Thursday, September 16, 2010

വിധിയെത്തുമ്പോള്‍....

ചിത്രം വിക്കിയില്‍ നിന്നും.
ബാബറി മസ്ജിദ് രാമജന്മ ഭൂമി തര്‍ക്ക ഭൂവിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി പതിറ്റാണ്ടാറായി നടക്കുന്ന വ്യവഹാരത്തിനു പരിഹാരമാകുമെന്ന് കരുതുന്ന കോടതി വിധി എത്താന്‍ ഇന്നി ഏതാനും ദിനങ്ങള്‍ മാത്രം. മസ്ജിദായാലും മന്ദിരമായാലും ദൈവം ഭൂമിയിലെ വിധിക്കായി കാത്തിരിക്കുന്നത് കൌതുകതരം തന്നെ. ദൈവ ചിഹ്നങ്ങള്‍ക്കായി മല്ലടിക്കുന്ന മനുഷ്യന്‍ സത്യത്തില്‍ ഈശ്വര ചൈതന്യത്തെ തന്നെയാണ് തല്ലിക്കെടുത്തുന്നത്. പ്രപഞ്ച സൃഷ്ടാവായ, സര്‍വ്വ ചരാചരങ്ങള്‍ക്കും ഉടമയായ ഈശ്വരന് രണ്ടായിരത്തി പത്ത് സെപ്റ്റംബര്‍ ഇരുപത്തി നാലാം തീയതിയില്‍ എന്തെങ്കിലും താല്പര്യമുണ്ടാകുമോ? ഈശ്വര ചിന്തകള്‍ക്കല്ലല്ലോ ഇവിടെ പ്രസക്തി. വിധിയെന്തായാലും പരാജയപ്പെടുന്നത് ഈശ്വരന്‍ തന്നെയായിരിക്കും!

ഈശ്വരന് യാതൊരു താത്പര്യവും ഉണ്ടാകാന്‍ ഒരു സാധ്യതയും ഇല്ലാത്ത സെപ്തംബര്‍ ഇരുപത്തി നാലാം തീയതി വരാന്‍ പോകുന്ന അലഹബാദ് ഹൈക്കോടതിയുടെ വിധി എങ്ങിനെയായിരിക്കും? നാലു സാധ്യതകളാണ് കാണുന്നത്.

1. 1992 ഡിസംബര്‍ ആറിനു തകര്‍ക്കപ്പെട്ട ബാബറി പള്ളി യഥാസ്ഥാനത്ത് പുനര്‍ നിര്‍മ്മിക്കുക.

2. ശ്രീരാമന്റെ ജന്മസ്ഥലമാണെന്ന് "ശാസ്ത്രീയമായി" കണ്ടു പിടിച്ചതിനാല്‍ തര്‍ക്ക സ്ഥലത്ത് രാമക്ഷേത്രം പണിയാനുള്ള നടപടികള്‍ തുടങ്ങുക.


3. തര്‍ക്ക സ്ഥലം ആര്‍ക്കും വിട്ടുകൊടുക്കാതെ അതീവ സംരക്ഷിത മേഖലയായി സൂക്ഷിക്കുക.

4. തര്‍ക്ക ഭൂമിയിലെ രാം ലാല വിഗ്രഹം "സ്വയംഭൂവായി" എന്നവകാശപ്പെടുന്ന സ്ഥലത്ത് രാമ ക്ഷേത്രവും മറുവശത്ത് മസ്ജിദും നിര്‍മ്മിക്കാനുള്ള സാധ്യതകള്‍ ആരായുക.

