Friday, November 30, 2007

എയര്‍ ഇന്‍ഡ്യാ എക്സ്പ്രസിന്റെ ചെപ്പടി വിദ്യ.

എയര്‍ ഇന്‍ഡ്യയുടെ ഗള്‍ഫ് മലയാളികളോടുള്ള ഇരട്ടത്താപ്പും പകല്‍കൊള്ളയും പലതലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ബജറ്റ് എയര്‍ ലൈന്‍ കൊണ്ടു വന്ന് ഗള്‍ഫ് മലയാളിയുടെ കഷ്ടതകള്‍ക്ക് പരിഹാരം കാണുമെന്ന് പറഞ്ഞ എയര്‍ ഇന്‍ഡ്യ താരതമ്യാന ചിലവ് കുറഞ്ഞ ടിക്കറ്റ് കൊടുത്ത് പ്രവാസീ മലയാളിയെ സേവിക്കുന്നതിന്റെ പിന്നാമ്പുറത്ത് കൂടിയുള്ള യാത്ര രസകരമാണ്. മൂന്ന് മാസം മുമ്പ് ബുക്ക് ചെയ്താല്‍ ഏറ്റവും കുറഞ്ഞ കൂലി. യാത്ര അടുത്തു വരുന്തോറും കൂലിയും കൂടി വരും. അവസാന ദിനങ്ങളില്‍ “പട്ടിണി വണ്ടിയിലെ” കൂലി “ശാപ്പാട് വണ്ടിയിലെ” കൂലിയോടൊപ്പമോ അല്ലെങ്കില്‍ അതിനേക്കാള്‍ കൂടുതലോ ആകും.

ഗള്‍ഫ് മേഖലയില്‍ അന്നം തേടുന്ന, കഞ്ഞിയും പായയും അടക്കം എണ്ണൂറ് ദിര്‍ഹം/റിയാല്‍ പ്രതിമാസ വേതനം പറ്റുന്ന അടിസ്ഥാന തൊഴിലാളി വര്‍ഗ്ഗത്തിനെ സഹായിക്കാനായി തുടങ്ങിയതാണ് കൊട്ടിഘോഷിക്കപ്പെട്ട “പട്ടിണി വണ്ടി” എന്നാണല്ലോ വെയ്പ്പ്. മൂന്ന് മാസം മുന്നേ അവധി അനുവദിച്ചു കിട്ടുന്ന ഏത് തൊഴിലാളിക്കാണ് കുറഞ്ഞ ചിലവില്‍ “പട്ടിണി വണ്ടിയില്‍” യാത്ര ചെയ്യാന്‍ കഴിയുക. മലയാളി മുതലാളിമാര്‍ പോലും തൊഴിലാളികളെ കൃത്യമായി മുന്ന് മാസം മുന്നേ അവധി പ്രഖ്യാപിച്ച് നാട്ടിലേക്കയക്കാനുള്ള മഹാമനസ്കതയൊന്നും കാട്ടാറില്ല. പിന്നല്ലേ അറബി മുതലാളിമാര്‍. ഇന്നി ഒരു ധൈര്യത്തില്‍ അടിസ്ഥാന തൊഴിലാളി മൂന്ന് മാസം മുന്നേ കേറി ടിക്കറ്റ് എടുത്തെന്നിരിക്കട്ടെ. അതേ ദിനം മുതലാളി യാത്ര മുടക്കിയാല്‍ ടിക്കറ്റെടുത്ത പണം സ്വാഹ.

