Sunday, February 21, 2010

കശ്ശാപ്പു ചെയ്യപ്പെടുന്ന മലയാള സിനിമ.

സ്വതവേ ദുര്‍ബല. പോരെങ്കില്‍ ഗര്‍ഭിണിയും എന്ന രീതിയാലിട്ടുണ്ട് വര്‍ത്തമാന കാല മലയാള സില്‍മയുടെ വര്‍ത്തമാനം. മലയാളം പറയുന്നോര്‍ പണ്ടേ അമ്മാണിയിമ്മാണി. അപ്പോ മലയാള സില്‍മ കാണുന്നോരും അമ്മാണിയാകണമല്ലോ? കോടികള്‍ പുകച്ചുണ്ടാക്കുന്ന സില്‍മയുടെ സീഡിയോ മുക്കാചക്രത്തിനു മൂന്നാം പക്കം മുക്കിനു മുക്കിനു സുലഭവും! ഇറങ്ങുന്ന സില്‍മകളോ മിക്കതും കുക്കൂതറയും. കൂട്ടത്തില്‍ അന്തിയായാല്‍ പിന്നെ നാലാം കിട സീരിയലുകള്‍ കുടുംബിനികളെ വീടുകളില്‍ തളച്ചിടുക കൂടി ചെയ്യുന്നതോടെ മലയാള സില്‍മ കാണാന്‍ ആളെ കാശിനു വെക്കണമെന്നായി. ഇപ്പോള്‍ സൂപ്പര്‍ താരങ്ങളുടെ ചിലവില്‍ അതും നടക്കുന്നിടത്താണ് കാര്യങ്ങള്‍.

അയല്‍ സംസ്ഥാനങ്ങളില്‍ രണ്ടു മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്നേയുണ്ടായിരുന്ന പേക്കൂത്തുകള്‍ നമ്മുടെ നാട്ടാചാരമാകാന്‍ ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ഒന്നാം പാതം വരെ കാത്തിരിക്കേണ്ടി വന്നത് എന്നതായാലും കഷ്ടമേ കഷ്ടം തന്നെ. എം.ജീ.ആറിന്റേയും എന്‍.ടി.ആറിന്റേയും ശിവാജിയുടേയും ഒക്കെ വസന്തകാലത്ത് നമ്മുക്കും ഉണ്ടായിരുന്നു പൂക്കാലങ്ങള്‍. മലയാള സില്‍മയുടെ എക്കാലത്തേയും സൂപ്പര്‍ താരം പ്രേം നസീറും സത്യനും മധുവും ഒക്കെ മലയാളിയുടെ അഹങ്കാരങ്ങളായിരുന്ന ഒരു കാലം. അന്നൊക്കെ ആകാശം മുട്ടേ കട്ടൌട്ടുകള്‍ ഉയരുമായിരുന്നു - കേരളത്തിലല്ല - തമിഴ് നാട്ടിലും ആന്ധ്രയിലും കര്‍ണ്ണാടകയിലും മറ്റും. പ്രദര്‍ശിപ്പിക്കുന്ന സിനിമാ കൊട്ടകകളിലേക്ക് ആനയും അമ്പാരിയും ആര്‍പ്പു വിളികളും ഒക്കെയായി ഫിലീം പെട്ടികള്‍ ആനയിക്കപ്പെടുമായിരുന്നു. സൂപ്പര്‍ താരങ്ങളുടെ ഭീമാകാരങ്ങളായ കട്ടൌട്ടുകളില്‍ പാലഭിഷേകം നടത്തപ്പെടുമായിരുന്നു. പക്ഷേ അന്നൊന്നും നമ്മുടെ സൂപ്പര്‍ സ്റ്റാറുകളുടെ കട്ടൌട്ടുകള്‍ ആകാശം മുട്ടേ ഉയരുമായിരുന്നില്ല. പാ‍ലഭിഷേകം നടത്തപ്പെടുമായിരുന്നില്ല. ഫിലിം പെട്ടികള്‍ക്ക് മുന്നില്‍ ആനന്ദനൃത്തം ചവിട്ടുമായിരുന്നില്ല. കാരണം “ഫാന്‍സ് അസോസിയേഷന്‍” എന്ന ഏര്‍പ്പാട് ഇന്നിന്റെ അത്രയും കൂതറയായിരുന്നില്ല അന്ന്.

