Wednesday, August 22, 2007

തലയില്ലാത്തവര്‍ ഗള്‍ഫ് മലയാളികള്‍

തലയൂരി കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍ കൊടുത്തിട്ട് ഗള്‍ഫെന്ന വാഗ്ദത്ത ഭൂവിലേക്ക് പറന്നിറങ്ങുന്ന മലയാളീ പ്രവാസി നേരിടുന്ന പ്രതിസന്ധികള്‍ ഒരിക്കലും ഇല്ലാത്ത തരത്തില്‍ കടുത്തു കൊണ്ടിരിക്കുന്നു. പിറന്ന മണ്ണില്‍ നിന്നും പിഴുതു മാറ്റപ്പെടുന്നവരില്‍ ഗള്‍ഫിലെത്തുന്നവര്‍ അനുഭവിക്കുന്ന യാതനകള്‍ക്കും വേദനകള്‍ക്കും അവഗണനകള്‍ക്കും തുല്യത പ്രവാസത്തിലെ മറ്റൊരു മേഖലയിലും ഇല്ല തന്നെ.

അത്തറ് മണക്കുന്ന ചങ്ങാതികള്‍ വെറും പുറം പൂച്ച് മാത്രം. കഞ്ഞിയും പായയും ഇല്ലാതെ ഏഴായിരം രൂപ മാത്രം പ്രതിമാസ വേതനം പറ്റുന്നവരാല്‍ സമൃദ്ധമാണ് ഗള്‍ഫെന്നത് നീറുന്ന സത്യം. വാടക, കറണ്ട് ബില്ല്, സോപ്പ്, എണ്ണ, കുപ്പൂസ്, ചായ, പെനഡോള്‍, ടെലിഫോണ്‍ കാര്‍ഡ്, ഇത്യാതി പ്രവാസത്തില്‍ അനിവാര്യമായ സംഗതികള്‍ നിവര്‍ത്തിച്ച് കഴിഞ്ഞ് ഉറ്റാലുവെച്ച് അരിച്ചെടുക്കുന്ന ചില്ലറകള്‍ നാട്ടിലെ ഉറ്റവരുടെ ഉപജീവനത്തിനും സെന്‍‌ടി കഴിഞ്ഞാല്‍ കയ്യിലൊരു ചില്ലിയും ബാക്കിയില്ലാത്തവര്‍ ആ ബാക്കിയൊന്നും കയ്യിലില്ലാതിരിക്കുക എന്ന അവസ്ഥക്ക് പതിനാറ് മണിക്കൂറോളം തിളക്കുന്ന ചൂടില്‍ അകവും പുറവും വെന്ത് ജീര്‍ണ്ണിച്ച് ജീവിച്ചിട്ട് മൂന്നോ നാലോ വര്‍ഷത്തിനൊടുവില്‍ നാട്ടിലേക്കൊന്നു പോകാനൊരുങ്ങുന്നവനെ കൊരവളക്ക് പിടിച്ച് കുത്തി പിഴിയുക എന്നത് പ്രജാക്ഷേമ തല്പരനായ നമ്മുടെ സ്വന്തം മഹാരാജന് ഒരു കുഞ്ഞു തമാശ മാത്രം. എയര്‍ ഇന്‍ഡ്യ എന്ന വെള്ളാനയെ പരിപോഷിപ്പിക്കുക എന്നത് ഗള്‍ഫിലെ നരകപ്രവാസം അനുഭവിക്കുന്നവന്റെ ഉത്തരവാദിത്തമായിട്ട് പതിറ്റാണ്ടുകള്‍ കഴിയുന്നു. സീസണാകുമ്പോള്‍ ഏതറ്റം വരെയും ഗള്‍ഫ് മലയാളിയെ ചൂഷണം ചെയ്യാന്‍ ലൈസന്‍സ് കിട്ടിയ ഏമാന്മാര്‍ കഴിഞ്ഞ ചില ദിവസങ്ങളില്‍ കാട്ടിയ ക്രൂരത വിവരിക്കാനാകില്ല തന്നെ.

കഴുത്തറുക്കന്ന ചാര്‍ജ്ജ് ഈടാക്കിയിട്ടും ഒരിളിപ്പുമില്ലാതെ യാത്ര മുടക്കുക, ചെക്കിന്‍ കഴിഞ്ഞിട്ടും ചളിപ്പേതുമില്ലാതെ ഫ്ലൈറ്റ് താമസിപ്പിക്കുക, ബോര്‍ഡിംഗ് പാസ്സെടുത്ത് കഴിഞ്ഞിട്ട് ഫ്ലൈറ്റ് റദ്ദാക്കിയാലും ഭക്ഷണമോ വെള്ളമോ നല്‍കാതെ മുങ്ങുക, ശീതീകരണിയുടെ കൊടും തണുപ്പില്‍ മണിക്കൂറുകളോളം കുത്തിയിരിക്കേണ്ടി വരുന്നവര്‍ക്ക് വേണ്ടത്ര ബ്ലാങ്കറ്റോ പുതപ്പുകളോ നല്‍കാന്‍ ഭാരത സര്‍ക്കാറിന്റെ ഓര്‍ഡിനന്‍സിന് കാത്ത് അത്താഴ പഷ്ണിക്കാരനെ ശിക്ഷിക്കുക തുടങ്ങിയ കലാപരിപാടികള്‍ അവസാനിപ്പിക്കാന്‍ ഇനി എത്ര കാലമെടുക്കും? കഴിഞ്ഞ ദിവസം ഇരുപത്തി ആറ് മണിക്കൂറാണ് നമ്മുടെ ബജറ്റ് എയര്‍ ലൈന്‍ യാത്രക്കാരനെ അബൂദാബി എയര്‍പോര്‍ട്ടില്‍ കുടുക്കിയത്. ഫ്ലൈറ്റ് എട്ട് മണിക്കൂറില്‍ കൂടുതല്‍ താമസിച്ചാല്‍ താമസ സൌകര്യം ലഭിക്കാനുള്ള അടിസ്ഥാന അവകാശം പോലും ഇന്‍ഡ്യന്‍ എയര്‍ ലൈന്‍സിലെ യാത്രക്കാര്‍ക്ക് ബാധകമല്ല. കൊള്ളയടിക്കപ്പെടുന്നവനും കൊലചെയ്യപെടുന്നവനും എന്തിന് കൊള്ളയടിക്കപ്പെടുന്നുവെന്നോ കൊല ചെയ്യപ്പെടുന്നുവെന്നോ ചോദിക്കാനുള്ള അവകാശമില്ലല്ലോ? അത് അനുഭവിക്കുന്നവന്റെ വിധി.