ഇതിനും പുറമേയാണ് “പട്ടിണി വണ്ടിക്കാരുടെ” മറ്റൊരു തരികിടയും. ചുണ്ടക്ക കാല്പണം ചുമട്ടുകൂലി മുക്കാപ്പണമെന്ന് കേട്ടിട്ടില്ലേ. അതു അക്ഷരാര്‍ത്ഥത്തില്‍ അനുഭവിക്കാന്‍ കഴിയുന്നത് എയര്‍ ഇന്‍ഡ്യാ എക്സ്പ്രസിന്റെ “യാത്രക്കൂലി കാല്‍പ്പണം നികുതി മുക്കാല്‍ പണം” ആയി മാറുന്നിടത്താണ്. യാത്രാക്കൂലി കുറയുമ്പോള്‍ നികുതി ആനുപാതികമായി കൂടുന്ന ചെപ്പടി വിദ്യയിലൂടെ കൊട്ടും കുരവയുമായി പ്രവാസി മലയാളിയെ സേവിക്കാനെത്തിയ എയര്‍ ഇന്‍ഡ്യ എക്സ്പ്രസ് എന്ന “പട്ടിണി വണ്ടി” പ്രവാസത്തിന്റെ പിന്നാമ്പുറത്ത് നരകയാതന അനുഭവിക്കുന്നവന്റെ ചട്ടിയില്‍ കയ്യിട്ട് വാരുന്നത് എങ്ങിനെയാണെന്ന് നോക്കാം.


എമിരേറ്റ്സ് എയര്‍ ലൈന്‍സില്‍ ദുബായി അന്താരാഷ്ട്രാ എയര്‍പോര്‍ട്ടില്‍ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര പോകുന്നവന്‍ നികുതിയിനത്തില്‍ കെട്ടേണ്ടുന്നത് കേവലം അറുപത് ദിര്‍ഹം. കള്ളും വെള്ളവും ജ്യൂസും ബിസ്കറ്റും ബിരിയാണിയും എല്ലാമടക്കം യാത്രാക്കൂലി സ്വാഭാവികമായും കൂടുതല്‍ ആയിരിക്കുമെന്ന് പറയേണ്ടല്ലോ.


ഷാര്‍ജ്ജയില്‍ നിന്നും പുറപ്പെടുന്ന മൊറ്റൊരു “പട്ടിണി വണ്ടിയുമായി” നമ്മുക്ക് നമ്മുടെ “പട്ടിണി വണ്ടിയെ” താരതമ്യം ചെയ്യുകയാ ഇത്തിരിക്കൂടി ബുദ്ധിപരം. എയര്‍ അറേബ്യ നാഗ്‌പൂരെന്ന ഇന്‍ഡ്യന്‍ നഗരത്തിലേക്ക് പറക്കുന്നതിന് ഈടാക്കുന്ന നികുതി കേവലം നൂറ്റി നാല്പത് ദിര്‍ഹം. സംശയമുണ്ടെങ്കില്‍ ഇടത് വശത്ത് കാണുന്ന ടിക്കറ്റില്‍ ഒന്നു ക്ലിക്ക് ചെയ്ത് നോക്കിക്കോളൂ. യാത്രാക്കൂലിയും ഒന്നു മനസ്സില്‍ വെച്ചോളൂ പിന്നെ ആവശ്യം ആയി വരും.


ഇനി നമ്മുക്ക് നേരെ നമ്മുടെ സ്വന്തം പട്ടിണി വണ്ടിയിലേക്ക് വരാം. ഗള്‍ഫ് മലയാളിക്ക് നാട്ടിലേക്ക് കുറഞ്ഞ ചിലവില്‍ പറക്കാനേര്‍പ്പാടാക്കിയിരിക്കുന്ന എയര്‍ ഇന്‍ഡ്യാ എക്സ് പ്രസില്‍ നികുതിയും മറ്റും എന്ന കോളത്തില്‍ എഴുതിയിരിക്കുന്ന തുക മറ്റൊരു വിമാന കമ്പനിയുടെ ടിക്കറ്റിലും കാണാത്തത്ര ഉയരത്തിലുള്ളതാണ്. ഷാര്‍ജ്ജാവില്‍ നിന്നും കൊച്ചിയിലേക്ക് പറക്കാന്‍ ആളൊന്നുക്ക് ഇരുന്നൂറ്റി തൊണ്ണൂറ് ദിര്‍ഹം നികുതി കൊടുക്കണം. എമിരേറ്റ്സ് എയര്‍ ലൈന്‍സില്‍ കേവലം അറുപത് ദിര്‍ഹമായ നികുതി എയര്‍ അറേബ്യയില്‍ നൂറ്റി നാല്പത് ആയി ഉയര്‍ന്നു. എയര്‍ ഇന്‍ഡ്യാ എക്സ് പ്രസില്‍ അത് വീണ്ടും ഇരുന്നൂറ്റി തൊണ്ണൂറ് ആയി കുത്തനെ ഉയര്‍ന്നു. അതായത് യാത്രാക്കൂലി കുറയുമ്പോള്‍ നികുതി കൂട്ടുക!. ഇതെന്നാ പ്രതിഭാസം?

