Tuesday, September 06, 2011

ബാലകൃഷ്ണ പിള്ളയുടെ സുഖ തടവ് ഉണര്‍ത്തുന്ന സംശയങ്ങള്‍...

കേരള മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, അന്വോഷണാത്മക പത്രപ്രവര്‍ത്തകര്‍, നീതി പാലകര്‍, നിയമ വിദഗ്ദര്‍, നീതി പീഠം, സാമൂഹ്യ വിമര്‍ശകര്‍, നിയമ സഭാ സാമാജികര്‍, പൂജപ്പുര ജയില്‍ ഐജി സര്‍വ്വോപരി കേരളത്തിന്റെ പൊതു സമൂഹം എന്നിവര്‍ക്ക് മുമ്പാകെ വിവര ദോഷിയും സദാ സംശ്യാലുവുമായ ഒരു സാദാ പ്രവാസി മലയാളിയുടെ കേവലമായ ചില സംശയങ്ങള്‍ സമര്‍പ്പിക്കുന്നു.


വിഷയം: ആര്‍.ബാലകൃഷ്ണ പിള്ളയുടെ പഞ്ച നക്ഷത്ര ജയില്‍ വാസം.

സംശയം നമ്പര്‍ ഒന്ന്: ആര്‍. ബാലകൃഷ്ണ പിള്ള എന്ന മുന്‍ മന്ത്രിക്ക് ഭാരതത്തിന്റെ പരമോന്നത നീതി പീഠം നല്‍കിയ ഒരു വര്‍ഷം കഠിന തടവ് (വെറും തടവ് അല്ല) പഞ്ച നക്ഷത്ര ചികിത്സാ വിധിയായി മാറ്റിയത് കോടതി അലക്ഷ്യം അല്ലേ? അതെനിക്കറിയാം... കോടതി അലക്ഷ്യം ഒന്നും അല്ലെടാ ചെക്കാ... എല്ലാം നിയമ വിധേയമാണ് എന്നല്ലേ ഇപ്പോ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയാന്‍ പോകുന്നത്? അപ്പോഴാണ് ദേണ്ടെ അടുത്ത സംശയം ഉണര്‍ന്ന് എഴുന്നേല്‍ക്കുന്നത്.

സംശയം നമ്പര്‍ രണ്ട്: തടവുകാരന് പിടിപെട്ടു എന്നു പറയപ്പെടുന്ന അസുഖത്തിനു കേരളത്തിലെ മറ്റൊരു ആശുപത്രിയിലും ചികിത്സ ഇല്ലാ എന്നുണ്ടോ? മറ്റേതെങ്കിലും സ്വകാര്യ ആശുപത്രിയില്‍ മേപ്പടി സൂക്കേടിനു ചികിത്സ ഉണ്ട് എങ്കില്‍ പ്രസ്തുത ചികിത്സാലയത്തില്‍ നിന്നും സീല്‍ഡ് ടെണ്ടര്‍ വാങ്ങിയിട്ട് ചികിത്സാ ചിലവ് കുറഞ്ഞ ആശുപത്രി എന്ന നിലക്ക് കിംസിലേക്ക് തടവു കാരനെ മാറ്റുകയായിരുന്നോ? അങ്ങിനെ ചിലവു കുറഞ്ഞ മറ്റൊരു ആശുപത്രി നിലവില്‍ ഉണ്ടെങ്കില്‍ അവിടെ ചികിത്സാ സൌകര്യം ലഭ്യമാക്കാതെ താരതമ്യേന ചിലവു കൂടിയ കിംസില്‍ തടവുകാരനെ പ്രവേശിപ്പിച്ചതും അഴിമതി അല്ലേ? അഴിമതി കേസില്‍ കഠിന തടവ് (വെറും തടവ് അല്ല) അനുഭവിക്കുന്ന തടവുകാരനു അനുവദിച്ച ചികിത്സാ സൌകര്യവും അഴിമതി തന്നെയെന്നു വരുന്നത് എന്തു കൊണ്ട് അന്വോഷണാത്മക പത്ര പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെടുന്നില്ല?

സംശയം നമ്പര്‍ മൂന്ന്: ബാലകൃഷ്ണ പിള്ളയുടെ കിംസ് എന്ന പഞ്ചനക്ഷത്ര ആശുപത്രിയിലെ ചികിത്സാ ചിലവ് ആരാണ് വഹിക്കുന്നത്? സര്‍ക്കാര്‍ ആണെങ്കില്‍ കിംസ് എന്ന ആശുപത്രി തന്നെ ചികിത്സക്ക് തിരഞ്ഞാടുക്കാനുള്ള കാരണം എന്താണ്?

സംശയം നമ്പര്‍ നാല്‍: ചികിത്സാ ചിലവ് ബാലകൃഷ്ണ പിള്ള സ്വന്തം നിലക്കാണ് വഹിക്കുന്നത് എങ്കില്‍ തടവു കാരന് തടവ് കാലത്തെ ചിലവുകള്‍ സ്വന്തം നിലക്ക് വഹിക്കാന്‍ വകുപ്പുണ്ടോ? അങ്ങിനെയെങ്കില്‍ മറ്റു തടവുകാര്‍ക്കും മേപ്പടി വകുപ്പ് അനുവദിച്ചു കൊടുക്കേണ്ടേ? ചികിത്സാ ചിലവ് അല്ലാതെ മറ്റു എന്തൊക്കെ കാര്യങ്ങളാണ് തടവുകാരന് സ്വന്തം നിലക്ക് ചെയ്യാന്‍ വകുപ്പ് ഉള്ളത്?

