Thursday, August 09, 2007

യുക്തിക്ക് നിരക്കാത്തതിനെ നിരസ്സിക്കാന്‍ കഴിയുമോ?

യുക്തി വാദം.
എന്താണ് യുക്തി വാദം? ഒരാളുടെ യുക്തിക്ക് നിരക്കാത്ത ഒരു സംഗതി മറ്റൊരാള്‍ക്ക് യുക്തി ഭദ്രമായി മാറാറില്ലേ? ശാസ്ത്രീയമായി തന്നെ പറഞ്ഞാല്‍ ഹിപ്നോട്ടീസം എന്ന ശാസ്ത്രീയാത്ഭുതം. അപരന്റെ മനസ്സ് വായിക്കാനുള്ള ഉപായം എല്ലാര്‍ക്കും വശമില്ല. പക്ഷേ മനശ്ശാസ്ത്ര വിശാരദന്മാര്‍ ബോധ മനസ്സിനെ ഉറക്കി ഉപബോധ മനസ്സിനോട് സംവേദിക്കുന്നില്ലേ. മറ്റൊരുവന്റെ മനസ്സ് വായിക്കാന്‍ എനിക്ക് കഴിയില്ല എന്നുള്ളത് കൊണ്ട് “ഹിപ്നോട്ടിസം” വ്യാജമാണെന്ന് പറയാന്‍ കഴിയുമോ?. അതും നാര്‍ക്കോ അനാലിസിസിന്റെ ഫലം കോടതികളാല്‍ പോലും സ്വീകരിക്കപ്പെടുന്ന ഈ ഉത്തരാധുനികതയില്‍.

ഓസ്കാ‍ര്‍ എന്ന രണ്ടു വയസ്സുള്ള ഒരു പൂച്ചക്ക് മരണത്തെ മണത്തറിയാന്‍ കഴിയുന്നു എന്ന അത്ഭുതകരമായ ഒരു വാര്‍ത്ത മെഡിക്കല്‍ ജേണലില്‍ സ്ഥാനം പിടിക്കുമ്പോള്‍ ആ വാര്‍ത്ത എന്റെ യുക്തിക്ക് നിരക്കുന്നില്ല എന്നത് കൊണ്ട് വാര്‍ത്ത വ്യാജമാണെന്ന് പറയാന്‍ കഴിയുമോ? ഭൂകമ്പങ്ങളേം വന്‍ ദുരന്തങ്ങളേം മുന്‍‌കൂട്ടി കാണാന്‍ ചില പക്ഷികള്‍ക്കും ഇഴജന്തുക്കള്‍ക്കും മൃഗങ്ങള്‍ക്കും കഴിയും എന്ന് പലയിടത്തും നാം വായിച്ചിട്ടുണ്ട്. ഇപ്പോള്‍ വന്‍ പ്രകൃതി ദുരന്തങ്ങളെ നാം സറ്റലൈറ്റിന്റേം മറ്റും സഹായത്തോടെ മുന്‍‌കൂട്ടി കാണുന്നുണ്ട്.ഒരു അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രകൃതി ദുരന്തങ്ങളെ പ്രവചിക്കുന്നത് അന്നത്തെ തലമുറക്ക് ഒരു പക്ഷേ അത്ഭുതം ആയിരുന്നിരിക്കാം. ഇന്ന് അത് വളരെ നിസ്സാരമായി തോന്നാമെങ്കിലും. അമ്പത് വര്‍ഷം മുമ്പ് പ്രകൃതി ദുരന്തങ്ങളെ പ്രവചിക്കുന്നത് കേള്‍ക്കുന്ന ഒരാ‍ളുടെ യുക്തിക്ക് ആ വാര്‍ത്ത നിരക്കുന്നില്ല എന്നത് കൊണ്ട് ആ പ്രവചനം വ്യാജമാണെന്ന് പറവാന്‍ കഴിയില്ലല്ലോ?

