Thursday, June 28, 2007

തിരിച്ചറിഞ്ഞപ്പോള്‍ തിരുത്തപ്പെടാനാകാത്തത്...

“ടെസ്റ്റൂബ്”

അതായിരുന്നു അവന്റെ വിളിപ്പേര്. നിഷാദ് എന്ന് ഉമ്മയും വാപ്പയും മാത്രം വിളിച്ചു. ഗ്രാമത്തിലെ മിത്രങ്ങള്‍ തമാശക്ക് “ടെസ്റ്റൂബ്” എന്ന് വിളിക്കും. ശത്രുക്കളും അസൂയാലുക്കളും അങ്ങിനെ ചൊല്ലി വിളിച്ച് അമര്‍ഷം തീര്‍ത്തു. സഹപാഠികള്‍ക്ക് ഒളിവില്‍ “ടെസ്റ്റൂബും” തെളിവില്‍ “നിഷാദ് മോനും.” സംഗതി അങ്ങിനെ ആയതിനാല്‍ അവന്‍ ആ പേരിനെ ചെല്ലപേരായി കണ്ട് സ്വയമാശ്വസിച്ചു.


പട്ടണത്തിലെ ഉന്നതമായ കോളേജില്‍ ഉപരി പഠനത്തിനെത്തുമ്പോള്‍ അവിടെയെങ്കിലും നിഷാദ് മോനായി പഠിക്കാന്‍ കഴിയണമേയെന്ന പ്രാര്‍ത്ഥന മാത്രമേ അവനുണ്ടായിരുന്നുള്ളു. പക്ഷേ ആദ്യ ദിനം തന്നെ അവന്‍ അവിടേയും “ടെസ്റ്റൂബ്” ആയി. ഗ്രാമം സഹപാഠിയുടെ രൂപത്തില്‍ പട്ടണത്തിലേക്ക് കുടിയേറിയിരുന്നു - അവന്‍ പട്ടണത്തിലെത്തും മുമ്പേ.

ആള്‍കൂട്ടത്തിലെപ്പോഴും ഒറ്റക്കാകാനവന്‍ കൊതിച്ചു. സഹപാഠികള്‍ക്ക് ഉല്ലാസത്തിനുള്ള ഉപാധിയായിരുന്നു അവനെന്നും. അതുകൊണ്ട് തന്നെ അവനെപ്പോഴും കൂട്ടങ്ങളില്‍ നിന്നും സ്വയമകന്നു നിന്നു. “ടെസ്റ്റൂബ്” എന്ന് വിളിക്കുന്നവര്‍ തന്റെ പിതൃത്വത്തെ തന്നെയാണ് ഉന്നം വെക്കുന്നതെന്ന് തിരിച്ചറിയാമായിരുന്നിട്ടും കൂട്ടം ചേര്‍ന്ന പച്ചമാംസത്തിലെ കൊത്തി പറിക്കലുകളെ നിര്‍വ്വികാരമായി സ്വീകരിക്കാന്‍ ഗ്രാമത്തിന്റെ ശിക്ഷണം അവനെ പ്രാപ്തനാക്കിയിരുന്നു.

അവള്‍, അനിത മാത്രമായിരുന്നു അവന് കൂട്ട്. അവന്റെ വ്രണിത ഹൃദയത്തില്‍ സാന്ത്വനത്തിന്റെ മഞ്ഞുകണങ്ങള്‍ പൊഴിക്കാന്‍ അവള്‍ക്ക് മാത്രമേ കഴിയുമായിരുന്നുള്ളു. അവള്‍ക്ക് വേവലാതികള്‍ ഉണ്ടായിരുന്നുമില്ല. പട്ടണത്തിലെ കപടതകള്‍ക്കിടയില്‍ താനുമൊരു “ടെസ്റ്റൂബ്” ബേബിയായിരുന്നു എന്ന നിര്‍ദ്ദോഷമായ സത്യം പട്ടണത്തിലെ അവളുടെ ഏറ്റവും അടുത്ത കൂട്ടു കാരികള്‍ക്ക് പോലും അറിവും ഉണ്ടായിരുന്നില്ല. അവനോട് മാത്രം അവള്‍ അതു പറഞ്ഞിരുന്നു. അവന്റെ സമാധാ‍നത്തിന് വേണ്ടി മാത്രം.

