Friday, June 29, 2007

ഒരു കൊമേഡിയന്റെ ദൈന്യത നിറഞ്ഞ ട്രാജഡി.

ലോക പ്രശസ്ത കൊമേഡിയന്‍ നഗരത്തിലെത്തിയത് ലോകം കണ്ട ഏറ്റവും ഭീകരമായ വൈറസ് രോഗത്തിന്റെ പിടിയിലകപെട്ട നിരാലംബരായ രോഗികള്‍ക്ക് ചികിത്സക്ക് സമ്പത്ത് സ്വരൂപിക്കാന്‍ വേണ്ടിയാണ്. ചാനലുകളായ ചാനലുകളെല്ലാം അദ്ധ്യേഹത്തിന്റെ വരവ് കൊട്ടിഘൊഷിച്ചുകൊണ്ട് വിളംബരം നടത്തി. ചിരിയുടെ രാജാവായ ആ മഹാനെ പത്രങ്ങളായ പത്രങ്ങളൊക്കെയും വാഴ്തിപാടി. ലോകം മുഴുവനും ചിരിപ്പിക്കുന്ന അദ്ധ്യേഹത്തിന്റെ വരവ് നഗരത്തിന്റെ വിഷാദമകറ്റുമെന്നും പുതിയൊരു മന്ദഹാസം നഗരത്തിന് സമ്മാനിക്കുമെന്നും ഭരണ കൂടം അടിയുറച്ചു വിശ്വസിച്ചു. ആ വിശ്വാസം പ്രജകളിലടിച്ചേല്‍പ്പിക്കാന്‍‍ എല്ലാ ദിവസവും ഭരണകര്‍ത്താക്കളും പ്രതിപക്ഷവും ചാനലുകളില്‍ തമ്മിലടിച്ചു.

നഗരം കണ്ട ഏറ്റവും വിലയേറിയ പ്രവേശന ഫീസായിരുന്നു ആ പ്രതിഭാശാലിയുടെ സ്റ്റേജ് ഷോയിക്ക് സംഘാടകര്‍ ഈടാക്കിയിരുന്നത്. ഭൂലോക ബ്രാന്‍ഡുകളായ കാറുകള്‍ ഹാളിനു ചുറ്റും വര്‍ണ്ണങ്ങല്‍ വാരി വിതറി അഹങ്കാരത്തോടെ നിരന്ന് കിടന്നു. കോട്ടും സ്യൂട്ടും അണിഞ്ഞ പുരുഷന്മാരാലും വിലയേറിയ ആഭരണങ്ങളാലും വസ്ത്രങ്ങളാലും പൊതിഞ്ഞ അവരുടെ ഭാര്യമാരാലും പരിപാടി തുടങ്ങുന്നതിനും മണിക്കുറുകള്‍ക്ക് മുമ്പേ ഹാള്‍ നിറഞ്ഞു കവിഞ്ഞു. തന്റെ ആരാധകരുടെ ആര്‍ത്തിരമ്പല്‍ പ്രതീക്ഷിച്ചു ആ മഹാനായ കൊമേഡിയന്‍ വേദിയിലേക്കെത്തി.

വെളിച്ചത്തിന്റെ ധാരാളിത്തത്തില്‍ വേദിയിലെത്തിയ കൊമേഡിയന്‍ അല്പം പരിഭ്രമിച്ചോ എന്ന് സംശയം. സാധാരണ അദ്ധ്യേഹം വേദിയിലേക്കെത്തുമ്പോള്‍ കാണുന്ന ആരവമൊന്നും സദസ്സില്‍ നിന്നുയരുന്നില്ല. ഒരു കയ്യടി പോലുമില്ല. നിശ്ചലം സദസ്സ് മരണവീട് പോലെ. ആമുഖം പറഞ്ഞ് അദ്ധ്യേഹം ആദ്യത്തെ സ്കിറ്റിലേക്ക് കടന്നു.

