Saturday, May 31, 2008

ഷെയറിംഗ് അക്കോമഡേഷനും പ്രവാസ ജീവിതവും.

ജോലിക്കുള്ള വേതനം ഒരിടത്ത് സ്ഥിരമായി നില്‍ക്കുകയും, താമസം/വെള്ളം/കറണ്ട്/കഞ്ഞി ചിലവുകള്‍ സ്ഥിരമായി ഉയര്‍ന്ന് ഉയര്‍ന്ന് പോവുകയും ചെയ്തു കൊണ്ടിരിക്കുന്ന വര്‍ത്തമാന കാല പ്രവാസ ജീവിതത്തില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നായി ഷെയറിംഗ് അക്കോമഡേഷന്‍ മാറിയത് ജീവിത ചിലവ് കുറയ്ക്കുവാനുള്ള പ്രവാസിയുടെ വ്യഗ്രതയില്‍ നിന്നുമാണ്.

പത്തടി നീളവും പന്ത്രണ്ടടി വീതിയും ഉള്ള ഇടുങ്ങിയ റൂമുകളിലെ വിശാലതയില്‍ മേലോട്ട് രണ്ടും നെരപ്പേ നാലും കട്ടിലുകളിലൊന്നിന്റെ ആഡംബരത്തില്‍ പ്രവാസ ജീവിതം നയിക്കുന്നവന്റെ നാട്ടിലെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുന്ന റൂമുകളുടെ എണ്ണം ഏറ്റവും കുറഞ്ഞത് മൂന്നെണ്ണം ആയിരിക്കും. ഭാര്യക്കും പൊന്നുമക്കള്‍ രണ്ടു പേര്‍ക്കുമായി പണി കഴിപ്പിച്ചിട്ടിരിക്കുന്ന മണി സൌധത്തിന്റെ എല്ലാ റൂമുകളിലും വര്‍ഷത്തില്‍ ഒരിക്കല്‍ പോലും ഒരു പക്ഷേ കുടുംബാംഗങ്ങളുടെ ശ്രദ്ധയെത്തുക പോലുമുണ്ടാകില്ല. വര്‍ഷത്തിലൊരിക്കലെ ആഡംബരത്തിന് വേണ്ടി മറ്റു പതിനൊന്ന് മാസവും നരകയാതനയെന്ന തത്വം പ്രവാസി തന്റെ ജീവിതവീഥിയില്‍ എഴുതി ചേര്‍ത്തിരിക്കുന്നു. ചേട്ടന്‍/ഇക്ക/ഇച്ചായന്‍ വരുമ്പോള്‍ മാത്രം തുറക്കപ്പെടുന്ന റൂമുകളിലെ പൊടിയടിച്ച് പെയിന്റടിച്ച് മാസം ഒന്ന് തള്ളി നീക്കി തിരിച്ച് വീണ്ടും ചേട്ടന്‍/ഇക്ക/ഇച്ചായന്‍ വന്ന് കുടുസ്സു റൂമിലെ ബെഡ് സ്പെയിസ്സില്‍ ചേക്കേറും.

ബെഡ് സ്പെയിസ് എന്നാല്‍ ബെഡ് ഇടാനുള്ള സ്ഥലം മാത്രമായിരിക്കും ലഭ്യമാവുക. നാട്ടിലേക്ക് പോകാനും വരാനും ഉപയോഗിക്കുന്ന സ്യൂട്ട് കേയ്സ് ഏറ്റവും താഴെയുള്ള കട്ടിലിന്നടിയില്‍, വസ്ത്രം തൂക്കാന്‍ ഭിത്തിയില്‍ അടിച്ച നാലഞ്ചാണികള്‍, പതിനാറു പേര്‍ക്ക് പെരുമാറാ‍ന്‍ ബാത്ത് റൂം ഒന്ന്, പടല പിണക്കങ്ങളുടെ ഭാഗമായി അടുക്കള ഭാഗം വെച്ചതിനാല്‍ അടുക്കളയില്‍ കുത്തി നിറക്കപ്പെട്ട നാലഞ്ചു ഗ്യാസുകുറ്റികളും അടുപ്പുകളും, നില‍യ്ക്കാതെ ഓടി കൊണ്ടിരിക്കുന്ന ടി.വി. ഒന്ന്, ചീഞ്ഞ സോക്സിന്റെ മടുപ്പിക്കുന്ന രൂക്ഷ ഗന്ധം തങ്ങി നില്‍ക്കുന്ന റൂമുകള്‍, പ്രവാസിയുടെ ഷെയറിംഗ് അക്കോമഡേഷന്റെ നേര്‍ ചിത്രം അവിടെ കഴിയുന്നു. എക്സിക്യൂട്ടീവ് ബാച്ചിലര്‍ എന്ന ഓമന പേരില്‍ അറിയപ്പെടുന്ന വെള്ള കോളര്‍ ജീവനക്കാരന്റെ താമസ വിശേഷമാണീ പറഞ്ഞത്.