സംശയം നമ്പര്‍ അഞ്ച്: ബാലകൃഷ്ണ പിള്ളക്ക് ബാധിച്ചിരിക്കുന്നു എന്ന് മന്ത്രി ഗണേഷ് കുമാര്‍ പത്ര സമ്മേളനം നടത്തി പറഞ്ഞ "ആ" രോഗത്തിനുള്ള ചികിത്സ കേരളത്തിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലും ഇല്ലാ എന്നുണ്ടോ? ആ രോഗത്തിനു കേരളത്തിലെ ഒരു ആതുര ചികിത്സാലയത്തിലും ചികിത്സയില്ലാത്തതു കൊണ്ടായിരിക്കും അല്ലോ സ്വാകാര്യ ആശുപത്രിയില്‍ തടവു കാരനെ പ്രവേശിപ്പിച്ചത്. അങ്ങിനെയെങ്കില്‍ കേരളത്തിന്റെ പുകള്‍ പെറ്റ ചികിത്സാ സൌകര്യങ്ങള്‍ എല്ലാം പരാജയം ആണെന്നു സമ്മതിക്കെണ്ടി വരില്ലേ? കിംസ് ആശുപത്രിയുടെ ഏഴയലത്തു പോലും ചെല്ലാന്‍ സാമ്പത്തിക ശേഷി ഇല്ലാത്ത ഒരുവനു മേപ്പടി സൂക്കേട് ബാധിച്ചാല്‍ അവന്‍ ചത്തൊടുങ്ങട്ടെ എന്നാണോ സര്‍ക്കാര്‍ നിലപാട്?

സംശയം നമ്പര്‍ ആറ്: കഠിന തടവിനു ശിക്ഷിക്കപെട്ടവര്‍ ജയിലില്‍ പണിയെടുക്കണം എന്നും മറ്റുമാണ് സാമാന്യ നിലക്ക് മനസ്സിലാകുന്നത്. ബാലകൃഷ്ണ പിള്ള പഞ്ചനക്ഷത്ര ആശുപത്രിയില്‍ അങ്ങിനെ പണികള്‍ വല്ലതും എടുക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അത് എന്തു തരം പണിയാണ്?

സംശയം നമ്പര്‍ ഏഴ്: ജയില്‍ വാസം തുടങ്ങിയ ഇടക്ക് പരോള്‍ ലഭിക്കാന്‍ ബാലകൃഷ്ണ പിള്ള പറഞ്ഞ ന്യായം ഭാര്യക്ക് സൂക്കേടാണ്, അവരെ പരിചരിക്കണം എന്നാണ്. ഇപ്പോള്‍ വാമഭാഗത്തിന്റെ അസുഖങ്ങള്‍ക്ക് ശമനം ഉണ്ടോ? ആദ്യകാല പരോള്‍ സമയത്ത് ഭാര്യ ആശുപത്രിയില്‍ ആയിരുന്നുവോ അതോ വീട്ടില്‍ വൈദ്യന്മാര്‍ വന്നു ചികിത്സിക്കുകയായിരുന്നോ? ആശുപത്രിയില്‍ ആയിരുന്നു എങ്കില്‍ ഏത് ആശുപത്രിയില്‍ എന്തു രോഗത്തിനുള്ള ചികിത്സയായിരുന്നു? കേരളത്തിലെ ജയിലുകളില്‍ കഴിയുന്ന എല്ലാ തടവുകാര്‍ക്കും ജയിലില്‍ പ്രവേശിപ്പിക്കുന്ന ദിനങ്ങളില്‍ തന്നെ ഇങ്ങിനെ ഭാര്യയെ ശുശ്രൂഷിക്കാന്‍ പരോള്‍ നല്‍കാറുണ്ടോ?

സംശയം നമ്പര്‍ എട്ട്: ഇപ്പോള്‍ ബാലകൃഷ്ണ പിള്ളക്ക് അപൂര്‍വ്വ രോഗം ബാധിച്ച് കിംസില്‍ ചികിത്സയില്‍ ആയിരിക്കുമ്പോള്‍ രോഗിയായ ഭാര്യയെ ആരാണ് ശുശ്രൂഷിക്കുന്നത്? അങ്ങിനെ ഇപ്പോള്‍ ആരെങ്കിലും മിസ്സിസ്സ് പിള്ളയെ ശുശ്രൂഷിക്കാനും പരിചരിക്കാനും ഉണ്ട് എങ്കില്‍ എന്തു കൊണ്ട് ആദ്യകാല പരോള്‍ ആവശ്യപ്പെടുന്ന സമയത്ത് ഈ പരിചാരകര്‍ ഇല്ലാതെ പോയി?

സംശയം നമ്പര്‍ ഒമ്പത്: ബാലകൃഷ്ണപിള്ളയുടെ മകനും കൂടി ഉള്‍പെട്ട ഒരു സര്‍ക്കാര്‍ അല്ലാ ഇപ്പോള്‍ കേരളം ഭരിക്കുന്നത് എങ്കില്‍ കിംസ് പോലെയുള്ള ആശുപത്രിയില്‍ പഞ്ചനക്ഷത്ര ചികിത്സാ സൌകര്യം ബാലകൃഷ്ണ പിള്ളക്ക് ലഭിക്കുമായിരുന്നുവോ? അങ്ങിനെ ലഭിക്കും ആയിരുന്നില്ലാ എങ്കില്‍ സര്‍ക്കാറിനു താല്പര്യം ഉള്ളവര്‍ക്കു വേണ്ടി കോടതി വിധിയും ജയില്‍ ശിക്ഷയും അട്ടിമറിക്കുക എന്ന നിലയിലല്ലേ കര്യങ്ങള്‍ എത്തുന്നത്? സ്വന്തക്കാര്‍ക്ക് വേണ്ടി ജയില്‍ നിയമങ്ങളില്‍ വെള്ളം ചേര്‍ക്കുന്നത് മുഖ്യമന്ത്രി തൊട്ടു താഴോട്ടുള്ള എല്ലാവരും സത്യപ്രതിജ്ഞാ ലംഘനം നടത്തുന്നതിനു തുല്യമല്ലേ?

