Monday, June 16, 2008

അജ്ഞാത ചിന്തകള്‍

ബൂലോഗത്തെ അജ്ഞാതരെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ബൂലോഗാരംഭം തന്നെയാണ് പഴക്കം. അജ്ഞാതരെ അനോനികള്‍ എന്ന ആംഗലേയത്തില്‍ നാം ചെല്ലപ്പേരിട്ട് വിളിക്കുന്നു. നിന്റെ ശരീരത്തിലെ ഏറ്റവും നല്ല അവയവം ഏതെന്ന് ചോദിച്ചാല്‍ നാവെന്ന് ഉത്തരം പറയുന്ന ഒരുവന് നിന്റെ ശരീരത്തിലെ ഏറ്റവും മോശപ്പെട്ട അവയവം ഏതെന്ന് ചോദിച്ചാലും നാവെന്ന് ഉത്തരം പറയേണ്ടി വരും. നല്ല വര്‍ത്തമാനം തേനൊഴിക്കി പറയുമ്പോള്‍ ഒരുവന്റെ നാവ് മറ്റൊരുവനെ സംബന്ധിച്ചിടത്തോളം പറയുന്നവന്റെ ശരീരത്തിലെ ഏറ്റവും ശുദ്ധമായ അവയവം ആകുന്നു. മോശ വര്‍ത്തമാനം ഇത്തിരി കൈപ്പുനീരിന്റെ അകമ്പടിയോടെ പറയേണ്ടി വരുമ്പോള്‍ കേള്‍ക്കുന്ന ഒരുവന് അതേ നാവ് തന്നെ പറയുന്നവന്റെ ശരീരത്തിലെ ഏറ്റവും മോശപ്പെട്ട അവയവമായി പരിണമിക്കുകയും ചെയ്യുന്നു. ബൂലോഗത്തെ അജ്ഞാതരുടെ നിലവിലുള്ള അവസ്ഥയും “നാവ്” നേരിടുന്ന ഇതേ പ്രതിസന്ധിയില്‍ നിന്നും ഒട്ടും വിഭിന്നമല്ല.

അജ്ഞാതത്വത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ള അജ്ഞാതന്‍ ചിത്രകാരനും അജ്ഞാത ഇഞ്ചിപ്പെണ്ണുമാണ് എന്നതില്‍ ബൂലോഗര്‍ക്കാര്‍ക്കും എതിരഭിപ്രായം ഉണ്ടാകും എന്ന് തോന്നുന്നില്ല. ഇവര്‍ രണ്ടു പേരും കഴിഞ്ഞാല്‍ പിന്നെ ബൂലോഗത്തെ അജ്ഞാതര്‍ ആരോക്കെയാണ്.

സംശയലേശമന്യേ പറയാം അഞ്ചല്‍ക്കാരന്‍ അജ്ഞാതനാണ്. വിശാലമനസ്കന്‍ തുടങ്ങി സങ്കുചിതമനസ്കന്‍ വരെയുള്ള സര്‍വ്വ ബ്ലോഗറന്മാരും അജ്ഞാതരാണ്. അഞ്ചല്‍ക്കാരന്‍ അഗ്രജന് അജ്ഞാതനല്ല. അഗ്രജന് അഞ്ചല്‍ക്കാരനും അജ്ഞാതനല്ല. കാരണം നേരിട്ട് കാണുന്നതു കൊണ്ടും അഞ്ചല്‍ക്കാരന്‍‍ എന്നത് അഞ്ചല്‍ നിവാസിയായ ഷിഹാബ് എന്ന ഒരുവന്റെ യൂസര്‍ ഐഡിയാണെന്ന് നേരിട്ട് അറിയാവുന്നതുകൊണ്ടും അഗ്രജനെ സംബന്ധിച്ചിടത്തോളം അഞ്ചല്‍ക്കാരന്‍ അജ്ഞാതനാകുന്നില്ല. തൊഴിയൂര്‍ സ്വദേശിയായ മുസ്തഫയെന്ന അഗ്രജനെ നേരിട്ട് കാണുകയും സംസാരിക്കുകയും ചെയ്യുന്നതു കൊണ്ടും പരസ്പരം അറിയാവുന്നതുകൊണ്ടും അഞ്ചല്‍ക്കാരന്‍ എന്ന ഷിഹാബ് അഞ്ചലിനെ സംബന്ധിച്ചിടത്തോളം അഗ്രജന്‍ എന്ന യൂസര്‍ ഐഡി അജ്ഞാതനല്ല. അഞ്ചല്‍ക്കാരനെ സംബന്ധിച്ചിടത്തോളം സൂരജ് അജ്ഞാതനാണ്. സൂരജിനെ സംബന്ധിച്ചിടത്തോളം അഞ്ചല്‍ക്കാരനും അജ്ഞാതന്‍ തന്നെ. അതേ സമയം സൂരജിനെ നേരിട്ട് കാണുകയും ഇടപെടുകയും ചെയ്യുന്ന മറ്റൊരു ബ്ലോഗര്‍ക്ക് സൂരജ് അജ്ഞാതന്‍ അല്ലാ താനും.


