Tuesday, August 22, 2017

കേരളം കണ്ട സണ്ണിലിയോൺ.

കരഞ്ജിത് കൗർ വോഹ്‌റ അഥവാ സണ്ണി ലിയോൺ.
.
അവർ തിരഞ്ഞെടുത്ത അവരുടെ പ്രൊഫഷനിൽ വിജയം നേടിയ ആളാണ്. വാണിജ്യ മൂല്യം ഉള്ള താരം. ആ താരമൂല്യം ആണ് ബോളിവുഡിൽ അവർ കാസ്റ്റ് ചെയ്യപ്പെടാനും കാരണം. നായിക ആയി വന്ന എല്ലാ സിനിമകളും സൂപ്പർ ഹിറ്റുകൾ ആയതും അവരുടെ താര മൂല്യം കൊണ്ടാണ്.
.
പോൺ ഇൻഡസ്ട്രി ലോകത്ത് നിരോധിക്കപ്പെട്ടിട്ടുള്ള ഒരു സംഗതി അല്ല. മറ്റേതൊരു പെർഫോമിംഗ് ആർട്ടിലും ഉള്ളത് പോലെ കടുത്ത മത്സരം ഉള്ള മേഖല ആണ് പോൺ മൂവീ വ്യവസായവും. ആ വ്യവസായത്തിൽ പിടിച്ചു നിൽക്കാൻ ഒരു പെർഫോമർക്ക് കഴിയുന്നത് അവരുടെ കഴിവും ആകാര വടിവും കൊണ്ട് തന്നെയാണ്. ആദ്യ പോൺ മൂവീയിൽ അഭിനയിച്ച കാലം മുതൽ ഏകദേശം ഒന്നര പതിറ്റാണ്ടോളം അവർക്ക് ആ മേഖലയിൽ പിടിച്ച് നിൽക്കാൻ കഴിഞ്ഞത് അവരുടെ കഴിവും ഭാഗ്യവും കൊണ്ടാണ്.
.
ശരീരം അവനവന്റെ സ്വാതന്ത്ര്യം ആണ്. അത് തുറന്ന് കാണിക്കാൻ താല്പര്യം ഉള്ളവർ തെരുവിൽ തുണിയില്ലാതെ നടന്ന് പൊതുശല്ല്യം ആകാത്തിടത്തോളം അവർ ആരും തന്നെ അനഭിമതർ ആകുന്നില്ല. ഓരോ പോൺ മൂവിയും ചിത്രീകരിക്കുന്നത് ക്യാമറാ മാനും സംവിധായകനും ലൈറ്റ് ബോയിയും എന്ന് വേണ്ട ആണും പെണ്ണും ആയി ഒരു പിടി ആളുകളുടെ മുന്നിൽ ആണ്. നിർമ്മാണം കഴിഞ്ഞാൽ കാണുന്നത് കോടിക്കണക്കിനു ആളുകളും. അങ്ങിനെ ആണ് ഓരോ പോൺ താരവും ഉദയം ചെയ്യുന്നത്. അല്ലാതെ ബെഡ് റൂമിൽ ഒളിപ്പിച്ച് വെച്ച ഒളിക്യാമറയിൽ ചിത്രീകരിച്ച് റിലീസ് ചെയ്യുന്നത് അല്ല പോൺ മൂവീ. റിലീസ് ചെയ്യുന്നതും നിയമ വിധേയം ആയിട്ടാണ്. അത് കൊണ്ട് തന്നെ സണ്ണി ലിയോൺ അനഭിമത അല്ല.
.
സ്വന്തം തൊഴിലിൽ വിജയിച്ച ആൾ. വായിച്ച് അറിഞ്ഞിടത്തോളം ഒരുപാട് നന്മകൾ ഉള്ള ഒരു സ്ത്രീ. പോൺ മൂവീകളിൽ ഇണ എപ്പോഴും ഭർത്താവ് ഡാനിയൽ വെബർ ആയിരിക്കണം എന്ന് നിർബന്ധ ബുദ്ധിയുള്ള ആൾ.
.
പെൺ വാണിഭം, മയക്കു മരുന്ന് വ്യാപാരം, കള്ള ചാരായ വാറ്റ്, കൊലപാതകം, മോഷണം, ആയുധ വ്യാപാരം, ചാരപ്രവർത്തനം, കുട്ടികളുടെ അശ്‌ളീല ചിത്രീകരണം, കള്ളനോട്ടടി, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ അന്താരാഷ്ട്രാ ക്രിമിനൽ കുറ്റങ്ങളിലെ നായിക അല്ല സണ്ണി ലിയോൺ. ഉപജീവനത്തിനായി അവർ തിരഞ്ഞെടുത്ത തൊഴിലിൽ നിയമം അനുശാസിക്കുന്ന രീതിയിൽ തൊഴിൽ എടുത്ത് ജീവിക്കുന്ന ഒരാൾ. അത്രയും ഗൗരവമേ അവർ അർഹിക്കുന്നുള്ളു. അത്രയും ആശങ്ക മതി നമുക്കും. അതിൽ കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട.
.
സണ്ണി ലിയോണിനെ കാണാൻ കൊച്ചിയിൽ ഓടി കൂടിയവർ കേരളത്തിന്റെ കപടസദാചാരത്തിനെ പൊളിച്ച് അടുക്കുകയാണ് ചെയ്യുന്നത്. കേരളത്തിന്റെ ശാപങ്ങളിൽ ഒന്നായി മാറിയിരിക്കുന്ന സദാചാര പോലീസിങ്ങിന്റെ അത്രയും അശ്ലീലം അല്ല കൊച്ചിയിൽ സണ്ണി ലിയോണിന് ലഭിച്ച അമ്പരപ്പിക്കുന്ന സ്വീകരണം. കപടസദാചാരത്തിന്റെ പറുദീസയായ കേരളത്തിൽ തലയിലൂടെ മുണ്ടിടാതെ ഒരു ഒരു നീലച്ചിത്ര നായികയെ കാണാൻ കേരള യുവത തയ്യാറായി എന്നത് തന്നെ മാറ്റത്തിന്റെ തുടക്കം ആണ്.
.
കാമുകനും കാമുകിയും, ആങ്ങളയും പെങ്ങളും, ഭാര്യയും ഭർത്താവും, പിതാവും മകളും, മകനും മാതാവും, എന്തിനേറെ? മുത്തശ്ശനും ചെറുമകളും... ഏതു ആണിനേയും പെണ്ണിനേയും ഒന്നിച്ച് കണ്ടാലും അതെല്ലാം സദാചാര വിരുദ്ധം ആയി കാണുകയും സാദാചാരത്തിന്റെ പേരിൽ അവരെ ഒക്കെയും തല്ലി ചതയ്ക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സദാചാര പോലീസിങ്ങിനു എതിരെ പ്രതികരിച്ചവരെയും തല്ലി ഓടിക്കാൻ മാത്രം ശക്തം ആണ് കേരളത്തിലെ സദാചാര ഗുണ്ടകൾ. ആ സദാചാര പോലീസിങ്ങിനു എതിരെ ഉള്ള ഉണർത്ത് പാട്ടായി കാണാനേ സണ്ണിലിയോണിന് ലഭിച്ച സ്വീകരണം കാരണം ആകുന്നുള്ളു.
.
കാണാൻ കൂടിയ ആളുകളെയും താരത്തെയും അപമാനിച്ച് കൊണ്ടും അവഹേളിച്ച് കൊണ്ടും കുറിപ്പുകൾ എഴുതി പോസ്റ്റ് ചെയ്യുന്നവർക്ക് അതിൽ അല്പം ആത്മരതിയുടെ സുഖം ലഭിക്കുന്നു എങ്കിൽ ആയിക്കോട്ടെ. പക്ഷെ അതിനു മുന്നേ അവരവരുടെ സദാചാര പെരുമയ്ക്ക് മുന്നിൽ ഒരു കണ്ണാടി എടുത്ത് പിടിക്കണം. അപ്പോൾ അവിടെ നിലക്കണ്ണാടിയുടെ ഒരു മൂലയ്ക്ക് മന്ദഹസിച്ച് കൊണ്ട് സണ്ണി ലിയോൺ നിൽക്കുന്നത് കാണാം.
.
സണ്ണിലിയോണിന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ "എന്നെ വിധിക്കുന്നവർ വിധിക്കും മുന്നേ എന്റെ പാദരക്ഷയും പാദങ്ങളും ഉപയോഗിച്ച് ഞാൻ നടന്നിടത്ത് കൂടെ നടക്കണം. എന്നിട്ട് അവിടെ നിന്നും എന്നെ വിധിക്കണം. എങ്കിൽ മാത്രമേ അത് ന്യായ വിധിയാകുള്ളൂ,". അതേ അത് തന്നെയാണ് ശെരി. എല്ലാ പാദങ്ങളും പാദരക്ഷകളും കാലടികളും ഒരു പോലെ അല്ല. ആദ്യം നാം എവിടെ എന്ത് എങ്ങിനെ എന്നതാണ്. പിന്നെയാണ് വിമർശിക്കപ്പെടേണ്ടവർ.വേണം പുതിയ ഊർജ്ജ സംസ്കാരം.