നാഗ്പൂരിലേക്ക് യാത്ര ചെയ്യാന്‍ ഇരുന്നൂറ്റി നാല്പത്തി ഒമ്പത് ദിര്‍ഹം എയര്‍ അറേബ്യ കൂലി ഈടാക്കുമ്പോള്‍ തിരുവനന്തപുരത്തേക്ക് യാത്ര പോകാന്‍ എയര്‍ ഇന്‍ഡ്യാ എക്സ്പ്രസ് ഈടാക്കുന്നത് നാണൂറ്റി നാല്‍പത്തി ഒമ്പത് ദിര്‍ഹം. കൂട്ടത്തില്‍ സേവനകൂലി എന്ന പേരില്‍ മറ്റൊരു പതിനെട്ട് ദിര്‍ഹവും. (എന്നതാണോ എന്തോ ഈ സേവനം?) കൂട്ടത്തില്‍ വേറെയാരും ഈടാക്കാത്ത നികുതിയും. ഈ എയര്‍പോര്‍ട്ട് ടാക്സ് എയര്‍പോര്‍ട്ട് ടാക്സ് എന്ന് പറയുന്ന സാധനം എയര്‍ ലൈന്‍ കമ്പനികള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം കൂട്ടാനും കുറക്കാനും കഴിയുന്ന സംഗതിയാണോ?

നമ്മുടെ സ്വന്തം പട്ടിണി വണ്ടി മറ്റു എയര്‍ലൈനുകള്‍ ഈടാക്കുന്നതിനേക്കാളും ഉയര്‍ന്ന നികുതി ഈടാക്കുന്നതിനുള്ള കാരണം അന്വോഷിച്ചപ്പോള്‍ കിട്ടിയ മറുപടിയും രസാവഹം തന്നെ. “എയര്‍ അറേബ്യ ഷാര്‍ജ്ജയുടെ വിമാനം ആയതു കൊണ്ട് അവര്‍ക്ക് കുറഞ്ഞ നികുതിയേ ഉള്ളൂ.” “എമിരേറ്റ്സിന്റെ നികുതി കുറയാനുള്ള കാരണം അത് ദുബായിയുടെ സ്വന്തം എയര്‍ലൈന്‍ ആയതു കൊണ്ട്.” അങ്ങിനെ വരുമ്പോള്‍ എയര്‍ ഇന്‍ഡ്യാ ഭാ‍രതാവിന്റെ സ്വന്തം എയര്‍ ലൈനല്ലേ എന്ന ഒടങ്കൊല്ലി ചോദ്യം അങ്ങോട്ട് ചോദിക്കുകയും ലൈന്‍ കട്ടാവുകയും ഒരേ നിമിഷം സംഭവിച്ചു.

പട്ടിണിവണ്ടിയില്‍ യാത്ര ചെയ്യുന്ന ഒരു ഹതഭാഗ്യന്, യാത്ര റദ്ദാ‍ക്കിയാല്‍ പണം പൊഹയാകുന്ന ടിക്കറ്റ് മൂന്ന് മാസം മുന്നേ മുങ്കുറായിട്ടെടുത്ത് കണ്ണിലെണ്ണയൊഴിച്ച് കാത്ത് കാത്തിരുന്ന് കള്ളും വെള്ളവും ഭക്ഷണവും ഉപേക്ഷിച്ച് യാത്ര പോയാല്‍ ലാഭിക്കാവുന്ന ചില്ലറകളെത്രയെന്ന് പട്ടിണി വണ്ടിയിലിരുന്ന് തന്നെ വിരലെണ്ണി നോക്കണം.എങ്കിലേ അതിന്റെ സുഖം ശരിക്കും അനുഭവിക്കാന്‍ കഴിയുള്ളൂ....

