Wednesday, January 23, 2008

വിപണി കരടി പിടിയിലേക്ക്.

ഭാരതത്തിന്റെ മൂലധന വിപണിയില്‍ ഉണ്ടായിരിക്കുന്ന തകര്‍ച്ച താല്‍ക്കാലിമല്ല. രണ്ടായിരത്തി മൂന്നില്‍ തുടങ്ങിയ ആഗോള മൂലധന വിപണിയുടെ വളര്‍ച്ച തിരിച്ചടിയുടെ വക്കിലാണ്. കാരണം മറ്റൊന്നല്ല. ഇറാന്‍-അമേരിക്ക പ്രതിസന്ധി ഏപ്രിലോടുകൂടി ഏറ്റവും മോശമായ അവസ്ഥയിലേക്ക് മാറുകയും പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷ ഭരിതമാവുകയും ചെയ്യും എന്ന് ഏറ്റവും ആദ്യം മനസ്സിലാക്കുന്നത് ലോക വിപണിയെ നിയന്ത്രിക്കുന്ന കോര്‍പ്പറേറ്റ് ഭീമന്‍മാരാണ്. വൈറ്റ് ഹൌസ് പോലും തിരിച്ചറിയും മുമ്പ് എണ്ണയിലും സ്വര്‍ണ്ണത്തിലും മൂലധനവിപണിയിലും ഉണ്ടാകാന്‍ പോകുന്ന കയറ്റിറക്കങ്ങള്‍ മരത്തില്‍ കാണാന്‍ വിപണി നിയന്ത്രിക്കുന്നവര്‍ക്ക് കഴിയും. അല്ലെങ്കില്‍ ലോകത്ത് എന്ത് എപ്പോള്‍ എങ്ങിനെ നടക്കണം എന്ന് തീരുമാനിക്കുന്നത് വന്‍‌കിട സാമ്പത്തിക കൈകാര്യ കര്‍ത്താക്കളാണ്.

അമേരിക്കയുടെ നയങ്ങള്‍ക്ക് അനുസരണമായി ഭാരതത്തിന്റെ കമ്പോളവും ചലിക്കുന്നു എന്നത് ആഗോള വിപണിയുടെ പൊതു സ്വഭാവത്തിന്റെ ഭാഗമാണെന്ന് പറയാമെങ്കിലും ഭാരതത്തിന്റെ മൂലധന വിപണി എത്തി നില്‍ക്കുന്നത് ഒരു വല്ലിയ പ്രതിസന്ധിയിലാണ്. ആ പ്രതിസന്ധി സ്വയം ഉണ്ടായതല്ല. കൃതൃമമായി ഉണ്ടാക്കിയെടുത്തതാണ്. കാരണം കഴിഞ്ഞ ഒന്നര വര്‍ഷം കൊണ്ട് വിപണി നേടിയത് ഏകദേശം പതിമൂന്നായിരം പോയിന്റാണ്. ഇത്രയധികം പണം വിപണിയിലേക്ക് എത്തിച്ചത് ദീര്‍ഘകാല നിക്ഷേപകരാണോ? അല്ല തന്നെ. ദീര്‍ഘകാല നിക്ഷേപകരാണ് വിപണിയുടെ നട്ടെല്ല്. ഊഹകച്ചവടവും ഹൃസ്വകാല നിക്ഷേപകരും വിപണിയില്‍ നിന്നും അവര്‍ക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല ലാഭം എത്തി എന്ന് തോന്നിയാല്‍ വിപണിയില്‍ നിന്നും പിന്‍‌വാങ്ങും, യാതൊരു മുന്‍‌വിധിയും ഇല്ലാതെ തന്നെ.

