Wednesday, February 11, 2009

പാര്‍ട്ടിയ്ക്ക് വേണ്ടാത്ത മുഖ്യമന്ത്രിയാല്‍ നാഥനില്ലാക്കളരിയാകുന്ന കേരളം!

ഒരു ജനാധിപത്യ സംവീധാനത്തില്‍ വ്യക്ത്യാധിഷ്ടിത രാഷ്ട്രീയം അക്ഷന്തവ്യമായ തെറ്റോ അല്ലെങ്കില്‍ സംഭവിയ്ക്കാന്‍ പാടില്ലാത്ത ഒരു പ്രതിഭാസമോ അല്ല. ഭാരതത്തിലെ മിക്ക രാഷ്ട്രീയ പാര്‍ട്ടികളും ഒരര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ വ്യക്ത്യാധിഷ്ടിത രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നവരാണ്. വ്യക്തിയില്‍ നിന്നും വിമുക്തമാക്കപ്പെട്ട ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ഭാരത ദേശത്ത് ഉണ്ടോ എന്ന് ഒരുവന്‍ പരതിയിറങ്ങിയാല്‍ അങ്ങിനെയല്ലാത്ത ഒന്നിനെ കണ്ടെത്തുക അത്രയെളുപ്പം ആയിരിയ്ക്കുകയും ഇല്ല.

സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ കോണ്‍ഗ്രസ് ചരിത്രം തന്നെ വ്യക്തിയില്‍ അധിഷ്ടിതമായിരുന്നു. ജവഹര്‍ലാല്‍ നെഹ്രു കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ബാറ്റണ്‍ ഇന്ദിരാഗാന്ധിയ്ക്കു കൈമാറി, ഇന്ദിരാഗാന്ധിയെന്ന വ്യക്തി കോണ്‍ഗ്രസിന്റെ എല്ലാമെല്ലാമായി. പിന്നെ രാജീവ് ഗാന്ധി വന്നു. ഇപ്പോള്‍ കോണ്‍ഗ്രസെന്നാല്‍ മാഡമെന്നായി വ്യക്തി രാഷ്ട്രീയം കോണ്‍ഗ്രസില്‍ പൊടി പൊടിയ്ക്കുന്നു. ഇടയ്ക്കെപ്പോഴൊക്കെ വ്യക്തിയില്‍ നിന്നും കോണ്‍ഗ്രസ് രാഷ്ട്രീയം വിമുക്തമാക്കപ്പെട്ടിട്ടുണ്ടോ അപ്പോഴൊക്കെയും ചരട് പൊട്ടിയ പട്ടം പോലെ കോണ്‍ഗ്രസ് ദിശയറിയാതെ വട്ടം കറങ്ങിയിട്ടുമുണ്ട്.

പവാറില്ലാതെ എന്‍.സി.പിയുണ്ടോ? ലാലുപ്രസാദ് യാദവ് ഇല്ലാത്ത ആര്‍.ജെ.ഡി എങ്ങിനെയിരിയ്ക്കും? പോയ കാലത്ത് എ.ഐ.ഡി.എം.കെ എന്നാല്‍ എം.ജീ.ആര്‍ എന്നായിരുന്നു അര്‍ത്ഥം. അതു പിന്നെ ജയലളിതയെന്നായി മാറി. തെലുങ്കു ദേശം എന്‍.ഡി.രാമറാവുവായിരുന്നത് ഇപ്പോള്‍ ചന്ദ്രബാബുനായിഡു. ഡി.എം.കെ എന്നാല്‍ അന്നും ഇന്നും കലൈഞ്ജര്‍ കരുണാനിധി തന്നെ. സാമാജ് വാ‍ദി പാര്‍ട്ടിയും, ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും, എണ്ണിയാലൊടുങ്ങാത്ത ജനതാദള്ളുകളും എല്ലാം വ്യക്തികളെ ചുറ്റിപ്പറ്റി ഭരണത്തിന്റെ ഇടനാഴികളില്‍ വട്ടം കറങ്ങുന്ന പ്രസ്ഥാനങ്ങള്‍ തന്നെ.

