Saturday, April 21, 2007

“കറുത്തപക്ഷത്തിലെ പൂനിലാവ്“

മിന്നല്‍ പണിമുടക്ക്....
കൂടെ ഇടിവെട്ടി തുള്ളിമുറിയാതെ മഴയും.
മണി ഒമ്പതു കഴിഞ്ഞിരിക്കുന്നു. കോരിച്ചൊരിയുന്ന മഴയത്തും സൂസി വെട്ടിവിയര്‍ത്തു. K.S.R.T.C. ബസ്സ് സ്റ്റാന്റില്‍ സ്ത്രീ ജനങ്ങളുടെ സാനിദ്ധ്യം കുറഞ്ഞു കുറഞ്ഞ് വരുന്നതു സൂസി തിരിച്ചറിഞ്ഞത് ഉള്‍ക്കിടിലത്തോടെയാണ്. എങ്ങിനെ വീട്ടിലെത്തും. ഒരു രൂപവും കിട്ടുന്നില്ല.
“എങ്ങോട്ടു പോകാനാ..?”
മദ്ധ്യവയസ്കയായ ഒരു സ്തീ.
യാന്ത്രികമായിട്ടാണ് പോകേണ്ടിടം പറഞ്ഞത്.
“ഞാനും അങ്ങോട്ടേക്കാണ്... പോരുന്നുണ്ടെങ്കില്‍ ആ വഴിക്ക് ഒരു കാറ് പോകുന്നുണ്ട്... നമ്മുക്ക് ഒത്തു പോകാം....”
ഓര്‍ക്കാപ്പുറത്ത് വീണ് കിട്ടിയ പിടി വള്ളി ..... ഒന്നുമാലോചിക്കാതെ ആ സ്ത്രീയോടൊപ്പം സൂസിയും നടന്നു.
കാറിനു പിറകിലേക്കു കയറുമ്പോള്‍ മുന്നിലേക്കു പാളി നോക്കി. ഡ്രൈവറും പിന്നെ ഒരാളുമുണ്ട് വണ്ടിയില്‍. സങ്കോചം ഒന്നറപ്പിച്ചു. എങ്കിലും മറ്റു വഴിയില്ലല്ലോ...ആ സ്ത്രീയോടൊപ്പം സൂസി കാറിന്റെ പിന്‍സീറ്റിലേക്ക് ചേക്കേറി.

മഴ തിമിര്‍ത്തു പെയ്യുകയാണ്. വണ്ടി മഴയിലൂടെ പതുക്കെ നീങ്ങി തുടങ്ങി. സൂസി ആലോചിക്കുകയായിരുന്നു - ഇവര്‍ ആരാണ്. എങ്ങിനെയുള്ളവരായിരിയ്ക്കും ഇവര്‍. ഒരു പരിചയവും ഇല്ലാത്ത താന്റെ നാടു വഴി തന്നെയാണ് ഈ വണ്ടി പോകുന്നതെന്ന് ഇവര്‍ പറഞ്ഞത് ഒരു പക്ഷേ തന്നെ കുടുക്കുവാന്‍ വേണ്ടിയിട്ടായിരിയ്ക്കുമോ?

തന്നെ പോലെ ഒരു പെണ്ണ് ഒരിക്കലും പരിചയമില്ലാത്ത ആരൊക്കെയോ ആയി ഈ അസ്സമയത്ത് ഒരു കാറില്‍ യത്ര ചെയ്യുക... എന്തെല്ലാം സംഭവിക്കാം? ദൈവമേ ഈ സ്ത്രീ ഇവരുടെ ആളായിരിക്കുമോ? വണ്ടിയില്‍ കയറണ്ടായിരുന്നു.

