Thursday, August 09, 2007

യുക്തിക്ക് നിരക്കാത്തതിനെ നിരസ്സിക്കാന്‍ കഴിയുമോ?

യുക്തി വാദം.
എന്താണ് യുക്തി വാദം? ഒരാളുടെ യുക്തിക്ക് നിരക്കാത്ത ഒരു സംഗതി മറ്റൊരാള്‍ക്ക് യുക്തി ഭദ്രമായി മാറാറില്ലേ? ശാസ്ത്രീയമായി തന്നെ പറഞ്ഞാല്‍ ഹിപ്നോട്ടീസം എന്ന ശാസ്ത്രീയാത്ഭുതം. അപരന്റെ മനസ്സ് വായിക്കാനുള്ള ഉപായം എല്ലാര്‍ക്കും വശമില്ല. പക്ഷേ മനശ്ശാസ്ത്ര വിശാരദന്മാര്‍ ബോധ മനസ്സിനെ ഉറക്കി ഉപബോധ മനസ്സിനോട് സംവേദിക്കുന്നില്ലേ. മറ്റൊരുവന്റെ മനസ്സ് വായിക്കാന്‍ എനിക്ക് കഴിയില്ല എന്നുള്ളത് കൊണ്ട് “ഹിപ്നോട്ടിസം” വ്യാജമാണെന്ന് പറയാന്‍ കഴിയുമോ?. അതും നാര്‍ക്കോ അനാലിസിസിന്റെ ഫലം കോടതികളാല്‍ പോലും സ്വീകരിക്കപ്പെടുന്ന ഈ ഉത്തരാധുനികതയില്‍.

ഓസ്കാ‍ര്‍ എന്ന രണ്ടു വയസ്സുള്ള ഒരു പൂച്ചക്ക് മരണത്തെ മണത്തറിയാന്‍ കഴിയുന്നു എന്ന അത്ഭുതകരമായ ഒരു വാര്‍ത്ത മെഡിക്കല്‍ ജേണലില്‍ സ്ഥാനം പിടിക്കുമ്പോള്‍ ആ വാര്‍ത്ത എന്റെ യുക്തിക്ക് നിരക്കുന്നില്ല എന്നത് കൊണ്ട് വാര്‍ത്ത വ്യാജമാണെന്ന് പറയാന്‍ കഴിയുമോ? ഭൂകമ്പങ്ങളേം വന്‍ ദുരന്തങ്ങളേം മുന്‍‌കൂട്ടി കാണാന്‍ ചില പക്ഷികള്‍ക്കും ഇഴജന്തുക്കള്‍ക്കും മൃഗങ്ങള്‍ക്കും കഴിയും എന്ന് പലയിടത്തും നാം വായിച്ചിട്ടുണ്ട്. ഇപ്പോള്‍ വന്‍ പ്രകൃതി ദുരന്തങ്ങളെ നാം സറ്റലൈറ്റിന്റേം മറ്റും സഹായത്തോടെ മുന്‍‌കൂട്ടി കാണുന്നുണ്ട്.ഒരു അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രകൃതി ദുരന്തങ്ങളെ പ്രവചിക്കുന്നത് അന്നത്തെ തലമുറക്ക് ഒരു പക്ഷേ അത്ഭുതം ആയിരുന്നിരിക്കാം. ഇന്ന് അത് വളരെ നിസ്സാരമായി തോന്നാമെങ്കിലും. അമ്പത് വര്‍ഷം മുമ്പ് പ്രകൃതി ദുരന്തങ്ങളെ പ്രവചിക്കുന്നത് കേള്‍ക്കുന്ന ഒരാ‍ളുടെ യുക്തിക്ക് ആ വാര്‍ത്ത നിരക്കുന്നില്ല എന്നത് കൊണ്ട് ആ പ്രവചനം വ്യാജമാണെന്ന് പറവാന്‍ കഴിയില്ലല്ലോ?

തങ്ങളുടെ യുക്തിക്ക് നിരക്കുന്നതിനെ മാത്രമേ തങ്ങള്‍ അംഗീകരിക്കുകയുള്ളൂ എന്ന് പറയുന്നവര്‍ക്കായി എന്റെ യുക്തിക്ക് നിരക്കാത്തതും എന്നാല്‍ അംഗീകരിക്കേണ്ടി വന്നതുമായ ചില സംഗതികള്‍ ഇവിടെ കുറിക്കുന്നു.

1. എന്റെ ഒരു ബന്ധുവിന്റെ രണ്ടാമത്തെ കുട്ടി. ജനിച്ചകാലം മുതല്‍ കുട്ടിക്ക് “സന്നി” (ഫിറ്റ്സ്) വരുമായിരുന്നു. പനിയില്‍ ആണ് തുടക്കം. നിമിഷം പ്രതി ചൂട് നിയന്ത്രണാതീതമാവുകയും കുട്ടിയുടെ വായില്‍ നിന്നും നുരയും പതയും വരുകയും ശരീരം നീല നിറം ആവുകയും ചെയ്യും. വലിച്ച് വാരി ആശുപത്രിയില്‍ കൊണ്ട് പോയി ഐ.സി.യുവില്‍ കയറ്റും. രണ്ടു മൂന്ന് മണിക്കൂര്‍ കഴിയുമ്പോള്‍ സാധാരണ നിലയിലേക്കെത്തും. നിരന്തരം ഇത് വന്നു തുടങ്ങിയപ്പൊള്‍ തിരുവനന്തപുരത്തേ ഒരു പ്രശസ്ത കുട്ടികളുടെ ആശുപത്രിയില്‍ കുട്ടിയെ കാട്ടി. അവര്‍ക്കും കൂടുതലൊന്നും ചെയ്യാനില്ലായിരുന്നു. എന്തൊക്കെയോ മരുന്നു കൊടുത്തു. കൂടെ മാതാപിതാക്കള്‍ക്ക് ഒരു സമാശ്വാസവും. കുട്ടിക്ക് ആറ് വയസ്സാകുമ്പോള്‍ ബ്രെയിനില്‍ ഒരു ഓപ്പറേഷന്‍ വേണം. കുട്ടിയുടെ ഒരു അമ്മാവനെ വിളിച്ച് രഹസ്യമായി വൈദ്യന്‍ പറഞ്ഞു “കുട്ടി ആറ് വയസ്സ് വരെ ജീവിച്ചിരിക്കില്ല.” കുട്ടിയുടെ പിതാവ് ഗള്‍ഫനാണ്. അതുകൊണ്ട് വീട്ടിലെ കാര്യങ്ങള്‍ നോക്കിയിരുന്നത് ഈ അമ്മാവനായിരുന്നു. വീട്ടില്‍ വന്ന അമ്മാവന് ഒരു മനസ്സമാധാനവും ഇല്ല. കുട്ടിക്കപ്പോള്‍ ഒരു ഒന്നര വയസ്സ് ആയിട്ടുണ്ടാകും. അമ്മാവന്‍ മരുന്ന് ഫലിക്കാത്തിടത്ത് മന്ത്രത്തെ കൂട്ടു പിടിച്ചു. പറഞ്ഞ് കേട്ട ഒരു സിദ്ധന്റെ അടുത്തേക്ക് കുട്ടിയെ കൂട്ടികൊണ്ട് പോയി. നാട്ടില്‍ നിന്നും അരദിവസത്തെ യാത്രയുള്ള ആ സിദ്ധാശ്രമത്തില്‍ എത്തിയ കുട്ടിയെ കണ്ടിട്ട് സിദ്ധന്‍ പറഞ്ഞത് കുട്ടിയെ ബാധ കൂടിയിരിക്കുന്നു, ബാധോപദ്രവമാണ് കുട്ടിയ്ക്ക് സന്നി ഉണ്ടാക്കുന്നത് എന്നാണ്. കുറേ ഖുറാന്‍ സൂക്തങ്ങള്‍ ഉരുവിട്ടതിന് ശേഷം ഞങ്ങളുടെ മുന്നില്‍ വെച്ച് തന്നെ സിദ്ധന്‍ ഒരുനുള്ള് മണ്ണ് വാരി അതിലേക്ക് ഒന്നൂതി കുഞ്ഞിന്റെ തലയുടെ നെറുകയില്‍ തേച്ച് പിടിപ്പിച്ചു. തുടര്‍ന്ന് ഏഴ് ദിവസം മുടങ്ങാതെ “യാസീന്‍” ഓതി കുട്ടിയുടെ നെറുകയില്‍ ഊതണം എന്ന ഒരു നിര്‍ദ്ധേശവും. ആ കര്‍മ്മത്തിന് ശേഷം നാളിന്ന് വരെ ആ കുട്ടിക്ക് സന്നി വന്നിട്ടില്ല. കുട്ടി ഇപ്പോള്‍ പ്ലസ് ടൂ വിദ്യാര്‍ത്ഥി. ആറാം വയസ്സില്‍ തലക്ക് ഓപ്പറേഷന്‍ നടത്തിയില്ല. മറ്റ് യാതൊരു ചികിത്സയും തേടിയിട്ടില്ല. ഇവിടെ വൈദ്യശാസ്ത്രം നിസ്സാഹയമായിടത്ത് സിദ്ധന്‍ വിജയച്ചത് എന്റെ യുക്തിക്ക് നിരക്കുന്നില്ല. പക്ഷേ ആ കുട്ടിയുടെ മാതാപിതാക്കളുടെ അടുത്ത് യുക്തിവാദവും കൊണ്ട് ചെന്നാല്‍ അവരുടെ പ്രതികരണം എന്തായിരിക്കും?

2. ഗള്‍ഫിലേക്ക് പോകാനുള്ള തീഷ്ണാഗ്രഹവുമായി കായംകുളത്തെ ഒരു ട്രാവല്‍ ഏജന്‍സിയില്‍ ഇരുപതിനായിരം രൂപ വിസക്കായി തലവരീം കൊടുത്ത് ഗള്‍ഫിലേക്ക് പോകാന്‍ തയ്യാറായി നിന്ന ഞാന്‍ ഞങ്ങളുടെ നാട്ടില്‍ നിന്നും നാലുകിലോമീറ്റര്‍ അകലെയുള്ള ഒരു മൌലവിയുടെ അടുത്ത് ഗള്‍ഫിലേക്ക് പോകാന്‍ അനുഗ്രഹം തേടി ഉമ്മയുടെ നിര്‍ബന്ധപ്രകാരം പോകേണ്ടി വന്നു. കുറച്ചൊക്കെ പ്രവചനവും ചില്ലറ ചികിത്സയുമൊക്കെയുള്ള മൌലവി ഒരു വെറ്റിലയില്‍ എന്തൊക്കെയോ കുറിച്ചിട്ട് വെറ്റില ചവക്കാന്‍ പറഞ്ഞു. പുളിയാണോ, ചവര്‍പ്പാണോ, മധുരമാണോ രുചിക്കുന്നതെന്ന ചോദ്യം. എനിക്ക് നല്ല മധുരമാണ് തോന്നിയത്. പക്ഷേ മൌലവിയുടെ മറുപടി എന്നെ തളര്‍ത്തി.

