Sunday, June 29, 2008

അവിടേയും ഇവിടേയും

“കൊച്ചിയില്‍ മെട്രോ റെയില്‍ ഗതാഗതം വരുന്നൂ....”
നാലു വര്‍ഷം മുമ്പ് കേട്ടൊരു വാര്‍ത്ത.
കൊച്ചീടെ മുഖഛായ മാറ്റാന്‍ പോകുന്നൊരു പദ്ധതി.

പദ്ധതി അടങ്കല്‍ പ്രഖ്യാപിച്ചു. സര്‍വ്വേ തുടങ്ങി. സ്ഥലമെടുപ്പാരംഭിച്ചു.
ഒപ്പം സമരവും തുടങ്ങി ജാഥ ജാഥയായി കോടതി സ്റ്റേകളും വന്നു.

മെട്രോ റെയില്‍ നഗരത്തിന്റെ ഭംഗി നശിപ്പിക്കുമെന്ന് ഒരു വിഭാഗം. കൊച്ചീ നഗരത്തിലെ എം.ജീ.റോഡിനങ്ങിനെയൊരു മഹത്തായ നഗര ഭംഗിയുണ്ടെന്ന് നാം മനസ്സിലാക്കാന്‍ മെട്രോ പദ്ധതി പ്രഖ്യാപിയ്ക്കേണ്ടി വന്നു. എം.ജി.റോഡിന്റെ ഒരു സൌന്ദര്യമേ. സൌരഭ്യത്താല്‍ മൂക്കില്‍ നിന്നും കൈയ്യെടുക്കാന്‍ കഴിയില്ലാ എന്ന് മാത്രം.

സര്‍വ്വേ,സെമിനാറുകള്‍,പഞ്ചനക്ഷത്ര മീറ്റിങ്ങുകള്‍, ബിരിയാണി വിഴുങ്ങല്‍, സുലൈമാനി കുടി, അടിച്ച് പിരിയല്‍, ദില്ലീ യാത്ര, തിരോന്തരം യാത്ര, ദില്ലി തിരോന്തരം യാത്ര, മെട്രോകാണാന്‍ മന്ത്രിമാരുടെ ഉഗാണ്ടന്‍ യാത്ര, ഭൂമി,പൊന്നുംവില,ഏറ്റെടുക്കല്‍,സമരം,സ്റ്റേ....

അങ്ങിനെയങ്ങിനെയങ്ങിനെ ഒടുവില്‍ വര്‍ഷം നാലിനിപ്പുറം മെട്രോ ഇപ്പോഴും തിരുനക്കര തന്നെ. വേണോ വേണ്ടയോ എന്ന് അടുത്ത് തന്നെ തീരുമാനിക്കും എന്ന്.

ദുബായില്‍ മൂന്ന് വര്‍ഷം മുമ്പ് മെട്രോ പദ്ധതി വരുന്നു എന്ന് ആദ്യം കേട്ടു. വര്‍ഷം മൂന്നിനിപ്പുറം പണികള്‍ നല്ലൊരു പങ്കും കഴിഞ്ഞു. ആദ്യത്തെ ട്രയല്‍ റണ്‍ കഴിഞ്ഞ മാസം നടന്നു. അടുത്ത വര്‍ഷം അവസാനത്തോടെ ട്രെയിന്‍ ഓടിതുടങ്ങും.

പണമാണോ ദുബായിലെ മെട്രോ പണികള്‍ ത്വരിത ഗതിയിലാക്കിയത്? കൊച്ചിയിലെ മെട്രോ ഇപ്പോഴും തിരുനക്കര തന്നെയാകാന്‍ സാമ്പത്തിക പ്രതിസന്ധി കാ‍രണമാകുന്നുണ്ടോ?