അങ്ങിനെ വന്നു വന്നു നമ്മള്‍ രാഷ്ട്രീയപ്രബുദ്ധ കേരളത്തിലേയ്ക്കെത്തിയാലോ ഒരോ രാഷ്ട്രീയ പാര്‍ട്ടിയിലേയും വ്യക്തികള്‍ അതാതു പാര്‍ട്ടികള്‍ക്കുള്ളിലെ തന്നെ മഹാ പ്രസ്ഥാനങ്ങളാണ്! പാര്‍ട്ടിയേയും പാര്‍ട്ടിക്കുള്ളിലെ വ്യക്തിപ്രസ്ഥാനങ്ങളേയും തിരിച്ചറിയുക കഠിന പ്രയത്നം തന്നെ. മാണിസാര്‍ ഒരു പ്രസ്ഥാനം. പിള്ള സാറോ മറ്റൊരു പ്രസ്ഥാനം. ജേക്കബ്ബ് സാറും പ്രസ്ഥാനമല്ലാതെ മറ്റെന്താണ്? ഗൌരി സഖാവ് ഒരു പ്രസ്ഥാനം. എം.വി. രാഘവന്‍ സഖാവ് വേറൊരു വിപ്ലവ പ്രസ്ഥാനം. ശിഹാബ് തങ്ങളില്ലാതെ എന്തോന്ന് മുസ്ലീം ലീഗ്. പീ.ജേ.ജോസഫ് തന്നെയല്ലേ പ്രസ്ഥാനമെങ്കില്‍ പ്രസ്ഥാനം? കെ.ടി.ജലീല്‍ ഒറ്റയ്ക്കൊരു പ്രസ്ഥാനം. വെളിയം ഭാര്‍ഗ്ഗവന്‍ മുഴുത്ത മറ്റൊരു വിപ്ലവ പ്രസ്ഥാനം. അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു ഭരണം കിട്ടും വരെ കാത്തിരിയ്ക്കണം കോണ്‍ഗ്രസില്‍ എത്ര പ്രസ്ഥാനങ്ങള്‍ ഉണ്ട് എന്നു തിരിച്ചറിയണം എങ്കില്‍. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വയലാര്‍ രവി, ഏ.കെ. ആന്റണി, കരുണാകരന്‍, അങ്ങിനെ എത്ര പ്രസ്ഥാനങ്ങള്‍ ഉണ്ടാകാനും സാധ്യത തള്ളിക്കളയാന്‍ തരമില്ല.

പിന്നെന്തു കൊണ്ട് കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ വ്യക്ത്യാധിഷ്ടിത രാഷ്ട്രീയം പാടില്ല. വി.എസ്. അച്യുതാനന്ദന്‍ സഖാവ് എന്ന വ്യക്തി ഒരു പ്രസ്ഥാനമായി മാറുന്നതില്‍ എന്തു ഭംഗികേടാണ് ഇന്നത്തെ ജനാധിപത്യ വ്യവസ്ഥിതിയില്‍ ഉള്ളത്? ഒരു തെറ്റുമില്ല. പക്ഷേ തെറ്റിയതു മുഴുവനും സഖാവ് അച്യുതാനന്ദനാണ്.

കോണ്‍ഗ്രസ് മുതല്‍ മുരളീധരന്‍ വരെയുള്ളവരുടെ വ്യക്തിധിഷ്ടിത രാഷ്ട്രീയത്തില്‍ നിന്നും അച്യുതാനന്ദന്‍ വേറിട്ടു നില്‍ക്കുന്നത് എന്തുകൊണ്ടാണ്? ഒരോ വ്യക്തിയും പ്രസ്ഥാനമായി മാറുമ്പോള്‍ അതാത് പാര്‍ട്ടിയിലെ ഏറ്റവും ചെറിയ ഒരു വിഭാഗത്തിന്റെ എങ്കിലും പിന്തുണ പരസ്യമായി ആര്‍ജ്ജിയ്ക്കുവാന്‍ പ്രസ്ഥാനമായി വളര്‍ന്നു കൊണ്ടിരുന്ന ഒരോ വ്യക്തിയ്ക്കും കഴിഞ്ഞിട്ടുണ്ട് എന്നുള്ളിടത്താണ് അച്യൂതാനന്ദന്‍ ഒരു മഹാ അബദ്ധമായി മാറുന്നത്. അച്യുതാനന്ദന്‍ പരാജയപ്പെടുന്നതും അവിടെയാണ്. സ്വന്തം പാര്‍ട്ടിയിലെ ആരും പിന്തുണയ്ക്കാത്ത ഒരാള്‍ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായാല്‍ എന്ത് നാശമാണോ ഒരു സംസ്ഥാനത്ത് ഉണ്ടാകുന്നത് എന്നതിന്റെ നാളത്തെ ഉദാഹരണം കൂടിയായിരിയ്ക്കും നമ്മുടെ കുഞ്ഞു കേരളം.

