Friday, March 18, 2011

വി.എസ്സ്. മത്സരിക്കും : സി.പി.എം.


വേദി : ഏ.കേ.ജി. സെന്റര്‍
പരിപാടി : സി.പി.എം. സെക്രട്ടറി പിണറായി വിജയന്റെ പത്രസമ്മേളനം.
തീയതി : ഇന്നോ, നാളെയോ അല്ലെങ്കില്‍ മറ്റന്നാളോ.

കേരളാ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സി.പി.എം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാന്‍ വേണ്ടി സഖാവ് പിണറായി അടുത്ത ഏതാനും മണിക്കൂറുകളീലോ ഏറ്റവും അടുത്ത ദിവസങ്ങളിലോ വിളിക്കാന്‍ പോകുന്ന പത്ര സമ്മേളനത്തിന്റെ പൂര കാഴ്ച!

പിണറായി സ്വതസിദ്ധമായ കമ്മ്യൂണിസ്റ്റ് ശൈലിയില്‍ പാറശ്ശാല മുതലുള്ള നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു തുടങ്ങുന്നു. അതിനും മുന്നേ സ്ഥാനാര്‍ത്ഥികളുടെ പേരും ഉള്‍പ്പെടുത്തിയ പത്രക്കുറിപ്പ് പത്രക്കാര്‍ക്കു നല്‍കുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ദൃശ്യമാധ്യമങ്ങളില്‍ "ഫ്ലാഷ്" പ്രളയം....

"വി.എസ്സ്. മത്സരിക്കും"

പത്രസമ്മേളനത്തില്‍ പിണറായി രണ്ടുരൂപാ അരിയും കുഞ്ഞാലികുട്ടിയും വിക്കിലീക്സും എല്ലാം വിശകലനം ചെയ്യുകയാണ്. കൂട്ടത്തില്‍ സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള കാര്യങ്ങളും.

എല്ലാം വിവരിച്ചു കഴിഞ്ഞു ഇന്നി നിങ്ങള്‍ക്ക് ചോദ്യങ്ങള്‍ വല്ലതും ഉണ്ടോ എന്നര്‍ത്ഥത്തില്‍ പത്രക്കാര്‍ക്ക് നേരെ ഒരു നോട്ടത്തോടെ പിണറായി...

പത്രക്കാരില്‍ നിന്നും ഒരു മനോരമാ ശബ്ദം:

"പാര്‍ട്ടിയുടെ സംസ്ഥാന സമിതിയുടെ തീരുമാനത്തിനു വിപരീതമായി വി.എസ്സിന്റെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത് ജനരോഷം ഭയന്നാണോ?..."

പിണാറിയിയുടെ മുഖത്ത് ഒരു ചതഞ്ഞ ചിരി.

"സംസ്ഥാന കമ്മിറ്റിയുടെ തീരുമാനമാണ് ഞാനിപ്പോള്‍ പറഞ്ഞത്. നിങ്ങളോട് ആരാണ് പറഞ്ഞത് സംസ്ഥാന കമ്മിറ്റി വി.എസ്സിനു സീറ്റ് നിഷേധിച്ചത് എന്ന്. നിങ്ങള്‍ തന്നെ ഉണ്ടാക്കുന്ന വാര്‍ത്തകള്‍ നിങ്ങള്‍ക്ക് തന്നെ വിഴുങ്ങേണ്ടി വരുന്ന വിഷമം എനിക്കു മനസ്സിലാകും."

പത്രക്കാരില്‍ നിന്നും ഒരു ഏഷ്യാനെറ്റ് ന്യൂസ് ശബ്ദം:

"വി.എസ്സ്. അനാരോഗ്യം കാരണം മാറി നില്‍ക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞല്ലോ? അത് പാര്‍ട്ടിയുടെ തീരുമാനം ആയിരുന്നില്ലേ?"

