Sunday, November 18, 2007

പഴഞ്ചൊല്ലിലെ പതിരുകള്‍

“പഴഞ്ചൊല്ലില്‍ പതിരില്ല” എന്ന പഴഞ്ചൊല്ല് തന്നെ പതിരല്ലേ? പഴഞ്ചൊല്ലുകളിലൂടെ ഒന്നു കറങ്ങി വന്നപ്പോള്‍ മിക്ക ചൊല്ലുകളും യുക്തിക്ക് നിരക്കുന്നതോ സത്യ സന്ധമോ അല്ലാ‍ എന്ന തോന്നലിലാണ് ഞാനെത്തിയത്. ഈ തോന്നല്‍ എന്റേത് മാത്രമാണോ എന്നറിയാനുള്ള ഒരു അന്വോഷണമാണീ പോസ്റ്റ്.

1. “ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം.”
എങ്ങിനെയാണോ ആവോ ഒരാള്‍ക്കുപോലും കിടക്കാന്‍ കഴിയാത്ത ഉലക്കമേല്‍ ഒരുമയുണ്ടെങ്കില്‍ ഒന്നിച്ച് കിടക്കാന്‍ കഴിയുക? ഈ പഴഞ്ചൊല്ലുണ്ടാക്കിയോനെ ഉലക്കക്ക് അടിക്കണം.

2. “അധികമായാല്‍ അമൃതും വിഷം.”
വിഷം സത്യമാണ്. അമൃത് മിത്യയും. അമൃത് എന്നൊരു സാധനം എത്രവരെ കഴിക്കാം എന്നതിന് ആരെങ്കിലും ഒരു അളവ് പറയണമെങ്കില്‍ അത് കണ്ട ആരെങ്കിലും ഉണ്ടാകണം. മിത്ത് മാത്രമായ ഒരു സംഗതിയെ പരമസത്യമായ വിഷവുമായി എങ്ങിനെ കൂട്ടികെട്ടാന്‍ കഴിയും? അല്ലെങ്കില്‍ തന്നെ വയര്‍ നിറയും വരെയല്ലേ ഒരാള്‍ക്ക് എന്തെങ്കിലും കഴിക്കാന്‍ കഴിയുള്ളൂ. ഏതെങ്കിലും തരത്തില്‍ ആരോഗ്യത്തിന് ഹാനീകരമാകാത്ത ഒരു വസ്തു എത്ര കഴിച്ചാലും വിഷമാകുന്നതെങ്ങിനെ?

3. “മൂത്തവര്‍ ചൊല്ലും മുതു നെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും.”
തലമുതിര്‍ന്നവര്‍ പറയുന്നതെല്ലാം ശരിയാകുമോ? വകതിരിവില്ലാത്ത എത്രയോ കാര്‍ന്നോന്മാര്‍ നമ്മുക്ക് ചുറ്റും ഉണ്ട്. വാ തുറന്നാല്‍ പരമാബദ്ധം മാത്രം വിളമ്പുന്ന ഒരു “മൂത്തവന്‍” തരുന്ന നെല്ലിക്ക കാഞ്ഞിരക്കുരു പോലെ ആദ്യവും അവസാനവും നടുക്കും എപ്പോഴും കയ്ക്കുകയല്ലേ ഉള്ളൂ?

4. “നായയുടെ വാല് പന്തീരാണ്ട് കൊല്ലം കുഴലിലിട്ടാലും വളഞ്ഞ് തന്നെ”.
നായയുടെ വാല് നിവരാന്‍ നായയെ പട്ടിണിക്കിട്ടാല്‍ പോരെ? എന്തിനാ വാല് കൊണ്ടു പോയി കുഴലിലിടുന്നത്?

5. “വരാനുള്ളതൊന്നും വഴിയില്‍ തങ്ങില്ല.”
ഇങ്ങോട്ടു വരുന്നതിന് വഴി തെറ്റില്ല. ശരി തന്നെ. എങ്കില്‍ പിന്നെ നമ്മുക്ക് വഴിമാറിയങ്ങ് നടന്നാല്‍ പോരെ. വല്ല കുഴപ്പവും ഉണ്ടാകുമോ?

