Friday, June 20, 2008

രാഹുലന്റെ വെറും തോന്നലുകള്‍

രാഹുലന്‍.
ദേശസാല്‍കൃത ബാങ്കില്‍ ഗുമസ്തന്‍. താമസം തലസ്ഥാന നഗരിയിലെ വാടക വീട്ടില്‍. കുടുംബത്തോടൊപ്പം ചേരാന്‍ ആഴ്ചയില്‍ ഒരിക്കല്‍ ജന്മനാട്ടിലേക്ക് പോകും. ഒറ്റയ്ക്കുള്ള ജീവിതം രാഹുലന് ശീലമായി കഴിഞ്ഞിരിക്കുന്നു. മഹാനഗരത്തിന്റെ കാപട്യമൊന്നും ലവലേശം തീണ്ടാത്ത ശുദ്ധനായ ഗ്രാമീണന് പക്ഷേ ഒരു പ്രശ്നമുണ്ട്. പ്രശ്നം രാഹുലനെ സംബന്ധിച്ചിടത്തോളം തീരെ നിസ്സാ‍രം. എന്നാല്‍ ചുറ്റുപാടുകള്‍ക്ക് അതീവ ഗുരുതരവും.

സംശയമായിരുന്നു രാഹുലന്റെ പ്രശ്നം. തെറ്റിദ്ധരിക്കണ്ട. സംശയമെന്നാല്‍ ഭാര്യയുടെ ചാരിത്ര്യശുദ്ധിയിലുള്ള സംശയമൊന്നുമല്ല. ഹേയ്... അങ്ങിനെ ഒരു സംശയമേ ഇയാളെ തൊട്ടു തീണ്ടിയിട്ടില്ല എന്ന് മാത്രമല്ല രാഹുലനൊരു തികഞ്ഞ ഭാര്യാ ഭക്തനുമായിരുന്നു. പിന്നെയോ, സഹപ്രവര്‍ത്തകര്‍ക്ക് വെടിവട്ടത്തിനുള്ള വക രാഹുലന്റെ സംശയം ഉണ്ടാക്കികൊടുക്കുന്നുമുണ്ട്.

രാഹുലന് സ്വന്തമായി ഒരു മാരുതി സെന്‍ കാറ് ഉണ്ട്. ഓഫീസിലേക്ക് പോകാനും വാ‍ടകവീട്ടിലേക്ക് തിരിച്ച് വരാനും ആഴ്ചയില്‍ ഒരിക്കല്‍ കുടുംബത്തോടൊപ്പം ചേരാനും ഒക്കെ രാഹുലന്‍ ആ വാഹനമാണ് ഉപയോഗിക്കുന്നത്. മാരുതി പാര്‍ക്ക് ചെയ്തതിന് ശേഷം ഡോര്‍ പൂട്ടിയിട്ടുണ്ടോ എന്ന ശങ്കയാണ് രാഹുലന്റെ സംശയങ്ങളില്‍ ഒന്ന്. ഏറ്റവും കുറഞ്ഞത് മൂന്ന് തവണയെങ്കിലും മാരുതി പൂട്ടിയിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് വണ്ടി പാര്‍ക്ക് ചെയ്ത് അയാള്‍ ഓഫീസിലേക്ക് കയറുന്നത്. ഇരിപ്പിടത്തിലേക്കെത്തി നിമിഷങ്ങള്‍ക്കുള്ളില്‍ സംശയം ഇരച്ച് കയറുകയായി... വണ്ടി പൂട്ടിയോ?..മിനിറ്റുവെച്ച് ആ സംശയം അയാളെ കീഴ്പ്പെടുത്തും. പിന്നെ അര നിമിഷം പോലും അയാള്‍ക്ക് സ്വസ്തത കിട്ടില്ല. തിരികേ വന്ന് മാരുതിയുടെ ഡോറുകള്‍ പിടിച്ച് വലിച്ച് നോക്കി, വീണ്ടും ഒന്നു കൂടി തുറന്ന് പിന്നെയും പൂട്ടി തിരിച്ച് ഓഫീസിലേക്ക് കയറുന്ന നിമിഷം അടുത്ത സംശയം മനസ്സിലേക്ക് അരിച്ച് കയറും. രണ്ടാമത് ഡോറ് തുറന്നിട്ട് പിന്നെ താന്‍ പൂട്ടിയിട്ടുണ്ടാകുമോ? നിമിഷങ്ങള്‍ക്കുള്ളില്‍ രാഹുലനെ വീണ്ടും മാരുതിക്ക് അടുത്ത് കാണാം. ഇത് ഇയാളുടെ സംശയത്തിന്റെ ഏറ്റവും ചെറിയ ഒരംശം.