സൂസിയോട് ആ സ്ത്രീ എന്തൊക്കെയോ ചോദിച്ചു കൊണ്ടിരുന്നു. സൂസി യാന്ത്രികമായി എന്തൊക്കെയോ മറുപടിയും കൊടുത്ത് കൊണ്ടിരുന്നു.
പെട്ടെന്നു വണ്ടി നിന്നു.
ദൈവമേ ചതിച്ചോ. സൂസി ഞെട്ടിവിറച്ചു...
“ഇവിടെ നിന്നുമെന്തെങ്കിലും കഴിച്ചിട്ടു പോകാം. ഇനി അടുത്തെങ്ങും ഹോട്ടല്‍ ഇല്ല”. ഡ്രൈവര്‍ പുറത്തേക്കിറങ്ങി.
“എങ്കില്‍ പിന്നെ നമ്മുക്കും എന്തെങ്കിലും കഴിക്കാം.”
സ്ത്രീയോട് കഴിക്കാമെന്നോ വേണ്ടെന്നോ പറയാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ല സൂസി.
വാങ്ങിവന്നത് അവര്‍ വെച്ചു നീട്ടിയെങ്കിലും സൂസി കഴിച്ചില്ല. വിശപ്പില്ലായ്മയല്ലായിരുന്നു സൂസിയെ കൊണ്ട് ഭക്ഷണം നിരസിപ്പിച്ചത്. തന്നെ കുടുക്കാനുള്ള മയക്കു മരുന്നല്ലാതെ മറ്റൊന്നുമല്ല ആ ഭക്ഷണമെന്ന് സൂസിയ്ക്കുറപ്പുണ്ടായിരുന്നു.

വീണ്ടും വാഹനം നീങ്ങി തുടങ്ങി. കാറില്‍ നേര്‍ത്ത സംഗീതമൊഴുകി. പുറത്ത് മഴ തിമിര്‍ത്താടുകയാണ്.
ഡ്രൈവറോ സഹയാത്രികനോ കൂടുതലൊന്നും സംസാരിക്കുന്നില്ല. ഇടക്കിടക്ക് സ്ത്രീ സൂസിയോട് എന്തൊക്കെയോ ചൊദിച്ചു കൊണ്ടിരുന്നു. സൂസി മറുപടി മൂളലില്‍ ഒതുക്കുകയായിരുന്നു. മനസ്സില്‍ ദുഃശ്ചിന്തകള്‍ പത്തി വിടര്‍ത്തിയാടുകയാണ്.

പുറത്ത് കട്ടപിടിച്ച ഇരുട്ടും കോരിച്ചൊരിയുന്ന മഴയും.. വണ്ടിയുടെ ഹെഡ് ലൈറ്റില്‍ നിന്നും ചിതറി വീഴുന്ന പ്രകാശവും മിന്നല്‍ പിണറില്‍ നിന്നും ഉതിരുന്ന വെള്ളിവെളിച്ചവും മാത്രമാണ് പ്രകാശ ഹേതു. ദൈവമേ എവിടംവരെ എത്തിയെന്നു പോലുമറിയില്ല.

സമയം പന്ത്രണ്ട് കഴിഞ്ഞിരിക്കുന്നു... വണ്ടി ഓടിക്കൊണ്ടേയിരിക്കുന്നു. സ്ത്രിയും സഹയാത്രികനും കൂര്‍ക്കം വലി തുടങ്ങി കഴിഞ്ഞിരുന്നു.

ഭയവും വിശപ്പും ദാഹവും അലച്ചിലും എല്ലാം കൂടി സൂസിയേയും മയക്കത്തിലേക്ക് തള്ളി വിട്ടു.
‘ഹല്ലോ...”
“എഴുന്നേല്‍ക്കൂ...”
ഞെട്ടി പിടഞ്ഞെഴുന്നേല്‍കുമ്പൊള്‍ സ്ത്രീയെ കാണുന്നില്ല.
തന്റെ പരിഭ്രമം കണ്ടിട്ടായിരിക്കണം ഡ്രൈവര്‍ പറഞ്ഞു:

“അവര്‍ കുറെ മുമ്പ് ഇറങ്ങി..നിങ്ങള്‍ പറഞ്ഞ സ്ഥലമെത്തി..ഇറങ്ങികൊള്ളൂ.”
തപ്പിതടഞ്ഞ് പൈസയെടുത്ത് നീട്ടുമ്പോള്‍ നിരസിച്ചുകൊണ്ട് അയാള്‍ പറഞ്ഞു.
“വേണ്ട..വെച്ചോളൂ”
അയാള്‍ തുടര്‍ന്നു...
“വീട് അടുത്ത് തന്നെയാണോ...അല്ലെങ്കില്‍ ഞാന്‍ വീട്ടിനടുത്ത് ആക്കി തരാം.”
മഴ ശമിച്ചിരുന്നു
നേരം പരപരാ വെളുത്തു തുടങ്ങി.
സഹയാത്രികരില്ലാത്ത വണ്ടിയില്‍ അവര്‍ യാത്ര തുടര്‍ന്നു...

8 comments:

അഞ്ചല്‍കാരന്‍... said...

നല്ലതു മാത്രം ഭവിക്കട്ടെ നാട്ടില്‍..

Maveli Keralam said...