പ്രവാസത്തിന്റെ ഈ ഊഷരഭൂവില്‍ നിന്നും എണ്ണി പിടിച്ചെടുക്കുന്ന ഏതാനും ദിനങ്ങള്‍ ഉറ്റവരോടും ഉടയവരോടും ചേര്‍ന്ന് നിന്ന് സാന്ത്വനം തേടാന്‍ പുറപ്പെടുന്നവരെ ദിവസങ്ങളോളം വിമാന താവളങ്ങളില്‍ കുടുക്കിയിടുന്നവരനുഭവിക്കുന്ന സുഖം എന്താണെന്ന് പഠിക്കേണ്ടിയിരിക്കുന്നു. സാങ്കേതികം എന്ന് പറഞ്ഞൊഴിയുന്നവര്‍ക്ക് സൂര്യനോട് മല്ലിട്ട് നാട്ടിലേക്ക് പോകാനെത്തുന്നവരെ അവരുടേതല്ലാത്ത തെറ്റിന് ശിക്ഷിക്കാന്‍ എന്തവകാശമാണുള്ളത്? എട്ട് മണിക്കൂറില്‍ കൂടുതല്‍ വിമാനം താമസിച്ചാല്‍ ഏതൊരു യാത്രക്കാരനും അര്‍ഹിക്കുന്ന യാത്രാ നിയമങ്ങള്‍ അനുശാസിക്കുന്ന മനുഷ്യത്വപരമായ സമീപനം എയര്‍ ഇന്‍ഡ്യയുടെ ഭാഗത്ത് നിന്നും ഉണ്ടാകണം. കാലാകാലങ്ങളില്‍ നമ്മുടെ നാഷണല്‍ കാര്യര്‍, തിര‍ക്കുള്ള സമയത്ത് ഗള്‍ഫ് മലയാളിയോട് കാട്ടുന്ന മൃഗീയ ചൂഷണമാണ് കേരളത്തിലേക്ക് ചാര്‍ട്ടൌട്ട് ചെയ്യുന്ന എല്ലാ വിമാന കമ്പനികള്‍ക്കും അത്തപ്പാടികളെ ചൂഷണം ചെയ്യാന്‍ ചൂട്ടു പിടിച്ചു കൊടുക്കുന്നത്.

കാലാകാലങ്ങളായി എയര്‍ ഇന്‍ഡ്യയുടെ ചിറ്റമ്മനയത്തിനെതിരെ സമരം പ്രഖ്യാപിക്കുന്ന കോട്ടിട്ട നേതാക്കന്മാര്‍ എയര്‍ ഇന്‍ഡ്യായുമായി ചര്‍ച്ച ചെയ്ത് ചിക്കന്‍ കാലും കടിച്ച് നിറമുള്ള ലഹരിയും സേവിച്ച് മഹാരാജനുമായി രമ്യതയിലെത്തുന്നതാണ് വര്‍ത്തമാനകാല സമര യാധാര്‍ത്ഥ്യം. അതുകൊണ്ട് പ്രഖ്യാപിക്കപെടുന്ന സമരാഭാസങ്ങള്‍ക്ക് പകരം ഗള്‍ഫ് മലയാളികള്‍ തന്നെ ഇതിന് പോംവഴി കണ്ടെത്തണം. അതിനുള്ള വഴികളിലൊന്ന് എയര്‍ ഇന്‍ഡ്യയെ ബഹിഷ്കരിക്കുക എന്നത് തന്നെയാണ്. പക്ഷേ നമ്മുടെ “മഹത്തായ” കൂട്ടായ്മ കാരണം ബഹിഷ്കരണം എവിടം വരെ എത്തി എന്നുള്ളത് രണ്ടു വര്‍ഷം മുമ്പ് നാം കണ്ടതാണ്. ഒരോരുത്തരുടേം ബഹിഷ്കരണം അവരവരുടെ ടിക്കറ്റ് കണ്‍ഫേം ചെയ്ത തീയതിയില്‍ അവസാനിച്ചു. അത്ര തന്നെ. അപ്പോഴും മഹാരാജന്‍ ഒന്നു കുനിഞ്ഞ് നിവര്‍ന്നു ചിരിച്ചു, “ഞാനിതൊക്കെ എത്ര കണ്ടതാ കൊച്ചുങ്ങളേ” എന്ന പോലെ.

ഗള്‍ഫ് പ്രവാസം വരേണ്യവര്‍ഗ്ഗ പരിഛേദമല്ല എന്നത് പകല്‍ പോലെ തെളിഞ്ഞ സത്യം. വെന്തുരുകുന്ന ഗള്‍ഫ് മലയാളിക്ക് കുറച്ചെങ്കിലും ഒരു സാന്ത്വനമാകാന്‍ നമ്മുടെ സര്‍ക്കാറുകള്‍ക്കാകണം. കൊട്ടിഘോഷിച്ച് നടപ്പാക്കിയ ബജറ്റ് എയര്‍ ലൈന്‍ പലപ്പോഴും മറ്റ് വിമാന കമ്പനികളുടെ ചാര്‍ജ്ജിനും മേലെ ടിക്കറ്റ് ചാര്‍ജ്ജ് ഈടാക്കുന്ന കാഴ്ച ദയനീയമാണ്.

നാട്ടിലെ കിടപ്പാടം പണയം വെച്ചും ഭാര്യയുടെ കെട്ടുതാലി വരെ അറുത്ത് പണയം വെച്ചും ജോലി തെണ്ടി ഗള്‍ഫെന്ന നരക പ്രവാസത്തിലേക്കെത്തുന്ന പ്രവാസത്തിന്റെ ചേരികളിലെ ദയനീയ ജന്മങ്ങള്‍ കുറച്ചുകൂടി സഹതാപം അര്‍ഹിക്കുന്നു എന്ന വസ്തുത നമ്മുടെ ഭരണവര്‍ഗ്ഗം മനസ്സിലാ‍ക്കേണ്ടിയിരിക്കുന്നു. തകര്‍ന്നടിയുമായിരുന്ന നമ്മുടെ സാമ്പത്തിക വ്യവസ്ഥക്ക് നട്ടെല്ലേകി രാഷ്ട്രത്തിന്റെ വിദേശ നിക്ഷേപം കുത്തി ഉയര്‍ത്തിയത് നാട്ടില്‍ നിന്നും കയറ്റി അയച്ച തേങ്ങയും റബ്ബറും ഗര്‍ഭ നിരോധന സാമഗ്രികളും ആയുധങ്ങളും ഒന്നുമല്ല. നാട്ടില്‍ നില്‍ക്ക കള്ളിയില്ലാതെ കയറ്റി അയക്കപെട്ട പ്രജകളുടെ രക്തവും കിനാക്കളും ചുട്ടു പഴുത്ത സൂര്യന്റെ കീഴില്‍ വിയര്‍പ്പായൊഴുക്കി നേടിയെടുത്ത എണ്ണപണമാണ്. അവര്‍ പ്രവാസ ഭൂമികയില്‍ നിന്നും മാസാ മാസം ഉറ്റവര്‍ക്കായി എക്സ്ചേഞ്ചുകളില്‍ ക്യൂ നിന്ന് വിദേശ കറന്‍സി കൊടുത്ത് നാസിക്കിലെ സര്‍ക്കാര്‍ കമ്മട്ടത്തിലടിച്ച കറന്‍സി വാങ്ങിയതാണ് ഇന്‍ഡ്യന്‍ രൂപയുടെ മൂല്യം നിലമ്പരിശ്ശാകാതെ പലപ്പോഴും പിടിച്ച് നിര്‍ത്തിയത്. മാസത്തിന്റെ ആദ്യ വെള്ളിയാഴ്ചകളില്‍ ഇന്‍ഡ്യന്‍ രൂപക്ക് കാണപ്പെടുന്ന പതിവില്‍ കവിഞ്ഞ മൂല്യം അതിനൊരുദാഹരണം മാത്രം.