വസ്ത്രങ്ങള്‍ ഇസ്തിരിയിട്ടതിന് ശേഷം ഇസ്തിരിപ്പെട്ടി കേടുത്തിയോ ഇല്ലയോ എന്ന് ഓഫീസിലേക്ക് തിരിക്കും വരെ അയാള്‍ ഉറപ്പാക്കി കൊണ്ടിരിക്കും. ഓഫീസിലേക്ക് തിരിച്ചാലും ഇടക്ക് ഇസ്തിരിയെ വൈദ്യുതിയില്‍ നിന്നും വേര്‍പെടുത്താന്‍ അയാള്‍ തീരിച്ച് വീട്ടിലേക്ക് വരിക പതിവാണ്. തിരികെ വന്ന് വെറുതേയിരിക്കുന്ന ഇസ്തിരിയേയും നോക്കി രാഹുലന്‍ സന്തുഷ്ടനായി മടങ്ങും.

കുളികഴിഞ്ഞ് തലതുവര്‍ത്താന്‍ തോര്‍ത്തെടുക്കുമ്പോഴായിരിക്കും തലയില്‍ എണ്ണ തേയ്ച്ചിട്ടാണോ താന്‍ കുളിച്ചത് എന്ന സംശയം രാഹുലനില്‍ ഉടലെടുക്കുക. തല തുവര്‍ത്തിയിട്ട് എണ്ണ തേച്ച് പിടിപ്പിച്ച് വീണ്ടുമൊരു കുളിയും അയാള്‍ക്ക് പതിവാണ്. മൂന്നാമതും സംശയമുണ്ടായാല്‍ വീണ്ടും കുളിക്ക തന്നെ.

രാവിലെ പല്ലുമിനുക്ക് മിക്കപ്പോഴും രണ്ടില്‍ കൂടുതല്‍ തവണയാണ് രാഹുലന്. ഒന്നാം വട്ടം പല്ല് ശുചിയാക്കിയിട്ട് മുഖമിനുക്കത്തിനിടയ്ക്കായിരിക്കും പല്ലു തേച്ചിട്ടുണ്ടോ എന്ന സംശയം രാഹുലനിലേക്ക് അരിച്ച് കയറുന്നത്. പിന്നെ ഉറപ്പിക്കാന്‍ വേണ്ടി വീണ്ടും പല്ല് ശുചിയാക്കല്‍ തന്നെ. കുളി കഴിഞ്ഞതിന് ശേഷം വീണ്ടും പല്ലിന്റെ കാര്യം സംശയത്തിലാകുന്ന ദിനവും കുറവല്ല.

പ്രാതല്‍ വെച്ചുണ്ടാക്കിയതിന് ശേഷം ഗ്യാസ് കുറ്റി ശരിയായി പൂട്ടിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ എത്ര തവണ അടുക്കളയിലേക്ക് പോകാറുണ്ട് എന്ന് രാഹുലന് പോലും അറിയില്ല. അപകടമൊന്നുമില്ലാതെ അണഞ്ഞ് കിടക്കുന്ന ഗ്യാസ് സ്റ്റൌ കണ്ടാലും രാഹുലന് മതിയാകില്ല. ഗ്യാസ് ചോരുന്നുണ്ടോ എന്ന് മൂക്കു വിടര്‍ത്തി മണം പിടിച്ച് ഗ്യാസ് കുറ്റിയുടെ തലയൊന്നു കൂടി പിടിച്ച് തിരിച്ച് കൃത്യത മനസ്സിലാക്കി ഓഫീസിലേക്ക് പോകാന്‍ കാറില്‍ കയറേണ്ട താമസം വീണ്ടും സംശയം: ഗ്യാസ് കുറ്റി ഇപ്പോള്‍ പിടിച്ച് തിരിച്ചപ്പോള്‍ അത് അറിയാതെയെങ്ങാനും അയഞ്ഞിട്ടിണ്ടാകുമോ....അതാ രാഹുലന്‍ അടുക്കളയില്‍ തന്നെ.