നമ്മുടെ വിപണിയിലേക്ക് ഒഴുകുന്ന പണം ഭാരതത്തിലെ യഥാര്‍ത്ഥ നിക്ഷേപരുടേതല്ല. എഫ്.ഐ.ഐ. എന്ന് ഓമന പേരില്‍ അറിയപ്പെടുന്ന ഫോറിന്‍ ഇന്‍സ്റ്റിട്യൂഷനല്‍ ഇന്‍‌വെസ്റ്റേഴ്സിന്റെ പണമാണ് ഇന്ന് വിപണിയെ നിയന്ത്രിക്കുന്നത്. അതായത് ഭാരതത്തിന്റെ സാമ്പത്തിക ഭദ്രതയെ അല്പം പോലും മാനിക്കാതെ തങ്ങളുടെ ലാഭം മാത്രം ലാക്കാക്കി വിപണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിപണിയില്‍ നിന്നും ഏറ്റവും കൂടുതല്‍ ലാഭം കൊയ്ത് പിന്‍‌വാങ്ങാനുള്ള അവസരം അവര്‍ തന്നെ കൃതൃമമായി ഉണ്ടാക്കിയിട്ട് വിപണിയില്‍ നിന്നും അവര്‍ ഒഴിഞ്ഞ് തുടങ്ങിയെന്ന്. എങ്ങിനെയെന്നാല്‍ ‍നിമിഷങ്ങള്‍ കൊണ്ട് ഇരട്ടിപ്പിക്കാമെന്ന വ്യമോഹിപ്പിച്ച് വിപണിയുടെ ഉണര്‍വിലേക്ക് മക്കളെ കെട്ടിക്കാന്‍ വെച്ചിരുന്ന പണം വരെ കൊണ്ടു തള്ളാന്‍ പ്രേരിപ്പിച്ച് ഉയര്‍ന്ന വിലയില്‍ ഓഹരികള്‍ വാങ്ങി ആത്മഹത്യയുടെ വക്കിലേക്ക് ഭാരതത്തിലെ സാധാരണക്കാരനെ എത്തിച്ചിട്ട് വിപണി ഉറങ്ങികിടന്നപ്പോള്‍ വാങ്ങിക്കൂട്ടിയ ഓഹരികളില്‍ നിന്നും ലാഭം കൊയ്ത് വിദേശിയര്‍ കൊള്ളലാഭം ഉണ്ടാക്കിയിട്ട് മാറി നില്‍ക്കും. ഇന്നിയും തകര്‍ന്നടിയുന്ന വിപണിയില്‍ നിന്നും സാധാരണക്കാരന്‍ ഒഴിഞ്ഞ് പോകുമ്പോള്‍ വീണ്ടും നനഞ്ഞ പൂച്ചയെപോലെ കടന്ന് വന്ന് ആരും അറിയാതെ വില കുറഞ്ഞ നിലയില്‍ ഓഹരികള്‍ വാങ്ങികൂട്ടും. വീണ്ടും വിപണി ഉയരും. സാധാരണക്കാരന്‍ ഉയര്‍ന്ന വിലയില്‍ വിദേശീയരുടെ കയ്യില്‍ നിന്നും സ്വദേശീ ഓഹരികള്‍ വാങ്ങും. വീണ്ടും വിദേശീയര്‍ക്കായി വിപണി പൊട്ടും. കൂടെ പൊട്ടുന്നത് സാധാരണക്കാരും.

ഇന്നലെ മാത്രം വിപണിയില്‍ നിന്നും ആവിയായത് ഏകദേശം പത്ത് ലക്ഷം കോടി രൂപയാണ്. ഈ പണമത്രയും പോയത് സാധാരണക്കാരായ നിക്ഷേപകരില്‍ നിന്നുമായിരുന്നു എന്ന വാര്‍ത്ത ശരിവെക്കുന്നത് വിപണിയുടെ കൃതൃമങ്ങളാണ്. ഇന്നലെ വരെ വിപണിയുടെ കരുത്തിനെ പ്രകീര്‍ത്തിച്ചിരുന്നവരുടെ ശരീര ഭാഷകളില്‍ മാറ്റം വന്നു തുടങ്ങി. പത്ത് ദിനം മുമ്പ് ഒരു ദിനം വിപണി താഴേക്കിരുന്നപ്പോള്‍ ഭാരതത്തിന്റെ മൂലധന വിപണീ വിദഗ്ദര്‍ പറഞ്ഞ ഒരു കാരണം “റിലയന്‍സിന്റെ നാച്വറല്‍ റിസോര്‍സിലേക്ക് ഫണ്ട് തിരിച്ചു വിട്ടത് കൊണ്ടാണ് വിപണി താഴ്ന്നത്” എന്നാണ്. ഒരു കമ്പനിയുടെ ഐ.പി.ഓയിലേക്കോ മ്യൂച്വല്‍ ഫണ്ടിലേക്കോ പണം നിക്ഷേപിക്കണമെങ്കില്‍ അപേക്ഷിക്കുന്ന അതേ സമയത്ത് പണമായി തന്നെ നിക്ഷേപിക്കണം. മൂലധന വിപണിയില്‍ നിന്നും ഓഹരികള്‍ വിറ്റാല്‍ ഏറ്റവും കുറഞ്ഞത് പതിനഞ്ച് ദിനമെങ്കിലും വേണം പണം കയ്യില്‍ കിട്ടാന്‍. പിന്നെങ്ങിനെ ഒറ്റ ദിനം കൊണ്ട് വിപണിയില്‍ നിന്നും പണം പിന്‍‌വലിച്ച് “റിലയന്‍സ് നാച്വറല്‍ റിസോഴ്സില്‍” നിക്ഷേപിക്കും. വിപണി താഴുമ്പോള്‍ എന്തെങ്കിലുമൊക്കെ തട്ടി മൂളിക്കാന്‍ റിലയന്‍സും ഒരു കാരണമായി എന്ന് മാത്രം.

പത്ത് ദിനത്തിന് ശേഷം ഇന്നലെയും ഇന്നുമായി വിപണി ചരിത്രത്തിലെ ഏറ്റവും വല്ലിയ രണ്ടാമത്തെ തകര്‍ച്ചക്ക് സാക്ഷ്യം വഹിക്കുമ്പോള്‍ (ഏറ്റവും വലിയ തകര്‍ച്ച ഹര്‍ഷത് മേത്ത സംഭാവന ചെയ്തത്) വിപണീ വിദഗ്ദര്‍ക്ക് പറയാനുള്ളത് ഇപ്പോഴും റിലയന്‍സിലേക്ക് ഫണ്ട് പോയതും അമേരിക്കയുടെ സാമ്പത്തിക മാന്ദ്യവും സിറ്റി ബാങ്കിന്റെ പ്രവര്‍ത്തന നഷ്ടവും ഒക്കെ തന്നെയാണ്. എന്നിട്ട് ആശ്വാസം കൊള്ളുന്നതോ ഫോറിന്‍ ഇന്‍സ്റ്റിട്യൂഷനല്‍ ഇന്‍‌വെസ്റ്റേഴ്സ് പണവുമായി കാത്തിരിക്കുകയാണ് അവര്‍ ഭാരത വിപണിയില്‍ നിക്ഷേപിക്കും എന്ന്. അവര്‍ നിക്ഷേപിക്കുന്നത് അവരുടെ ലാഭത്തിന്. അതില്‍ ഭാരതീയന് എന്ത് കാര്യം.