തങ്ങളുടെ യുക്തിക്ക് നിരക്കുന്നതിനെ മാത്രമേ തങ്ങള്‍ അംഗീകരിക്കുകയുള്ളൂ എന്ന് പറയുന്നവര്‍ക്കായി എന്റെ യുക്തിക്ക് നിരക്കാത്തതും എന്നാല്‍ അംഗീകരിക്കേണ്ടി വന്നതുമായ ചില സംഗതികള്‍ ഇവിടെ കുറിക്കുന്നു.

1. എന്റെ ഒരു ബന്ധുവിന്റെ രണ്ടാമത്തെ കുട്ടി. ജനിച്ചകാലം മുതല്‍ കുട്ടിക്ക് “സന്നി” (ഫിറ്റ്സ്) വരുമായിരുന്നു. പനിയില്‍ ആണ് തുടക്കം. നിമിഷം പ്രതി ചൂട് നിയന്ത്രണാതീതമാവുകയും കുട്ടിയുടെ വായില്‍ നിന്നും നുരയും പതയും വരുകയും ശരീരം നീല നിറം ആവുകയും ചെയ്യും. വലിച്ച് വാരി ആശുപത്രിയില്‍ കൊണ്ട് പോയി ഐ.സി.യുവില്‍ കയറ്റും. രണ്ടു മൂന്ന് മണിക്കൂര്‍ കഴിയുമ്പോള്‍ സാധാരണ നിലയിലേക്കെത്തും. നിരന്തരം ഇത് വന്നു തുടങ്ങിയപ്പൊള്‍ തിരുവനന്തപുരത്തേ ഒരു പ്രശസ്ത കുട്ടികളുടെ ആശുപത്രിയില്‍ കുട്ടിയെ കാട്ടി. അവര്‍ക്കും കൂടുതലൊന്നും ചെയ്യാനില്ലായിരുന്നു. എന്തൊക്കെയോ മരുന്നു കൊടുത്തു. കൂടെ മാതാപിതാക്കള്‍ക്ക് ഒരു സമാശ്വാസവും. കുട്ടിക്ക് ആറ് വയസ്സാകുമ്പോള്‍ ബ്രെയിനില്‍ ഒരു ഓപ്പറേഷന്‍ വേണം. കുട്ടിയുടെ ഒരു അമ്മാവനെ വിളിച്ച് രഹസ്യമായി വൈദ്യന്‍ പറഞ്ഞു “കുട്ടി ആറ് വയസ്സ് വരെ ജീവിച്ചിരിക്കില്ല.” കുട്ടിയുടെ പിതാവ് ഗള്‍ഫനാണ്. അതുകൊണ്ട് വീട്ടിലെ കാര്യങ്ങള്‍ നോക്കിയിരുന്നത് ഈ അമ്മാവനായിരുന്നു. വീട്ടില്‍ വന്ന അമ്മാവന് ഒരു മനസ്സമാധാനവും ഇല്ല. കുട്ടിക്കപ്പോള്‍ ഒരു ഒന്നര വയസ്സ് ആയിട്ടുണ്ടാകും. അമ്മാവന്‍ മരുന്ന് ഫലിക്കാത്തിടത്ത് മന്ത്രത്തെ കൂട്ടു പിടിച്ചു. പറഞ്ഞ് കേട്ട ഒരു സിദ്ധന്റെ അടുത്തേക്ക് കുട്ടിയെ കൂട്ടികൊണ്ട് പോയി. നാട്ടില്‍ നിന്നും അരദിവസത്തെ യാത്രയുള്ള ആ സിദ്ധാശ്രമത്തില്‍ എത്തിയ കുട്ടിയെ കണ്ടിട്ട് സിദ്ധന്‍ പറഞ്ഞത് കുട്ടിയെ ബാധ കൂടിയിരിക്കുന്നു, ബാധോപദ്രവമാണ് കുട്ടിയ്ക്ക് സന്നി ഉണ്ടാക്കുന്നത് എന്നാണ്. കുറേ ഖുറാന്‍ സൂക്തങ്ങള്‍ ഉരുവിട്ടതിന് ശേഷം ഞങ്ങളുടെ മുന്നില്‍ വെച്ച് തന്നെ സിദ്ധന്‍ ഒരുനുള്ള് മണ്ണ് വാരി അതിലേക്ക് ഒന്നൂതി കുഞ്ഞിന്റെ തലയുടെ നെറുകയില്‍ തേച്ച് പിടിപ്പിച്ചു. തുടര്‍ന്ന് ഏഴ് ദിവസം മുടങ്ങാതെ “യാസീന്‍” ഓതി കുട്ടിയുടെ നെറുകയില്‍ ഊതണം എന്ന ഒരു നിര്‍ദ്ധേശവും. ആ കര്‍മ്മത്തിന് ശേഷം നാളിന്ന് വരെ ആ കുട്ടിക്ക് സന്നി വന്നിട്ടില്ല. കുട്ടി ഇപ്പോള്‍ പ്ലസ് ടൂ വിദ്യാര്‍ത്ഥി. ആറാം വയസ്സില്‍ തലക്ക് ഓപ്പറേഷന്‍ നടത്തിയില്ല. മറ്റ് യാതൊരു ചികിത്സയും തേടിയിട്ടില്ല. ഇവിടെ വൈദ്യശാസ്ത്രം നിസ്സാഹയമായിടത്ത് സിദ്ധന്‍ വിജയച്ചത് എന്റെ യുക്തിക്ക് നിരക്കുന്നില്ല. പക്ഷേ ആ കുട്ടിയുടെ മാതാപിതാക്കളുടെ അടുത്ത് യുക്തിവാദവും കൊണ്ട് ചെന്നാല്‍ അവരുടെ പ്രതികരണം എന്തായിരിക്കും?