കതകടയ്ക്കലും കുറ്റിയിടലും ഉറക്കം കണ്‍പോളകളെ കീഴ്പ്പെടുത്തുന്നതു വരെയാണ്. രാത്രിയില്‍ ടോര്‍ച്ചുമായി ഗേറ്റിടുത്തേക്ക് നടക്കലും ഗേറ്റ് പൂട്ടിയിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തുന്നതും എത്ര തവണയാണെന്നിപ്പോള്‍ അയല്‍ക്കാര്‍ ഉറക്കമിളിച്ചിരുന്ന് എണ്ണാറുമില്ല. ആദ്യമാദ്യം കൌതുകത്തോടെ ഒന്നും രണ്ടും പറഞ്ഞ് കളിയാക്കിയ അയല്‍വാസികളോന്നും ഇപ്പോള്‍ രാഹുലനെ ഉപദ്രവിക്കാറില്ല. കാണുന്നവര്‍ കളിയാക്കിയാലും സംശയ നിവര്‍ത്തി വരുന്നത് വരെ രാഹുലന്‍ അയാളുടെ പ്രവര്‍ത്തി തുടര്‍ന്നു കൊണ്ടേയിരിക്കുകയും ചെയ്യും.

അടഞ്ഞ കതകുകള്‍ അരനിമിഷം കൊണ്ട് രാഹുലന്റെ മനസ്സില്‍ മലര്‍ക്കെ തുറക്കപ്പെടും. കെടുത്തിയ അടുപ്പ് അടുത്ത നിമിഷം രാഹുലന്റെ മനസ്സില്‍ ആളികത്തും. പക്ഷേ രാഹുലന് ഇതൊന്നും ഒരു പ്രശ്നമേ അല്ലായിരുന്നു.
അങ്ങിനെ രാഹുലനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടൊന്നും ഇല്ലാത്ത അദ്ദേഹത്തിന്റെ ഒടുങ്ങാത്ത സംശയം വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ബുദ്ധിമുട്ടായിത്തുടങ്ങിയിടത്താണ് രാഹുലന്‍ ഒരു രോഗിയായി മാനസികരോഗ വിദഗ്ദന്റെ മുന്നിലേക്കെത്തുന്നത്. കാര്യങ്ങളൊക്കെ സസൂഷ്മം കേട്ട മാനസികരോഗ വിദഗ്ദന്‍ രാഹുലന് മരുന്നൊന്നും കുറിച്ചില്ല. ഒരു ഉപദേശം മാത്രം നല്‍കി രാഹുലനെ അദ്ദേഹം മടക്കി.

“രാഹുലന്‍, താങ്കളുടേത് ഒരു രോഗമേ അല്ല. ഇതെല്ലാം താങ്കളുടെ തോന്നലുകളാണ്. എല്ലാ കാര്യങ്ങളിലും ഉള്ള അമിതമായ ഉത്കണ്ഠയാണ് താങ്കളുടെ പ്രശ്നം. താങ്കള്‍ക്ക് മരുന്നിന്റെ ആവശ്യമൊന്നുമില്ല.”

രാഹുലന് സമാധാമായി. തനിക്ക് രോഗമൊന്നുമില്ലന്ന് തനിക്കറിയാവുന്ന വസ്തുത ഡോക്ടര്‍ സ്ഥിരീകരിച്ചതോടെ രാഹുലന്‍ അതീവ സന്തുഷ്ടനായി. ഡോക്ടര്‍ തുടര്‍ന്നു.