സാമ്പത്തികമല്ല ഇവിടെ മാനദണ്ഡം. അവനവന്‍ ചേരികളാണ് നമ്മുടെ നാട്ടിന്റെ വികസനത്തെ പിന്നോട്ട് വലിയ്ക്കുന്നത്. ഒരുവന് വേണ്ടി,ഒരു സമൂഹത്തിന് വേണ്ടി,നളേയ്ക്ക് വേണ്ടി ഒന്നും നഷ്ടപ്പെടുത്താന്‍ നാം ഇന്ന് തയ്യാറല്ല.

ഒരു സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമാ‍ക്കുന്ന പദ്ധതിയ്ക്കു വേണ്ടി സ്ഥലം വിട്ടുകൊടുക്കാന്‍ മടിക്കുന്ന ഒരു സമൂഹം ഒരു രാജ്യത്തിന്റെ വികസനത്തെ തന്നെയാണ് തുരങ്കം വെയ്ക്കുന്നത്. തങ്ങളുടെ കച്ചവട താല്പര്യങ്ങള്‍ക്ക് ക്ഷതം സംഭവിക്കുന്നിടത്ത് ഒരു സമൂഹത്തിന് ലഭിയ്ക്കാവുന്ന നന്മകളെ തള്ളിപറയുന്നത് ഒരു സമൂഹത്തെയാകെ വില്പന ചരക്കാക്കുന്നതിന് തുല്യമാണ്. അവനവന്‍ ചേരികള്‍ പടുത്തുയര്‍ത്തി പൊതു നന്മയ്ക്കെതിര്‍ നില്‍ക്കുന്നവരുടെ സംഘാടക ശക്തിയാണ് നമ്മുടെ നാട് ഇന്ന് അനുഭവിയ്ക്കുന്ന എല്ലാ ശാപങ്ങള്‍ക്കും കാരണം.

അപ്പോള്‍ പിന്നെ അവനവന്‍ചേരികളുടെ അവകാശ സംരക്ഷണാര്‍ത്ഥം അനായാസം ചെയ്യാന്‍ കഴിയുന്ന തൊഴില്‍ നമ്മുക്ക് ഒരുമിച്ചങ്ങ് ചെയ്ത് കൊണ്ടേയിരിക്കാം. ഭരിക്കുന്നവര്‍ക്കും പ്രതിപക്ഷത്തിനും ഭരിക്കപ്പെടുന്നവര്‍ക്കും എല്ലാം ഒരേ പോലെ ചെയ്യാന്‍ കഴിയുന്ന നമ്മുടെ ദേശീയ തൊഴില്‍...

“ഇങ്ക്വിലാബ് സിന്ദാബാദ്...."
“ലക്ഷം ലക്ഷം പിന്നാലേ...”
“എണ്ണാമെങ്കില്‍ എണ്ണിക്കോ...”
“നാളെ കള്ളം പറയരുതേ....”

14 comments:

അഞ്ചല്‍ക്കാരന്‍ said...

കൊച്ചിയിലെ മെട്രോ റെയില്‍ പദ്ധതി തിരുനക്കരയിലേക്ക്. ദുബായില്‍ ട്രയല്‍ റണ്‍ കഴിഞ്ഞു.

Anonymous said...

