്തിയിട്ടുണ്ടാകും-അടുത്ത ഒരു വര്‍ഷത്തേയ്ക്കുള്ള തപസ്സിനായി.

വര്‍ഷത്തെ മുന്നൂറ്റി അറുപത്തി നാലു ദിവസവും ട്രഷറികളിലെ ഇരുട്ടറയില്‍ ചടഞ്ഞിരിയ്ക്കാന്‍ വിധിയ്ക്കപ്പെട്ട സ്വര്‍ണ്ണ കപ്പ് ആഘോഷത്തിനായി പൊടിയടിച്ച് ക്ലാവ് കളഞ്ഞ് വെളിച്ചത്തിലേയ്ക്ക് കൊണ്ടു വരുന്നത് കേവലം ഒരു ദിവസത്തേയ്ക്ക് വേണ്ടി മാത്രമാണ്. പന്ത്രണ്ട് ലക്ഷത്തിന്റെ ഉരുപ്പടി ഏതെങ്കിലും തരത്തില്‍ വിജയികള്‍ക്കുള്ള സമ്മാനമാകുന്നുണ്ട് എന്ന് കരുതുക വയ്യ. സ്ട്രോങ്ങ് റുമില്‍ നിന്നും സ്ട്രോങ്ങ് റൂമിലേയ്ക്ക് നീങ്ങുന്ന സ്വര്‍ണ്ണ കപ്പ് സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിന്റെ പ്രതീകം പോലുമല്ല. മത്സരിയ്ക്കാനെത്തുന്നവര്‍ തങ്ങളുടെ ജില്ലയ്ക്ക് സ്വര്‍ണ്ണ കപ്പ് നേടണം എന്ന ലക്ഷ്യത്തോടെയല്ല അരങ്ങിലെത്തുന്നതും. സ്വന്തം സ്കൂളിന്റെ ജയപരാജയം പോലും മത്സരാര്‍ത്ഥികളുടെ ലക്ഷ്യമല്ല. മാതാപിതാക്കളുടെ പണകൊഴിപ്പില്‍ നൈമിഷിക പ്രശസ്തിയ്ക്കു വേണ്ടി അരങ്ങിലെത്തുന്നവരാണ് മത്സരാര്‍ത്ഥികളില്‍ മുന്തിയ പങ്കും. അവരവരുടെ പ്രശസ്തി എന്നതിലുപരി എന്ത് പ്രാധാന്യമാണ് ഒരു യുവജനോത്സവ വേദിയിലെ മത്സരങ്ങള്‍ക്കുള്ളത്? അതുകൊണ്ട് തന്നെ തികച്ചും സ്വകാര്യമായ വിജയങ്ങള്‍ കൂട്ടിവെച്ച് ഉണ്ടാക്കുന്ന കേന്ദ്രീകൃത വിജയത്തിനു സമ്മാനിയ്ക്കാനായി എന്തിനാണ് പന്ത്രണ്ട് ലക്ഷത്തിന്റെ കപ്പ്?

സ്കൂള്‍ തല യുവജനോത്സവം, ഉപ ജില്ലാ യുവജനോത്സവം, റവന്യൂ ജില്ലാ യുവജനോത്സവം പിന്നെ സംസ്ഥാന തല യുവജനോത്സവം. സംഘാടനത്തിനും പങ്കാളിത്തത്തിനും മത്സരങ്ങള്‍ക്കുള്ള പരിശീലനത്തിനുമായി ഒരോ വര്‍ഷവും പുകച്ചു കളയുന്ന പണത്തിന്റെ കണക്ക് ആരെങ്കിലും ശ്രദ്ധിയ്ക്കുന്നുണ്ടോ? പണത്തിന്റെ കണക്ക് അവിടെ നില്‍ക്കട്ടെ. നഷ്ടപ്പെടുന്ന അദ്ധ്യായന ദിവസങ്ങള്‍ എത്രയാണ്? കുട്ടികളുടെ മനോനില തകര്‍ക്കുന്ന വികലമായ പരിശീലനത്തിലൂടെ ഉണ്ടാക്കിയെടുക്കുന്ന അനാരോഗ്യകരമായ മത്സര പ്രവണത വേറേയും. എന്തിനാണിങ്ങനെയൊരു പൊറാട്ട് വര്‍ഷാ വര്‍ഷം കൊണ്ടാടുന്നത്?