“ഇന്നി മുതല്‍ രാഹുലന്‍ സംശയം തോന്നുന്ന കാര്യത്തിന് കൂടുതല്‍ ശ്രദ്ധ കൊടുക്കരുത്. കതകടച്ചിട്ടില്ല എന്ന് തോന്നിയാല്‍ അത് വെറും തോന്നലാണെന്ന് സ്വയം മനസ്സിലാക്കണം. വാ‍ഹനത്തിന്റെ ഡോര്‍ അടച്ചിട്ടില്ലാ എന്നത് എപ്പോഴും താങ്കളുടെ തോന്നല്‍ മാത്രമായിരിക്കും. എപ്പോഴും പാര്‍ക്കു ചെയ്ത് കഴിഞ്ഞാല്‍ നാം യാന്ത്രികമായി തന്നെ വാഹനത്തിന്റെ ഡോര്‍ അടച്ച് ലോക്ക് ചെയ്യും. പൂട്ടിയിട്ടില്ല എന്നത് വെറും തോന്നലാണ്. അങ്ങിനെ സംശയം തോന്നിയാല്‍ അത് വെറും സംശയം മാത്രമാണെന്ന് താങ്കള്‍ മനസ്സിനെ പറഞ്ഞ് പഠിപ്പിക്കണം. പിന്നെ അതിനെ അങ്ങ് മറന്ന് കളയണം. നാലഞ്ച് തവണ ഇങ്ങിനെ ചെയ്ത് കഴിയുമ്പോള്‍ വീണ്ടും വീണ്ടും സംശയം ഉണ്ടാകുന്നത് പതുക്കെ പതുക്കെ കുറഞ്ഞ് കുറഞ്ഞ് വരും. ആദ്യമാദ്യം ഇത്തിരി വിഷമം ഉണ്ടാകുമെങ്കിലും കാലക്രമത്തില്‍ താങ്കളില്‍ നിന്നും ഇങ്ങിനെയുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാകും. ധൈര്യമായി പൊയ്ക്കൊള്ളൂ...”

ഡോക്ടറുടെ ഉപദേശവും സ്വീകരിച്ച് രാഹുലന്‍ നേരെ വീട്ടിലേക്ക് പോയി. രാത്രി കതകടച്ചിട്ടുണ്ടോ എന്ന സംശയം തീര്‍ക്കാനാകാതെ ഉറങ്ങാന്‍ രാഹുലന് കഴിയുമായിരുന്നില്ല. പക്ഷേ ഡോക്ടറുടെ ഉപദേശം ലംഘിക്കാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് രാഹുലന്‍ നേരം വെളുപ്പിച്ചു.

രാവിലെ തന്നെ വീട്ടിലേക്ക് വിളിച്ച് ഭാര്യയോട് ഡോക്ടറെ കണ്ടതും കഴിഞ്ഞ രാത്രി മുതല്‍ ഡോക്ടറുടെ ഉപദേശം അനുസരിച്ച് തുടങ്ങിയതും രാത്രി ഒരു പോള കണ്ണടച്ചില്ലാ എങ്കിലും സംശയ നിവര്‍ത്തി വരുത്താന്‍ കതക് അടച്ചിട്ടുണ്ടോ എന്ന് വീണ്ടും വീണ്ടും പരിശോധിക്കാതിരുന്നതും ഭാര്യയോട് വിശദീകരിക്കുമ്പോള്‍ രാഹുലന്‍ അല്പാല്പം ആത്മവിശ്വാസം വീണ്ടെടുക്കുകയാ‍യിരുന്നു.