സംശയം നമ്പര്‍ പത്ത്: കിംസ് ആശുപത്രിയില്‍ തടശിക്ഷ അനുഭവിക്കുന്ന ബാലകൃഷ്ണ പിള്ള പോലീസ് കാവലില്‍ ആണോ ചികിത്സ സ്വീകരിക്കുന്നത്? സാധാരണ തടവുകാര്‍ ചികിത്സയില്‍ ആണെങ്കില്‍ അവരെ ഏറ്റവും അടുത്ത ബന്ധുക്കള്‍ പോലും സന്ദര്‍ശിക്കുന്നതിനു ജയില്‍ വകുപ്പില്‍ ചില നിബന്ധനകളും മാനദണ്ഡങ്ങളും ഉണ്ടാകും. ബാലകൃഷ്ണ പിള്ളയുടെ കാര്യത്തില്‍ കാര്യങ്ങള്‍ എങ്ങിനെയാണ്? ആശുപത്രി ജീവനക്കാര്‍ ആല്ലാതെ മറ്റാരെങ്കിലും തടവുകാരനെ പരിപാലിക്കാന്‍ ആശുപത്രിയില്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട് എങ്കില്‍ അതും നിയമ വിരുദ്ധം അല്ലേ? അങ്ങിനെ ആരെങ്കിലും അധിക്രമിച്ച് തടവുകാരനു ബൈസ്റ്റാന്റായി ഉണ്ടെങ്കില്‍ അവരെ നിയമ വിരുദ്ധ പ്രവര്‍ത്തിയുടെ പേരില്‍ അറസ്റ്റ് ചെയ്യേണ്ടേ?

ഒരു കുബുദ്ധിയുടെ ഒരാവശ്യവും ഇല്ലാത്ത സംശയങ്ങള്‍ ആണ്. ഒരു പക്ഷേ മന്ത്രിയായ മകനും സ്വന്തക്കാര്‍ക്കും സ്വന്തം സര്‍ക്കാറിനും ബാലകൃഷ്ണ പിള്ള നിരപരാധിയായിരിക്കാം. എന്നാല്‍ ഭാരതത്തിന്റെ പരമോന്നത നീതി പീഠമാണ് അദ്ദേഹം കുറ്റക്കാരനാണെന്നും ശിക്ഷ അനുഭവിക്കണം എന്നും വിധി പുറപ്പെടുവിപ്പിച്ചത്. എന്തെല്ലാം കൊള്ളരുതായ്മകള്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട് എങ്കിലും കോടതികളാണ് തെറ്റുകുറ്റങ്ങളുടെ അവസാന വാക്ക് എന്നു ചിന്തിക്കുന്നവരായിരിക്കും ഭൂമിമലയാളത്തില്‍ ഭൂരിപക്ഷവും. സ്വന്തം തട്ടകത്തില്‍ പോലും ജനങ്ങളെ തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ ബാലകൃഷ്ണ പിള്ളക്ക് കഴിഞ്ഞിട്ടും ഇല്ല. അങ്ങിനെയായിരുന്നു എങ്കില്‍ കൊട്ടാരക്കരയില്‍ മുരളി ഡോക്ടര്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചു കയറും ആയിരുന്നു. അപ്പോള്‍ കുറ്റവാളി ശിക്ഷിക്കപ്പെടണം. ആ ശിക്ഷ സ്വന്തക്കാരനായതു കൊണ്ട് വഴിവിട്ട നിലക്ക് ഭരണ കൂടം ഇളവു ചെയ്യുക എന്നാല്‍ അത് ഭരണഘടനക്കും സത്യപ്രതിജ്ഞക്കും എതിരാണ്. ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ കേരള പൊതു സമൂഹം കാട്ടുന്ന നിസ്സംഗത അഴിമതി സ്ഥാപനവല്‍ക്കരിക്കപ്പെട്ടതിനു തെളിവുമാണ്.

അറിയാനുള്ള ആഗ്രഹമല്ല മറിച്ച് നിയമങ്ങള്‍ എങ്ങിനെയൊക്കെ വളച്ചൊടിക്കപ്പെടുന്നു എന്ന ഭയമാണ് ഏതൊരു സാധാരണക്കാരനെയും ബാലകൃഷ്ണപിള്ളയുടെ പഞ്ചനക്ഷത്ര തടവും ഉളവാക്കുന്നത്. ഇല്ലാത്തവന്‍ റൊട്ടി മോഷ്ടിച്ചാല്‍ അവനു കാരാഗൃഹം. ഭാര്യയുടെ ചികിത്സക്കെന്നല്ല മാതാവോ പിതാവോ മക്കളോ ചത്തൊടുങ്ങിയാലും ഒരു പക്ഷേ പരോളോ എന്തിനു ഒരു നോക്ക് കാണാനോ ഉള്ള അവസരം നീതി പീഠം നല്‍കണം എന്നില്ല. പക്ഷേ സര്‍ക്കാറിനു വേണ്ടപ്പെട്ടവനാണെങ്കില്‍ തടവി തന്നെ തടവ് തീര്‍ക്കാം.

അപ്പോള്‍ ആര്‍ക്കാണ് ചികിത്സ വേണ്ടത്?





Sunday, August 28, 2011

വികസനവും കരുതലും!

അയാള്‍ ആദ്യം വന്നു പറമ്പിനു ചുറ്റും ഒന്ന് നടന്നു മുറുക്കി  തുപ്പി വെറുതെ അങ്ങ് പോയി.  ആരോ ഒരാള്‍ അങ്ങിനെ വന്നു പോയി എന്നെ കരുതിയുള്ളു. പിന്നൊരു ദിവസം രണ്ടു മൂന്നു പണിക്കരെയും കൊണ്ട് വന്നു മതില്‍ ചാടി പറമ്പിനു ഉള്ളില്‍  കടന്നു. എന്തൊക്കെയോ ചെയ്യാനുള്ള പുറപ്പാടാണ്. വാമ ഭാഗത്തോട് വിളിച്ചു ചോദിച്ചു ഇവരെന്താ ചെയ്യുന്നത് എന്ന്. ഇന്നി ഞാന്‍ അറിയാതെ അവള്‍ പണിക്കാരെ വല്ലോം ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്നറിയില്ലല്ലോ. അപ്പോഴാണ് അവളും അങ്ങിനെ ഒരു കാര്യം അറിയുന്നത്  തന്നെ. അവള്‍ക്കും സംശയം ആയി. ഇവര്‍ക്കെന്നാ നമ്മുടെ പറമ്പില്‍ കാര്യം?