മറ്റൊരു തലത്തിലേക്ക് പോയാല്‍, ചിത്രകാരന്‍ എനിക്ക് അജ്ഞാതനാണ്. ബ്ലോഗ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കേണ്ടി വരുന്നതു കൊണ്ട് ശില്പശാലകളില്‍ പങ്കെടുക്കുന്നവര്‍ക്ക് ചിത്രകാരന്‍ അജ്ഞാതനല്ല. പക്ഷേ ബ്ലോഗെഴുതുകയും വായിക്കുകയും ചെയ്യുന്ന സമൂഹത്തിലെ ഗണ്യമായ ഒരു വിഭാഗത്തിന് ഇന്നും ചിത്രകാരന്‍ അജ്ഞാതനാണ് താനും. ഇപ്പോഴും ചിത്രകാരന്‍ എന്ന ബ്ലോഗര്‍ അജ്ഞാതനായിരിക്കുന്ന ഗണ്യമായ ആ വിഭാഗത്തിന് ചിത്രകാരന്‍ അജ്ഞാതനല്ലാതായി തീരാന്‍ എന്ത് ചെയ്യേണ്ടി വരും? ഒന്നുകില്‍ മലയാളം ബ്ലോഗെഴുതുന്ന ഒരോരുത്തര്‍ക്കും അദ്ദേഹം വ്യക്തിഗത മുഖാമുഖങ്ങള്‍ അനുവദിക്കേണ്ടി വരും. അല്ലെങ്കില്‍ ആഗോള മലയാള ബ്ലോഗ് അക്കാദമി തുടങ്ങിയിട്ട് ബൂലോഗത്തുള്ള സര്‍വ്വ വായനക്കാരേയും എഴുത്തുകാരേയും വിളിച്ചുകൂട്ടി അദ്ദേഹം സ്വയം പരിചയപ്പെടുത്തേണ്ടി വരും. അല്ലാതെ ചിത്രകാരന്‍ എന്ന തന്റെ ഐഡി മാറ്റി അദ്ദേഹത്തിന്റെ റേഷന്‍ കാര്‍ഡിലേയോ പാസ്പോര്‍ട്ടിലേയോ പേര് പ്രൊഫൈല്‍ ഐഡിയാക്കിയാലും അദ്ദേഹത്തെ ഇന്നേവരെ കാണാത്തവര്‍ക്ക് അദ്ദേഹം അജ്ഞാതന്‍ അല്ലാതായി മാറുമോ? സത്യസന്ധമായി ചിന്തിച്ചാല്‍ ബ്ലോഗെഴുത്തില്‍ അജ്ഞാതത്വം സൃഷ്ടിക്കപ്പെടുന്നതും അത് തകര്‍പ്പെടുന്നതും വ്യക്തി ബന്ധങ്ങളുടെ സ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നു എന്നിടത്ത് നമ്മുക്ക് എത്തിച്ചേരേണ്ടി വരും.

അനോനിമിറ്റി ചര്‍ച്ച ചെയ്യപ്പെടുന്ന ഈ ദിനങ്ങളില്‍ തന്നെ ബ്ലോഗിങ്ങിലെ അനോനിമിറ്റിയ്ക്ക് ഏറ്റവും നല്ല ഉദാഹരണവും പിറവി കൊണ്ടത് ഒരു പക്ഷേ യാദൃശ്ചികമായിരിക്കാം. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി എന്ന ബ്ലോഗര്‍ ഇന്ന് മുതല്‍ (14/06/2008) ഞാന്‍... ഞാന്‍ മാത്രം എന്ന ഐഡിയിലേക്ക് മാറി. ഇവിടെ കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി എന്ന ബ്ലോഗര്‍ ഞാന്‍...ഞാന്‍ മാത്രം ആയി മാറിയതു കൊണ്ട് ശിഥില ചിന്തകള്‍ എന്ന ബ്ലോഗില്‍ വരുന്ന പോസ്റ്റുകള്‍ വായിക്കുന്ന ഒരാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മാറ്റവും അനുഭവപ്പെടുന്നുണ്ടാകുമോ? ശിഥില ചിന്തകള്‍ എന്ന ബ്ലോഗിന്റെ ഉടമയുടെ ശൈലിയും ചിന്തകളും സമൂഹത്തോട് ഇടപെടുന്ന രീതിയും ഇപ്പോള്‍ നിലനില്‍ക്കുന്ന ശൈലിയില്‍ നിന്നും ചിന്തകളില്‍ നിന്നും സമൂഹത്തോട് സംവേദിക്കുന്ന രീതികളില്‍ നിന്നും വ്യതിചലിക്കാത്തിടത്തോളം ആ ബ്ലോഗ് വായിക്കുന്ന ആരെയെങ്കിലും ഈ പേര് മാറ്റം ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കും എന്ന് കരുതുക വയ്യ.

അതുപോലെ തന്നെ, പേര്...പേരക്കാ എന്ന ബ്ലോഗര്‍ തന്റെ ഐഡി ദസ്തക്കിര്‍ ആക്കി മാറ്റിയതു കൊണ്ട് വായനക്കാരന് അല്ലെങ്കില്‍ പേര്...പേരക്കാ എന്ന ഐഡിയില്‍ വന്നുകൊണ്ടിരുന്ന പോസ്റ്റുകളുമായി സംവേദിച്ചിരുന്ന ഒരാള്‍ക്ക്, ഇപ്പോള്‍ ദസ്തക്കിര്‍ എന്ന ഐഡിയില്‍ അതേ ബ്ലോഗില്‍ പുതിയ പോസ്റ്റുകള്‍ ലഭിക്കുമ്പോള്‍ ആ പോസ്റ്റുകള്‍ പേര്...പേരക്കാ എഴുതിയതായിരുന്നു എങ്കില്‍ എന്ന് തോന്നത്തക്ക തരത്തിലുള്ള ഏതെങ്കിലും പ്രാധാന്യം കല്പിച്ചു നല്‍കാന്‍ കഴിയില്ലല്ലോ? പേര്...പേരക്കായുടേതാണെങ്കിലും ദസ്തക്കിറിന്റേതാണെങ്കിലും ആ ബ്ലോഗില്‍ വരുന്ന വിഷയങ്ങള്‍ ആണ് ചര്‍ച്ച ചെയ്യപ്പെടുന്നത്.