പിണറായി: "അദ്ദേഹം അങ്ങിനെ പറഞ്ഞോ? അതും നിങ്ങളുടെ ഭാവനയാണ്. അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനാണ്. അദ്ദേഹത്തിനു പ്രായാധിക്യം മൂലമുള്ള അസ്വസ്ഥതകള്‍ ഉണ്ട് എന്ന് അദ്ദേഹത്തിനോ സഹപ്രവര്‍ത്തകരായ ഞങ്ങള്‍ക്കോ തോന്നിയിട്ടില്ല. ഇതെല്ലാം നിങ്ങളുടെ ഭാവനയ്ക്ക് ഒപ്പിച്ച് നിങ്ങള്‍ എഴുതി കൂട്ടുന്ന കാര്യങ്ങള്‍. അതില്‍ ഞങ്ങള്‍ക്ക് എന്തു കാര്യം. സംസ്ഥാന കമ്മിറ്റിയുടെ ചര്‍ച്ചകള്‍ക്കും പോളിറ്റ് ബ്യൂറോയുടെ തീരുമാനങ്ങള്‍ക്കും അധിഷ്ഠിതമായാണ് ഞങ്ങള്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്. അല്ലാതെ പത്രവാര്‍ത്ത നോക്കിയല്ല."

പത്രക്കാരില്‍ നിന്നും ഒരു ജയ്ഹിന്ദ് ശബ്ദം:

"സി.പി.എമ്മിലെ വിഭാഗീയതയല്ലേ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും ആദ്യം വി.എസ്സ്. ഒഴിവാക്കപ്പെടാന്‍ കാരണം?."

പിണറായിയുടെ പരിഹാസ ചിരി!.

"സി.പി.എമ്മില്‍ ഒരു വിഭാഗീയതയും ഇല്ല. സഖാവ് വി.എസ്സ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സ്വത്താണ്. ഞങ്ങളുടെ എല്ലാം അനിഷേധ്യ നേതാവാണ് അദ്ദേഹം. സഖാവ് വി.എസ്സിനെ മാറ്റി നിര്‍ത്തി കൊണ്ടുള്ള ഒരു തീരുമാനവും ഞങ്ങളുടെ പാര്‍ട്ടി എടുത്തിട്ടില്ല. ഇതെല്ലാം പറയുന്നത് നിങ്ങള്‍ പത്രക്കാര്‍ മാത്രമാണ്...."

അപ്പോഴാണ് ഇന്‍ഡ്യാവിഷന്‍ ശബ്ദം...

"പി.ശശിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാതെ തരം താഴ്ത്തുക മാത്രം ചെയ്തത് പെണ്‍‌വാണിഭക്കാര്‍ക്ക് എതിരല്ല പാര്‍ട്ടി എന്ന സൂചനയല്ലേ നല്‍കുന്നത്?"

പിണറായി : "അത്... ആ സഖാവിനു പ്രത്യേയ ശാസ്ത്രാധിഷ്ടിതമായ ചില വീഴ്ചകള്‍ പറ്റി എന്നു പാര്‍ട്ടി മനസ്സിലാക്കുന്നു. അതു തിരുത്താനുള്ള അവസരമാണ് ഇപ്പോള്‍ അദ്ദേഹത്തിനു നല്‍കിയിരിക്കുന്നത്. അദ്ദേഹം അതു തിരുത്തും എന്നാണ് പാര്‍ട്ടി കരുതുന്നത്. അദ്ദേഹം പെണ്‍‌വാണിഭക്കാരന്‍ ആണെന്നു നിങ്ങളോട് ആരാണ് പറഞ്ഞത്. ആ സഖാവ് പാര്‍ട്ടി സെക്രട്ടറിക്കു നല്‍കിയ ഒരു കത്ത് പത്രക്കാര്‍ക്ക് ചോര്‍ന്നു കിട്ടിയതിന്റെ പേരിലാണ് അദ്ദേഹത്തെ തരംതാഴ്ത്തിയത്. നിങ്ങള്‍ക്ക് ഈ പാര്‍ട്ടിയെ കുറിച്ച് എന്തറിയാം..."

പത്രസമ്മേളനം കഴിഞ്ഞു. പിണറായി പോയി. ലൈവായി പത്രസമ്മേളനം കണ്ടും കേട്ടും കൊണ്ടിരുന്ന ജനം വീണ്ടും പഴയ ആ ജീവി തന്നെ എന്ന് ഒന്നു കൂടി ഉറപ്പിച്ചു. മലയാളികളെ ചേര്‍ത്ത് ആ നാല്‍ക്കാലിയുടെ പേരു പറയുന്നില്ല. പേരു പറഞ്ഞാല്‍ ആ ജീവിയ്ക്കത് കുറച്ചിലാകും. കഴുതകള്‍ക്കും ഇല്ലേ മാനം!