പ്രിയ അഞ്ചലേ
ഇങ്ങനെ ഉപരിപ്ലവമായി സംഗതികളെ കാണാതെ.
ദുബായിലെ പോലെ എട് പിടീന്ന് ചെയ്യാന്‍ നാട്ടിലെ പണം ഷേയ്ഖിന്റെ സ്വന്തം കാശല്ല. ജനങ്ങളുടെ നികുതിപ്പണമാണ്. ഉത്തരവാദിത്വമുണ്ട്. നാളെ മെട്രോ പൊട്ടിയാല്‍ സമാധാനം പറയണം..ദുബായിയില്‍ അങ്ങനെ വല്ല ഉത്തരവാദിത്വവും ഉണ്ടോ? ലോകത്തിലെ ഏറ്റവും വലിയ/ഉയരം കൂടിയ/നീളം കൂടിയ സുനകള്‍ അവിടെ രായ്ക്രാമാനം നിര്‍മ്മിക്കുന്നു..ലാഭമോ നഷ്ടമോ ഒന്നും അവിടെ പ്രശ്നമല്ല..ഇപ്പോള്‍. എമിറേറ്റ്സ് വിമാനക്കമ്പനി തന്നെയെട്. അല്ലെങ്കില്‍ എറ്റിഹാഡ് എട്.അല്ലെങ്കില്‍ അബുദാബിയിലെ ഒന്നോ രണ്ടോ ബുക്കിംഗ് ഉള്ള ആ സെവന്‍ സ്റ്റാര്‍ ഹോട്ടലെട്. നഷ്ടത്തില്‍ പോകുന്ന ഇത്തരം കമ്പനികള്‍ ഷേയ്ഖിനെ കാശ് കൊണ്ട് മാത്രമല്യോ മുന്നോട്ട് പോണത്? നമുക്ക് അതു പോലെ ചെയ്യാന്‍ പറ്റ്വോ ചേട്ടായീ? ജട്ടി കീറൂലേ?
സംഗതി ശരിയാണ്, ഷേഖ് ഒന്നു മൂളിയാല്‍ പിന്നെയെല്ലാം അവിടെ ചടപടേന്ന് നടക്കും. അതു പോലെ ഒരു ഡെമോക്രസിയില്‍, ബഡ്ജറ്റ് കമ്മിയുള്ള സ്ഥലത്ത് നടക്കണമെന്ന് വെച്ചാല്‍?
ഇത് ഒരു കാരണം..ഇങ്ങനെ പല വ്യത്യാസങ്ങളുമുണ്ട് ദുബായിയും, കേരളവും തമ്മില്‍.
വേണെങ്കില്‍ ഇനിയും വിശദീകരിക്കാം.
വേണോ? അല്ലെ വേണ്ട.

പ്രിയ said...

ദുബൈയെയും കൊച്ചിയെയും ഒരുമിച്ചെണ്ണാന് ആകുമോ അഞ്ചല്ക്കാരാ?
മെട്രോ ദുബൈക്ക് ഒരു പ്രെസ്റ്റീജ് ഇഷ്യൂ മാത്രം ആണ്. അതിനാല്‍ അവര്‍ പ്ലാന്‍ ചെയ്യും നടപ്പാക്കും. പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സര്‍വീസ് എന്നത് കൊച്ചിയിലെക്കാള് ഒത്തിരി മോശം ആണിവിടെ.അല്ലെന്നു പറയാന്‍ ആകുമോ?

(കൊച്ചിയിലെ എല്ലാ താത്തോന്നിസമരങ്ങളെയും ന്യായികരിക്കുന്നത് കൊണ്ടല്ല,വികസനത്തില്‍ നിന്നു പിന്നോക്കം പോകുന്നത് അറിയാഞ്ഞിട്ടുമല്ല.)

കുഞ്ഞന്‍ said...

മാഷെ..

ദുബായിയുമായി താരതമ്യം ചെയ്യരുത്..കൊച്ചിയിലെ മെട്രോ റെയിലിനു തടസ്സം നിലവിലുള്ള സ്ഥല പരിമിതി തന്നെ മുഖ്യ കാരണം..!

സാമ്പത്തിക ബുദ്ധിമുട്ടാണെങ്കില്‍ എത്ര സേവീമാരും ഫാരീസുമാരുമുണ്ട് നാട്ടില്‍, ഒന്നു വിരില്‍ ഞൊടിച്ചാല്‍ മതി..അപ്പൊ സാമ്പത്തീകമല്ല പ്രശ്നം.. കൊച്ചിന്‍ എയര്‍പോര്‍ട്ട് തന്നെ ഉദാഹരണം.

ദുബായി പോലുള്ള വികിസിത നഗരങ്ങള്‍ അടുത്ത 100 വര്‍ഷം മുന്നില്‍ക്കണ്ടാണ് റോഡുകളും നിരത്തുകളും നിര്‍മ്മിക്കുന്നത് അതു നിര്‍മ്മിച്ചതിനു ശേഷമല്ലെ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത്.