ഈ നാലിന സാധ്യതകളില്‍ ആദ്യ രണ്ടിനം ഭാരതത്തില്‍ വീണ്ടും അശ്ശാന്തി പരത്തും. സംഗതികള്‍ 1992 നു തുല്ല്യമല്ല ഇപ്പോഴുള്ളതും. ആഭ്യന്തര സുരക്ഷ അതീവ ദുര്‍ബലമായിരിക്കുന്ന ഒരു സാഹചര്യത്തില്‍ മറ്റൊരു കലാപം പൊട്ടിപ്പുറപ്പെടാനെ ആദ്യ രണ്ടിന വിധി ഉപകരിക്കുള്ളൂ. കാശ്മീരിലെ വിഘടന വാദികളും മാവോവാദികളും അങ്ങിനെ ഒരു സാഹചര്യത്തെ നന്നായി മുതലെടുക്കാന്‍ ശ്രമിച്ചേക്കാം. ആവണക്കെണ്ണയില്‍ കടുകിട്ട മാതിരിയുള്ള ഒരു പ്രതിരോധ മന്ത്രിയും മുംബൈ ഓഹരി വിപണി ചായുമ്പോള്‍ മാത്രം രാജ്യ സുരക്ഷയെ കുറിച്ച് വാചാലനാകുന്നൊരു ആഭ്യന്തര മന്ത്രിയും ഭരിക്കുന്നിടത്ത് നാടു കുട്ടിച്ചോറാകാനല്ലാതെ ആദ്യ രണ്ടിന വിധികള്‍ മറ്റൊന്നിനും കാരണമാകില്ല.

തര്‍ക്ക പ്രദേശം സംരക്ഷിത മേഖലയാക്കി മാറ്റുക എന്നാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാതെ വരും തലമുറയുടെ സ്വസ്ഥതകളിലേക്ക് തര്‍ക്കങ്ങളെ തള്ളിവിടുക എന്നതാണര്‍ത്ഥം. എക്കാലത്തേക്കുമായി അയോദ്ധ്യ തര്‍ക്കവിതര്‍ക്കങ്ങള്‍ക്കും കലാപങ്ങള്‍ക്കും ഹേതുവായിരിക്കും. വരാന്‍ പോകുന്ന സര്‍വ്വ പൊതു തിരഞ്ഞെടുപ്പുകള്‍ക്കും മുന്നേ അയോദ്ധ്യയിലേക്ക് പ്രകടനങ്ങള്‍ ഉണ്ടാകാം. പ്രകടനങ്ങള്‍ കലാപങ്ങളാക്കി മാറ്റാന്‍ കഴിയുന്ന നേതൃത്വം ഉള്ളിടത്ത് ഭാരതം എക്കാലത്തും മുള്ളിന്‍ മുനയിലായിരിക്കും. അതു കൊണ്ടു അങ്ങിനൊരു വിധിയും ആശാസ്യം അല്ല!


ഒരിടത്ത് രാമ ക്ഷേത്രവും മറ്റൊരിടത്ത് മസ്ജിദും! നന്നായിരിക്കും!സങ്കുചിതമല്ലാത്തൊരു മനസ്സും ചിന്താഗതിയും മരുന്നിനു പോലും കണ്ടെത്താന്‍ കഴിയാത്ത ഭാരത മണ്ണില്‍ അങ്ങിനൊരു പരീക്ഷണത്തിനു മുതിരുന്നതിനു മുന്നേ പലവുരു ചിന്തിക്കേണ്ടിയിരിക്കുന്നു.

സെപ്തംബര്‍ ഇരുപത്തിനാലാം തീയതി കോടതി എന്തു പറഞ്ഞാലും അതൊന്നും തന്നെ പ്രായോഗികമാകാന്‍ ഇടയില്ല തന്നെ. വികാരങ്ങളെ കലാപങ്ങളാക്കാനും കലാപങ്ങളെ വോട്ടാക്കാനും വോട്ടിനെ അധികാരമാക്കാനും കച്ചകെട്ടിയിറങ്ങിയവരുടെ മുന്നില്‍ നാടും നാട്ടാരും ഈശ്വരനും പരാജയപ്പെടാതെ തരമില്ല.