പെരിങ്ങോടന്‍ രാജ് നീട്ടിയത്ത് ആയി മാറിയതും, ഏറനാടന്‍ എസ്.കെ.ചെറുവത്ത് ആയതും, തൊമ്മന്‍ ടി.കെ ആയതും ഒന്നും ഇവരേവരും അവരവരുടെ ശൈലികളും ഇടപെടലുകളിലെ രീതികളും മാറ്റാത്തിടത്തോളം വായനക്കാരനെ സംബന്ധിച്ചിടത്തോളം ഏതെങ്കിലും തരത്തില്‍ അവരുടെ ആസ്വാദനത്തെ ബാധിക്കുന്ന കാര്യങ്ങളല്ല. രാജ് നീട്ടിയത്തിനേയോ ഏറനാടനെയോ തൊമ്മനെയോ പെരിങ്ങോടനേയോ എസ്.കെ.ചെറുവത്തിനേയോ ടി.കെയേയോ നേരിട്ട് കാണുകയോ സംസാരിക്കുകയോ ചെയ്യാത്തവരെ സംബന്ധിച്ചിടത്തോളം ഈ ഐഡികള്‍ എല്ലാം തന്നെ അനോനി ഐഡികള്‍ തന്നെ. ഇവരോടെല്ലാവരോടും നേരിട്ട് ഇടപെടുന്നവരെ സംബന്ധിച്ചിടത്തോളം ഇവര്‍ സനോനികളും ആണ്.

നാളെമുതല്‍ വിശാലമനസ്കന്‍ തന്റെ ബ്ലോഗില്‍ നിന്നും നിലവിലുള്ള ഫോട്ടോ പിന്‍‌വലിച്ച് എടത്താടന്‍ മുത്തപ്പന്‍ എന്ന പേരും വെച്ച് ബ്ലോഗെഴുത്ത് തുടര്‍ന്നാല്‍ കൊടകരപുരാണം വായിക്കുന്ന ഒരാള്‍ക്ക് എന്ത് വ്യത്യസ്തതയാണ് അനുഭവപ്പെടുക. തറവാടി നാളെ അലിയു പാലത്തിങ്കല്‍ ആയാലും, വല്യമ്മായി രഹ്നാ അലിയു ആയാ‍ലും, കുറുമാന്‍ രാഗേഷ് ആയാലും, കാര്‍ട്ടൂണിസ്റ്റ് സജ്ജീവ് ബാലകൃഷ്ണന്‍ ആയാലും, കൈപ്പള്ളി നിഷാദ് ആയാലും, ബെര്‍ളീതോമസ് പാലാക്കാരനായാലും വായനക്കാരന്റെ സംവേദനത്തെ സംബന്ധിച്ചിടത്തോളം ഏതെങ്കിലും തരത്തിലുള്ള മാറ്റം ‍ ഉണ്ടാകുന്നതേയില്ല.

തന്റെ വ്യക്തിവിലാ‍സം ബ്ലോഗില്‍ രേഖപ്പെടുത്താത്തവര്‍ വ്യക്തികളെ കൂട്ടം ചേര്‍ന്ന് അക്രമിക്കുന്നതില്‍ രസം കണ്ടെത്തുന്നു എന്ന വാദം എത്രത്തോളം ശരിയാണ്? മലയാള ബ്ലോഗിങ്ങില്‍ തുടക്കം മുതല്‍ തന്റെ സാനിദ്ധ്യം നിരന്തരം കാത്തു സൂക്ഷിക്കുന്ന പെരിങ്ങോടനോളം ബ്ലോഗില്‍ വിമര്‍ശിക്കപ്പെട്ടവര്‍ മറ്റാരെങ്കിലും ഉണ്ടാകുമോ എന്ന് സംശയമാണ്. പിന്മൊഴി അടച്ചു പൂട്ടിയതുമായി ബന്ധപ്പെട്ടചര്‍ച്ചകളില്‍ ഒരു ഭാഗത്ത് പെരിങ്ങോടനും മറുഭാഗത്ത് ബൂലോഗത്തിന്റെ മുഴുവന്‍ പ്രതിഷേധവും എന്ന നിലയായിരുന്നു. സിബുവും ഏവൂരാനും ചന്ദ്രശേഖരന്‍ നായരും വിരലിലെണ്ണാവുന്ന മറ്റു ചിലരും ഒഴികെ മറ്റാരെങ്കിലും പിന്‍‌മൊഴി പ്രശ്നത്തില്‍ പെരിങ്ങോടന് അനുകൂലമായി നിലപാട് എടുത്തിട്ടുണ്ടോ എന്ന് സംശയമാണ്. അക്കാലത്ത് ബൂലോഗത്ത് സജീവമായിരുന്ന മിക്കവാറും എല്ലാവരും അവരവരുടെ നിലപാടുകള്‍ വെളിപ്പെടുത്തുകയും പിന്‍‌മൊഴി അടച്ചു പൂട്ടുന്നതിനെതിരേ പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്തപ്പോള്‍ അത് ഒക്കെയും നേരിട്ട് ബാധിച്ചിരുന്നത് പിന്മൊഴി എന്തുകൊണ്ട് പൂട്ടണം? എന്ന പോസ്റ്റെഴുതിയ പെരിങ്ങോടനായിരുന്നു. ഇവിടെ പെരിങ്ങോടനെ ബൂലോഗത്തെ അനോനികളെല്ലാരും കൂടി കൂട്ടം കൂടി അക്രമിച്ചു എന്ന് പറയാന്‍ കഴിയുമോ?