Monday, January 31, 2011

ജീവിക്കാന്‍ വേണ്ടി...

ലൈഫ് ഇന്‍ഷുറന്‍സ് വേണം എന്ന് പറഞ്ഞാണ് അയാള്‍ വന്നത്. മണി ബാക്കും സേവിങ്ങും തുടങ്ങി നിക്ഷേപ സാധ്യതയും മൂലധന വളര്‍ച്ചയും ഉള്ള നിരവധി പോളിസികള്‍ പരിചയപ്പെടുത്തുമ്പോള്‍ അയാള്‍ക്ക്‌ അതൊന്നും കേള്‍ക്കേണ്ട. ഒരു മില്യണ്‍ ഡോളറിന്റെ ലെവല്‍ ടേം പ്ലാന്‍ വേണം. ലെവല്‍ ടേം എന്ന് പറഞ്ഞാല്‍ ഏകദേശം നമ്മുടെ മോട്ടോര്‍ ഇന്‍ഷുറന്‍സ് പോലെ. മരണം സംഭവിച്ചാല്‍ മാത്രം ക്ലയിം ലഭിക്കുന്ന പോളിസി.


അയാളുടെ നിലപാട് കണ്ടപ്പോള്‍ എന്തോ ഒരു പന്തികേട്‌ പോലെ.


"ബായി എന്താ പോളിസി എടുത്തിട്ടു ആത്മഹത്യ ചെയ്യാനുള്ള പരിപാടിയാ?. അത് നടക്കില്ല കേട്ടോ. അപകട മരണമോ സ്വോഭാവിക മരണമോ ആണെങ്കിലേ ക്ലയിം കിട്ടുള്ളൂ."


"അതൊക്കെ അറിയാം ബായി. ഞാന്‍ നാട്ടില്‍ പോയിട്ട് അവിടുന്നെന്റെ മരണ സര്ടിഫികറ്റ് സംഘടിപ്പിച്ചു അയച്ചു തരാം. താങ്കള്‍ അതൊന്നു കബൂലാക്കി എന്റെ അനിയന് കൊടുത്താല്‍ മതി. കിട്ടുന്ന പൈസേടെ പത്ത് ശതമാനം ബായിക്ക് തരാം...."


ജീവിക്കാന്‍ വേണ്ടി മരിക്കാന്‍ വരെ പാവം പാവം ബായി തയ്യാറായിരുന്നു!

Friday, January 28, 2011

ഒരു മുഴം മുന്നേ എറിയുന്ന കുഞ്ഞാലി കുട്ടി സാഹിബ്.

വ്യാജ സീഡി വീണ്ടും!

കുഞ്ഞാലി കുട്ടി സാഹിബിനെ തന്റെ ഭാര്യ ബന്ധു ശ്രീ. റൌഫ് വ്യാജ സീഡി കാട്ടി പേപ്പിടിയക്കുന്നു എന്ന് കുഞ്ഞാലി കുട്ടി പത്ര സമ്മേളനം നടത്തി പറഞ്ഞിരിക്കുന്നു. തന്നെ വധിക്കാന്‍ റൌഫ് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു വെച്ചിരിക്കുന്നു. പക്ഷെ വധ ഭീഷണിയല്ല കുഞ്ഞാലി കുട്ടി സാഹിബിനെ അലട്ടുന്നത് എന്ന് അദ്ധേഹത്തിന്റെ ശരീര ഭാഷയില്‍ നിന്നും തന്നെ വ്യക്തമാണ്‌. ചിത്ര വധം ചെയ്യപ്പെടാന്‍ വിധിക്കപ്പെട്ട ഒരാളുടെ ഭാവമായിരുന്നു അദ്ദേഹത്തിന്റേത്.