പക്ഷേ കരുണീയമായ ചിലതുണ്ട്. അത് പൂര്‍ണ്ണമായും മുസ്ലീങ്ങളുടെ വിവേചന ബുദ്ധിയിലും വിശ്വാസത്തിലും അധിഷ്ടിതമാണ് താനും. ബാബറി മസ്ജിദ് തകര്‍പ്പെട്ടു എന്ന വസ്തുത ഭാരതത്തിലേയും ലോകത്തിലേയും മുസ്ലീം ജനവിഭാഗം അംഗീകരിക്കുക. മസ്ജിദുകള്‍ തകര്‍ക്കപ്പെടുക എന്നത് ലോകത്ത് ആദ്യം ഉണ്ടാകുന്ന സംഭവവും അല്ല. അക്രമികളാല്‍ തകര്‍ക്കപ്പെട്ടിട്ടുള്ള എല്ലാ മസ്ജിദുകളും അതേ സ്ഥലത്ത് അതേ പോലെ പുനര്‍ നിര്‍മ്മിക്കപ്പെട്ടിട്ടും ഇല്ല. നിര്‍ഭാഗ്യവശ്ശാല്‍ നമ്മുടെ നാട്ടിലും അങ്ങിനെ ഒരു മസ്ജിദ് തകര്‍ക്കപ്പെട്ടു. ആ സ്ഥലത്തെ ചൊല്ലി ഇന്നി തര്‍ക്കം വേണ്ടാ എന്ന് മുസ്ലീം ജനവിഭാഗം ഒറ്റക്കെട്ടായി തീരുമാനമെടുക്കുക. ബാബറി മസ്ജിദ് സൌകര്യ പ്രദമായ മറ്റൊരു സ്ഥലത്ത് നിര്‍മ്മിക്കുക. തീവ്രവാദികള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ദേശീയതയ്ക്കും മതസൌഹാര്‍ദ്ദത്തിനും മാറ്റു കൂട്ടാന്‍ ഹൈന്ദവര്‍ മസ്ജിദ് നിര്‍മ്മിക്കാന്‍ സാമ്പത്തികമായും സാമൂഹികമായും സഹകരിക്കുക! എന്തു സുന്ദരമായിരിക്കും അങ്ങിനെയൊരു തീരുമാനത്തില്‍ മുസ്ലീം ജനവിഭാഗം എത്തിച്ചേര്‍ന്നാല്‍...

ഇങ്ങിനെ ചിന്തിക്കുമ്പോള്‍ തന്നെ ഭാരത മുസ്ലീങ്ങളെ അലട്ടുന്ന ഭീതിതമായ ചില പ്രശ്നങ്ങളുമുണ്ട്. മുസ്ലീം സമൂഹം ബാബറി മസ്ജിന്റെ കാര്യത്തില്‍ മൃദ്യുല സമീപനം കൈകൊള്ളുന്നതില്‍ ഒരു പക്ഷേ വിമുഖരായിരിക്കില്ല. എന്നാല്‍ അവരെ പിടിവാശിക്കാരാക്കുന്നത് ബാഹ്യമായ മറ്റു ചില കാരണങ്ങളാണ്. പൊളിക്കപ്പെട്ട പള്ളി പുനര്‍ നിര്‍മ്മിക്കപ്പെടുക എന്നതിനുമപ്പുറം കൂടുതല്‍ ദേവാലയങ്ങള്‍ തകര്‍ക്കപ്പെടുന്നത് തടയുക എന്ന ചിന്ത കൂടി മുസ്ലീം ജനവിഭാഗത്തെ ഭരിക്കുന്നുണ്ട്. കേസില്‍ കക്ഷികളാക്കപ്പെട്ടിട്ടുള്ള മുസ്ലീം സമുദായ സംഘടനകളും ഭാരത മുസ്ലീമുകള്‍ ഒന്നടങ്കവും ഈ ഭവിഷിത്തിനെയാണ് ഭയക്കുന്നത്.