ഭാരതത്തിലെ ചെറുകിട നിക്ഷേപകരേയും സാധാരണക്കാരനേയും വ്യാമോഹിപ്പിച്ച് വിപണിയുടെ ചതിക്കുഴികളില്‍ പെടുത്തിയിട്ട് ലാഭവുമായി വിദേശീയര്‍ മടങ്ങുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കുകയാണ്. “വിപണിയെ സമചിത്തതയോടെ സമീപിക്കൂ ചെറുകിടക്കാരേ...നിങ്ങള്‍ ഭയപ്പെടേണ്ട ഞാന്‍ നിന്നോടു കൂടെയുണ്ട്” എന്ന് ചിദംബരം ഇന്ന് പറയുമ്പോള്‍, ഇല്ലാത്ത പണം കൊണ്ട് വിപണി പതിനായിരം പോയിന്റിലേക്കെത്തി നാലു ദിനം കൊട്ട് പൊട്ടി പൊളിഞ്ഞപ്പോള്‍ അന്നത്തെ ധനകാര്യ മന്ത്രി മന്മോഹന്‍ സിങ്ങും “വിപണിയെ സമചിത്തതയോടെ സമീപിക്കൂ ചെറുകിടക്കാരേ...നിങ്ങള്‍ ഭയപ്പെടേണ്ട ഞാന്‍ നിന്നോടു കൂടെയുണ്ട്” എന്ന് തന്നെയാണ് പറഞ്ഞത്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ടില്‍ ഒമ്പതിനായിരത്തി എഴുനൂറില്‍ നിന്നും പൊട്ടിയ വിപണി എത്തി നിന്നത് മൂവായിരത്തിനടുത്ത്. പിന്നെ എത്രയോ വര്‍ഷങ്ങള്‍ വിപണി കരടിയുടെ പിടുത്തത്തിലായിരുന്നു.

ഇപ്പോള്‍ വിപണി വീണ്ടും കരടിയുടെ പിടുത്തത്തിലേക്ക് പോകുന്നു. അത് തുടങ്ങി കഴിഞ്ഞു. ഏപ്രിലോടുകൂടി ഇറാനില്‍ അമേരിക്ക ആദ്യ ബോംബിടും അതോടെ ആഗോള വിപണിക്കൊപ്പം നമ്മുടെ വിപണി തകര്‍ന്നടിയും. അതിന്റെ തുടക്കമാണ് ആഗോള വിപണിയില്‍ കാണുന്നത്. വിപണിക്ക് ഒരു മനശ്ശാസ്ത്രമുണ്ട്. വിപണി ഉയര്‍ച്ചയുടെ പാതയിലാണെങ്കില്‍ വിപരീതമായി വരുന്ന കാര്യങ്ങളിലെ അനുകൂലഘടകങ്ങളെ കണ്ടെത്തി അതിനോട് ചേര്‍ന്ന് പോസിറ്റീവ് ആയി പ്രതികരിക്കും. വീണ്ടും ഉയരത്തിലേക്ക് പോകും. അതേ സമയം വിപണി താഴ്ചയിലാണെങ്കില്‍ അനുകൂല ഘടകങ്ങള്‍ വന്നാ‍ലും ആ അനുകൂല ഘടകങ്ങളിലെ ന്യൂനതകള്‍ മുന്‍‌കൂട്ടി കണ്ട് വിപണി അതിനനുസരിച്ച് വീണ്ടും താഴേക്ക് പോകും. അതായത് വിപണിയുടെ ഉയര്‍ച്ചയുടെ സമയത്താണ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടന്നത്. അധികാരത്തില്‍ ബീ.ജെ.പി വീണ്ടും വരികയും ഹിമാചലില്‍ കോണ്‍ഗ്രസ് നിലം പതിക്കുകയും ചെയ്തപ്പോള്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് നേരിട്ട തിരിച്ചടി എന്ന ന്യൂനതയില്‍ വിപണി താഴേക്ക് പോരേണ്ടുന്നതായിരുന്നു. പക്ഷേ സംഭവിച്ചത് നേരേ തിരിച്ചും. കാരണമെന്താ. ഉടന്‍ ഒരു പൊതു തിരഞ്ഞെടുപ്പ് ഒഴിവായി എന്ന ഒരു ചെറിയ അനുകൂലഘടകത്തെ ഭരണ കക്ഷിക്കേറ്റ തിരിച്ചടി എന്ന വന്‍ ന്യൂനതയില്‍ നിന്നും വിപണി വേര്‍തിരിച്ചെടുത്തു. അത്ര തന്നെ. നേരേ മറിച്ച് ഗുജറാത്ത് ഹിമാചല്‍ തിരഞ്ഞെടുപ്പ് സമയത്ത് വിപണി കരടിപിടിയിലായിരുന്നു എങ്കില്‍ വീണ്ടും താഴേക്ക് തന്നെ പോകുമായിരുന്നു. അപ്പോള്‍ കാരണം “ഭരണ കക്ഷിക്കേറ്റ തിരിച്ചടി” ആവുകയും ചെയ്യുമായിരുന്നു.