സൌഹൃദം പ്രണയത്തിന് വഴി മാറിയപ്പോഴും വീണു കിട്ടുന്ന സ്വകാര്യതകളില്‍ അവര്‍ മൃദുലതകളെ പങ്കു വെച്ചില്ല. കാമ്പസിന്റെ ഇടനാഴികളിലെ പ്രണയത്തിന്റെ നനു നനുത്ത കിന്നാരങ്ങള്‍ അവര്‍ക്കന്യമായിരുന്നു. അവരുടെ സ്വകാര്യതകളില്‍ അവര്‍ തിരഞ്ഞത് അവരുടെ തന്നെ അസ്തിത്വമായിരുന്നു. തങ്ങള്‍ ദത്തെടുക്കപെട്ടവരല്ല. പ്രത്യുല്പാദന വ്യൂഹത്തിലെവിടെയോ ദൈവമൊരുക്കിയ കുരുക്ക് തിരുത്തപെടുക മാത്രം ചെയ്യപെട്ട് തങ്ങളുടെ തന്നെ മാതാപിതാക്കളാല്‍ ജന്മം ലഭിച്ചവര്‍ തന്നെയാണ് തങ്ങളെന്നവര്‍ ഒരോനിമിഷവും പരസ്പരം പറഞ്ഞ് ഉറപ്പിച്ചു കൊണ്ടേയിരുന്നു.

ആദ്യം വീടുകളിലെതിര്‍പ്പായിരുന്നു. ജാതിയും മതവും സമ്പത്തും കുലവും ഒക്കെ കോലം കെട്ടി ആടിയെങ്കിലും രണ്ടു പേരുടേയും അസ്തിത്വത്തിലുള്ള പൊരുത്തം അവര്‍ക്ക് തുണയായി.പട്ടണത്തിലെ ഒരേ ആശുപത്രിയില്‍ ഒരേ പോലെ ജനിക്കപെട്ടവര്‍ എന്ന ആനുകൂല്യം നിഷാദിനേയും അനിതയേയും ഭാര്യ ഭര്‍ത്താക്കന്മാരാക്കി മാറ്റി. പിതൃത്വൊം ചോദ്യം ചെയ്യപെടാതെയും അസ്തിത്വം ചോദിക്കപെടാതെയും അവര്‍ ജീവിതമാരംഭിച്ചു.

തങ്ങള്‍ക്കായിട്ടൊരു കുഞ്ഞ് തുടിപ്പെന്ന സ്വപ്നം നാലാം തവണയും രക്തം വാര്‍ന്നസ്തമിച്ചപ്പോള്‍ ഇനി എന്ത് എന്ന ചോദ്യവുമായി ഡോക്ടറുടെ മുന്നില്‍. സകലമാന പരിശോധനകളും സ്കാനിംഗുകളും കൌണ്‍സിലിംഗുകള്‍ക്കും ശേഷം ഡോക്ടര്‍ പറഞ്ഞത് കേട്ട് അവര്‍ തരിച്ചിരുന്നു:

“രക്തബന്ധമുള്ളവര്‍ വിവാഹബന്ധത്തിലേര്‍പെട്ടാല്‍ അബോര്‍ഷനുള്ള സാധ്യത കൂടുതലാണ്. നിങ്ങളുടെ പ്രശ്നവും അതുതന്നെ. നിങ്ങളുടെ ജീനുകളിലെ സാദൃശ്യമാണ് വില്ലന്‍. നിഷാദിന്റെ മുറപെണ്ണാണ് അനിത അല്ലേ?”

“എന്താ ഡോക്ടര്‍ പറഞ്ഞേ?” അനിത ഭ്രാന്തമായാണത് ചോദിച്ചത്.

“അല്ലല്ലോ...നിങ്ങളുടേത് മിശ്ര വിവാഹമല്ലേ...പിന്നെങ്ങനേ?...” ഡോക്ടര്‍ പാതി വഴിയില്‍ പറഞ്ഞ് നിര്‍ത്തി.

എന്താണ് സംഭവിച്ചതെന്നറിയാതെ പകച്ചു നിന്ന നിഷാദിന്റെ ചുമലിലേക്ക് കുഴഞ്ഞ് വീണ അനിതയെ താങ്ങിയെടുക്കുമ്പോള്‍ നിഷാദും തിരിച്ചറിന്റെ പാതയിലേക്ക് പതുക്കെ വരികയായിരുന്നു. ഒരിക്കലും തിരുത്തപെടാന്‍ കഴിയാത്ത തിരിച്ചറിവിന്റെ കട്ട പിടിച്ച ഇരുട്ട് അവന്റെ കണ്ണുകളിലേക്കും ആര്‍ത്തലച്ച് കയറുന്നുണ്ടായിരുന്നു.