2. ഗള്‍ഫിലേക്ക് പോകാനുള്ള തീഷ്ണാഗ്രഹവുമായി കായംകുളത്തെ ഒരു ട്രാവല്‍ ഏജന്‍സിയില്‍ ഇരുപതിനായിരം രൂപ വിസക്കായി തലവരീം കൊടുത്ത് ഗള്‍ഫിലേക്ക് പോകാന്‍ തയ്യാറായി നിന്ന ഞാന്‍ ഞങ്ങളുടെ നാട്ടില്‍ നിന്നും നാലുകിലോമീറ്റര്‍ അകലെയുള്ള ഒരു മൌലവിയുടെ അടുത്ത് ഗള്‍ഫിലേക്ക് പോകാന്‍ അനുഗ്രഹം തേടി ഉമ്മയുടെ നിര്‍ബന്ധപ്രകാരം പോകേണ്ടി വന്നു. കുറച്ചൊക്കെ പ്രവചനവും ചില്ലറ ചികിത്സയുമൊക്കെയുള്ള മൌലവി ഒരു വെറ്റിലയില്‍ എന്തൊക്കെയോ കുറിച്ചിട്ട് വെറ്റില ചവക്കാന്‍ പറഞ്ഞു. പുളിയാണോ, ചവര്‍പ്പാണോ, മധുരമാണോ രുചിക്കുന്നതെന്ന ചോദ്യം. എനിക്ക് നല്ല മധുരമാണ് തോന്നിയത്. പക്ഷേ മൌലവിയുടെ മറുപടി എന്നെ തളര്‍ത്തി.