രണ്ടു ദിവസത്തിനകം ബോം‌മ്പേവഴി സൌദിയിലേക്ക് പോകാന്‍ കാത്തിരിക്കുന്ന എന്നോട് ആ മൌലവി പറഞ്ഞത്:
“താങ്കള്‍ക്ക് ഇനി ഒരു വര്‍ഷത്തോളം താങ്കളുടെ മഹല് (ഇടവകയെന്നോ, കരയോഗമെന്നോ, പഞ്ചായത്ത് എന്നോ അര്‍ത്ഥമാക്കാം) വിട്ട് പുറത്ത് പോകാന്‍ കഴിയില്ല. പിന്നെങ്ങനെ കടല്‍ കടന്ന് പോകും?” പിറ്റേന്ന് കായംകുളത്തെ ആ ട്രാവല്‍ ഏജന്‍സിയില്‍ വിസയുടെ കോപ്പി വാങ്ങാന്‍ എത്തിയ ഞാന്‍ കണ്ടത് ഓഫീസില്‍ കഞ്ഞിവെച്ച് പ്രതിഷേധിക്കുന്നവരെയാണ്. വിസ തട്ടിപ്പില്‍ എനിക്ക് ഇരുപതിനായിരം പോയതല്ലായിരുന്നു വന്‍ നഷ്ടം. എറണാകുളത്തെ ജോലി ഗള്‍ഫ് യാത്ര പ്രമാണിച്ച് രാജി വെച്ചതായിരുന്നു. ശരിക്കും ഒരു വര്‍ഷം തൊഴിലൊന്നുമില്ലാതെ നാട്ടില്‍ തന്നെ കൂടേണ്ടി വന്നു എന്നത് ഭരതവാക്യം. അതായത് ഒരു വര്‍ഷത്തോളം അക്ഷരാര്‍ത്ഥത്തില്‍ എനിക്ക് എന്റെ മഹല് വിട്ട് പുറത്ത് പോകാന്‍ കഴിഞ്ഞില്ല. ഇത് മുന്‍‌‌കൂട്ടി പറയാന്‍ ആ മൌലവിക്കെങ്ങനെ കഴിഞ്ഞു? ഇവിടെ എന്റെ യുക്തിക്ക് നിരക്കാത്തതു കൊണ്ട് ആ മനുഷ്യന്‍ വ്യാജനാണെന്ന് പറവാന്‍ എനിക്ക് അവകാശമുണ്ടോ?

3. പിന്നെ ഞാന്‍ എന്റെ “വിശ്വാസിച്ചാലും ഇല്ലെങ്കിലും” എന്ന ബ്ലോഗില്‍ ഇട്ട ആ മഴനാളില്‍ എനിക്ക് അനുഭവപെട്ട ദുരനുഭവം. അത് എന്റെ യുക്തിക്ക് നിരക്കുന്നതല്ല. ഇപ്പോഴും അതിന്റെ പിന്നിലെ രഹസ്യം എനിക്കറിയില്ല. അതു കൊണ്ട് അത് വെറും തോന്നലാണെന്ന് എങ്ങിനെ പറയാന്‍ കഴിയും?

4. ഇതുപോലെ ടെലിഫോണ്‍ സൌകര്യങ്ങള്‍ ഗ്രാമപ്രദേശങ്ങളില്‍ ഇല്ലാതിരുന്ന ഇരുപത് വര്‍ഷം മുമ്പുള്ള ഒരു രാത്രി. കോളേജില്‍ നിന്നും ലക്ഷദ്വീപിലേക്ക് ഒരു സഹസിക യാത്ര. കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്നും ഞങ്ങള്‍ നാലു പേര് മാത്രം. ആകെ നൂറ് പേര്. അന്ന് ഭാരതത്തില്‍ നിലവിലുണ്ടായിരുന്ന എഴുപത്തി ആറ് സര്‍വ്വകലാശാലയില്‍ നിന്നും തിരഞ്ഞെടുക്കപെട്ട ഞങ്ങള്‍ നൂ‍റുപേരില്‍ കേരളായൂണിവേഴ്സിറ്റിയുടെ പ്രതിനിധികള്‍ കൂട്ടുകാരാകുന്നത് സ്വാഭാവികം. ക്യാമ്പിന്റെ മൂന്നാം ദിനം രാത്രിയില്‍ ഉറക്കത്തില്‍ നിന്നും അലറി വിളിച്ച് എഴുന്നേറ്റ ഞങ്ങളുടെ ചെമ്പഴന്തിക്കാരന്‍ സുഹൃത്ത് ഞങ്ങളെയൊക്കെ ഭയപ്പെടുത്തി. ആ ചങ്ങാതിയുടെ അമ്മ ഏതോ വലിയ അപകടത്തില്‍ പെട്ടെന്ന് സ്വപ്നം കണ്ടതായിരുന്നു. ഞങ്ങള്‍ ചങ്ങാതിയെ ശകാരിച്ച് കിടന്നുറങ്ങി. പിറ്റേന്ന് വൈകിട്ട് ഒരു നാലു മണിയോടെ ഞങ്ങളുടെ താമസസ്തലത്തെ ഫോണില്‍ ആ ചങ്ങാതിയുടെ അമ്മയുടെ മരണവിവരം എത്തി. മരണപെട്ടത് ചങ്ങാതി ഞെട്ടിയുണര്‍ന്ന സമയത്തിനോടടുപ്പിച്ചും. ആ അമ്മയുടെ ഒറ്റമകനെ ഹെലികോപ്റ്ററില്‍ അന്ന് തന്നെ നാട്ടിലേക്കെത്തിക്കുകയായിരുന്നു. യാത്രക്കിറങ്ങുമ്പോള്‍ ഒരസ്സുഖവും ഇല്ലായിരുന്ന അമ്മ പാമ്പു കടിയേറ്റ് മരിക്കുന്നത് കടല്‍ കടന്ന് ആ നിമിഷം തന്നെ ആ മകനെങ്ങനെയറിഞ്ഞു?

ഇതൊക്കെയും എന്റെ ജീവിതത്തില്‍ ഞാന്‍ തൊട്ടറിഞ്ഞ സംഗതികള്‍. മറ്റുള്ളവര്‍ പറഞ്ഞ് കേട്ടവ എന്തെല്ലാം. ശബരിമലയിലെ പുണ്യ ജ്യോതിയും പറഞ്ഞ് കേട്ടത്. യുക്തിക്ക് നിരക്കുന്നില്ലാ എന്നത് കൊണ്ട് ആ പുണ്യ ജ്യോതിസ് വ്യാജമാണ് എന്ന് പറയുന്നത് അല്പ ജ്ഞാനമാണ്. ഈ പ്രപഞ്ചത്തിന്റെ ഏതോ ഒരു കോണിലിരിക്കുന്ന മര്‍ത്യന്‍ എന്തറിയുന്നു. എല്ലാം അറിയുന്നു എന്നഹങ്കരിക്കുന്നവന് പ്രപഞ്ചവും അതിന്റെ രഹസ്യങ്ങളും എന്നും കുരുടന്‍മാര്‍ കണ്ട ആനയാണ്. തുമ്പികൈ പിടിക്കുന്നവനും വാലു പിടിക്കുന്നവനും കാലു പിടിക്കുന്നവനും കൊമ്പു തൊടുന്നവനും ചെവി പിടിക്കുന്നവനും പറയാനുള്ളത് ആനയെ കുറിച്ച് പരസ്പര വിരുദ്ധമായ നിര്‍വ്വചനമായിരിക്കും.

തെറ്റായവയെ ശരിപ്പെടുത്താനും ശെരിയെ തെറ്റാക്കിമാറ്റാനും നമ്മളെപ്പോഴും മറ്റാരേക്കാളും മുന്‍പിലാണ്. ശബരി മലയും പുണ്യജ്യോതിയും വൃതവും പതിനെട്ടാം പടിയും മുന്നിലേക്ക് വെയ്ക്കുന്ന നന്മയുടെ സന്ദേശം നാം കാണാന്‍ മിനക്കെടുന്നില്ല. മകര ജ്യോതിയും നമ്മുക്ക് നിര്‍വചിക്കാന്‍ കഴിയാത്ത സാനിദ്ധ്യമാണ്. ഒരു തട്ടിപ്പിനെ കേവലം ഒരു നിമിഷം പോലും രഹസ്യമാക്കി വെക്കാന്‍ നാം അശ്ശക്തരാണ്. അങ്ങിനെയുള്ള നാം നൂറ്റാണ്ടുകളായി ഒരു തട്ടിപ്പിനെ മറച്ചു പിടിക്കുന്നതെങ്ങനെ? യുക്തിക്ക് നിരക്കാത്തവയെ ഒക്കെയും പരീക്ഷിച്ചറിയാന്‍ തുനിഞ്ഞാല്‍ ബാക്കിയുള്ള നമ്മുടെ നന്മകള്‍ കൂടി സഹ്യന്‍ കടക്കും.

33 comments:

അഞ്ചല്‍ക്കാരന്‍ said...

യുക്തിക്ക് നിരക്കാത്തവയെ ഒക്കെയും നിരസ്സിക്കാന്‍ നമ്മുക്ക് കഴിയുമോ?.

അഞ്ചല്‍ക്കാരന്‍ said...

രണ്ടു വയസ്സുള്ള ഒരു പൂച്ചക്ക് മരണത്തെ മണത്തറിയാന്‍ കഴിയുന്നു എന്ന അത്ഭുതകരമായ ഒരു വാര്‍ത്ത മെഡിക്കല്‍ ജേണലില്‍ സ്ഥാനം പിടിക്കുമ്പോള്‍ ആ വാര്‍ത്ത എന്റെ യുക്തിക്ക് നിരക്കുന്നില്ല എന്നത് കൊണ്ട് വാര്‍ത്ത വ്യാജമാണെന്ന് പറയാന്‍ കഴിയുമോ?

Rasheed Chalil said...

അഞ്ചല്‍കാരാ ഞാനും കേട്ടിട്ടുണ്ട് ഇത്തരം ഒത്തിരി കഥകള്‍. നാട്ടുമ്പുറത്ത് പലതും കണ്മുമ്പില്‍ കണ്ടതു തന്നെ. യുക്തിയ്ക്ക് നിരക്കാത്തത് മുഴുവന്‍ നിരസ്സികാനാവില്ലന്നത് സത്യം.

പിന്നെ മകരജ്യോതി അത് യുക്തിക്ക് നിരക്കാത്ത പ്രതിഭാസമാണോ അതോ വെറും തട്ടിപ്പാണോ എന്ന് തെളിയിക്കപ്പെടണം എന്നല്ലേ സത്യത്തില്‍ യുക്തിവാദികളും വാദിക്കുന്നത്.

ബാജി ഓടംവേലി said...

ചിലര്‍ക്ക്‌ ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അവര്‍ യുക്‌തിയെ കൂട്ടു പിടിക്കുന്നു. ഒരുതരം രക്ഷപെടല്‍.
നന്നായിരിക്കുന്നു.
കണ്ണടച്ച്‌ ഇരുട്ടാക്കുന്ന ചിലര്‍ക്ക്‌ ഇത്‌ വെളിച്ചമാകട്ടെ

സാല്‍ജോҐsaljo said...

ആദ്യമേ കൊടുകൈ.

ഓസ്കാറിന്റെ കാര്യം ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മരണസമയമാകുമ്പോള്‍ നേഴ്സുമാരുടെ പുറകെയാണ് ഈ വിരുതന്‍ അവിടെ എത്തുന്നത് എന്ന് അവിടത്തെ ഒരു ഡോക്ടര്‍ പറഞ്ഞിരുന്നു. ഒരു കാര്യം യുക്തിക്ക് നിരക്കുന്നതാണ് അതായത് ഓസ്കാര്‍ ഞരമ്പുരോഗിയാണ്.!!!

ഇനി കാര്യത്തിലേയ്ക്ക്.

