Monday, May 12, 2008

ഫല്‍ഗൂന് വീണുകിട്ടിയ മഹാഭാഗ്യം

ഓര്‍ക്കാപുറത്താണ് ആ സന്ദേശം ഫല്‍ഗുനനെ തേടിയെത്തിയത്. അഞ്ചു ലക്ഷം ദിര്‍ഹം സമ്മാനം. കേവലം എഴുന്നൂറ് ദിര്‍ഹം പ്രതിമാസ വരുമാനത്തില്‍ പ്രവാസ ജീവിതമാരംഭിച്ച ഫല്‍ഗു ജീവിതത്തിന്റെ രണ്ടറ്റവും ഒരു വിധം കൂട്ടി യോജിപ്പിച്ചുകൊണ്ട് പേര്‍ഷ്യക്കാരന്റെ വേഷം ധരിച്ചു ജീവിച്ചു പോകവേയാണ് പതിനേഴ് വര്‍ഷത്തിന് ശേഷം ആ വാര്‍ത്ത ജീവിതമാകെ മാറ്റിമറിക്കുമാറ് ഫല്‍ഗുവിലേക്കെത്തിയത്.

പതിനേഴുവര്‍ഷമായി ഫല്‍ഗു പ്രവാസിയായിട്ട്. ആദ്യം തുടങ്ങിയടത്ത് തന്നെയാണോ ജീവിതം എന്ന് ചോദിച്ചാല്‍ അല്ല എന്ന് സത്യസന്ധമായി ഫല്‍ഗു ഉത്തരം പറയും. നിഷ്കളങ്കമായ ഒരു ചിരിയില്‍ ഫല്‍ഗുവിന്റെ ജീവിത വിജയം നിങ്ങള്‍ക്ക് കേള്‍ക്കാം.

മൂന്ന് സഹോദരിമാരും അമ്മയും അടങ്ങുന്ന കുടുംബം നോക്കേണ്ടുന്ന ഉത്തരവാദിത്തം ഫല്‍ഗുവിനെ ഏല്പിച്ച് കൂലിപണിക്കാരനായ അപ്പന്‍ നേരത്തേ അന്ത്യവിശ്രമം തേടിയതു കൊണ്ട് പതിനാലാം വയസ്സില്‍ പഠനം ഉപേക്ഷിച്ച് ഫല്‍ഗു കെട്ടിടം പണിക്ക് സഹായിയായി തന്റെ കരീയര്‍ ആരംഭിച്ചു. അന്നന്നത്തെ അപ്പം തേടിയുള്ള പരക്കം പാച്ചിലില്‍ തന്റെ മൂന്ന് സഹോദരിമാരും ഫല്‍ഗുവിനോടൊപ്പം കെട്ടിടം പണിക്ക് കൂടി. നാലുപേരും കൂടി അദ്ധ്വാനിച്ച് അല്ലലില്ലാതെ കഴിയവയാണ് തലവരിയൊന്നും കൊടുക്കാതെ ഹെല്‍പ്പര്‍ തസ്തികയില്‍ ഫല്‍ഗുവിന് ദുബായിലേക്ക് വിസ തരപ്പെടുന്നത്. പരദേശത്താണെങ്കില്‍ മാത്രമേ പണിയെടുക്കൂ എന്ന ജനുസ്സില്‍ പെട്ട ആളല്ലാത്തതു കൊണ്ട് തന്നെ ദുബായില്‍ വിമാനമിറങ്ങുമ്പോള്‍ പുതിയൊരു സൈറ്റില്‍ പണിക്ക് വന്നു എന്ന ഒരു തരം വികാരമേ ഫല്‍ഗുവിനുണ്ടായിരുന്നുള്ളു.