7 comments:

അഞ്ചല്‍ക്കാരന്‍ said...

എയര്‍ ഇന്‍ഡ്യാ എക്സ്പ്രസിന്റെ യാത്രാക്കൂലിയും എയര്‍പോര്‍ട്ട് ടാക്സും തമ്മിലുള്ള ബന്ധം അവിഹിതമാണ്.

മുക്കുവന്‍ said...

in us for travelling 6 hours flight, its about $250 round trip ticket. I guess, cochin-dubai charge should be less than that. why it is more.

here is two reasons I heard:

- there is no bussiness travellers in the segment. so they have to increase the price for low priced ticket.

- segment is opened for public. you need to get license from Govt to start a flight in that segment and bombay loby is not allowing this because that will reduce their revenue.


if the reason was second case, we have 20 MPs from kerala. whats the use of those idiots?

dont elect anyone those who served once and not raised this to parliment.

ബാജി ഓടംവേലി said...

നമ്മുടെ വണ്ടിയില്‍ കേറുന്നില്ലെന്ന് നമുക്കെന്താ തീരുമാനിച്ചുകൂടെ (ഞാനിതുവരെ കേറീട്ടില്ല ഇനിയൊട്ട് കേറാന്‍ ഉദ്ദേശിക്കുന്നുമില്ല). ഖത്തര്‍ എയര്‍‌വെയ്‌സും ശ്രീലങ്കന്‍ എയര്‍‌ലൈന്‍‌സും മറ്റും നല്ല സര്‍വ്വീസാണ് നല്‍‌കുന്നത്. പോകേണ്ട സമയത്ത് ഏറ്റവും ചാര്‍ജു കുറഞ്ഞ വണ്ടിക്ക് പോകുക (നമ്മുടെ വണ്ടി ഒഴിച്ച്‌ )

പ്രിയ ഉണ്ണികൃഷ്ണന്‍ said...

what to say???

കരീം മാഷ്‌ said...

അക്ഷരം പതി ശരിയാണ്.
എയര്‍ ഇന്ത്യാ എക്സ്പ്രസ്സ് നടപ്പിലായ വര്‍ഷം ടിക്കറ്റു തുകയെക്കാള്‍ ലഗേജു ചാര്‍ജു കൊടുത്തു പോകേണ്ട അവസ്ഥയുമുണ്ടായി.
ബഹിഷ്കരിച്ചതു കൊണ്ടു മാറ്റമുണ്ടാവുമോ എന്നു സംശയമാണ്.
പലരും ഇതൊന്നു നിന്നു കിട്ടാന്‍ വേണ്ടിയാണീ കളി കളിക്കുന്നത്.
പ്രതിഷേധം ശക്തമാക്കുക തന്നെ നല്ല വഴി.

ദേവന്‍ said...

ഇതാണു ടാക്സ്‌ തട്ടിപ്പ്‌:)

മൊത്തം വായിച്ചു കഴിഞ്ഞപ്പോള്‍ കൊച്ചി എയര്‍പ്പോര്‍ട്ടിന്റെ പാസഞ്ചര്‍ യൂസേര്‍സ്‌ ഫീ (പുതിയ എയര്‍പ്പോര്‍ട്ടല്ലേ, വേണേല്‍ അങ്ങനെ ചെയ്യാം) കൂടുതല്‍ ആണോ എന്ന് അറിയാന്‍ എമിറേറ്റ്സ്‌ ദുബായി കൊച്ചിയുടെ ടാക്സ്‌ നോക്കി, അറുപത്‌ ദിര്‍ഹം തന്നെ.