നീല കോളര്‍ കാരന്റെ താമസ വിശേഷം പറയാതിരിക്കുകയാണ് ഭേതം. റുമിന്റെ വലിപ്പം പത്തുക്ക് പത്ത്. താമസക്കാര്‍ പന്ത്രണ്ട്. നിലത്ത് നാല് കട്ടില്‍. മുകളിലേക്ക് മൂന്ന്. നടുക്ക് നാലുക്ക് നാല് സ്ഥലം ലീവിങ്ങ് സ്പെയിസാണ്. അവിടെയും ടി.വി യൊന്നുണ്ടാകും. കട്ടിലുകളുടെ തലയ്ക്കലും കാല്‍ക്കലുമായിട്ടായിരിക്കും സ്ഥാവര ജംഗമം മുഴുവന്‍. ചീഞ്ഞ സോക്സിന്റെ മടുപ്പിക്കുന്ന മണം ഇവിടേയും എക്സിക്യൂട്ടീവ് ബാച്ചിലര്‍ അക്കോമഡേഷനിലേതിന് തുല്യമായിരിക്കും. അടുക്കളയില്‍ ദേശീ, ബംഗാളി, പാകിസ്ഥാനി, നേപ്പാളി, ശ്രീലങ്കന്‍, ഫിലിപ്പൈനി ഗ്യാസ് കുറ്റികളും അടുപ്പുകളും വെവ്വേറെയുണ്ടാകും. തമ്മില്‍ തല്ല് ഉണ്ടാകുന്നത് അപൂര്‍വ്വം ആയിരിക്കും. തല്ലു പിടിക്കാന്‍ എപ്പോഴും അന്യ രാജ്യക്കാര്‍ ഉണ്ടാകും എന്നതിനാല്‍ നാം സംഘടിതരായിരിക്കും. അതിനാലാണ് രാജ്യാന്തര അടുപ്പു കുറ്റികളും അടുപ്പുകളും അടുക്കളയില്‍ ഉണ്ടാകുന്നത്. ഒരു കാര്യത്തില്‍ നീല കോളര്‍ ജീവനക്കാരന്‍ ഭാഗ്യവാനായിരിക്കും. എന്തെന്നാല്‍ ബാത്ത് റൂമുകള്‍ നാലു പേര്‍ക്ക് ഒന്നുണ്ടാകും. കാരണം ബാത്ത് റൂമിലെ തിരക്ക് കാരണം സൈറ്റിലേക്ക് പോകല്‍ താമസ്സിക്കരുത് എന്ന ശുദ്ധ വിചാരം ഭരിക്കുന്നതിനാല്‍ കമ്പനി മുതലാളി ബാത്ത് റൂമിന്റെ കാര്യത്തില്‍ എപ്പോഴും ഉദാര മനസ്കനായിരിക്കും. ഇത് നീല കോളര്‍ ഷെയറിംഗ് അക്കോമഡേഷന്റെ നീറുന്ന നേര്‍ ചിത്രം.