നാട്ടില്‍ നിന്നും കയറ്റി അയക്കപെടുന്നതെന്തിനും വിദേശ കറന്‍സി നേടി തരുന്നു എന്നതു കൊണ്ട് ചില അനുകൂല്യങ്ങള്‍ ഗവണ്മെന്റ് കൊടുക്കാറുണ്ട്. കയറ്റി അയക്കപെടുന്ന ഉല്പന്നങ്ങളുടെ വിലയുടെ ഏകദേശം ഏഴ് ശതമാനത്തോളം കിക്ക് ബാക്ക് എന്ന പേരില്‍ ഉല്പന്നം കയറ്റി അയക്കപെടുന്ന കമ്പനികള്‍ക്ക് ഒരു ഇന്‍സെന്റീവായി തിരിച്ച് ലഭിക്കാറുണ്ട്. ഒരു ലാഭവും ഇല്ലാതെയാണ് ഉല്പന്നം കയറ്റി അയക്കപെടുന്നത് എങ്കില്‍ പോലും ഉല്പാദകന് ഈ ഏഴ് ശതമാനം ലാഭമായി മാറും. പക്ഷേ ഭാരതത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കയറ്റി അയക്കപ്പെടുന്ന പൌരന്‍ എന്ന‍ തറവില പോലും തിട്ടപ്പെടുത്തിയിട്ടില്ലാത്ത “ഉത്പന്നം” നാട്ടിലേക്ക് കയറ്റി അയക്കുന്ന കറന്‍സിക്ക് തുല്യമായ പരിഗണന അവകാശപ്പെടാന്‍ തക്ക അഹമ്മതിയൊന്നും പ്രവാസി മലയാളിക്കില്ല. എങ്കിലും വല്ലപ്പോഴും ഒരിക്കലെങ്കിലും പിറന്ന നാടും നടന്ന വഴിയും പഠിച്ച പള്ളിക്കൂടവും അടിച്ചു കളിച്ച കൂട്ടുകാരേം സംരക്ഷിച്ച മാതാപിതാക്കളേം ഉടപ്പിറന്നോരേം ഒക്കെ ഒന്നു കണ്ടു മടങ്ങാനുള്ള കേവലാഗ്രഹമെങ്കിലും വഴിക്ക് മുടക്കാതെ ഇവര്‍ക്കൊന്ന് ചെയ്ത് തന്നാലെന്താ?

പിന്നാമ്പുറം:
പ്രവാസി തലയില്ലാത്ത കോഴിയാണ്. നരകത്തിലെ കറങ്ങുന്ന കോഴി. ആസനത്തിലൂടെ ചുട്ടു പഴുത്ത ഇരുമ്പ് ദണ്ഡിനാല്‍ കോര്‍ക്കപെട്ട് എരിയുന്ന തീയില്‍‍ കറങ്ങി കറങ്ങി കറങ്ങി വെന്ത് പൊട്ടി നില്‍ക്കുന്ന തലയില്ലാത്ത കോഴി. ആര്‍ക്കും എവിടെ നിന്നും എപ്പോള്‍ വേണമെങ്കിലും നുള്ളിപറിച്ച് ഹോട്ട് സോസും കെച്ചപ്പും കൂട്ടി ഉദരപൂരണം നടത്താം...

25 comments:

അഞ്ചല്‍ക്കാരന്‍ said...

തലനഷ്ടപെട്ടവര്‍ ഉടല്‍ വെന്ത് പാകമായവര്‍ ഗള്‍ഫ് മലയാളികള്‍...

ഉറുമ്പ്‌ /ANT said...

:(

Joe said...

The very first this is to create jobs back home. How long we are going to depend on gulf? Our carrer culture itself is revolving around "Going to Gulf" , How long??

My suggestions are , i truly understand the industrials situations in kerala, but i heard its changed now and lot of small business are coming up :

1. Create more jobs in kerala leveraging IT, Tourism, BPO , Hospitality, Education etc.
2. Mould the next generation to not to think abot Gulf.Let them study to build carrers outside gulf dreams...afterall wht dreams left in gulf?

Regards
Georgi

ഏ.ആര്‍. നജീം said...

അഞ്ചല്‍കാരാ.
പ്രാവാസികളുടെ ഇത്തരം സങ്കടം പറച്ചിലുകള്‍ പ്രവാസികള്‍ക്കും അതിലുപരി നാട്ടിലുള്ളവര്‍ക്കും അരോചകമായി കഴിഞ്ഞിരിക്കുന്നു. പ്രതികരിക്കാനാവാതെ വരുമ്പോള്‍ ഉണ്ടാകുന്ന ഒരുതരം സിസംഗത..
ഇതിനെതിരെ ശബ്ദം ഉയര്‍‌ത്തേണ്ടവര്‍ എന്ന് നമ്മള്‍ കരുതുന്നവര്‍ക്ക് ഇതൊന്നും ശ്രദ്ധിക്കേണ്ട കാര്യമില്ല അവര്‍ക്ക് എന്ത് എയര്‍ ഇന്ത്യ..? കിട്ടുന്നതില്‍ അവര്‍ക്ക് പറക്കാം. തകരപാട്ടയില്‍ ദിര്‍ഹംസൊക്കെ കൂട്ടിക്കൂട്ടി ഇട്ടു വച്ചു രണ്ടു വര്‍‌ഷം കഴിയുമ്പോള്‍ വിമാനക്കൂലി ഉണ്ടാക്കുന്ന പാവങ്ങള്‍ക്ക് എന്തറിയാം? എവിടെ എന്തിനാ പരാതി സമര്‍പ്പിക്കേണ്ടതെന്ന്.
ഒരു മെയില്‍ ഗ്രൂപ്പില്‍ എയര്‍ ഇന്ത്യയുടെ പ്രശ്നങ്ങളെ കുറിച്ചു ചര്‍ച്ച വന്നപ്പോള്‍ നട്ടില്‍ ഉള്ള ചിലരുടെ അഭിപ്രായം കണ്ടു. നാലു കാശുണ്ടാക്കിയപ്പോ ഇന്ത്യയുടെ സ്വന്തം എയര്‍ലൈന്‍സ് അവര്‍ക്ക് പുച്ഛം എന്ന്.അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ആരുടേയും മുന്നില്‍ ഈ പ്രശ്നങ്ങള്‍ എത്തുന്നില്ല അതാ..

