Thursday, May 15, 2008

ദയവായി ഈ കുട്ടികളെ വെറുതേ വിട്ടേക്കൂ...

പത്താം ക്ലാസിന്റെ ഫലം വന്നു. കൂടെ വാദങ്ങളുടേയും അപവാദങ്ങളുടേയും പെരുമഴ പാച്ചിലും.

വിജയം തൊണ്ണൂറ്റി രണ്ട് ശാതമാനത്തിനും മുകളില്‍ എത്തിയത് ഏറെ സന്തോഷം തരുന്ന ഒരു വാര്‍ത്തയായിരുന്നു. എസ്.എസ്.എല്‍.സി ഫലത്തിന്റെ വരവിനോടൊപ്പം എല്ലാ വര്‍ഷവും വരുന്ന പരാജിതരുടെ ആത്മഹത്യ വാര്‍ത്തകള്‍ ഏറെകുറഞ്ഞ അല്ലെങ്കില്‍ തീരെയില്ലാത്ത ഒരു വര്‍ഷം കൂടിയാണ് കടന്ന് പോയത് എന്നതും സന്തോഷ ദായകം തന്നെ.

ആരും തോല്‍ക്കാത്ത പത്താം ക്ലാസ് പരീക്ഷയുടെ ഫലമാണ് നമ്മുക്ക് വേണ്ടത്. പത്താം ക്ലാസ് പാസ്സാകത്തവന് മണ്ണ ചുമട്, റോഡ് പണി, കെട്ടിടം പണികള്‍ പോലും ലഭ്യമാകാത്ത കാലം. പത്തിന് മുമ്പേ പാസ്പോര്‍ട്ടാഫീസില്‍ അപേക്ഷ കൊടുത്ത് പ്രവാസിയാകാന്‍ തയ്യാറെടുക്കന്നവന് പത്താം ക്ലാസ് പാസ്സായില്ലങ്കില്‍ മണലാരണ്യത്തിലെ മണ്ണ് ചുമട് പോലും അന്യം. നാട്ടില്‍ കൊടി പിടിക്കാന്‍ പത്താം ക്ലാസ് വേണ്ട. അത്ര തന്നെ. അതു കൊണ്ട് തന്നെയാണ് അമ്പതാം വയസ്സിലും പ്രവാസികള്‍ എട്ട് പേരുറങ്ങുന്ന കുടുസ്സു മുറിയിലെ ആഢംബരത്തിലും പത്തെഴുതി പാസ്സാകാന്‍ ശ്രമിക്കുന്നത്.

എല്ലാവരും പത്താം ക്ലാസ് പാസ്സായാലും പകുതി ജയിച്ചാലും പത്തിന്റെ മേന്മയില്‍ ആര്‍ക്കെങ്കിലും കേരള സര്‍ക്കാറോ ദേശീയ ഗവണ്മെന്റോ അല്ലെങ്കില്‍ സുധാകരന്‍ സാറിന്റെ സഹകരണ വകുപ്പോ തൊഴില്‍ കൊടുക്കുകയൊന്നുമില്ലല്ലോ? പത്ത് കഴിഞ്ഞതിന് ശേഷം അവനവന്റെ കഴിവുകള്‍ക്ക് അനുസരിച്ച് സര്‍ക്കാരാശ്രയത്തിലോ അവനവനാശ്രയത്തിലോ പഠിച്ച് പണമൊഴുക്കി കഴിവ് തെളിയിച്ച് ഉയര്‍ന്നതലത്തില്‍ എത്തി തൊഴില്‍ നേടി വിദേശങ്ങളില്‍ സേവനം നല്‍കി വേതനം പറ്റി ജീവിക്കാം. അപ്പോള്‍ പത്തല്ല പ്രധാനം അതിന് ശേഷമുള്ള പഠനവും പണത്തിന്റെ കരുത്തുമാണ്. പിന്നെ എന്തു കൊണ്ട് നൂറ് ശതമാനത്തേയും വിജയിപ്പിച്ചു കൂടാ?

പത്താം ക്ലാസില്‍ കൃതൃമമായ വിജയം ഉണ്ടാക്കണം എന്നല്ല പറഞ്ഞ് വരുന്നത്. എല്ലാവരും വിജയിക്കേണ്ടുന്നതിന്റെ ആവശ്യകതയെ കുറിച്ചാണ്. പത്താം ക്ലാസ് പഠനം ആയാസ രഹിതമാക്കി കൂടുതല്‍ വിജയം ഉറപ്പാക്കുകയാണ് വേണ്ടത്. അടുത്ത വര്‍ഷം നൂറ് ശതമാനവും വിജയിക്കാന്‍ പ്രാര്‍ത്ഥിക്കാം!

