Wednesday, August 29, 2007

കാരണം.

സൂസിയും രാഹുലനും എന്നത്തേയും പോലെ അന്നും താമസിച്ചാണ് കോളേജിലെത്തിയത്. കുളത്തൂപ്പുഴ നിന്നും സൂസിയും കരവാളൂര്‍ നിന്നും രാഹുലനും അഞ്ചലില്‍ ബസ്സെറങ്ങി കോളേജിലേക്ക് നീങ്ങവേ സൂസിക്ക് രാഹുവും രാഹൂന് സൂസിയും ചാറ്റാന്‍ കൂട്ടായി.

“രാഹു എന്നാ താമസിച്ചേ?” സൂസിയുടെ കുശലം.
വായ് തുറന്നാല്‍ തോന്ന്യാസം മാത്രം പുറത്ത് വരുന്ന രാഹുവിന്റെ ലേറ്റാകാനുള്ള കാരണം തികച്ചും ജനുവിന്‍.
“നിക്കറൊണങ്ങിയില്ലായിരുന്നു” സൂസിക്കിട്ട് രാവിലെ തന്നെ കൊടുത്ത പണിയില്‍ ഊറി ചിരിച്ച് രാഹുലന്‍ തിരക്കി.

“അല്ലാ... സൂസണ്‍ എന്നാ താമസിച്ചേ” സൂസീടെ മറുപടിം ജനുവിന്‍.
“എന്നാ പറയാനാ രാഹൂ...നോക്കുമ്പം രാവിലെ പാവാടേടെ വള്ളി കണ്ടില്ലായിരുന്നു...”

രാഹുവിന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍.

4 comments:

Anonymous said...

മറ്റൊരു ചവറ്.

Anonymous said...

ദേ അഞ്ചലേ , എന്‍റ്റെ കമന്‍റ്റെന്തിനാ തങ്കളിടുന്നത്‌ :)

Anonymous said...

തറവാടീ മുങ്കൂര്‍ ജാമ്യമല്ലേ....ക്ഷമിക്ക്.

Anonymous said...

പ്രിയ അഞ്ചല്‍ക്കാരന്‍,

കഥ വായിച്ചു. അഞ്ചലിന്റെ കമന്റും.
അപ്പോള്‍ ഓര്‍മ്മ വന്നത് ഒരു കുലാലനെയാണു. കളിമണ്ണു കുഴച്ചു തന്റെ മാന്ത്രികവിരലുകളാല്‍ മനോഹരങ്ങളായ ശില്‍പ്പങ്ങളും കൂജകളും മണ്‍പാത്രങ്ങളും മിനഞ്ഞെടുക്കുന്ന ഒരു കുശവന്‍. അയാള്‍‍ ഒരു സാധാരണ കുശവനായിരുന്നില്ല. ആവേശത്തോടെ സൃഷ്ടി നടത്തിയ അയാള്‍‍ തന്റെ സൃഷ്ടിയില്‍ ഒരിക്കലും സംതൃപ്തനായില്ല. പരിപൂര്‍ണ്ണതയിലേക്കുള്ള നെട്ടോട്ടമായിരുന്നു അയാളുടേത്. അയാള്‍ തന്റെ സൃഷ്ടിയില്‍ കണ്ടത് ന്യൂനതയായിരുന്നു. ഇല്ല ഇതു കുറ്റമറ്റതായില്ല. അയാള്‍ പിറുപിറുത്തു.

അടുത്ത നിമിഷം അയാള്‍ തന്റെ കളിമണ്‍സൃഷ്ടികളെ കുഴച്ചുമറിച്ചു. അയാ‍ള്‍ അതിനെ വീണ്ടും ശില്‍പ്പങ്ങളായി മെനഞ്ഞു.

ഒരിക്കലും അയാള്‍ തന്റെ ശില്‍പ്പങ്ങളെ ചൂളയില്‍ വച്ചില്ല. എപ്പോഴും അയാള്‍ തന്റെ സൃഷ്ടികളീല്‍ കണ്ടത് ന്യൂനതകളായിരുന്നു. “ഇല്ല ശരിയായില്ല” അയാള്‍ മന്ത്രിച്ചുകൊണ്ടേയിരുന്നു.