അന്യസംസ്ഥാനങ്ങളിലെ എഴുപതുകള്‍ താരാരാധന ഏറ്റവും തീഷ്ണമായിരുന്നപ്പോഴും ഇതര സിനിമള്‍ തീയേറ്ററുകളില്‍ കൂവി തോല്‍പ്പിക്കപ്പെടുന്ന സ്ഥിതി ഉണ്ടായിരുന്നില്ല. അവിടങ്ങളിലെ ഫാന്‍സ് അസോസിയേഷനുകള്‍ പൂര്‍ണ്ണമായി തന്നെ സന്നദ്ധ സംഘടനകളും ആയിരുന്നു. പൊതുജനത്തിന്റേയും തങ്ങളുടെ ആരാധകരുടേയും ദൈനംദിന ജീവിതത്തില്‍ അവര്‍ നേരിടുന്ന പ്രശ്നങ്ങളില്‍ നേരിട്ട് തന്നെ ഇടപെടാന്‍ ഫാന്‍സ് അസോസിയേഷനുകളിലൂടെ താരങ്ങള്‍ക്ക് ഒരു പരിധി വരെ കഴിഞ്ഞിട്ടും ഉണ്ട്. അതു കോണ്ടൊക്കെ തന്നെയാണ് അധികാരകേന്ദ്രങ്ങളായി മാറാനും അവര്‍ക്കൊക്കെ കഴിഞ്ഞത്. ഏറ്റവും ഒടുവില്‍ ചിരംജീവിയുടെ ഫാന്‍സ് അസോസിയേഷനും ആന്ധ്രയില്‍ ഉണ്ടാക്കിയിട്ടുള്ള സേവന മേഖല ചെറുതല്ല. ബ്ലഡ് ബാങ്കുകളുടെ ഒരു ചങ്ങല തന്നെ അദ്ദേഹത്തിന്റെ ഫാന്‍സ് അസോസിയേഷന്റെ നിയന്ത്രണത്തില്‍ നടക്കുന്നുണ്ട്. അദ്ദേഹം “പ്രചാരാജ്യം പാര്‍ട്ടി” ഉണ്ടാക്കിയപ്പോള്‍ ആ പാര്‍ട്ടിക്ക് കിട്ടിയ സ്വീകാര്യതയും ഫാന്‍സ് അസോസിയേഷനുകളിലൂടെ അദ്ദേഹം നേടിയ ജനപിന്തുണയുടെ ഫലമാണ്.

പക്ഷേ കേരളത്തിലോ?
ഫാന്‍സില്ലാതെ സ്റ്റാറില്ലാത്ത കാലം. സൂപ്പര്‍ സ്റ്റാറുകളെ സംരക്ഷിക്കാന്‍ ഫാന്‍സുകളും ഫാന്‍സുകളെ സംരക്ഷിക്കാന്‍ സുപ്പര്‍ സ്റ്റാറുകളും - ഒരു പരസ്പര സഹായ സഹകരണ സംഘമായി അങ്ങിനെ പോകുന്നു. മമ്മൂട്ടിയോ മോഹന്‍ലാലോ അഭിനയിക്കുന്ന ചിത്രങ്ങള്‍ തീയറ്ററില്‍ പോയി കാണാന്‍ കഴിയാത്ത അവസ്ഥ സംജാതമായിരിക്കുന്നു. മമ്മൂട്ടിയുടെ സിനിമയെ മോഹന്‍ലാല്‍ ഫാന്‍സുകാര്‍ കൂകി തോല്‍പ്പിക്കുന്നു എന്നതല്ല കാര്യം. അല്ലെങ്കില്‍ മോഹന്‍ലാലിന്റെ സിനിമയെ മമ്മൂട്ടി ഫാന്‍സുകാര്‍ കൂകി കുളമാക്കുന്നു എന്നും അല്ല. മമ്മൂട്ടിയുടെ സിനിമ കളിക്കുന്ന തീയറ്ററില്‍ സാധാരണ പ്രേക്ഷകനു ശല്യമാകുന്നത് മമ്മൂട്ടി ഫാന്‍സിന്റെ ബഹളം തന്നെയാണ്. മോഹന്‍ലാലിന്റെ സിനിമ കുളമാക്കുന്നത് മോഹന്‍ലാല്‍ ഫാന്‍സുകാരും. ഇവരുടെ കൈയടിയും ഡയലോഗ് ഡെലിവറിക്ക് ഇടക്ക് ഉണ്ടാക്കുന്ന ആര്‍പ്പുവിളികളും പടക്കം പൊട്ടിക്കലും കൊട്ടിപ്പാട്ടും ഒക്കെയായി സൂപ്പര്‍ താരങ്ങളുടെ സിനിമയെ ആഘോഷമാക്കുന്ന ഫാന്‍സുകാര്‍ സാധാരണക്കാരെ തീയറ്ററുകളില്‍ നിന്നും ആട്ടിപായിക്കുകയാണ്. എന്തായാലും മമ്മൂട്ടിയുടെ സിനിമയെ കൂകാന്‍ മോഹന്‍ലാലിന്റെ ഫാന്‍സുകാരോ മോഹന്‍ലാലിന്റെ സില്‍മയെ കൂകാന്‍ മമ്മൂട്ടി ഫാന്‍സോ ധൈര്യപ്പെടാറില്ല.