ഗുരുക്കന്മാരുടെ മിടുക്കം പണകൊഴുപ്പുമാണ് മിക്ക മത്സരങ്ങളും നിയന്ത്രിയ്ക്കുന്നത്. ടാബ്ലോ നിര്‍മ്മിയ്ക്കുന്നത് പലപ്പോഴും ആര്‍ട്ടിസ്റ്റ് സുജാതനെ പോലെയുള്ളവരാണ്. പ്രശ്ചന്ന വേഷത്തിനു വേഷമിടാന്‍ സിനിമാ രംഗത്തെ മേക്കപ്പ് മാന്മാരാണ് വരിക. ഇങ്ങിനെയുള്ള ഇനങ്ങളിലൊക്കെ ഇരുന്നു കൊടുക്കയല്ലാതെ മറ്റെന്തു പങ്കാളിത്തമാണ് കുട്ടികള്‍ക്കുള്ളത്. തത്തമ്മേ പൂച്ച പൂച്ച പഠിച്ച് വെച്ചിരിയ്ക്കുന്ന കുട്ടികള്‍ വേദിയില്‍ കയറി പഠിച്ചത് പാടി പടിയിറങ്ങും. ഗുരുക്കന്മാരാണ് എപ്പോഴും വിജയിയ്ക്കുക. മിക്കവാറും എല്ലാ ജില്ലകളിലേയും പരിശീലകര്‍ ഒരേ ഗുരുക്കന്മാര്‍ തന്നെയായിരിയ്ക്കും. ആരു പരാ‍ജയപ്പെട്ടാലും ഗുരു എപ്പോഴും ജയിച്ചു കൊണ്ടിരിയ്ക്കും. പരാജയപ്പെടുക ഒരിയ്ക്കലും കുട്ടികള്‍ അല്ലാ താനും. അതെപ്പോഴും കലയായിരിയ്ക്കും.

ഗ്രെയ്സ് മാര്‍ക്കിനായി വേണ്ടി മാത്രം റെഡീമെയ്ഡായി പരിശീലിയ്ക്കുന്ന തുള്ളലും, കഥകളിയും, ചാക്യാര്‍കൂത്തും, കൂടിയാട്ടവും, വില്പാട്ടുമൊക്കെ വേദി വിട്ടിറങ്ങുന്നതോടെ കുട്ടികളില്‍ നിന്നും അപ്രത്യക്ഷമാവുകയാണ് പതിവ്. കാ‍ലഹരണപ്പെട്ടുകൊണ്ടിരിയ്ക്കുന്ന ഒരു പിടി തനത് കലാ രൂപങ്ങള്‍ കുറ്റിയറ്റു പോകുന്നതിനെ ഒരു പരിധിവരെ യുവജനോത്സവങ്ങള്‍ തടയുന്നില്ലേ എന്ന ഒരു മറുചോദ്യം വന്നേയ്ക്കാം. പക്ഷേ സംഭവിയ്ക്കുന്നതോ? ഒരു മത്സരത്തിനായി മാത്രം സമയ ബന്ധിതമായി പടച്ചുണ്ടാക്കുന്ന ചാക്യാര്‍കൂത്തും അനുഷ്ടാന കലയായ ചാക്യാര്‍ കൂത്തും തമ്മില്‍ എന്ത് ബന്ധമാണുള്ളത്?

കുറ്റിയറ്റു പോകാന്‍ സാധ്യതയുള്ള കൈരളിയുടെ സ്വന്തം കലാരൂപങ്ങള്‍ നിലനിര്‍ത്താന്‍ അതാത് കലാരൂപങ്ങള്‍ക്കായി പ്രത്യേകം പ്രത്യേകം അക്കാദമികള്‍ സ്ഥാപിച്ച് പഠനങ്ങള്‍ നടത്തുകയും പ്രചാര വേലകള്‍ ചെയ്യുകയുമാണ് വേണ്ടത്. അല്ലാതെ ഗ്രേഡിനായും ഗ്രേസ് മാര്‍ക്കിനായും പരിശീലിപ്പിയ്ക്കപ്പെടുന്ന കലയും സാഹിത്യവും സംസ്കാരവും നാമാവശേഷമായികൊണ്ടിരിയ്ക്കുന്ന കലകള്‍ക്ക് ഒരു തരത്തിലും പുനര്‍ജ്ജനിയേകില്ല.