ഓഫീസിലേക്ക് പോകും വഴിയും രാഹുലനെ സംശയം പിടിമുറുക്കുന്നുണ്ടായിരുന്നു. കതക് ശരിക്കും പൂട്ടിയിട്ടുണ്ടോ? ഇസ്തിരിയിട്ടതിന് ശേഷം ഇസ്തിരി കെടുത്തി വെച്ചിരുന്നോ? കുളിമുറിയിലേയും അടുക്കളയിലേയും ടാപ്പുകള്‍ ശരിക്കും അടക്കാതെ വെള്ളം ഒഴികി പോകുന്നുണ്ടാകുമോ? ഗ്യാസ് കുറ്റി പൂട്ടിയിരുന്നോ? പുറത്തേക്ക് വന്നിട്ട് ഗേറ്റ് കൃത്യമായും അടച്ചിരുന്നോ? സംശയങ്ങള്‍ അങ്ങിനെ മനസ്സിലേക്ക് നുരഞ്ഞ് കയറുകയാണ്. അടഞ്ഞ കതക് രാഹുലന്റെ മനസ്സില്‍ തുറന്ന് വരവേ നിര്‍ദ്ദാക്ഷണ്യം രാഹുലന്‍ കതക് വലിച്ചടച്ച് മനസ്സിന്റെ താഴിട്ട് ഡോക്ടറുടെ ഉപദേശം കൊണ്ട് പൂട്ടി. അടുക്കളയിലെ ഗ്യാസ് കുറ്റി മടക്കി വിളിച്ചെങ്കിലും രാഹുലന്‍ മനസ്സിന് മുറക്കമേകി ഓഫീസിലേക്ക് തന്നെ വാഹനമോടിച്ച് പോയി. വെറും തോന്നലുകള്‍ക്കായി തിരികേ ചെന്ന് താന്‍ സ്വയം തുടങ്ങിയ ചികിത്സ തുടക്കത്തില്‍ തന്നെ പരാജയപ്പെടാതിരിക്കാന്‍ രാഹുലന്‍ എല്ലാ സംശയങ്ങള്‍ക്കും പിന്നില്‍ മനസ്സിനെ കൊട്ടിയടച്ചു.

സംശയ നിവര്‍ത്തിക്കാ‍യി തിരിച്ച് പോകാതിരുന്നതിനാല്‍ രാഹുലന്‍ അന്ന് പതിവിലും നേരത്തേ ഓഫീസിലേക്കെത്തി. ആകപ്പാടെ ഒരു പരവേശം ഉണ്ടെങ്കിലും ഓഫീസിലെ ജോലികളില്‍ വ്യാപൃതനായി കഴിഞ്ഞപ്പോള്‍ ആശങ്കകള്‍ രാഹുലനില്‍ നിന്നും പതുക്കെ പതുക്കെ വിട്ടകന്നു. അപ്പോഴാണ് രാഹുലന്റെ മൊബൈല്‍ ശബ്ദിച്ചത്.

നോക്കിയപ്പോള്‍ വീട്ടിന്റെ അയല്‍ വക്കത്തുള്ള സുകുവിന്റെ നമ്പരാണ്.

കുറച്ച് ദിവസമായി സുകുവിന്റെ ഭവനവായ്പയുടെ വിവരം അറിയാനായി അയാള്‍ വിളിച്ചുകൊണ്ടിരിക്കുന്നു. സുകുവിന്റെ വീട് പുതുക്കി പണിയുന്നതിന് വേണ്ടിയുള്ള വായ്പ ഇപ്പോള്‍ സാങ്കേതിക പരിശോധനാ വിഭാഗത്തില്‍ അനുമതിക്ക് വേണ്ടി കാത്തുകിടക്കുന്നു.

“സുകൂ...രണ്ടു ദിവസം കൊണ്ട് പരിശോധന കഴിയും. താനൊന്ന് ക്ഷമിക്കടോ..”

ഔപചാരികതയൊന്നുമില്ലാതെ രാഹുലന്‍ പറഞ്ഞ് ഫോണ്‍ വെക്കാന്‍ ശ്രമിക്കുമ്പോള്‍ സുകുവിന്റെ പരിഭ്രാന്തി നിറഞ്ഞ ശബ്ദം അങ്ങേതലക്കല്‍...

“സാറേ...അതല്ല. സാറിന്റെ വീട്ടില്‍ നിന്നും തീയും പുകയും ഉയരുന്നു. ആള്‍ക്കാര്‍ അങ്ങോട്ടേക്കോടിയിട്ടുണ്ട്. ഫയര്‍ഫോഴ്ശിന് ഞാന്‍ ഫോണ്‍ ചെയ്തിട്ടുണ്ട്...സാറ് പെട്ടെന്ന് വരണം. എന്താണ് സംഭവിച്ചതെന്ന് മനസ്സിയിട്ടില്ലാ ...”
സുകുവിന്റെ ഫോണ്‍ കട്ടായി.