ലോകനഗരങ്ങളെ കുടു കുടെ ചിരിപ്പിച്ച ആദ്യത്തെ സ്കിറ്റ് വേദിയിലെത്തിയിട്ടും സ്തിതി തഥൈവ. സദസ്സ് നിര്‍വ്വികാരം നിശ്ചലം. കേള്‍ക്കാന്‍ മരിന്നിനൊരു നിശ്വാസം പോലുമില്ല. സദസ്സ് മസില്‍ പിടിച്ചിരിപ്പ് തന്നെ. കൊമേഡിയന്‍ കുഴങ്ങി. എന്താ പറ്റിയത്. അവതരണത്തിലെന്തെങ്കിലും പോരായ്മകള്‍?

സ്കിറ്റുകളൊരോന്ന് കഴിഞ്ഞു പൊയ്കൊണ്ടിരുന്നു. സദസ്സിനൊരിളക്കവുമില്ല. ഇടവേള കഴിയുമ്പോഴേക്കും കൊമേഡിയന്‍ ആകെ തളര്‍ന്നിരുന്നു. ഇങ്ങിനെയൊരനുഭവമാദ്യമായാണ്. എവിടെയാണ് തെറ്റിയത്. കൊമേഡിയനൊരു തുമ്പും കിട്ടിയില്ല. തന്റെ കണ്‍കോണുകളുടെ ഒരു ചെറു ചലനം പോലും മഹാനഗരങ്ങളിലെ ജനസഞ്ചയത്തെ നാഴികകള്‍ ചിരിയുടെ പിടിയലമര്‍ത്തുന്നതാണ് പതിവ്. ഇവിടെ തനിക്കെന്താണ് പറ്റിയത്?

ക്രമീകരിച്ചിരുന്ന പരിപാടികളില്‍ സമൂലം മാറ്റം വരുത്തി കൊമേഡിയന്‍ ഏകാംഗ കോമഡികളുമായി രംഗത്തെത്താന്‍ തീരുമാനിച്ചു. ഇടവേളകഴിഞ്ഞു. കൊമേഡിയന്‍ വീണ്ടും വേദിയിലെത്തി. കൊമേഡിയന്റെ കോമഡി ജീവിതത്തിലെ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ഏറ്റവും കൂടുതല്‍ നേരം ചിരിച്ച ഏകാംഗ കോമഡി കഴിഞ്ഞിട്ടും സദസ്സ് കാറ്റ് പിടിച്ച് തന്നെ. കൊമേഡിയന്‍ വിയര്‍ത്തു കുളിച്ചു. പരാജയപ്പെടാനദ്ധ്യേഹത്തിന് മനസ്സില്ലായിരുന്നു. ഒന്നൊന്നായി കൊമേഡിയന്‍ തന്റെ മാസ്റ്റര്‍ പീസുകള്‍ പുറത്തെടുത്തുകൊണ്ടേയിരുന്നു. സദസ്സ് അപ്പോഴും പേശി വലിച്ച് മുറുക്കി ശ്വാസം പോലും അളന്ന് മുറിച്ച് ഇരിക്ക തന്നെ.

കൊമേഡിയന്‍ അപ്പോഴേക്കും ഒരു തരം ഹിസ്റ്റീരിയയുടെ പിടിയിലമര്‍ന്നിരുന്നു. താന്‍ പരാജയമാകുന്നു എന്ന ഒരു തോന്നല്‍ വെള്ളിടിപോലെ അദ്ധ്യേഹത്തിന്റെ മസ്തിഷ്കത്തിലൂടെ കടന്ന് പോയി. പിന്നെ അദ്ധ്യേഹത്തിനൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഒരു കോണിയും ഒരു കഷണം കയറും കൊണ്ട് വരാന്‍ അദ്ധ്യേഹം സഹായികളോട് നിര്‍ദ്ദേശിച്ചു. പുതിയ എന്തോ കോമഡിക്ക് കോപ്പു കൂട്ടുകയാണെന്ന് ധരിച്ച സഹായികള്‍ കോണി കൊണ്ട് വന്നു വേദിയില്‍ വെച്ചു.