കാശിയും വാരണാസിയും ജുമാമസ്ജിദും അജ്മീരും അടക്കം 3333 മസ്ജിദുകള്‍ സംഘപരിവാറിന്റെ ഹിറ്റ് ലിസ്റ്റില്‍ ഉണ്ട്. ബാബറി മസ്ജിദ് തകര്‍ന്നിടത്ത് അക്രമികള്‍ ലക്ഷ്യം വെച്ചതു പോലെ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടാല്‍ മറ്റു മസ്ജിദുകളും ഉന്നം വെക്കപ്പെടുകയും സാഹചര്യം ഒത്തു വരുന്നിടത്ത് തകര്‍ക്കപ്പെടുകയും ചെയ്യപ്പെടാം എന്ന് മുസ്ലീം സമൂഹം ഭയപ്പെടുന്നു. ബാബറി മസ്ജിദിന്റെ കാര്യത്തില്‍ മുസ്ലീം സമുദായം അയവില്ലാത്ത നിലപാടെടുക്കാന്‍ കാരണം ഈ ഭയമാണ്. ആ ഭയം ഒരിക്കലും അസ്ഥാനത്തല്ലാ താനും. എന്നാല്‍ ഈ ഭയത്തെയും അതിജീവിക്കാന്‍ സമുദായത്തിനു കഴിയുന്നതരത്തില്‍ ഇപ്പോഴത്തെ കോടതി ഇടപെടലുകളെ മാറ്റിയെടുക്കാന്‍ കഴിയും.

മുസ്ലീങ്ങള്‍ ബാബറി മസ്ജിദിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ചക്ക് തയ്യാറാവുകയും ഇന്നി മറ്റൊരു ദേവാലയവും തകര്‍ക്കപ്പെടുകയില്ല എന്ന് ബന്ധപ്പെട്ടവരില്‍ നിന്നും സര്‍ക്കാറില്‍ നിന്നും കോടതികളില്‍ നിന്നും സമൂഹത്തില്‍ നിന്നും ഉറപ്പ് വാങ്ങി കൊണ്ട് ബാബറി മസ്ജിദ് ഹൈന്ദവ സമൂഹത്തിന്റെ പിന്തുണയോടെ ആരാധനയ്ക്ക് അനുയോജ്യമായൊരിടത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്താല്‍ ജയിക്കുന്നത് ഭാരത സംസ്കാരവും ഇന്‍ഡ്യന്‍ മുസ്ലീമുമായിരിക്കും. മൊത്തം ഭാരത ജനതയുടെ സ്നേഹവും ബഹുമാനവും ആര്‍ജ്ജിച്ച് ലോക മുസ്ലീങ്ങള്‍ക്ക് തന്നെ സഹിഷ്ണുതയുടെ പാഠം കാട്ടി കൊടുത്തു കൊണ്ട് ലോകത്തിനു തന്നെ മാതൃകയാകാന്‍ ഇപ്പോള്‍ വന്നിരിയ്ക്കുന്ന അവസരം ഉപയോഗിക്കാന്‍ ഭാരത മുസ്ലീമിനു കഴിയണം. പ്രത്യേകിച്ചും ലോകമെമ്പാടും ഇസ്ലാമും ശരീഅത്തും അങ്ങേയറ്റം തെറ്റായി വ്യാഖാനിക്കപ്പെടുന്ന വര്‍ത്തമാന കാലത്തില്‍ യഥാര്‍ത്ഥ ഇസ്ലാം സഹിഷ്ണുതയുടേയും സഹവര്‍ത്തിത്വത്തിന്റേയും സഹനത്തിന്റേയും ഊഷ്മള സ്നേഹത്തിന്റേയും മതമാണെന്ന് ലോകത്തിനു കാട്ടി കൊടുക്കാന്‍ ലോകത്തെ ഏറ്റവും കൂടുതല്‍ മുസ്ലീങ്ങള്‍ അധിവസിക്കുന്ന രണ്ടാമത്തെ രാജ്യത്തിനു കഴിഞ്ഞാല്‍ ഈ നൂറ്റാണ്ടിനു ഭാരതം നല്‍കുന്ന ഏറ്റവും വിലപ്പെട്ട സന്ദേശങ്ങളില്‍ ഒന്നായിരിക്കും അത്.
--------------------------------------------------------------
വാസ്തവത്തിലെ വിധിയെത്തുമ്പോള്‍....