ഒരാള്‍ക്ക് യോജിക്കാന്‍ കഴിയാത്ത അഭിപ്രായങ്ങളുമായി ഒരു പോസ്റ്റ് വരുമ്പോള്‍ ആ പോസ്റ്റിനെതിരേ മറ്റൊരാള്‍ പ്രതികരിക്കും. ഒരു പൊതു സമൂഹത്തിന് യോജിക്കാന്‍ കഴിയാത്ത വിഷയവുമായാണ് ഒരാള്‍ വരുന്നതെങ്കില്‍ ആ പോസ്റ്റില്‍ എതിരഭിപ്രായം പറയുന്നവരുടെ എണ്ണം കൂടും. ആ പോസ്റ്റ് വരുന്ന ദിനം പോസ്റ്റില്‍ ചര്‍ച്ച ചെയ്യുന്ന വിഷയത്തിനെ എതിര്‍ക്കുന്നവരാണ് നെറ്റില്‍ കൂടുതല്‍ ഉള്ളതെങ്കില്‍ ആ പോസ്റ്റിനെതിരേ ശക്തമായ വിമര്‍ശനങ്ങള്‍ ഉണ്ടാകും. ഇന്നലെ വരെ തന്നോടൊപ്പം നിന്നവര്‍ ഇന്ന് എതിരഭിപ്രായം പറയുന്നതിനെ സഹിഷ്ണുതയോടെ ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ലാ എങ്കില്‍ മറുകമന്റുകളിലെ പ്രകോപനപരമായ നിലപാടുകള്‍ കൂടുതല്‍ എതിര്‍പ്പിന് കാരണമാകും. പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ നിന്നും ചര്‍ച്ച വ്യതിചലിച്ച് കമന്റുകള്‍ക്ക് മറുകമന്റ് എന്ന നിലക്ക് തമ്മില്‍ തല്ലായി വളരും. പോസ്റ്റിട്ടയാള്‍ അതോടെ കൂടുതല്‍ പ്രകോപനപരമായി കമന്റുകള്‍ എഴുതാന്‍ തുടങ്ങുന്നിടത്ത് അന്നേവരെ ആ ബ്ലോഗ് സന്ദര്‍ശിക്കാത്തവര്‍ക്ക് പോലും ആബ്ലോഗിലേക്ക് കടന്ന് വന്ന് തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കേണ്ടി വരും. അങ്ങിനെ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന നല്ലൊരു പങ്കും എതിരാകുന്നതോടെ “ഞാന്‍ കൂട്ടം ചേര്‍ന്നുള്ള അക്രമണത്തിന് വിധേയനായേ..” എന്ന് പറയുന്നതില്‍ എവിടെയാണ് അനോനിമിറ്റി ഒരു കാരണമാകുന്നത്? അങ്ങിനെ സങ്കീര്‍ണ്ണമായ ഒരു പോസ്റ്റെടുത്ത് നോക്കിയാല്‍ അതില്‍ സ്വന്തം ഐഡിയില്‍ വന്ന് തങ്ങള്‍ക്ക് പറയാനുള്ളത് ശക്തമായി പറഞ്ഞ് പോയിട്ടുള്ളവരുടെ എണ്ണമായിരിക്കും കൂടുതല്‍.

കലാകൌമുദിയില്‍ മലയാളം ബ്ലോഗെഴുത്ത് കാരെ ആഭാസന്മാരായി ചിത്രീകരിച്ചു കൊണ്ട് മലയാളത്തിലെ ഒരു ബ്ലോഗര്‍ ലേഖനം എഴുതിയപ്പോള്‍ അദ്ദേഹത്തിനെതിരേ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നവര്‍ ആ ബ്ലോഗറെ കൂട്ടം ചേര്‍ന്ന് അക്രമിച്ചു എന്ന് പറവാന്‍ കഴിയുമോ? അല്ലെങ്കില്‍ അദ്ദേഹത്തെ കൂട്ടമായി അക്രമിക്കാന്‍ മലയാളം ബ്ലോഗറന്മാര്‍ അനോനികളായി വേഷം മാറി എന്ന് കരുതാമോ? അന്നുവരെ ബ്ലോഗില്‍ ഉണ്ടായിരുന്നവര്‍ തന്നെയാണ് അന്നും ആ ബ്ലോഗെര്‍ക്കെതിരേയും കൌമുദിക്കെതിരേയും പ്രതികരിച്ചത്. ആ ലേഖനം വരുന്നതിന്റെ തലേന്ന് വരെ ആ ബ്ലോഗറെ ഗുരുതുല്യം കണ്ടിരുന്നവര്‍ അദ്ദേഹത്തെ അനുകൂലിക്കുമ്പോള്‍‍ സനോനികളും ആ ലേഖനത്തിന് ശേഷം എതിരഭിപ്രായം പറയൂമ്പോള്‍ അനോനികളും ആയി മാറുന്നത് എത്രത്തോളം ബാലിശമാണ്? ഇന്നി ആ ബ്ലോഗറെ കൌമുദിയില്‍ അങ്ങിനെയൊരു ലേഖനം എഴുതാന്‍ പ്രേരിപ്പിച്ചത് അനോനികളുടെ കൂട്ടം കൂടിയുള്ള അക്രമണമായിരുന്നു എന്ന് പറയുന്നതിലും തെറ്റില്ലേ? മുകളിലത്തെ ഖണ്ഡികയില്‍ സൂചിപ്പിച്ചത് പോലെ യോജിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ ഒരു പോസ്റ്റില്‍ വന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ എതിരഭിപ്രായം പറയും. അങ്ങിനെയാണല്ലോ ചര്‍ച്ചയുണ്ടാകുന്നത്.