ഭരണ പക്ഷത്തുള്ള നൂറ് എം.എല്‍.ഏ. മാരില്‍ ഒരാളായിട്ടാണ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായത്. എന്തൊക്കെ പറഞ്ഞാലും ആ നൂറുപേരില്‍ ഒരാളാകാന്‍ അദ്ദേഹത്തെ സഹായിച്ചത് എണ്ണയിട്ടപോലെ പ്രവര്‍ത്തിച്ച ഒരു പാര്‍ട്ടീ സംവീധാനമാണ്. ഒരു സര്‍ക്കാര്‍ മാറി മറ്റൊരു സര്‍ക്കാര്‍ വരുന്നത് ഒരു വ്യക്തിയുടെ നയങ്ങള്‍ മാറി പുതിയൊരു വ്യക്തിയുടെ നയങ്ങള്‍ വരുന്നതിനു തുല്യമല്ല. ഭാരതത്തിലെ വ്യക്ത്യാധിഷ്ട്രിത രാഷ്ട്രീയം എല്ലായിപ്പോഴും പേരിനെങ്കിലും ഒരു പാര്‍ട്ടിയുടേയും നയത്തിന്റേയും പ്രാതിനിധ്യം അവകാശപ്പെടാറുണ്ട്. ഏറ്റവും കുറഞ്ഞത് നയപരമായ തീരുമാനങ്ങള്‍ എങ്കിലും വ്യക്ത്യാധിഷ്ടിത രാഷ്ട്രീയത്തിലും പാര്‍ട്ടിയാണ് എടുക്കാറുള്ളത്.

സഖാവ് അച്യുതാനന്ദന്റെ കാര്യത്തില്‍ ഇന്നു അദ്ദേഹത്തിനു പാര്‍ട്ടിയില്ല. പിന്നെയെങ്ങിനെ നയം രൂപീകരിയ്ക്കും? ഇപ്പോള്‍ അദ്ദേഹത്തിന്റേതായ നയങ്ങള്‍ രൂപപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടിയല്ല. അദ്ദേഹം പോലുമല്ല. അത് അദ്ദേഹത്തിന്റെ പാര്‍ട്ടിയിലില്ലാത്ത അദ്ദേഹത്തിന്റെ മാത്രം വിശ്വസ്തരാണ്. ആ വിശ്വസ്തര്‍ അദ്ദേഹത്തിന്റെ ഇന്നലെകളില്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നവര്‍ അല്ലായിരുന്നു. ഇന്നി നാളെ അദ്ദേഹം മുഖ്യമന്ത്രിയല്ലാതായാല്‍ അദ്ദേഹത്തോടൊപ്പം ഇവര്‍ ഉണ്ടാവുകയും ഇല്ല. മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ ചങ്ങാതിമാര്‍ ആരാണെന്ന് പൊതു ജനത്തിനും അറിയില്ല. എന്തായാലും അവര്‍ പാര്‍ട്ടിക്കാരല്ല. ജനമറിയുന്ന ഉദ്യോഗസ്ഥരുമാകാന്‍ വഴിയില്ല. ഘടകകക്ഷികള്‍ ആരും ഇപ്പോള്‍ വി.എസ്സിനു ഓശാന പാടാന്‍ തയ്യാറാകും എന്നും തോന്നുന്നില്ല. ആരാണ് കൂടെയുള്ളതെന്ന് മുഖ്യമന്ത്രിയ്ക്ക് മാത്രം അറിയാവുന്ന അരമന രഹസ്യം. ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ ഇതൊട്ടും അഭികാമ്യമല്ല തന്നെ.

ഒന്നുകില്‍ പാര്‍ട്ടിയെ അനു‍സരിച്ച് പാര്‍ട്ടിയുടെ നയപരിപാടികള്‍ക്ക് അനുസൃതമായി ഭരിയ്ക്കുക. അല്ലെങ്കില്‍ പാര്‍ട്ടിയെ തന്റെ വരുതിയ്ക്ക് കൊണ്ടു വരുക. എന്നിട്ട് പാര്‍ട്ടിയെ കൊണ്ട് തന്റെ നയങ്ങള്‍ അംഗീകരിപ്പിയ്ക്കുക. ഇതു രണ്ടും വി.എസ്സിനു ഇന്നി കഴിയില്ല. ആദ്യത്തേതിനു ഉള്ള സാധ്യതകള്‍ അദ്ദേഹം തന്നെ കൊട്ടിയടച്ചു. പാര്‍ട്ടിയ്ക്ക് ഇന്നി വീണു കിട്ടുന്ന ആദ്യാവസരത്തില്‍ തന്നെ സഖാവ് വി.എസ്സ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരന്‍ അല്ലാതാകും. മറ്റൊരു സഖാവ് എം.വി.രാഘവനോ സഖാവ് കെ.ആര്‍. ഗൌരിയോ കേരളത്തില്‍ ഉദയം ചെയ്യാന്‍ ഏതാനും മാസങ്ങള്‍ കൂടി കാത്തിരുന്നാല്‍ മതിയാകും.