സഹോദരിമാരെ കൂലിപണിക്ക് വിടാതിരിക്കാനുള്ള ഒരു മാര്‍ഗ്ഗം മാത്രമായേ ഫല്‍ഗു തന്റെ ഗള്‍ഫ് യാത്രയേ കണ്ടുള്ളു. ആദ്യമാസം ശമ്പളമായി കിട്ടിയ പണം നാട്ടിലേക്കയച്ച് ഫല്‍ഗു സഹോദരിമാരോട് കൂലിപണിക്ക് പോകുന്നത് അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സഹോദരിമാരുടെ കൂലിപണി അവസാനിപ്പിച്ചത് തന്നെയാണ് ഫല്‍ഗൂനെ സംബന്ധിച്ചിടത്തോളം ഏറ്റവും വല്ലിയ നേട്ടമായതെന്ന് ഫല്‍ഗു സഹമുറിയന്മാരോട് അല്പം അഹങ്കാരത്തോടെതന്നെയാണ് പറയാറ്.

മൂന്ന് വര്‍ഷത്തെ പ്രവാസത്തിനിടക്ക് ആദ്യം ലഭിച്ച അവധിക്ക് മടങ്ങി പോക്കില്‍ ഫല്‍ഗു മൂത്ത ചേച്ചിയുടെ വിവാഹം അധികം ആഢംബരമൊന്നുമില്ലാതെ ഭംഗിയായി തന്നെ നടത്തി. പെങ്ങളുടെ ഭര്‍ത്താവിന് ഒരു വിസതരപ്പെടുത്താനും ഫല്‍ഗുവിന് അധികം അദ്ധ്വനിക്കേണ്ടി വന്നില്ല. ഒരോ മുമ്മൂന്ന് വര്‍ഷം കൂടുമ്പോഴും നാട്ടിലേക്ക് പറക്കുന്ന ഫല്‍ഗു ഒരോതവണയും ഒരോ ചേച്ചിമാരുടേയും വിവാഹം നടത്തി. വിവാഹാനന്തരം അളിയന്മാര്‍ ദുബായിലേക്കെത്തുകയും ചെയ്തു കൊണ്ടിരുന്നു. മൂന്ന് ചേച്ചിമാരുടേം വിവാഹശേഷവും വീട് പുതുക്കി പണിയണം എന്ന ബന്ധുക്കളുടേം കൂട്ടുകാരുടേം നിര്‍ബന്ധം അനുസരിക്കപെടാതെ അവശേഷിച്ചു എന്ന് മാത്രം.

നാലാം ലീവിനുള്ളപോക്കില്‍ ഫല്‍ഗുവും വീവാഹിതനായി. ഒരു ചെറുചടങ്ങ്. സ്ത്രീധനമൊന്നും ഫല്‍ഗുവിന് പ്രശ്നമല്ലായിരുന്നു. കൊടുക്കുവാന്‍ നാട്ടുകാര്‍ തയ്യാറുമായിരുന്നു. പക്ഷേ ഫല്‍ഗു തിരഞ്ഞെടുത്തത് ഒരു ഭാര്യയായിരുന്നു. വിലപേശാന്‍ ഫല്‍ഗുവിന് വശമുണ്ടായിരുന്നുമില്ല. ഫല്‍ഗുവിന് അതിന് താല്പര്യവുമുണ്ടായിരുന്നില്ല. മൂന്ന് പെങ്ങള്‍മാരും ഭര്‍ത്താക്കന്മാരോടോപ്പം ഗള്‍ഫില്‍ സുഖമായി കഴിയുന്നു. ഫല്‍ഗുവും ഭാര്യയെ വിസിറ്റ് വിസയില്‍ കൊണ്ടു വന്നിരുന്നു. ഇപ്പോള്‍ മൂന്ന് പെണ്‍കുട്ടികള്‍ ഫല്‍ഗുവിനൊണ്ട്. മൂന്ന് പേരും പഠിക്കാന്‍ മിടുക്കരുമാണ്. ഇതെല്ലാം നേടികൊടുത്തത് ഫല്‍ഗുവിന്റെ അദ്ധ്വാനമാണെന്ന് നാട്ടുകാരും ദുബായി ജീവിതമാണെന്ന് ഫല്‍ഗുവും. ഫല്‍ഗുവിന്റെ വാദഗതിയാണ് ശരിയെന്ന് വിധിച്ചുകൊണ്ട് ഇതാ ഇപ്പോള്‍ ഈ വല്ലിയ സമ്മാനവും.