കേരളം കണ്ട ഏറ്റവും നല്ല നടന്‍ പ്രേം നസീര്‍ ആണ് എന്ന് ഒരാള്‍ പറയുമ്പോള്‍ പ്രേംജിയെ നല്ലനടനായി കരുതുന്ന ഒരാള്‍ അയാളുടെ അഭിപ്രായം പ്രകടിപ്പിക്കാം. ഭരത് ഗോപി മലയാളത്തിലെ എക്കാലത്തേയും ഏറ്റവും നല്ല നടനായി കാണുന്ന മറ്റൊരുവന്‍ പൊസ്റ്റിനെതിരേ സംസാരിക്കും. അപ്പോള്‍‍ നിനക്കൊന്നും വിവരമില്ലാ എന്നാണ് പോസ്റ്റിന്റെ ഉടമ പറയുന്നതെങ്കില്‍ ചര്‍ച്ച വഴി തെറ്റും. എതിരഭിപ്രായക്കാര്‍ കൂടും. അനുകൂലിക്കുന്നവര്‍ക്ക് പോലും ഇടപെടാന്‍ കഴിയാതെ വരും. അതോടെ നേരത്തേ പറഞ്ഞത് പോലെ തന്നെ പോസ്റ്റിന്റെ ഉടമ കൂടുതല്‍ പ്രകോപിക്കപ്പെടും. അങ്ങിനെ അനുകൂലിക്കുന്നവര്‍ കുറഞ്ഞ് കുറഞ്ഞ് തീരെയില്ലാതെയാവുകയും എതിര്‍ക്കുന്നവര്‍ എണ്ണത്തില്‍ പെരുകി പെരുകി വരികയും ചെയ്തിടത്താണ് “അനോനികള്‍ കൂട്ടം കൂടി അക്രമിച്ചു” എന്ന ചിന്താഗതിയിലേക്ക് ആ ബ്ലോഗര്‍ എത്തിച്ചേര്‍ന്നത്. അവിടെ നിന്നുമാണ് കൌമുദിയില്‍ ലേഖനവും വന്നത്. ഇവിടേയും പ്രൊഫൈലില്‍ വ്യക്തി വിവരങ്ങള്‍ എഴുതി ചേര്‍ക്കാത്തവരുടെ എതിരഭിപ്രായങ്ങള്‍ക്കല്ല ആ ബ്ലോഗര്‍ വിധേയനായത്. യൂസര്‍ ഐഡി എന്ന ഓപ്ഷന് പകരം പേരും ഫോട്ടോയും വിലാസവും പിന്‍‌കോഡും ജീയോഗ്രാഫിക്കല്‍ മാപ്പും ഉണ്ടെങ്കില്‍ മാത്രമേ ബ്ലോഗെഴുതാന്‍ കഴിയുള്ളൂ എന്നതായിരുന്നു ഗൂഗിളിന്റെ സേവന വ്യവസ്ഥയെങ്കില്‍ ഫോട്ടോ പതിച്ച സ്വന്തം പേരില്‍ വിലാസവും പിന്‍‌കോഡും വെളിവാക്കികൊണ്ട് പോലും ഇങ്ങിനെയുള്ള സന്ദര്‍ഭങ്ങളില്‍ ബ്ലോഗറന്മാര്‍ പ്രതികരിക്കും.

മലയാള ബ്ലൊഗെഴുത്തിന്റെ ആരംഭദശമുതല്‍ ബ്ലോഗിങ്ങില്‍ തന്റെ സാനിദ്ധ്യം തുടരുന്ന ഒരു ബ്ലോഗറെ വ്യക്തിപരമായി തന്നെ അധിഷേപിച്ചു കൊണ്ട് “കുരുക്കുകള്‍” എന്ന പേരില്‍ വന്ന ഒരു പോസ്റ്റില്‍ ബൂലോഗം ചേരി തിരിഞ്ഞ് ചെളിവാരിയെറിഞ്ഞപ്പോഴും ബൂലോഗത്ത് സജീവമായി ഇടപെട്ടുകൊണ്ടിരുന്നവര്‍ തന്നെയാണ് രണ്ട് ചേരിയിലേക്ക് തിരിഞ്ഞത്. അക്ഷരാര്‍ത്ഥത്തില്‍ ക്രൂരമായ വ്യക്തിഹത്യക്ക് വിധേയനായ ആ ബ്ലോഗര്‍ക്കെതിരേ കമന്റ് എഴുതിയവരും ആ ബ്ലൊഗറെ അനുകൂലിച്ചു കൊണ്ട് തങ്ങളുടെ നിലപാട് വ്യക്തമാക്കിയവരും ഇവിടെ അന്ന് വരെ വ്യാപരിച്ചു കൊണ്ടിരുന്നവര്‍ തന്നെയായിരുന്നു. മലയാള ബ്ലോഗിങ്ങിന്റെ ഇക്കാലത്തെ ചരിത്രത്തിനിടക്ക് “കുരുക്കുകളുടെ” അത്രയും ദുഷിച്ച ഒരു വിഴുപ്പലക്കലും ഉണ്ടായിട്ടില്ല. ആ ചര്‍ച്ചയില്‍ ചേരി തിരിഞ്ഞവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ വേണ്ടി പുതിയ ഐഡികള്‍ സൃഷ്ടിക്കുകയല്ലായിരുന്നു ചെയ്തത്. നിലവിലുണ്ടായിരുന്ന ഐഡികളില്‍ തന്നെയാണ് അഭിപ്രായം പറഞ്ഞിരുന്നത്-പോസ്റ്റിനെ അനുകൂലിച്ചും പോസ്റ്റിനെതിരേയും. ഇവിടേയും സൌകര്യത്തിന് വേണ്ടി ആരും അനോനികളായിട്ടില്ല.