മൂര്‍ത്തി said...

ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ നടത്തിയ ഒരു പ്രവാസി ബന്ധു എന്ന ട്രസ്റ്റിന്റെ സൈറ്റില്‍ കാണുന്നു. ഈ ട്രസ്റ്റിനെക്കുറിച്ചോ സര്‍വേയുടെ ആധികാരികതയെക്കുറിച്ചോ ഒന്നും അറിയില്ല. പക്ഷെ ഗള്‍ഫ് മലയാളികള്‍ അനുഭവിക്കുന്ന കഷ്ടപ്പാട് ഈ സര്‍വെ പറഞ്ഞു തരും. ഇന്നലത്തെ ജനയുഗം പത്രത്തിലും ഇതിനെക്കുറിച്ച് ഒരു വാര്‍ത്ത കണ്ടു.

സാല്‍ജോҐsaljo said...

സത്യം മാഷെ,

പക്ഷെ എയര്‍ ഇന്‍ഡ്യ ബഹിഷ്കരിക്കുക എന്നൊക്കെ പറഞ്ഞാല്‍...അത് പ്രായോഗികമല്ല. എത്രയായിരം ജനങ്ങള്‍ സഞ്ചരിക്കുന്നു. എല്ലാവരും തയ്യാറാകുമോ? നമ്മള്‍ കുറെപ്പേര്‍ തീരുമാനിച്ചാല്‍ തന്നെ എങ്ങനെയും നാട്ടില്‍ എത്തിപ്പെട്ടാല്‍ മതി എന്ന ചിന്താഗതിക്കാരാണ് എല്ലാവരും. കഴിഞ്ഞ മാസം വരെ 7000 രൂപയുടെ ടിക്കറ്റ് ഇന്നലെ 15500 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. സൌകര്യങ്ങള്‍ പിന്നെ പണ്ടേയില്ല.

ഇത് പ്രവാസികള്‍ തന്നെ ഇന്ത്യാ ഗവണ്മെന്റിനെ അറിയിക്കാന്‍ മനസുകാണിക്കണം. മുട്ടിനു മുട്ടിന് ഇവിടെ അസോസിയേഷനുകള്‍ ഉണ്ടല്ലോ. പറ്റുമെങ്കില്‍ കൊടിപിടിക്കാനും തയ്യാറായി.

അവസരം വരട്ടെ. പ്രതികരിക്കാം.

ബയാന്‍ said...

ഞാനൊരു കണ്ണൂര്‍കാരനാ; പറഞ്ഞതിനൊക്കെ അടിവരയിടുന്നു. എയര്‍‌ ഇന്‍ഡ്യാ ബഹിഷ്കരിക്കുകയാണെങ്കില്‍ ഞാന്‍ നാട്ടില്‍ പോവാതെയിരിക്കണം. വേറെ ഒരു വഴിയുണ്ടെങ്കില്‍ എന്നിതിനെ മതിയാക്കി എന്നു ചോദിച്ചാ‍ല്‍ മതി, എനിക്കിയിടേ ആയിട്ടു ഞാന്‍ ഒരു രണ്ടാതരം പൌരനാണെന്നു തോ‍ന്നിത്തുടങ്ങിയിട്ടുണ്ട്. എവിടെ ആയാലും അവഗണന തന്നെ - ഡല്‍ഹിയും തിരുവനന്തപുരവും. പിന്നെ എല്ലാം സഹിക്കതന്നെ; വിധി, കുറെ സഹിക്കുന്നുടല്ലോ, ഇപ്പോ ഇതങ്ങട്ട് ചേലായി.

ഓ: ടോ: എയര്‍ ഇന്‍ഡ്യാ അബൂ ദാബി ഓഫിസിന്റെ നമ്പര്‍ : 02 6322300 ഈ നമ്പരില്‍ വിളിച്ചിട്ടു നിങ്ങളുടെ ഫോണ്‍ ആന്‍സര്‍ ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങക്കു ഫ്രീ ആയിട്ട് നിങ്ങളെ ഞാന്‍ നാട്ടില്‍ എത്തിക്കാം. ഹി ഹി

തറവാടി said...

പ്രിയ അഞ്ചല്‍ക്കാരാ,
ആദ്യമേ പറയട്ടെ , കെറുവിക്കല്ലെ ,

കേട്ടു കേട്ട്‌ തഴമ്പിച്ചിരിക്കുന്നു ചെവികള്‍ ഇത്തരം കരച്ചിലുകള്‍ കേട്ട്‌ , ഒന്നും സംഭവിക്കാന്‍ പോകുന്നില്ല , വിശ്വാസം എന്നേ നഷ്ടപ്പെട്ടിരിക്കുന്നു കാരണം നേരെയാകുന്ന കാര്യമായിരുന്നെങ്കില്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ നേരെയാവണമായിരുന്നു.

ഏറ്റവും ഉത്തമം എന്ന്‌ കരുതിയിരുന്ന ബഹിഷ്കരണം നടക്കില്ലെന്നു എനിക്കുമുമ്പേ ഒരാള്‍ പറഞ്ഞുകഴിഞ്ഞു അതും മൂന്നും നാലും ആളുകളില്‍ അപ്പോ പിന്നെ ബാക്കി കാര്യങ്ങള്‍ വിവരിക്കേണ്ടല്ലോ , എന്തുകൊണ്ടുനടക്കില്ല , മടി , ആര്‍ക്കും മറ്റൊരാള്‍ക്കു വേണ്ടി സഹിക്കാന്‍ പറ്റില്ല.