അഞ്ചുലക്ഷം ദിര്‍ഹം! ലോട്ടറിയെടുക്കുകയെന്നത് ജീവിതത്തിലൊരിക്കലും ഫല്‍ഗു ചെയ്യാത്ത ഒരു കൃത്യം. നാട്ടിലേക്ക് പണമയച്ചപ്പോള്‍ കിട്ടിയ കൂപ്പണില്‍ പേരെഴുതി എക്സ്ചേഞ്ചില്‍ വച്ചിരുന്ന ഒരു പെട്ടിയില്‍ നിക്ഷേപിക്കുക മാത്രമേ ഫല്‍ഗു ചെയ്തുള്ളു. ഒരാഴ്ചകഴിഞ്ഞപ്പോള്‍ സമ്മാ‍ന വിവരവുമായി മൊബൈല്‍ ശബ്ദിച്ചു.

പിന്നെ എല്ലാം പെട്ടെന്ന് കഴിഞ്ഞു. പതിനേഴ് വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ ഭാഗ്യവാന് പൌരസമിതി ഗംഭീര സ്വീകരണം തന്നെ നല്‍കി. അദ്ധ്വാനിയായ ഫല്‍ഗുവിനെ കണ്ടുപഠിക്കാന്‍ പൌരമുഖ്യന്മാര്‍ പുതു തലമുറയോട് അലമുറയിട്ടു. സ്വീകരണം കഴിഞ്ഞ് പോകവേ ഫല്‍ഗു പ്രത്യാകമായി കൊണ്ടു വന്നിട്ടുണ്ടാകുമെന്ന് പൌരമുഖ്യര്‍ വെറുതേ കരുതിയ നിറമുള്ള ലഹരിക്ക് വേണ്ടി പൂമുഖത്ത് തിരക്കഭിനയിച്ച് നിന്നവര്‍‍ നിരാശരായി. ഫല്‍ഗുവിന്റെ ജീവിതത്തില്‍ ലഹരി പാനീയങ്ങള്‍ക്ക് പ്രസക്തിയൊന്നും ഉണ്ടായിരുന്നില്ല എന്ന തിരിച്ചറിവോടെ പൌരപ്രമാണിമാര്‍ ഫല്‍ഗുവിന്റെ വീടു വിട്ടിറങ്ങി.