എതിര്‍ക്കപ്പെടുമ്പൊള്‍ അനോനികളുടെ തേര്‍വാഴ്ചയാകുന്നതും അനുകൂലിക്കപ്പെടുമ്പോള്‍ അത് ബ്ലോഗിങ്ങിന്റെ സൌഹൃദമാകുന്നതും “നാവ്” എന്ന അവയവം നേരിടുന്ന പ്രതിസന്ധി തന്നെയാണ് ബ്ലൊഗെഴുത്ത് കാരും നേരിടുന്നത് എന്ന വസ്തുതയെ ഒന്നു കൂടി ഉറപ്പിക്കുന്നു. ഒരു ഐഡി തേനൊഴിക്കിയാല്‍ ആ ഐഡി നല്ലത്. ഒരു ഐഡി എതിരഭിപ്രായം പറഞ്ഞാല്‍ അവന്‍ അസ്തിത്വം ഇല്ലാത്ത അനോനി‍. ഈ നിലപാട് ബ്ലോഗിങ്ങിന്റെ സത്തയെ തന്നെയാണ് ഇല്ലാതാക്കുന്നത്. എതിരഭിപ്രായം ശത്രുതയും സമാനാഭിപ്രായം സൌഹൃദവും എന്ന നിലപാട് പോസ്റ്റുകളില്‍ മേലുള്ള ചര്‍ച്ചകളെ വഴിമുട്ടിക്കും.

ബ്ലോഗിന്റെ ഉടമയുടെ വ്യക്തിത്വം അയാള്‍ പ്രൊഫൈലില്‍ എഴുതി വെക്കുന്ന പേരിലോ, ചിരിച്ച് കൊണ്ടിരിക്കുന്ന അല്ലെങ്കില്‍ താടിക്ക് കൈയും കൊടിത്തിരിക്കുന്ന ഫോട്ടോയിലോ, വെളിപ്പെടുത്തിയിരിക്കുന്ന വ്യക്തി വിവരങ്ങളിലോ നിക്ഷിപ്തമല്ല. മറിച്ച് അയാള്‍ എഴുതിയിടുന്ന പോസ്റ്റുകളുടെ സ്വഭാവത്തിന്റേയും ചര്‍ച്ചകളില്‍ ഉയര്‍ന്ന് വരുന്ന അഭിപ്രായങ്ങളോട് അയാള്‍ സംവേദിക്കുന്ന ശൈലിയുടേയും ഇടപെടുന്ന രീതികളുടേയും ആകെ തുകയാണ് ഒരു ബ്ലോഗറുടെ ഐഡന്റിറ്റിയെ നിശ്ചയിക്കുന്നത്.

13 comments:

പാമരന്‍ said...

നല്ല വിലയിരുത്തലായി.

ഹരിയണ്ണന്‍@Hariyannan said...

പേര്...പേരക്ക!
ഇത് ഞാന്‍ ഏറ്റവും ഇഷ്ടപ്പെട്ട പേരുകളിലൊന്നായിരുന്നു!
അതുമാറ്റി ദസ്തകിറെന്ന അനോണിപ്പേരാക്കിയതിന് ബൂലോകം ദസ്തക്കറൈനു മാപ്പുകൊടുക്കരുത്!
:)

ഓ.ടോ: താടിക്കുകയ്യും കൊടുത്തിരിക്കുന്ന ഒരു പടം ഇവിടെയെവിടെയോ കണ്ടാരുന്നല്ലോ?!

ബാബുരാജ് ഭഗവതി said...

അഞ്ചല്‍ക്കാരാ..
അനോനിയാവുന്നത് ഒരു പാതകമൊന്നുമല്ല,അങ്ങിനെ അല്ലാതാവുന്നത് പാതകമല്ലാത്തതുപോലെ..
തങ്കളോട് യോജിക്കുന്നു.
സ്നേഹപൂര്‍വ്വം
ബാബുരാജ്

കുഞ്ഞന്‍ said...

5ത്സ്,

ഒരു സല്യൂട്ട്...!

മാഷെ..സനോണി തന്നെ അനോണി...!

അനോനിയായി പറയുന്നത്, മദ്യം കഴിച്ചു കഴിഞ്ഞുണ്ടാകുന്ന ഒരു തരം ചോരത്തിളപ്പ് പോലെയാണ്. അതായിത് ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന നാണം/ഭീരുത്വം പുറത്തുവരുന്നു. ഇതിനെ ധൈര്യം എന്നു പറയാന്‍ പറ്റില്ലാന്നാണെന്റെ പക്ഷം.

ആരു പറയുന്നു എന്നതിനേക്കാള്‍ എന്തു പറയുന്നു എന്നതു നോക്കി അവനെ സനോണിയും അനോണിയും ആക്കാം..! ( അങ്ങിനെ വരുമ്പോള്‍ ഞാനും ഒരു അനോണി തന്നെ..)

അനോനിയായി അഭിപ്രായം പ്രകടിപ്പിക്കുമ്പോള്‍ അവരുടെ ഐ.പി അഡ്രസ്സ് അറിയാന്‍ പറ്റുമൊ..എങ്കില്‍ 99% അനോനിമാരുടെ കമന്റും വരുന്നത് സനോണിയായി എഴുതുന്ന ഐപി അഡ്രസ്സില്‍ നിന്നാണെന്നു കാണാന്‍ പറ്റും..! ഇതിനും അപവാദങ്ങള്‍ ഉണ്ട് കാരണം നെറ്റ് കഫെകള്‍ ഉപയോഗിക്കുന്ന ഒരു സനോണിയെ അനോണിയായി കണ്ടെത്താന്‍ പറ്റില്ല.

ശ്രീ സുകുമാരന്‍ അഞ്ചരക്കണ്ടി എന്നു പറയുന്ന ബ്ലോഗര്‍ അനോനിയായി എന്റെ പോസ്റ്റില്‍ കമന്റിട്ടുണ്ട്.