രണ്ടു ദിവസത്തിനകം ബോം‌മ്പേവഴി സൌദിയിലേക്ക് പോകാന്‍ കാത്തിരിക്കുന്ന എന്നോട് ആ മൌലവി പറഞ്ഞത്:
“താങ്കള്‍ക്ക് ഇനി ഒരു വര്‍ഷത്തോളം താങ്കളുടെ മഹല് (ഇടവകയെന്നോ, കരയോഗമെന്നോ, പഞ്ചായത്ത് എന്നോ അര്‍ത്ഥമാക്കാം) വിട്ട് പുറത്ത് പോകാന്‍ കഴിയില്ല. പിന്നെങ്ങനെ കടല്‍ കടന്ന് പോകും?” പിറ്റേന്ന് കായംകുളത്തെ ആ ട്രാവല്‍ ഏജന്‍സിയില്‍ വിസയുടെ കോപ്പി വാങ്ങാന്‍ എത്തിയ ഞാന്‍ കണ്ടത് ഓഫീസില്‍ കഞ്ഞിവെച്ച് പ്രതിഷേധിക്കുന്നവരെയാണ്. വിസ തട്ടിപ്പില്‍ എനിക്ക് ഇരുപതിനായിരം പോയതല്ലായിരുന്നു വന്‍ നഷ്ടം. എറണാകുളത്തെ ജോലി ഗള്‍ഫ് യാത്ര പ്രമാണിച്ച് രാജി വെച്ചതായിരുന്നു. ശരിക്കും ഒരു വര്‍ഷം തൊഴിലൊന്നുമില്ലാതെ നാട്ടില്‍ തന്നെ കൂടേണ്ടി വന്നു എന്നത് ഭരതവാക്യം. അതായത് ഒരു വര്‍ഷത്തോളം അക്ഷരാര്‍ത്ഥത്തില്‍ എനിക്ക് എന്റെ മഹല് വിട്ട് പുറത്ത് പോകാന്‍ കഴിഞ്ഞില്ല. ഇത് മുന്‍‌‌കൂട്ടി പറയാന്‍ ആ മൌലവിക്കെങ്ങനെ കഴിഞ്ഞു? ഇവിടെ എന്റെ യുക്തിക്ക് നിരക്കാത്തതു കൊണ്ട് ആ മനുഷ്യന്‍ വ്യാജനാണെന്ന് പറവാന്‍ എനിക്ക് അവകാശമുണ്ടോ?

3. പിന്നെ ഞാന്‍ എന്റെ “വിശ്വാസിച്ചാലും ഇല്ലെങ്കിലും” എന്ന ബ്ലോഗില്‍ ഇട്ട ആ മഴനാളില്‍ എനിക്ക് അനുഭവപെട്ട ദുരനുഭവം. അത് എന്റെ യുക്തിക്ക് നിരക്കുന്നതല്ല. ഇപ്പോഴും അതിന്റെ പിന്നിലെ രഹസ്യം എനിക്കറിയില്ല. അതു കൊണ്ട് അത് വെറും തോന്നലാണെന്ന് എങ്ങിനെ പറയാന്‍ കഴിയും?

4. ഇതുപോലെ ടെലിഫോണ്‍ സൌകര്യങ്ങള്‍ ഗ്രാമപ്രദേശങ്ങളില്‍ ഇല്ലാതിരുന്ന ഇരുപത് വര്‍ഷം മുമ്പുള്ള ഒരു രാത്രി. കോളേജില്‍ നിന്നും ലക്ഷദ്വീപിലേക്ക് ഒരു സഹസിക യാത്ര. കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്നും ഞങ്ങള്‍ നാലു പേര് മാത്രം. ആകെ നൂറ് പേര്. അന്ന് ഭാരതത്തില്‍ നിലവിലുണ്ടായിരുന്ന എഴുപത്തി ആറ് സര്‍വ്വകലാശാലയില്‍ നിന്നും തിരഞ്ഞെടുക്കപെട്ട ഞങ്ങള്‍ നൂ‍റുപേരില്‍ കേരളായൂണിവേഴ്സിറ്റിയുടെ പ്രതിനിധികള്‍ കൂട്ടുകാരാകുന്നത് സ്വാഭാവികം. ക്യാമ്പിന്റെ മൂന്നാം ദിനം രാത്രിയില്‍ ഉറക്കത്തില്‍ നിന്നും അലറി വിളിച്ച് എഴുന്നേറ്റ ഞങ്ങളുടെ ചെമ്പഴന്തിക്കാരന്‍ സുഹൃത്ത് ഞങ്ങളെയൊക്കെ ഭയപ്പെടുത്തി. ആ ചങ്ങാതിയുടെ അമ്മ ഏതോ വലിയ അപകടത്തില്‍ പെട്ടെന്ന് സ്വപ്നം കണ്ടതായിരുന്നു. ഞങ്ങള്‍ ചങ്ങാതിയെ ശകാരിച്ച് കിടന്നുറങ്ങി. പിറ്റേന്ന് വൈകിട്ട് ഒരു നാലു മണിയോടെ ഞങ്ങളുടെ താമസസ്തലത്തെ ഫോണില്‍ ആ ചങ്ങാതിയുടെ അമ്മയുടെ മരണവിവരം എത്തി. മരണപെട്ടത് ചങ്ങാതി ഞെട്ടിയുണര്‍ന്ന സമയത്തിനോടടുപ്പിച്ചും. ആ അമ്മയുടെ ഒറ്റമകനെ ഹെലികോപ്റ്ററില്‍ അന്ന് തന്നെ നാട്ടിലേക്കെത്തിക്കുകയായിരുന്നു. യാത്രക്കിറങ്ങുമ്പോള്‍ ഒരസ്സുഖവും ഇല്ലായിരുന്ന അമ്മ പാമ്പു കടിയേറ്റ് മരിക്കുന്നത് കടല്‍ കടന്ന് ആ നിമിഷം തന്നെ ആ മകനെങ്ങനെയറിഞ്ഞു?