എന്തുകൊണ്ട് അഞ്ചല്‍ത്സ് ദില്ലി മെട്രോയെ അവഗണിച്ചത്..?

Umesh::ഉമേഷ് said...

ഋജു (straight) എന്നതിന്റെ നാമമാണു് ആര്‍ജ്ജവം. ഋജുത്വം, ഋജുത എന്നും പറയാം. Straightness എന്ന അര്‍ത്ഥം കിട്ടാന്‍ ആര്‍ജ്ജവം എന്നു മതി, ആര്‍ജ്ജവത്വം എന്നു വേണ്ട.

പക്ഷേ, ആ അര്‍ത്ഥത്തിലല്ല അഞ്ചല്‍ക്കാരന്‍ ആ വാക്കുപയോഗിച്ചിരിക്കുന്നതു് എന്നു തോന്നുന്നു. ശുഷ്കാന്തി, ഊര്‍ജ്ജസ്വലത തുടങ്ങിയ അര്‍ത്ഥത്തിലായിരിക്കാം. അങ്ങനെയാണെങ്കില്‍ അതിനു പറ്റിയ വാക്കു് ആര്‍ജ്ജവ(ത്വ)ം അല്ല.

അഞ്ചല്‍ക്കാരന്‍ said...

ഉമേഷ് ജീ,
ആ വാചകം മാറ്റിയിട്ടുണ്ട്. തെറ്റ് ചൂണ്ടി കാട്ടിയതിന് നന്ദി.

ഒരു “ദേശാഭിമാനി” said...

ഡിയർ അഞ്ചൽ,
വെയ്‌റ്റ് അന്റ് സീ.........

എല്ലാം ഞങ്ങളു ശരിയാക്കും!

അതു കഴിയുമ്പോഴെക്കും- എല്ലാം ഞങ്ങളു ഒരു പരുവത്തിലാക്കും.

(ഞങ്ങളെന്നാൽ ഭരണം, പ്രതിപക്ഷം,ചോട്ടാ മോട്ടാ നേതാക്കൾ, വെള്ളാനകൾ (ഉദ്യോഗസ്ഥ് പ്രഭുതികൾ) എല്ലാം കൂടിയ ചളി പരുവത്തിലുള്ള , എന്നാൽ വലിച്ചാൽ നീളുന്നതും, വിട്ടാൽ പൂർവ്വസ്ഥിതിയെ പ്രാപിക്കുന്നതും ആയ ഒരു ‘ഇതു’ ആണ് അത്. - കൂടുതൽ അടുത്താ‍ൽ കൊച്ചിയിലേപ്പോലെ ഒരു നാറ്റവും വരും!)

തൊമ്മൻ അഴയുമ്പൊൾ ചാണ്ടി മുറുകുന്നിട്ത്തു ഇങ്ങനെ ഒക്കെയേ കാര്യങ്ങൾ നടക്കൂ!

Anonymous said...

എടേയ് അഞ്ചലേ,
കൊചി പ്രൊജെക്റ്റിനെ ദുബായ് പ്രൊജെക്റ്റുമായി താരതമ്യം ചെയ്യുമ്പോള്‍, സ്വന്തം തലക്ക് വെളിവില്ലെന്നെങ്കിലും ഒന്നു കണ്‍ഫേം ചെയ്യണം ;)

അല്ല, അതില്ലെന്ന കാര്യം അഞ്ചല്‍ക്കോരന്‍ ഇതിനകം പല ഇഷ്യൂകളിലുമായി തെളിയിച്ചിട്ടുണ്ടല്ലോ അല്ലേ? കീപ്പിറ്റപ്പി.

നാട്ടിലൊരു പഴഞ്ചൊല്ലുണ്ട്,
അണ്ണാന്‍ ചാടുന്ന കണ്ട് മണ്ണാന്‍ ചാടിയാല്‍ വിവരമറിയും എന്ന്. കണകുണാന്നു എന്തെങ്കിലും കുറേ മണ്ടത്തരം എഴുതീ പത്തു കമന്റു വാങ്ങാനായ്യി നടക്കുന്ന കുറേ ദ്ഫായി ജന്മങ്ങള്‍.. കഷ്ടം.