ഇപ്പോള്‍ വിപണി താഴ്ചയിലേക്കാണ്. ഇന്ന് അമേരിക്കന്‍ ഫേഡറല്‍ റേറ്റ് മുക്കാല്‍ ശതമാനം കുറച്ചതിനോട് നാളെ വിപണി അനുകൂലമായി പ്രതികരിക്കില്ല. “അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യം കൂടുന്നതിനാലാണ് ഫെഡറല്‍ റിസര്‍വ് റേറ്റ് കുറച്ചത്, അതിനാല്‍ അമേരിക്കന്‍ വിപണിയോടൊപ്പം ഏഷ്യന്‍ വിപണിയും കുടെ നമ്മുടെ വിപണിയും താഴേക്ക്” എന്നതായിരിക്കും നാളത്തെ വിപണിയുടെ മന:ശ്ശാസ്ത്രം. സെപ്തംബറില്‍ അമേരിക്ക ഫെഡറല്‍ റിസര്‍വ്വ് റേറ്റ് അരശതമാനം കുറച്ചപ്പോള്‍ ഭാരത വിപണി മുന്നേറിയത് അന്ന് വിപണി മുന്നേറ്റത്തിന്റെ പാതയിലായിരുന്നത് കൊണ്ടാണ്. ഇന്ന് വിപണി താഴ്ചയിലാണ്. സാമ്പത്തിക മേഖലയില്‍ ഉണ്ടാകുന്ന എല്ലാ അനുകൂല ഘടകങ്ങളോടൂം വിപണി ഇപ്പോള്‍ വിപരീതമായേ പ്രതികരിക്കുള്ളൂ.

ഇന്ന് ഒരു മണിക്കൂര്‍ വിപണി അടച്ചിട്ടട്ട് വീണ്ടും വിപണി തുറന്നപ്പോള്‍ തകര്‍ച്ചയുടെ തടയിട്ടതിന്റെ പിന്നാമ്പുറം തേടി പോയാല്‍ യൂ.ടീ.ഐക്കും എല്‍.ഐ.സിക്കും ഒക്കെ ഒരു പാട് പറയാന്‍ കാണും. വിപണിയിലേക്ക് നമ്മുടെ പൊതു മേഖലാ സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നും ഇന്ന് തടസ്സപ്പെട്ട ഒരു മണിക്കൂറിന് ശേഷം ഒഴുകിയ പണത്തിന് ഒരു കണക്കും ഉണ്ടാകില്ല. വിപണിയെ പിടിച്ച് നിര്‍ത്താന്‍ വേണ്ടി ഏറ്റവും ഉയര്‍ന്ന നിലയില്‍ ഇന്ന് വിപണിയില്‍ നിന്നും ഓഹരികള്‍ വാങ്ങാന്‍ നിര്‍ബന്ധിതരായിട്ടുള്ള നമ്മുടെ സാധാരണക്കാരന്റെ നിക്ഷേപ താല്പര്യ സംരക്ഷണാര്‍ത്ഥം സൃഷ്ടിക്കപ്പെട്ട ധനകാര്യ സ്ഥാപനങ്ങളുടെ നെറ്റ് അസറ്റ് വാല്യൂ താഴേക്ക് പോകുന്നതും നാളെ കാണാം.

ഭാരത മൂലധന വിപണിയിലെ സെക്കന്ററി മാര്‍ക്കറ്റില്‍ ഒരിക്കലും പണം നിക്ഷേപിക്കരുത്. പബ്ലിക്ക് ഇഷ്യൂവില്‍ നേരിട്ട് പണം നിക്ഷേപിച്ച് മാന്യമായ ലാഭം കിട്ടുമ്പോള്‍ വിറ്റുമാറുക. ലോകത്തിലെ ഏറ്റവും അനിശ്ചിതമായ മൂലധന വിപണിയാണ് ഭാരതത്തിന്റേത് എന്ന് സ്വയം തിരിച്ചറിയുക.

10 comments:

അഞ്ചല്‍ക്കാരന്‍ said...

ഭാരതത്തിന്റ് മുലധന വിപണി അതിന്റെ സ്വന്തം പാതയിലേക്ക് മടങ്ങുകയാണ്. അയ്യായിരം പോയിന്റിന് താഴെ നമ്മുക്ക് വിപണിയെ ഏറ്റവും അടുത്ത ദിനങ്ങളില്‍ കാണാം. ലോകത്തിലെ ഏറ്റവും വല്ലിയ മൂലധന കമ്പോള തകര്‍ച്ചകള്‍ ഒന്നിലേക്കാണ് ദലാല്‍ സ്ട്രീറ്റ് നീങ്ങുന്നത്.

കാപ്പിലാന്‍ said...
This comment has been removed by the author.
കാപ്പിലാന്‍ said...

हम देक्केगा ...
भारत कितना आगे जायेगा

पहला कमेंट में देलीट किया क्योम की स्पेल्लिंग मिस्टेक

Inji Pennu said...