താങ്കള്‍ പറഞ്ഞത് നൂറു ശതമാനവും ശരിയാണ്. യുക്തിക്ക് നിരക്കാത്തത് ഒക്കെ നിരസിക്കാന്‍ ആവില്ല. പക്ഷേ സത്യം അറിയാം. അറിയാന്‍ ശ്രമിക്കാം. അതിലെ നിഗൂഡതയെ മനസിലാക്കാം. അതില്‍ യാതൊരു തെറ്റും ഇല്ല. പക്ഷേ അത് തെളിയുന്നിടത്തോളം കാലം അതിനെ പറ്റി തെറ്റായ ധാരണകള്‍ പ്രചരിപ്പിക്കരുതെന്നു മാത്രം.

ശബരിമലയിലെ കേസില്‍ അതുതന്നെ. ആയിരിക്കാം അല്ലായിരിക്കാം. ഇന്നലെ പോസ്റ്റിട്ടവരും കമന്റിയയ്‌വരും അതേ പറഞ്ഞുള്ളൂ. മകരജ്യോതി ചിലപ്പോള്‍ വ്യാജമായിരിക്കാം. അല്ലായിരിക്കാം. പക്ഷേ അതൊരു വരുമാനമാര്‍ഗ്ഗം ആകയാല്‍ സര്‍ക്കാര്‍ അത് തെളിയിക്കാന്‍ കൂട്ടുനില്‍ക്കില്ല എന്നതായിരുന്നു വിഷയം. അതെന്തുമാകട്ടെ...സത്യം പുറത്തുവരട്ടെ. എന്തായാലും....

Unknown said...

അഞ്ചല്‍ക്കാരാ,
പോസ്റ്റ് നന്നായി. യുക്തിയ്ക്ക് പിടി കിട്ടാത്ത പല കാര്യങ്ങളുമുണ്ട്. എനിക്ക് ആറ് വയസ്സ് വരെ കലശലായ ശ്വാസം മുട്ടലായിരുന്നു. അടിച്ച് പോയി എന്ന് ഡോക്ടര്‍മാര്‍ ഉറപ്പിച്ചിട്ടുണ്ട് ഒന്നിലധികം തവണ.രക്ഷപ്പെട്ടാല്‍ തന്നെ ജീവിത കാലം മുഴുവന്‍ ഞാന്‍ രോഗഗ്രസ്തനായിരിക്കും എന്ന് വൈദ്യശാസ്ത്രം പറഞ്ഞു. ഒടുവില്‍ കാട്ടുമാടം മന്ത്രവാദം ചെയ്ത ഒരു തകിട് അരയില്‍ കെട്ടിയതില്‍ പിന്നെ എനിക്ക് ശ്വാസം മുട്ടല്‍ വന്നിട്ടില്ല എന്ന് പറഞ്ഞാല്‍ എന്റെ ഓര്‍മ്മയിലേ അങ്ങനെ ഒരു രോഗം വന്നതായി ഇല്ല. ഇത് എന്റെ മാതാപിതാക്കള്‍ അടക്കം ആരുടേയും യുക്തിയ്ക്ക് നിരക്കാത്ത കാര്യമാണ് പക്ഷെ സത്യമാണ്.

പക്ഷെ ഇതും മകരജ്യോതിയില്‍ നടക്കുന്ന ചര്‍ച്ചയും തമ്മില്‍ ബന്ധമുണ്ടോ? സര്‍ക്കാര്‍ അറിഞ്ഞ് കൊണ്ട് വ്യാജ ജ്യോതി കത്തിയ്ക്കുകയാണ് എന്നും അത് അന്വേഷിക്കാന്‍ സഞ്ചാരസ്വാതന്ത്ര്യം അനുവദിയ്ക്കണം എന്നും പറയുന്നതല്ലേ അവിടെ ചര്‍ച്ച? അഞ്ചല്‍ക്കാരന്‍ പറഞ്ഞത് പോലെ യുക്തിയ്ക്ക് നിരക്കാത്തത് പലതുമുണ്ട് എന്ന് ഞാന്‍ അംഗീകരിക്കുന്നു. പക്ഷെ അത് അംഗീകരിക്കാതിരിക്കാനുള്ള അവകാശം യുക്തിവാദികള്‍ക്കുമുണ്ട്.

SUNISH THOMAS said...

:)

അഞ്ചല്‍ക്കാരന്‍ said...

യുക്തിവാദം ശുദ്ധ ഭോഷ്കാണ് എന്ന വീക്ഷണകോണില്‍ നിന്നു കൊണ്ട് ദൈവീകമായതിനെ നോക്കി കാണാന്‍ ശ്രമിക്കുമ്പോള്‍ മകരജ്വോതിയല്ല ദൈവികമാണെന്ന് നാം കരുതുന്ന ഒന്നിനേം പരീക്ഷിക്കാന്‍ നമ്മുക്ക് കഴിയില്ല ദില്‍ബാ. മകരജ്വോതി തട്ടിപ്പാണ് എന്ന മുന്‍‌വിധിയോടെ മകര വിളക്കിനെ സമീപിക്കുന്നതാണ് തെറ്റ്.

പിന്നെ രണ്ടാമത് ഗവണ്മെന്റുകളെ വിശ്വാസിക്കണം. കാലാകാലങ്ങളായി മാറി മാറി വരുന്ന ഭരണകൂടം ക്രൂരമായ തട്ടിപ്പുകള്‍ക്ക് കൂട്ട് നില്‍ക്കും എന്ന് ചിന്തിക്കുന്നതും തെറ്റല്ലേ. അത് മകര വിളക്കിന്റെ കാര്യത്തില്‍ മത്രമല്ല മറ്റെന്ത് കാര്യത്തിലുമായികൊള്ളട്ടെ. അങ്ങിനെയൊരു തട്ടിപ്പിന് സര്‍ക്കാര്‍ മെഷ്നറി കൂട്ട് നില്‍ക്കില്ല എന്ന് കരുതാനാണ് എനിക്കിഷ്ടം.

മകരജ്യോതി പവിത്രമാണെന്നും അതിനെ കീറിമുറിച്ച് ശബരിമലയെന്ന നന്മയെ തന്നെ കുഴിച്ചു മൂടാനുള്ള ആസൂത്രിത ശ്രമങ്ങളില്‍ ഒന്നു മാത്രമാണ് ഇപ്പോഴത്തെ തര്‍ക്കങ്ങളുടെയെല്ലാം പിന്നിലെന്നും കരുതുന്നതില്‍ തെറ്റുണ്ടോ?

ഈശ്വരനെ തന്നെ സംശയിക്കുന്നവരെ പിന്നെ എന്ത് കാട്ടി വിശ്വാസിപ്പിക്കാന്‍ കഴിയും.

Anonymous said...

യുക്തിവാദം ശുദ്ധ ഭോഷ്ക്കല്ല എന്ന വീക്ഷണകോണില്‍ നിന്നു കൊണ്ട് ദൈവീകമായതിനെ നോക്കി കാണാന്‍ ശ്രമിക്കുമ്പോള്‍ മകരജ്വോതിയല്ല ദൈവികമാണെന്ന് നാം കരുതുന്ന എല്ലാത്തിനേയും പരീക്ഷിക്കാന്‍ നമ്മുക്ക് കഴിയും. മകരജ്വോതി തട്ടിപ്പല്ല, ദൈവികമാണ് എന്ന മുന്‍‌വിധിയോടെ മകര വിളക്കിനെ സമീപിക്കുന്നതാണ് തെറ്റ്.

പിന്നെ രണ്ടാമത് ഗവണ്മെന്റുകളെ വിശ്വസിക്കരുത്. കാലാകാലങ്ങളായി മാറി മാറി വരുന്ന ഭരണകൂടം ക്രൂരമായ തട്ടിപ്പുകള്‍ക്ക് കൂട്ട് നില്‍ക്കും എന്ന് ചിന്തിക്കുന്നതില്‍ തെറ്റില്ല. അത് മകര വിളക്കിന്റെ കാര്യത്തില്‍ മത്രമല്ല മറ്റെന്ത് കാര്യത്തിലുമായികൊള്ളട്ടെ. അങ്ങിനെയൊരു തട്ടിപ്പിന് സര്‍ക്കാര്‍ മെഷ്നറി കൂട്ട് നില്‍ക്കും എന്ന് കരുതാനാണ് എനിക്കിഷ്ടം.

മകരജ്യോതി പവിത്രമാണെന്നും അതിനെ കീറിമുറിച്ച് ശബരിമലയെന്ന നന്മയെ തന്നെ കുഴിച്ചു മൂടാനുള്ള ആസൂത്രിത ശ്രമങ്ങളില്‍ ഒന്നു മാത്രമാണ് ഇപ്പോഴത്തെ തര്‍ക്കങ്ങളുടെയെല്ലാം പിന്നിലെന്നും കരുതുന്നതില്‍ തെറ്റുണ്ട്.

ഇല്ലാത്ത ഈശ്വരനില്‍ തനെ വിശ്വസിക്കുന്നവരെ പിന്നെ എന്ത് കാട്ടി വിശ്വാസിപ്പിക്കാന്‍ കഴിയും.

ഒരു യുക്തിവാദി

അഞ്ചല്‍ക്കാരന്‍ said...

അനോനി കമന്റ് ഓപ്ഷന്‍ ഈ പോസ്റ്റിന് കൊടുത്തത് യുക്തിവാദികളുടെ ഒരു പൊതു സ്വഭാവം അറിയുന്നതു കൊണ്ട് തന്നെയായിരുന്നു.

പുലരുവോളം യുക്തിവാദം പ്രസംഗിച്ചിട്ട് പുലര്‍ച്ചേ തലയില്‍ മുണ്ടിട്ട് അമ്പലത്തില്‍ പോകുന്ന യുക്തിഭദ്രത.

തലയില്‍ മുണ്ടിട്ട് വരുന്നവര്‍ വന്ന് കമന്റട്ടേയെന്ന തീരുമാനം ശരിയായി അല്ലേ?

Dinkan-ഡിങ്കന്‍ said...

അഞ്ചല്‍ക്കാരാ പോസ്റ്റ് കണ്ടു.
(ആദ്യമേ പറയട്ടേ ഡിങ്കന്‍ യുക്തിവാദി അല്ല)
യുക്തിവാദം എന്നാല്‍ ദൈവം ഇല്ല എന്ന് തെളിയിക്കല്‍ അല്ല എന്ന് ആദ്യമേ മനസിലാക്കുക. ഇത് എല്ലാരുടെയും മിഥ്യാധാരണ ആണ്

നമുക്ക് മനസിലാകാത്ത പലതും ഉണ്ട്. പ്രകൃതി എന്നത് ഒരു മഹാ സംഭവം തന്നെ ആണ്. അതിലെ എല്ലാം തലനാരിഴകീറാന്‍ മനുഷ്യന് ഇനിയും ദശലക്ഷക്കണക്കിന് വര്‍ഷം വേണ്ടി വരും.

സിദ്ധന്മാര്‍ ഉണ്ടാകട്ടെ, എന്നാല്‍ അവര്‍ ജനോപദ്രവകാരികളായി മാറുന്നുവെങ്കില്‍, കപടാശയപ്രചാരണങ്ങള്‍ക്കായി സര്‍ക്കാര്‍ സംവിധാനങ്ങളെ പ്രയൊജനപ്പെടുത്തുന്നു എങ്കില്‍, അത് ചൊദ്യം ചെയ്യാന്‍ വരുന്നവരെ മര്‍ദ്ധിക്കുന്നുവെങ്കില്‍ അവിടെയാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. റഷ്യന്‍ രാജകുമാരന്റെ രക്തസ്രാവം നിര്‍ത്താന്‍ കരീബിയന്‍ പുരോഹിതനായ റാസ്പുച്ചിന് ഒരു ടെലഗ്രാം മതിയായിരുന്നു എന്നാണ് ഡിങ്കന്‍ കേട്ടിട്ടുള്ളത്. എന്നാല്‍ ആ റാസ്പുച്ചിന്‍ ഭരണകാര്യത്തില്‍ ഇടപെട്ട് റഷ്യന്‍ ജനതയെ പീഡിപ്പിച്ചാല്‍ ഡിങ്കന്‍ പ്രതികരിക്കും , മറിച്ച് രാജകുമാരനെ ചികിത്സിക്കുകമാത്രം ആണെങ്കില്‍ ആര്‍ക്കും ദോഷം ഇല്ല താനും.