ഈ വര്‍ഷത്തെ തൊണ്ണൂറ്റി രണ്ട് ശതമാനം വിജയത്തെ തട്ടിപ്പായി കാണാന്‍ ശ്രമിക്കുന്നവര്‍ ഒരു കാര്യം മറക്കുന്നു. തങ്ങളുടേ കുട്ടികളെ പഠിപ്പിക്കേണ്ടുന്നതിന്റെ ആവശ്യകത ഒരു രക്ഷാകര്‍ത്താവിനേയും മാത്സര്യത്തിന്റേതായ ഈ കാലഘട്ടത്തില്‍ ആരും പറഞ്ഞ് പഠിപ്പിക്കേണ്ടുന്നതില്ല. തങ്ങളുടെ മക്കള്‍ ജയിക്കണം എന്ന ആഗ്രഹമില്ലാത്ത ഒരു രക്ഷാകര്‍ത്താവും ഉണ്ടാകും എന്ന് തോന്നുന്നില്ല. അവരവരുടെ മക്കളുടെ പഠനത്തിന് വേണ്ടി മുണ്ടു മുറുക്കിയുടുക്കുന്ന രക്ഷാകര്‍ത്താക്കളുടേയും തങ്ങളുടെ സ്കൂളുകളില്‍ നൂറ് മേനി വിളയിക്കാന്‍ പെടാപാട് പെടുന്ന അദ്ധ്യാപകരുടേയും പ്രയത്നത്തിന്റെ ഫലമാണ് പത്തിലെ ഉയര്‍ന്ന വിജയ ശതമാനം. അല്ലാതെ കൃതൃമമായി ഉണ്ടാക്കിയെടുത്തതാണ് ഈ വര്‍ഷത്തെ പത്തിന്റെ ഫലമെന്ന വ്യാഖ്യാനം എല്ലാ വിഷയങ്ങള്‍ക്കും ഏ പ്ലസ്സ് വാങ്ങി വിജയിച്ചവരേയും കഷ്ടിച്ച് ജയിച്ചവരേയും ഒക്കെ ചവിട്ടി മെതിക്കുന്നതിന് തുല്യമാണ്.

രണ്ടായിരത്തി ഏഴ് രണ്ടായിരത്തി എട്ട് അദ്ധ്യായന വര്‍ഷത്തെ എസ്.എസ്.എല്‍.സി വിജയി സര്‍ക്കാറിന്റെ ഔദാര്യത്തില്‍ മാത്രം വിജയിച്ചതാണ് എന്ന് വരുന്നത് ഉറക്കമിഴിച്ചിരുന്ന് പഠിച്ച് പത്ത് കടന്ന എല്ലാ കുട്ടികളോടും ചെയ്യുന്ന ക്രൂരതയാണ്. അവരെ വിജയ സോപാ‍നത്തിലേക്ക് ആ‍നയിച്ച അദ്ധ്യാപകരുടെ ഉദ്ദേശ്യ ശുദ്ധിയേയും നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യതയേയും ചോദ്യം ചെയ്യുന്ന വിവാദങ്ങളിലേക്ക് രാഷ്ട്രീയ ചര്‍ച്ചകള്‍ നീളുന്നത് ആര്‍ക്കും ഗുണം ചെയ്യില്ല.

പത്തിന്റെ ചോദ്യങ്ങള്‍ ലളിതമായിരിക്കാം. ആകട്ടെ. എഴുതുന്ന കുട്ടികളില്‍ ഭൂരിപക്ഷവും വിജയിക്കട്ടെ. പത്ത് ജയിച്ചു എന്ന് കണ്ട് ഒരു സര്‍ക്കാറും ജീവിക്കാനുള്ള സംവീധാനങ്ങള്‍ ഒരുക്കാത്തിടത്തോളം പത്ത് എന്ന കടമ്പ ഏറ്റവും എളുപ്പം കടക്കാന്‍ കഴിയുന്ന തരത്തിലേക്ക് പത്തിന്റെ പരീക്ഷ ലളിത വല്‍ക്കരിക്കുകയാണ് ചെയ്യേണ്ടുന്നത്. എല്ലാവരും ജയിക്കട്ടെ. ജീവിത വിജയം ജീവിതത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍കൊണ്ട് സ്വയം പഠിച്ച് മുന്നോട്ട് പോകുന്നവര്‍ക്ക് മാത്രം ആയിരിക്കുമല്ലോ? അത് പത്ത് ജയിച്ചാലും ഇല്ലെങ്കിലും ജീവിതത്തില്‍ വിജയിക്കേണ്ടുന്നവന്‍ വിജയിക്കും അല്ലാത്തവന്‍ പരാജയപ്പെടും.