അപ്പൊ യൂറോപ്പ്യന്‍ മാര്‍കെറ്റ്സ് രണ്ട് ദിവസായിട്ട് ഡിപ്പ് ചെയ്തത് ഭാരതീയത അവിടേം ഇല്ലാത്തതുകൊണ്ടാണോ? ഇങ്ങിനെ ഒരു ലേഖനത്തില്‍ ഈ ഭാരതീയത-വിദേശശക്തി ഫിയര്‍ ടാക്റ്റിക്സ് എന്തിനു?
സ്റ്റോക്ക് മാര്‍ക്കെറ്റാണിത്. ലാഭം ഉണ്ടാക്കാന്‍ വരുന്നവരുടെ മാത്രം ഭൂമി. അവിടെ വിദേശിയും സ്വദേശിയും ഒക്കെ കണക്കാണ്. രാജ്യ സ്നേഹം കൊണ്ടൊന്നുമല്ല സ്റ്റോക്ക് ആളുകള്‍ വാങ്ങിക്കുന്നത്. ഹമ്മേ! എന്താ കഥ!

രാജ്യസ്നേഹം എന്ന സ്റ്റോക്ക് സിമ്പല്‍ എന്താണാവോ ആരും ഇതുവരെ ഇറക്കാത്തത്? കൊറേ പേര് വാങ്ങിച്ചേനെ...

അഞ്ചല്‍ക്കാരന്‍ said...

ഇഞ്ചിപ്പെണ്ണിന്റെ വാദം ശരിതന്നെ. ആഗോള വിപണിയും താഴേക്ക് തന്നെ. പക്ഷേ ഭാരത വിപണി തകര്‍ച്ചയെ നേരിടുമ്പോള്‍ വിപണീ വിശാരദന്മാര്‍ “ദേണ്ടെ വിദേശ ഫണ്ട് വരുന്നൂ...വിപണി മുന്നേറും, ഈ താഴ്ച താല്‍ക്കാലികമാണേ” എന്ന് വിപണിയെ നിരീക്ഷിക്കുന്നത് സാധാരണക്കാരായ ദീര്‍ഘകാല നിക്ഷേപകരെ വിപണിയുടെ ചതിക്കുഴികളിലേക്ക് തള്ളിവിടാനാണ് എന്ന വസ്തുതയിലേക്ക് വിരല്‍ ചൂണ്ടാനാണ് “എഫ്.ഐ.ഐസിനെ” പരാമര്‍ശിച്ചത്. വന്‍‌കിട ധനകാര്യ സ്ഥാപനങ്ങള്‍ കുത്തിപ്പൊക്കുന്ന വിപണിയുടെ സന്ദേശം ബാര്‍ബര്‍ ഷാപ്പിലും ചായക്കടയിലും ഗ്രാമീണ വായനശാലകളിലും വരെ ചര്‍ച്ചയായി സാധാരണക്കാരില്‍ സാധാരണക്കാരന്‍ പെട്ടെന്ന് പണമുണ്ടാക്കാനായി വിപണിയിലേക്ക് ഒഴുകിയെത്തുമ്പോള്‍ ഉയര്‍ന്ന വിലയില്‍ നില്‍ക്കുന്ന ഓഹരികള്‍ അവരിലേക്ക് കൈമാറി വിപണിയുടെ ആര്‍ജ്ജിത ലാഭം കൊയ്യുന്ന വന്‍‌കിടക്കാര്‍ക്ക് മാത്രം വിജയിക്കാന്‍ കഴിയുന്ന ഒന്നാണ് അടിസ്ഥാന ഘടകങ്ങള്‍ അങ്ങേയറ്റം ദുര്‍ബലമായ ഭാരതീയ വിപണി എന്ന തിരിച്ചറിയണം.

വിപണി നില്‍നില്‍ക്കുക ദീര്‍ഘകാല നിക്ഷേപകരുടെ നിക്ഷേപത്തിലാണ്. വിദേശ ഫണ്ട് ഭണ്ടുകള്‍ ഭാരതത്തിലെന്നല്ല ലോകത്തിലെ ഏത് രാജ്യത്തെയും മൂലധന വിപണിയില്‍ വിപരീത ഫലമേ ഉണ്ടാക്കുള്ളു. “വിദേശ ഫണ്ടില്ലാ എങ്കില്‍ വിപണിയില്ല” എന്ന ഭാരത വിപണിയുടെ നിലപാട് നമ്മുടെ വിപണിയുടെ ദുര്‍ബലതയാണ് തുറന്ന് കാട്ടുന്നത്.

കഴിഞ്ഞ രണ്ടു ദിനമായി വരുന്ന വിപണി അവലോകനങ്ങളിലൊന്നും സാധാരണ ദീര്‍ഘകാല നിക്ഷേപകരുടെ സാനിദ്ധ്യമില്ല. വിപണി തിരിച്ച് വരുമെന്ന് പറയുന്നവര്‍ അതിന് പറയുന്ന കാരണം “വിദേശ ഫണ്ടുകള്‍ പണവുമായി കാത്തിരിക്കുന്നു..” എന്നാണ്.