കേരളത്തിലെ വൈദ്യുത പ്രതിസന്ധിക്ക് പുതിയ ജലവൈദ്യുത പദ്ധതികൾ ഒരിക്കലും പരിഹാരം ആകില്ല. മഴയെ ആശ്രയിച്ച് ഊർജോത്പാദനത്തിനു പകരം വെയിലിനെ ആശ്രയിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പുനരുപയോഗ വൈദ്യുത സ്രോതസുകളിലേക്ക് ഭരണകൂടത്തിന്റെ ശ്രദ്ധ തിരിയേണ്ടതുണ്ട്. സ്വതവേ പരിസ്ഥിതി ദുർബലം പ്രദേശം ആണ് കേരളം. ആകപ്പാടെ ഇമ്മിണി സ്ഥലം. അവിടെ തന്നെ ഡസൻ കണക്കിന് ഡാമുകളും. എന്നിട്ടും മഴയില്ലേൽ വെളിച്ചത്തിനു മാനത്തോട്ടു നോക്കേണ്ട സ്ഥിതിയും.
.
വനവും മഴക്കാടും നശിപ്പിച്ചിട്ട് പ്രകൃതിയെ പ്രോകോപിപ്പിച്ച് മഴയെ ആട്ടി ഓടിച്ചിട്ട് ആണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന അതിരപ്പള്ളി വൈദ്യുത പദ്ധതിയും മഴയെ ആശ്രയിച്ച് തന്നെ കെട്ടി പൊക്കാൻ ശ്രമിക്കുന്നത്. മാതാപിതാക്കളെ തല്ലി കൊന്നിട്ട് കോടതിയിൽ ചെന്ന് "ഞാൻ അനാഥനാണ് യുവർ ഓണർ... എന്നെ വെറുതെ വിടണം" എന്ന് പറയുന്നത് പോലെ നിരർത്ഥകം. ഊർജ്ജത്തിനായി മലകളെയും മരങ്ങളെയും നശിപ്പിക്കും. ഡാമുകൾ കെട്ടിപ്പൊക്കും. മഴക്കായി പിന്നെ മാനത്തോട്ടു നോക്കി ഇരിക്കും. മഴയും ഇല്ല വെള്ളവും ഇല്ല വെളിച്ചവും ഇല്ല. വീണ്ടും അയൽ സംസ്ഥാനങ്ങളുടെ ദയയ്ക്കായി കാത്തിരിക്കും. അല്ലെങ്കിൽ ദേശീയ ഗ്രിഡിൽ നിന്നും അന്യായ വില കൊടുത്ത് ഊർജം വാങ്ങും. എന്നാ പിന്നെ ഡാമുകൾ കെട്ടാതെ ഇതങ്ങു ആദ്യം ചെയ്‌താൽ പോരെ? കാലാവസ്ഥാ വ്യതിയാനം സംഭവിച്ചാൽ ചൂട് കൂടും. എയർ കണ്ടീഷനുകളുടെ എണ്ണം കൂടും. പ്രകൃതിയെ നശിപ്പിച്ച് കൊണ്ട് ഒരു യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുമ്പോൾ അങ്ങിനെ മൂന്നു യൂണിറ്റ് വൈദ്യുതി പുതുതായി ചിലവാക്കപ്പെടും. വീണ്ടും നമ്മുക്ക് ഡാമുകൾ നിർമിക്കേണ്ടി വരും. എന്നാലോ ഊർജ്ജ പ്രതിസന്ധി അവസാനിക്കുകയും ഇല്ല. അണിയറയിൽ പ്രവർത്തിക്കുന്നവരുടെ സാമ്പത്തിക പ്രതിസന്ധി അവസാനിപ്പിക്കാൻ മാത്രമേ പുതുതായി ഉണ്ടാകുന്ന ജലവൈദ്യുത പദ്ധതികൾ കാരണം ആവുകയുള്ളൂ.
.
പാരമ്പര്യേതര ഊർജ്ജ സ്രോതസ്സിലേക്ക് നാം മാറണം. ജലവൈദ്യുത പദ്ധതിക്ക് ചിലവാക്കുന്ന പണം പാരമ്പര്യേതര ഊർജ്ജ സ്രോതസുകളിലേക്ക് മാറ്റിയാൽ അത് ഭാവി തലമുറയോട് ചെയ്യുന്ന നീതിയായിരിക്കും. മൂലധന നിക്ഷേപം താരതമ്യേന കൂടുതൽ ആയിരിക്കും എന്നതാണ് സോളാർ എനർജിയിലേക്കും വിൻഡ് മില്ലിലേക്കും തിരിയുന്നതിൽ നിന്നും നമ്മെ പിന്നോട്ട് വലിക്കുന്നത്.
.
പൊതു ജന പങ്കാളിത്തത്തോടെ ഊർജ്ജ പ്രതിസന്ധിയെ അതിജീവിക്കാൻ ഭാവനാ പൂർവ്വം ആയ നടപടികൾ ആണ് ഉണ്ടാകേണ്ടത്. പാരമ്പര്യേതര ഊർജോത്പാദനത്തിനു വേണ്ടി പുതിയ ഒരു പബ്ലിക് ലിമിറ്റഡ് കമ്പനി ഉണ്ടാക്കണം. കേരളത്തിലെ മുഴുവൻ ആളുകളെയും അതിൽ ഓഹരി ഉടമകൾ ആക്കണം. നാടിന്റെ നില നില്പിനു് വേണ്ടിയുള്ള കരുതലിന്റെ ഭാഗം ആണ് ഈ ഉദ്യമം എന്ന് പൊതു സമൂഹത്തെ ബോധ്യപ്പെടുത്തണം. മറ്റു കമ്പനികളിലെ മൂലധന നിക്ഷേപത്തിന്റെ മാനദണ്ഡത്തിൽ നിന്നും തികച്ചു വ്യത്യസ്തം ആയി ഓരോ കുടുംബത്തിലും നിലവിൽ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവിനെയും അംഗങ്ങളുടെ എണ്ണത്തെയും മാനദണ്ഡം ആക്കി ഓരോ കുടുംബവും എടുക്കേണ്ട ഓഹരികൾ നിശ്ചയിക്കണം. ഒരു മാസം ഒരു കുടുംബം ഉപയോഗിക്കുന്ന ഓരോ ഇരുപത്തി അഞ്ചു യൂണിറ്റിനും ഒരു ഓഹരി നിർബന്ധം ആക്കണം. ദാരിദ്ര്യ രേഖയ്ക്ക് താഴെ ഉള്ളവരെ ഓഹരി എടുക്കാൻ സർക്കാരും പ്രാദേശിക ഭരണകൂടങ്ങളും അനർട്ടും സഹായിക്കണം.
.
ഒരുപാട് കാര്യങ്ങൾക്ക് നാം കേരളീയർ ലോകത്തിനു മാതൃക ആയിട്ടുണ്ട്. പൊതു ജന പങ്കാളിത്തത്തോടെ ഊർജോത്പാദനം എന്ന ഈ മിത്ത് സംഭവിക്കപ്പെടുക ആണെങ്കിൽ അതും ലോകത്തിനു മാതൃക ആണ്. പാരമ്പര്യേതര ഊർജ്ജ സ്രോതസുകൾ ഉപയോഗിക്കുന്നതിനു പകരം ആയി ആഗോള തലത്തിൽ ലഭിക്കുന്ന കാർബൺ ക്രെഡിറ്റിലൂടെയും ഒരു വരുമാനം ഉണ്ടാക്കാനും നമുക്ക് ഇതിലൂടെ സാധിക്കും. ഓഹരി ഉടമകൾക്ക് ചിലവ് കുറഞ്ഞ വൈദ്യുതി, പ്രകൃതിക്ക് സംരക്ഷണം, പുതിയൊരു ഊർജ്ജ വിനിയോഗ സംസ്കാരം എല്ലാം നേടാൻ കഴിയും. ഇതൊരു ബ്രിഹത് പദ്ധതി ആയിരിക്കും. വൈദ്യുതിയുടെ ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ മാത്രം അല്ല നിക്ഷേപം സ്വീകരിക്കേണ്ടത്. സ്വകാര്യ കോർപ്പറേറ്റ് മൂലധനവും സ്വീകരിക്കാം.
.
കൃത്യം ആയി പഠിച്ച് നടപ്പാക്കുക ആണ് എങ്കിൽ ഓരോ വീടും ഓരോ ഊർജോൽപ്പാദന യൂണിറ്റുകൾ ആയി മാറും. തരിശായി കിടക്കുന്നിടം, കെട്ടിടങ്ങളുടെ മട്ടുപ്പാവുകൾ തുടങ്ങി എവിടെയും ഊർജ്ജം ഉൽപാദിപ്പിക്കാം. നാളേക്കായി ഇന്നേ കരുതാം.