6. “പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും.”
ചെവികേള്‍ക്കാതാക്കിയ ദൈവമല്ലേ പൊട്ടനെ ആദ്യം ചതിച്ചത്. അപ്പോ പിന്നെ ഒന്നാം പ്രതിയായ ദൈവം രണ്ടാം പ്രതിയെ എന്നാ ചെയ്യുമെന്നാ?

7. “കൊല്ലകുടിയില്‍ സൂചി വില്പനയോ?”
കൊല്ലന് തയ്ക്കാനൊരു സൂചി മറ്റൊരാളുടെ പക്കല്‍ നിന്നും വാങ്ങിയാല്‍ പോലീസ് പിടിക്കൂന്നുമില്ലല്ലോ?

8. “അടി തെറ്റിയാല്‍ ആനയും വീഴും”
വഴിയില്‍ ചതിക്കുഴി കുഴിച്ച് ആനയെ അതില്‍ വീഴ്തിയിട്ട് ഈ ചൊല്ലും ചൊല്ലിക്കോണ്ടിരുന്നിട്ട് എന്നാ കാര്യം. ശ്രദ്ധിച്ച് നടക്കാന്‍ ആനക്കറിയാം. ചതിക്കുഴി കുഴിക്കാതിരുന്നാല്‍ ആന വീഴുകയും ഇല്ല. പിന്നെ മര്‍മ്മത്തടി കൊണ്ടാല്‍ ആനയല്ല ഈച്ചയും വീഴും.

9. “തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല”
ലോകത്ത് ഇന്ന് വരെ എന്തെങ്കിലും തീയില്‍ കുരുത്തിട്ടുണ്ടോ? ഇന്നലെ വരെ ഉണ്ടാകാത്ത ഒരു സംഗതി ഇന്നെങ്ങിനാ വെയിലത്ത് വെക്കാന്‍ കഴിയുക-വാടുന്നോന്നറിയാന്‍?

10. “കൊടുത്താല്‍ കൊല്ലത്തും കിട്ടും”.
എന്തൂരം കൊടുത്തിരിക്കുന്നു. ഇന്നി കിട്ടാന്‍ കൊല്ലത്ത് എവിടാ വരേണ്ടുന്നത്?

11. “അമ്മ വേലി ചാടിയാല്‍ മകള്‍ മതില് ചാടും”
അമ്മക്ക് മകളില്ല. മകന്‍ മാത്രമേയുള്ളൂ. അങ്ങിനെയാകുമ്പോള്‍ മകന്‍ മതില്‍‍ ചാടുന്നതില്‍ കുഴപ്പമില്ലായിരിക്കും അല്ലേ? ഇരട്ടത്താപ്പ് പഴം ചൊല്ലിലും..

12. “മെല്ലെത്തിന്നാല്‍ പനയും തിന്നാം”
ഓ..പിന്നെ. ഇത്തിരി പതുക്കെയായാല്‍ പന തിന്നൊന്ന് കാട്ടാമോ? ഇത്തിരി പുളിക്കും.

13. “അല്പനൈശ്വര്യം വന്നാല്‍ അര്‍ദ്ധരാത്രിയും കുട പിടിക്കും”
സാധാരണ മഴയത്താ കുട പിടിക്കുക. അല്ലെങ്കില്‍ വെയിലില്‍ നിന്നും രക്ഷപ്പെടാന്‍. രാത്രി വെയിലില്ല. സമ്മതിച്ചു. മഴയും ഇല്ല. മഞ്ഞുള്ള രാത്രി കുടപിടിച്ച് പോകുന്നവനെയും നമ്മുക്ക് അല്പനെന്ന് വിളിക്കാന്‍ കഴിയുമോ?

