Thursday, September 06, 2007

ഗുരു ശാപം....

ക്ലാസിലെ ഏറ്റവും അനുസരണ ശീലവും അങ്ങേയറ്റം അച്ചടക്കവും ഉയര്‍ന്ന മുല്യബോധവും ഉള്ള കുട്ടി. ആ ബഹുമതി മറ്റാര്‍ക്കും വിട്ടു കൊടുക്കാന്‍ മാതൃകാ വിദ്യാര്‍ത്ഥി ഒരിക്കലും തയ്യാറല്ല്ലായിരുന്നു.

എന്നും ബെല്ലടിച്ചിട്ട് മാത്രം ക്ലാസില്‍ കയറുക, ക്ലാസ് ടീച്ചര്‍ മുതല്‍ ക്ലാസിലെത്തുന്ന എല്ലാ ഗുരുക്കന്മാരുടേയും കയ്യില്‍ നിന്നും ശീല്‍കാരത്തോടെ പാളി വീഴുന്ന എണ്ണപുരട്ടി പഴുപ്പിച്ചെടുത്ത വള്ളി ചൂരലിന് പുളഞ്ഞ് വീഴാന്‍ പാകത്തില്‍ കൈവെള്ളയും അവസരോജിതമായി തുടയും കാട്ടി കൊടുക്കുക, ക്ലാസ് നടക്കുമ്പോള്‍ ഗുരു എഴുതാനായി ബോര്‍ഡിലേക്ക് തിരിയുന്ന നിമിഷം തൊട്ടടുത്തിരിക്കുന്ന ഹതഭാഗ്യനായ സഹപാഠിയുടെ തല‍ക്കിട്ട് തോണ്ടുക, ഗുരുവിനെ മറഞ്ഞിരുന്ന് ഇടം പേര് വിളിക്കുക, ഇടവേളകളില്‍ കളിക്കാന്‍ പോകുന്നിടത്ത് ഏറ്റവും കുറഞ്ഞത് ഒരു കൂട്ടുകാരനെയെങ്കിലും കരയിപ്പിക്കുക, കലാലയത്തിന്റെ അടുത്ത പുരയിടത്തിലെ മാവേലെറിയുക എന്ന വ്യാജേന അടുത്ത വീട്ടിലെ ഓട് എറിഞ്ഞുടക്കുക തുടങ്ങി തല്ലു വാങ്ങി കൂട്ടാനുള്ള ഒരവസരവും ഒഴിവാക്കാതെ ക്ലാസിലെ ഏറ്റവും മിടുക്കനായി മാതൃകാ വിദ്യാര്‍ത്ഥി വാണരുളുന്ന കാലം....

ഹരി സാര്‍ മാതൃകാ വിദ്യാര്‍ത്ഥിയുടെ ഹിന്ദി മാഷ്. ഹിന്ദി മാഷ് എന്നതിലുപരി മാതൃകാ വിദ്യാര്‍ത്ഥിയുടെ അയല്‍ക്കാരനും. അയല്‍ക്കരന്‍ എന്നുള്ള പരിഗണയൊന്നും മാഷിന്റെ വള്ളി ചൂരല്‍ മാതൃകാ വിദ്യാര്‍ത്ഥിയോട് കാട്ടിയിരുന്നില്ല. പാവം മാഷ്. അയല്‍ക്കാരനല്ലേ വെറുതേ വിട്ടേക്കാം എന്ന സഹാനുഭൂതിയൊന്നും മാതൃകാവിദ്യാര്‍ത്ഥിക്കും ലവലേശമില്ല തന്നെ. കിട്ടുന്നിടത്തൊക്കെ വെച്ച് മാതൃകാ വിദ്യാര്‍ത്ഥി മാഷിനെ ഉപദ്രവിക്കാന്‍ മറന്നില്ല.

ഹിന്ദി വ്യാകരണം പഠിപ്പിക്കുന്നതിനടക്ക് മാഷ് അടിക്കടി ഉപയോഗിക്കുന്ന ഒരു പ്രയോഗം ഉണ്ട്.

“കാ” / “കെ” / “കി” (ഹിന്ദിയില്‍) അതിനെ “ന്റെ” “ഉട” “ഉള്ള” എന്ന് മലയാളത്തില്‍...

അതായത് “ കാ കെ കി / ന്റെ ഉട ഉള്ള” എന്ന് മാഷ് ഒഴിക്കില്‍ വേഗത്തില്‍ പറഞ്ഞ് പോകും. മാതൃകാ വിദ്യാര്‍ത്ഥി മാഷിനെ എവിടെ കണ്ടാലും “കാ കെ കി...ന്റെ ഉട ഉള്ള” എന്ന് ഉച്ചത്തില്‍ വിളിച്ച് പറഞ്ഞിട്ട് എങ്ങോട്ടെങ്കിലും മറയും. ഇതങ്ങിനെ തുടരുന്ന കാലം ഒരുദിനം ക്ലാസില്‍ മാഷ് പഠിപ്പിച്ച് കൊണ്ടിരിക്കേ ബോര്‍ഡിലെഴുതാനായി തിരിഞ്ഞതും മാതൃകാ വിദ്യാര്‍ത്ഥി ക്ലാസ് കിടുങ്ങും വിധം വിളിച്ചു പറഞ്ഞു...