വ്യവസായ മന്ത്രിയായിരുന്ന കുഞ്ഞാലി കുട്ടിയുടെ നിഴലായിരുന്നു ഇന്ന് അദ്ദേഹത്തിനു അനഭിമതനായി മാറിയിരിക്കുന്ന റൌഫ്. വ്യവസായ മന്ത്രിയുടെ ഓഫീസിനെ റൌഫ് വ്യവസായ മന്ത്രിക്കും തനിക്കു വേണ്ടി തന്നെയും ദുരുപയോഗം ചെയ്തിട്ടിണ്ട്‌ എന്നത് അന്നേ പരസ്യമായിരുന്നു. ഇന്ന് പത്ര സമ്മേളനത്തില്‍ കുഞ്ഞാലി കുട്ടി സാഹിബ് തന്നെ അത് തുറന്നു സമ്മതിക്കുകയും ചെയ്തിരിക്കുന്നു. മന്ത്രിയായിരുന്ന കാലത്ത് റൌഫ് ഉള്‍പ്പെടെ പലരെയും താന്‍ വഴി വിട്ടു സഹായിച്ചിട്ടുണ്ട് എന്ന കുഞ്ഞാലി കുട്ടി സാഹിബിന്റെ കുറ്റസമ്മതം മന്ത്രിയായിരിക്കാനുള്ള തന്റെ യോഗ്യതയെ തന്നെയാണ് ചോദ്യം ചെയ്യുന്നത്. മന്ത്രിയായിരുന്നപ്പോള്‍ താന്‍ വഴിവിട്ട നിലപാടുകള്‍ എടുത്തിട്ടുണ്ട് എന്ന് അദ്ദേഹം തന്നെ പറയുമ്പോള്‍ മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം എടുത്ത എല്ലാ തീരുമാനങ്ങളും നടപടികളും അന്വോഷണ വിധേയം ആകണം.

സീഡി എന്ന് കേട്ട നിമിഷം തന്നെ ഒരാള്‍ തന്നെ പെപ്പിടിയാക്കുന്നു എന്ന് വിലപിച്ചു സാഹിബ് പത്ര സമ്മേളനം നടത്തിയത് ഏതോ ഒരു സീഡിയോ അല്ലെങ്കില്‍ ഒരു കൂട്ടം സീഡികള്‍ ഒരുമിച്ചോ അദ്ദേഹത്തെ ഭയപ്പെടുത്തുന്നു എന്ന സൂചനയാണ് നല്കുന്നുത്. കുഞ്ഞാലികുട്ടി സാഹിബിന്റെ പ്രതിശ്ചായക്ക്‌ മങ്ങലേല്‍ക്കുന്ന തരത്തില്‍ ഏതെങ്കിലും സീഡികള്‍ രംഗത്ത് വരികയോ വരാതിരിക്കുകയോ ചെയ്യട്ടെ. പക്ഷെ സീഡികള്‍ വ്യജമാനെങ്കില്‍ അദ്ദേഹം എന്തിനു ഭയക്കണം? ഒരിക്കല്‍ ഐടി മന്ത്രിയായിരുന്ന അദ്ദേഹത്തിനു വ്യാജ സീഡി വളരെ ലളിതമായി പിടിക്കപ്പെടും എന്ന തിരിച്ചറിവ് ഇല്ലാതിരിക്കുമോ? അപ്പോള്‍ ഏതോ സീഡികള്‍ അദ്ധേഹത്തിന്റെ ഉറക്കം കെടുത്തുന്നുണ്ട്.

"ഇന്നലെ വരെ പലതും നടന്നിട്ടുണ്ടാകും.."

"താന്‍ ഇന്നി ബ്ലാക്ക്‌ മെയിലിങ്ങിനു നിന്ന് കൊടുക്കില്ല."

"മനുഷ്യനല്ലേ ... ഇതുവരെ നടന്നത് നടന്നു."

"കൊന്നാലും ബ്ലാക്ക്‌ മെയിലിങ്ങിനു ഇന്നി നിന്ന് കൊടുക്കില്ല."

അദ്ധേഹത്തിന്റെ ലൈവ് വാക്കുകള്‍. ....

അതായതു ഇന്നലെ പലതും അദ്ദേഹം നടത്തിയിട്ടുണ്ട്. അത് നാട്ടുകാര്‍ അറിയുന്ന കാര്യങ്ങള്‍. ഇന്ന് അദ്ദേഹം  തന്നെ അത് തുറന്നു പറയുകയും ചെയ്യുന്നു. നാട്ടുകാര്‍ അറിയുന്ന റജീന അല്ലാതെ മറ്റെന്തോക്കെയാണ് അദ്ദേഹം അന്ന് നടത്തിയതെന്ന് കൂടി പുറത്തു വരേണ്ടിയിരിക്കുന്നു.