ബ്ലോഗ് എന്നത് ഒരു മുഖം മൂടി മാത്രം. അത് അനാവരണം ചെയ്താല്‍ സിനിമാ നടിമാരെ മേയ്ക്കപ്പില്ലാതെ കാണുമ്പോലെയാകും..!

വിനയന്‍ said...

എല്ലാം സമ്മതിക്കുന്നു

പ്രധാനപ്പെട്ട ഒരു ചര്‍ച്ചയില്‍ സ്വന്തം ഐഡിയില്‍ നിന്നു തന്നെ അഭിപ്രായം പറയാം എന്നിരിക്കേ അത് ചെയ്യാതെ അണോണിയായി വന്ന് കമന്റിട്ടു പോവുന്നതിന്റെ ഉദ്ദേശമാണ് മനസ്സിലാവാത്തത്.അയാള്‍ക്ക് നിലവില്‍ ഉള്ള ഐഡിയില്‍ നിന്ന് തന്നെ കമന്റിട്ടാല്‍ എന്താണ് കുഴപ്പം.

ഞാന്‍ മനസ്സിലാക്കുന്നത് എപ്പോഴും ‘നന്നായി’ അസ്സലായി, തുടരൂ,ഇതുപോലൊന്നു ഞaന്‍ വായിച്ചിട്ടില്ല എന്നൊക്കെ കമന്റിടുന ഒരു ബ്ലോഗറിന് തീരെ സഹികെടുമ്പോള്‍ ഒരു പ്രധിഷേധ കംന്റിടണം എന്ന് തോന്നുമ്പോള്‍ അനോണിയായി വേഷം മാറി ചെല്ലും.ഇത് തനതയില്ലാത്തരമല്ലെ.നേരത്തെ തന്നെയുള്ള ഐഡിയില്‍ വന്‍ എതിരഭിപ്രായം പറഞ്ഞാല്‍ പിന്നെ തീര്‍ന്നില്ലേ, മുമ്പ് അയാള്‍ ഉണ്ടാക്കിറ്യെടുത്ത മാന്യപദവിയും മഹാന്‍ ചമയലും ഒക്കെ പോകില്ലേ ആ പേടിയാണ് ഈ അനോണിചമയലിന്റെ പിന്നില്‍.ഒരു തരം തലയില്‍ മുണ്ടിട്ട് വരുന്നവന്റെ അവസ്ഥ.

സ്വന്തം പേരിലല്ലാതെ മറ്റു പേരുകള്‍ ഉപയോഗിക്കുന്നതും.ഇന്‍സ്റ്റന്റായി വന്ന് അനോണീ എന്നും പറഞ്ഞ് കമന്റിടുന്നതും രണ്ടു രണ്ടാണ്.

ശ്രീ,അഞ്ചല്‍ കാരന്‍ അനോണി പുലയാട്ടുകളെ ഇത്ര ലാളിത്യ വല്‍ക്കരിക്കേണ്ടതില്ല.

മൃദുല്‍രാജ് said...

അഞ്ചല്‍ പറയുന്ന പോലെ ആണെങ്കില്‍ മന്മോഹന്‍സിംഗ്, പ്രതിഭാ പട്ടേല്‍, സോണിയാ ഗാന്ധി തുടങ്ങി ഗാന്ധിജി വരെ എനിക്ക് അനോണി ആണല്ലോ.. ഇവരെ ആരെയും ഞാന്‍ കണ്ടിട്ടുമില്ല , തൊട്ടിട്ടുമില്ല.
അഞ്ചല്‍ അനോണി എന്ന് ഉദ്ദേശിക്കുന്നത് നേരില്‍ കാണാത്തവരെ ആണെന്ന് ആരാ പറഞ്ഞത് ?
എന്റെ അഭിപ്രായം ഇവിടെ ഉണ്ട്.
ഒരു ബ്ലോഗറുടെ ബ്ലോഗ് ലോകത്തിന്റെ അന്ത്യം"

തറവാടി said...

എഴുത്തിലൂടെ മാത്രം വിനിമയം നടത്തുന്ന എഴുത്തുകാരന്റെ പോലും ആകാരം ഓരോ വായനക്കാരനിലും ഉണ്ടാകും. നേരില്‍ കാണുമ്പോള്‍ ഇതിന് കോട്ടം തട്ടുന്ന തരത്തിലുള്ള ഒരു പ്രകൃതമാണ് എഴുത്തുകാരനെങ്കില്‍ വായനക്കാരനില്‍ താത്പര്യകുറവ് കാണിക്കും (ആകാരം എന്നതുകൊണ്ട് ശരീര പ്രകൃതം മാത്രമല്ല വ്യക്തിത്വവും ഉള്‍‌പ്പെടുത്തിയിരിക്കുന്നു).എഴുത്തുകാരനെപ്പറ്റിയുള്ള അറിവോടെ വായിച്ചുതുടങ്ങുമ്പോള്‍ ഇതുണ്ടാകുന്നില്ല.

വ്യക്തിപരവിവരങ്ങള്‍ പുറത്തറിയിക്കാതെ യൂസര്‍ ഐഡിയില്‍ മാത്രം ബ്ലോഗുന്നവര്‍ക്ക് , അതു വെച്ച് ബ്ലോഗുന്നവരെക്കാള്‍ സ്വാതന്ത്ര്യം സ്വല്‍‌പ്പം കൂടുതലുണ്ടെന്നത് വസ്തുതതന്നെയാണ്. അതുപോലെത്തന്നെ യൂസര്‍ ഐഡി പോലും സ്വന്തമായില്ലാത്ത ' അനൊണമസ്' ബ്ലോഗേര്‍സിനാണേറ്റവും സ്വാതന്ത്ര്യമുള്ളത്.