അവനധി വര്‍ഷം കഴിഞ്ഞിട്ടും അഴുകാത്ത മൃതശരീരങ്ങള്‍, വ്യക്തമയി നിര്‍വചിക്കാനാകാത്ത രീതിയില്‍ അപകടങ്ങള്‍ സംഭവിക്കുന്ന പ്രകൃതിസ്ഥലങ്ങള്‍ (ഉദാ.ബര്‍മുഡ ട്രായാങ്കിള്‍), അപകടത്തെ കുറിച്ചുള്ള ചില മുന്‍സൂചനകള്‍ എന്നിവ നാം കണ്ടിട്ടുള്ളതാണ്. ഇവയെ കുറിച്ച് പഠിക്കേണ്ട എന്നാണൊ പറയുന്നത്? ഒരുകാലത്ത് “ഇടിമിന്നല്‍” എന്നാല്‍ ഇന്ദ്രന്‍ വജ്രായുദ്ധം പ്രയോഗിക്കുന്നു / ഒളിമ്പ്യന്‍ മലനിരകളില്‍ സീയൂസ് ദേവന്‍ ആയുധം വീശുന്ന് എന്ന ധരിച്ചിരുന്നവരാണ് നമ്മള്‍. ഇന്നും അഞ്ചല്‍ക്കാരന്‍ അത് വിശ്വസിക്കുന്നുണ്ടൊ? അത് ഒരു ഭൌതീക പ്രതിഭാസം ആണെന്ന് നമുക്കറിയാം എന്നിട്ടും ഇവീടെ ദൈവീക വിശ്വാസം നിലനില്‍ക്കുന്നില്ലേ? ഡാര്‍വിനും, ഗ്രിഗര്‍മെന്റലും, ഇയാന്‍ വില്‍മുട്ടും ഉണ്ടായിട്ടും നാം വേദപുസ്തകങ്ങളില്‍ സൃഷ്ടി പഠിക്കുന്നില്ലേ?

അപ്പോള്‍ കാര്യങ്ങളെ സമചിത്തതയോടെ കാണുകയാണ് വേണ്ടത്. ഇന്ന് നമുക്ക് തെളിയിക്കാനാകാത്ത പലതും നാളെ തെളിഞ്ഞു എന്ന് വരാം. ഗലീലിയോ ടെലസ്കൊപ്പ് കണ്ടു പിടിക്കും വരെ ആകാശഗ്രഹങ്ങണെ കാണാന്‍ നമുക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇന്ന് അതല്ലല്ലൊ സ്ഥിതി. അപ്പോള്‍ പടിപടിയായി ഇതെല്ലാം എന്താണെന്ന് നമുക്കറിയാം.

ഓജോ ബോറ്ഡ്, നോസ്റ്റര്‍ഡാമസിന്റെ പ്രവചനങ്ങള്‍, മരണം മണക്കുന്ന പൂച്ച എല്ലാം പഠനവിധേയം ആക്കണമെന്നാണ് ഡിങ്കന്റെ പക്ഷം(ആയതിനായി ദൈവം നമ്മെ അനുഗ്രഹിക്കട്ടെ!)

അഞ്ചല്‍ക്കാരന്‍ said...

ഡിങ്കാ താങ്കളുടെ അഭിപ്രായങ്ങളോട് യോജിച്ച് കൊണ്ട് തന്നെ ഞാന്‍ പറയട്ടെ.

നാം ഇപ്പോള്‍ കാണുന്ന ഈ I.C. ചിപ്പുകള്‍. അതു തന്നെ ഈ പഴുതാരയുടെ കാലുകളൊക്കെയുള്ള സമചതുരത്തിലും ദീര്‍ഘചതുരത്തിലും ഒക്കെയുള്ള കമ്പൂട്ടറിലും ഇലക്ട്രോണിക്സ് ഉപകരണങ്ങളിലും ഒക്കെയുള്ള ആ സാധനം. അതിലെന്താണുള്ളതെന്ന് അറിയാന്‍ ഞാനതെടുത്ത് പൊട്ടിച്ചു നോക്കി. അതിലൊന്നും ഒരു വയര്‍ പോലും കണ്ടില്ല. പക്ഷേ അതില്‍ ബുദ്ധിയുടെ അഞ്ചു ശതമാനം മാത്രം (നൂറ് ശതമാനം എത്രയെന്ന് ഇപ്പോഴും അജ്ഞാതം. അപ്പോ ഈ കണക്കും തെറ്റും-കടപ്പാ‍ട് ഡോക്ടര്‍ അച്ച്യൂത് ശങ്കര്‍ നായര്‍) ഉപയോഗിക്കപെടുത്തുന്ന മനുഷ്യന്‍ ആ ചെറു ചിപ്പില്‍ ഏതെല്ലാം തരത്തിലുള്ള ശക്തിയെ ആവാഹിച്ച് കുടിയിരുത്തുന്നു. ആ ചിപ്പ് തല്ലിപൊളിച്ച് നോക്കിയാല്‍ പിന്നെ ചിപ്പ് കൊണ്ട് എന്തെങ്കിലും ഗുണം ആര്‍ക്കെങ്കിലും ഉണ്ടോ? ഇല്ല തന്നെ. അതു പോലെ തന്നെയല്ലേ യുക്തിഭദ്രത തേടി ദൈവിക സാനിദ്ധ്യത്തിന് പിറകേ പോകുന്നത്. തല്ലിപൊട്ടിച്ച് കഴിഞ്ഞാല്‍ പിന്നെ ആ ശക്തിയുടെ സാനിദ്ധ്യം എവിടെ തിരഞ്ഞാല്‍ കിട്ടും.

തെറ്റുകള്‍ തിരുത്തപ്പെടാന്‍ നിരീശരവാദം തന്നെ വേണമെന്നില്ല എന്നേ ഞാന്‍ പറഞ്ഞുള്ളു. സാമൂഹ്യബോധവും സേവനതല്പരതയുമുള്ള ആര്‍ക്കും അത് ചൂണ്ടി കാട്ടാം. ദൈവനിഷേധികള്‍ ദൈവത്തെ പരീക്ഷിക്കാനിറങ്ങിയാല്‍ വിശ്വാസികളാല്‍ അത് എതിര്‍ക്കപെടുക തന്നെ ചെയ്യണം.

മകരജ്യോതിയുടെ പിന്നാലെ സത്യം തിരഞ്ഞ് പോകേണ്ടത് ദൈവ നിഷേധികളല്ല. ഈശ്വരവിശ്വാസികളാണ്. അല്ലെങ്കില്‍ ഞാന്‍ ചിപ്പ് പൊട്ടിച്ച് അതിലെ രഹസ്യം നോക്കിയത് മാതിരി ഇരിക്കും.

Dinkan-ഡിങ്കന്‍ said...

മകരജ്യോതി തെളിവന്വേഷിച്ച് പോകുന്നത് ദൈവനിഷേദികള്‍ മാത്രം ആകണ്ട, വിശ്വാസികളും ആകട്ടെ. അതാണ് ഡിങ്കന്‍ അപ്പുറത്തെ പൊസ്റ്റില്‍ പറയുന്നത്. ഞാന്‍ യുക്തിവാദിഅല്ല, ദൈവഭക്തന്‍ ആണ്. പക്ഷേ അവിടെ നടക്കുന്നത് എനിക്ക് അറിയണം.

പിന്നെ ഐ.സി ചിപ്പിനെ കുറിച്ച്. നല്ല ഒരു ബ്രഡ് ബോറ്ഡില്‍ വെച്ച് വോള്‍ട്ടേജ്/ഫ്രീക്വന്‍സി ഒക്കെ ചെക്ക് ചെയ്യാനും അവ ഭൊതീകശാസ്ത്രപ്രകാരം നിരക്കുന്നതാണെന്നും തെളിയിക്കാന്‍ ഐ.സി വെച്ച് കഴിയും. പൊളിച്ച് കഴിഞ്ഞാല്‍, അല്ലെങ്കില്‍ നേരിട്ട് സൂര്യപ്രകാശംവീണാല്‍ അതില്‍ വരുന്ന മാറ്റങ്ങള്‍ എന്താണെന്നും അതിന്റെ ടെക്നിക്കം മാനുവെല്‍ നിക്കിയാല്‍ മനസിലാകും. ആയതിനാല്‍ ഐസിയേയൂം അരഞ്ഞാണച്ചരടിലെ ഏലസിനേയും താരതമ്യം ചെയ്തത് എന്തോ എനിക്ക് മനസിലാകുന്നില്ല :)

Unknown said...

അഞ്ചല്‍ക്കാരന്‍ മാഷേ,
ആ ചിപ്പ് തല്ലിപൊളിച്ച് നോക്കിയാല്‍ പിന്നെ ചിപ്പ് കൊണ്ട് എന്തെങ്കിലും ഗുണം ആര്‍ക്കെങ്കിലും ഉണ്ടോ?
ഇവിടെ ചിപ്പ് എന്ന് പറയുന്ന സാധനം ഒരു നല്ല ഉദാഹരണമല്ല എന്ന് ഞാന്‍ പറയും. ഒന്നാമത് ചിപ്പ് എന്താണെന്നും അതിന്റെ ഉപയോഗമെന്താണെന്നും എല്ലാവര്‍ക്കും അറിയാനും കാണാനും കഴിയുന്ന ഒരു വസ്തുവാണ്. ദൈവം എന്നും വിശ്വാസം എന്നും ഉള്ള വസ്തുക്കള്‍ വളരെ വ്യക്തിപരവും മറ്റൊരാള്‍ക്ക് കാണിച്ച് കൊടുക്കാന്‍ പറ്റാത്തതുമാണ്. (അല്ലെങ്കില്‍ യുക്തിവാദികളെ വിളിച്ച് മകരവിളക്ക് കത്തുന്നതും അയ്യപ്പസ്വാമി അനുഗ്രഹിക്കുന്നതും കാണിച്ച് കൊടുത്താല്‍ പ്രശ്നം തീര്‍ന്നില്ലേ?)

അഞ്ചല്‍ക്കാരന്‍ മകര ജ്യോതി അല്‍ഭുതജ്യൊതി ആണെന്ന് വിശ്വസിക്കുന്നു എന്ന് കരുതുക അതെ പോലെ ഒരു യുക്തിവാദി അത് മനുഷ്യര്‍ തീയിടുന്നതാണ് എന്നും വിശ്വസിക്കുന്നു. (ഇവിടെ ഐ സി എന്ന പോലെ പ്രൂവനായ ഫാക്ട് ഇല്ല എന്ന് കാണുക) അഞ്ചല്‍ക്കാരന് മകരജ്യോതി എന്ന പ്രതിഭാസം തുറന്ന് നോക്ക്പപെടാതെ നില്‍ക്കണം എന്ന് എത്രത്തോളം ആഗ്രഹമുണ്ടോ അതേ പോലെ യുക്തിവാദിയ്ക്കും അതിനെ അവിശ്വസിക്കാനും തുറന്ന് കാണിക്കാനും അവകാശമുണ്ട്. അത് അയാളുടെ വിശ്വാസമാണ്.