ഷാര്‍ജ്ജയിലും ദുബായിലും എയര്‍ അറേബ്യയ്ക്കും എമിറേറ്റ്സിനും ടാക്സില്‍ ഡിസ്കൌണ്ട്‌ കിട്ടുമെന്ന് പറഞ്ഞ മഹാനെ പൊങ്കാലയിട്ട്‌ അടിച്ചു കൊല്ലണം. ഏതു വിമാനത്തില്‍( സ്വന്തം വിമാനത്തില്‍ വന്നാല്‍ പോലും ) പാസഞ്ചര്‍ക്കു മേല്‍ അയാള്‍ ഡിപ്പാര്‍ട്ട്‌ ചെയ്യ്മ്പോള്‍ മുപ്പതു ദിര്‍ഹം ആണ്‌ യൂ ഇ ഈയിലെ PSC. ഇതില്‍ വത്യാസം വരുത്താനോ ഇളവു നല്‍കാനോ എയര്‍പ്പോര്‍ട്ടുകള്‍ക്ക്‌ അധികാരവുമില്ല, ഡിസ്ക്രിമിനേറ്ററി റേറ്റ്‌ പാടില്ലെന്ന് നിയമവുമുണ്ട്‌). (ടാക്സ്‌ ഇല്ലാതെ ഡിപ്പാര്‍ട്ട്‌ ചെയ്യാന്‍ മിലിട്ടറി, ഡിപ്ലോമാറ്റ്‌, അന്താരാസ്ട്ര മിഷന്‍- യൂ എന്‍, യുണെസ്കോ മാതിരി- എന്നീ വിമാനങ്ങളില്‍ പോകുന്നവര്‍ക്കു അത്രമേ കഴിയും) അറൈവിംഗ്‌ പാസഞ്ചര്‍ക്ക്‌ ടാക്സ്‌ ഇല്ല. വേറൊരുതരം ടാക്സും ചാര്‍ജ്ജ്‌ ചെയ്യാനും പാടില്ല. ബിള്‍ ഗേറ്റ്സ്‌ പോയാലും, മുപ്പതു കൊല്ലം ഷാര്‍ജ്ജയിലെ വേസ്റ്റ്‌ തൊട്ടിയില്‍ നിന്നും അന്നം കണ്ടെത്തിയ ഹനുമന്ത അംണെസ്റ്റിയില്‍ പോയാലും മുപ്പതു ദിര്‍ഹം തന്നെ ടാക്സ്‌ ഇവിടെ.


മുക്കുവാ,
ബഡ്ജറ്റ്‌ എയര്‍ലൈന്റെ ഫെയര്‍ ഡിമാന്‍ഡ്‌ ആനുസരിച്ച്‌ ദൈനം ദിനം മാറ്റാന്‍ അവകാശപ്പെട്ടതാണ്‌ , ലവര്‍ അതേല്‍ സര്‍ക്കസ്‌ കാണിച്ച്‌ പിഴച്ചു
പോയിക്കോളും. ഇതിനൊന്നും ബിസിനസ്സ്‌ ഫാസ്റ്റ്‌ ക്ലാസ്സ്‌ വിഭാഗങ്ങളുമില്ല.