നമ്മുടെ ഈ രീതി അവര്‍ക്കുമറിയാം. പത്തില്‍കൂടുതല്‍ വെത്യസ്ഥമായ വിമാനങ്ങളില്‍ യാത്രചെയ്ത ഒരളാണു ഞാന്‍ , ഇത്രയും മോശം സര്‍വീസ്‌ തരുന്ന മറ്റൊരു വിമാനകമ്പനി ഇല്ലതന്നെ!

, എന്നാലും ഞാന്‍ ഇവരെയേ ആശ്രയിക്കൂ കാരണങ്ങള്‍ പലത്‌ , ഇപ്രാവശ്യം നാട്ടില്‍നിന്നും വരുമ്പോള്‍ ബോര്‍ഡിങ്ങ്‌ പാസ്സ്‌ നല്‍കിയതിനുശേഷം നാലു മണിക്കൂറ്‍ വൈകിയാണ്‌ വിമാനം പുറപ്പെട്ടത്‌ , ഒന്നും മിണ്ടാതെ , വനിതയും സിനിമാ റ്റുദേയുമൊക്കെ വായിച്ചിരുന്നു , അവസാനം വിമാനത്തില്‍ എ.സി , ഇടക്കേ പ്രവര്‍ത്തുള്ളൂ കാരണം സങ്കേതികം.

ഒരു മന്ത്രിക്കോ മറ്റുള്ള ഉദ്വോഗസ്തപ്രഭുക്കന്‍മാര്‍ക്കോ ഒന്നും ചെയ്യാന്‍ കഴിയില്ല , അല്ലെങ്കില്‍ ശ്രമിക്കില്ല , നടക്കില്ല , ആകെ ഒരു മാര്‍ഗ്ഗം നമ്മള്‍ തന്നെയാണ്‌ ആ തിരിച്ചറിവ്‌ എന്ന്‌ ഒരു പ്രവൃത്തിയയി മാറുന്നോ അന്നു വല്ലതും നടക്കുമെന്നു പ്രതീക്ഷിക്കാം പക്ഷെ അ പ്രതീക്ഷ ഇല്ലാതായിട്ട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.

നടക്കാത്ത കര്യത്തെക്കുറിച്ച്‌ ദിവാസ്വപ്നങ്ങള്‍ കാണുന്നതിഷ്ടമല്ലാത്തതിനാല്‍ കൂടുതല്‍ ഒന്നും പറയാനില്ല.

ഏറനാടന്‍ said...

അഞ്ചല്‍കാരാ കുറിക്കുകൊള്ളുന്ന ലേഖനം. അവസാന പാരഗ്രാഫ്‌ തന്നെ ധാരാളം, പ്രവാസി എന്താണെന്നറിയാന്‍ അതുമതി. ആരുണ്ടാവുമിനി നമ്മളെ രക്ഷിക്കുവാന്‍?

ബീരാന്‍ കുട്ടി said...

അഞ്ചല്‍ജീ ആന്‍ഡ്‌ തറവാടിജീ,
വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും കറവപശുക്കളായ, ഗള്‍ഫ്‌ മലയാളികളെ പിഴിയാന്‍ രാജാവിനും അഗ്രഹമുണ്ടാവില്ലെ.
മാനുഷിക പരിഗണന, മനുഷ്യരോടല്ലെ വേണ്ടൂ. നമ്മള്‍ യന്ത്രങ്ങളല്ലെ.
ബഹിഷ്കരിക്കാന്‍ ഇപ്പോള്‍ ഞാനില്ല, കോസ്‌, വെറെ ഒരു വണ്ടിയും എന്റെ നാട്ടിലേക്കില്ല. ഒന്നോ, രണ്ടോ വര്‍ഷത്തില്‍ കിട്ടുന്ന 30 ദിവസത്തെ ലീവില്‍ മണിക്കുറുകള്‍ക്ക്‌ വിലയുണ്ട്‌. ഇതെന്റെ മാത്രം പ്രശ്നമല്ല.
പിന്നെ നേതാകള്‍ക്ക്‌ ഗള്‍ഫെന്നു പറഞ്ഞാല്‍ പഞ്ചനക്ഷത്ര ഹോട്ടലിലെ കോട്ടും സ്യൂട്ടുമണിഞ്ഞ, കൂലികളായ ലുലുവിന്റെ മുതലാളി, കെ.എം മുതലാളി, തുടങ്ങിയവരാ, നമ്മെപോലെയുള്ള വന്‍കിട പ്രവാസികളെക്കുറിച്ച്‌ ആരറിയാന്‍, ആര്‌ പറയാന്‍. ഒരാള്‍ക്ക്‌ നാല്‌ സംഘടനയുള്ള ഇവിടെ, നേതാകളുടെ പേരും ചിത്രവും മുടങ്ങാതെ പത്രതാളുകളില്‍ കണാമെന്ന അശ്വാസമാവും പാവം അനുയായിക്ക്‌. ചിലരുടെ പ്രസംഗം കേട്ടാല്‍ ബുഷും ബ്ലയറും സല്യൂട്ട്‌ ചെയ്യും. അത്രക്ക്‌ അന്താരാഷ്ട പ്രസക്തിയുള്ള പ്രശ്നങ്ങള്‍.
പറഞ്ഞ്‌ വന്നത്‌, നാം മാറില്ല, മറാന്‍ സഹചര്യവുമില്ല. അഗ്രഹമില്ലാഞ്ഞിട്ടല്ല, നാം പ്രവാസികളാണ്‌. മനസ്സ്‌ മരവിച്ച, ചോരയും നീരുമുള്ള യന്ത്രങ്ങള്‍. സ്ക്രപ്പാവുന്ന വരെ ഓടികൊണ്ടിരിക്കുക, അതിനിടയില്‍ സ്വയം വെന്തുരുകി നാം ചിരിക്കുന്നു. എല്ലാവര്‍ക്കും നന്മ ആഗ്രഹിക്കുന്നു.

oru blogger said...

ലാല്‍ ജോസിന്റെ സിനിമയെയും റോണന്‍ സെന്നിന്റെ അഭിപ്രായത്തെയും കൂട്ടിമുട്ടിക്കാവുന്നതെയുള്ളൂ..
പക്ഷെ അതിനു നാട്ടില്‍ അമ്മുവിന്റെ ആടിനേപ്പോലെ ഒരാടിനെ വളര്‍ത്തിയ നാടിന്റെ ഗന്ധം അറിയണം അഞ്ചല്‍കാരാ...

അപ്പു ആദ്യാക്ഷരി said...

അഞ്ചല്‍ക്കാരാ ലേഖനം കൊള്ളാം. പക്ഷേ തറവാടി പറഞ്ഞതുപോലെ ഇതൊക്കെ വെറും രോദനങ്ങളായി മാത്രം അവശേഷിക്കുകയേ ഉള്ളൂ. പരിഹാരം ഉണ്ടാവുമെന്ന് എനിക്കൊരു പ്രതീക്ഷയും ഇല്ല.

krish | കൃഷ് said...