ഫല്‍ഗൂനനെ കൊണ്ട് വീട് പൊളിച്ച് പുതിയത് പണിയിക്കാന്‍ നാട്ടുകാരും വീട്ടുകാരും പരിചയക്കാരും വിശിഷ്യാ കോണ്ട്രാക്ടര്‍മാരുമൊക്കെ വളരെയധികം ബുദ്ധിമുട്ടേണ്ടി വന്നു. ഗള്‍ഫിലുള്ള സഹോദരിമാരും കുടുംബവീട് പൊളിച്ച് പുതിയത് പണിയണം എന്ന നിര്‍ബന്ധത്തിലായിരുന്നു. പഴയ വീടിന്റെ കുറവുകളേ കുറിച്ചും പുതിയ വീട് വന്നാലുണ്ടാകാന്‍ പോകുന്ന ഗുണങ്ങളെ കുറിച്ചും ഫല്‍ഗൂന്റെ ഭാര്യ നിര്‍ത്താതെ പതം പറഞ്ഞ് ഒടുവില്‍ ഫല്‍ഗൂന്റെ കൊണ്ട് തറവാട് പൊളിപ്പിച്ചു. പുതിയ വീട്ടിന്റെ പണി ഒരര്‍ത്ഥത്തില്‍ ഫല്‍ഗൂന് സന്തോഷം ഉണ്ടാക്കുകയും ചെയ്തു. രാവിലെ മുതല്‍ വെറുതെയിരിക്കുക എന്ന ശിക്ഷയില്‍ നിന്നും താല്‍കാലികമായെങ്കിലും ഒരു മോചനമായല്ലോ. നേരം പരപരാ വെളുക്കുമ്പോള്‍ തന്നെ ഫല്‍ഗു കവറോളും ഇട്ട് വീടിന്റെ പണിക്കാരേം പ്രതീക്ഷിച്ച് നില്‍ക്കും. എട്ട് മണിക്ക് പണിക്ക് കയറേണ്ടവര്‍ കൃത്യം ഒമ്പത് മണിക്ക് തന്നെ എത്തും. ഫല്‍ഗു പുലര്‍ച്ചേ നാലു മണിക്ക് തന്നെ റെഡിയായിട്ടുണ്ടാവും. വാടക വീട്ടില്‍ നിന്നും പുതുവീട്ടിന്റെ പണിസ്ഥലത്തേക്ക് നടന്നെത്തുകയെന്നതും ഫല്‍ഗൂന് സമയം പോക്കാനുള്ള ഒരു ഉപാധിയായി.

ലോട്ടറി കിട്ടിയോനെ പണിക്കാര്‍ നന്നായി തന്നെ സേവിച്ചു. വീടു പണി കഴിഞ്ഞപ്പോഴേക്കും ലോട്ടറി വീണ ബാങ്ക് അക്കൌണ്ട് ഈര്‍ക്കിലി പരുവമായി കഴിഞ്ഞിരുന്നു എന്നത് ഫല്‍ഗൂന് മാത്രമറിയാവുന്ന സത്യം. ഭാര്യക്ക് അതിലൊന്നും ശ്രദ്ധിക്കാന്‍ സമയമുണ്ടായിരുന്നില്ല. ടി.വിയിലെ പുതു പരസ്യങ്ങള്‍ നോക്കി വീട് ആധുനിക വത്കരിക്കുക എന്ന അദ്ധ്വാ‍നത്തിലായിരുന്നു ഭാര്യ മുഴുവന്‍ സമയവും. രണ്ടു നിലക്ക് തലയുയര്‍ത്തി നിന്ന വീട് കാണെ കാണെ ഫല്‍ഗൂന് സന്തോഷത്തെക്കാളേറേ നഷ്ടബോധമാണ് ഉണ്ടായത്. ദുബായിലെ ഒറ്ററൂമിലെ എട്ടു പേരെന്ന ആഢംബരം ഫല്‍ഗൂന് ഗൃഹാതുരത്വം ആയി.

വീട് പണി കഴിയവേ ഫല്‍ഗൂ തൊഴില്‍ രഹിതനായി. ചെയ്യാന്‍ പണിയൊന്നും ഇല്ല. ഫല്‍ഗു പ്രതിസന്ധിയിലേക്ക് നീങ്ങുകയായിരുന്നു. വെറുതെയിരിക്കുക എന്ന കൃത്യത്തിനായി പുലര്‍ച്ചേ നാലുമണിക്ക് കൃത്യമായി ഉറക്കമെഴുന്നേല്‍ക്കാതിരിക്കാന്‍ ഫല്‍ഗുവിന് കഴിഞ്ഞില്ല. പിന്നെ വൈകുംവരെ വെറുതെയിരിക്കുക എന്നത് ഫല്‍ഗുവിനെ സംബന്ധിച്ചിടത്തോളം വല്ലാത്ത പരീക്ഷണവുമായി കഴിഞ്ഞിരുന്നു. തൂമ്പയുമായി പുരയിടത്തില്‍ ഇറങ്ങാമെന്ന് കരുതിയപ്പോള്‍ ഭാര്യമാത്രമല്ല വിലക്കിയത്. അടുത്ത പുരയിടത്തില്‍ പണിയെടുത്തുകൊണ്ടിരുന്ന വേലായുധനും പറയാനുണ്ടായിരുന്നത്:
“ഫല്‍ഗു മുതലാളി കൂന്താലിയെടുക്കുകയോ? അയ്യോ പാടില്ല. നാളെ ഞാന്‍ കുഞ്ഞികുട്ടനെ ഇങ്ങോട്ട് പറഞ്ഞ് വിടാം”
എന്നാണ്. പിറ്റേന്ന് മുതല്‍ കുഞ്ഞികുട്ടന്‍ ചാര്‍ജെടുക്കുകയും ചെയ്തു.