എഴുത്തുകാര്‍, നര്‍ത്തകര്‍, പ്രാസംഗികര്‍, അഭിനേതാക്കള്‍, ഗായകര്‍, തുടങ്ങി മലയാളത്തിന്റെ സ്വന്തമായവരെല്ലാം അവരവരുടെ സര്‍ഗ്ഗ ശേഷി കൊണ്ടാണ് നമ്മുടെ സമ്പത്ത് ആയി മാറിയിട്ടുള്ളത്. യേശുദാസും, ആര്‍.കെ.വിനീദും, വേണുഗോപാലും, കാവ്യാമാധവനും ഒക്കെ യുവജനോത്സവ വേദികളില്‍ തിളങ്ങിയിട്ടുള്ളവരായതു കൊണ്ട് മാത്രമല്ല അവരൊരോരുത്തരും ചരിയ്ക്കുന്ന മേഖലകളില്‍ ഉന്നതങ്ങളില്‍ എത്തിയിട്ടുള്ളത്. അവരുടെ സര്‍ഗ്ഗ വൈഭവം ഒന്നു കൊണ്ടു മാത്രമാണ് ഇന്ന് കാണുന്ന തലങ്ങളില്‍ അവര്‍ എത്തിയിട്ടുള്ളത്. യുവജനോത്സവങ്ങളില്‍ പങ്കെടുത്തിട്ടില്ലായിരുന്നു എങ്കില്‍ കൂടിയും ഇവരുടെയൊക്കെയും പ്രതിഭ ഭൂമിമലയാളം തിരിച്ചറിയുക തന്നെ ചെയ്യുമായിരുന്നു. ഒരു പ്രതിഭയേയും ആര്‍ക്കും ഒരിയ്ക്കലും തടഞ്ഞു നിര്‍ത്താന്‍ കഴിയില്ല എന്നത് ചരിത്രമാണ്.

മലയാള സിനിമയുടെ എക്കാലത്തേയും ഏറ്റവും അമൂല്യമായ മുതല്‍കൂട്ടായ സത്യനും, പ്രേം നസീറും, പി.ജെ. ആന്റണിയും, മമ്മൂട്ടിയും, മോഹന്‍ലാലും ഒന്നും യുവജനോത്സവ വേദിയുടെ സംഭാവനകളല്ല. യുവജനോത്സവ വേദി പ്രതിഭകളെ സൃഷ്ടിയ്ക്കുകയല്ല ചെയ്യുന്നത്. മറിച്ചു ഗ്രേഡുകളാണ് സൃഷ്ടിയ്ക്കപ്പെടുന്നത്. വേദി വിടുന്നതോടെ കുട്ടിയില്‍ നിന്നും പടിയിറങ്ങുന്ന ഗ്രേഡുകള്‍.

പോയ വര്‍ഷങ്ങളിലെ യുവജനോത്സവ വിജയികളും താരങ്ങളും പ്രതിഭകളും ഇന്ന് എവിടെ എന്ന് അന്വേഷിച്ചിറങ്ങുന്ന ഒരുവന്‍ ചെന്നെത്തുക മിക്കവാറും പ്രവാസത്തിലെ ഏതെങ്കിലും ദുരന്ത ക്യാമ്പുകളിലായിരിയ്ക്കും. അല്ലെങ്കില്‍ പത്ര വിതരണക്കാരനായോ മീന്‍ വില്പനക്കാരനായോ അറവുകാരനായോ കണ്ടെത്തിയാലും ആയി. ജീവിത സന്ധാരണത്തില്‍ അവനവന്‍ കടമ്പകള്‍ കടക്കാന്‍ ഒരിയ്ക്കല്‍ അവന്‍ ജനസഞ്ചയത്തിന്റെ കരഘോഷത്തിനിടയില്‍ നേടിയ സര്‍ട്ടിഫിക്കറ്റുകള്‍ അവനെ ഒരു നിലയ്ക്കും തുണയ്ക്കില്ല.

