Wednesday, January 02, 2008

ബൂലോകത്തിന്റെ സ്വന്തം കാര്‍ട്ടൂണിസ്റ്റിന് സ്നേഹ പൂര്‍വ്വം..

സജ്ജീവ് ബാലകൃഷ്ണന്‍ എന്ന കാര്‍ട്ടൂണിസ്റ്റ് ഒരു നിശ്ശബ്ദ പ്രയാണത്തിലായിരുന്നു...അഞ്ച് മാസം കൊണ്ട് മലയാള ബ്ലോഗറന്മാരുടെ നൂറ് കാരിക്കേച്ചര്‍ വര‍ക്കുക എന്ന ദുര്‍ഘടമായ ഒരു ഉദ്യമം സ്വയം ഏറ്റെടുത്ത് നിശ്ശബ്ദനായി മുന്നോട്ട് പോയ സജ്ജീവ് തന്റെ ലക്ഷ്യം നേടുന്നതാണ് ഡിസംബര്‍ മുപ്പത്തിയൊന്നാം തീയതി കണ്ടത്. അതായത് നൂറ്റി അമ്പത് ദിവസം കൊണ്ട് നൂറ് കാരിക്കേച്ചര്‍. ലളിതമല്ലായിരുന്നു ആ ലക്ഷ്യം. പ്രത്യകിച്ചും വര്‍ണ്ണത്തില്‍ ചാലിച്ച കാരിക്കേച്ചര്‍ വരക്കുക അത്രയെളുപ്പമല്ലായെന്ന് വരയും വര്‍ണ്ണവും തിരിച്ചറിയുന്നവര്‍ സാക്ഷ്യപ്പെടുത്തും. ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ലാത്തവരുടെ, ബ്ലോഗിലെ പ്രൊഫൈല്‍ നല്‍കുന്ന കുഞ്ഞു ഫോട്ടോകളില്‍ നിന്നും ബ്ലോഗിലെ അവരുടെ എഴുത്തിന്റെ ശൈലിയില്‍ നിന്നുമൊക്കെ ബ്ലോഗറെ ആവാഹിച്ച് കാരിക്കേച്ചറാക്കി തുറന്ന് വിടുമ്പോള്‍ പ്രസ്തുത ബ്ലോഗറെ നേരിട്ട് കണ്ടിട്ടുള്ളവര്‍ “ഇത് അയാള്‍ തന്നെ” എന്ന് സാക്ഷ്യപ്പെടുത്തുന്നത് ബൂലോകര്‍ പലവുരു കണ്ടിട്ടുള്ളതാണ്. സജ്ജീവ് ബാലകൃഷ്ണന്‍ ഒരു വിജയമാകുന്നതും അവിടെ തന്നെ.

സജ്ജീവ് ബാലകൃഷ്ണന്‍ തുടങ്ങുന്നത് രണ്ടായിരത്തി ഏഴ് ജൂലൈ ഇരുപത്തി നാലാം തീയതി ബൂലോകത്തിന്റെ പുപ്പുലിയെ ആവാഹിച്ച് കൊണ്ടാണ്. ബൂലോകത്തേക്ക് സജ്ജീവ് ബാലകൃഷ്ണനെ കൈപിടിച്ചെത്തിച്ച വിശാലമനസ്കനില്‍ തുടങ്ങിയ ജൈത്രയാത്ര നൂറെന്ന നാഴിക കല്ലിലെത്തുമ്പോള്‍ കാര്‍ട്ടൂണ്ണിസ്റ്റിന്റെ തൂലിക ചലിച്ചത് സജ്ജിവ് ബാലകൃഷ്ണനെ കാര്‍ട്ടൂണുകളുടെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ സണ്ണിമാഷിന് വേണ്ടിയായിരുന്നു. സണ്ണിമാഷും കാര്‍ട്ടൂണിസ്റ്റായ സജ്ജീവ് ബാ‍ലകൃഷ്ണനും തമ്മിലുള്ള ആത്മ ബന്ധം ബൂലോകര്‍ക്ക് എന്നെന്നും ഓര്‍ത്തുവെക്കാന്‍ കഴിയുന്ന ഒരു കുറിപ്പുമായി. ഗുരുശിഷ്യ ബന്ധത്തിന്റെ മഹത്വവും ആത്മമിത്രങ്ങളുടെ മഹിമയും സാഹോദര്യത്തിന്റെ വിശുദ്ധിയും ഒരു പോലെ അനുവാചകനിലേക്ക് സന്നിവേശിപ്പിക്കുന്നതായിരുന്നു സണ്ണിമാഷിനെ കുറിച്ചുള്ള ഓര്‍മ്മകുറിപ്പ്.