ഇതൊക്കെയും എന്റെ ജീവിതത്തില്‍ ഞാന്‍ തൊട്ടറിഞ്ഞ സംഗതികള്‍. മറ്റുള്ളവര്‍ പറഞ്ഞ് കേട്ടവ എന്തെല്ലാം. ശബരിമലയിലെ പുണ്യ ജ്യോതിയും പറഞ്ഞ് കേട്ടത്. യുക്തിക്ക് നിരക്കുന്നില്ലാ എന്നത് കൊണ്ട് ആ പുണ്യ ജ്യോതിസ് വ്യാജമാണ് എന്ന് പറയുന്നത് അല്പ ജ്ഞാനമാണ്. ഈ പ്രപഞ്ചത്തിന്റെ ഏതോ ഒരു കോണിലിരിക്കുന്ന മര്‍ത്യന്‍ എന്തറിയുന്നു. എല്ലാം അറിയുന്നു എന്നഹങ്കരിക്കുന്നവന് പ്രപഞ്ചവും അതിന്റെ രഹസ്യങ്ങളും എന്നും കുരുടന്‍മാര്‍ കണ്ട ആനയാണ്. തുമ്പികൈ പിടിക്കുന്നവനും വാലു പിടിക്കുന്നവനും കാലു പിടിക്കുന്നവനും കൊമ്പു തൊടുന്നവനും ചെവി പിടിക്കുന്നവനും പറയാനുള്ളത് ആനയെ കുറിച്ച് പരസ്പര വിരുദ്ധമായ നിര്‍വ്വചനമായിരിക്കും.

തെറ്റായവയെ ശരിപ്പെടുത്താനും ശെരിയെ തെറ്റാക്കിമാറ്റാനും നമ്മളെപ്പോഴും മറ്റാരേക്കാളും മുന്‍പിലാണ്. ശബരി മലയും പുണ്യജ്യോതിയും വൃതവും പതിനെട്ടാം പടിയും മുന്നിലേക്ക് വെയ്ക്കുന്ന നന്മയുടെ സന്ദേശം നാം കാണാന്‍ മിനക്കെടുന്നില്ല. മകര ജ്യോതിയും നമ്മുക്ക് നിര്‍വചിക്കാന്‍ കഴിയാത്ത സാനിദ്ധ്യമാണ്. ഒരു തട്ടിപ്പിനെ കേവലം ഒരു നിമിഷം പോലും രഹസ്യമാക്കി വെക്കാന്‍ നാം അശ്ശക്തരാണ്. അങ്ങിനെയുള്ള നാം നൂറ്റാണ്ടുകളായി ഒരു തട്ടിപ്പിനെ മറച്ചു പിടിക്കുന്നതെങ്ങനെ? യുക്തിക്ക് നിരക്കാത്തവയെ ഒക്കെയും പരീക്ഷിച്ചറിയാന്‍ തുനിഞ്ഞാല്‍ ബാക്കിയുള്ള നമ്മുടെ നന്മകള്‍ കൂടി സഹ്യന്‍ കടക്കും.