14. “തള്ള ചവിട്ടിയാല്‍ കുഞ്ഞിന് കേടില്ല.”
ഒന്നു ചവിട്ടി നോക്ക്. അപ്പോള്‍ കാണാം കളി.

15. “നായ നടുക്കടലില്‍ ചെന്നാലും നക്കിയേ കുടിക്കൂ”
പിന്നേയ്...മുങ്ങിചാവാന്‍ പോകുന്ന നായ കുടിക്കുന്നത് നക്കിതന്നെയായിരിക്കുമേ. ഹോ..ആരാണോ ആവോ ഈ ചൊല്ല് കണ്ടു പിടിച്ച മഹാന്‍?

16. “കുന്തം പോയാല്‍ കുടത്തിലും തപ്പണം”
കുന്തം കണ്ടില്ലാന്ന് പറഞ്ഞ് കുടത്തില്‍ തപ്പുന്നവനെ കൂടുതല്‍ താമസിയാതെ ഭ്രാന്താശുപത്രിയില്‍ തപ്പാം.

17. “വേണോങ്കില്‍ ചക്ക വേരേലും കായിക്കും”
വേരില്‍ ചക്ക കായിക്കുന്നത് അപൂര്‍വ്വമായ ഒരു പ്രതിഭാസമൊന്നുമല്ല. പക്ഷേ ചക്ക വേരില്‍ കായിച്ചാല്‍ പെട്ടെന്ന് കൊഴിഞ്ഞു പോകുമെന്ന് മാത്രം. വിളയാതെ കൊഴിയുന്ന ചക്ക ആര്‍ക്കെങ്കിലും എന്തെങ്കിലും ഗുണം ചെയ്യുമോ?

18. “കുരക്കും പട്ടി കടിക്കില്ല.”
ദേണ്ടെ വീണ്ടും നായ. ഈ ചൊല്ല് അറിയാവുന്ന പട്ടിയാണേല്‍ കുഴപ്പമില്ല. അല്ലേല്‍ കുരച്ചു കൊണ്ട് തന്നെ പട്ടി കടി പറ്റിക്കും. അനുഭവത്തീന്ന് പറയുവാന്നേന്ന് കൂട്ടിക്കോളീന്‍...

19. “പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍”
കേരളാ നിയമസഭയെ ഒഴിച്ച് നിര്‍ത്തിയാണെല്‍ ശരിയാകുമെന്ന് തോന്നുന്നു.

20. “അപ്പം തിന്നാല്‍ പോരെ? കുഴിയെണ്ണണോ?”
വേറെ പണിയൊന്നുമില്ലാതെ ചൊറിയും കുത്തിയിരിക്കുന്നോന്‍ കുഴിയെണ്ണി അപ്പം തിന്നാല്‍ എന്താ കുഴപ്പം. ഇതു പോലത്തെ പോസ്റ്റൊക്കെയിട്ട് ഈച്ചയാട്ടി വായനക്കാരന്റെ തലചൂടാക്കുന്നതിലും ഭേതമല്ലേ രണ്ടപ്പം ഉണ്ടാക്കി അതിന്റെ കുഴിയെണ്ണി പതുക്കെ തിന്നുന്നത്? അത്രേം നേരം ശല്യം ഒഴിഞ്ഞ് കിട്ടൂല്ലേ?

കഴിഞ്ഞ കുറേ നാളായി മനസ്സില്‍ കെട്ടിപ്പിണിഞ്ഞ നില്‍ക്കുന്ന ചില “ബുദ്ധിപരമായ” സംശയങ്ങളാണ്. ഇതൊരുസുഖമാണോ ബൂലോകരേ...

20 comments:

അഞ്ചല്‍ക്കാരന്‍ said...