“കാ..കെ..കി...ന്റെ...ഉട...ഉള്ള”

മാഷിന്റെ ചൂരല്‍ മാതൃകാ വിദ്യാര്‍ത്ഥിയുടെ കയ്യില്‍ പുളഞ്ഞ് വീണു. കൊടുക്കാനുള്ളതെല്ലാം നിര്‍ലോഭം കൊടുത്ത് മാഷ് എഴുതാനായി ബോര്‍ഡിലേക്ക് തിരിയവേ...

“കാ..കെ..കി...ന്റെ...ഉട...ഉള്ള”

വീണ്ടും ക്ലാസില്‍ മുഴങ്ങി...മാഷിന്റെ ചൂരല്‍ ഇപ്പോള്‍ വീണത് മാതൃകാ വിദ്യാര്‍ത്ഥിയുടെ തുടയില്‍. കിട്ടിയത് സന്തോഷത്തോടെ ഏറ്റ് വാങ്ങി ഇരിപ്പിടത്തിലേക്ക് മാതൃകാ വിദ്യാര്‍ത്ഥി മടങ്ങിയെത്തി. നോക്കുമ്പോള്‍ മാഷ് വീണ്ടും ബോര്‍ഡിലേക്ക് തിരിഞ്ഞ് നിന്ന് എഴുതുന്നു. മാതൃകാ വിദ്യാര്‍ത്ഥിക്ക് അടങ്ങിയിരിക്കാന്‍ പറ്റുമോ? വീണ്ടും മുഴങ്ങി...

“കാ..കെ..കി...ന്റെ...ഉട...ഉള്ള”

ക്ലാസ് ആര്‍ത്തു ചിരിച്ചു. മാഷിന്റെ മുഖം കോപം കൊണ്ട് ചുവന്നു വിറച്ചു. തല്ലു വാങ്ങി കൂട്ടാനായി സര്‍വ്വ മനസ്സോടെ നിന്ന മാതൃകാ വിദ്യാര്‍ത്ഥിയെ നോക്കി മാഷലറി...

“നിന്റെ പിതാവങ്ങ് പേര്‍ഷ്യലല്ലേ...ജീവിക്കാന്‍ നീയും പേര്‍ഷ്യയില്‍ പോകേണ്ടി ഒരിക്കല്‍... അന്ന് നീ ഹിന്ദിയുടെ വില അറിയും...ഈ ജന്മം നിനക്ക് ഹിന്ദി പഠിക്കാന്‍ കഴിയില്ല...”

മാഷ് ചൂരലും വലിച്ചെറിഞ്ഞ് ഓഫീസ് റൂമിലേക്ക് കൊടുങ്കാറ്റായി പാഞ്ഞു പോയി.

അതേ...ഇപ്പോള്‍ പതിനഞ്ച് വര്‍ഷമായി പ്രവാസത്തില്‍ ഹിന്ദി ഇന്നും എന്നില്‍ നിന്നും എത്രയോ അകലെ...ഹിന്ദി സംസാരിക്കുന്നവരോടിടപഴകേണ്ടി വരുമ്പോള്‍ “അയാളെന്താ പറഞ്ഞേ” എന്ന് അടുത്ത് നില്‍ക്കുന്ന മലയാളിയോട് ചോദിക്കേണ്ടി വരുന്ന ഒരോ നിമിഷവും ഞാന്‍ ഹരി സാറിന്റെ കോപം കൊണ്ട് ജ്വലിക്കുന്ന മുഖം കാണുന്നു...ഇരുപത്തി മൂന്ന് വര്‍ഷത്തിന് ശേഷവും...

മാഷോട് ഒരേറ്റ് പറച്ചിലിനോ മാപ്പപേക്ഷിക്കലിനോ അവസരമേതുമില്ലാതെ ഗുരുശാപം ഈ ജന്മമെങ്ങനെ വിട്ടൊഴിയാന്‍..

13 comments:

അഞ്ചല്‍കാരന്‍ said...

അദ്ധ്യാപക ദിനത്തിന് പോസ്റ്റണം എന്ന് കരുതിയത്.

സഹയാത്രികന്‍ said...

സാരല്ല്യ... ഒക്കെ ഓരോ യോഗാ മാഷേ...

ഈ ഏറ്റു പറച്ചില്‍ തന്നെ ഒരു വല്ല്യ കാര്യാ...

'മാം = അമ്മ 'എന്നു വച്ച് ഒന്നേന്നു തുടങ്ങിക്കൊള്ളൂ...എല്ലാം മംഗളമാകും.

ബയാന്‍ said...