ഷിഖാബേ

എല്ലാ കഥയിലും മനുഷ്യനെ പേടിപ്പിയ്ക്കയാണല്ലോ.പണ്ടു കോളജില്‍ പ്രാക്റ്റിക്കല്‍ ഉള്ള ദിവസം തിരിച്ചു വീട്ടില്‍ പോ‍കുന്ന ഒരനുഭവം. പക്ഷെ ഇപ്പോഴത്തെപ്പോലെ അന്ന് രക്ഷിയ്ക്കാനായി ചേച്ചിമാരട വരത്തു പോക്കുകള്‍ ഇല്ലതിരുന്നു.

Vinoj said...

നല്ല കഥ. ഭാവുകങ്ങള്‍. ഞാനും ഒരു പാവം അഞ്ചല്‍ക്കാരനാണ്‌ കേട്ടോ.

വേണു venu said...

കഥയല്ലാതാകുന്ന കഥയുടെ അവസാനം ഇഷ്ടപ്പെട്ടു.:)

Welcome said...

മലയാളം ബ്ലോഗ് ലൂടെ മലയാളം വളരുക എന്ന ഉദ്ദേശത്തോടെയാണ് ഈ കുട്ടായ്മ തുടങ്ങിയിരിക്കുന്നത്.

മലയാളത്തെ സ്നേഹിക്കുന്ന എല്ലാ ബ്ലോഗര്‍മാക്കും ഈ കുട്ടായ്മ സമര്‍പ്പിക്കുന്നു.
thank you,please add your blog to the group and thus i can read your
blog
(മലയാളം ബ്ലോഗിനെയും ,മലയാളം ഭാഷയേയും വളര്‍ത്തുവാന്‍ ഉതകുന്ന വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും താങ്കളില്‍ നിന്നും പ്രതീക്ഷിക്കുന്നു.)

അമൃത വാര്യര്‍ said...

ഞാന്‍ ആദ്യം വിചാരിച്ചത്‌ സാധാരണ പൈങ്കിളിനോവലുകളില്‍ ഉള്ളപോലെ ഒരു ട്രാജഡിയില്‍ ഒതുങ്ങിനില്‍ക്കുമെന്നായിരുന്നു.........
എന്നാല്‍ ഇത്ത നല്ലൊരവസാനം ശരിക്കും നല്ലതു തന്നെട്ടോ.........
പക്ഷെ; നമ്മുടെ ഇന്നത്തെ സമൂഹത്തില്‍ ഇത്തരമൊരു സാഹചര്യത്തിന്‌ ഇരുപത്‌ ശതമാനമെങ്കിലും സാധ്യതയുണ്ടോ.................. ടി വിയിലും പത്രങ്ങളിലുമുള്ള വാര്‍ത്ത ശ്രദ്ധിച്ചാല്‍ ഇല്ലെന്ന മറുപടിയാവും കൂടുതല്‍ ശരി........
എന്തായാലും ഒരു കാര്യം തീര്‍ച്ച ......ഇത്‌ നല്ല കഥ തന്നെ ........അല്ലെങ്കില്‍ നല്ല ഒരു അനുഭവം. ........

kaithamullu : കൈതമുള്ള് said...

സൂസി പറഞ്ഞു കൊടുത്തു കൊണ്ടിരുന്ന വഴിയിലൂടെ വണ്ടി നീങ്ങി കൊണ്ടിരുന്നു - സൂസിയുടെ വീട് ലക്ഷ്യമാക്കി....

-ഈ അവസാനവാചകങ്ങള്‍ വേണമെന്നില്ലായിരുന്നു എന്നു തോന്നുന്നില്ലേ!

നല്ല ഒരു രചന!

ഈ പാവം ഞാന്‍ said...

അമൃത വാര്യരുടെ കമന്‍‌റിനുള്ള മറുപടിയാണ്.

പത്രങ്ങള്‍ ചീത്ത കാര്യങ്ങള്‍ മാത്രമേ വാര്‍ത്തയാക്കുന്നുള്ളൂ. കാരണം ആളുകള്‍ക്ക് അതു വായിക്കാനാണു താല്പര്യം.
ഇങ്ങനെ ഒരു സംഭവം ഉണ്ടായാല്‍ ഏതെങ്കിലും ഒരു പത്രം അതു വാര്‍ത്തയാക്കുമെന്നു തോന്നുന്നുണ്ടോ. എന്നാല്‍ ഇതു ഒരു ട്രാജഡി ആയിരുന്നെങ്കിലോ???
ചിന്തിക്കൂ......