ഉദാത്തമായ ഒരു കലാസൃഷ്ടി നടത്തിയ അഞ്ചല്‍കാരന്‍ എന്ന കഥാകൃത്ത് ഈ കുലാലനെ ഓര്‍മ്മിപ്പിക്കുന്നു.

എഴുതിയ കഥ ചവറ്റുകുട്ടയിലേക്കെറിയാന്‍ അയാള്‍ വെമ്പുന്നു. “മറ്റൊരു ചവറ്” അയാള്‍ പിറുപിറുത്തു.

വൈകിയെത്തിയ രാഹുലനോടു സൂസി ചോദിക്കുകയാണു: രാഹുല്‍, നീയെന്താണു താമസിച്ചത്? തികച്ചും സ്വാഭാവികമായ ചോദ്യം.

അവന്‍ പ്രതിവചിക്കുന്നു: സൂസന്‍, എന്റെ നിക്കറുണങ്ങിയില്ലായിരുന്നു.

സൂസിയും അന്നു താമസിച്ചാണെത്തിയത് എന്നതുകൊണ്ട് അതേ ചോദ്യം രാഹുല്‍ അങ്ങോട്ടുമെറിഞ്ഞു: നീയോ?

അവളുടെ പ്രതികരണം: രാഹു, എന്റെ പാവാടയുടെ വള്ളി കണ്ടില്ല രാഹൂ. ഞാനെവിടെയൊക്കെ തിരഞ്ഞു എന്നറിയുമോ നിനക്ക്? കണ്ടില്ല രാഹൂ, കണ്ടില്ല. ഹാ, എന്റെ വള്ളി!

ചില ബിംബങ്ങളിലൂടെ സമൂഹത്തിന്റെ സാമ്പത്തിക ഉച്ചനീചത്വങ്ങളെ ചിത്രീകരിക്കുകയാണു കഥാകൃത്ത് ഇവിടെ ചെയ്യുന്നത്.

ഇവിടെ രാഹുലും സൂസിയും ദാരിദ്ര്യത്തിന്റേയും സമ്പന്നതയുടേയും പ്രതിരൂപങ്ങളാനു, ബിംബങ്ങളാണു.

ഉടുതുണിക്കു മറുതുണിയില്ലാത്ത രാഹുല്‍ പ്രോലിറ്റേറിയന്‍സിന്റെ പ്രതീകമാകുന്നു.

ആകെയുള്ള ഒരു നിക്കര്‍ ഉണങ്ങിയിട്ടുവേണം അവനു കോളേജില്‍ പോകാന്‍. അവന്‍ അതുണങ്ങുന്നതുവരെ കാത്തിരിക്കുന്നു. വൈകിയിട്ടാണെങ്കിലും കോളേജിലെത്തണമെന്ന് അവന്‍ വാശി പിടിക്കുന്നു. ദാരിദ്ര്യത്തിന്റെ വിഷമവൃത്തത്തില്‍നിന്നു കരകയറുവാനുള്ള അവന്റെ ത്വര ഒരു സമൂഹത്തിന്റെ മന:ശ്ശാസ്ത്രത്തെ വെളിവാക്കുന്നു.

ഇനി സൂസിയിലേക്കു വരാം. പാവാടയുടെ വള്ളി എന്നു പ്രയോഗത്തിലൂടെ കഥാകൃത്ത് ഉദ്ദേശിക്കുന്നത് വെറുമൊരു വള്ളിയല്ല. വള്ളി പാവാടയോടു തുന്നിച്ചേര്‍ത്ത നിലയിലാണു എന്നതുകൊണ്ട് വള്ളി മാത്രം കാണാതാകുന്ന സ്ഥിതി സംജാതമാകുന്നില്ല എന്നിരിക്കെ ഇവിടെ വള്ളി എന്നുദ്ദേശിക്കുന്നത് ബെല്‍റ്റിനെയാകുന്നു.