ലേഖനം അതി ഗംഭീരമായിരിക്കുന്നു. ബിസിനസ്-1 മാഗസിനിലേക്ക് അയച്ചു കൊട്. റിട്ടേണ്‍ സ്റ്റാമ്പൊട്ടിക്കാന്‍ മറക്കല്ലേ.

Unknown said...

അനോണി പറഞ്ഞതിണ്റ്റെ താഴെ ഒരു ഒപ്പ്‌

Anonymous said...

എന്താ ഇഞ്ചീ ഇത്?
അഞ്ചല്‍ക്കാരനെ വ്യക്തിപരമായി 'തലക്ക് വെളിവില്ലാത്തവന്‍' എന്ന് പറഞ്ഞെഴുതയതിന്റെ താഴെ ഒരൊപ്പോ?
സംഗതി ദുഫായ്-കൊച്ചിന്‍ കം‌പാരിസണ്‍ ബുദ്ധിപരമല്ലെങ്കിലും, ജനാധിപത്യമെന്ന് പറയുന്ന പല സ്ഥലങ്ങളിലും ദുബായ് പോലെത്തന്നെ ഡിസിഷന്‍ മേക്കിംഗ്/എക്സിക്യൂട്ടീവ് എഫിഷ്യന്‍സി ഉണ്ട്. ഉദാഹരണം, ജപ്പാന്‍/മലേഷ്യ , ഒരു പരിധി വരെ ബ്രിട്ടന്‍, ജര്‍മ്മനി. അഞ്ചല്‍ക്കാരന്‍ വികാരപരമായി അല്പം കടെന്നെഴുതി എന്നു കരുതിയാല്‍ മതി. ഏത് മാനദണ്ഡം വെച്ചാണെങ്കിലും നാട്ടിലെ ബ്യൂറോക്രസി ഭയങ്കര ഒരു കടമ്പ തന്നെയാണ്, ഒത്തിരി മെച്ചപ്പെടാം.

കമന്റിടാന്‍ കണകുണ എഴുതുന്ന ദുബായ് ജന്മങ്ങള്‍ എന്നൊക്കെ അവഹേളിക്കുന്ന ഒരു കമന്റിനു താഴെ താങ്കള്‍ ഒപ്പിടരുതായിരുന്നു..വേറൊന്നും കൊണ്ടല്ല, അത് ആ ലോഗിന്‍ നെയിമില്‍ നിന്ന് പ്രതീക്ഷിച്ചില്ല.
വെരി അണ്‍ക്യാരസ്റ്ററൈസ്റ്റിക് ഓഫ് യൂ...ഒപ്പിടുമ്പോള്‍ ശ്രദ്ധിക്കുക.
"ഇമേജി"ല്‍ വലിയ ഇടിവ് സംഭവിക്കും. ഇമേജ് പുഴുങ്ങിത്തിന്നാന്‍ പറ്റില്ലെന്നറിയാം. ബൂലോഗരല്ല ശമ്പളം തരുന്നതെന്നെങ്കിലും. എങ്കിലും. എന്റെയൊരു മനസമാധാനത്തിന്.

സ്നേഹപൂര്‍‌വ്വം.

അഞ്ചല്‍ക്കാരന്‍ said...