അഞ്ചല്‍‍‌ക്കാരനെ അഗ്രജനറിയാം തറവാടിക്കറിയാം , ഒരു പുതിയ ബ്ലോഗര്‍ക്ക് താങ്കള്‍ ആരെന്ന് അറിയാന്‍ വലിയ ബുദ്ധിമുട്ടുണ്ടെന്ന് തോന്നുന്നില്ല അതിനെ പക്ഷെ ചിത്രകാരനായോ ഇഞ്ചിപ്പെണ്ണായോ താരദമ്യം ചെയ്യാനൊക്കില്ല.

Kaithamullu said...

അടുത്തറിയാവുന്ന ബ്ലോഗറെ പുലഭ്യം പറയാന്‍ തോന്നുമ്പോഴാണ് ഒരുവന്‍ ‘അനോണി’യായി വരുന്നതെന്ന് അനുഭവം പഠിപ്പിക്കുന്നു.
-നല്ല പോസ്റ്റ് അഞ്ചല്‍!

Anonymous said...

എന്താ മാഷേ ആകപ്പാടെ ഒരു കണ്‍ഫ്യൂഷനാണല്ലോ..മനുഷ്യന്മാരായതുകൊണ്ടാവണം അല്ലേ?ബ്ലോഗില്‍ വ്യക്തിബന്ധങ്ങളില്ല, എന്നുറക്കെ പറയുന്ന നമ്മള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്രതിഷേധിച്ചില്ലേ? ആ ബ്ലോഗ്ഗറെ ആരോ അസഭ്യം പറഞ്ഞത് എനിക്കു സഹിക്കാനായില്ല എന്നല്ലേ പലരും കാരണം പറഞ്ഞത്? gender neutral പേരിടണം എന്ന് പോലീസില്‍ നിന്നു നിര്‍ദേശം കിട്ടിയ അവര്‍ “പെണ്ണ്” എന്നു explicitly പേരില്‍ ചേര്‍ത്ത സ്ഥിതിക്ക് അവരുടെ gender അതാണെന്നു തെറ്റിദ്ധരിപ്പിക്കുന്ന security precaution ആയിരിക്കില്ലേ അത്? സ്വന്തം gender ആരെങ്കിലും പേരിന്റെ കൂടെ ചേര്‍ക്കണോ മാഷേ? എന്തൊക്കെ വട്ടുകളാണ് അല്ലേ?

ബീരാന്‍ കുട്ടി said...

അഞ്ചല്‍ ജീ,
പറയേണ്ടത്‌ പറഞ്ഞിരിക്കുന്നു. കേള്‍ക്കേണ്ടവര്‍ കേട്ടാല്‍ മതിയായിരുന്നു. "ഞാന്‍ ആരായലെന്ത്‌, എന്റെ എഴുതാണ്‌ പ്രധാനം."

വിനയന്‍ പറഞ്ഞ പോലെ അനോനികളെ തലയിലെടുത്തുള്ള ഈ കളി തീകളിയാണ്‌, കാരണം ഞാന്‍ അനോനിയാണ്‌.

മുള്‍ജീ, കൊട്‌ കൈ.

"Our ultimate freedom is the right and power to decide how anybody or anything outside ourselves will affect us." --Stephen Covey

Soha Shameel said...

"മിസ്റ്റര്‍ ബുഷ് കോണ്ടലിസാ റൈസിനു അനോനിയല്ല. പുതുപ്പരിയാരത്തെ രാഘവന്‍ തെക്കേമുറിക്ക് ഹിഗ്വിറ്റ അനോനിയാണ്. ഇഞ്ചിപ്പെണ്ണിണു ദേവരാഗം അനോന്നിയാണു. സംശയലേശമന്യേ പറയാം ഫോട്ടോയില്‍ കാണുന്ന അഞ്ചല്‍ നിവാസിയായ ഷിഹാബ് നൊമാഡിനു അജ്ഞാതനാണു. കരുണാകാരനു മുരളീധരന്‍ സനോനിയാണെങ്കിലും ബാന്‍ കി മൂണ്‍ അനോനിയാണു."

- - -

'കാണാത്തതൊന്നും ഞാന്‍ വിശ്വസിക്കില്ലാ...'
'നീ ദുബായ് കണ്ടിട്ടുണ്ടൊ?'
'ഇല്ല'
'അപ്പൊ ദുബായ് ഇല്ലേ???'

yousufpa said...

ബ്ലോഗിനെ കുറിച്ച വിവരങ്ങളുമായി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഒരു മുഖച്ചിത്രം കണ്ടിരുന്നു.
അതോര്‍മ്മ വന്നു ഇത് വായിച്ചപ്പോള്‍

keralafarmer said...

അനോണിമിറ്റി മാറ്റാന്‍ ഐഡന്റിറ്റി ഐഡി സര്‍ക്കാര്‍ രേഖകളില്‍ (വോട്ടേഴ്സ് ലിസ്റ്റ്) പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപ്പോള്‍ പ്രൊഫൈലില്‍ കൊടുത്തിരിക്കുന്ന വിലാസവും പേരും ഒത്തുചേരുകയും, പിന്നെ പലരോടൊപ്പം പല വേദികള്‍ പങ്കിട്ട് ചിത്രസഹിതം (പലരുടെയും ്നോണിമിറ്റി അപ്പുവിന്റെ പോസ്റ്റില്‍ കണ്ടിരുന്നു) പ്രസിദ്ധീകരിക്കുകയും ചെയ്താല്‍ സനോണിയാവും. അല്ലെ അഞ്ചല്‍ക്കാരാ.