Saturday, July 29, 2017

കളത്തിൽ ഇറങ്ങാതെ വിജയിച്ചവൾ - ചിത്ര.

ലോക അത്‌ലറ്റിക് ചാമ്പ്യാൻ ഷിപ്പിൽ പങ്കെടുക്കാൻ സാങ്കേതികം ആയി ചിത്രക്ക്  കഴിയില്ല. ഹൈക്കോടതി വിധി വന്നു എങ്കിലും പങ്കെടുക്കുന്നവരുടെ പേര് അയക്കാൻ ഉള്ള അവസാന തീയതി ജൂലൈ ഇരുപത്തി ഏഴു ആയിരുന്നു എന്നത് തന്നെ കാരണം. അതിനു ശേഷം പിന്നെ എൻട്രി വേണം എങ്കിൽ രാജ്യാന്തര കായിക കോടതിയിൽ അപ്പീൽ പോവുകയും അവിടുന്ന് ചിത്രയ്ക്ക് അനുകൂലം ആയ വിധി നേടുകയും വേണം. അവിടെ അപ്പീൽ കൊടുക്കേണ്ടത് ചിത്രയുടെ വഴി മുടക്കിയവർ തന്നെ ആണ്. അപ്പോൾ പിന്നെ പ്രതീക്ഷയ്ക്ക് വകയൊന്നും ഇല്ല.
.
കളത്തിനു പുറത്തെ കളി അറിയാവുന്ന കളിക്കാരും, പരിശീലിപ്പിക്കാൻ അറിയാത്ത വ്യാജ പരിശീലകരും, അൺഒഫിഷ്യലുകളായ ഒഫിഷ്യലുകളും, ലണ്ടനിൽ പോയി തിന്നു കുടിച്ച് കണ്ടമറിഞ്ഞു കുന്നുകണക്കിനു ഷോപ്പിങ്ങും കഴിഞ്ഞു നായ്ക്കൾ ചന്തയ്ക്ക് പോയ പോലെ വിമാനമിറങ്ങും. അപ്പോഴും നമ്മുടെ ചിത്ര കുഞ്ഞു ലോക വിജയി ആയി നമ്മുടെ മനസ്സിൽ ഉണ്ടാകും. ചിലർക്ക് ചിലപ്പോൾ ദൈവത്തിന്റെ കൈയൊപ്പ് കൊണ്ട് കളത്തിൽ ഇറങ്ങാതെയും മത്സരിക്കാതെയും വിജയ കിരീടം ചൂടാൻ കഴിയും. അത്യഅപൂർവം ആയി സംഭവിക്കുന്ന ആ പ്രതിഭാസം ഇപ്പോൾ ചിത്ര എന്ന കൊച്ചു മിടുക്കിക്ക് സ്വന്തം.
.
കളത്തിൽ ഇറങ്ങാതെ, മത്സരിക്കാതെ, ഒരിറ്റു വിയർപ്പ് പൊടിയാതെ നമ്മുടെ സ്വന്തം ചിത്ര ഒന്നാമതായി ഫിനിഷിങ് ലൈൻ കടന്നിരിക്കുന്നു. ലോക ചാമ്പ്യാൻ ഷിപ്പിൽ ആരൊക്കെ പങ്കെടുക്കും... ആരൊക്കെ വിജയിക്കും... അതൊന്നും നമ്മുടെ മുന്നിൽ ഇല്ല. ഊതിക്കാച്ചിയ കായിക താരം എന്ന നിലയിൽ ലണ്ടനിൽ ചിത്ര മാത്രമേ ഭാരതത്തിനു വേണ്ടി പങ്കെടുക്കുന്നുള്ളു. അവൾ ജേതാവായിരിക്കുന്നു. അത്രയും മതി നമുക്ക്.
.
കേൾക്കാത്ത പാട്ടിനു ഇമ്പം ഏറും. ലണ്ടനിൽ ചിത്ര പാടാനിരുന്ന പാട്ട് അതീവ ഹൃദ്യം ആണ്. അതിന്റെ ഇമ്പം മനസിനെ മദിക്കുന്നു. ആ പാട്ടിനു മുന്നിൽ തകർന്നടിയുന്നതു ഭൂമി മലയാളം കെട്ടിപ്പൊക്കിയ ചില വിഗ്രഹങ്ങൾ ആണ്. ഇന്ന് പയ്യോളി മനസ്സിൽ നിന്നും പടിയിറങ്ങിയിരിക്കുന്നു. പയ്യോളി മുണ്ടൂരിനു വഴി മാറിയിരിക്കുന്നു.
.
ലണ്ടൻ ചാമ്പ്യാൻ ഷിപ്പിൽ നീ പങ്കെടുക്കുകയും  സ്വർണം നേടുകയും  നേടിയുന്നെങ്കിൽ ചിത്ര എന്ത് ആകുമായിരുന്നുവോ  അതിലും കൂടുതൽ മലയാളീ മനസുകളിൽ അവൾ അത്രമേൽ ആയി തീർന്നിരിക്കുന്നു. ഏഷ്യൻ ചാമ്പ്യാൻ ഷിപ്പിലെ ആ അഞ്ചു മിനുട്ട്... അത് മതി. അത്രയും മതി...
.
അർഹിച്ചതു തട്ടി തെറിപ്പിച്ച കായിക വേദിയിലെ സ്ഥിരം കത്തി വേഷങ്ങൾ ഈ കുട്ടിയുടെ മുന്നോട്ടുള്ള വഴികളിൽ വീണ്ടും മുള്ളു വാരി ഇടാതെ സൂക്ഷിക്കണം. കായിക ഭാരതം ക്രിക്കറ്റിന് അപ്പുറം വലുതാകാതിരിക്കുന്നതു എന്ത് കൊണ്ട് എന്ന ചോദ്യത്തിന് എക്കാലത്തേക്കും ആയുള്ള ഒരേ ഒരു ഉത്തരം ആണ് പീ.യൂ. ചിത്ര എന്നത്.
.
മിടുക്കിയാണ് ചിത്ര. ഫൈറ്റിംഗ് അറിയാവുന്നവൾ എതിരാളി ശക്തയാകുമ്പോൾ അതൊപ്പിച്ച് വീര്യം കൂടുന്നവൾ. അത് പരിശീലനത്തിലൂടെ ആർജ്ജിക്കാൻ കഴിയുന്ന കഴിവ് അല്ല. അത് ജന്മനാ കിട്ടുന്ന അനുഗ്രഹം ആണ്. അതുള്ള ആളാണ് ചിത്ര. കേവലം ഈഗോയുടെ പേരിൽ ഇപ്പോൾ നടന്ന സംഭവങ്ങളിൽ പ്രതി സ്ഥാനത്ത് നിർത്തി ഈ കുട്ടിയുടെ മുന്നോട്ടുള്ള  വഴി ഭാരതത്തിലെ കായിക വേദി നിയന്ത്രിക്കുന്നവർ തടയില്ല എന്ന് പ്രത്യാശിക്കാം.