അമേരിക്കയുടെ ഫെഡറല്‍ റിസര്‍വ്വ് റേറ്റ് കഴിഞ്ഞ ഇരുപത്തി ആറ് വര്‍ഷത്തിന് ശേഷം ആദ്യമായി ഒറ്റയടിക്ക് മുക്കാല്‍ ശതമാനം കുറച്ചപ്പോള്‍ ഭാരത വിപണി ഇന്ന് കുത്തനെ കയറും എന്ന ഇന്നലത്തെ വിപണീ വിശകലനം ദേണ്ടെ ഇന്ന് പൊളിയുന്ന കാഴ്ചയാണ് വിപണിയില്‍ നിന്നും വരുന്നത്. തൊള്ളായിരം പോയിന്റ് ഉയര്‍ന്ന് തുറന്ന മാര്‍ക്കറ്റ് ഇപ്പോള്‍ മുന്നുറ്റി അമ്പത് പോയിന്റിലേക്ക് താന്നിരിക്കുന്നു.

അതായത് വിപണി ബിയറിഷ് ആയി കഴിഞ്ഞു എന്ന് ചുരുക്കം. അനുകൂല ഘടകങ്ങളെ വിപരീത ഘടകമായി വിപണി പരിവര്‍ത്തനം ചെയത് അതിനനുസരിച്ച് താഴേക്ക് പോകുന്ന പ്രവണത വരും ദിനങ്ങളില്‍ കൂടുതല്‍ കാണാം.

കണ്ണൂസ്‌ said...

അഞ്ചല്‍ക്കാരന്‍ പറയുന്നതില്‍ ഒരുപാട് സത്യങ്ങളുണ്ടെങ്കിലും അടിസ്ഥാനപരമായി ദുര്‍ബലമാണ്‌ ഇന്ത്യന്‍ വിപണി എന്ന് തോന്നുന്നില്ല. എഫ്.ഐ.ഐ നിക്ഷേപങ്ങളിലുള്ള നിയന്ത്രണം കൈവിട്ടു പോയി എന്നത് സത്യം തന്നെ. പക്ഷേ, വിപണി തകര്‍ച്ചക്ക് അവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഒരു വിപണിയും വളരച്ച മാത്രം കാണിക്കില്ല. 21000 എന്ന BSE Index ഊതി വീര്‍പ്പിക്കപ്പെട്ടതായിരുന്നു എന്ന് കരുതാമെങ്കിലും, വിപണി കരടി ആയി എന്ന് തോന്നാനുള്ള കാരണങ്ങളൊന്നുമില്ല. സാമ്പത്തിക മാന്ദ്യം അവഗണിക്കാനാവാത്ത ഒരു കാരണം തന്നെ. അത് മരുന്നുള്ള രോഗവുമാണ്‌.

ദീര്‍ഘകാല നിക്ഷേപങ്ങള്‍ അടിസ്ഥാനമാണെങ്കിലും അത് മാത്രം പ്രതീക്ഷിച്ച് ഒരു വിപണിക്കും വളരാനാവില്ല. എഫ്.ഐ.ഐ കടന്നാക്രമണങ്ങള്‍ പ്രതീക്ഷിച്ചേ മതിയാവൂ. വിപണിയുടെ സ്വഭാവമറിയാവുന്ന ചെറുകിട നിക്ഷേപകര്‍ക്ക് കാര്യമായ പരിക്ക് ഉണ്ടായിക്കാണാന്‍ വഴിയില്ല. ചെറുകിട നിക്ഷേപകര്‍ അടിസ്ഥാനപരമായി ശക്തമായ കമ്പനികളിലേ നിക്ഷേപിക്കാവൂ എന്നത് ഒരു സാമാന്യ ബോധം മാത്രമാണ്‌. അധികലാഭം അത്യാഗ്രഹിച്ച ചെറുകിട നിക്ഷേപകരേ തകര്‍ന്നിനിരിക്കൂ. അത്തരം നിക്ഷേപങ്ങളിലുള്ള അപകട സാധ്യത മുന്‍‌കൂട്ടി കാണാനായില്ലെങ്കില്‍ അത് അവരുടെ മാത്രം പ്രശ്നമാണ്‌.