പഴം ചൊല്ലില്‍ പതിരില്ല” എന്ന പഴം ചൊല്ല് തന്നെ പതിരല്ലേ? പഴം ചൊല്ലുകളിലൂടെ ഒരു യാത്ര നടത്തിയപ്പോള്‍ മിക്ക പഴം ചൊല്ലുകളും യുക്തിക്ക് നിരക്കുന്നതോ സത്യ സന്ധമോ അല്ലാ‍ എന്ന തോന്നല്‍ എനിക്ക് മാത്രമാണോ എന്നറിയാനുള്ള ഒരു അന്വോഷണമാണീ പോസ്റ്റ്.

ഏ.ആര്‍. നജീം said...
This comment has been removed by the author.
ഏ.ആര്‍. നജീം said...

ഹഹാ അഞ്ചല്‍ക്കാരാ, ഇത്രയൊക്കെ ചിന്തിച്ചു കൂട്ടിക്കളഞ്ഞല്ലോ..

ചന്തു പാവമായായിരുന്നു എന്ന്‍ MT യുടെ മനോഹര രചനയില്‍ നമ്മള്‍ പൂര്‍‌ണ്ണമായും വിശ്വസിപ്പിച്ചത് പോലെ..

ഈ കടങ്കഥകള്‍ മുഴുവന്‍ പതിരാണ് എന്ന് ഇപ്പൊ ഞങ്ങള്‍ അങ്ങ് വിശ്വസിക്കുന്നു..

ദിലീപ് വിശ്വനാഥ് said...

ഇതു കുറെ കഷ്ടപെട്ടിട്ടുണ്ടല്ലോ സാറേ? എന്തായാലും മോശമായില്ല. എന്നാലും ഒരു കാര്യം ഓര്‍ത്തോ. “മൂത്തവര്‍ ചൊല്ലും മുതു നെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും.”
ഇതൊക്കെ ഇപ്പോള്‍ കയ്ക്കുമെന്കിലും പിന്നെ എപ്പോഴെങ്കിലും മധുരിക്കും കേട്ടോ.

നന്നായിട്ടുണ്ട്.

മൂര്‍ത്തി said...

പരസ്പരവിരുദ്ധമായ കുറച്ച് ആംഗലേയ ചൊല്ലുകള്‍ കൂടി ഇരിക്കട്ടെ..ചുമ്മാ ഒരു കമ്പനിക്ക്..

Wise men think alike.
Fools seldom differ.

Slow and steady wins the race.
Time waits for no man.

Doubt is the beginning of wisdom.
Faith will move mountains.

You are never too old to learn.
You can't teach an old dog new tricks.

Absence makes the heart grow fonder.
Out of sight out of mind.

Too many cooks spoil the broth.
Many hands make light work.

Anonymous said...

അഞ്ചല്‍ക്കാരാ,
പഴഞ്ചൊല്ലുകളൊന്നും നേരര്‍ത്ഥത്തിലല്ല എടുക്കേണ്ടത്.സാന്ദര്‍ഭികമായും ആപേക്ഷികമായും ഇവയൊക്കെ ശരിയവുന്നുണ്ട് എന്ന് ആ രീതിയില്‍ ചിന്തിച്ചാല്‍ കാണാനാവും.പലതും indirect ആയിട്ടാണ് പ്രയോഗിച്ചിരിക്കുന്നത് എന്നത്കൊണ്ടാണ് ഇങ്ങനെ തോന്നുന്നത്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എന്താ പറ്റിയെ??????????

Siju | സിജു said...

അവസാനം പറഞ്ഞതാ സത്യം.. കുഴിയെണ്ണുന്നത് :-)

Visala Manaskan said...

പ്രിയ അഞ്ചത്സേ,

പഴഞ്ചോല്ലുകള്‍ പലതും ആലങ്കാരിക ആശയങ്ങളല്ലേ.. ‘ആനക്കെന്തിനാ വാറ് ട്രൌസര്‍?‘ എന്നതിന്, ഏതെങ്കിലും ആന എന്നെങ്കിലും ട്രൌസറിട്ടു കണ്ടിട്ടുണ്ടോ? എന്ന് ചോദിക്കലില്ല.(ബാക്കിയെല്ലാം ഷഡിയാണിടുക എന്നര്‍ത്ഥത്തിലല്ല) :))

മൂത്തവര്‍ എന്നത് ‘എക്സ്പീരിയന്‍സ്ഡര്‍‘ എന്നര്‍ത്ഥത്തിലല്ലേ??