പക്ഷേ രാഹുലന് അപ്പോഴേയ്ക്കും എല്ലാ മനസ്സിലായി കഴിഞ്ഞിരുന്നു. എല്ലാം.

12 comments:

അഞ്ചല്‍ക്കാരന്‍ said...

പുതിയ പോസ്റ്റ്. കഥപോലൊന്ന്.

പാമരന്‍ said...

ഈയൊരു പ്രശ്നം -ഇത്രേം വഷ്ളായിട്ടില്ലെങ്കിലും- എനിക്കുണ്ടെന്ന്‌ പെണ്ണുമ്പിള്ള കുറേ കാലമായി പറയുന്നു.. :)

പൊറാടത്ത് said...

നന്നായിരിയ്ക്കുന്നു അഞ്ചല്‍ക്കാരാ‍..

Rare Rose said...

ഈ തോന്നലുകള്‍ നന്നായി തന്നെ അവതരിപ്പിച്ചിരിക്കുന്നു....ഇത്തരം തോന്നലുകള്‍ നേരിയ തോതിലെങ്കിലും ഉള്ള ഒരു സുഹൃത്തിനെ എനിക്കറിയാം......:)

അരവിന്ദ് :: aravind said...

ഹഹഹ...
ഈ അസുഖം എനിക്കുള്ളതാണ്.
രണ്ട് മൂന്ന് കാര്യങ്ങളിലേയുള്ളൂ...ഒന്ന് കാറിന്റെ ഡോര്‍ ലോക്ക് ചെയ്തോന്ന്. പിന്നെ ഉറങ്ങുന്നതിന് മുന്‍പും പിന്‍പും, എങ്ങടെങ്കിലും യാത്ര പോണേനു മുന്‍‌പും വീടിന്റെ വാതിലുകള്‍ പൂട്ടിയോന്ന്, പിന്നെ പരീക്ഷ കഴിയുമ്പോള്‍ ക്വസ്റ്റ്യന്‍ നമ്പറും, സ്റ്റുഡന്റ് നമ്പറും എഴുതിയിരുന്നോന്ന്!
വളരെ പെട്ടെന്നാണ് ഞാന്‍ കാര്യങ്ങള്‍ ചെയ്യുന്നത്, മനസ്സില്‍ എപ്പോളും വേറെ എന്തെങ്കിലും ചിന്തിച്ചു കൊണ്ടുമിരിക്കും, സോ ഇതൊക്കെ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ശ്രദ്ധയോടെ ചെയ്യാറില്ല..അതാ പ്രശ്നം എന്ന് തോന്നുന്നു.
ഡോറ് ലോക്ക് ചെയ്തൂന്ന് ഷുവര്‍ ആക്കാന്‍ ഞാനിപ്പോള്‍ ഒരു പരിപാടി ചെയ്യും.
പൂട്ടിക്കഴിഞ്ഞിട്ട്, ഹാന്‍‌ഡിലില്‍ പിടിച്ച് ഉറക്കെ സ്വയം ഒരു ക്വസ്റ്റ്യന്‍ ചോദിക്കും.
"പൂട്ടിയോടാ?"
എന്നിട്ട് ചെക്ക് ചെയ്തിട്ട് ഉത്തരം പറയും "പൂട്ടി".
സംഗതി ക്ലീന്‍.

d said...

എല്ലാര്‍ക്കും കുറച്ചെങ്കിലും ഉള്ള പ്രശ്നം അല്ലേ ഇത്? കതക് പൂട്ടിയത് പല പ്രാവശ്യം ഉറപ്പാക്കുന്ന ഒരു സുഹൃത്ത് എനിക്കും ഉണ്ട്.. പക്ഷേ ഇത്രേം അപകടം ഇല്ല.. എന്തായാലും കഥ രസകരമായി..