നൂറ് പുലികളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഏതാണ് എന്ന് സജ്ജിവ് ബാലകൃഷ്ണനോട് ചോദിച്ചാല്‍ എല്ലാം ഒരു പോലെയെന്ന മറുപടിയായിരിക്കും ലഭിക്കുക. സൃഷ്ടികര്‍ത്താവിന് അങ്ങിനെയായിരിക്കുമെങ്കിലും അനുവാചകന് ഏറ്റകുറച്ചിലുകള്‍ ഉണ്ടാകുമല്ലോ? അല്ല ഉണ്ടാകണം. ഏതാനും വരകള്‍ കൊണ്ട് ഒരു വ്യക്തിയുടെ സ്വഭാവവും ശൈലിയും രൂപവും അതേപടി ആവാഹിച്ച് വെക്കുന്നതാണ് കാരിക്കേച്ചര്‍ എങ്കില്‍ സജ്ജീവിന്റെ ലിസ്റ്റിലെ നാല്പതാം നമ്പര്‍ പുലി ആകാന്‍ ഭാഗ്യം സിദ്ധിച്ച കൂഴൂര്‍ വിത്സന്റെ കാരിക്കേച്ചര്‍ ആയിരിക്കും ഒന്നാമതെത്തുക. ഒരിക്കലെങ്കിലും കൂഴൂര്‍ വിത്സനെ നേരിട്ട് കണ്ടിട്ടുള്ളവര്‍ക്ക് അത് ബോധ്യമാകും.

അറുപത്തി മൂന്നാം നമ്പര്‍ പുലിമണി ദേവസേനയും കിടാങ്ങളും പുലി ലിസ്റ്റില്‍ വേറിട്ട് നില്‍ക്കുന്നു. കൂടെയുള്ള കുറിപ്പും കൂടിയാകുമ്പോള്‍ എല്ലാം തികഞ്ഞു.

ആദ്യ ബൂലോക വിവാഹത്തിന് സജ്ജീവിന്റേതായി വന്ന വിവാഹ സമ്മാനവും മംഗള പത്രവും നന്നായി ആസ്വദിക്കപ്പെട്ട കാരിക്കേച്ചര്‍ ആയിരുന്നു. കുപ്പയമില്ലാത്ത മെലിഞ്ഞ ഉടലുമായി “കട്ടനും” അടച്ച് എഴുതി തള്ളുന്ന ബെര്‍ളീതോമസും ചട്ടയിട്ട് വാലിട്ട മുണ്ടുമുടുത്ത് തിരിഞ്ഞ് നോക്കി തിരിഞ്ഞ് നോക്കി ഒതുക്കത്തില്‍ ഓടിപോകുന്ന കൊച്ചു ത്രേസ്യയും ചെവിയില്‍ ചെമ്പരത്തി ചൂടി പായസമിളക്കുന്ന കൈതമുള്ളും വള്ളിനിക്കറുമിട്ട് ചിമ്മിനി വെട്ടത്തില്‍ വരമൊഴി സ്ലേറ്റിലെഴുതുന്ന സിബുവും തുടങ്ങിയെല്ലാ കാരിക്കേച്ചറുകളും ബൂലോകര്‍ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങിയതിന് തെളിവാണ് ഈ കാരിക്കേച്ചറുകളില്‍ മിക്കതും അതാത് ബ്ലോഗറന്മാരുടെ ബ്ലോഗുകളില്‍ ഇടം തേടിയിരിക്കുന്നു എന്നത്.

ചിരി ഒരു വളവാണ് എന്നപേരില്‍ കൂഴൂര്‍ വിത്സന്‍ തന്റെ വാര്‍ത്തകള്‍ വായിക്കുന്നത് എന്ന ബ്ലോഗില്‍ സജ്ജീവ് ബാലകൃഷ്ണനെ ഏഷ്യനെറ്റ് വഴി പരിചയപ്പെടുത്തുന്നത് അദ്ദേഹം അര്‍ഹിക്കുന്ന അംഗീകാരമായിരുന്നു.

കേവലം ആത്മ സംതൃപ്തിക്ക് വേണ്ടി മാത്രം ബൂലോകത്തിലെ ബ്ലോഗറന്മാരുടെ കാരിക്കേച്ചറുകള്‍ വരച്ചു തുടങ്ങുകയും നൂറ്റി അമ്പത് ദിനങ്ങള്‍ കൊണ്ടു നൂറ് കാരിക്കേച്ചറുകള്‍ വരച്ച് ബൂലോകത്തിന്റെ ഹൃദയത്തിലേക്ക് ചേക്കേറുകയും ചെയ്ത സജ്ജീവ് ബാലകൃഷ്ണന് സ്നേഹോപഹാരമായി രണ്ടായിരത്തി എട്ടിലെ ആദ്യ പോസ്റ്റ് സമര്‍പ്പിക്കുന്നു.

രണ്ടായിരത്തി പത്ത് ഡിസംബറ് മുപ്പത്തിയൊന്നാം തീയതി ആയിരം “പുലികള്‍” എന്ന ബൂലോകത്തിന്റെ സ്വന്തം കാര്‍ട്ടൂണിസ്റ്റിന്റെ ലക്ഷ്യം സാക്ഷാല്‍ക്കരിക്കപ്പെടട്ടെ!