Friday, August 01, 2008

വീണ്ടും മോഷണം.

ഒരു മോഷണം കൂടി ബൂലോഗത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നു. മലയാള സിനിമാ നിരൂപണവും ഫോട്ടോ പിടുത്തവുമായി ബൂലോഗത്ത് നിറ സാനിദ്ധ്യമായ ഹരീയുടേതായ ഫോട്ടോകളാണ് ഇത്തവണ ചോരണത്തിന് വിധേയമായിരിയ്ക്കുന്നത്.

രണ്ടായിരത്തി എട്ട് മാര്‍ച്ച് ഇരുപത്തിനാലാം തീയതിയിലെ മാധ്യമം ആഴ്ചപ്പതിപ്പിലാണ് ഹരീയുടെ ഒരു ചിത്രം അദ്ദേഹത്തിന്റെ അറിവോ സമ്മതമോ കൂടാതെ പരസ്യത്തിനായി ഉപയോഗിച്ചിരിയ്ക്കുന്നത്. രണ്ടായിരത്തി ഏഴ് സെപ്റ്റംബർ രണ്ടിന് ഹരീ ഫ്ലീക്കറില്‍ പ്രസിദ്ധീകരിച്ച തന്റെ ചിത്രമാണ് ചോരണത്തിന് വിധേയമായിരിയ്ക്കുന്നത്. ഹരീയുടെ ചിത്രത്തിന്റെ മികവ് തന്നെയാണ് അത് മോഷ്ടിക്കപ്പെടാന്‍ കാരണമായത് എന്നത് നിസ്സംശയം പറയാം.

മാധ്യമം തങ്ങളുടെ തന്നെ വെളിച്ചം എന്ന പ്രസിദ്ധീകരണത്തിന്റെ പ്രചരണാര്‍ത്ഥമാണ് ഹരീയുടെ ചിത്രം ദുരുപയോഗം ചെയ്തിരിയ്ക്കുന്നത് എന്നത് ഈ ചോരണത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിയ്ക്കുന്നു. ബ്ലോഗില്‍ നിന്നും ഇന്റര്‍നെറ്റില്‍ നിന്നും ഒരു കോപ്പീ പേസ്റ്റിന്റെ അകലത്തില്‍ തങ്ങള്‍ക്ക് ആവശ്യമുള്ളത് അനായാസം ലഭിയ്ക്കും എന്ന അവസ്ഥയാണ് ഇന്നുള്ളത്. ഉത്തരവാദപ്പെട്ട ഒരു മലയാളം പത്ര സ്ഥാപനം തന്നെ ഇങ്ങിനെയൊരു നിലപാട് സ്വീകരിച്ചതിനെതിരേ പ്രതിഷേധിയ്ക്കാതിരിയ്ക്കാന്‍ കഴിയില്ല.

ഹരീ തന്നെയാണ് ചിത്ര ചോരണത്തെ കുറിച്ച് പോസ്റ്റിട്ടിരിയ്ക്കുന്നത്. ആ ചിത്രത്തോട് ഹരീയ്ക്കുള്ള വൈകാരികത അദ്ദേഹത്തിന്റെ ഈ കമന്റില്‍ നിന്നും വ്യക്തവുമാണ്. മാധ്യമത്തിന്റെ ചിത്ര ചോരണം കൂടുതല്‍ മനസ്സിലാക്കാന്‍ ഹരീയുടെ ബ്ലോഗ് സന്ദര്‍ശിയ്ക്കുക.

മാധ്യമത്തോടുള്ള പ്രതിഷേധം അറിയിയ്ക്കുന്നതോടൊപ്പം ഹരീയ്ക്ക് ധാര്‍മ്മികമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.