കയറുമായി കൊമേഡിയന്‍ കോണിവഴി മുകളിലേക്ക് കയറി. കയറിന്റെ ഒരു തുമ്പ് അദ്ധ്യേഹം വേദിയുടെ കഴുക്കോലില്‍ കെട്ടി. മറ്റേ തുമ്പൊരു കുരുക്കാക്കി കൊമേഡിയന്‍ തന്നെ പരാജയപ്പെടുത്തി കൊണ്ടിരിക്കുന്ന സദസ്സിനെ ഒരു വട്ടം കൂടി നോക്കി. തങ്ങളുടെ യജമാനന്റെ പുതിയ കോമഡികാണാനുള്ള ആകാംഷയോടെ സഹായികള്‍ മിഴിച്ച് നില്‍ക്കവേ തന്റെ കഴുത്തില്‍ കുരിക്കിട്ട് കൊമേഡിയന്‍ കോണിയില്‍ നിന്നും എടുത്ത് ചാടി. സ്വയം ചിരിച്ചും ലോകത്തെ മുഴുവനും ചിരിപ്പിച്ചും ചിരിയുടെ ലോകത്തിന്റെ നെറുകയിലെത്തിയ മഹാനായ ആ കൊമേഡിയന്റെ ശരീരം വേദിയിലെ കഴുക്കോലില്‍ തൂങ്ങിയാടി.

സഹായികള്‍ അദ്ധ്യേഹത്തെ രക്ഷപെടുത്താന്‍ വേദിയിലേക്ക് ഓടിയടുക്കവേ സദസ്സില്‍ നിന്നും കാതടപ്പിക്കുന്ന ഘരാഘോഷം. സദസ്സ് ഒന്നടങ്കം ഇരിപ്പിടങ്ങള്‍ വിട്ടെഴുന്നേറ്റു. കരാഘോഷം ചിരിക്ക് വഴിമാറി. ചിരിപൊട്ടിചിരിക്കും. പൊട്ടിച്ചിരി അട്ടഹാസത്തിനും. സദസ്സ് ആര്‍ത്തുല്ലസിക്കുകയാണ്.
“ബലേഭേഷ്..”
“അത്യുഗ്രം...”
“മഹത്തരം..”
“ഉദാത്തം...” വിളികളാല്‍ ഹാള്‍ പ്രകമ്പനം കൊണ്ടു. കയറില്‍ കിടന്ന് പിടക്കുന്ന മഹാനായ ആ കൊമേഡിയന്റെ ശരീരം നിശ്ചലമാകവേ തിരുവനന്തപുരം ടാബോര്‍ തീയറ്ററില്‍ നിന്നും ഒരു നല്ല കോമഡി പ്രോഗ്രാം കണ്ട സാഫല്യത്തോടെ സഹൃദയരും അതിലുപരി പ്രബുദ്ധരുമായ പ്രേക്ഷകര്‍ നഗരത്തിന്റെ തിരക്കുകളിലേക്കിറങ്ങി...

9 comments:

Anonymous said...

കഥ വായിച്ച് കഴിഞ്ഞിട്ട് കഥയില്ലായ്മകണ്ട് കയറെടുക്കരുതേ. പേശികളയക്കാത്ത സമൂഹത്തിന് മുന്നില്‍ ഫലിതം പറയുന്നോര്‍ സൂക്ഷിക്കാന്‍ ഒരു കഥയില്ലായ്മ.

Anonymous said...

കൊള്ളാം :)
രംഗബോധം ഇല്ലാത്ത കോമാളിയെ കണ്ടെങ്കിലും ജനം ചിരിച്ചല്ലോ

Anonymous said...