ഒന്ന് ശരിയും മറ്റേത് തെറ്റും എന്ന് എങ്ങനെ പറയാന്‍ കഴിയും അഞ്ചല്‍ക്കാരാ?

അഞ്ചല്‍ക്കാരന്‍ said...

അതേയ് അതു തന്നെ ഡിങ്കന്‍ പറഞ്ഞ ആ സങ്കേതികത്വം ഒന്നും തിരിച്ചറിയാന്‍ വയ്യാത്ത ഞാന്‍ ഐ.സി. പൊട്ടിക്കുന്നതും സാങ്കേതിക ജ്ഞാനം ഉള്ള ഡിങ്കന്‍ ഐ.സി. പൊട്ടിക്കുന്നതും തമ്മില്‍ ഒരു വ്യത്യാസം ഡിങ്കന് ഫീല് ചെയ്തില്ലേ. അതു പോലെ തന്നെയാണ് ദൈവിക പ്രതിഭാസത്തെ ദൈവിക ജ്ഞാനമുള്ള ഒരുവന്‍ സമീപിക്കുന്നതും ദൈവിക ജ്ഞാനമില്ലാത്ത ഒരുവന്‍ സമീപിക്കുന്നതും തമ്മിലുള്ള വിത്യാസം.

ദൈവിക ജ്ഞാനമുള്ള ഒരുവന് ദേവസാനിദ്ധ്യം തിരിച്ചറിയാന്‍ കഴിയും. അജ്ഞാനിക്ക് അവനെ പോലും തിരിച്ചറിയാന്‍ കഴിയില്ല.

അഞ്ചല്‍ക്കാരന്‍ said...

അവിടെ തെറ്റില്ലേ ദില്‍ബാ.
ഒരു വിശ്വാസിക്ക് വിശ്വാസം ആണ് പ്രഥാനം. അല്ലാതെ ആ വിശ്വാസത്തിന്റെ യുക്തി യുക്തിവാദികളാല്‍ തെളിയിക്കപെടണം എന്നത് വിശ്വാസിയുടെ ആവശ്യമല്ലല്ലോ. മകരജ്യോതിയിലെ യുക്തി ചോദ്യം ചെയ്യാന്‍ യുക്തിവാദികള്‍ക്ക് എന്ത് യുക്തിയാണ് ഉള്ളത്. അവര്‍ വിശ്വാസിക്കാത്തവയെല്ലാം മറ്റാരും വിശ്വാസിക്കരുത് എന്ന യുക്തി അടിച്ചേല്‍പ്പിക്കാന്‍ യുക്തിവാദി തുനിഞ്ഞിറങ്ങുന്നതിനെ എങ്ങിനെ ന്യായീകരിക്കാന്‍ കഴിയും.

ദേവപ്രശ്നം വിശ്വാസികളുമായി ബന്ധപ്പെട്ടതാണ്. അതില്‍ അവിശ്വാസം വരുകയാണെങ്കില്‍ ചോദ്യം ചെയ്യേണ്ടത് അവിശ്വാസികളല്ല. വിശ്വാസികള്‍ തന്നെയാണ്.

സി.പി.എം. ല്‍നിന്നും വി.എസ്സിനെ പുറത്താക്കാന്‍ കോണ്‍‍ഗ്രസ് ഹൈകമാന്റല്ലല്ലോ പ്രമേയം പാസ്സാക്കേണ്ടത്.

'ങ്യാഹഹാ...!' said...
This comment has been removed by the author.
'ങ്യാഹഹാ...!' said...

ചേട്ടന്മാരെ, കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത്‌??

'ങ്യാഹഹാ...!'

Dinkan-ഡിങ്കന്‍ said...

അഞ്ചല്‍ക്കാരാ

ചിപ്പ് പൊട്ടിക്കലില്‍ നിന്ന് പിടി വിട്ടില്ല അല്ലെ. ശരി ഡിങ്കനും അതില്‍ തൂങ്ങാം.
ഡിങ്കന് ചിപ്പിനെ കുറിച്ച് സാങ്കേതികം ആയി ജ്ഞാനം ഉണ്ട്(ഉവ്വ്, കോപ്പന്നെ) അഞ്ചല്‍ക്കാരന് അത് ഇല്ല.

പക്ഷേ ഡിങ്കന്‍ അഞ്ചല്‍ക്കരനോട് “വോള്‍ട്ടേജ്,കറന്റ്,പ്രതൊരോധം, വൈദ്യുതചാകലത” എന്നിവരെ ചുരുങ്ങിയ മലയാളത്തില്‍ വിശദീകരിക്കും. എന്നിട്ട് ഐ.സി അലലൈസറില്‍ വെച്ച് അതിന്റെ ഓരോ കാലിലും കരണ്ടടിപ്പിച്ച് അതില്‍ വരുത്തുന്ന മാരങ്ങള്‍ “എല്‍.ഇ.ഡി ഇന്‍ഡിക്കേഷന്‍, സി.ആര്‍.ഓ ഗ്രാഫ്” എന്നിവ ആയി അഞ്ചല്‍ക്കാരന് മനസിലാകും വിധം പറഞ്ഞും തരും.

ചിപ്പ് പൊളിച്ചാല്‍ അതില്‍ എന്തൊക്കെ മാറ്റം വരും, നേരിട്ട് സൂര്യപ്രകാശം അതില്‍ വീണാല്‍ എന്തൊക്കെ മാറ്റം വരും എന്നതിനെ കുറിച്ചുള്ള പഠനങ്ങളുടെ ചുരുക്കം അഞ്ചല്‍ക്കാരന് ഡിങ്കന്‍ മനസിലാക്കി തരും അതിന് ശേഷം പൊളിച്ച ചിപ്പിന്റെ കാലില്‍ വീണ്ടും കരണ്ടടിച്ച് അതിലെ മാറ്റങ്ങള്‍ മനസിലാക്കിത്തരാം. അപ്പോള്‍ വിവേചന ബുദ്ധി ഉള്ള അഞ്ചല്‍ക്കാരന് “ചിപ്പ്” എന്താണെന്നും, പ്രവര്‍ത്തന തത്വം എന്താണെന്നും ,പൊളിച്ചാല്‍ വരുന്ന ഭൌതീക-രാസ മാറ്റങ്ങള്‍ എന്താണെന്നും മനസിലാകുമല്ലോ, അല്ലെ?

ഇതേ പോലെ അഞ്ചല്‍ക്കാരന്‍ ഡിങ്കനെ മകരവിളക്ക് നടക്കുന്ന/നടത്തുന്ന സ്ഥലത്ത് കൊണ്ട് പോകണം. വിളക്കിന് മുന്നേ ആ സ്ഥലം കാണിക്കണം. വിളക്കിന്റെ അന്ന് കാണിക്കണം, വിളക്കിന് ശേഷം കാണിക്കണം. എന്നിട്ട് അവിടെ ദിവ്യജോതി കത്തുന്നതിന്റെ വിവരണം ഡിങ്കന് തരണം. ഇനി ദിവ്യജോതി അല്ല അത് ആരെങ്കിലും കത്തിക്കുന്നതാണെങ്കില്‍ അതും ഡിങ്കന് മനസിലാകും വിധം ചുരുങ്ങിയ രീതിയില്‍ വിവരിക്കണം.മനസിലായോ?

ഇനി ചിപ്പും ജ്യോതിയും എങ്ങനെ കബളിപ്പിക്കപ്പെടുന്നു എന്ന് ഡിങ്കന്‍ പറഞ്ഞ് തരാം. ഞാന്‍ ഐ.സി ചിപ്പിന് പകരം ഒരു കറുത്ത പ്ലാസ്റ്റിക് കഷ്ടം എടുക്കുന്നു. എന്നിട്ട് അഞ്ചല്‍ക്കാരനൊട് പറയുന്നു “ഇത് ഐസിയാണ്“.
അപ്പോള്‍ അഞ്ചല്‍കാരന്‍ ചോദിക്കുന്നു “ഏത് ഐസിയാണ്?” അപ്പോള്‍ ഞാന്‍ പറയുന്നു “അതൊന്നും ചോദിക്കാന്‍ പാടില്ല, ഇത് പരിശോദിക്കാനും പാടില്ല, ഇത് ഐസിയാണെന്ന് ഡിങ്കന്‍ പറയുന്നത് അങ്ങനെ വിശ്വസിക്കണം”. അതില്‍ സംശയം തോന്നിയ അഞ്ചല്‍ക്കാരന്‍ ആ പ്ലാസിക് കഷ്ണം പരിശോദിക്കാന്‍ ഉപകരണം ആയി വരുമ്പോള്‍ ഡിങ്കനും ഡിങ്കന്റെ ഗുണ്ടകളും അഞ്ചല്‍ക്കാരന്റെ കൂമ്പിനിട്ട് ഇടിക്കുന്നു.
ഇവിടെയാണ് ഡിയര്‍ അഞ്ചല്‍ കാര്യങ്ങള്‍ സംതുലനം തെറ്റുന്നത്.

ഇനി അഞ്ചലിന്റെ പോസ്റ്റിനെ കുറിച്ച്. ഇത് ഒരു കാ‍ടടച്ച് വെടിയാണ്. അല്ലെങ്കില്‍ പോസ്റ്റ് മകരജ്യോതിയെ പറ്റി ആണോ, അതോ യുക്തിവാദത്തെ പറ്റി ആണൊ, അതോ മരണം പണക്കുന്ന പൂച്ചയെ പറ്റി ആണോ എന്ന് വ്യക്ത്തമാക്കണം

Unknown said...

അഞ്ചല്‍ക്കാരന്‍ മാഷേ,
വീണ്ടും പൌരാവകാശം കടന്ന് വരുന്നു ഇവിടെ. ഭരണഘടനപ്രകാരം ഒരു ഇന്ത്യ പൌരനായ യുക്തിവാദിയ്ക്ക് ഈശ്വരനില്‍ വിശ്വസിക്കാതിരിക്കാനുള്ള അവകാശമുണ്ട്. ഇല്ലേ? ഈശ്വരനില്ല എന്നതാണ് അയാളുടെ വിശ്വാസം എന്ന് കരുതുക. അഞ്ചല്‍ക്കാരന് സ്വന്തം ദൈവവിശ്വാസം പ്രചരിപ്പിയ്ക്കാനുള്‍ല മൌലികാവകാശം പോലെ തന്നെ യുക്തിവാദിയ്ക്കും അയാളുടെ വിശ്വാസം അതായത് നിരീശ്വരവാദം പ്രചരിപ്പിയ്ക്കാന്‍ അവകാശമൂണ്ട്. (എന്ന് വെച്ച് അനുവാദമില്ലാതെ ശ്രീകോവിലില്‍ കയറുക തുടങ്ങിയ ഇല്ലീഗല്‍ പണി കാണിച്ചാല്‍ ചവിട്ടി അയാളുടെ അങ്കാവടി പൊളിക്കുകയും ചെയ്യും)

മകരജ്യോതി തെറ്റായ വിശ്വാസമാണ് എന്ന് തെളിയിക്കാന്‍ ഇപ്പോള്‍ അതില്‍ വിശ്വസിക്കുന്നവര്‍ക്കേ അവകാശമുള്‍ലൂ എന്ന് പറായുന്നത് ബാലിശമാണ്. ഒരു സാധനം സന്യാസി പോയി നോക്കിയാലും സായിപ്പ് പോയി നോക്കിയാലും തെറ്റാണെങ്കില്‍ തെറ്റാണ് ശരിയാണെങ്കില്‍ ശരിയാണ്. അത്രയല്ലേ ഉള്ളൂ?