അഞ്ചല്‍ക്കാരാ..പ്രവാസികളുടെ യാത്രാവിഷമങ്ങള്‍ വിവരിക്കുന്ന നല്ല ഒരു ലേഖനന്‍. ഇതേ വിഷയത്തെക്കുറിച്ച് മലയാളം ചാനലുകളിലും നേരത്തെ പരാമര്‍ശമുണ്ടായതാണല്ലോ. ഇത് മലയാളം ബ്ലോഗില്‍ മാത്രം എഴുതിയതുകൊണ്ട് വലിയ കാര്യമുണ്ടാവുമെന്ന് തോന്നുന്നില്ല. ഈ കാര്യം ഇംഗ്ലീഷ് ബ്ലോഗിലും ഇടുക.

പിന്നെ അടിസ്താന ജോലികള്‍ക്കായി(കണ്‍സ്റ്റ്രക്ഷന്‍,പ്ലാന്റേഷന്‍, മറ്റു മേഖലകള്‍) കേരളത്തിലേക്ക് ഈയിടെയായി ലക്ഷക്കണക്കിന് മലയാളികളല്ലാത്ത അന്യസംസ്ഥാന പണിക്കാരാണ് വന്ന്‌ പണിയെടുത്ത് കാശ്‌ സമ്പാദിക്കുന്നത്. അതേസമയം, മലയാളികല്‍ ഇതേ ജോലി, തുച്ച വേതനത്തിന്, കടുത്ത കാലാവസ്ഥയില്‍, ചെയ്യാനായി കിടപ്പാടം പണയം വെച്ച് ഗള്‍ഫിലേക്കും. സ്വന്തം സംസ്ഥാനത്ത് ജോലി ചെയ്താല്‍ മാന്യത കിട്ടില്ലേ..

കുഞ്ഞന്‍ said...

ഗള്‍ഫ് പ്രവാസികള്‍, കല്ലുകള്‍ കരുതിയിരിക്കുക,മുതലക്കണ്ണീരുമായ് സുഖിയ്ക്കാന്‍ വരുന്ന നേതാക്കള്‍ക്കു നേരെ,കോഴിയെ ഓടിക്കുമ്പോലെ നാട്ടില്‍ വരുമ്പോള്‍ മഹാരാജാവിന്റെ വണ്ടിയുടെ നേരെയും കല്ലെറിയുക, പിന്നെ ഇവിടെങ്ങും ഇറങ്ങണ്ടാ പോ ദൂരെ പ്പോ.. എന്ന പ്രാക്കും.

Unknown said...

ഏതൊരു ജനവിഭാഗത്തിനും അവര്‍ അര്‍ഹിക്കുന്ന ഭരണമേ ലഭിക്കൂ എന്നാരോ പറഞ്ഞിട്ടുണ്ടു്. ഇതു് ഭരണത്തിനു് മാത്രം ബാധകമായ കാര്യമല്ല. വേണ്ടതു് എന്തെന്നറിഞ്ഞു് അതിനുവേണ്ടി പൊരുതിയിട്ടുള്ളവര്‍ അതു് നേടിയിട്ടുമുണ്ടു്.

മുസ്തഫ|musthapha said...
This comment has been removed by the author.
മുസ്തഫ|musthapha said...

'എങ്ങിനെ പ്രതികരിച്ചിട്ടും കാര്യമില്ല, ഇതെല്ലാം ഇങ്ങിനെയൊക്കെ തന്നെ നടക്കൂ...'

മിക്ക കാര്യങ്ങളുടെ ഒടുക്കവും ഇങ്ങിനെയൊരു കാഴ്ചപ്പാടിലാണ് എത്താറ്...!

എല്ലാം ആരെങ്കിലുമൊക്കെ ശരിയാക്കി ഒരു ദിവസം നമുക്ക് സ്വര്‍ഗ്ഗരാജ്യം കയ്യില്‍ തരും എന്ന് കരുതി ഒന്നിനോടും പ്രതികരിക്കാതെ, സഹകരിക്കാതെ വലിയൊരു വിഭാഗം സ്വപ്നലോകത്താകുമ്പോള്‍ നമുക്ക് ഒടുവില്‍ എത്തിച്ചേരാന്‍ പറ്റുന്നത് അവിടെ തന്നെ...!

അഞ്ചല്‍കാരാ, വളരെ നല്ല ലേഖനം.

Rasheed Chalil said...

അഞ്ചല്‍ക്കാരാ നല്ല ലേഖനം.

ഇവിടെ കുഴപ്പമില്ലാത്ത ശമ്പളം വാങ്ങി ജോലി ചെയ്യുന്നവരില്‍ (മൊത്തം ഇന്ത്യന്‍ തൊഴിലാളികളില്‍ ഒരു ഇരുപത്തഞ്ചോ മുപ്പതോ ശതമാനം കാണുമായിരിക്കും) അധികവും ടിക്കറ്റ് കമ്പനി നല്‍കുന്നവരാണ്. ബാക്കിയുള്ള നാനൂറ്റമ്പത് അഞ്ചൂറ് ദിര്‍ഹംസിന് ജോലി ചെയ്യുന്ന പാവങ്ങള്‍ രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞ് നാട്ടിലേക്ക് പോവാന്‍ ശ്രമിക്കുമ്പോള്‍ ആദ്യം കഴുത്തിന് പിടിക്കുന്നത് നമ്മുടെ സ്വന്തം വിമാന കമ്പനികളാണ്. ഇതിനെതെരെ പ്രതികരിച്ചാലും അത് വെള്ളത്തില്‍ വരയാവാന്‍ പ്രധാന കാരണങ്ങളില്‍ ഒന്ന് ഈ ചൂഷണം നേരിട്ട് അനുഭവിക്കുന്നതില്‍ മഹാ ഭൂരിപക്ഷവും പാവങ്ങളാണ് എന്നത് കൊണ്ടാണെന്ന് തോന്നുന്നു.

ഇനി ഇതിന്റെ മറ്റൊരു വശം ... ഇതൊക്കെ വിമര്‍ശിച്ചാല്‍ പുറം നാട്ടില്‍ പോയി പത്ത് കാശുണ്ടാക്കിയല്‍ മാതൃരാജ്യത്തോട് പുച്ഛം എന്നാവും ആരോപണം. നാട്ടിലെ റോഡ്, ആശുപത്രി... തുടങ്ങിയവയെ കുറിച്ച് പറഞ്ഞ ഒരു ബ്ലൊഗര്‍ മുമ്പ് പുലിവാല് പിടിച്ചിട്ടുണ്ട്.