എസ്.എസ്.എല്‍.സി പരീക്ഷയിലും മൂല്യനിര്‍ണ്ണയത്തിലും വെള്ളം ചേര്‍ത്തു എന്ന് വാര്‍ത്ത പരക്കുന്നത് ഈ വര്‍ഷം പാസ്സായ എല്ലാ കുട്ടികളുടേയും ഉപരി പഠനത്തിനെ വിപരീ‍തമായി ബാധിക്കും എന്നതില്‍ സംശയലേശമില്ല തന്നെ. പഠിച്ച് ജയിച്ചവരുടെ അദ്ധ്വാനത്തെ കുറച്ച് കാണലാകുമത്. ജയിച്ചവരെ അംഗീകരിക്കുക. പാളിച്ചകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ അത് പരീക്ഷയെഴുതിയ കുട്ടികളുടെ കുറ്റമല്ല. അത് സംഘാടകരുടെ പിടിപ്പ് കേടാണ്. ആ പിടിപ്പ് കേട് ഈ വര്‍ഷം പത്ത് ജയിച്ച കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന തരത്തിലുള്ള ചര്‍ച്ചകളിലേക്ക് നീങ്ങരുത്. വരും വര്‍ഷങ്ങളില്‍ ആവുന്നത്ര കുട്ടികളെ വിജയിപ്പിക്കാന്‍ ശ്രമിക്കുക. പത്തിന് ശേഷം അവരവരുടെ വിധി അവരവര്‍ തന്നെ തിരഞ്ഞെടുക്കട്ടെ!

8 comments:

അഞ്ചല്‍ക്കാരന്‍ said...

എസ്.എസ്.എല്‍.സി പരീക്ഷയിലും മൂല്യനിര്‍ണ്ണയത്തിലും വെള്ളം ചേര്‍ത്തു എന്ന ചര്‍ച്ചകള്‍ ഉയര്‍ന്ന് വരുന്നത് ജയിച്ച എല്ലാ കുട്ടികളുടേയും ഭാവിയെ ദോഷകരമായി ബാധിക്കും.

കുഞ്ഞന്‍ said...

5ല്‍ത്സ്,

നൂറു% ഞാന്‍ ഈ വാദഗതിയോട് യോജിക്കുന്നു.

നല്ല മനസ്സോടെ അംഗീകരിക്കാന്‍ തയ്യാറാവാതെ, സ്വന്തം കുട്ടി എങ്ങിനെയാണ് വിജയിച്ചെതെന്നു ചോദിച്ചാല്‍ ഈപ്പറയുന്നവന്മാര്‍ പറയുമൊ സര്‍ക്കാരിന്റെ ഔദാര്യംകൊണ്ടാണ് എന്റെ മോന്‍/മോള്‍ ജയിച്ചെതെന്ന്..? ഇമ്മിണി പുളിക്കും..!

ആത്മഹത്യ ഉണ്ടായിട്ടില്ലെന്നുള്ളത് വളരെ നല്ലൊരു കാര്യമല്ലേ..

Manoj മനോജ് said...

ആദ്യമേതന്നെ എന്നെ ഇവിടെ എത്തിച്ച കുഞ്ഞന് നന്ദി പറയുന്നു.
അഞ്ചല്‍ക്കാരാ ചിലക്കുന്നവര്‍ ചിലക്കട്ടെ.. ഈ കുട്ടികള്‍ ഭാവിയില്‍ വിജയങ്ങള്‍ നേടിയെടുത്ത് ഇവര്‍ക്ക് മറുപടി കൊടുത്തുക്കൊള്ളും. അതു വരെ വെറും രാഷ്ട്രീയ ലാഭത്തിനായി ഇവര്‍ ചിലക്കട്ടെ.

Jayasree Lakshmy Kumar said...