നിയമപരമായി പൊന്നമ്പലമേട്ടില്‍ ഒരു ഇന്ത്യന്‍ പൌരന് പോയി നോക്കാമെങ്കില്‍ അവിടെ ആര്‍ക്കും പോകാം അയാള്‍ ‘വിശ്വാസി’ഒന്നും ആകണമെന്നില്ല. ഉവ്വോ?

അഞ്ചല്‍ക്കാരന്‍ said...

ഡിങ്കന്‍,
പോസ്റ്റ് യുക്തി വാദം എനിക്ക് ദഹിക്കില്ല എന്നത് പറയാന്‍ മാത്രം. മകരജ്യോതി കയറി വന്നത് യുക്തിവാദികളുടെ ഏറ്റവും ലേറ്റസ്റ്റ് അജണ്ട മകരവിളക്ക് ആയത് കൊണ്ടും. മരണം മണക്കുന്ന പൂച്ച കയറി വന്നത് അനിര്‍വ്വചനീയമയ ചില സംഗതികളുടെ മുന്നില്‍ ശാസ്ത്രം പകച്ചു നില്‍ക്കുന്നിടത്ത് യുക്തിവാദികള്‍ക്കെന്ത് മറുപടി എന്ന ചോദ്യവുമായി.

ഐ.സി എനിക്ക് ദഹിച്ചിട്ടില്ല. ഈ ഡ്യൂട്ടി ഒരു സമാധാനവും തരില്ല. രാത്രി ഐ.സിയെ കുറിച്ച് തീസിസ്സ് എഴുതാം.

Dinkan-ഡിങ്കന്‍ said...

മകരജ്യോതിയെകുറിച്ചാണ് അഞ്ചലിന്റെ ആശങ്കയെങ്കില്‍ കിരണിന്റെ പോസ്റ്റില്‍ അതിനെ കുറിച്ച് പലരും വിശദമായി പറഞ്ഞിട്ടുണ്ട്. കാണുമല്ലോ അല്ലെ?

ദേവപ്രശ്നം വിശ്വാസികളുമായി ബന്ധപ്പെട്ടതാണ്. അതില്‍ അവിശ്വാസം വരുകയാണെങ്കില്‍ ചോദ്യം ചെയ്യേണ്ടത് അവിശ്വാസികളല്ല. വിശ്വാസികള്‍ തന്നെയാണ്.
ഇവിടേ ദേവപ്രശ്നം അല്ല വിഷയം. സര്‍ക്കാര്‍ സംവിധാനം/ജീവനക്കാര്‍/സേന എന്നിവയെ ദുരുപയോഗം ചെയ്യുക, അത് പരിശോദിക്കാന്‍ വരുന്നവരെ മര്‍ദ്ധിക്കുക എന്നിവയാണ്. വിശ്വാസിയായ ഡിങ്കനും അതറിയണം എന്നുണ്ട്. എന്തേ സമ്മതിക്കില്ലേ?


സി.പി.എം. ല്‍നിന്നും വി.എസ്സിനെ പുറത്താക്കാന്‍ കോണ്‍‍ഗ്രസ് ഹൈകമാന്റല്ലല്ലോ പ്രമേയം
ഇതിനുള്ള മറുപടിയും കിരണിന്റെ പൊസ്റ്റില്‍ കൊടുത്തതാണ്. അതായത് ഈ കത്തിക്കല്‍ ഒരു കണ്‍സൊര്‍ഷ്യം, അല്ലെങ്കില്‍ ഒരു മത സംഘടചെയ്യുന്നു എങ്കില്‍ ഒരൂ പക്ഷേ നമുക്ക് മിണ്ടാതിരിക്കാമായിരുന്നു. എന്നാല്‍ ഇതില്‍ സര്‍ക്കാര്‍ ഇന്വൊള്‍വ്ഡ് ആണ് എന്നത് കാണാറ്റെഹ് പോകരുത്. മാത്രമല്ല ഇനി സര്‍ക്കാര്‍ ഇന്വൊള്‍വ്വ്ഡ് ആണെന്ന് ഇരിക്കട്ടെ അതില്‍ തങ്ങള്‍ ഉണ്ടെന്ന് സമ്മതിക്കണം, മാത്രമല്ല ദിവ്യജോതി ആണെന്നാണ് പ്രസാര്‍ഭാരതിയൂടെ കീഴില്‍ വരുന്ന “ദൂരദര്‍ശന്‍” പോലും പറയുന്നത് . അപ്പോള്‍ കപട പ്രചാരണം അല്ലെ? മാധ്യമങ്ങളെ പോലും വളച്ചോടിക്കുന്നില്ലേ.

അപ്പോള്‍ സിപി.ഐ/ ജ്യോതി എന്നിവ ബന്ധിക്കാനാകില്ല

അഞ്ചല്‍ക്കാരന്‍ said...

വിഷയം യുക്തിവാദത്തിന്റെ യുക്തിയും യുക്തിരാഹത്യവുമാണ്.

ഒ.ടോ:
മകരജ്യോതി വ്യാജമല്ല. തികച്ചും ദൈവികമാണ്. അതിന്റെ യുക്തി തേടേണ്ടത് ദൈവനിഷേധികളല്ല. വിശ്വാസികളാണ്. അത് വ്യാജമാണെന്ന് യുക്തിവാദികള്‍ക്ക് തോന്നുന്നുവെങ്കില്‍ അതിന്റെ യുക്തി ഭദ്രത തേടി പോയി വിശ്വാസങ്ങള്‍ക്ക് ഭംഗം വരുത്താന്‍ യുക്തിവാദികള്‍ ശ്രമിക്കുന്നത് ദൈവ നിന്ദയാകും.

Dinkan-ഡിങ്കന്‍ said...

മുന്നില്‍ ശാസ്ത്രം പകച്ചു നില്‍ക്കുന്നിടത്ത് യുക്തിവാദികള്‍ക്കെന്ത് മറുപടി
ഇന്ന് കാണുന്ന എല്ലാ അത്ഭുതങ്ങളേയും ഒറ്റയടിക്ക് യുക്തുവാദികള്‍ക്ക് അങ്ങോട്ട് ഇല്ലായ്മ ചെയ്യാന്‍ കഴിഞ്ഞെന്ന് വരില്ല. ഒരു വിശ്വാസം രൂഡമൂലം ആകുന്നത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ആയതിനാല്‍ അതു കപടം ആണെങ്കില്‍ പോലും പൊളിക്കുക എന്നതും സമയം സാഹചര്യം എന്നിവ അനിസരിച്ചിരിക്കും. ഇതില്‍ കൂടിതല്‍ യുക്തിവാദികള്‍ പറയട്ടേ. ഡിങ്കന്‍ യുക്തിവാദി അല്ല.

ഐ.സി എനിക്ക് ദഹിച്ചിട്ടില്ല. ഈ ഡ്യൂട്ടി ഒരു സമാധാനവും തരില്ല. രാത്രി ഐ.സിയെ കുറിച്ച് തീസിസ്സ് എഴുതാം. എന്തേ ഐ.സി ദഹിക്കാഞ്ഞത്. (ഐസി ഭക്ഷിച്ചാനെങ്കില്‍ അത് ദഹിക്കില്ല, അത് ദഹിപ്പിക്കാന്‍ മാത്രം ദഹനരസങ്ങളും ഉപാപചയാമ്ലങ്ങളും ശരീരം പുറപ്പെടുവിക്കുന്നില്ല :) ). തീസിസ് ഐസിയെ കുറിച്ചാണെങ്കില്‍ നന്ന് :)

Unknown said...

മകരജ്യോതിയിലെ യുക്തി ചോദ്യം ചെയ്യാന്‍ യുക്തിവാദികള്‍ക്ക് എന്ത് യുക്തിയാണ് ഉള്ളത്. അവര്‍ വിശ്വാസിക്കാത്തവയെല്ലാം മറ്റാരും വിശ്വാസിക്കരുത് എന്ന യുക്തി അടിച്ചേല്‍പ്പിക്കാന്‍ യുക്തിവാദി തുനിഞ്ഞിറങ്ങുന്നതിനെ എങ്ങിനെ ന്യായീകരിക്കാന്‍ കഴിയും.


ആരും ഒന്നും അടിച്ചേല്‍പ്പിയ്ക്കുന്നില്ലല്ലോ. അഞ്ചല്‍ക്കാരന്റെ വിശ്വാസത്തെ ഒരു യുക്തി വാദിയ്ക്ക് എണ്‍ഗനെ പൊളിയ്ക്കാന്‍ കഴിയും? വിശ്വാസം താങ്കളുടെ മനസ്സിലല്ലേ? മകരജ്യൊതി കത്തുന്നത് ചിലര്‍ കര്‍പ്പൂരം കത്തിയ്ക്കുന്നതാണ് എന്ന് അവര്‍ കണ്ട് ഫോട്ടോ പബ്ലിഷ് ചെയ്താല്‍ തന്നെ താങ്കളുടെ വിശ്വാസം എങ്ങനെ പൊളിയും? അത് പൊളിഞ്ഞാല്‍ തന്നെ എന്താണ്? തെറ്റായ ഒരു ധാരണയാണ് വെച്ച് പുലര്‍ത്തിയിരുന്നത് എങ്കില്‍ അത് മാറ്റാമല്ലോ? ഇനി അഞ്ചല്‍ക്കാരന്‍ പറഞ്ഞത് പോലെ ശരിക്കും ദൈവികപ്രഭയാണ് എന്ന് വന്നാല്‍ താങ്കളുടെ വിശ്വാസം പൂര്‍വാധികം ബലപ്പെടുകയും ചെയ്യും. അല്ലാതെ ചോദ്യം ചെയ്യാന്‍ അവകാശമില്ല എന്ന് പറയുന്നത് അംഗീകരിക്കാന്‍ വിഷമമുണ്ട്.

ഓടോ: ആരാണ് വിശ്വാസി? ആരാണ് യുക്തിവാദി? ഞാന്‍ ഹിന്ദുവാണ് ഹൈന്ദവസംസ്കാരമനുസരിച്ച് ജീവിക്കുകയും ചെയ്യുന്നു. എനിക്ക് മകരജ്യോതിയുടെ സത്യമറിയണം. ഞാന്‍ യുക്തിവാദിയാകുമോ? മകരവിളക്ക് ദൈവികമാണ് എന്ന് വിശ്വസിക്കുന്നവരാണൊ താങ്കള്‍ പരഞ്ഞ് വിശ്വാസികള്‍? അവര്‍ക്ക് മാത്രമേ ജ്യോതി ശരിയാണോ തെറ്റാണോ എന്ന് ചിന്തിയ്ക്കാന്‍ പോലും പാടൂ?

Dinkan-ഡിങ്കന്‍ said...

മകരജ്യോതി വ്യാജമല്ല. തികച്ചും ദൈവികമാണ്. Ok Ok സമ്മതിക്കുന്നു. ആ ദൈവീക പ്രക്രിയ കാണാന്‍ ഒന്നു സമ്മതിക്കുമോ? വേണ്ടെ, ദൈവ നിഷേധികളെ കയറ്റണ്ട, പ്രസാര്‍ഭാരതി അംഗീകരിച്ച ദൂരദര്‍ശന്‍ മാധ്യമ സംഘത്തെ കയറ്റാമോ, അല്ലെങ്കില്‍ ശബരിമലയിലെ തിരക്ക് കുറയ്ക്കാന്‍ ഭക്തരായ അയ്യപ്പന്മാരെ അവിടേ കയറ്റാമോ?