ചോദിയ്ക്കാന്‍ ചെന്ന എന്നോട് അവരാണെങ്കില്‍  കണ്ട ഭാവം പോലും കാട്ടുന്നും ഇല്ല. അപ്പോഴാണ്‌ സ്ഥലത്തെ പ്രധാനി അതുവഴി വന്നത്. വന്നപാടെ എന്നോട് ഒന്നും ഉരിയാടാതെ മറ്റേ ചങ്ങാതിയോട്‌ എന്തൊക്കെയോ പറഞ്ഞു. മുന്‍ പരിചയക്കാര്‍ ആണെന്ന് തോന്നുന്നു. അങ്ങിനെയാണ് ഭാവം. ഞാനാണെങ്കില്‍ ഇതുങ്ങളെ ആദ്യം കാണുകയും ആണ്. ഒന്നും അറിയാതെ വാ പൊളിച്ചു നിന്ന എന്റെ അടുത്തേക്ക് വന്നു തോളത്ത്‌ തട്ടി  പ്രധാനി പറഞ്ഞു.

  "അവര്‍ ഇവിടെ കള്ള വാറ്റു തുടങ്ങുവാന്‍ വന്നവരാണ്. അവര്‍ക്ക് ഈ സ്ഥലം അങ്ങ് വല്ലാതെ ഇഷ്ടമായി. കള്ള  വാറ്റെന്നു പറഞ്ഞാല്‍  നല്ല വരുമാനം കിട്ടുന്ന പണിയാണ്. വരുമാനത്തിന്റെ അഞ്ചു ശതമാനം നിനക്ക് തരും. നിനക്കൊരു വരുമാനവും ആകും. അവര്‍ക്ക് വാറ്റാന്‍ ഒരിടവും ആകും. നീ ഒന്നും പറയാന്‍ നില്‍ക്കണ്ട ട്ടോ.. നാടിന്റെ വികസനം അല്ലെ നമ്മുക്ക് പ്രധാനം.മാത്രമല്ല  നിന്റെ കാര്യത്തില്‍ എനിക്കെപ്പോഴും ഒരു കരുതലും ഉണ്ടെന്നു നിനക്ക് അറിയാമല്ലോ? നിന്റെ ഉന്നമനം ആണ് എന്റെ ലക്‌ഷ്യം."

"അയ്യോ ചേട്ടാ അത്..."

"നിനക്ക് ഇഷ്ടമില്ലേല്‍ പറ. അവര്‍ വല്ല നക്കാ പിച്ചയും തരും. അതും വാങ്ങി  കൂടും കുടുക്കയും എല്ലാം പിറക്കി സ്ഥലം കാലിയാക്കാന്‍ നോക്ക്..."

ഞാന്‍ എന്തേലും പറയും മുന്നേ പ്രധാനി തോളത്തെ തോര്‍ത്ത്‌ മുണ്ട് ഒന്നെടുത്തു   കുടഞ്ഞു നടന്നു നീങ്ങി...

Friday, July 08, 2011

ഓയില്‍ കമ്പനികളുടെ നഷ്ടവും കേന്ദ്ര സര്‍ക്കാറും

ഡീസലിന്റെ വില വര്‍ദ്ധിപ്പിച്ചു കൊണ്ട് കേന്ദ്ര പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഡി പറഞ്ഞത് ഭാരതത്തിലെ ഓയില്‍ കമ്പനികളുടെ നഷ്ടം ഏകദേശം ഒന്നര ലക്ഷം കോടി കവിയുന്നു എന്നാണ്. ഡീസലിന്റെ വില്പനയില്‍ പ്രതി ലിറ്ററിനു ഏകദേശം ആറു രൂപയോളം നഷ്ടം സഹിച്ചാണ് ഓയില്‍ കമ്പനികള്‍ ഭാരത പൌരന് പ്രതി ദിനം ദ്രവോര്‍ജ്ജം ദാനം ചെയ്യുന്നത് എന്നായിരുന്നു മന്ത്രി അവര്‍കളുടെ ഗീര്‍വ്വാണം. പെട്രോളിയം മന്ത്രാലയം മാത്രമല്ല പ്രധാനമന്ത്രിയുടെ ആപ്പീസും ധനകാര്യം വകുപ്പും കാണ്‍ഗ്രസ് പാര്‍ട്ടിയും എല്ലാം ഓയില്‍ കമ്പനികളുടെ നഷ്ടത്തില്‍ വ്യാകുലരായാണ് കുറേ നാളായി കാണപ്പെടുന്നത്. പെട്രോള്‍ വില നിശ്ചയിക്കുന്നതില്‍ ഓയില്‍ കമ്പനികള്‍ക്ക് മേല്‍ സര്‍ക്കാറിനുണ്ടായിരുന്ന നിയന്ത്രണം എടുത്തു കളയുമ്പോഴും നഷ്ടത്തില്‍ മുങ്ങി പൊയ്ക്കൊണ്ടിരിക്കുന്ന എണ്ണകമ്പനികളെ രക്ഷിക്കുക എന്നതായിരുന്നു സര്‍ക്കാറിന്റെ ലക്ഷ്യം.

സര്‍ക്കാറിന്റേയും ഓയില്‍ കമ്പനി മാനേജ്മെന്റിന്റേയും വാദം ശരിയാണെങ്കില്‍ ഭാരതത്തിലെ ഓയില്‍ കമ്പനികള്‍ എല്ലാം തന്നെ അതീവ പ്രതിസന്ധിയില്‍ ആണ്. ഒരു ഭാരത പൌരന്‍ അവന്റെ വാഹനത്തില്‍ ഒരു ലിറ്റര്‍ ഇന്ധനം നിറക്കുമ്പോള്‍ പാവം ആയില്‍ കമ്പനികളുടെ കീശയില്‍ നിന്നും മിനിമം ആറു രൂപ ചോര്‍ന്നു കൊണ്ടിരിക്കുന്നു. ഒരു മിനുട്ടില്‍ എത്ര ലിറ്റര്‍ ഇന്ധനം വില്‍ക്കുന്നുവോ ആ ലിറ്ററിന്റെ അഞ്ചോ ആറോ ഇരട്ടി നഷടം എണ്ണ കമ്പനികളിലേക്ക് ഒഴികി എത്തുന്നു! കഷ്ടമേ കഷ്ടം. ഇങ്ങിനെയൊരു ദുര്‍വിധി ഭാരതത്തിലെ മറ്റേതെങ്കിലും വ്യവസായ മേഖലയില്‍ ഉണ്ടോ എന്നു സംശയമാണ്. എണ്ണ കമ്പനികള്‍ ഇങ്ങിനെ ഭാരത പൌരനെ സേവിച്ച് എത്ര കാലം മുന്നോട്ട് പോകും? അപ്പോ പിന്നെ കമ്പനികളുടെ ഇപ്പോഴത്തെ അവസ്ഥയെന്താണ്?

നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് എന്നു കേന്ദ്ര സര്‍ക്കാറും എണ്ണ കമ്പനി മാനേജുമെന്റും അടിക്കടി ആണയിടുന്ന ഭാരത്തിലെ മുന്‍ നിര എണ്ണ കമ്പനികളുടെ മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഇപ്പോഴത്തെ ഓഹരി വില നിലവാരം നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് മൂക്കു കുത്തുന്ന ഓഹരികളുടെ വില നിലവാരത്തിനു തുല്യമല്ല. ലാഭത്തില്‍ നിന്നും ലാഭത്തിലേക്ക് കുതിക്കുന്ന കമ്പനികളുടെ സ്വഭാവമാണ് ഭാരതത്തിലെ മിക്കവാറും എല്ലാം എണ്ണ കമ്പനികളുടേയും ഓഹരികളുടെ വിപണിയിലെ പ്രവര്‍ത്തന സ്വഭാവം. ഇന്ന് അതായത് 08/07/2011 വെള്ളിയാഴ്ച മുംബൈ ഓഹരി വിപണി അടക്കുമ്പൊള്‍ എണ്ണ കമ്പനികളുടെ ഓഹരികളുടെ വില ഇങ്ങിനെയാണ്:

1. ഐ.ഓ.സി. 337.85 രൂപ.

2. Bharat Petrolium Corporation LTD. : 662.00 രൂപ.

3. Hundustan Petrolium Corporation LTD : 391.75 രൂപ.

ഇവയൊക്കെയാണല്ലോ നമ്മുടെ നവരത്ന കമ്പനികളില്‍ പെട്ട എണ്ണ കമ്പനികള്‍. ഒരോ ഭാരതീയന്റേയും അഭിമാനവും അഹങ്കാരവും ആയ ഭാരതത്തിന്റെ സ്വന്തം കോര്‍പ്പറേറ്റ് ഭീമന്മാര്‍. ഈ കമ്പനികള്‍ ഇല്ലായിരുന്നു എങ്കില്‍ ഭാരത ജീവിതം നിശ്ചലം! കമ്പനികളെ എന്തു വില കൊടുത്തും സംരക്ഷിക്കേണ്ടത് ഒരോ ഭാരതീയ പൌരന്റേയും ധാര്‍മ്മികത. നഷ്ടത്തില്‍ മൂക്കു കുത്തി കമ്പനികള്‍ നശിച്ചാല്‍ കമ്പനികളെ തിരികേ കൊണ്ടു വരിക പ്രയാസമാകും. അപ്പോ ഈ കമ്പനികളുടെ ഇപ്പോഴത്തെ നഷ്ടം എന്തായിരിക്കും?

മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ മേപ്പടി കമ്പനികള്‍ നല്‍കിയിരിക്കുന്ന പ്രവര്‍ത്തന ഫലവും കേന്ദ്രസര്‍ക്കാറിന്റേയും കമ്പനിമാനേജ്മെന്റുകളുടെ പ്രഖ്യാപനങ്ങളും തമ്മില്‍ ഒരു തരത്തിലും പൊരുത്തപ്പെടുന്നില്ല. ഐ.ഓ.സിയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തന ഫലം നോക്കൂ...

ഐ.ഓ.സി.

2011 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഐ.ഓ.സി നേടിയ പ്രവര്‍ത്തന ലാഭം എല്ലാ നികുതികളും കഴിഞ്ഞ് ഏഴായിരത്തി നാനൂറ്റി നാല്പത്തി അഞ്ച് കോടി രൂപയാണ്. മൊത്തം വില്പന മൂന്ന് ലക്ഷത്തി ഇരുപത്തി എട്ടായിരിത്തി എണ്ണൂറ്റി അമ്പത്തി മൂന്ന് കോടി രൂപയും. ഐ.ഓ.സിയുടെ മുഴുവന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വാര്‍ഷിക റിപ്പോര്‍ട്ടും ഇവിടെ നിന്നും ലഭിക്കും.

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (B.P.C.L)
ബീ.പീ.സി.എല്ലിന്റെ പോയ സാമ്പത്തിക വര്‍ഷത്തിലെ മൊത്തം വിറ്റു വരവ് ഒരു ലക്ഷത്തില്‍ അമ്പത്തി ഒരായിരത്തി അറുനൂറ്റി ഇരുപത്തി അഞ്ച് കോടിയും, അറ്റാദായം (എല്ലാ നികുതികള്‍ക്കും ശേഷം)ആയിരത്തി അഞ്ഞൂറ്റി നാല്പത്തി ഏഴു കോടിയും ആണ്. മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കമ്പനി നിയമ പ്രകാരവും സെബി ചട്ടപ്രകാരവും ബീ.പി.സി.എല്‍ സമര്‍പ്പിച്ചിരിക്കുന്ന പ്രവര്‍ത്തന ഫലവും വാര്‍ഷിക റിപ്പോര്‍ട്ടും ഇവിടെ നിന്നും പൂര്‍ണ്ണമായും ലഭിക്കുന്നതാണ്.

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്.പി.സി.എല്‍)
മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ എച്ച്.പി.സി.എല്‍ നേടിയ മൊത്തം വിറ്റു വരവ് ഒരു ലക്ഷത്തി മുപ്പത്തി നാലായിരത്തി ഒരു നൂറ്റി ഇരുപത് കോടി രൂപയും അറ്റാദായം (എല്ലാ നികുതികള്‍ക്കും ശേഷം) ആയിരത്തി അഞ്ഞൂറ്റി മുപ്പത്തി ഒമ്പത് കോടി രൂപയും ആണ്. എച്ച്.പി.സില്‍ മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിനു നിയമ പ്രകാരം സമര്‍പ്പിച്ചിരിക്കുന്ന പ്രവര്‍ത്തന ഫലവും വാര്‍ഷിക റിപ്പോര്‍ട്ടും ഇവിടെ നിന്നും ലഭ്യമാണ്.