പുഷ്കരന്‍ ചേട്ടോ,
അഞ്ചല്‍ക്കാരന് തലയ്ക്ക് വെളിവില്ലാ എന്ന് ഒരാള്‍ പറയുന്നതിനോടോ അതിനടിയില്‍ മറ്റൊരാള്‍ ഒപ്പു വെയ്ക്കുന്നതു കൊണ്ടോ എന്തെങ്കിലും പ്രശ്നം ഉണ്ട് എന്ന് തോന്നുന്നില്ല. എന്തെന്നാല്‍ ഏറ്റവും കുറഞ്ഞത് അഞ്ചല്‍ക്കാരനെങ്കിലും സ്വയം ബോധ്യമുള്ളതാണല്ലോ വെളിവില്ലാ എന്നുള്ളത്. അത് മറ്റൊരാളുടെ നിരീക്ഷണത്തില്‍ വരികയും അയാള്‍ അത് തുറന്ന് പറയുകയും ചെയ്തു എന്നതിനെ സന്തോഷത്തോടെ സ്വീകരിയ്ക്കുന്നു.

പക്ഷേ ആ ഒപ്പ് വെച്ച ഇഞ്ചിപെണ്ണ് നാലുകെട്ടില്‍ നിന്നും വന്നല്ല ഒപ്പു വെച്ചത്. നമ്മുടെ ഏതോ ഒരു ചങ്ങാതിയുടെ ഒരു കുഞ്ഞു തമാശയാണ് ആ ഒപ്പ്. ഇങ്ങിനേയും തമാശകള്‍ ആകാമല്ലോ?

നന്ദി.

Inji Pennu said...

അഞ്ചല്‍ക്കാരാ
ഞാനിപ്പോഴാണ് ഇത് കാണുന്നത്, ഞാനല്ല ആ Sunday, June 29, 2008 9:15:00 PM ഇഞ്ചിപ്പെണ്ണ് എന്ന് പറഞ്ഞ് നടക്കുന്ന തമാശക്കാരന്‍. എന്റെ ബ്ലോഗര്‍ ഐഡിയും പ്രൊഫൈലും ഇതില്‍ വരും. അത്രയും പോലും മനസ്സിലാക്കാന്‍ കോമണ്‍ സെന്‍സില്ലാത്ത ഏതോ തമാശക്കാരനാണ്. ഇതിപ്പൊ കുറേയധികം സ്ഥലത്തായി ഇത് കാണുന്നു, മനുഷ്യരെ തമ്മിലടിപ്പിക്കാന്‍ ഇതിലും നല്ലൊരു മാര്‍ഗ്ഗമില്ലെന്ന് കരുതിക്കാണും ഈ വിഡ്ഡിവേഷം.

ഇത് ഞാന്‍ പറയാതെ തന്നെ മനസ്സിലാക്കിയതിനു നന്ദി.

G Joyish Kumar said...

മെട്രോ: സിങ്കപ്പൂര്‍, ദുബായ്, കൊച്ചി

sreeni sreedharan said...

അഞ്ചല്‍ക്കാരോ,
എന്തേലും മനസ്സിലായോ? ദുബായുമായ് കമ്പേറ് ചെയ്യാന്‍ പോലും പാടില്ല!

കൊച്ചിയുടെ വികസനം മലയാള മനോരമയുടെ ‘കൊച്ചി-മെട്രോ’ സപ്തിമെന്‍റിന്‍റെ മുന്‍ പേജില്‍ അവസാനിക്കും. വേണമെന്നുള്ളവര്‍ക്ക് അതു കണ്ട് സമാധാനിക്കാം, ആശ്ചര്യപ്പെടാം. കയ്യിലിരിക്കുന്ന ചായഗ്ലാസ്സ് കാലിയാവുമ്പോ പത്രം മടക്കി വച്ചിട്ട് അടുത്ത പരിപാടിക്ക് പോവാം..
മെട്രോ റയിലിന് ഒരു വിഭാഗം പരിശ്രമിക്കുമ്പോള്‍ അത് വരാതിരിക്കാന്‍ കോടികള്‍ മുടക്കാന്‍ തയ്യാറായിട്ടുള്ള ടീം വേറെ ഉണ്ട്.

തല്‍ക്കാലം നമുക്ക് എഫ് എം ഓണ്‍ ചെയ്യാം, നമ്മുടെ ചന്തു കൊച്ചീല് എവിടെയൊക്കെ ബ്ലോക്കുണ്ടെന്ന് മുന്നറിയിപ്പ് തരും.