ഇന്നിയാണ് ഏറ്റവും ദുഷ്കരമായ ഷെയറിംഗ് ഫാമിലിയുടെ കദന കഥ കടന്ന് വരുന്നത്. വിവാഹിതന്‍ പ്രവാസം തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ അന്നന്നത്തെ അഷ്ടിക്ക് വക തികഞ്ഞില്ലാ എങ്കില്‍ കൂടിയും കുടുംബത്തെ എങ്ങിനെ ഇക്കരെ കടത്താം എന്നുള്ളതായിരിക്കും ഊണിലും ഉറക്കിലും ചിന്തിക്കുക. കുടുംബ വിസക്ക് ഗള്‍ഫ് ഭരണ കൂടങ്ങള്‍‍ നിഷ്‌കര്‍ഷിക്കുന്ന ശമ്പള മാനദണ്ഡങ്ങള്‍ എങ്ങിനേയും മറി കടന്ന് കുടുംബ വിസ തരപ്പെടുത്തി ഭാര്യയേയും മക്കളേയും കടല്‍ കടത്തുന്ന ഗള്‍ഫ് പ്രവാസി ആദ്യമായി തിരയുന്നത് ഷെയറിംഗ് ഫാമിലി അക്കോമഡേഷന്‍ ആയിരിക്കണമല്ലോ? എഴുന്നൂറ്റി അമ്പത് ദിര്‍ഹം ബെഡ് സ്പെയിസിന് വാടക കൊടുക്കാനില്ലാതെ ജീവിച്ച് പോകവേയായിരിക്കും കുടുംബത്തെ താമസിപ്പിക്കുവാന്‍ അക്കോമഡേഷന് തപ്പുന്നത്. സ്റ്റുഡിയോ ഫ്ലാറ്റിന് പോലും അമ്പതിനായിരം ദിര്‍ഹം കൊടുക്കേണ്ടി വരുന്നിടത്ത് ഷെയറിംഗ് അക്കോമഡേഷന്‍ അല്ലാതെ മറ്റൊരു മാര്‍ഗ്ഗവും തിരഞ്ഞെടുക്കാനുണ്ടാകില്ലല്ലോ? തുശ്ച വരുമാനക്കാരന് കുടുംബത്തോടൊപ്പം താമസിക്കുവാ‍നായി ഫ്ലാറ്റുകള്‍ പങ്കു വെച്ച് തുടങ്ങിയത് അങ്ങിനെയാണ്.

രണ്ടു ബെഡ് റും ഹാള്‍ ഫ്ലറ്റെടുക്കുന്നു. ബെഡ് റൂമുകള്‍ വീതം വെച്ച് താമസം ആരംഭിക്കുന്നു. അടുക്കളയും എറായവും* കുളിമുറിയും പൊതു സ്വത്തായിരിക്കും. പാചകം ചിലയിടത്ത് ഒന്നിച്ചും മറ്റു ചിലിടത്ത് വെവ്വേറെയും ആയിരിക്കും. ഇതൊക്കെയാണല്ലോ ഷെയറിങ്ങ് ഫാമിലി എന്ന് കേള്‍ക്കുമ്പോള്‍ തോന്നുന്നത്. വാടക കൂടി കൂടി വന്നപ്പോള്‍ ഇതിലും ചില മാറ്റങ്ങള്‍ വന്നു. ഹാള്‍ ഇല്ലാതായി. അതും ഒരു റുമായി പരിവര്‍ത്തനപ്പെടുത്തി മൂന്ന് ഫാമിലി താമസിക്കാന്‍ തക്ക തരത്തിലാക്കി തുടങ്ങി. ബാല്‍ക്കണിയുണ്ടെങ്കില്‍ അവിടെ കെട്ടി മറച്ച് ചെറിയൊരു എറായം നിര്‍മ്മിക്കപ്പെട്ടു. അങ്ങിനെ വാടക ചിലവ് കുറയ്ക്കുവാനായി തുടങ്ങിയ ഷെയറിങ്ങ് ഫാമിലി സംവീധാനം ഒരു കച്ചവടമായി മാറുവാന്‍ പിന്നെ അധികം കഴിയേണ്ടി വന്നില്ല. ആദ്യം ഒരു ഫ്ലാറ്റെടുത്ത് വാടക കുറയ്ക്കാനായി ഒരു ഫാമിലിയെ കൂടെ കൂട്ടിയ ആള്‍ ഹാള്‍ കൂടി വാടകക്ക് കൊടുക്കാം എന്ന് തിരിച്ചറിഞ്ഞപ്പോള്‍ മറ്റൊരു ഫ്ലാറ്റെടുത്ത് റൂമുകള്‍ തിരിച്ച് വാടകക്ക് കൊടുത്തും ലാഭം ഉണ്ടാക്കാം എന്ന് മനസ്സിലാക്കുക കൂടിയായിരുന്നു. അത് മനസ്സിലാക്കിയവര്‍ക്ക്‍ ഷെയറിങ്ങ് അക്കോമഡേഷന്‍ എന്നാല്‍ ലൈസന്‍സ് വേണ്ടാത്ത നഷ്ട സാധ്യതയില്ലാത്ത കച്ചവടമായി മാറാനും കൂടുതല്‍ കാത്തിരിക്കേണ്ടി വന്നില്ല.