അതായത് ഭാരതത്തിലെ എണ്ണപ്പെട്ട എണ്ണകമ്പനികള്‍ ഒന്നും തന്നെ നഷ്ടത്തില്‍ അല്ല. ഇന്നി സഞ്ചിത നഷ്ടം നികത്താനാണ് ഡീസലിന്റെ വില കൂട്ടിയത് എന്നും പെടോളിന്റെ സര്‍ക്കാര്‍ വില നിയന്ത്രണം എടുത്തു കളഞ്ഞതും എന്നുമാണ് ന്യായമെങ്കില്‍ ഈ മൂന്ന് കമ്പനികളുടെ സഞ്ചിത നഷ്ടം തേടുന്ന ഒരുവന്‍ നിരാശനാകും. കാരണം മൂന്ന് കമ്പനികള്‍ക്കും സഞ്ചിത ലാഭമാണ് കമ്പനിയുടെ കണക്കുകളില്‍ കാണുന്നത്.

ഹിന്ദുസ്ഥാന്‍ പെട്രോളിയം ഓഹരി ഒന്നിനു 14 രൂപയാണ് പോയ വര്‍ഷം ലാഭ വിഹിതം നല്‍കിയത്. അതായത് നൂറ്റി നാല്പത് ശതമാനം! ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്രഖ്യാപിച്ച ലാഭ വിഹിതം ഓഹരിയൊന്നിനു ഒമ്പത് രൂപ അമ്പത് പൈസ. ശതമാന കണത്തില്‍ 95 ശതമാനം!

എണ്ണ കമ്പനികള്‍ മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ സമര്‍പ്പിച്ചിരിക്കുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ എല്ലാം ലാഭത്തിന്റേതാണ്. നഷ്ടത്തില്‍ ഓടുന്ന കമ്പനികള്‍ ലാഭ വിഹിതം പ്രഖ്യാപിക്കുകയും ഇല്ലല്ലോ? എല്ലാതരത്തിലുള്ള നികുതികള്‍ക്കും ശേഷവും വമ്പന്‍ ലാഭ കണക്കുകള്‍ പ്രഖ്യാപിക്കുന്ന എണ്ണകമ്പനികള്‍ നഷ്ടത്തില്‍ ആണെന്ന് പ്രചരിപ്പിക്കാന്‍ ജനപ്രാതിനിധ്യ നിയമ പ്രകാരം നില നില്‍ക്കുന്ന ഒരു ഗവണ്മെന്റിനും ഗവണ്മെന്റ് പ്രതിനിധികള്‍ക്കും ജനപ്രതിനിധികള്‍ക്കും എങ്ങിനെ കഴിയുന്നു?

ഒരു ക്യാബിനറ്റ് മിനിസ്റ്റര്‍ പത്ര സമ്മേളനം വിളിച്ച് കളവ് പറയുന്നതിനെ ചോദ്യം ചെയ്യാന്‍ നമ്മുടെ ജനപ്രാതിനിധ്യ നിയമത്തില്‍ ഒരു വ്യവസ്ഥയും ഇല്ലേ? ജനങ്ങളേയും ജനജീവിതത്തേയും നേരിട്ട് ബാധിക്കുന്ന പ്രശ്നത്തിന്മേലുള്ള സത്യാവസ്ഥ പുറത്ത് കൊണ്ടു വരുവാന്‍ ഭാരതത്തിലെ പുകള്‍ പെറ്റ മാധ്യമങ്ങള്‍ മിനക്കെടാത്തത് എന്തു കൊണ്ട്? അസ്സമയത്ത് ഒരു മന്ത്രിയോ കുടുംബാംഗങ്ങളോ ശോധനക്ക് പോയാല്‍ പോലും അന്വോഷണാത്മക പത്ര പ്രവര്‍ത്തകര്‍ പിറകേ കൂടുന്ന ഇക്കാലത്ത് ഒരു ഗവണ്മെന്റ് അപ്പാടെ പൊതുജനത്തോട് കളവ് പറഞ്ഞ് കൊണ്ടിരുക്കുന്നത് അന്വോഷണാത്മക പത്ര പ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരാത്തത് യാദൃശ്ചികമല്ലാ എന്നതല്ലേ സത്യം? ഭാരതത്തിലെ എണ്ണ രാഷ്ട്രീയത്തില്‍ പത്രക്കാരും സര്‍ക്കാറും ജ്യൂഡീഷ്യറിയും എക്സിക്യൂട്ടീവും എല്ലാം വഴുക്കല്‍ പിടിച്ച് കിടക്കുന്നത് എണ്ണയില്‍ നിന്നും ഊറി വരുന്ന കറുത്ത പണത്തിന്റെ പിടിയില്‍ അകപ്പെട്ടതു കൊണ്ടാണ് എന്നതാണ് വസ്തുത.

ഭാരതത്തിലെ എണ്ണ കമ്പനികള്‍ ഒന്നും തന്നെ നഷ്ടത്തില്‍ അല്ല. അതു പറയുന്നത് എണ്ണ കമ്പനികള്‍ തന്നെ. അപ്പോള്‍ പിന്നെ ലക്കും ലഗാനും ഇല്ലാതെ മുട്ടിനു മുട്ടിനു എണ്ണ വിലകൂട്ടുന്നത് എതിര്‍ക്കപ്പെടേണ്ടുന്ന പ്രതിഭാസമാണ്. എണ്ണവിലയും സര്‍ക്കാറും എണ്ണ കമ്പനി മാനേജുമെന്റും സ്വകാര്യ എണ്ണ കമ്പനികളും ചേര്‍ന്നുള്ള കറക്കു കമ്പനി ഭാരത പൌരനെ ഊറ്റുന്നത് അവസാനിപ്പിക്കാന്‍ മാധ്യമങ്ങള്‍ സഹായിക്കും എന്നു കരുതുക വയ്യ തന്നെ.