ഹിന്ദി മാഷും ടീചറും എവിടെയും പ്രശ്നക്കാരായിരുന്നു എനിക്കും; - കല്‍- എന്നാല്‍ ഇന്നലെയുമാണു-നാളെയുമാണു- എന്റെ ഹിന്ദി അഭ്യാസം ഇവിടം കൊണ്ടു തീര്‍ന്നു.

SAJAN | സാജന്‍ said...

അതൊന്നും സാരമില്ല അഞ്ചല്‍‌സേ, മാഷ് അങ്ങനെ പറഞ്ഞതുകൊണ്ടാണ് ഹിന്ദി വഴങ്ങാത്തതെന്നുള്ള ചിന്ത ആദ്യമേ കളയുക!എന്നിട്ട് ധൈര്യപൂര്‍വം ശ്രമിക്കുക നടക്കാത്തതായി ഒന്നുമില്ല:)

Satheesh :: സതീഷ് said...

സാജന്‍ പറഞ്ഞതേ എനിക്കും പറയാനുള്ളൂ - മാഷ് അങ്ങനെ പറഞ്ഞതുകൊണ്ടാണ് ഹിന്ദി വഴങ്ങാത്തതെന്നുള്ള ചിന്ത ആദ്യമേ കളയുക.
എന്‍‌ജീനിയറിംഗിന്‍ കിട്ടിയാല്‍ കൈവെള്ളയില്‍ നിന്ന് രോമം പിഴുതെടുക്കാംന്ന് വെല്ലുവിളിച്ച ഒരു ടീച്ചറ് എനിക്കും ഉണ്ടായിരുന്നു!. Entrance റിസള്‍ട്ട് വന്നപ്പോള്‍ ആദ്യം മിഠായി കൊടുത്തത് ആ ടീച്ചര്‍ക്ക് തന്നായിരുന്നു! :)

എന്റെ ഉപാസന said...

പേര്‍ഷ്യക്കാരൊക്കെ മലയാളം പഠിച്ചില്ലെ ഇപ്പോള്‍. എല്ല മലയാളികളും അവിടെയല്ലെ.
:)
സുനില്‍

മന്‍സുര്‍ said...

പ്രിയ അഞ്‌ചല്‍കാരാ
ഒരു എറ്റുപറച്ചില്‍ അല്ലെങ്കില്‍ ബാല്യ ഓര്‍മ്മകളില്‍ ഒഴുകുന്ന നിന്‍റെ മനസ്സ്‌ എന്തായാലും
ഈ പ്രവാസ ജീവിതത്തില്‍ ഓര്‍ക്കാന്‍ ഓമ്മനിക്കാന്‍ കൂട്ടായ്‌ ഈ ഓര്‍മ്മകള്‍ മാത്രം സ്വന്തം

ഞാന്‍ പണ്‌ട് ബാംഗ്‌ളൂരില്‍ പഠിച്ചത് എത്ര നന്നായി അല്ലേ.

നന്‍മകള്‍ നേരുന്നു

മന്‍സൂര്‍,നിലംബൂര്‍

സുനീഷ് തോമസ് / SUNISH THOMAS said...

:)

ആലപ്പുഴക്കാരന്‍ said...

:)

സിമി said...
This comment has been removed by the author.
സിമി said...

ക്യാ ബാത്ത് ഹേ. മാഷ് മാഫി സരൂര്‍ ദേഗാ. മുന്‍ഷി ലോഗ് വിദ്യാര്‍ത്ഥി കോ സിര്‍ഫ് പ്യാര്‍ ദേത്താഹേ. ശാപ്നഹി ദേത്താ ഭായ്. തും ഫിഗര്‍ മത് കരോ. സംഭാല്‍ക്കേ ടാക്സി ഡ്രൈവര്‍ സേ ധോടി ധോടി ബാത് കരോ. വോ തുംഹേം അച്ഛി ഹിന്ദി ഓര്‍ ഉര്‍ദു സംഛായേഗാ.

മേരാ ഭാരത് മഹാന്‍
സിമി.

അഞ്ചല്‍കാരന്‍ said...

.....“അയാളെന്താ പറഞ്ഞേ” എന്ന് അടുത്ത് നില്‍ക്കുന്ന മലയാളിയോട് ചോദിക്കേണ്ടി വരുന്ന....

സിമി എന്നതാ പറഞ്ഞേ?

ഓ.ടോ: എന്നാ പറ്റിയേ ഒരു വിടപറച്ചിലും മടങ്ങി വരവും ഒക്കെയായി?

മുസിരിസ് said...

എന്റെ മാഷെ...
ഒരു വിഷമം വിചാരിക്കണ്ടാ, സ്വന്തം മാതൃഭാഷ പഠിച്ചിട്ട് മറന്നവര്‍ ഒത്തിരിയുള്ളപ്പോള്‍ എന്തിനാ വിഷമിക്കുന്നത് ഹെ!?

ഒരു ശാപവുമില്ല...

എന്തായാലും മലയാളം മറക്കില്ലല്ലോ അതുമതി...


അജിത്ത്