Unknown said...

അയ്യപ്പാ ആന്റ് അസോസിയേറ്റ്സ് എന്ന സംഘടനയാണ് ഈ മകരജ്യോതിയുടെ ആളുകള്‍ എങ്കില്‍ താങ്കള്‍ പറയുന്നത് ഒരു പരിധി വരെ ശരിയാണ്. ആ പ്ിപാടിയില്‍ ഉള്‍പ്പെട്ടവര്‍ അല്ലെങ്കില്‍ അതിന്റെ ബന്ധപ്പെട്ടവര്‍ തീരുമാനം എടുക്കേണ്ട കാര്യമാണ്. ഇത് സര്‍ക്കാരാണ്. എന്റെയും നിങ്ങളുടേയും എല്ലാവരുടേയും സര്‍ക്കാര്‍. അതാണ് ഇഷ്യു.

യുക്തിവാദികള്‍ ഗുരുവായൂര്‍ അമ്പലത്തില്‍ വന്ന് അഹിന്ദുക്കളെ കടത്താതത് വിവേചനമാണ് എന്ന് പറഞ്ഞ് ഘരാവോ നടത്താന്‍ നോക്കിയാല്‍ അമ്പലക്കമ്മറ്റിക്കാര്‍ പൂശി എന്ന് വരും. അവിടെ താങ്കള്‍ പറഞ്ഞ ലോജിക്ക് പ്രായോഗികമാണ്. ആ അമ്പലത്തിന്റെ നടത്തിപ്പും തീരുമാനണ്‍ഗളും അതുമായി ബന്ധപ്പട്ടവര്‍ തീരുമാനിക്കും.

ഓടോ: പൊതുവെ ഉള്‍ല യുക്തിവാദത്തിനെ പറ്റി അല്ല ഞാന്‍ സംസാരിക്കുന്നത് അഞ്ചല്‍ക്കാരാ. മകരവിളക്കിന് കേരള സര്‍ക്കാര്‍ കര്‍പ്പൂരം കത്തിയ്ക്കുന്നതിനെ പറ്റിയാണ്. സര്‍ക്കാര്‍ അല്ലാതെ വേറെ ആര് എന്ത് ചെയ്യുന്നതിലും എനിക്ക് യാതൊരു അഭിപ്രായവുമില്ല.

Ajith Pantheeradi said...

സര്‍ക്കാര്‍ അല്ലാതെ വേറെ ആര് എന്ത് ചെയ്യുന്നതിലും എനിക്ക് യാതൊരു അഭിപ്രായവുമില്ല എന്താണിതിന്റെ അര്‍ത്ഥം? ആര്‍ക്കും ഇതു പോലെ കര്‍പ്പൂരം കത്തിച്ച് സ്വയംഭൂ ആണെന്നു പറഞ്ഞും മൂന്നാം കിട മാജിക് കാണിച്ച് ദിവ്യശക്തി ഉണ്ടെന്നു പറഞ്ഞും ജനങ്ങളെ പറ്റിച്ചു കാശടിക്കാമെന്നോ? ദില്‍ബന്റെ ഈ അഭിപ്രായത്തോട് എനിക്കു യോജിപ്പില്ല.

തട്ടിപ്പ് ആരു ചെയ്താലും അത് എതിര്‍ക്കപ്പെടണം, തട്ടിപ്പാണെങ്കില്‍ അത് തെളിയിക്കപ്പെടണം.

പിന്നെ വിശ്വാസങ്ങളെ ചോദ്യം ചെയ്യരുത് എന്ന അഞ്ചല്‍കാരന്റെ അഭിപ്രായം.

ചോദ്യം ചെയ്യാതിരുന്നെങ്കില്‍ ഇന്നും സൂര്യന്‍ ഭൂമിയെ ചുറ്റുന്നുണ്ടാകുമായിരുന്നു. വസൂരി ( അമ്മ വിളയാടല്‍ ) ഇപ്പോളും ഉണ്ടാകുമായിരുന്നു. ഗ്രഹണസമയത്ത് വാതിലും ജനലും അടച്ച് നമ്മള്‍ വീട്ടിലിരിക്കുമായിരുന്നു..........

യുക്തി ചിന്ത എപ്പോളും ആവശ്യമാണ് . മനുഷ്യന്റെ എല്ലാ പുരോഗതിക്കും കാരണം യുക്തിചിന്തയാണ് ( നിരീശ്വര വാദം എന്നല്ല ഞാന്‍ പറഞ്ഞ യുക്തി ചിന്തയുടെ അര്‍ത്ഥം. ദൈവം ഉണ്ടൊ ഇല്ലയോ എന്നു സംശയാതീതമായി തെളിയിക്കപ്പെടും വരെ നമുക്ക് ഏതു വേണമെങ്കിലും വിശ്വസിക്കാം ). യുക്തിക്കു നിരക്കാത്തതിനെ ചോദ്യം ചെയ്യാതിരിക്കുന്നത് ഒരു തരം status quo നിലനിര്‍ത്തുന്നതു പോലുള്ള എളുപ്പ വഴിയാണ് .

Unknown said...

മാരാര്‍ മാഷേ,
എന്റെ വ്യക്തിപരമായ കാര്യമാണ് പറഞ്ഞത്. സര്‍ക്കാര്‍ ഇതിന് കൂട്ടുനില്‍ക്കുന്നു അല്ലെങ്കില്‍ പ്രോത്സാഹിപ്പിക്കുന്നു എന്ന കാര്യമാണ് എന്നെ അസ്വസ്ഥനാക്കുന്നത്. മറ്റ് വിശ്വാസങ്ങള്‍/ആള്‍ ദൈവങ്ങള്‍ മുതലായ വിഷയങ്ങളില്‍ ഇല്ലീഗല്‍/ ആന്റി സോഷ്യല്‍ ആയ കാര്യങ്ങള്‍ തെളിയിക്കപ്പെടാത്ത കാലത്തോളം എനിക്ക് പ്രശ്നമൊന്നും തോന്നിയിട്ടില്ല.


ഞാന്‍ ദൈവമാണ് എന്ന് പറയാന്‍ എനിക്കും വേണമെങ്കില്‍ അത് വിശ്വസിക്കാന്‍ താങ്കള്‍ക്കും സ്വാതന്ത്ര്യമുണ്ട്, അത് പൊതു മുതല്‍ പൊതുജനം എനിവയ്ക്ക് ഹാനികരമല്ലാത്ത രീതിയില്‍ ആണെങ്കില്‍. ഇവര്‍ പൊള്ളത്തരങ്ങളാണെന്ന് വിശ്വസിക്കുന്നവര്‍ക്ക് ഇവരെ തുറന്ന് കാണിക്കാനുള്ള സ്വാതന്ത്രയവുമുണ്ട്. സര്‍ക്കാര്‍ യുക്തിവാദികളെ അമ്പലമെട്ടില്‍ നിന്ന് അടിച്ചോടിച്ചത് പോലെ മറ്റാര്‍ക്കും ചെയ്യാന്‍ പറ്റില്ല എന്നും ഓര്‍ക്കുക. അത് കൊണ്ട് എന്റെ എതിര്‍പ്പ് സര്‍ക്കാര്‍ ഇടപെടലിനെതിരെയാണ്.

മറ്റ് തട്ടിപ്പുകള്‍ ചൊദ്യം ചെയ്യപ്പെടുന്നുമുണ്ട് (ദേര സച്ചാ എന്നൊക്കെ പറയുന്നവരുടെ കാര്യം പോലെ)ഇല്ലീഗാലിറ്റിയുടെ ആരോപണം വരുമ്പോള്‍ നടപടികളുമുണ്ടാവുന്നുണ്ട്. ഒരു സര്‍ക്കാര്‍ തന്നെ തട്ടിപ്പ് നടത്തിയാല്‍ ആര് ചോദ്യം ചെയ്യും?

അഞ്ചല്‍ക്കാരന്‍ said...

ഈ പോസ്റ്റില്‍ നിരീശ്വരവാദത്തിലെ യുക്തിയില്ലായ്മയെ ചൂണ്ടികാട്ടാനാണ് ഞാന്‍ ശ്രമിച്ചത്. മകരജ്യോതി നിരീശ്വര വാദികളുടെ ലേറ്റസ്സ് അജണ്ടയായതു കൊണ്ട് അത് പരാമര്‍ശിച്ചു എന്ന് മാത്രം.

എനിക്ക് നേരിട്ട് അനുഭവിക്കാന്‍ കഴിഞ്ഞ ചില അമാനുനിഷിക പ്രതിഭാസങ്ങള്‍ യുക്തിക്കോ നിരീശ്വരവാദത്തിനോ നിരക്കുന്നതല്ല എന്നതിനാല്‍ ആര്‍ക്കെങ്കിലും സ്വീകാര്യമായ ഏതെങ്കിലും വിശദീകരണം തരാന്‍ കഴിയും എന്ന് വിശ്വാസിക്കുന്നു.

കെട്ടുകഥകളല്ല ഒന്നും. അമാനുഷികമായ ഒരു സംഗതിയെങ്കിലും (അത് നന്മയോ തിന്മയോ ആകട്ടെ) നമ്മുക്ക് അനുഭവപ്പെടുകായാണെങ്കില്‍ അദൃശ്യമായ ശക്തികള്‍ നമ്മളെ നിയന്ത്രിക്കുന്നുണ്ട് എന്ന വസ്തുത നാം അംഗീകരിക്കേണ്ടി വരില്ലേ?. അങ്ങിനെയാണെങ്കില്‍ പിന്നെ നിരീശ്വരവാദത്തിന് എന്ത് പ്രസക്തി.

ജസ്റ്റീസ് കൃഷ്ണയ്യര്‍ മരിച്ചു പോയ അദ്ധേഹത്തിന്റെ ഭാര്യയുടെ ആത്മാവുമായി സംസാരിച്ചിട്ടുണ്ട് എന്ന് വെളിപ്പെടുത്തുന്നു. പ്രശസ്തിക്കു വേണ്ടിയോ പത്ര മാധ്യമങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ വേണ്ടിയോ ജസ്റ്റിസ് കൃഷ്ണയ്യരെ പോലെയുള്ള ഒരാള്‍ക്ക് മറ്റുള്ളവരെ ബോധ്യപെടുത്താന്‍ തികച്ചും പ്രയാസമുള്ള ഒരു സംഗതിയെ കുറിച്ച് തെറ്റിദ്ധാരണാ പരമാകാവുന്ന സ്റ്റേറ്റ്മെന്റ് ഇറക്കേണ്ട കാര്യമില്ലല്ലോ. ജസ്റ്റിസിനെ വിശ്വാസത്തിലെടുക്കാമെങ്കില്‍ അതു തന്നെ അമാനുഷികവും അത്ഭുതവും അല്ലേ?

നിരീശ്വരവാദം ശുദ്ധ ഭോഷ്കും അല്പത്വവും ആണെന്നുള്ള എന്റെ ധാരണക്ക് എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും കാട്ടാന്‍ കഴിയും. മാജിക്കുകാരേം തട്ടിപ്പുകാരേം പൊളിച്ചുകാട്ടിയിട്ട് ഇവരൊക്കെയായിരുന്നു ദൈവം, ഇവരൊക്കെ കള്ളന്മാരും തട്ടിപ്പികാരുമാണ് അതുകൊണ്ട് ദൈവം ഇല്ല എന്ന് പറയുന്നതിനോട് എനിക്ക് യോജിക്കാന്‍ കഴിയില്ല.