ഇരു ഫാന്‍സുകാര്‍ക്കും ഒന്നിച്ചിരുന്നു കൂകാനാണ് ഇളമുറ താരങ്ങളുടെ സിനിമ സൃഷ്ടിക്കപ്പെടുന്നത്. പുതുതലമുറ താരങ്ങളുടെ സിനിമ പ്രദര്‍ശന വിജയം നേടും എന്നു തോന്നിയാല്‍ ഇരു ഫാന്‍സുകാരും കൂലിക്ക് ആളെ വെച്ച് ആ സിനിമകള്‍ തീയറ്ററില്‍ നിന്നും ആട്ടിപായിക്കുകയാണ്. സിനിമ തുടങ്ങിയാല്‍ ഒടുക്കം വരെ കൂകല്‍. ആളൊന്നുക്ക് ഇരുന്നൂറ് രൂപയും ബിരിയാണിയും ആണെന്നാണ് സിനിമയുടെ പിന്നാമ്പുറത്തെ കിംവദന്തി. സൂപ്പര്‍ താരങ്ങളുടെ ചവറുകള്‍ കണ്ട് സഹികെട്ടൊരു പ്രേക്ഷകന്‍ ജീവിതവും കഥയും ഉള്ളൊരു സിനിമ കാണാന്‍ ആഗ്രഹിച്ചാല്‍ അത് മിക്കവാറും പുതുതലമുറ താരങ്ങളുടെ സിനിമയായിരിക്കും. അത് കാണാന്‍ ഇരു സൂപ്പറുകളുടേയും ആരാധകര്‍ എന്ന് അവകാശപ്പെടുന്ന ജീവികള്‍ സമ്മതിക്കുമില്ല. അവിടെയാണ് അന്യഭാഷാ ചിത്രങ്ങള്‍ നമ്മുടെ തീയറ്ററുകളെ കീഴടക്കുന്ന സാഹചര്യം ഉണ്ടാകുന്നത്. അന്യ ഭാഷാ ചിത്രങ്ങളെ കൂകാനോ കൈയടിക്കാനോ പടക്കം പൊട്ടിക്കാനോ ആരും മുതിരാതിരിക്കുന്നതിനാല്‍ ആ ചിത്രങ്ങള്‍ സ്വസ്ഥതയോടെ ആസ്വാദിക്കാന്‍ പ്രേക്ഷകനു കഴിയുന്നു. അതു കൊണ്ട് തന്നെ ആ ചിത്രങ്ങള്‍ കേരളത്തില്‍ പ്രദര്‍ശന വിജയം നേടുകയും ചെയ്യുന്നു. അന്യഭാഷാ ചിത്രങ്ങള്‍ കേരളത്തില്‍ വന്‍ പ്രദര്‍ശന വിജയം നേടുന്നതിനു ഇതുമാത്രമായിരിക്കില്ല ഒരു പക്ഷേ കാരണം. മറ്റു കാരണങ്ങളും ഉണ്ടാകാം. ഇതും ഒരു കാരണം ആണെന്നു മാത്രം.