ഇപ്പോഴത്തെ പ്രശ്നത്തിന്‌ റിലയന്‍സിനുള്ള പങ്ക് തള്ളിക്കളയാന്‍ പറ്റില്ല. പക്ഷേ അത് അഞ്ചല്‍ക്കാരന്‍ പറഞ്ഞ പോലെ നേച്ചറല്‍ റിസോഴ്‌സ് മ്യൂച്ച്വല്‍ ഫണ്ടിന്റെ മാനിപ്പുലേഷന്‍ ആണെന്ന് തോന്നുന്നില്ല. 10 രൂപ മുഖവിലയുള്ള റിലയന്‍സ് പവര്‍ ഐ.പി.ഓ. തുടങ്ങിയത് 450 രൂപയിലാണെന്ന് ശ്രദ്ധിക്കുക. റിലയന്‍സ് എന്ന കമ്പനി വിപണിയില്‍ സൃഷ്ടിച്ചിട്ടുള്ള ഗുഡ്‌വില്‍ ആണ്‌ ഈ നിക്ഷേപത്തിന്‌ ഇത്രത്തോളം പ്രീമിയം ആവശ്യപ്പെടാന്‍ ഫണ്ട് മാനേജര്‍മാരെ ധൈര്യപ്പെടുത്തിയത്. ഓവര്‍ സബ്‌സ്ക്രൈബ് ചെയ്യപ്പെട്ട ആ ഐ.പി.ഓ ഉയര്‍ത്തിയ ആശങ്ക വിപണി തകര്‍ച്ചക്ക് വലിയൊരു കാരണമായിട്ടുണ്ട്. ഇതിനോട് തന്നെ ചേര്‍ത്ത് വായിക്കേണ്ടതാണ്‌ ഒരു ബാരല്‍ എണ്ണ പോലും ശുദ്ധീകരിച്ചിട്ടില്ലാത്ത - എന്തിന്‌ പ്രോസസ്സ് ലൈസന്‍സറെപ്പോലും തീരുമാനിച്ചിട്ടില്ലാത്ത - റിലയന്‍‌സ് പെട്രോളിയത്തിന്റെ വിലക്കയറ്റവും. 60 രൂപക്ക് നല്‍കപ്പെട്ട 10 രൂപ വിലയുള്ള ആ ഓഹരി ഒരു വര്‍ഷത്തിനിടയില്‍ 295 രൂപ വരെ ഉയര്‍ന്നു. ഇത്തരം "വാങ്ങല്‍ പ്രാന്തിന്‍`" ഉത്തരവാദികള്‍ എഫ്.ഐ.ഐ ആണെന്ന് പറയാന്‍ പറ്റുമോ. സെക്കന്ററി വിപണിയില്‍ ഒരു ദിവസം ഒരു മില്ല്യനില്‍ കൂടാതെയുള്ള ആ ഓഹരിയുടെ നീക്കം ശ്രദ്ധിച്ചാല്‍ മനസ്സിലാവും, പേരില്‍ ഭ്രമിച്ച ചെറുകിട നിക്ഷേപകര്‍ തന്നെയാണ്‌ ഒരു പരിധി വരെ ഇത്തരം ഊതിവീര്‍പ്പിക്കലുകള്‍ക്ക് ഉത്തരവാദികള്‍ എന്ന്. മാധ്യമങ്ങളും കമ്പനി മാനേജ്‌മെന്റും ബോധപൂര്വം സൃഷ്ടിക്കുന്ന euphoria വേറെ.

റിലയന്‍‌സ് പവര്‍ അനിലിന്റേതും പെട്രോളിയം മുകെഷിന്റേതുമാണെന്നത് യാദൃശ്ചികമായി എനിക്ക് തോന്നുന്നില്ല.

ചുരുക്കത്തില്‍ ഇത് മാനിപ്പുലേഷന്റെ തകര്‍ച്ചയാണ്‌. അമേരിക്കന്‍ സാമ്പത്തിക മാന്ദ്യം ഒരു ട്രിഗര്‍ ആയി എന്നു മാത്രം. ഇതെഴുതുമ്പോള്‍ മാര്‍ക്കറ്റ് 700 പോയന്റോളം തിരിച്ചു പിടിച്ചു കഴിഞ്ഞിരിക്കുന്നു. പക്ഷേ ഇത് താത്‌കാലികമാണ്‌. ഭൂകമ്പത്തിന്റെ ആഫ്റ്റര്‍ ഷോക്ക് ഇനിയും വരും. എന്നാലും 18500 എന്ന നിലയില്‍ മാര്‍ക്കറ്റ് ഒന്നു രണ്ടു മാസത്തിനുള്ളില്‍ സ്ഥിരത കൈവരിക്കുമെന്നാണ്‌ എന്റെ തോന്നല്‍.

അനാഗതശ്മശ്രു said...

എല്ലാ പ്രശ്നങള്‍ ക്കും കാരണം ഈ തമിഴ്നാട്ടുകാരു തന്നെ...
ചിദം ബരമോ വേലുവൊ ഒന്നുമല്ല..
ജെല്ലിക്കെട്ടു നടത്തിയ തമിഴന്മാര്‍ ...
കാളക ള്‍ ക്കു എന്തു വേദനയാണെന്നോ....ഈ പരിപാടി...
പോന്നു..താഴേക്കു..

അതുല്യ said...

അഞ്ചലക്കാരനു, നഷ്ടം 10 ഉം 15 ഉം ലക്ഷം കോടി ഒന്നുമല്ല. അത് ഒരു ഫിഗറായിട്ട് അവര്‍ പറയുന്നതല്ലേ. എന്തെങ്കിലുമൊരു അക്കം വേണ്ടേ?

കണ്ണൂസ് പറഞതിനോട് എനിക്ക് യോജിപ്പുണ്ട്, മാന്ദ്യതയ്ക് മരുന്നുണ്ട് (ആരുടെ കെയ്യിലെന്ന് ചോദിയ്കരുത് ദയവായി). പിന്നെ ക്ഷ പിടിച്ചത്, അനിലും മുകേഷും പേരു രണ്ടാണെങ്കിലും കായ് എല്ലാം ഒഴുകുന്നത് ഒരേ കാനയില്‍ കൂടെ തന്നേ!

പിന്നെ ശ്രീ ചിദബരോം ശ്രീ മന്മോഹന്‍സിങും ഒക്കേനും പറയും, ഡോണ്ട് വറി, സ്ലീപ് ലൈക്ക് എ ബേബീ ന്ന് ( ഒരോ മണിക്കൂറ് കഴിയുമ്പോഴും ഞെട്ടി ഉണര്‍ന്നോളാനും,കെകയ്യും കാലുമിട്ട് കരഞോളാനും) അതന്നെ, സ്ലീപ്പ് ലൈക്ക് എ ബേബീന്ന്!