ഓടോ : ഒരിക്കല്‍ ഒരു മന്ത്രി ഗള്‍ഫ് സന്ദര്‍ശനം കഴിഞ്ഞ് തിരിച്ച് നാട്ടില്‍ പോയ ശേഷം ആ റും വൃത്തിയാക്കിയ റൂം ബോയിക്ക് പ്രവാസികള്‍ കൊടുത്ത നിവേദങ്ങളെല്ലാം ഹോട്ടലിലെ വേസ്റ്റ് ബോക്സില്‍ നിന്ന് കിട്ടിയത്രെ... പാവം കരുതി കാണില്ല അവിടെ ക്ലീനിംഗിനായി ഒരു മലയാളി എത്തുമെന്ന് (ഇത് ഒരു സുഹൃത്ത് പറഞ്ഞതാണ്)

മന്‍സുര്‍ said...

പ്രിയ സ്നേഹിത അഞ്‌ചല്‍ക്കാരാ ഓണാശംസകള്‍

ഓടിപായും ജീവിതം
ഓടി തളരുബോല്‍
ഓര്‍ക്കാന്‍ ഓമനിക്കാന്‍
ഒളിമങ്ങാത്ത ബാല്യത്തിലെ
ഒരു മധുരമൂറും
ഒരോണക്കാലം
-------------------------------------------------------------
പ്രവസികള്‍ .....പ്രവാസി
കേട്ടുമടുത്ത കഥകള്‍ ...പരിഭവങ്ങല്‍
പറഞാലും തീരത്ത പ്രവാസത്തിന്‍റെ ഒരു നഗ്ന ചിത്രം തീജ്വലകളില്‍ ട്രിപീസില്‍ ആടുന്ന സര്‍ക്കസ്സ് താരങ്ങളെ പോലെ..ഒരു കോഴിയായ്.കറങ്ങുകയാണ്‌
പണ്ട് ഗല്‍ഫില്‍ വന്നവര്‍ ഒരു ചതിയിലൂടെയായിരുന്നില്ല
മറിച്ച് ഒരു പുതിയ മേച്ചില്‍ പുറം തേടിയുള്ള അന്വേഷണം ആയിരുന്നു.
മറിച്ച്...ഇന്നോ...
ഗല്‍ഫിലെ യാതനകളുടെ നേരിന്‍ ചിത്രങ്ങളും ,വാര്‍ത്തകളും ദൈനംദിന കാഴ്ചകളായ് മാധ്യമങ്ങളിലൂടെ കണ്ടിട്ടും ,കേട്ടിട്ടും എന്ത നാം ഒരു പാഠമുള്‍കൊള്ളാത്തത്..
ഇന്നും ചോദിക്കുന്ന കാഷ് കൊടുക്കാനും
ആധാരം വെച്ചും വിസ വാങ്ങാന്‍ നാട്ടില്‍ ആളുകള്‍ റെഡിയാണ്‌
പ്രവാസ ലോകം ഇവിടെ ആരെയും പിടിച്ച് നിര്‍ത്തുന്നില്ല
നമ്മല്‍ നിന്നു പോക്കുന്നു എന്നതല്ലെ സത്യം
കാരണം ഒന്ന് മാത്രം ....
തല മറന്ന് എണ്ണ തേക്കുന്നു
കാണുനവരോടൊക്കെ കടം വാങ്ങി നാട്ടില്‍ അടീച്ച് പൊളിച്ച് തിരിച്ച് വരും എന്നിട്ട് പറയും കഷ്ടം പ്രാരാബ്ധം എന്നിങ്ങനെ
ശീതികരിച്ച ഓഫീസ് മുറിയിലിക്കുന്നവരും പറയുന്നത് ഈ പല്ലവി തന്നെ..........ഓ മണിക്കൂറുകളോളം മസ്റായില്‍ (മരുഭൂമിയിലെ ക്രഷിസ്ഥലം ) കൊടും ചൂടില്‍ ജോലി ചെയുന്നവരുടെ അവസ്ഥ കഠിനം തന്നെ
2000 റിയാല്‍ കിട്ടുന്നവനു ഒന്നിനും തികയുന്നില്ല എന്ന പരതി..... 800 റിയാല്‍ വാങ്ങുന്നവന്‍ സന്തോഷമായ് കഴിയുന്നു.എയര്‍ഇന്ത്യ മാത്രമാണോ നമ്മുടെ പ്രശ്നങ്ങള്‍ ...മാസങ്ങളോളം കപ്പലില്‍ യാത്ര ചെയ്ത് ഗല്‍ഫില്‍ പോയ കാലം നമ്മുക്ക് ഉണ്ടായിരുന്നില്ലെ...?
ഒരു വര്‍ഷം ജോലി ചെയ്ത് നാല്‌വാക്ക് അറബിയും പഠിച്ച പിന്നെ ഈ ജോലി പോര എന്ന തോന്നല്‍
നാട്ടില്‍ നിന്നും വെറും കൈയുമായ് വന്ന പലരും ഇവിടെ നിന്ന് പണമുടക്കില്ലാതെ എന്തെല്ലം പഠിക്കുന്നു
നാട്ടില്‍ ഒരു ജോലിയും ഇല്ലാത്തവര്‍ വിദ്യഭ്യാസമില്ലാത്തവര്‍ ഇവിടെ മാനേജര്‍,അകൌണ്ടന്‍റെ ജോലികല്‍ ചെയുന്നു
നിങ്ങള്‍ക്ക് പറയാന്‍ സാധികുമോ ഇത്തരം ആളുകള്‍ക്ക് നാട്ടില്‍ ഇത് പോലത്തെ അവസരങ്ങള്‍ കിട്ടുമോ
ഇവിടെ പ്രശ്‌നം പ്രവാസി അല്ല...നമ്മളാണ്‌
കിട്ടുന്ന വേതനത്തിന്‍റെ അളവില്‍ കവിഞ ജീവിത രീതി നാം സ്വയം ഉണ്ടാകുകയാണ്‌.പറയാന്‍ എറെ...ഒന്ന് മാത്രം പറയാം ....പരിപൂര്‍ണ്ണമായ ഒരു സുഖ ജീവിതം ലോകത്തില്‍ ആരും അനുഭവിച്ചിട്ടില്ല എന്നണ്‌ എന്‍റെ അറിവ്....സന്തോഷവും ദുഖവുമെല്ലാം ജീവിതത്തിന്‍റെ ഒരു ഭാഗമാണ്‌...ഇതൊന്നുമില്ലെങ്കില്‍ പിന്നെ എന്ത് ജീവിതം .
ഒരു വാക്ക് കൂടി.......
വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും.