ഇത് മലയാളത്തിലായിരിക്കാന്‍ തരമില്ല. ആയിരുന്നെങ്കില്‍ അദ്ദേഹം അവസാന നിമിഷം കഴുക്കോലില്‍ തൂങ്ങിയാടുന്നതിനുപകരം തന്റെ ഉടുതുണിഉയര്‍ത്തിക്കാട്ടുകയും തല്‍ഫലമായി കാണികള്‍ ചിരിച്ചുമറിയുകയും ചെയ്യുന്നത് കാണാമായിരുന്നു.

Anonymous said...

എം.ടി മാജിക്കുകാരനെക്കുറിച്ച് ഇതു പോലൊരു കഥ എഴുതിയിട്ടുണ്‍ണ്ട്. എന്തു കാണിച്ചാലും “അതില്‍ ട്രിക്ക്ണ്ട്രാ” എന്നു പറയുന്ന കാണികള്‍. അവസാനം മാജിക്കുകാരന്‍ കത്തിയെടുത്ത് സ്വന്തം ഹൃദയം പുറാത്തെടുത്ത് കാണിക്കുമ്പോഴും ജനം പറയും “ആ കത്തീമ്മല്‍ ട്രിക്ക്ണ്ട്രാ”.
qw_er_ty

Anonymous said...

:)

Anonymous said...

ഈ വഴി വന്നു പോയ സുനീഷിന് നന്ദി.
ഡിങ്കന്‍‌ജീ: താങ്കളുടെ “രംഗബോധം ഇല്ലാത്ത കോമാളിയെ കണ്ടെങ്കിലും ജനം ചിരിച്ചല്ലോ?” ഈ വരികള്‍ വച്ച് ഞാന്‍ പോസ്റ്റ് തിരുത്തും. ആ പോസ്റ്റിന് അങ്ങിനൊരു അര്‍ത്ഥതലം കൂടിയുണ്ടെന്ന് കാട്ടി തന്നതിന് നന്ദി നംബര്‍ രണ്ട്.

കാട്ടാളനോട്: അദ്ധ്യേഹം നോണ്‍ മലയാളിയായിരുന്നു. അതു കൊണ്ട് ഉടുമുണ്ട് പ്രയോഗം വശമില്ലായിരുന്നു. അതിനാലാണ് മരിച്ച് കളയാന്‍ തീരുമാനിച്ചത്.

മൂര്‍ത്തീജി: ഈ എം.ടിയുടെ ഒരു കാര്യമേ. എന്റെ ഈ കഥയും ചുരണ്ടി മാറ്റിയോ?. ശ്ശോ‍, അദ്ധ്യേഹത്തെ കൊണ്ട് ഞാന്‍ തോറ്റു.

തറവാടീ: കളിയാക്കി ചിരിച്ചയാണോ. കഥയെഴുതാന്‍ കഴിയുമോ എന്നുള്ള പരീക്ഷണമാ ചങ്ങാതീ.

വന്നവര്‍ക്കും കണ്ടവര്‍ക്കും അഭിപ്രായം അറിയിച്ചവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

Anonymous said...

അഞ്ചല്‍‌ക്കാരാ ,

ഒരു രചന മുഴുവന്‍‌ വായിക്കാന്‍ പറ്റിയാല്‍ , ഏതെങ്കിലും തരത്തിലുള്ള ഒരു അഭിപ്രായം പ്രകടിപ്പിക്കുക എന്റെ രീതിയാണ്.

ചിരികിട്ടിയാല്‍ അതിനര്‍‌ത്ഥം , പ്രതേകിച്ചഭിപ്രായമൊന്നുമില്ല , “ വായിച്ചു” എന്നു മാത്രമാണങ്കില്‍ കഷ്ടപ്പെട്ടു വായിച്ചെന്നര്‍‌ത്ഥം.
മോശമായി തോന്നിയാല്‍‌ അതു തുറന്നു പറയും , നന്നായാല്‍ അതും.

Anonymous said...

ഇത് തകര്‍ത്തു കേട്ടോ ! ഇഷ്ടപ്പെട്ടു!!

Anonymous said...

എന്ത് കമന്റ് ഇടും എന്നറിയാത്ത അവസ്ഥ