ദിലീപ് വിശ്വനാഥ് said...

ഇതു ഇത്ര കൂടിയ തോതിലല്ലെന്കിലും ഒരുമാതിരി പുരുഷന്മാര്‍ക്കൊക്കെ ഉള്ള ഒരു അസുഖം ആണ്. നന്നായി കഥ പറഞ്ഞിരിക്കുന്നു.

chithrakaran ചിത്രകാരന്‍ said...

രാഹുലന്റെ മറവി/ഉത്ക്കണ്ഠ രോഗം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.

ജെയിംസ് ബ്രൈറ്റ് said...

ഈ അസുഖത്തിനെ ഒ.സി.ഡി എന്നാണ് വിളിക്കുന്നത്. കഴിഞ്ഞയാഴ്ച ഒരാളെ ഞാന്‍ കണ്ടിരുന്നു. മരുന്നുകള്‍ ഉപയോഗിക്കാറുണ്ട്.
കൂടിതല്‍ വിവരങ്ങള്‍ ഇവിടെ.

http://en.wikipedia.org/wiki/Obsessive-compulsive_disorder

പ്രിയ said...

:( എനിക്കും ഈ പ്രശ്നം ഉണ്ട്. വീട് പൂട്ടല്‍, ഗ്യാസ് ഓഫ് ആക്കല്‍ തുടങ്ങിയ സാധാ കാര്യങ്ങളില്‍ തന്നെ. രാഹുലിനോട് ഡോക്ടര്‍ പറഞ്ഞ അതെ പരിപാടി തന്നെ എന്റേം മരുന്ന്.പക്ഷെ ഇതിത്ര നീറുന്ന പ്രശ്നമായി തോന്നിയിരുന്നില്ല ( ഇനിയിപ്പോ നാളെ തൊട്ടു ലാസ്റ്റ് സുകുവിന്റെ ഫോണ്‍ കാള്‍ മനസ്സില്‍ വരുമോ ഈശ്വരാ :(( )
എനിക്ക് മാത്രമല്ല എന്റെ സുഹൃത്തിനും ഈ ശീലം കണ്ടു. വീട് പൂട്ടി ലിഫ്ടിനടുതെതിയപ്പോ തിരിച്ചു ചെന്നത് കണ്ടു ഞാന്‍ ചിരിച്ചപ്പോള്‍ അവള്‍ ചമ്മി പറഞ്ഞു "ഒരു ഉറപ്പിന്" എന്ന്.(ഞാന്‍ ചിരിച്ചത് സെയിം പിച്ച്‌ ഓര്ത്താ :D )

BTW ആക്ച്വലി എന്താ ചെയ്യാ ഈ സംശയരോഗം ഒഴിവാക്കാന്‍? അരവിന്ദ് പറഞ്ഞപോലെ "ഡോര്‍ ലോക്കിയോടെയ്??? " എന്ന് മോണോആക്ട് തന്നെ വേണോ?

മുസ്തഫ|musthapha said...

ഈയൊരു പ്രശ്നം ഏറെക്കുറെ പേര്‍ക്കും ഉണ്ടെന്ന് തോന്നുന്നു. എന്തായാലും എനിക്കും എന്‍റെ ഭാര്യയ്ക്കും ഈയൊരു പ്രശ്നം അത്യാവശ്യത്തിനുണ്ട്.
രണ്ട് പേരും മാറി മാറി പലവട്ടം പൂട്ടുന്ന ഗ്യാസ് സിലിണ്ടര്‍ അടുത്ത ദിവസം തുറക്കാന്‍ നല്ലൊരു അദ്ധ്വാനം തന്നെ വേണ്ടി വരാറുണ്ട്.

സ്വിച്ച്, ഡോര്‍... തുടങ്ങിയവയെ രണ്ട് മൂന്നു തവണയെങ്കിലും തൊട്ടു തലോടിയില്ലെങ്കില്‍ ഉറക്കം വരാന്‍ വല്ലാത്ത പാടാ :)

ഇതൊരു തരം മാനസീകപ്രശ്നമാണെന്ന് വായിച്ചിരുന്നു. പക്ഷെ ചിലപ്പോള്‍, ചിലപ്പോഴെങ്കിലും ഈ സംശയം നമ്മളെ സഹായിക്കാറുണ്ട്.