പരിശീലക അല്ലാത്ത പീ.ടീ. ഉഷ പരിശീലക ആകുമ്പോൾ...

പരിശീലക എന്ന നിലയിൽ പീ.ടി. ഉഷ ആഡിറ്റ് ചെയ്യപ്പെടാൻ സാഹചര്യം ഒരുക്കപ്പെട്ടു എന്നതാണ് ആഗോള അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ നിന്നും ചിത്ര തഴയപ്പെട്ടതോടെ സംഭവിച്ച ഏറ്റവും ഗുണപരം ആയ കാര്യം. രണ്ടായിരത്തി രണ്ടിൽ കൊട്ടിഘോഷിച്ച് പ്രവർത്തനം ആരംഭിച്ച പീ.ടി. ഉഷയുടെ കായിക പരിശീലന കേന്ദ്രം കഴിഞ്ഞ പതിനഞ്ച് വര്ഷം കൊണ്ട് കായിക ഭാരതത്തിനു എന്ത് സമ്മാനിച്ചു എന്ന് പഠിക്കാൻ ശ്രമിക്കുന്ന ഒരാൾ ചെന്നെത്തുക ടിന്റു ലൂക്ക എന്ന കായിക താരത്തിന് മുന്നിൽ ആയിരിക്കും. അവിടുന്ന് അങ്ങോട്ട് പിന്നെ യാത്ര ഇല്ല. എല്ലാം അവിടെ അവസാനിക്കും.
.
പീ.ടീ. ഉഷയുടെ ശിക്ഷണത്തിൽ തിളങ്ങിയ കായിക താരങ്ങൾ ആരൊക്കെയാണ്? എത്ര പേർ അന്താരാഷ്ട്രാ വേദിയിൽ വെന്നിക്കൊടി പാറിച്ചു? ദേശീയ നിലവാരത്തിലേക്ക് പീ.ടീ. ഉഷ ഉയർത്തി കൊണ്ട് വന്ന താരങ്ങൾ എത്ര? സംസ്ഥാന തലത്തിൽ ഉഷാ സ്‌കൂളിൽ നിന്നും വിജയ സോപാനം കയറിയവർ  എത്ര? എല്ലാത്തിനും കൂടി കേന്ദ്ര, സംസ്ഥാന, പ്രാദേശിക ഭരണകൂടങ്ങൾ ചിലവഴിച്ച തുക എത്ര? ആ തുകയ്ക്ക് ആനുപാതികം ആയ നേട്ടം ഉഷ രാജ്യത്തിനു സമ്മാനിച്ചിട്ടുണ്ടോ? ചോദ്യങ്ങൾ ഉഷയോടു ചോദിച്ചാൽ ഇപ്പോൾ ദൃശ്യമാധ്യമങ്ങൾക്ക് മുന്നിൽ മുഖം തിരിച്ച പോലെ  സമൂഹത്തിനു മുന്നിൽ നിന്നും ഉഷയ്ക്ക് ഓടി ഒളിക്കേണ്ടി വരും.
.
പീ.ടീ. ഉഷയുടെ ശിക്ഷണത്തിൽ രാജ്യാന്തര തലത്തിൽ ഉയർന്നു വന്നതിൽ ഏറ്റവും മുന്നിൽ അർജുന അവാർഡ് നേടിയ ഒളിമ്പ്യാൻ ടിന്റു ലൂക്ക തന്നെ. അതും  ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻ ഷിപ്പിൽ സ്വർണം നേടിയ വിജയത്തിന് അപ്പുറം ഒരു മെഡൽ നേടാൻ പീ.ടീ. ഉഷയുടെ ഈ സ്റ്റാർ പെർഫോമറിന് കഴിഞ്ഞിട്ടും ഇല്ല. ഒളിമ്പിക്സിൽ പങ്കെടുത്തപ്പോഴും  നാൽപത്തി ഒമ്പതാം (സെമി ഫൈനൽ രണ്ടാം ഹീറ്റിൽ അഞ്ചാം സ്ഥാനം) എത്തിക്കാൻ മാത്രമേ ഉഷയ്ക്ക് തന്റെ എക്കാലത്തെയും ഏറ്റവും കഴിവുള്ള കായിക താരത്തെയും  കഴിഞ്ഞിട്ടുള്ളൂ.. ഉഷയുടെ ട്രാക്ക് ആൻഡ് ഫീൽഡ് കാലത്ത് തനിക്ക് നഷ്ടപ്പെട്ടു എന്ന് അവർ വിലപിച്ചിരുന്ന എല്ലാ സൗകര്യങ്ങളും ലഭ്യമാക്കി കൊടുത്തിട്ടും ടിന്റുവിനെ ആ കായിക താരം അർഹിക്കുന്ന തലത്തിലേക്ക് എത്തിക്കാൻ പീ.ടി. ഉഷയ്ക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയം ആണ്.
.
ടിന്റു ലൂക്ക മുതൽ ടിന്റു ലൂക്ക വരെ. ഉഷ സ്‌കൂൾ ഓഫ് അത്ലറ്റിക്സിന്റെ നേട്ടം അങ്ങിനെ സംഗ്രഹിക്കാം.
.
പിന്നെ താഴേക്ക് വന്നാൽ ജെസ്സി ജോസഫ്, ഷഹർബാന, ആബിദ, ജിസ്ന. അവിടെ തീർന്നു! ഉഷയുടെ ശിക്ഷണത്തിൽ അന്താരാഷ്‌ട്ര തലത്തിൽ സാനിദ്ധ്യം അറിയിച്ചവർ നാലേ നാലു പേർ! വീണ്ടും താഴേക്ക് വന്നാൽ ദേശീയ നിലവാരത്തിലേക്ക് എത്തിയവർ സ്നേഹയും, അതുല്യയും, ബിസ്മിയും സൂര്യ മോളും. അവിടം കൊണ്ട് ആ ലിസ്റ്റിനും ഫുൾ സ്റ്റോപ്പ് . സംസ്ഥാന തലത്തിൽ വെന്നിക്കൊടി പാറിച്ചവർ വെറും അഞ്ചു പേർ. അന്താരാഷ്‌ട്ര നിലവാരത്തിൽ ഉള്ള കായിക പരിശീലന കേന്ദ്രം കഴിഞ്ഞ പതിനഞ്ച് വർഷം രാജ്യത്തിനു വേണ്ടി അടവെച്ചു വിരിയിച്ച കായിക താരങ്ങൾ.! തുലച്ച് കൊണ്ടിരിക്കുന്ന ശതകൊടികളെ നീതീകരിക്കുന്ന റിസൾട്ട് ആണോ ഇതു?
.
പീ.ടീ. ഉഷ നല്ല അത്ലറ്റ് ആണ്. അത് പക്ഷേ ലോസേഞ്ചൽസ് ഒളിമ്പിക്സിലെ നാലാം സ്ഥാനം കൊണ്ടല്ല. 1984 ഒളിംപിക്സ് സോവിയറ്റ്  ബഹിഷ്ക്കരിച്ചിരുന്നു. ലോസേഞ്ചൽസ് ട്രാക്കിൽ സോവിയറ്റ് യൂണിയൻ എത്തിയിരുന്നു ഏങ്കിൽ കൊട്ടിപ്പാടുന്ന നാലാമതു സ്ഥാനം ഇപ്പോൾ ശിഷ്യയുടെ ഒളിമ്പിക്സ് റാങ്കിന് അടുത്ത് എവിടെ എങ്കിലും ആയിരുന്നിരിക്കും ഉണ്ടാവുക. എന്നാലും അതിനെ കുറച്ചു കാണുന്നില്ല. റാങ്കോ മെഡലോ അല്ല പങ്കെടുക്കുക എന്നത് തന്നെ ഒളിമ്പിക്സിന്റെ മഹത്വം. അത് പോലെ തന്നെയാണ് ചിത്ര ലോക ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കണം എന്ന് ആഗ്രഹിക്കുന്നതും. അത് മെഡൽ നേടും എന്ന പ്രതീക്ഷ കൊണ്ടല്ല. അങ്ങിനെയുള്ള വേദികളിൽ പങ്കെടുക്കുന്നത് തന്നെയാണ് പ്രഥമ പരിഗണന. ഒളിമ്പിക്സിൽ പങ്കെടുത്തില്ലെങ്കിലും നാലാം സ്ഥാനത്ത് എത്തിയില്ല എങ്കിലും ഉഷ കായിക കേരളത്തിന്റെ അഹങ്കാരവും വികാരവും ആയിരുന്നു. ഏഷ്യൻ ചാമ്പ്യാൻ എന്ന നിലക്ക് തന്നെ അവർ നമുക്ക് ലോക ചാമ്പ്യൻ ആയിരുന്നു. ഇന്നും അങ്ങിനെ തന്നെ.