അങ്ങിനെ റൂമുകള്‍ വീണ്ടും വീണ്ടും വിഭജിക്കപ്പെട്ടു. ജിപ്സം ബോര്‍ഡും പ്ലൈയും ഒക്കെ കൊണ്ട് റൂമുകള്‍ ഇരട്ടിക്കപ്പെട്ടു. രണ്ടു ബെഡ് റൂം ഹാളില്‍ നാലില്‍ കൂടുതല്‍ കുടുംബങ്ങള്‍ ചേക്കേറി. അതോടൊപ്പം വില്ലകള്‍ വാടകക്കെടുത്തും ഭാഗം വെപ്പ് തുടങ്ങി. പഞ്ചായത്തീരാജ് നിലവില്‍ വന്ന കാലത്ത് അന്നത്തെ ഭരണ കക്ഷികക്ക് അനുകൂലമായി വാര്‍ഡുകള്‍ വിഭജിക്കപ്പെട്ടതു പോലെ ഇടിഞ്ഞ് വീഴാറാ‍യ വില്ലകളില്‍ റുമുകളെ വിഭജിച്ച് റൂമുകള്‍ക്കുള്ളില്‍ റുമുകള്‍ സൃഷ്ടിക്കപ്പെട്ടു. വില്ലകളിലെ കാര്‍ ഷെഡ് വരെ റൂമുകളായി പരിണമിച്ചു. ഒരു കുടുംബത്തിനായി പണികഴിക്കപ്പെട്ട വില്ലകളിലും ഫ്ലാറ്റുകളിലും അസംഖ്യം കുടുംബങ്ങള്‍ പാര്‍പ്പ് തുടങ്ങി. ഇതെല്ലാം അനധികൃതമായിരുന്നു. എല്ലാം അറിയാമായിരുന്നിട്ടും ഭരണ കൂടം കണ്ടില്ലാ എന്ന് നടിച്ചത് പാര്‍പ്പിട പ്രശ്നം രൂക്ഷമായത് കൊണ്ടാണെന്നും ഈ നാട്ടില്‍ ഭരണ കൂടത്തിന്റെ കണ്ണു വെട്ടിച്ച് ഒന്നും ചെയ്യാന്‍ കഴിയില്ലാ എന്നും ഷെയറിങ്ങ് അക്കോമഡേഷന്‍ കച്ചവടക്കാര്‍ മനസ്സിലാക്കിയില്ല. അങ്ങിനെയിരിക്കുമ്പോഴാണ് എല്ലാ പരിധികളും ലംഘിച്ച് ഷെയറിങ്ങ് അക്കോമഡേഷന്‍ പുതിയ സംസ്കാരത്തിന് തുടക്കമിട്ടത്. അതെങ്ങനെയെന്നല്ലേ?

മൂന്ന് ബെഡ്‌‌റൂം ഫ്ലാറ്റാണ് ഇവിടുത്തെ കഥാപാത്രം. മൂന്ന് കിടപ്പ് മുറിയുള്ള ഒരു ഫ്ലാറ്റില്‍ എത്ര കുടുംബത്തിന് കഴിയാം?
മൂന്ന് കുടുംബത്തിന്?
നാലോ?
അഞ്ച് കുടുംബത്തിനോ?
അല്ലേ അല്ല. പത്ത് കുടുംബങ്ങള്‍ വരെ മൂന്ന് കിടപ്പ് മുറികള്‍ ഉള്ള ഒരു ഫ്ലാറ്റില്‍ ചേക്കേറുന്നു എന്നത് വിശ്വസിക്കാന്‍ കഴിയുമോ? വിശ്വസിക്കണം. എങ്ങിനെയെന്നല്ലേ?