മോഹന്‍ലാലിനെയോ മമ്മൂട്ടിയേയോ വെച്ച് സിനിമ പിടിക്കാന്‍ പണം വേണ്ട എന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍. തിലകന്‍ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. ഇവരുടെ ഡേറ്റ് ലഭിക്കുന്നൊരുവനു ചങ്കൂറ്റമുണ്ടേല്‍ പടം തുടങ്ങും മുന്നേ കോടികള്‍ ലാഭം നേടി മിണ്ടാട്ടിരിക്കാം. ഒന്നര കോടി രൂപ സൂപ്പര്‍ സ്റ്റാറിന്റെ പ്രതിഫലമാണേല്‍ ഒരു അമ്പതു ലക്ഷം മുടക്കി ഇവരുടെ കാള്‍ ഷീറ്റ് വാങ്ങുക. സൂപ്പറുകളുടെ ബാക്കി പണത്തിനു പകരം വിദേശ രാജ്യങ്ങളിലെ പ്രദര്‍ശനാവകാശം കൊടുക്കാമെന്നു സമ്മതിച്ചാല്‍ ബാക്കി ഒരു കോടി അതില്‍ തന്നെ നേരിട്ട് തട്ടിക്കിഴിക്കാം. സാറ്റലൈറ്റ് അവകാശം ഏറ്റവും കുറഞ്ഞത് ഒന്നേകാല്‍ കോടിക്കും ഒന്നൊരകോടിക്കും ഇടക്ക് വിറ്റു പോകും. വീസീഡിയുടെ പകര്‍പ്പവകാശം എഴുപത്തി അഞ്ചു ലക്ഷം മുതല്‍ ഒന്നൊരക്കോടിവരെ കൊണ്ടു വരും. വീസീഡിയുടെ പണം പടം ഇറങ്ങി കഴിഞ്ഞേ കിട്ടുള്ളു എങ്കിലും അഡ്വാന്‍സ് ഒരു ഇരുപത്തി അഞ്ചു ലക്ഷം എങ്കിലും കിട്ടും. ഒന്നാം നിര തിയറ്ററുകള്‍ നല്‍കുന്ന അഡ്വാന്‍സ് വേറേയും. അതായത് ഒന്നാം കിട തീയേറ്ററുകള്‍ നല്‍കുന്ന അഡ്വാന്‍സും വീസീഡിയുടെ അഡ്വാന്‍സും കൊണ്ടു പടം പിടിക്കാം.

ഒരു സൂപ്പര്‍ താരത്തെ വെച്ച് തരക്കേടില്ലാത്ത ഒരു സിനിമ പിടിക്കാന്‍ രണ്ടരക്കോടി മതീയെന്നു വെക്കുക. സാറ്റലൈറ്റിന്റെ അവകാശം ഒന്നരക്കോടി. സീഡിയുടെ അവകാശം ഏറ്റവും കുറഞ്ഞത് എഴുപത്തി അഞ്ച് ലക്ഷം. വിദേശ രാജ്യങ്ങളിലെ പ്രദര്‍ശനാവകാശം ഒരു കോടി. ഇതു മൂന്നും കൂടി മാത്രം വരവ് മൂന്നേകാല്‍ കോടി! പടം പിടുത്തം തുടങ്ങും മുന്നേ ലാഭം എഴുപത്തി അഞ്ചു ലക്ഷം! സിനിമ എന്ത്?കഥയെന്ത്? ഇതിവൃത്തം എന്ത്? സാങ്കേതികത്വം എന്ത്? മറ്റു അഭിനേതാക്കള്‍ ആര്? ഒന്നും പ്രശ്നമല്ല. സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ അറുബോറുകളാകുന്നതിനുള്ള കാരണം മറ്റെന്താണ്? വെറും കാള്‍ ഷീറ്റു കൊണ്ട് ഏറ്റവും കുറഞ്ഞത് എഴുപത്തി അഞ്ച് ലക്ഷം ഉണ്ടാക്കാമെങ്കില്‍ സിനിമയെ കുറിച്ച് ആര്‍ക്ക് എന്തു ചിന്തിക്കാന്‍? എന്ത് കോപ്രായമാണെങ്കിലും ആദ്യത്തെ രണ്ടാഴ്ച തീയറ്ററുകള്‍ നിറക്കുവാന്‍ ഫാന്‍സുകാര്‍ കൈയും മെയ്യും മറന്ന് പണിയെടുക്കുക കൂടി ചെയ്താല്‍ പിന്നെ എന്തു സിനിമ? എല്ലാം ഒരു തരം കറക്ക് കമ്പനി! വെയ് രാജാ... വെയ്യ്. ഒന്നു വെച്ചാ രണ്ടു കിട്ടും...