മലബാര്‍ സിമന്റസിലെ അഴിമതി പര്‍വ്വം കുഞ്ഞാലി കുട്ടി സാഹിബ്‌ വ്യവസായ മന്ത്രിയായിരുന്ന കാല ഘട്ടത്തില്‍ ആയിരുന്നു നടന്നത്. സിമന്റസിലെ കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹ മരണവും ഇപ്പോഴത്തെ അദ്ധേഹത്തിന്റെ പത്ര സമ്മേളനവുമായി വല്ല ബന്ധവും ഉണ്ടോ? ശശീന്ദ്രന്റെ മരണവുമായി ബന്ധപ്പെടുത്തി വാര്‍ത്തകളില്‍ വരുന്ന വ്യവസായി രാധാകൃഷ്ണനും കുഞ്ഞാലികുട്ടി സാഹിബിന്റെ ആഫീസുമായി
ബന്ധ പെട്ടിരുന്നു എന്ന വാര്‍ത്തകളും പുറത്തു വന്നു കൊണ്ടിരിക്കുന്നു. മലബാര്‍ സിമന്റസിലെ അഴിമതി വിചാരണക്ക് വരുന്ന ദിനങ്ങളിലാണ് ശശീന്ദ്രന്‍ ദുരൂഹമായി മരണപ്പെടുന്നതും അന്നത്തെ വ്യവസായ മന്ത്രിയായിരുന്ന ഒരാള്‍ വധ ഭീഷണി ഉണ്ട് എന്ന് പറഞ്ഞു വിലപിക്കുന്നതും.

ഇപ്പോള്‍ എല്ലാം പുറത്തു വരുന്ന കാലം. കുഞ്ഞാലി കുട്ടി സാഹിബിനും എല്ലാം തുറന്നു പറയാന്‍ ഒരു പക്ഷെ കാലം കൊടുത്ത അവസരം ആകാം ഇത്. അദ്ദേഹം കിട്ടിയ അവസരം നന്നായി ഉപയോഗിക്കട്ടെ!

പിന്‍ വിളി.
നമ്മുടെ തമിഴന്‍ സ്വാമിയും പറയുന്നത് അത് തന്നെ.
"സീഡി വ്യാജമാണെന്ന്!"

Wednesday, November 03, 2010

ജന്തു സ്നേഹത്തിന്റെ ഷാര്‍ജ്ജാ മാതൃക!

നുഷ്യനെ ആശ്രയിച്ചു ജീവിക്കുന്ന മൃഗങ്ങളില്‍ മനുഷ്യന്റെ സാമീപ്യവും സഹവാസവും ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന ജീവികളാണ് നായ്ക്കളും മാര്‍ജ്ജാരന്മാരും. മനുഷ്യ സ്നേഹം പിടിച്ച് വാങ്ങാന്‍ എപ്പോഴും ഈ ജന്തുക്കള്‍ ശ്രമിക്കാറും ഉണ്ട്. നായ്ക്കളും പൂച്ചകളും ഒരിക്കലും വന്യമൃഗത്തിന്റെ സ്വഭാവം സൂക്ഷിക്കുന്നവരല്ല. മനുഷ്യനോടൊപ്പം സഹവസിക്കാനാണ് ഇവ എപ്പോഴും ശ്രമിക്കാറ്. എങ്കിലും അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായ്ക്കളും പൂച്ചകളും മനുഷ്യന് പലപ്പോഴും അപകടങ്ങള്‍ വരുത്തി വയ്ക്കാറും ഉണ്ട്.

ഷാര്‍ജ്ജയിലെ തെരുവുകളിലും അലഞ്ഞ് തിരിയുന്ന പൂച്ചകള്‍ സര്‍വ്വസാധാരണമാണ്. എങ്കിലും, അലഞ്ഞ് നടക്കുന്ന നായ്ക്കള്‍ താരതമ്യേന ഇല്ലാ എന്നു തന്നെ പറയാം. പൂച്ചകള്‍ പക്ഷേ എവിടേയും എപ്പോഴും കാണാം. അലഞ്ഞ് തിരിയുന്ന പൂച്ചകളെ ഉണ്മൂലനം ചെയ്യുക എന്ന ഒരു തീരുമാനം അധികാരികള്‍ എടുത്താല്‍ പൂച്ച ശല്യം കുറക്കാന്‍ എളുപ്പം ഒരു പക്ഷേ ആ തീരുമാനം ആയിരിക്കാം. എന്നാല്‍ ഷാര്‍ജ്ജയിലെ ഭരണാധികാരികള്‍ എടുത്ത തീരുമാനം ഒരു ഭരണ കൂടത്തിന്റെ നന്മകളെയാണ് വിളിച്ചോതുന്നത്.