Monday, March 28, 2011

സാര്‍ത്ഥകമായ നാല്‍പ്പത്തി ഒന്നാം ജന്മ ദിനം.

ഓപ്പണ്‍ ഹൌസ്.

ഒമ്പതാം ക്ലാസ്സുകാരിക്ക് ആര്‍ട്സും ക്രാഫ്ട്സും അടക്കം എല്ലാ വിഷയങ്ങള്‍ക്കും A1. ടീച്ചറുടെ വക അഭിനന്ദനങ്ങള്‍. ഒപ്പം ടീച്ചറിന്റെ മനം കുളിര്‍പ്പിക്കുന്ന നല്ല വാക്കുകളും.

ആഹ്ലാദവും ആമോദവും നുര പൊന്തുന്ന നിമിഷങ്ങള്‍...
പക്ഷേ ഓര്‍മ്മകളെ കൊണ്ടു പോയത് പത്തു മുപ്പത് വര്‍ഷം പിറകിലെ ഒരു ഒമ്പതാം ക്ലാസ് റിസല്‍ട്ട് ദിനത്തില്‍.

അന്ന്..
ഒമ്പതാം ക്ലാസ്സിന്റെ ഫലം വന്ന ദിവസം.
പ്രസിദ്ധീകരിക്കപ്പെട്ട റിസല്‍ട്ടില്‍ തലങ്ങും വിലങ്ങും അരിച്ചു പെറുക്കിയിട്ടും എന്റെ പേരില്ല. പിന്നെയും പിന്നെയും നോക്കി. എവിടെ എന്റെ പേരിന്റെ പൊടിപോലുമില്ല കണ്ടു പിടിക്കാന്‍. ഒടുവില്‍ ക്ലാസ്സ് ടീച്ചറെത്തി.

"എടാ നീയിന്നി നോക്കണ്ട. തോറ്റവരുടെ പേര് അതില്‍ കാണില്ല. നീ പോയി നിന്റെ തന്തേ നാളെയിങ്ങ് വിളിച്ചോണ്ട് വാ".

പിതൃഭാഗം ഗള്‍ഫില്‍ ആയിരുന്നതിനാല്‍ പിറ്റേന്ന് ഇളയാപ്പയുമായി സ്കൂളിലേക്ക്. പാവം ഇളയാപ്പ. സ്കൂളിലെ മാതൃകാ സ്റ്റുഡന്റിന്റെ കൊണവതികാരം കേട്ട് തലകുനിച്ചു നിന്ന ഇളയാപ്പയുടെ മുഖം ഇന്നും മനസ്സില്‍ മായാതെയുണ്ട്.

അതെല്ലാം ഓര്‍ത്തും പേര്‍ത്തും ഇളയവള്‍ - അഞ്ചാം ക്ലാസ്സു കാരിയുടെ ഫല‍ത്തിനായി അവളുടെ ക്ലാസ്സിലേക്ക്...

മിടുക്കി.
അവള്‍ക്കും എല്ലാത്തിനും A+.

അവളുടെ ടീച്ചറുടേയും വാത്സല്യവും സന്തോഷവും നിറഞ്ഞ വാക്കുകളും കേട്ടു മനം നിറയേ സന്തോഷവുമായി തിരികെ....

അങ്ങിനെ നാല്‍പ്പത്തി ഒന്നാം ജന്മദിനം സാര്‍ത്ഥകമായിരിക്കുന്നു.

Thursday, March 24, 2011

സിന്ധൂ ജോയി വി.എസ്സിനെതിരേ മത്സരിക്കും!

ഇന്ന്..
അല്ലെങ്കില്‍ നാളെ...
അതുമല്ലെങ്കില്‍ മറ്റന്നാള്‍..
അല്ലെങ്കി പോട്ടെ എന്നാത്തിനാ ഇതിങ്ങിനെ വലിച്ചു നീട്ടുന്നത് അല്ലേ?
ഒള്ളതു ഒള്ളതു പോലങ്ങ് പറഞ്ഞാല്‍ ഭൂമിമലയാളത്തിലെ തിരഞ്ഞെടുപ്പിനു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസത്തിന്റെ അന്ത്യ വിനാഴികകളില്‍ ഒന്നില്‍ സംഭവിക്കാന്‍ പോകുന്നൊരു സംഗതി. എന്താന്നു വച്ചാല്‍ കുഞ്ഞൂഞ്ഞ് സാറ് എന്തോന്നോ ഒരുഗ്രന്‍ സംഗതി പൊട്ടിക്കും പോലെ നിലവില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യപിക്കപ്പെട്ട നമ്മുടെ സഹോദരി ലതികാ സുഭാഷിനെ പിന്‍‌വലിച്ച് ഇന്ന് പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ്സായി അവതരിച്ച ഇന്നലത്തെ സഖാവ് സിന്ധൂ ജോയിയെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയാക്കി സാക്ഷാല്‍ സഖാവ് വീയെസ്സിനെതിരേ മത്സരിപ്പിക്കും!

സിന്ധൂ ജോയിക്കാണേല്‍ തന്റെ പഴയ പാര്‍ട്ടി തനിക്ക് ഉറച്ച സീറ്റൊന്നും നല്‍കി തന്നെ സഹായിച്ചില്ലാ എന്ന പരാതിയും തീരും. മലമ്പുഴക്കു തുല്ല്യം മറ്റേതു ഉറച്ച സീറ്റൊണ്ട് സഗാവ് സിന്ധുവിനു മത്സരിക്കാന്‍? ലതിക ചേച്ചി വിമ്മിട്ടപ്പെടേണ്ട. ഭരണം കിട്ടികഴിയുമ്പോള്‍ ചേച്ചിക്ക് ഏതേലും വകുപ്പ് തലപ്പത്ത് സീറ്റ് തരപ്പെടുത്തി തരും.