Unknown said...

പ്രിയപ്പെട്ട അഞ്ചല്‍കാരാ ,
ഞാന്‍ താങ്കളുടെ പോസ്റ്റും കമന്റുകളും സശ്രദ്ധം വായിച്ചു. ചര്‍ച്ച വഴി തെറ്റിയെങ്കിലോ എന്ന് കരുതിയാണ് ഇടപെടാതിരുന്നത്. എനിക്കാണെങ്കില്‍ കുറെ പറയാനുണ്ട് താനും . അത് കൊണ്ട് ഞാന്‍ എന്റെ ബ്ലോഗില്‍ തന്നെ ഒരു ചര്‍ച്ച തുടങ്ങി വെച്ചു. വ്യക്തികള്‍ തമില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവുക എന്നത് സ്വാഭാവീകവും, അനിവാര്യവും, പ്രകൃതിനിയമങ്ങള്‍ക്ക് നിരക്കുന്നതുമാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ നമ്മള്‍ , പങ്ക് വെക്കാന്‍ ആശയങ്ങള്‍ ഇല്ലാതെ നിത്യമൌനത്തിന്റെ വത്മീകത്തില്‍ അടയപ്പെട്ടു പോയേനേ . അഭിപ്രായവ്യത്യാസങ്ങളാണ് ജീവിതത്തിന്റെ സൌന്ദര്യവും ആസ്വാദ്യതയുമെന്ന് എനിക്ക് തോന്നാറുണ്ട്. പക്ഷെ നമുക്ക് സഹിഷ്ണുത വേണം. അഭിപ്രായങ്ങളിലുള്ള വിയോജിപ്പ് നിലനിര്‍ത്തിക്കൊണ്ട് തന്നെ സഹവര്‍ത്തിക്കാനുള്ള സഹൃദയത്വം വേണം . താങ്കളുടെ അല്പത്വം പോലുള്ള പ്രയോഗം എന്നെ വേദനിപ്പിക്കുന്നു. ഇവനാരെടാ .. അനവസരത്തില്‍ കയറി വന്ന് ഉപദേശിക്കുന്നു എന്ന് താങ്കള്‍ കരുതാതിരിക്കുമെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി .

അഞ്ചല്‍ക്കാരന്‍ said...

സുകുമാരന്‍ മാഷിനോട്,
പ്രപഞ്ചത്തിന്റെ നിഗൂഢതകളെയും രഹസ്യങ്ങളേയും തിരഞ്ഞു കൊണ്ടേയിരിക്കുന്ന മനുഷ്യന്‍ ഏതോ ഒരു മൂലയിലുരുന്നു ഏതോ ചില മാജുക്കുകാരേം തട്ടിപ്പുകാരേം കണ്‍കെട്ടുകാരേം ഉദരപൂരണത്തിനായി മനുഷ്യദൈവങ്ങളായി വേഷം കെട്ടി ആടുന്നവരേം പൊളിച്ച് കാട്ടി നിരീശ്വരവാദം പറഞ്ഞ്, അല്പജ്ഞാനം കൊണ്ട് പ്രപഞ്ച നിഗൂഢതകളെ നിര്‍വചിക്കാന്‍ ശ്രമിക്കുന്നത് വളരെ ഇടുങ്ങിയ ചിന്താഗതിയാണ് എന്ന അര്‍ത്ഥത്തിലാണ് ഞാന്‍ “അല്പത്വം” പ്രയോഗിച്ചത്. അത് താങ്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതില്‍ ഖേദിക്കുന്നു. പിന്നെ ഭാഷാ പ്രയോഗത്തില്‍ ഇത്തിരി പിന്നിലുമാണ്. ക്ഷമിക്കുക.

brinoj said...

അഞ്ചല്‍ക്കാരാ..
ആദ്യമേ പറയട്ടെ..യുക്തിവാദികളുടെ സംഘടനയുമായി എനിക്ക്‌ യാതൊരു ബന്ധവുമില്ല..പക്ഷെ യുക്തിപരമായും ശാസ്ത്രീയമായും ഞാന്‍ ചിന്തിക്കാന്‍ ഇഷ്ടപ്പെടുന്നു..എനിക്കു ചുറ്റുമുള്ള കാര്യങ്ങളെ നോക്കിക്കാണാന്‍ താല്‍പര്യപ്പെടുന്നു..
അതു കൊണ്ട്‌ തന്നെ മാരാര്‍ പറഞ്ഞതിനോട്‌ യോജിക്കാതെ വയ്യ..
കൂടുതല്‍ കാര്യങ്ങള്‍ ഞാന്‍ ഒരു പോസ്റ്റ്‌ ആയി എഴുതിയിട്ടുണ്ട്‌..
ഏതോ ഒരു അനോണി വന്ന് യുക്തി വാദി എന്നെഴുതി പോയിട്ടുണ്ടെങ്കില്‍ അതിനെ എല്ലാ യുക്തി വാദികളുടെയും സ്വഭാവം എന്ന് ജെനറലൈസ്‌ ചെയ്യുന്നത്‌ ശരിയാണൊ??

"ദേവപ്രശ്നം വിശ്വാസികളുമായി ബന്ധപ്പെട്ടതാണ്. അതില്‍ അവിശ്വാസം വരുകയാണെങ്കില്‍ ചോദ്യം ചെയ്യേണ്ടത് അവിശ്വാസികളല്ല. വിശ്വാസികള്‍ തന്നെയാണ്"
ആ പറഞ്ഞത്‌ തീരെ മനസിലായില്ല.ഡിങ്കനെ പോലെ സത്യം അറിയണമെന്ന് ആഗ്രഹിക്കുന്ന എത്ര വിശ്വാസികള്‍ കാണും..ഇനി ഒരു വിശ്വാസിയും ഒരിക്കലും സത്യം എന്താണെന്ന് അറിയാന്‍ ശ്രമിച്ചില്ലെങ്കില്‍ ഒരു കബളിപ്പിക്കലിന്‍്‌ എല്ലാക്കാലവും വിശ്വാസികള്‍ നിന്ന് കൊടുക്കണൊ??അപ്പോള്‍ വിശ്വാസികള്‍ കബളിക്കപ്പെടുന്നതില്‍ നിന്ന് അവരെ രക്ഷിക്കാന്‍ യുക്തിവാദി നടത്തുന്ന ശ്രമങ്ങളെ തടയുന്നതെന്തിനാണു്‌??
"എല്ലാ കാര്യങ്ങളും യുക്തി കൊണ്ടും ശാസ്ത്രം കൊണ്ടും തെളിയിക്കാനാവില്ല.."
ഈ കാര്യം കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആരെങ്കിലും പറഞ്ഞെന്നിരിക്കട്ടെ..അന്ന് അയാളുടെ ചുറ്റും സംഭവിച്ച പല കാര്യങ്ങളും ഇന്ന് യുക്തി കൊണ്ടും സയന്‍സ്‌ കൊണ്ടും തെളിയിക്കപ്പെട്ടിട്ടുണ്ടാകും..
ഇതില്‍ രണ്ടു കാര്യങ്ങള്‍ ഉണ്ട്‌.
1)എനിക്കോ താങ്കള്‍ക്കൊ യുക്തി കൊണ്ട്‌ തെളിയിക്കാന്‍ പറ്റാത്ത പല കാര്യങ്ങളും കൂടുതല്‍ ശാസ്ത്രാവബോധം ഉള്ള പലര്‍ക്കും അവരുടെ യുക്തി കൊണ്ടൊ,ശാസ്ത്ര ജ്ഞാനം കൊണ്ടൊ തെളിയിക്കാന്‍ കഴിഞ്ഞേക്കും,.ന്യൂറൊളജിയിലും മറ്റും നടക്കുന്ന പല റിസര്‍ചുകളും അദ്ഭുദങ്ങള്‍ എന്ന് തോന്നുന്ന പലതും തെളിയിക്കുന്നുണ്ട്‌..ഈ അറിവുകള്‍ നമ്മുടെ അടുത്ത്‌ എത്താന്‍ വൈകുന്നു എന്നതും സയന്‍സ്‌ ഇനിയും ജനകീയം ആവാനുള്ളതു കൊണ്ടും താങ്കള്‍ക്ക്‌ ഇങ്ങനെ ചിന്തിക്കാം..പക്ഷെ സത്യം അറിയണമെന്നാഗ്രഹിക്കുന്നവരെ തടയണം എന്നോ അവര്‍ക്ക്‌ അതിനവകാശമില്ല എന്നോ പറയുന്നത്‌ തെറ്റാണ്‍്‌.
2) യുക്തിവാദി എന്നത്‌ യുക്തിവാദിയായ ഒരു അമ്മ പ്രസവിച്ച ആളുകളല്ല..ചുറ്റും കാണുന്ന കാര്യങ്ങളില്‍ സംശയം ഉളവാക്കുന്ന എന്തെങ്കിലും ഉണ്ടെങ്കില്‍ എന്തുകൊണ്ട്‌?എന്ന ചോദ്യം ചോദിച്ച്‌ അതിനുത്തരം കണ്ടെത്തുവാന്‍ ശ്രമിക്കുംബോള്‍ ആണ്‍്‌ പലരും യുക്തിവാദിയോ അവിശ്വാസിയോ ആകുന്നത്‌,,
താങ്കള്‍ക്ക്‌ ദൈവം എന്ന ശക്തിയില്‍ വിശ്വസിക്കാന്‍ താങ്കള്‍ക്ക്‌ അവകാശം ഉണ്ട്‌..തീര്‍ച്ചയായും.അതിനെ ഒരിക്കലും ആരും ചോദ്യം ചെയ്യണമെന്നോ താങ്കളുടെ വിശ്വാസം തെറ്റാണെന്നോ ഞാന്‍ പറയില്ല..പക്ഷെ താങ്കള്‍ ദൈവത്തില്‍ വിശ്വസിക്കുന്ന അതേ കാരണങ്ങള്‍ ചിലപ്പോള്‍ എന്നെ അങ്ങനെ ഒരു ശക്തിയില്‍ വിശ്വസിക്കാതിരിക്കാന്‍ പ്രേരിപ്പിക്കുന്നു..
താങ്കള്‍ക്ക്‌ അദ്രുശ്യ ശക്തികളില്‍ വിശ്വസിക്കാം..അത്‌ ആരെങ്കിലും അസത്യം ആണെന്ന് തെളിയിക്കുന്നത്‌ വരെ..ഇനി അത്‌ അദ്രുശ്യ ശക്തിയാണെന്ന് തെളിഞ്ഞാല്‍ താങ്കള്‍ക്ക്‌ അയാളോടും വിശ്വസിക്കാന്‍ ആവശ്യപ്പെടാം.
അന്വേഷിച്ചാലല്ലെ കണ്ടെത്താന്‍ പറ്റൂ..അന്വേഷിക്കണ്ട എന്ന് ആദ്യമേ പറഞ്ഞാലോ..അതാണ്‍്‌ മകര വിളക്കിന്റെ കാര്യത്തില്‍ സംഭവിച്ചത്‌..
മകര ജ്യോതി തട്ടിപ്പാണെന്ന് തെളിഞ്ഞാല്‍ വിശ്വാസികള്‍ക്ക്‌ കുറച്ച്‌ കൂടി തെളിഞ്ഞ,പരിശുദ്ധമായ വിശ്വാസം ലഭിക്കും..ഇനി ദിവ്യം ആയ അല്‍ഭുദം എന്നു തെളിഞ്ഞാല്‍ യുക്തി വാദികളോട്‌ മാലയിട്ട്‌ മല കയറാന്‍ പറയാം..