ഷാര്‍ജ്ജാ ഭരണാധികാരി ഹിസ് ഹൈനസ് ഷേക്ക് ഖാസിമിയുടെ തീരുമാനമാണ് തെരുവ് പൂച്ചകള്‍ക്ക് ആശ്രയമായി ഷാര്‍ജ്ജാ ക്യാറ്റ്സ് ആന്റ് ഡോഗ്സ് ഷെല്‍റ്റര്‍ നിലവില്‍ വന്നത്. അഭയമോ ആശ്രയമോ ഇല്ലാത്ത അവസ്ഥ... അത് മനുഷ്യനായാലും മൃഗമായാലും ഭയാനകമാണ്. ലോകം മുഴുവനും അടക്കി വാഴുന്ന മനുഷ്യന്‍ അറിഞ്ഞു കൊണ്ടും അറിയാതെയും ഈ ലോകത്തിന്റെ തുല്ല്യ അവകാശികളായ മറ്റു ജന്തുക്കളുടെ ആവാസ വ്യവസ്ഥകള്‍ ഇല്ലായ്മ ചെയ്യുകയാണ് ഒരോ നിമിഷവും ചെയ്യുന്നത്. തെരുവില്‍ ഒരു പൂച്ച കുഞ്ഞിനെ കണ്ടാല്‍ തൊഴിച്ചു തെറിപ്പിക്കുന്ന സംസ്കാരത്തില്‍ നിന്നും മനുഷ്യനെ വ്യതി ചലിപ്പിക്കാന് ആ പൂച്ച കുഞ്ഞിനും ജീവിക്കാനുള്ള അവകാശം നമ്മുക്ക് തുല്ല്യമാണ് എന്നോര്‍മ്മപ്പെടുത്തി കൊണ്ടാണ് ഷാര്‍ജ്ജാ ക്യാറ്റ് ആന്റ് ഡോഗ്സ് ഷെല്‍റ്റര്‍ പ്രവര്‍ത്തിക്കുന്നത്.

അനാഥമായി അലഞ്ഞ് തിരിയുന്ന പൂച്ചകളെ കണ്ടാല്‍ അവയെ സംരക്ഷിക്കാനായി ഒരു അഭയ കേന്ദ്രം സര്‍ക്കാര്‍ ചുമതലയില്‍ ഈ പട്ടണത്തില്‍ ഉണ്ട് എന്നോര്‍ക്കുക! ഷാര്‍ജ്ജാ ക്യാറ്റ് ആന്റ് ഡോഗ്സ് ഷെല്‍റ്ററിന്റെ 06-5453985 എന്ന നമ്പരില്‍ വിളിച്ചറിയിച്ചാല്‍ സ്കാഡ്സിന്റെ വാഹനത്തില്‍ ജീവനക്കാരെത്തി പൂച്ചകളെ പിടിച്ച് കൊണ്ടു പോയി പ്രതിരോധ കുത്തിവെപ്പുകള്‍ നടത്തി ഭക്ഷണവും വെള്ളവും സുലഭമായി കിട്ടുന്നിടങ്ങളില്‍ തിരികെ എത്തിക്കുകയോ അല്ലെങ്കില്‍ പൂച്ചകളെ ദത്തെടുത്ത് വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നേരിയ ചില നടപടി ക്രമങ്ങളിലൂടെ നല്‍കുകയോ ചെയ്യും.