കഴിഞ്ഞൊരു ദിനം അങ്ങ് തിരോന്തോരത്തെ ഒരു കാണ്‍ഗ്രസ്സ് പെങ്ങള് കൊച്ച് തന്റെ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞപ്പോ തൊള്ളേന്നു വന്ന വിമ്മിട്ടം കേട്ട് ഓക്കാനം വന്നിരുന്നപ്പോഴാ ഈ സഗാവിന്റെ കൊണവതികാരം ഇന്നു രാവിലെ കേട്ട് വെറും വയറ്റില്‍ മനം‌പിരട്ടില്‍ ഉണ്ടായത്. അപ്പനും അമ്മയും ഇല്ലാത്ത അനാഥയായ തന്നെ പാര്‍ട്ടി ഗൌനിക്കുന്നില്ല പോലും. തലേന്നു തിരോന്തോരത്ത് പാര്‍ട്ടി അവഗണിച്ച വികലാംഗയായ പെങ്ങള് കൊച്ചിനു തന്റെ പാര്‍ട്ടി അഭയം കൊടുത്തതില്‍ പ്രതിഷേധിച്ച് പാര്‍ലമെന്ററി വ്യാമോഹം ലവലേശമില്ലാത്ത, അടിമുടി സാമൂഹിക സേവന തത്പരത മുറ്റി നില്‍ക്കുന്ന സഗാവ് സിന്ധൂ ജോയി സാമൂഹ്യ സേവനത്തിനു കാണ്‍ഗ്രസിനെ തിരഞ്ഞെടുത്തത് ലേശം താമയിച്ചു പോയോ എന്നൊരു സംശയമേ ബാക്കിയാകുന്നുള്ളൂ.

സാമൂഹ്യ സേവന തല്പരത മുറ്റി നില്‍ക്കുന്നവര്‍ക്ക് ഒറ്റക്കൊറ്റക്കോ കൂട്ടം കൂട്ടമായോ സാമൂഹ്യ സേവനം നടത്താന്‍ പറ്റിയയിടമാണ് കാണ്‍ഗ്രസ്സ് എന്നതില്‍ തര്‍ക്കമേതുമില്ല തന്നെ. പക്ഷേ രാഹുലന്റെ ഇന്റര്‍വ്യൂ പാസ്സാകണം എന്നു മാത്രം. ഓ... അതിപ്പോ രാഹുല്‍ജീയുടെ ഇന്റര്‍വ്യൂ എഴുത്തു പരീക്ഷയ്ക്കും മുന്നേ സഗാവ് പാസ്സാവുകയും ചെയ്യും.

പണ്ട്...
പണ്ടെന്നു പറഞ്ഞാല്‍ ഒരു പത്തിരുപത് വര്‍ഷം മുന്നേയുള്ളൊരു പണ്ട്. ഭൂമിമലയാളത്തിലെ സര്‍വ്വ നിരക്ഷരരേയും സാക്ഷരരാക്കുന്ന സാക്ഷരതാ യ്ജ്ഞം പൊടിപൊടിക്കുന്ന കാലം. പ്രതിഫലേഛ കൂടാതെ സാക്ഷരതാ യജ്ഞത്തില്‍ പങ്കാളികളാകാന്‍ യുവജനങ്ങളെ സര്‍ക്കാര്‍ ക്ഷണിക്കുന്നൊരു കാലം. കേരളമല്ലേ സാക്ഷരതയല്ലേ യജ്ഞമല്ലേ സര്‍ക്കാറല്ലേ... വല്ലതും തടയാതിരിക്കില്ലാ എന്നുറപ്പിച്ച് ബ്ലോക്ക് ഡെവലപ്പ്മെന്റ് ആപ്പീസറെ കണ്ടു.
"സാര്‍... പ്രതിഫലേഛ കൂടാതെ സാക്ഷരതാ യജ്ഞത്തില്‍ പങ്കാളിയായാല്‍ മാസം എന്തര് കിട്ടും സര്‍?"
ബ്ലോക്കാപ്പീസറു പണ്ടു പോലീസ് ട്രെയിനിങ്ങിനു പോയിട്ടുണ്ടായിരുന്നു എന്നെനിക്കറിയില്ലായിരുന്നു. ഈശ്വരാ... ഇങ്ങിനേയും തെറിയോ?

പ്രതിഫലേഛ കൂടാതെ കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച പാവം സിന്ധു പെങ്ങള്‍ക്ക് പ്രതിഫലം ഒന്നും നല്‍കാതിരുന്ന പാര്‍ട്ടിയുടെ നടപടി ദൂഷ്യങ്ങള്‍ക്കെതിരേ സഗാവ് സിന്ധു അങ്കം കുറിക്കേണ്ടത് പാര്‍ട്ടിയുടെ ജനകീയ മുഖത്തിനെതിരേയാണ്. ആര്‍.എസ്സ്.എസ്സിന്റെ മുഖമാണ് തന്റെ നേതാവിനെന്നു തുറന്നടിച്ച കാണ്‍ഗ്രസ് കാരിയുടെ നേതാവിന്റെ തോളത്ത് തൂങ്ങി തന്നെ സഗാവ് സിന്ധു മലമ്പുഴയില്‍ അങ്കം കുറിക്കണം.

കമ്മ്യൂണിസ്റ്റാണേലും കാണ്‍ഗ്രസ്സാണേലും ആപ്പാപ്പം കാണുന്നോരേ അപ്പാന്നു വിളിക്കുന്നോരെ അപ്പപ്പോ കേറ്റി ഒക്കത്തിരുത്തുന്ന രാഷ്ട്രീയം ഇന്നിന്റെ ഭൂമിമലയാളത്തിന്റെ മുറിച്ച മുറിയാണ്. അതു തന്നേന്ന്. പിതൃത്വത്തിന്റെ സ്ഥാനത്ത് ശൂന്യത നിറയുന്ന സമൂഹത്തിന്റെ മുറിച്ച മുറി. ഒളിക്യാമറയില്‍ പകര്‍ത്തിയ ദൃശ്യം കണ്ടാല്‍ മാത്രം പ്രതികരണ ശേഷി ഉണരുന്ന നിഷ്കൃയ ജന്മങ്ങള്‍ നിറഞ്ഞ നാട്ടില്‍ അപ്പനപ്പാപ്പന്മാര്‍ക്ക് എന്തു വില?