അങ്ങിനെ എങ്ങോട്ട് തിരിഞ്ഞാലും ആവശ്യപ്പെടാതെ തന്നെ പരിചാരകന്മാര്‍. ഫല്‍ഗുവിന് ശ്വാസം മുട്ടലായി പരിചാരക വൃന്ദം വീട്ടിലും മുറ്റത്തുമൊക്കെയായി കറങ്ങി നടന്നു. രാവിലെ നാലുമണിക്ക് ഉറക്കമുണരാതിരിക്കാന്‍ ഫല്‍ഗുവിന് കഴിഞ്ഞതേയില്ല. ഉറക്കം വിട്ടെഴുന്നേറ്റ് പ്രാഥമിക കൃത്യങ്ങളെല്ലാം കഴിഞ്ഞ് ടി.വി. യുടെ മുന്നില്‍ കുത്തിപ്പിടിച്ചിരിക്കുക ക്രിത്യസമയത്ത് പ്രാതല്‍ ഉച്ചയൂണ് അത്താഴം ഇടക്ക് ഒന്നു രണ്ട് ചായ അങ്ങിനെയായി ഫല്‍ഗൂന്റെ ദിനചര്യ. ഇതൊന്നുമായും ഇഴകിചേരാന്‍ ഫല്‍ഗൂന് കഴിഞ്ഞുമില്ല. വെറുതെയിരിക്കുക എന്ന ദുഷ്കരമായ അവസ്ഥക്ക് അടിമയാകാന്‍ ഫല്‍ഗൂന് കഴിയുമായിരുന്നില്ല.