പിന്നേയ്, പഴഞ്ഞൊല്ലില്‍ സാധാരണ പതിരുണ്ടാകില്ല! നെല്ലിലേ പതിരുണ്ടാകൂ!! ‘നെല്ലും പതിരും ഒരു കുടുംബം..ഒരു കുടുംബം’ എന്ന പാട്ട് കേട്ടിട്ടില്ലേ??

:) ഹവ്വെവര്‍, സംഗതി ഇഷ്ടായി ട്ടാ.

അഭയാര്‍ത്ഥി said...

ഇതിന്റെ അഫര്‍മേറ്റീവ്സ്‌ കൊടുക്കുന്നു. അശ്ലീലമല്ലാ അഫര്‍മേറ്റീവ്‌

ഒരുമ്മയുണ്ടെങ്കില്‍ മുല്ലാക്ക മേല്‍ കിടക്കും.

അധികമയാല്‍ അമൃതയും വിഷം.

മൂത്താരു മുതു നെല്ലിക്ക ആദ്യം കശക്ക്കും പിന്നെ കടിക്കും.

നായരുടെ കോല്‌ ആയിരമളന്നാലും വളഞ്ഞ്രിക്കും.

വരാനുള്ളത്‌ വഴിയില്‍ താങ്ങരുത്‌

പൊട്ടനെ ചെട്ടി ചാടിച്ചാല്‍ ചെട്ടിച്ചിയെ പൊട്ടന്‍ ചാടിക്കും.

കള്ളുകടയില്‍ കൗടി വില്‍പ്പനയുമോ?.

അടിതെറ്റിയാല്‍ അന്നയും വീഴും

തിരുകി കറുത്തത്‌ കയ്യില്‍ വെളുക്കില്ല.

കൊടുത്താല്‍ കൊല്ലത്തും കാശൂ കിട്ടും.

അമ്മാളു ഹൈജമ്പ്‌ ചാടിയാല്‍ മോളി പോള്‍ വാള്‍ട്ട്‌ ചാടും

മെല്ലെ തന്നാല്‍ ചൗനിയും തിന്നാം

അല്‍പ്പന്ന്‌ ആശ്ചര്യം വന്നാല്‍ അര്‍ദ്ധരാത്രിക്ക്‌ തുണി പിടിക്കും.
തള്ളകളെ കുഞ്ഞന്‍ ചവിട്ടാറില്ല.

നായ നടുവളഞ്ഞ്‌ നക്കിയെകുടിക്കു

കുടത്തില്‍ പോയ കുന്തം തുപ്പണം.

വേണോങ്കില്‍ ചക്ക വേരോടെ കാണാം

കോര്‍ക്കും പടി കിടക്കില്ല

പലനാള്‍ കള്ളാം ഒരു നാള്‍ പിടിക്കാം

അപ്പം തിന്നല്‍ പോര കുഴി അളക്കണം

ഹരിശ്രീ said...

അഞ്ചല്‍കാരാ,

പഴഞ്ചൊല്ലില്‍ പതിരില്ലാല്ലേ...

അന്വേഷണം കൊള്ളാം...

ആവനാഴി said...

അഞ്ചല്‍ക്കാരാ, അഞ്ചല്‍ക്കാരാ

നല്ല നിരീക്ഷണങ്ങള്‍!

പക്ഷെ, ഒരെണ്ണം തെറ്റി.