ആദ്യം മൂന്ന് കിടപ്പ് മുറികളുള്ള ഫ്ലാറ്റെടുക്കുന്നു. ഇവിടെ റുമുകള്‍ ഒന്നും വിഭജിക്കപ്പെടുന്നില്ല. പത്ത് കുടുംബത്തിലെ ഭര്‍ത്താക്കന്മാരെല്ലാം കൂടി ഒരു റൂമില്‍. ഭാര്യമാരും കുട്ടികളും മറ്റൊരു റൂമില്‍. മുന്നാമതൊരു റൂം മണിയറയാണ്. എല്ലാ ദിവസവും ഒരു കുടുംബത്തിന് ആ റൂം ഉപയോഗിക്കാം. അതായത് എല്ലാ ഭാര്യമാരും ഭര്‍ത്താക്കന്മാരും ബാച്ചിലര്‍ സ്റ്റാറ്റസില്‍ രണ്ടു റൂമുകളിലായി കഴിയുന്നു. പത്ത് ദിവസത്തില്‍ ഒരിക്കല്‍ കുടുംബമായി മറ്റൊരു റൂമിലും. ഷെയറിങ്ങ് അക്കോമഡേഷന്റെ ഏറ്റവും നീചമായ പരിണാമമായിരുന്നു ഇത്. ഇതും സംഭവിക്കപ്പെട്ടു. തുശ്ചമായ വരുമാനത്തില്‍ വിദേശത്ത് കുടുംബത്തോടൊപ്പം കഴിയണം എന്ന മധ്യവര്‍ഗ്ഗത്തിന്റെ ചിന്തയില്‍ നിന്നുമാണ് ഇത്രയും മ്ലേഛമായ സംസ്കാരത്തിലേക്ക് പ്രവാസം വഴുതി വീണത്.

അങ്ങിനെ ഷെയറിങ്ങ് അക്കോമഡേഷന്‍ എല്ലാ പരിധികളും ലംഘിച്ചു തുടങ്ങി എന്ന് കണ്ടിടത്താണ് ഭരണകൂടം ചില നിബന്ധനകളുമായി രംഗത്ത് വന്ന് തുടങ്ങിയത്. ആദ്യ ഘട്ടമെന്ന നിലയില്‍ വില്ലകളില്‍ നിന്നും ഷെയറിങ്ങ് അക്കോമഡേഷന്‍ എന്ന ലൈസന്‍സ് ഇല്ലാ കച്ചവട പരിപാടി ഒഴിപ്പിച്ച് തുടങ്ങി. താമസം വിനാ ഫ്ലാറ്റുകളിലേക്കും ഒഴിപ്പിക്കല്‍ വ്യാപിപ്പിക്കപ്പെടും. അതായത്, തങ്ങളുടെ വരുമാനത്തിനുള്ളില്‍ നിന്ന് കൊണ്ട് വിദേശത്ത് കുടുംബത്തോടൊപ്പം താമസിക്കാന്‍ കഴിയുന്നവരിലേക്ക് മാത്രമായി പ്രവാസത്തിലെ കുടുംബവിസാ സംവീധാനം ചുരുക്കപ്പെടും എന്ന് സാരം.

ലഭ്യമാക്കപ്പെടുന്ന സൌകര്യങ്ങളെ വന്‍ സാമ്പത്തിക ലാഭത്തിനായി ദുരുപയോഗപ്പെടുത്തുക എന്ന കുതന്ത്രത്തിന്റെ അനന്തരഫലാണ് ഇന്ന് പ്രവാസ ഭൂമികയില്‍ ഏര്‍പ്പെടുത്തപ്പെടുന്ന എല്ലാ നിബന്ധനകളും നിയന്ത്രണങ്ങളും എന്ന് ഒരിക്കല്‍ കൂടി ഇപ്പോഴത്തെ ഭരണകൂട നടപടികളും നമ്മേ ഓര്‍മ്മപ്പെടുത്തുന്നു!
--------------------------------
* ലിവിങ്ങ് റും.