ഈ സംശയം അനുഗ്രഹമായി തീര്‍ന്ന ഒരു സംഭവം ഇവിടെയുണ്ട്

തറവാടി said...

മറവി എന്ന ' അസുഖ ' മല്ല ആത്മവിശ്വാസത്തിന്‍‌റ്റെ കുറവാണ് രാഹുലന്‍‌മാരുടെ പ്രശ്നം ആത്മ വിശ്വാസം വളര്‍ത്തി ഇതില്‍ നിന്നും രക്ഷപ്പെടാം.

മാര്‍ഗ്ഗം ഒന്ന്: മനസ്സിന്‍‌റ്റെ തോന്നലനെ അംഗീകരിക്കുക! പക്ഷെ തോന്നല്‍ പരിശോധിക്കാന്‍ തയ്യാറാവാതിരിക്കുക , അതൊരു തോന്നലാവാം എന്ന അര്‍ത്ഥത്തിലല്ല മറിച്ച് തോന്നല്‍ ശരിയായാല്‍ തന്നെ അതിന്‍‌റ്റെ ഫലം അനുഭവിക്കാന്‍ തയ്യാറാണ് എന്ന രീതിയില്‍ മെല്ലെ ഇതില്‍ നിന്നും മോചിതനാവാം.

ഇതിന് പകരമായി മനസ്സനെ അടിച്ചമര്‍ത്താന്‍ നിന്നാല്‍ , അതായത് അതൊരു തോന്നല്‍ മാത്രമാണ് എന്ന ഉറപ്പോടെ ചെക്ക് ചെയ്യാതിരുനാല്‍ ( ഡോക്ടര്‍ പറഞ്ഞതുപോലെ ) പിന്നീട് മനസ്സിന്‍‌റ്റെ തന്നെ പ്രതികാര ബുദ്ധിയാവും പ്രവര്‍ത്തിക്കുക ഫലം ഇത്തരത്തിലുള്ള ഗാസ് സ്റ്റവ് ശരിക്കും തുറന്ന് കിടക്കുകയും ചെയ്യും.

പക്ഷെ മനസ്സിന്‍‌റ്റെ തോന്നലിനെ അംഗീകരിക്കലിലൂടെ , പുറത്തിറങ്ങിയാല്‍ വരില്ലെന്നത് ഉപബോധമനസ്സിലുള്ളതിനാല്‍ ആദ്യം തന്നെ ' ശരിക്കും ' പരിശോധിച്ചായിരിക്കും പുറത്തിറങ്ങുന്നത്. പതിയെ ഈ തോന്നലുകളില്‍ നിന്നും രക്ഷനേടാം.

എനിക്കുമുണ്ടായിരുന്നു ചെറുപ്പത്തില്‍.

ഇപ്പോള്‍ കാറ് ലോക്കല്ലല്ലോ എന്ന തോന്നലുണ്ടയാല്‍ , കാറില്‍ മണല്‍ കയറും പിറ്റേന്ന് ആദ്യം എനോക്ക് പെട്രോല്‍ സ്റ്റേഷനില്‍ പോകേണ്ടി വരും കാറ് കഴുകാന്‍ ; ആരെങ്കിലും കട്ടെടുത്താല്‍ പിറ്റേന്ന് ടാക്സിയില്‍ പോകാം എന്നും കരുതി കിടന്നുറങ്ങും.

വീടിന്‍‌റ്റെ വാതില്‍ അടച്ചില്ല എന്ന തോന്നലുണ്ടായാല്‍ , കള്ളന്‍ കയറാം കയറിയാല്‍ എന്തൊക്കെ പോകും എന്നതിന്‍‌റ്റെ ഒരു ഏകദേശ വിവരങ്ങളും ചിന്തിച്ച് ഞാന്‍ യാത്ര തുടരും.

അഞ്ചലേ നല്ല പോസ്റ്റ്.