Anonymous said...

ഈ ലേഖനത്തില്‍ മരുന്നിന് മാത്രമേ കാര്യമുള്ളൂ.

"ഭാരതത്തിലെ ചെറുകിട നിക്ഷേപകരേയും സാധാരണക്കാരനേയും വ്യാമോഹിപ്പിച്ച് വിപണിയുടെ ചതിക്കുഴികളില്‍ പെടുത്തിയിട്ട് ലാഭവുമായി വിദേശീയര്‍ മടങ്ങുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കുകയാണ്. " കൊള്ളാം..നല്ല മസാല.

ലോകത്ത് ഏറെക്കുറേ ആകെ മൊത്തം (ആസ്ത്രേലിയ ഇല്ലെന്ന് തോന്നുന്നു) വിപണി തകര്‍ന്ന് നിക്ഷേപകര്‍ പാപ്പര്‍സൂട്ടായി ഇരിക്കുകയാണ്. ജപ്പാനില്‍ പതിനേഴ് കൊല്ലത്തിലെ റെക്കോര്‍ഡ് തകര്‍ച്ചയാണ് തകര്‍ന്നത്! ഹോംഗ് കോംഗില്‍ ചരിത്രത്തിലെ ഏറ്റവും മോശം ദിവസമായിരുന്നു! ഇത് റിലയന്‍സിന്റെ പ്രശ്നാണോ? ഇന്ത്യന്‍ വിപണി വളരെ അണ്‍റിയലിസ്റ്റിക് ആയിയായിരുന്നു ഇതുവരെ നിന്നിരുന്നത്..അത് ഒന്നു താണു എന്നേയുള്ളൂ. മാത്രമല്ല ഏഷ്യന്‍ മാര്‍ക്കെറ്റ്സ് അമേരിക്കന്‍ സാമ്പത്തികസ്ഥിതിയുമായി വളരെ സെന്റിമെന്റല്‍ ആണ്. ആസ്ത്രേലിയ അല്ല.
അല്ലാതെ സായിപ്പ് വന്നു ഇന്ത്യക്കാരെ പറ്റിച്ചെന്നൊക്കെ വെറുതെ വളവളാ എഴുതരുത്.

ദേ പിന്നേം കേറ്റം തുടങ്ങി. 1244 പോയന്റ് കൂടി ഇത് എഴുതുമ്പോള്‍. അഞ്ചല്‍ക്കാരന്റെ പ്രവചനം പൊളിഞ്ഞല്ലോ? ഫെഡറല്‍ റേ‌റ്റ്സ് കുറച്ചത് ഒന്നു കൊണ്ട് മാത്രമാണ് ഇത്.മറ്റു മാര്‍ക്കെന്റ്സും തിരിച്ചു കയറാന്‍ തുടങ്ങി. ഇനി ഇടിച്ചു കയറിയില്ലെങ്കില്‍ തന്നെ, ഒന്നു സ്റ്റെബിലൈസ് ചെയ്യുന്നത് നന്നായിരിക്കും.

ഐ പി ഓ മാത്രമേ പാവങ്ങള്‍ വാങ്ങിക്കാവൂന്നോ? ബെസ്റ്റ്! നാലും ആറും തവണ ഓവര്‍ സബ്‌സ്ക്രബ് ചെയ്ത ഇവ ഇരട്ടിക്കിരട്ടി മുഖവിലക്ക് വാങ്ങാന്‍ എന്താ വട്ടാണോ? അതോ അപേക്ഷിച്ചാല്‍ തന്നെ കിട്ടുമോ? നല്ലവണ്ണം വായിച്ചും അറിഞ്ഞു മാത്രം പൈസ ഇറക്കുക. ലോട്ടറി പോലെ എടുത്താല്‍ കാശ് പോകും. അത്രേയുള്ളൂ (!) ഇതിന്റെ ട്രിക്ക്.

കണ്ണൂസ്‌ said...

അനോണീ മേത്തേ, റിലയന്‍സിന്റെ മാനിപ്പുലേഷന്‍ വലിയൊരു കാരണമായി എന്നാണ്‌ പറഞ്ഞത്. ലോകത്തെങ്ങും വിപണി തകര്‍ന്നത് ഒരു ട്രിഗറും. ഇനി വിപണി തകര്‍ന്നില്ലെങ്കിലും റിലയന്‍സ് കാരണം ഇങ്ങനെയൊരു തകര്‍ച്ച ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഉണ്ടാവുമായിരുന്നു. ഈ തകര്‍ച്ചയില്‍ റിലയന്‍സ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഓഹരിവില വീണ പാറ്റേണ്‍ കൂടി ഒന്ന് നോക്കി നോക്കൂ. വിവരം മനസ്സിലാവും.

പാവങ്ങള്‍ ഐ.പി.ഒ വാങ്ങണം എന്നല്ല, അടിസ്ഥാനപരമായി ശക്തമായ കമ്പനികളില്‍ നിക്ഷേപിക്കണം എന്നാണ്‌ പറഞ്ഞത്. ബി.എച്.ഇ.എല്‍, ഒ.എന്‍.ജി.സി, എല്‍ ആന്റ് റ്റി എന്നിവയൊക്കെ ഉദാഹരണം.