സാധാരണ എയര്‍ലൈനില്‍( പ്രീമിയം കാരിയറില്‍) ടിക്കറ്റ്‌ റേറ്റ്‌ നിശ്ചയിക്കുന്നത്‌ ബോര്‍ഡ്‌ ഓഫ്‌ എയര്‍ ലൈന്‍ റെപ്രസന്റേറ്റീവ്സ്‌ എന്നൊരു സാധനം കൂടി ചര്‍ച്ച ചെയ്തിട്ടാണ്‌. ഈ ബാര്‍ തീരുമാനത്തിനു ഒരു പ്രോട്ടോക്കോള്‍ ഉണ്ട്‌. ഹോം കാരിയര്‍ നിശ്ചയിക്കുന്ന ഫുള്‍ ഫെയറിനെ ആരും അണ്ടര്‍ക്കട്ട്‌ ചെയ്യാന്‍ പാടില്ല, (ഡിസ്കൌണ്ട്‌ കൊടുക്കുകയേ ചെയ്യാവൂ. ) അതായത്‌ ദുബായി -കൊച്ചി ഫെയര്‍ എയര്‍ ഇന്ത്യയും എമിറേസ്റ്റും തീരുമാനിക്കുന്നത്‌ അനുസരിച്ച്‌ ഇരിക്കും. യൂ അേ ഈയില്‍ അടുത്ത കാലം വരെ ഹോം കാരിയര്‍ ഇല്ലായിരുന്നു, ദശാബ്ദങ്ങള്‍ എയര്‍ ഇന്ത്യ നിശ്ചയിച്ച വന്‍ തുക ആണ്‌ ടിക്കര്‍ ഫെയര്‍ ആയത്‌. ഇപ്പോള്‍ തുടങ്ങിയ യൂ ഏ ഈ ഹോം കാരിയറുകളും ആ ഉയര്‍ന്ന ചാര്‍ജ്ജ്‌ സന്തോഷപൂര്‍വ്വം അംഗീകരിച്ചു , വെറുതേ കിട്ടുന്ന കാശ്‌ കയ്ക്കുമോ. ചുരുക്കം- ദുബായില്‍ നിന്നും 4+4 എട്ട്‌ മണിക്കൂര്‍ യാത്ര ചെയ്ത്‌ കൊച്ചിയില്‍ പോയി വരാന്‍ എമിറേറ്റ്സില്‍ ഞാന്‍ കൊടുക്കേണ്ട ചാര്‍ജ്ജ്‌ (ഇപ്പോഴത്തേത്‌) 2630 ദിര്‍ഹം , 6.5+6.5 പതിമൂന്ന് മണിക്കൂര്‍ യാത്ര ചെയ്ത്‌ ജക്കാര്‍ത്തയില്‍ പോയ്‌ വരാന്‍ 2620 ദിര്‍ഹം. ആരു കാരണം? എയര്‍ ഇന്ത്യ :( . (ഇന്തോനേഷ്യ തിരഞ്ഞെടുക്കാന്‍ കാരണം ബിസ്‌ പാക്സ്‌ മൂവ്‌മന്റ്‌ കേരളത്തിലേക്കുള്ളതിന്റെ മൂന്നിലൊന്നു പോലും ഇവിടേയ്ക്ക്‌ ഇല്ലാത്തതുകൊണ്ട്‌ ആണ്‌)

asdfasdf asfdasdf said...

കൂട്ടമായി ബഹിഷ്കരിക്കുകമാത്രമാണ് പ്രതിവിധി. എയറിന്ത്യ ഏതു പുതിയ ഫ്ലൈറ്റ് കൊണ്ടുവരുമ്പോഴും അത് അമേരിക്കയിലേക്കോ യൂറോപ്പിലേക്കോ മാത്രം. ഗള്‍ഫീലേക്കില്ല. ഗള്‍ഫുകാര്‍ക്ക് പൊട്ടിപ്പൊളിഞ്ഞ സീറ്റുള്ളവ മാത്രം. ലങ്കയുടെ ഫ്ലൈറ്റുകള്‍ കണ്ടു നോക്കൂ.
പഴയ ഫ്ലൈറ്റുകള്‍ റിനവേറ്റ് ചെയ്തവയാണ് എയറ് ഇന്ത്യാ എക്സ്പ്രസായി വരുന്നവയില്‍ മിക്കവയും. എന്നിട്ട് വാങ്ങുന്നത് മറ്റുള്ളവരേക്കാള്‍ ഇരട്ടി.
കൂട്ടായ ഒരു ബഹിഷ്കരണം മാത്രമേ ഇതിനു രക്ഷയുള്ളൂ.