നൂറു മേനി വിളയിക്കാന്‍ പാടുപെടുന്ന അദ്ധ്യാപകരും മത്സരകാലത്തിന്റെ ചൂടറിയുന്ന മാതാപിതാക്കളും മാത്രമല്ല, ഇപ്പോഴത്തെ കുട്ടികളും ഈ മത്സരകാലത്തെ കുറിച്ച് നല്ല ബോധമുള്ളവരാണ്. പഠിക്കൂ പഠിക്കൂ എന്ന് പറഞ്ഞ് മാതാപിതാക്കള്‍ കുട്ടികളുടെ പിറകേ നടക്കുന്നത്, ഞാന്‍ പഠിച്ചിരുന്ന കാലത്തെ പോലെ ഇപ്പൊ എനിക്കു കാണാനേ സാധിക്കുന്നില്ല. ഇപ്പോഴത്തെ കുട്ടികളുടെ ഈ അവബോധം എന്നെ അത്ഭുതപ്പെടുത്താറുണ്ട്. അവരുടെ അധ്വാനത്തിന്റെ ഫലത്തെ വെറുതെ പാഴ്‌ശ്രമമായി കാണുന്നതില്‍ സങ്കടമുണ്ട്

ബയാന്‍ said...

പത്തുവരെ ബെഞ്ചിലിരുന്നവനെ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവനാണ് എന്ന ഒരു സെര്‍ട്ടിഫികറ്റ് കൊടുക്കുന്നതായിരിക്കും തോറ്റവന്‍ ജയിച്ചവന്‍ എന്ന് മുദ്രണം ചെയ്യുന്നതിനേക്കാളും അവനോടു കാട്ടുന്ന നീതി.

പത്തു തികഞ്ഞു ഗള്‍ഫിലെത്തി ജോലി തിരഞ്ഞുപോകുന്നവനു RESUME ടൈപുമ്പോള്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി എന്ന് എഴുതാന്‍ പറ്റാത്ത ഒരവസ്ഥയുണ്ടാക്കുന്ന എസ്, എസ് എല്‍ സി ബുക്കിലെ പത്താം തരം തോറ്റു എന്ന മുദ്രണം ഒരു വല്ലാത്ത ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു മുദ്രണമാണ്.
ഇനിയിപ്പോ പത്തു ജയിക്കാത്തവനു പുതിയ എമിഗ്രേഷന്‍ നിയമങ്ങള്‍ വന്നിരിക്കുകയാ, സ്കൂളിന്റെ പടികാണാത്തവനും പത്താം തരം സ്കൂളില്‍ പോയി അഞ്ചോ പത്തോ മാര്‍ക്കിനു തോറ്റവനും ഇവിടെ തുല്യരാവുന്നു. എന്തുകൊണ്ടു തോല്‍ക്കല്‍ - ജയിക്കല്‍ ഇവിടെ ഒരു മാനദണ്ഡമാവുന്നു.

വിദൂഷകന്‍ said...

വളരെ ശരിയായ നിരീക്ഷണമാണിത്.പത്താം ക്ലാസ് ജീവിത വിജയത്തിന്റെ താക്കോലല്ല.

ആവനാഴി said...

അഞ്ചലേ,

അല്ല, ഈ നൂറു ശതമാനം വിജയം പത്താംക്ലാസില്‍ മാത്രം ഒതുക്കി നിര്‍ത്തുന്നതെന്തിനു? യൂണിവേഴ്സിറ്റിയിലും 100 ശതമാനം ജയിച്ചുപോകട്ടെ. പലവിധ കടലാസുബിരുദങ്ങളുമായി അവര്‍ എവിടെയെങ്കിലും പോയി അഷ്ടിക്കുള്ളതു തേടട്ടെ, എന്താ?

പിന്നെ പണിത പാലം ഉല്‍ഘാടനദിവസം തന്നെ തകര്‍ന്നു പോയെന്നും ഓപ്പറേഷനുകൊണ്ടുപോയ രോഗിക്കു അതു കഴിഞ്ഞപ്പോള്‍ ആല്‍മാവുണ്ടായില്ല എന്നുമൊക്കെ വന്നേക്കാം. അതിനെന്തെങ്കിലും മുട്ടായുക്തി പറയാനുള്ള വിദ്യകൂടി പാഠ്യവിഷയമാക്കിയാല്‍ പോരേ?

Anonymous said...

kuttikalkk kittiya grade avarude nilavaram anusarich thanne aanennanu ente munnile udaharanangal nokkiyappol thonniyath. pillaru thottale paroosha nallathavoo enna chintha aadyam maativekkanam. otta kochu polum jayikkatha pareekshayum nadatham..ennu vech angine venam ennu aarenkilum vadikkumo? videsa rajyangalil grade alle ullath? pareekshakk secondary importance mathrame ulloo..

anchalkaranu thanks...