പൂച്ചകള്‍ ഒരിക്കലും മനുഷ്യന് ശല്ല്യമല്ല. നമ്മുടെ വാസ സ്ഥലത്തെ എലി, പാറ്റ, പല്ലി ശല്ല്യം മുഴുവനായി തന്നെ ഒഴിവാക്കാന്‍ പൂച്ചയുടെ സാനിദ്ധ്യം കൊണ്ട് കഴിയുകയും ചെയ്യും. എലിശല്ല്യം ഒഴിവാക്കാന്‍ വിഷം വെക്കുന്ന രീതി കുഞ്ഞുങ്ങള്‍ക്കും മറ്റു വളര്‍ത്തു മൃഗങ്ങള്‍ക്കും ഉണ്ടാക്കുന്ന അപകടങ്ങള്‍ നാം തിരിച്ചറിയേണ്ടുന്നതുണ്ട്. ഒരു പൂച്ചക്കിത്തിരി സ്നേഹവും ഇമ്മിണി ഭക്ഷണവും കുറച്ച് വെള്ളവും കിടക്കാനൊരു മൂലയും കൊടുത്താല്‍ ഒരെലിയും പിന്നെ വീട്ടിനുള്ളില്‍ കടക്കില്ല!

നമ്മള്‍ കഴിച്ചു ബാക്കിയാകുന്ന ഭക്ഷണത്തിന്റെ ഒരോഹരി മതി ഒരു പൂച്ചയെ നമ്മുക്ക് ദത്തെടുത്ത് പോറ്റുവാന്‍. കച്ചറ ഡബ്ബയില്‍ തള്ളുന്ന ഭക്ഷണത്തില്‍ തലയിട്ട് മാന്തി അന്നം തേടുന്ന പൂച്ച കുഞ്ഞുങ്ങള്‍ക്ക് നുറുങ്ങ് സ്നേഹം ചേര്‍ത്ത് നമ്മുടെ ഉമ്മറത്ത് അന്നമൊരിയ്ക്കിയാല്‍ അത് നമ്മേ പോലെ തന്നെ ഈ ലോകത്ത് ജീവിക്കാന്‍ അവകാശമുള്ളൊരു ജീവിയോട് ചെയ്യുന്ന വല്ല്യ കാരുണ്യമായിരിക്കും. സ്കാഡ്സ് നമ്മേ ഓര്‍മ്മിപ്പിക്കുന്നതും ഈ വസ്തുതയാണ്.

ഒരിക്കല്‍ സ്കാഡ്സ് സന്ദര്‍ശിക്കുന്ന ഒരാളെ കാത്തിരിക്കുന്നത് ഓമനത്തം തുളുമ്പുന്ന നിരവധി പൂച്ചകളാണ്. എല്ലാം തെരുവിന്റെ സന്തതികളും. തെരുവില്‍ അലഞ്ഞ് തിരിഞ്ഞ് അന്നം തേടിയിരുന്നവര്‍ക്ക് ഷാര്‍ജ്ജാ ഷേക്കിന്റെ സമ്മാനമാണ് സ്കാഡ്സ്. മനുഷ്യത്വം മഹത്തരമാകുന്നത് ഇങ്ങിനെയുള്ള നന്മകളിലൂടെയും കൂടിയാണല്ലോ?

നവംബര്‍ അഞ്ചാം തീയതി ദത്തു ദിനമാണ്. കുഞ്ഞു പൂച്ചകള്‍ക്ക് അഭയം നല്‍കാന്‍ സന്മനസുള്ളവര്‍ക്ക് ഷാര്‍ജ ക്യാട്സ് ആന്റ് ഡോഗ്സ് ഷെല്‍ട്ടറില്‍ എത്താം. വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിമുതല്‍ വൈകിട്ട് മൂന്നു മണിവരെയാണ് പരിപാടി. കുട്ടികള്‍ക്ക് വളരെ താല്പര്യം ഉണ്ടാക്കുന്ന പരിപാടികളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. ‍

scads.ae എന്ന സൈറ്റില്‍ പോയാല്‍ മനുഷ്യ സ്നേഹത്തിന്റെ വേറിട്ടൊരു മുഖം കാണാം. ഷാര്‍ജ്ജാ ഭരണാധികാരിയും സുപ്രീം കൌണ്‍സില്‍ അംഗവുമായ ഹിസ് റോയല്‍ ഹൈനസ് ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ഹൃദയ വിശാലതയുടെ നേര്‍ ചിത്രവും....

Wednesday, October 27, 2010

ആരായിരുന്നു ആ അഞ്ചെട്ടു പേര്‍?