യുവജനോത്സവം സ്കൂള്‍ തലം കൊണ്ട് അവസാനിപ്പിയ്ക്കണം. പ്രതിഭകളെ തിരിച്ചറിയാന്‍ അതു തന്നെ ധാരാളം. ഏതെങ്കിലും തലങ്ങളില്‍ തങ്ങളുടെ പ്രതിഭ തെളിയിയ്ക്കുന്നവര്‍ക്ക് തുടര്‍ പരിശീലനം നല്‍കാന്‍ പഞ്ചായത്തുകള്‍ തോറും സാംസ്കാരിക കേന്ദ്രങ്ങള്‍ സ്ഥാപിയ്ക്കണം. ഉപജില്ലാ, റെവന്യൂജില്ലാ, സംസ്ഥാന യുവജനോത്സവങ്ങള്‍ക്കായി പുകച്ചു കളയുന്ന സമ്പത്തിന്റെ ഒരു ചെറിയ അംശമുണ്ടെങ്കില്‍ വര്‍ഷം മുഴുവനും സൌജന്യമായി കലാ,സാഹിത്യ,സാംസ്കാരിക പരിശീലനം അര്‍ഹരായവര്‍ക്ക് നല്‍കാന്‍ കഴിയുമെന്നതില്‍ സംശയമൊന്നുമില്ല. സ്കൂള്‍ തലത്തില്‍ നിന്നും കഴിവു തെളിയിച്ച കുട്ടികള്‍ക്ക് ഇങ്ങിനെയുള്ള കേന്ദ്രങ്ങളില്‍ തുടര്‍ പരിശീലങ്ങള്‍ നല്‍കിയാല്‍ അതാത് കലാ രൂപങ്ങളില്‍ ഈ കുട്ടികള്‍ വൈദഗ്ദ്യം ഉള്ളവരായി മാറുകയും അന്യം നിന്നും പോകുന്ന കലാരൂപങ്ങള്‍ക്ക് പുനര്‍ജ്ജനി ലഭിയ്ക്കുകയും ചെയ്യും. അല്ലാതെ കലയും സംസ്കാരവും മത്സര വേദികളിലൂടെ വളരും എന്നു കരുതുന്നത് വിവരക്കേടാണ്. കലയും സംസ്കാരവും വില്പന ചരക്കാവുകയല്ലാതെ മറ്റൊരു ഗുണവും മത്സര വേദിയിലൂടെ ഉണ്ടാവുകയില്ല.

ആഡംബരത്തിന്റേയും ധൂര്‍ത്തിന്റേയും കേന്ദ്രീകരണമാണ് സംസ്ഥാന സ്കൂള്‍ യുവജനോത്സവം. വിജയിയ്ക്ക് സമ്മാനിയ്ക്കാന്‍ വര്‍ഷം മുഴുവനും ലോക്കറില്‍ സൂക്ഷിയ്ക്കുന്ന നൂറ്റി പതിനേഴു പവന്റെ സ്വര്‍ണ്ണ കപ്പ് തന്നെ ഈ പണകൊഴുപ്പിന്റെ പ്രതീകമാണ്. വര്‍ഷത്തില്‍ ഒരു ദിനം മാത്രം ഒരു മിന്നല്‍ പോലെ പുറം ലോകം കാണുന്ന സ്വര്‍ണ്ണ കപ്പ് ഒരു നിമിഷത്തെ മിന്നലാട്ടത്തോടെ കെട്ടടങ്ങുന്ന യുവജനോത്സവ പ്രതിഭയുടെ പ്രതീകം തന്നെയാണ്. യുവജനോത്സവം ഉയര്‍ത്തുന്ന പണക്കൊഴുപ്പും ധൂര്‍ത്തും തുടങ്ങി അതിന്റെ എല്ലാ തിന്മകളും ഏറ്റവും നന്നായി ആവാഹിച്ചിരിയ്ക്കുന്നു - വിജയ ജില്ലയ്ക്ക് സമ്മാനിയ്ക്കുന്ന നൂറ്റി പതിനേഴു പവന്റെ സ്വര്‍ണ്ണ കപ്പ് എന്ന ആഡംബരം. ഉരുക്കി വിറ്റ് ആ പണം ബാങ്കിലിട്ടാല്‍ വര്‍ഷാ വര്‍ഷം ലഭിയ്ക്കുന്ന പലിശ കൊണ്ട് ആദിവാസി കുട്ടികളെ പാര്‍പ്പിച്ചിരിയ്ക്കുന്ന ഹോസ്റ്റലുകളുടെ ചോര്‍ച്ചയെങ്കിലും മാറ്റാം.