[“വേണോങ്കില്‍ ചക്ക വേരേലും കായിക്കും”
വേരില്‍ ചക്ക കായിക്കുന്നത് അപൂര്‍വ്വമായ ഒരു പ്രതിഭാസമൊന്നുമല്ല. പക്ഷേ ചക്ക വേരില്‍ കായിച്ചാല്‍ പെട്ടെന്ന് കൊഴിഞ്ഞു പോകുമെന്ന് മാത്രം. വിളയാതെ കൊഴിയുന്ന ചക്ക ആര്‍ക്കെങ്കിലും എന്തെങ്കിലും ഗുണം ചെയ്യുമോ?]

ചക്ക വേരില്‍ കാക്കും; അതു മൂത്തു പറിച്ചു കൂട്ടാന്‍ വക്കാം. പഴുത്താല്‍ തിന്നുകയും ആവാം.

എന്റെ അമ്മാവന്റെ വീട്ടില്‍ ഒരു പ്ലാവുണ്ടായിരുന്നു. ഭ്രാന്തുപിടിച്ചു കായ്ക്കുമായിരുന്നു ആ മരം. വേരു മുതല്‍ ശീര്‍ഷം വരെ. വേരില്‍ ഉണ്ടാകുന്ന ചക്കകള്‍ നിലത്തു തിരശ്ചീനതലത്തില്‍ കിടന്നു മൂക്കും. അവയുടെ ചവണികള്‍ക്കുപോലും പഴുത്താല്‍ സ്വര്‍ണ്ണനിറമായിരുന്നു.

സസ്നേഹം
ആവനാഴി.

പ്രയാസി said...

കൊള്ളാം..:)

ബാജി ഓടംവേലി said...

നല്ല അന്വേഷണം

പഴഞ്ചൊല്ലിലൂടെ പറയാന്‍ ഉദ്ദേശിച്ച ആശയങ്ങള്‍ നല്ലതാണ്.(വാക്കുകളുടെ അര്‍ത്ഥം കാര്യമാക്കണോ?)

ഞാന്‍ ഇരിങ്ങല്‍ said...

അഞ്ചല്‍ക്കാരന്‍ റെ ഈ കുറിപ്പ് വായിച്ചപ്പോള്‍ ഒരു കാര്യം ഉറപ്പായി ഒരിക്കല്‍ പോലും വരികളല്ലാതെ വരികള്‍ക്കിടയില്‍ വായിക്കാന്‍ താങ്കള്‍ക്ക് കഴിയില്ലെന്ന്.
വിശാല മനസ്കന്‍ റെ കമന്‍ റ് വായിച്ച് മനസ്സിലാക്കുന്നത് താങ്കള്‍ക്ക് ഉപകാരപ്രദമാകും. വല്ലപ്പോഴും മൂത്തവര്‍ പറയുന്നത് കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുന്നത് ഗുണം ചെയ്യും.

അപ്പു ആദ്യാക്ഷരി said...

അഞ്ചലേ..അധികമായാല്‍ അമൃതും വിഷം!

തീരങ്ങള്‍ said...

“മൂത്തവര്‍ ചൊല്ലും മുതു നെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും.”

അലി said...

അക്ഷരങ്ങളുടെ അര്‍ത്ഥങ്ങള്‍ മാത്രം നോക്കിയാല്‍ ഒന്നും എഴുതാനും കഴിയില്ല... വായിക്കാനും.
വെറുതെ ഒരു വാദത്തിനു വേണ്ടി സമ്മതിക്കാം പഴഞ്ചൊല്ലുകളൊക്കെ പതിരാണെന്ന്..

വെറും വാക്കുകള്‍ മാത്രമായിരുന്നെങ്കില്‍ തലമുറകളിലൂടെ പകര്‍ന്ന് നമ്മുടെ നാവിന്‍‌തുമ്പിലെത്തില്ലായിരുന്നു.

Unknown said...

thaankal othiri chinthichu koottunnu mashe.. ithrakkokke vaeno, "Read between the lines" ennoru parachil undu athaanivide aavashyam
any how good work..

ദാമു said...

അഞ്ചൽ വിട്ടാൽ നെഞ്ചിൽ കേറും എന്നു പറഞ്ഞാലെന്താ?