പാര്‍ട്ടിയെ തന്റെ വരുതിയ്ക്ക് കൊണ്ടു വരണമെങ്കില്‍ വി.എസ്സ് ആദ്യം പാര്‍ട്ടിക്കാരന്‍ ആകണം. ഇന്നി ഒരു നല്ല പാര്‍ട്ടിക്കാരന്‍ സഖാവ് ആകാന്‍ അദ്ദേഹത്തിനു കഴിയുമെന്നും തോന്നുന്നില്ല. അല്ലെങ്കില്‍ എപ്പോഴാണ് അദ്ദേഹം കറകളഞ്ഞ കമ്യൂണിസ്റ്റായിട്ടുള്ളത്? എന്നും എപ്പോഴും വി.എസ്സ്. പ്രതിപക്ഷ നേതാവ് ആയിരുന്നു. അത് പാര്‍ട്ടിയിലായാലും ഭരണത്തിലായാലും. പാര്‍ട്ടിയില്‍ ഇ.എം.എസ്സിന്റെ കാലം മുതല്‍ അദ്ദേഹം എപ്പോഴും ഒരു ഭാഗത്തിനു എതിരായിരുന്നു. ഈ.കെ.നായനാര്‍ക്ക് ഇദ്ദേഹം വെച്ച കെണികള്‍ ഭുമിമലയാളം അത്ര പെട്ടെന്ന് മറക്കും എന്നു തോന്നുന്നില്ല. അന്ന് പിണറായി ആയിരുന്നു കൂട്ടിന്. എം.വി.രാഘവന്റെയും ഗൌരിയമ്മയുടേയും അപചയങ്ങളുടേയും ആണിക്കല്ല് ഒരു പക്ഷേ വി.എസ്സ്. ആയിരിയ്ക്കും. അതായത് എപ്പോഴും അദ്ദേഹത്തിനു ആരെയെങ്കിലും എതിര്‍ത്ത് കൊണ്ടിരിയ്ക്കണം. പ്രതിപക്ഷത്താണെങ്കില്‍ ഭരണപക്ഷത്തെ ശക്തിയുക്തം എതിര്‍ത്തു കൊണ്ടേയിരിയ്ക്കാം. ഭരണപക്ഷത്താ‍യപ്പോള്‍ പക്ഷേ കേരളത്തില്‍ ഒരു പ്രതിപക്ഷം ഇല്ലാത്തതു കൊണ്ട് എതിര്‍ക്കാന്‍ ഒരു പക്ഷമില്ല. അതുകൊണ്ട് സ്വന്തം പാര്‍ട്ടിയെ എതിര്‍പക്ഷത്താക്കി അതിനെ അങ്ങ് എതിര്‍ക്കുന്നു എന്നു മാത്രം.

ജനം കൂടെയുണ്ട് എന്ന വി.എസ്സിന്റെ വിശ്വാസവും തെറ്റാണ്. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ അദ്ദേഹം ഉയര്‍ത്തി വിട്ട കൊടുങ്കാറ്റുകള്‍ ഭരണക്കാരനായപ്പോള്‍ വാ പൊളിച്ച് അദ്ദേഹത്തിനു തന്നെ വിഴുങ്ങേണ്ടി വന്നതുകൊണ്ട് അദ്ദേഹത്തിന്റെ വാക്കുകളെ ജനം എങ്ങിനെ ഇന്നി വിശ്വാസത്തില്‍ എടുക്കും എന്ന് കണ്ടു തന്നെ അറിയണം. അതായത് കൂടെ പാര്‍ട്ടിയില്ല, പൊതു ജനവും ഇല്ല. പിന്നെയുള്ളത് ഇന്നലെവരെ കൂടെയില്ലായിരുന്ന ഇന്നി നാളെയും കൂടെയുണ്ടാകാന്‍ സാധ്യതയൊന്നും കാണാത്ത ഒരു ഗ്രൂപ്പാണ്. ആ ഗ്രൂപ്പ് സഖാവ് വി.എസ്സിനെ എവിടെ കൊണ്ടു ചെന്നെത്തിയ്ക്കും എന്ന് കാത്തിരുന്നു കാണാം. അപ്പോഴേയ്ക്കും പാര്‍ട്ടിയ്ക്ക് വേണ്ടാത്ത മുഖ്യമന്ത്രി കേരളം ഭരിച്ച് ഒരു പരുവത്തിലാക്കിയിട്ടുണ്ടാകും.

കേരളത്തിനു ഇന്ന് നാഥനില്ല. മന്ത്രിമാരെല്ലാം അവരവര്‍ക്ക് തോന്നിയ വഴിയില്‍. മുഖ്യമന്ത്രി വിമത വഴിയില്‍. പാര്‍ട്ടി സെക്രട്ടറി ജയില്‍ വഴിയില്‍. പാര്‍ട്ടി പടു കുഴിയില്‍. പൊതുജനമോ പെരുവഴിയിലും. പെരുവഴിയാണെങ്കിലോ കുണ്ടിലും കുഴിയിലും!