അടിക്കുറിപ്പ്‌ : ഇതൊക്കെ നാം പറയുന്നുവെങ്കിലും ഒരു വിസ കിട്ടാന്നുടെങ്കില്‍ അനിയനെയോ...മകനെയോ...കൊണ്ട് വരാന്‍ ഒരു ശ്രമം നടത്തുന്നതും ഈ പ്രവാസികളണ്‌
(വിസ കച്ചവടത്തിന്‍റെ ക്രൂരതയില്‍ പ്രവാസഭൂമിയില്‍ അകപ്പെട്ട്‌പോയവരെ ഇകൂട്ടത്തില്‍ പെടുത്തരുത്.)


നന്‍മകള്‍ നേരുന്നു

സസ്നേഹം
കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്‍

Nachiketh said...

“നിവൃത്തികേടുകള്‍ പറഞ്ഞു തീരട്ടെ
അതിനെതിരായി ഒരു ചെറുവിരലനക്കാതെ“

myexperimentsandme said...

അഞ്ചല്‍‌സ്, ലേഖനം നന്നായി.

ഗള്‍ഫില്‍‌നിന്ന് എയര്‍ ഇന്ത്യ മാത്രമേ നാട്ടിലേക്കുള്ളോ? കലേഷ് പണ്ട് പറഞ്ഞതോര്‍ക്കുന്നു, ശ്രീലങ്കന്റെ കാര്യം. അതിന് ചാര്‍ജ്ജ് എയര്‍ ഇന്ത്യയെക്കാളും കൂടുതലാണോ? ശ്രീലങ്ക വഴി വരണമെന്നുള്ളതൊരു കാര്യം-കഴിഞ്ഞ പ്രാവശ്യം ഞാന്‍ വന്ന ഫ്ലൈറ്റ് പൊങ്ങി സ്വല്പം കഴിഞ്ഞപ്പോള്‍ പുലിയണ്ണന്മാര്‍ ബോംബിട്ടു, അവിടെ :(

വേറേ ഫ്ലൈറ്റുകളെല്ലാം ചാര്‍ജ്ജ്/ദിവസേനയുള്ള സര്‍വീസ് മുതലായ കാര്യങ്ങളില്‍ എയര്‍ ഇന്ത്യക്കൊപ്പമല്ലേ?

ബഹിഷ്‌കരണമായിരുന്നു എറ്റവും നല്ല വഴി. പക്ഷേ അത് എത്രമാത്രം പ്രായോഗികമാവും എന്നൊരു പ്രശ്‌നമുണ്ട്. പണ്ട് ദേവേട്ടനാണെന്ന് തോന്നുന്നു, പാക്കിസ്ഥാനികള്‍ അവരുടെ മഹാരാജാവിനെ ബഹിഷ്‌കരിക്കാന്‍ ഒരു തീരുമാനമെടുത്തപ്പോള്‍ മഹാരാജാവ് അവരുടെ പ്രശ്‌നങ്ങള്‍ക്കൊക്കെ പരിഹാരമുണ്ടാക്കിക്കൊടുത്ത കാര്യം പറഞ്ഞിരുന്നു.

വിന്‍സ് said...
This comment has been removed by the author.
വിന്‍സ് said...

Air india kku thanney parakkanam ennu ningal gulfukar theerumanikkunnathu enthinaanu?? oru 100 dirham athippam ethra kashttapettu enganey undakki eduthittaayalum AIR INDIA enna _____le flightil poovathilla ennu theerumaanichal theerum ee preshnam.

ella divasavum kelkkam KARIPPORIL AIR india vimanam vaiki yathrakkar prathikshedhikkunnu. Vimanam raddhaakki yaathrakkar prathikshedhikkunnu ennokkey. Americayil ninnum AIR INDIA yil kayarunna thendikal mikkavaarum bombay airportil stuck aayi pittey divasam cochin domesticil irangum. engilum ee thendikal padikkilla

pinneyum air india book cheyyum. enney konnaalum njan air india kku paisa kodukkilla ennullathu ente uracha theerumanam aanu. njan ticket eduthillengilum Air India parakkum, late aakum, flight cancel aakum. pakshe enney pooley oru 100 peer chinthichal ivar thaniye padikkum.

Gulf Malayalikal aanu eettavum budhi muttu anubhavikkunnavar YOU SHOULD TAKE ACTION.

ee AIR INDIA issue keeettu keeettu maduthu. Parayunna ningalkku maduppillengilum keelkkunna njangalkku maduppaanu. ithu sthiram kelkkunnathu kondu GULF ROUND UP enna parupadi thanney njan kaanunnathu nirthi. AIR INDIA yum kureey SOB storiesum. ee ezhuthunna aalum chilappol naaley AIR india yil aayirikkum naattil poovuka.

simy nazareth said...

ജസീറ കൂടുതല്‍ ഫ്ലൈറ്റുകള്‍ ഇറക്കട്ടെ. അപ്പൊക്കാണാം കളി. ഗള്‍ഫ് രാജ്യങ്ങള്‍ തന്നെ കുറെക്കൂടെ ബഡ്ജറ്റ് എയര്‍ലൈനുകളും കൂടെ തുടങ്ങട്ടെ എന്നും ആശംസിക്കുന്നു.

ശ്രീലങ്കന്‍ എയര്‍വേയ്സ് (www.srilankan.aero), എയര്‍ അറേബ്യ, എയര്‍ ഇന്ത്യ എന്നിവ ഇപ്പൊഴേ എയറിന്‍ഡ്യാ എക്സ്പ്രസിന്റെ റേറ്റിനെക്കാള്‍ കുറവാണ്. ഓണക്കാലത്ത് എമിറേറ്റ്സ് എയര്‍ലൈന്‍സിനും എയറിന്ത്യാ എക്സ്പ്രസിനും ഒരേ റേറ്റാണ്. എത്തിഹാദ് വല്യ പിടിയില്ല. എന്നാലും പ്രഫുല്‍ പട്ടേല്‍ നാട്ടിലെ സ്വകാര്യ എയര്‍ലൈനുകളെ ഇങ്ങോട്ടു പറക്കാന്‍ സമ്മതിച്ചില്ലെങ്കിലും ഇവരുടെ സ്വന്തം എയര്‍ലൈനുകളെ അങ്ങോട്ട് പറക്കാന്‍ അനുവദിക്കാതിരിക്കാന്‍ സര്‍ക്കാരിനു വകുപ്പില്ല.

ബയാന്‍ said...

ഇവിടെ വായിക്കപ്പെടേണ്ട ഒരു ലിങ്ക് ഇവിടെ.