.
പീ.ടി. ഉഷ നല്ലൊരു അത്‌ലറ്റ് ആണ്. അല്ലെങ്കിൽ ഭാരതം കണ്ട എക്കാലത്തെയും ഏറ്റവും നല്ല അത്‌ലറ്റ് ആണ്. പക്ഷെ ഒരു നല്ല പരിശീലക അല്ല. നല്ലൊരു പരിശീലക ആയിരുന്നു പീ.ടീ. ഉഷ എങ്കിൽ അവരുടെ  സ്റ്റാർ പെർഫോർമർ നിരന്തരം മത്സരം പൂർത്തി ആക്കാതെ ട്രാക്കിൽ നിന്നും മടങ്ങില്ലായിരുന്നു. ടിന്റു ലൂക്കയെ നല്ലൊരു ഫൈറ്റർ ആക്കി മാറ്റാൻ പീ.ടി. ഉഷയ്ക്ക് കഴിഞ്ഞിട്ടില്ല. പരാജയപ്പെടും എന്ന് തോന്നുന്നിടത്ത് മത്സരം കളയുക എന്നത് ടിന്റുവിന്റെ സ്ഥിരം രീതിയാണ്. പനിയായിയുരുന്നു , വയറിളക്കം ആയിരുന്നു, ചൂട് കൂടുതൽ ആയിരുന്നു, ഉറക്കം ശെരിയായില്ലായിരുന്നു, എന്നൊക്കെ ഉള്ള ന്യായീകരണങ്ങളും  ആയി ടിന്റുവിന്റെ മത്സരശേഷം പീ.ടി. ഉഷ പത്രസമ്മേളനം നടത്തുന്നത് ഇപ്പോൾ ഒരു തരം കോമഡിയാണ്.   ഒരു അത്‌ലറ്റ് മത്സരം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുന്നത് പരിശീലകയുടെ പിടിപ്പു കേടാണ് എന്ന് പീ.ടീ. ഉഷയെ ആരും പറഞ്ഞു പഠിപ്പിക്കേണ്ടത് ഇല്ലല്ലോ.
.
പീ.ടീ. ഉഷയ്ക്ക് ഒരു കോച്ച് ആകാൻ ഉള്ള അടിസ്ഥാന പരിശീലനങ്ങൾ ലഭ്യം ആയിട്ടുണ്ടോ എന്ന് സംശയം ആണ്. സ്പ്രിന്റിൽ തനിക്ക് ലഭിച്ച പരിശീലനം ഓടാൻ ഉള്ള പരിശീലനം ആണ്. ആ പരിചയം വെച്ച് നല്ലൊരു പരിശീലക ആകാൻ കഴിയുമോ?
.
ഒരു അർത്ഥത്തിൽ ലോകോത്തര നിലവാരം ഉള്ള ടിന്റു ലൂക്കയുടെ വളർച്ചക്ക് തടയിട്ടത് പരിശീലക അല്ലാത്ത, പരിശീലിപ്പിക്കാൻ അറിയാത്ത, പരിശീലക ആകാൻ വേണ്ടുന്ന അടിസ്ഥാന പരിശീലനം ലഭ്യം ആയിട്ടില്ലാത്ത പീ.ടീ. ഉഷ തന്നെയാണ് എന്നത് എപ്പോഴെങ്കിലും പീ.ടീ. ഉഷ മനസിലാക്കുമോ? ഒരു നല്ല പരിശീലകന് നല്ല അത്‌ലറ്റ് ആകാൻ കഴിയില്ല എന്നത് പോലെ തന്നെ ഒരു  അത്‍ലറ്റിനു  നല്ല പരിശീലക ആകാനും കഴിയില്ല. പരിശീലിപ്പിക്കുക എന്നത് അധ്യാപനം ആണ്. അത് എലലാവർക്കും ലഭ്യം ആകുന്ന സംഗതി അല്ല. ട്രാക്കിൽ നിന്നും പിരിയുമ്പോൾ പീ.ടീ. ഉഷയിൽ ഒരു അധ്യാപിക ഉണ്ടായിരുന്നോ എന്ന് അവർ സ്വയം ചോദിക്കണം. അതിനു ഉത്തരം അല്ല എന്ന് തന്നെ ആയിരിക്കും അവർക്ക് ലഭിക്കുക.
.
നല്ലൊരു പരിശീലകനെ - ഗുരുവിനെ കിട്ടിയിരുന്നു എങ്കിൽ ടിന്റു ലൂക്ക ട്രാക്കിൽ അത്ഭുതങ്ങൾ കാട്ടും ആയിരുന്നു. ആ കുട്ടിയുടെ ഭാവി തുലച്ചത് പീ.ടീ. ഉഷയാണ് എന്ന് ടിന്റു ലൂക്ക നാളെ തന്റെ ആത്മകഥയിൽ എഴുതുന്ന ഒരു കാലം വരാതിരിക്കട്ടെ.
.
വെറും മണ്ണിൽ, കൊട്ടത്തറയിൽ നിന്നും നൂറു കണക്കിന് കുട്ടികളെ ഓടിച്ച് സ്വര്ണ സ്വാപാനം കയറ്റിയ കോരുത്തോട് സ്‌കൂളിലെ തോമസ് മാഷിനെ പീ.ടീ. ഉഷ മാതൃക ആക്കണം ആയിരുന്നു. ഒരു അടിസ്ഥാന  സൗകര്യവും ഇല്ലാതെ, കുട്ടികൾക്ക് അത്യാവശ്യം വേണ്ടുന്ന പോഷകാഹാരം  ഇല്ലാതെ കായിക വേദികളിൽ വെന്നിക്കൊടി പാറിക്കാൻ തോമസ് മാഷിന് കഴിഞ്ഞിട്ടുണ്ട്. കാരണം അദ്ദേഹം നല്ല ഗുരുവായിരുന്നു. പീ.ടീ. ഉഷയ്ക്ക് രാജ്യം ലഭ്യം ആക്കിയ  സൗകര്യങ്ങൾ തോമസ് മാഷിന് കിട്ടിയിരുന്നു എങ്കിൽ ട്രാക്കിൽ നിന്നും ഒളിമ്പിക്സ് സ്വർണം ഭാരതത്തിലേക്കും വിമാനം കയറും ആയിരുന്നു. പക്ഷെ പീ.ടീ. ഉഷയ്ക്ക് നൽകിയ പണം രാജ്യത്തിനു പാഴായി എന്ന് മനസിലാക്കുവാൻ ഒരു ചിത്ര വേണ്ടി വന്നു.
.
പീ.ടീ. ഉഷ അവരുടെ സ്‌കൂളിൽ പഠിപ്പിക്കാൻ അറിയാവുന്നവരെ പരിശീലനത്തിന് വെക്കണം. കുശുമ്പും കുന്നായ്മയും അസൂയയും ഈഗോയും കൊണ്ട് തന്റെ ശിഷ്യകളുടെയും മറ്റു കുഞ്ഞുങ്ങളുടെയും ഭാവി തുലക്കരുത്. പീ.ടീ. ഉഷ ഒരു നല്ല പരിശീലക അല്ലാ എന്ന് അവർ സ്വയം തിരിച്ചറിയണം. ഉഷാ സ്‌കൂൾ അങ്ങിനെ നടക്കട്ടെ. ഒരു വിരോധവും ഇല്ല. ഉഷയ്ക്ക് പ്രിന്സിപ്പാളോ മാനേജരോ ആയിരിക്കാം.  പക്ഷെ പരിശീലിപ്പിക്കാൻ അറിയുന്നവരെ അതിനു യോഗ്യത ഉള്ളവരെ  പണിക്ക് വെക്കണം.
.
നാളെ പീ.ടീ. ഉഷയ്ക്ക് ഒരു പക്ഷെ ദ്രോണാചാര്യ പുരസ്കാരം ലഭിച്ചേക്കാം. പക്ഷെ അപ്പോൾ ഭൂമി മലയാളത്തിന്റെ പൊതു ബോധത്തിന് മുന്നിൽ ഏകലവ്യനും ചിത്രയും നിറഞ്ഞു നിൽക്കും. എന്തിനു കൂടുതൽ  - ദ്രോണാചാര്യ പുരസ്കാരം ലഭിക്കാൻ ഇന്ന്  ഏറ്റവും യോഗ്യത ഉള്ള പരിശീലക എല്ലാ അർത്ഥത്തിലും പീ.ടീ. ഉഷ തന്നെ ആണ്.