അങ്ങിനെയിരിക്കയാണ് ഫല്‍ഗൂന് സ്വയം ചെയ്യാവുന്ന ഒരിക്കലും പരിചാരകന്മാര്‍ ശല്യം ചെയ്യാത്ത ഒരു നേരമ്പോക്ക് ലഭിച്ചത്. കാലിന്റെ മടമ്പില്‍ ഒരു ചെറിയ ചൊറിച്ചില്‍. ടി.വീ. ദര്‍ശിച്ചുകൊണ്ടിരിക്കുമ്പോള്‍ ഫല്‍ഗു മടമ്പില്‍ ചെറുതായി ചൊറിഞ്ഞു കൊണ്ടിരിക്കും. ചൊറിഞ്ഞു തുടങ്ങിയടത്ത് ഒരു കുരുപ്പ് മൂന്ന് നാലു ദിനം കൊണ്ട് പ്രത്യക്ഷപെട്ടപ്പോള്‍ ഫല്‍ഗുവിനുണ്ടായ സന്തോഷം സമ്മാനം ലഭിച്ചു എന്ന് സന്ദേശം ലഭിച്ചപ്പോഴുണ്ടായതിനേക്കാള്‍ എത്രയോ വലുതായിരുന്നു. വളര്‍ന്ന് വരുന്ന കുരുപ്പിനെ പരിപോഷിപ്പിച്ച് ഫല്‍ഗു അനിര്‍വചനീയമായ ഒരു നിര്‍വൃതിയോടെ ടി.വി.യുടെ മുന്നിലിരുന്നു. ദിവസങ്ങള്‍ കഴിയവേ കുരുപ്പ് വലുതായി കൊണ്ടിരുന്നു. മറ്റാരെങ്കിലും കണ്ട് തന്റെ കുരുപ്പ് ചികിത്സിപ്പിക്കാന്‍ ശ്രമിക്കുമോ എന്ന ചിന്തയില്‍ നിന്നും ഉയര്‍ന്ന ഭയത്തില്‍ ഫല്‍ഗു തന്റെ ചൊറി രഹസ്യമാക്കി തന്നെ വെച്ചു.ലുങ്കിയുടെ തുമ്പ് മറച്ച് ലുങ്കിക്കടിയിലൂടെ കാലിന്റെ മടമ്പ് ചൊറിഞ്ഞ് കൊണ്ട് ഫല്‍ഗു രഹസ്യമായി ആ അനുഭൂതി നുണഞ്ഞ് കോണ്ട് ദിനങ്ങള്‍ തള്ളി നീക്കി. ചെറിയ കുരുപ്പ് വൃണമായി മാറവേ ലുങ്കിയുടെ മറവിനെ അവഗണിച്ച് പുറപെട്ട ദുര്‍ഗന്ധത്താല്‍ കണ്ടുപിടിക്കപെട്ട വൃണത്തെ സുഖപ്പെടുത്താന്‍ ഭാര്യയും മക്കളും പരിചാരകന്മാരും ശ്രമിച്ചത് സ്വീകരണമുറിയില്‍ നിന്നും ഫല്‍ഗൂ അപ്രത്യക്ഷമാകാന്‍ കാരണമായി. പതിവുപോലെ ഒരു ദിനം പുലര്‍ച്ചേ നാലുമണിക്ക് ഉറക്കമെഴുന്നേറ്റ ഫല്‍ഗൂനെ പിന്നെയാരും കണ്ടിട്ടില്ല.

ഫല്‍ഗു എവിടെ എന്ന ചോദ്യം ഇപ്പോള്‍ ആരും ചോദിക്കുന്നില്ല. പെണ്മക്കള്‍ മൂന്ന് പേരും എവിടെയാണെന്നും ആര്‍ക്കും അറിയില്ല. ഭാര്യ ഒരുമുഴം കയറില്‍ നിത്യ ശാന്തി പ്രാപിച്ചതിന് ശേഷം ആ കുട്ടികളെ ചില ദിനങ്ങള്‍ കൂടി മാത്രമേ വീട്ടില്‍ കണ്ടുള്ളു. ദുബായിലായിരുന്ന ഫല്‍ഗൂന്റെ ഓപ്പോള്‍ മാ‍ര്‍ക്കൊന്നും ആ അത്യഹിതം നടന്നിട്ട് നാട്ടിലേക്ക് വരാനും കഴിഞ്ഞില്ല. അവര്‍ക്ക് അവരുടേതായ തിരക്കുകള്‍ ഉണ്ടായിരുന്നു.

ഫല്‍ഗുനനും തിരക്കായിരുന്നു. ശരീരമാസകലം പൊട്ടിയൊലിക്കുന്ന വൃണങ്ങളുമായി ധര്‍മ്മാശുപത്രിയിലെ മൂലക്ക് നിര്‍ത്താതെ ചൊറിഞ്ഞ് കൊണ്ടേയിരിക്കുകയാണ് അദ്ധ്വാനിയായ ഫല്‍ഗു. ചൊറികുത്തല്‍ എന്ന തന്റേത് മാത്രമായ തൊഴില്‍ അവിരാമം തുടരാനിപ്പോള്‍ ഫല്‍ഗൂന് തടസ്സമേതുമില്ല തന്നെ.

(വായനക്കാരാ: കഥ തികച്ചും സാങ്കല്പികമാണ് കഥാപാത്രങ്ങള്‍ ജീവിച്ചിരിക്കുന്നവരും)