"അമ്പ് ഏതു നിമിഷവും
മുതുകിൽ തറയ്ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ്
വേടന്റെ കൂര കഴിഞ്ഞ് റാന്തൽ വിളക്കുകൾ ചുറ്റും
എന്റെ രുചിയോർത്ത്
അഞ്ചെട്ടു പേർ
കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതിൽ തുറന്ന്
ഒരു ഗർജ്ജനം സ്വീകരിച്ചു
അവന്റെ വായ്‌ക്ക് ഞാനിരയായി"

ആകാശം നോക്കി തോക്കുകള്‍ തുപ്പിയ ഗര്‍ജ്ജനം സ്വീകരിച്ചു ശാന്തി കവാടത്തിന്റെ വാതില്‍ തുറന്നു വൈദ്യുത സ്മശാനത്തിന്റെ വായിക്കിരയായി കവി പോയി - ഉടുപ്പിന്റെ ഇടുപ്പില്‍ തിരുകിയ കുറിപ്പില്‍ പറഞ്ഞു വെച്ചത് അക്ഷരം പ്രതി അനുവര്‍ത്തിച്ചു കൊണ്ട്!

വരികളെല്ലാം മനസ്സിലായി. പക്ഷെ തന്നെ രുചിക്കാന്‍ കൊതിയോടെ നിന്ന ആ അഞ്ചെട്ടു പേര്‍ ആരായിരുന്നു. ഒരാളെ എനിക്കറിയാം. അത് കേരളത്തിന്റെ ബഹുമാനപെട്ട സാംസ്‌കാരിക വകുപ്പ് മന്ത്രിയാണ്. ബാക്കി ആറേഴു പേര്‍? അത് ആരൊക്കെയാണ്?

ഒരിക്കലും ആരുടേയും സൗകര്യം നോക്കി ജീവിച്ചിരുന്ന ആളല്ലായിരുന്നു കവി. മരിച്ചപ്പോള്‍ എല്ലാവരുടെയും സൗകര്യം നോക്കി അഞ്ചു നാള്‍...

കൈരളിയുടെ ഒരേയൊരു മുഴു സമയ കവിയാണ്‌ തെരുവില്‍ കിടന്നു അനാഥമായി മരിച്ചത്. ബാക്കിയെല്ലാം പാര്‍ട്ട്‌ ടൈം കവികളാണ്. എന്തൊക്കെയോ ചെയ്യുന്നതിനടയില്‍ കവിതയും എഴുതുന്നവര്‍.... അയ്യപ്പന് പക്ഷെ കവിത തന്നെയായിരുന്നു ജീവിതം. കവിത കൊണ്ട് തിന്നുകയും കുടിക്കുകയും ചെയ്തവന്‍...

അഞ്ചു നാള്‍ സാംസ്കാരിക കേരളം കനിഞ്ഞു നല്‍കിയ അനാദരവും അപമാനവും ഏറ്റു വാങ്ങി വെറും ഇറച്ചിയായി ഫ്രിഡ്ജില്‍ കിടന്ന കവിയ്ക്കു തുണയാകാന്‍ കേരളത്തിന്റെ പുകള്‍ പെറ്റ ഒരു പാര്‍ട്ട്‌ ടൈം കവിയ്ക്കും നാവു പൊന്തിയില്ല....

ഒടുവില്‍ എല്ലാര്‍ക്കും സൗകര്യം ഒത്തു വന്നപ്പോള്‍ ഇറച്ചിയെടുത്തു വെള്ളത്തിലിട്ടു ഐസ് മാറ്റി ചുറ്റും കൂടി വെടി പൊട്ടിച്ചു കുശലം പറഞ്ഞു ചുട്ടു തിന്നു - സാംസ്കാരിക കേരളം.

പക്ഷെ...
കവേ,
താങ്കള്‍ക്ക് സന്തോഷിയ്ക്കാമല്ലോ?
ഞങ്ങള്‍ മാനത്തേക്ക് വെടി വെച്ചില്ലേ?
പഞ്ചറായ സൈക്കിള്‍ വീലിന്റെ മേലെ ചുറ്റിയ പുഷ്പ ചക്രം എത്രയാ അങ്ങയുടെ നെഞ്ചത്ത്‌ കുന്നു കൂടിയേ?
ആനന്ദ ലബ്ദിക്കിനി മറ്റെന്തു വേണ്ടൂ..