Tuesday, May 30, 2017

സ്‌കൂൾ സമയ മാറ്റം : ഗുണപരം ആയ തീരുമാനം


"സ്‌കൂൾ സമയം നേരത്തെ ആക്കുന്നതിനു എതിരെ മുസ്‌ലിം സംഘടനകൾ" : വാർത്ത.

മുസ്‌ലിം സമുദായത്തിൽ പെട്ട കുട്ടികൾക്ക് രാവിലെ മദ്രസയിൽ പോകാൻ കഴിയില്ല എന്നതാണ് എതിർപ്പിന് കാരണം ആയി പറയുന്നത്. സ്‌കൂൾ സമയം നേരത്തെ ആക്കുക എന്നത് സമൂഹത്തിന്റെ മുഴുവൻ ആവശ്യമാണ്. നേരത്തെ ക്ലാസ്സ് തുടങ്ങിയാൽ നേരത്തെ ക്ലാസ്സ് തീരും. കുഞ്ഞുങ്ങൾക്ക് ഇരുട്ട് പരക്കും മുന്നേ വീട്ടിൽ എത്താം. ഓഫീസ് സമയവും സ്‌കൂൾ സമയവും തമ്മിൽ വിത്യാസം ഉണ്ടാക്കുന്നത് ഗതാഗത കുരുക്ക് കുറയ്ക്കും. നേരത്തെ ക്ലാസ്സ് തുടങ്ങിയാൽ കോളിറ്റി ടൈമിൽ കൂടുതൽ ഏകാഗ്രതയോടെ പഠിക്കാൻ കുഞ്ഞുങ്ങൾക്കു കഴിയും. അങ്ങിനെ ഒരു പിടി ഗുണങ്ങൾ മുന്നിൽ കണ്ടത് കൊണ്ടാണ് സ്‌കൂൾ സമയം നേരത്തെ ആക്കാൻ ഉള്ള പഠനങ്ങൾ വന്നത്.
.
ഭൗതിക വിദ്യാഭ്യാസത്തിനു ഊന്നൽ നൽകുന്ന ഒരു സമൂഹം ആണ് നമ്മുടേത്. ആത്മീയ വിദ്യാഭ്യാസം വേണ്ടുന്നവർക്കു അതിനും തടസം ഏതും ഇല്ല തന്നെ. എന്നാൽ ആത്മീയ വിദ്യാഭ്യാസത്തിനു പോകണം എന്നുള്ളത് കൊണ്ട് പൊതുവേ പൊതുസമൂഹത്തിനു ഗുണപരം ആകാവുന്ന ഒരു തീരുമാനം നടപ്പിലാക്കാൻ കഴിയില്ല എന്ന് പറയുമ്പോൾ സ്വതവേ ധ്രുവീകരിക്ക പെട്ട് കൊണ്ടിരിക്കുന്ന നമ്മുടെ പൊതു സമൂഹത്തെ കൂടുതൽ ആഴത്തിൽ പിളർത്താനും വർഗീയത വളർത്തുവാനും വളം വെച്ച് കൊടുക്കുകയാണ് മുശാവറയും സമസ്തയും ദക്ഷിണയും പിന്നെ ഒരുപിടി മുല്ലാ കമ്മിറ്റികളും ചെയ്യുന്നത്.
.
മത പഠനം നടത്തേണ്ടവർക്കു സ്‌കൂൾ സമയം കഴിഞ്ഞു അതാകാം. നേരത്തെ ക്ലാസ്സ് തുടങ്ങിയാൽ നേരത്തെ തീരും. അങ്ങിനെ ആകുമ്പോൾ വൈകിട്ടും മതപഠനം നടത്താം. അതും അല്ലാ എങ്കിൽ ഞായറാഴ്ചകളിൽ മുഴുവനും ആയും മതപഠനത്തിന് ആയി മാറ്റി വെക്കാം. ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല.
.
എല്ലാത്തിനും പ്രായോഗികവും ലളിതവും യുക്തിസഹവും ആയ പരിഹാരങ്ങൾ ഉണ്ട് എന്നിരിക്കെ മാർക്കട മുഷ്ടി ചുരുട്ടി പിടിച്ചു സമൂഹത്തിൽ കാലുഷ്യം വിതയ്ക്കരുതേ എന്നപേക്ഷിക്കുകയാണ് സർവ്വ മുസ്‌ലിം സംഘടനകളോടും.
.
വെറുതെ വെറുപ്പിക്കല്ലേന്നു....
 