സൂസി ധരിച്ചിരിക്കുന്നത് യുവാക്കളില്‍ മദനോത്സവമുണര്‍ത്തുന്ന സൂപ്പര്‍ മിനി സ്കേര്‍ട്ടാണു. ആ മിനിയില്‍ മാത്രം സമ്പന്നതയുടെ മടിത്തട്ടില്‍ ജനിച്ച സൂസി സംതൃപ്തയാകുന്നില്ല. അതിനുമീതെ കൂടുതല്‍ കാന്തിയേകുന്ന ഒരു ബെല്‍റ്റു കൂടി വേണം എന്നവള്‍ ശഠിക്കുന്നു. അവള്‍ വാര്‍‌ഡുറോബു മുഴുവന്‍ തപ്പിയിട്ടും അതു കണ്ടുപിടിക്കാനൊക്കുന്നില്ല. കോളേജില്‍ സമയത്തിനെത്തുക എന്നതിലുപരി അവള്‍ കാംക്ഷിക്കുന്നത് ആടയാഭരണങ്ങളിഞ്ഞു വിലസാനാണു. കുമാരന്മാരില്‍ കാമത്തിന്റെ പൂത്തിരി കത്തിക്കുവാനാണു അവളുടെ മനസ്സ് ദാഹിക്കുന്നത്.

അവസാനം ബെല്‍റ്റില്ലാതെ തന്നെ അവള്‍ കോളേജിലേക്കു ഗമിക്കുന്നു. വഴിയില്‍ വച്ചു അവള്‍ രാഹുലിന്റെ കണ്ടു മുട്ടുന്നു.

രണ്ടു പേരും നേരം വൈകിയാണെത്തുന്നത്. പക്ഷെ അതിനുള്ള കാരണങ്ങള്‍ രണ്ടു വ്യത്യസ്ത തലങ്ങളിലാണെന്നു മാത്രം.

എന്റെ പാവാടയുടെ വള്ളീ കണ്ടില്ല എന്നു സൂസി പറഞ്ഞ മാത്രയില്‍ രാഹുല്‍ അവിടെ നിന്നു അപ്രത്യക്ഷനാകുന്നു.

കഥാകൃത്ത് ഈ രംഗത്തെ ഇങ്ങിനെ വിവരിക്കുന്നു.“രാഹുവിന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍.”

എവിടേക്കാണു രാഹുല്‍ അപ്രത്യക്ഷനായത്? എന്തിനാണവന്‍ ഓടിയത്? അനുവാചകരില്‍ ഇത്തരം സംശയങ്ങള്‍ ബാക്കി വച്ചുകൊണ്ട് കഥാകൃത്ത് കഥ ഇവിടെ അവസാനിപ്പിക്കുകയാണു.

കഥയുടെ വരികളില്‍നിന്നു അനുവാചകന്‍ മറ്റൊരു തലത്തിലേക്കുയര്‍ന്നു ചിന്തിക്കണം. അപ്പോള്‍ ഈ ചോദ്യങ്ങള്‍ക്കുത്തരം കിട്ടും.

ഇവിടെ ബൈബിളീലെ വാക്യങ്ങള്‍ക്കു വലിയ പ്രസക്തിയുണ്ട്. “നീ ഉണ്ടില്ലെങ്കിലും അവളെ ഊട്ടണം. നീ ഉടുത്തില്ലെങ്കിലും അവളെ ഉടുപ്പിക്കണം”

ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ അകപ്പെട്ടിട്ടും രാഹുലിനു ബെല്‍റ്റില്ലാതെ സ്കേര്‍ട്ടു മാത്രം ധരിച്ചു നില്‍ക്കുന്ന സൂസനെ കണ്ടിട്ടു സഹിക്കാനൊത്തില്ല. അവനോടി, അവളുടെ ബെല്‍റ്റു കണ്ടു പിടിക്കുവാനായിട്ട്.... അനന്തതയിലേക്കു , അപാരതയിലേക്കു.

ഈ കഥയെ കഥാകൃത്ത് ചവറെന്നു വിളിച്ചിരിക്കുന്നു. പരിപൂര്‍ണ്ണതയിലേക്കുള്ള കഥാകൃത്തിന്റെ പ്രയാണത്തെ ഇതു ദ്യോതിപ്പിക്കുന്നു.

ഞാനിതിനെ ഉദാത്തമായ സൃഷ്ടി എന്നു വിളീക്കും.

സസ്നേഹം
ആവനാഴി