അത്ഭുതപ്പെടുത്തിയ മറ്റൊരു സംഗതിയുണ്ട്. ഒരു ഫാന്‍സുകാരന്‍ പറഞ്ഞറിവാണ്. അദ്ദേഹം അംഗമായിരിക്കുന്ന ഫാന്‍സ് അസോസിയേഷന്റെ താരം അഭിനയിച്ചിട്ടുള്ള സിനിമകള്‍ റിലീസ് ദിവസങ്ങളില്‍ തന്നെ കാണുന്നൊരുവന്‍. പക്ഷേ കഴിഞ്ഞ രണ്ടു മൂന്ന് വര്‍ഷമായി ഒരു സിനിമ പോലും അദ്ദേഹം പണം കൊടുത്ത് കണ്ടിട്ടില്ല പോലും. ഫാന്‍സ് അസോസിയേഷന്‍ നല്‍കുന്ന പാസ്സില്‍ ആണ് ആ ചങ്ങാതി പടം കാണുന്നത് എന്ന്. എത്രത്തോളം ശരിയുണ്ടെന്ന് അറിയില്ല. പക്ഷേ ഒന്നുണ്ട്. ഡിസംബറില്‍ ഇറങ്ങിയ ഒരു സൂപ്പര്‍ താര സിനിമയുടെ മിക്കവാറും എല്ലാ പ്രദര്‍ശനങ്ങളിലും അദ്ദേഹം പ്രേക്ഷകനായിരുന്നു. വെറുതെയല്ലേല്‍ അങ്ങിനെ പടം കാണാന്‍ കഴിയില്ലല്ലോ?

മലയാള സിനിമ ഗതികേടിന്റെ വക്കിലാണ്. മാക്ട, ഫെഫ്ക്ക, അമ്മ, ചേമ്പര്‍, വിനയന്‍, തിലകന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ഇടവേള എല്ലാം കൂടി നമ്മുടെ സിനിമയെ കാലപുരിക്കയച്ച് കഴിഞ്ഞു. തിലകനിലെ നടന്‍ ആത്മഹത്യ ചെയ്യുമെന്ന് തിലകനും, തിലകനെന്ന മനുഷ്യനിലെ നടന്‍ എന്നേ ആത്മഹത്യ ചെയ്തു കഴിഞ്ഞൂവെന്ന് ബി. ഉണ്ണികൃഷ്ടനും. എന്നാല്‍, മലയാള സിനിമ എന്നേ ഇവന്മാരാല്‍ കശ്ശാപ്പുചെയ്യപ്പെട്ടു കഴിഞ്ഞു എന്നതല്ലേ വസ്തുത? ഉദകകൃയ പോലും നേരാം വണ്ണം നിര്‍വ്വഹിക്കപ്പെടാതെ മലയാള സിനിമയുടെ ആത്മാവ് ഗതികിട്ടാതലയുന്നത് പ്രേക്ഷകന്‍ മനസിലാക്കുന്നുണ്ട്. പക്ഷേ ജീര്‍ണ്ണിച്ച മലയാള സിനിമയുടെ പ്രേതത്ത പങ്കു വെച്ചെടുക്കാനാണ് താരസംഘടനകളും സൂപ്പര്‍ താരങ്ങളും ശിങ്കിടികളും ഒക്കെ മത്സരിക്കുന്നത്. മേപ്പടി ശവംതീനികള്‍ എല്ലാം കൂടി കടിച്ചു വലിക്കുന്ന മലയാള സിനിമയുടെ പ്രേതത്തെ നേരാം വണ്ണം ഒന്നു മറവുചെയ്യാനെങ്കിലും ആരെങ്കിലും തയ്യാറായെങ്കില്‍....