ലിംഗ പരം.


പൂജനീയ ഗംഗേശാനന്ദ തീർത്ഥപാദർ (ഇവിടുന്നു അങ്ങോട്ട് എളുപ്പത്തിന് വേണ്ടി "ഗതി" എന്ന് ആവർത്തിക്കുന്നത് ആയിരിക്കും) അവർകളുടെ മുറിഞ്ഞു പോയ ലിംഗം ഭൂമിമലയാളത്തിൽ ഭൂകമ്പം ഉണ്ടാക്കിയതിന്റെ അനുരണങ്ങൾ സോഷ്യൽ മീഡിയയിലും കോളിളക്കം സൃഷ്ടിച്ചു കൊണ്ടിരിക്കുക ആണല്ലോ. ഒരു പക്ഷത്ത് കാഷായ വസ്ത്രധാരി ആയതു കൊണ്ടാകാം മറുപക്ഷത്ത് കൂടും കുടുക്കയും എടുത്ത് കൊണ്ട് മുസ്‌ലിം സോഷ്യൽ തൊഴിലാളികൾ ഗതിയുടെ മുറിഞ്ഞ ലിംഗത്തിൽ തൂങ്ങി ആഘോഷം തുടങ്ങിയത്. ഒരു വേള കഴിഞ്ഞപ്പോൾ തല്ലും കൊള്ളും മുറി ലിംഗങ്ങൾ സോഷ്യൽ മീഡിയയിൽ ഇടതടവ് ഇല്ലാതെ മിന്നി മറഞ്ഞു കൊണ്ടിരുന്നു.
.
ഗതിയുടെ മുറിലിംഗം എടുത്ത് വീശി മേപ്പടി മുസ്‌ലിം സോഷ്യൽ തൊഴിലാളികൾ ഒരു സമൂഹത്തെ ആകെ അവഹേളിക്കാൻ തുടങ്ങിയപ്പോൾ തലച്ചോറിലെ അണുബാധ ആർക്കാണ് എന്ന മത്സരത്തിൽ ആയിരിക്കുന്ന സംഘി സഹോദരങ്ങളും വിട്ടു കൊടുത്തില്ല. മറ്റവന്മാരെ തല്ലാൻ എവിടുന്നെങ്കിലും ഒരു മുറിലിംഗം വേണം. എന്നാലല്ലേ പകരത്തിനു പകരം ആകുള്ളൂ.... അങ്ങിനെ അവർ ഗവേഷണങ്ങളിൽ ഏർപ്പെട്ടു. ഒടുവിൽ അവർ കണ്ടെത്തുക തന്നെ ചെയ്തു.
.
മുറി ലിംഗം
.
"ഈ കുഞ്ഞുങ്ങൾ എന്ത് പിഴച്ചു... ഇവരോട് ക്രൂരത കാണിക്കുന്നതിനെ ആർക്കും എതിർക്കേണ്ടേ" ചോദ്യങ്ങളും ആയി സംഘി സഹോദരങ്ങൾ ഗോദയിൽ ചാടി വീണു. എന്താണ് എന്ന് ബെച്ചാൽ മുസ്‌ലിം സമുദായത്തിന്റെ സുന്നത്ത് കല്യാണത്തിന്റെ വിഷ്വലുകൾ എടുത്ത് ആക്രാന്തത്തോടെ അർമ്മാദം തുടങ്ങി.
.
മുസ്‌ലിം സമുദായാംഗം ആണോ? എപ്പോഴെങ്കിലും "രണ്ടേ മുക്കാലേ" എന്ന് വിളി കേൾക്കാതെ ഒരാൾക്കും ബാല്യം പിന്നിടാൻ കഴിയില്ല തന്നെ. സത്യത്തിൽ സുന്നത്ത് എന്താണ് എന്ന് കൃത്യം ആയി അറിയാതെ ആണ് ഈ വിളി ഞങ്ങൾ ഒക്കെ കേൾക്കേണ്ടി വന്നിട്ടുള്ളതു. എല്ലാം കൂടി കൂട്ടിയാൽ മൂന്നു തന്നെയാണ് നമ്മുക്കും ഉള്ളത്. പോകുന്നത് ലിംഗാഗ്രത്തിലെ ലേശം തൊലി മാത്രം ആണ്. ശതമാനക്കണക്കിൽ പറഞ്ഞാൽ തൊലി ഉൾപ്പടെ കൂട്ടായി എടുത്താൽ മൊത്തം ലിംഗത്തിന്റെ കാൽ ശതമാനത്തിൽ താഴെ മാത്രമേ ഞങ്ങൾക്ക് നഷ്ട പെടുന്നുള്ളൂ. അതും തൊലി മാത്രം. മാംസത്തിൽ നിന്നും ലവലേശം മുറിച്ചു മാറ്റുന്നില്ല. എന്നിട്ടും ഞങ്ങൾ രണ്ടേമുക്കാൽ. :(
.
പറഞ്ഞു വന്നത് എന്താണ് എന്ന് ബെച്ചാൽ സുന്നത്ത് കല്യാണം കഴിഞ്ഞു കിടക്കുന്ന കുഞ്ഞുങ്ങളുടെ പൂഞ്ഞാണിയുടെ ഫോട്ടോ കാട്ടി ഗതിയുടെ കുറ്റി പറ്റെ അറ്റു പോയ മുഴുത്ത ലിംഗവും ആയി കൂട്ടി കെട്ടിയതു മ്മിണി ബല്ല്യ ശെയ്ത്തായി പോയി എന്നാണു മൂന്നിൽ നിന്നും മ്മിണി കുറഞ്ഞതിന് രണ്ടേമുക്കാൽ വിളി നിസ്സഹായനായി കേൾക്കേണ്ടി ബന്നിട്ടുള്ള ഈ സാധുവിനു എല്ലാ സംഘി സഹോദരങ്ങളോടും ഉണർത്തിക്കാൻ ഉള്ളത്.
.
ഗതിയുടെ ഗതി അധോഗതി. വെച്ച് പിടിപ്പിക്കാനും പറ്റില്ല. മറ്റേതു പോട്ടെ. ഇനി പെടുക്കന്നത് എങ്ങിനെ ആണോ എന്തോ. മുറിച്ച് എങ്കിലും നമ്മ ഇപ്പോഴും നിർബാധം ഞാത്തി പിടിച്ചു കൊണ്ട് തന്നെ പെടുപ്പിക്കുന്നുണ്ട് എന്ന് തല്പര കക്ഷികളെ വിനീതമായി തര്യപ്പെടുത്തി കൊള്ളുന്നു.

ബ്രായും വിദേശിയും ആണ് ചേച്ചി.


"ശിരോ വസ്ത്രം ഭാരതീയ സംസ്കാരത്തിന് നിരക്കാത്തത്" : പീ. കെ. ശശികല. (എച്ച്. ഐ. വി.)
.
"ബ്രാ, പാന്റീസ്, സാനിറ്ററി നാപ്കിൻ എന്നിവയെല്ലാം വിദേശീയം ആണ്. അപ്പോൾ നിങ്ങൾ ചോദിക്കും ഞാൻ ഇതെല്ലാം ഉപയോഗിക്കുന്നില്ലേ എന്ന്. ശെരിയാണ്....നിങ്ങളുടെ മുന്നിൽ വെച്ച് ഇതൊരൊന്നു ഓരോന്ന് ആയി ഉപേക്ഷിക്കാൻ ഞാൻ പ്രതിജ്ഞാബത്തയാണ്. ഒറ്റയുടുത്ത് മാറ് മറക്കാതെ ഭാരത സംസ്കാരത്തിന് നിരക്കുന്ന വസ്ത്രം ധരിച്ചു നിങ്ങളുടെ മുന്നിൽ പച്ചയായ ഒരു ഭാരത സ്ത്രീയായി നിൽക്കാൻ ഞാൻ തയ്യാറാണ് സുഹൃത്തുക്കളെ ഞാൻ തയ്യാറാണ്."
.
വിവരക്കേടിനു കയ്യും കാലും നാവും വെച്ചാൽ അതിനു ശശികല എന്നും പേരിടാം.

Saturday, May 27, 2017

മഹാമൂഴം

മലയാളത്തിലെ എക്കാലത്തെയും മനോഹരം ആയ നോവൽ സിനിമ ആകുമ്പോൾ പേരെന്താകണം എന്നുള്ള വാറോല  ഹിന്ദു ഐക്യ വേദി (എച്ച്.ഐ.വി) പ്രസിഡന്റ് ശ്രീമതി ശശികല വിളമ്പരം ചെയ്തരിക്കുക ആണല്ലോ?


"എം.ടി. യുടെ രണ്ടാമൂഴം മഹാഭാരതത്തെ കീഴ്മേൽ മറിച്ചതാണ്. ഓരോ കഥാപാത്രത്തെയും  തലകീഴായി അവതരിപ്പിച്ചാണ് എം.ടി. രണ്ടാമൂഴം എഴുതിയിരിക്കുന്നത്." : ശ്രീമതി ശശികല (എച്ച്.ഐ.വി.) യുടെ വാക്കുകൾ ആണിത്.

മേപ്പടി വാക്കുകളിൽ നിന്നും മനസിലാകുന്ന ഒരു സംഗതി  ശ്രീമതി ശശികല "രണ്ടാമൂഴം" വായിച്ചിട്ടില്ല എന്നുള്ളതാണ്. രണ്ടാമൂഴത്തെ കുറിച്ച് ആരോ എവിടെയോ പറഞ്ഞത് എങ്ങാണ്ടും നിന്നും എന്തോ എപ്പോഴോ കേട്ടിട്ടുണ്ട് എന്നുള്ളത് അല്ലാതെ രണ്ടാമൂഴം കൈകൊണ്ടു പോലും ശശികല തൊട്ടിട്ടുണ്ടോ എന്ന് സംശയം ആണ. ഭീമസേനന്റെ വീക്ഷണത്തിലൂടെയും മാനസിക വ്യാപാരങ്ങളിലൂടെയും മഹാഭാരതത്തെ അവതരിപ്പിക്കുക എന്നാൽ എങ്ങിനെയാണ്  ആ സൃഷ്ടി മൂല കൃതിയെ ആക്ഷേപിക്കുന്നത് ആവുക? ശ്രീമതി ശശികല ഉൾപ്പെടുന്ന വരേണ്യ വർഗത്തിന് ഭീമസേനനെ കൊണ്ട്   അയിത്തം ഉണ്ട് എന്നത് തന്നെയാണ് ഭീമസേനനിൽ നിന്നും  മഹാഭാരതത്തെ ശുദ്ധീകരിക്കാൻ ശ്രമിക്കുന്നത് എന്നതാണ് തികഞ്ഞ യാഥാർഥ്യം.

അറിയാതെ എങ്കിലും ശശികല മഹാഭാരതത്തെ വേദികളിൽ നിന്നും വേദികളിലൂടെ ആക്ഷേപിക്കുക ആണ്. മഹാഭാരതം ഒരു കഥയാണെന്നും അതിനു ഒരു കഥാകൃത്ത് ഉണ്ട് എന്നും മഹാഭാരതത്തിൽ വന്നു പോകുന്നത് വെറും കഥാപാത്രങ്ങൾ ആണെന്നും അവർ അറിയാതെ ആണയിടുന്നു. ദൈവദത്തം  എന്ന് അവർ തന്നെ കരുതുകയും പറയുകയും ചെയ്യുന്ന ഒരു കൃതിയെ വെറും കഥയും കഥാപാത്രവും മഹാഭാരത സൃഷ്ടാവിനെ വെറും എഴുത്ത് കാരനും ആക്കി താഴ്ത്തി കെട്ടുന്നതിലൂടെ ശ്രീമതി ശശികല മഹാഭാരതത്തിന്റെ അസ്തിത്വത്തെ തന്നെയാണ് തുരങ്കം വെക്കുന്നത്.

"രണ്ടാമൂഴം" എന്ന ആ പേരും കൂടി ചേരുമ്പോൾ ആണ് എം.ടി മഹാഭാരതത്തെ അധികരിച്ച് എഴുതിയ കൃതി പൂർണത കൈവരിക്കുന്നത്. ശശികല ആ പേര് ഇടരുത് എന്ന് പറയുന്നത് സ്ഥായിയായ വിവര കേടു കൊണ്ട് ആണെങ്കിലും "രണ്ടാമൂഴം" ആയി തന്നെ സിനിമ കാണാൻ ആയിരിക്കും ഒരു പക്ഷേ രണ്ടാമൂഴം ഇഷ്ടപ്പെടുന്ന ഏതൊരു സഹൃദയനും ആഗ്രഹിക്കുക.

രണ്ടാമൂഴം എന്ന നോവലിൽ നിന്നും രണ്ടാംമൂഴം എന്ന തലക്കെട്ട് നഷ്ടപ്പെടുമ്പോൾ രണ്ടാമൂഴത്തിന്റെ ആത്മാവ് തന്നെ ആണ് നഷ്ടപ്പെടുന്നത്. രണ്ടാമൂഴം സിനിമയുടെ അണിയറ പ്രവർത്തകർ സിനിമയുടെ പേര് മാറ്റി രണ്ടാമൂഴത്തിന്റെ സ്വത്വം ഇല്ലാതാക്കരുത്.