Friday, July 25, 2008

ഭയം.

മണിക്കുട്ടിയ്ക്ക് അഛനെയാണെയേറെയിഷ്ടം.
അഛനില്ലാതെ മണിക്കുട്ടി ഉണ്ണില്ല.
അഛനോടൊപ്പമാണ് ഉറക്കവും.
അഛന്‍ കുളിപ്പിച്ചെങ്കില്‍ മാത്രമേ കരയാതെ കുളിച്ച് തോര്‍ത്തലും കഴിയുള്ളു. പാഠങ്ങള്‍ പറഞ്ഞ് കൊടുക്കാന്‍ അമ്മ തുനിഞ്ഞാല്‍ അന്ന് യുദ്ധമാണ്. അഛന്‍ പഠിപ്പിച്ചാലെ അവള്‍ പഠിയ്ക്കുകയും ഉള്ളൂ.

അഛനോടൊപ്പം സ്കൂളിലേയ്ക്ക് പോവുകയും അഛനൊപ്പം തന്നെ തിരിച്ച് വരികയുമാണ് മണിക്കുട്ടിയുടെ പതിവ്. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മണിക്കുട്ടി‍. അതേ സ്കൂളിലെ തന്നെ മാഷാണ് മണിക്കുട്ടിയുടെ അഛന്‍. ഇടവേളകളില്‍ മണിക്കുട്ടി മാഷന്മാരുടെ ഓഫീസ് മുറിയിലുണ്ടാകും. കളികളിലെ താല്പര്യം അവള്‍ക്ക് അഛനൊപ്പം പറ്റിച്ചേര്‍ന്ന് നില്‍ക്കുന്നതിനേക്കാള്‍ കുറവായിരുന്നു.

അമ്മയോട് മണിക്കുട്ടിയ്ക്ക് വിരോധമൊന്നുമില്ല. പക്ഷേ എന്തിനും ഏതിനും അഛനെ തന്നെയാണ് മണിക്കുട്ടി സമീപിയ്ക്കുക. വൈകുന്നേരങ്ങളിലെ നടപ്പിലും അഛന്റെ വിരല്‍ തുമ്പില്‍ മണിക്കുട്ടിയുണ്ടാകും. പത്രവും പിടിച്ച് അഛന്‍ ദിവാസ്വപ്നത്തില്‍ മുഴുകുമ്പോള്‍ ചാരുകസേരയ്ക്ക് കീഴേ കളര്‍ പെന്‍സിലുമായി മണിക്കുട്ടിയും കൂടും. അന്ന് കണ്ടതും സ്കൂളില്‍ പഠിച്ചതും ഒക്കെ വരച്ചും നിറം കൊടുത്തും മണിക്കുട്ടി ഉറക്കം വരുവോളം അഛന്റെ കസേര ചുവട്ടില്‍ തന്നെയുണ്ടാകും.

പക്ഷേ അന്ന് മകള്‍ അഛന്റെ അടുത്തേയ്ക്ക് വരാനെ കൂട്ടാക്കുന്നില്ല. സാധാരണ മണിക്കുട്ടി അഛന്റെ മടിയിലിരുന്നാണ് ടീ.വി. കാണുക. മണിക്കുട്ടിയ്ക്ക് ഏറെയിഷ്ടമുള്ള കാര്‍ട്ടൂണ്‍ തുടങ്ങിയിട്ടും മണിക്കുട്ടി അമ്മയോടൊപ്പം അടുക്കളയില്‍ തന്നെ ചുറ്റിപ്പറ്റി നില്‍ക്കുകയാണ്.

“മോളേ...വാ. ദേണ്ടെ നിന്റെ കാര്‍ട്ടൂണ്‍ തുടങ്ങി.”
മറുപടി അമ്മയാണ് പറഞ്ഞത്.
“അവള്‍ക്ക് കാണണ്ടായെന്ന്.”
അഛന്‍ ആലോചിയ്ക്കുകയായിരുന്നു. വൈകുന്നേരത്തെ നടത്തത്തിലും ഇന്ന് മണിക്കുട്ടി കൂടിയില്ല. സ്കൂളില്‍ നിന്നും വരുന്നത് വരെ കുഴപ്പമൊന്നുമില്ലായിരുന്നു. ഇപ്പോള്‍ ഈ കുട്ടിയ്ക്ക് എന്താണ് പറ്റിയത്? ഇന്നി സുഖമില്ലായ്ക വല്ലതുമുണ്ടോ എന്തോ?

“എടേ...അവള്‍ക്ക് അസുഖം വല്ലതുമുണ്ടോ?”
“ഒന്നുമില്ല ചേട്ടാ...”
“പിന്നെന്താ അവളിന്ന് നടക്കാന്‍ വരാഞ്ഞെ?”
“അവള്‍ക്കെന്തോ ഒരു വിഷമം പോലെ, എന്താണെന്ന് പറയുന്നുമില്ല.”

അഛന്‍ അടുക്കളയിലേയ്ക്ക് കയറി. മണിക്കുട്ടിയ്ക്കെന്തോ അസ്കിതയുണ്ട്. സംശയമില്ല.

“മോളേ...വാ. അഛന്‍ നോക്കട്ടെ, പനിയുണ്ടോന്ന്”
മകളില്‍ നിന്നുണ്ടായ പ്രതികരണം അഛന്‍ തീരെ പ്രതീക്ഷിയ്ക്കാഞ്ഞതാണ്. അവള്‍ അഛന്റെ മുന്നില്‍ പെടാതെ അമ്മയുടെ സാരിയില്‍ ചുറ്റി മറുപുറത്തേയ്ക്ക് മാറി.

“ഇവള്‍ക്കിതെന്നാ പറ്റിയേ...മോളേ അഛന്‍ നോക്കട്ടെ.”
സാരിയില്‍ നിന്നും പിടി വിടുവിയ്ക്കാന്‍ ശ്രമിച്ചു കൊണ്ട് അമ്മ മണിക്കുട്ടിയെ ശാസിച്ചു. മണിക്കുട്ടി അമ്മയുടെ സാരിതുമ്പില്‍ നിന്നും പിടിവിട്ട് കിടപ്പുമുറിയിലേയ്ക്കോടി.

“കിന്നാരിച്ച് കിന്നാരിച്ച് അവളെ നിങ്ങള്‍ തന്നെയാ ചീത്തയാക്കുന്നത്. ഇപ്പോള്‍ ഒരു തരി അനുസരണയില്ല.”
കുറ്റം മുഴുവന്‍ അമ്മ മണിക്കുട്ടിയുടെ അഛനിലേയ്ക്ക് കോരിയിട്ടു.

അഛന്റെ മനസ്സ് പിടഞ്ഞു. മണിക്കുട്ടിയ്ക്കിതെന്നാ പറ്റിയത്?

അത്താഴത്തിനും മണിക്കുട്ടി അഛനോടൊപ്പം കൂടിയില്ല. അടുക്കളയില്‍ അമ്മയുടെ പാത്രത്തില്‍ നിന്നും മണിക്കുട്ടി അത്താഴം കഴിച്ചു. സാധാരണ അത്താഴം കഴിഞ്ഞ് ടെറസ്സില്‍ അഛനും മണിക്കുട്ടിയും ചേര്‍ന്ന് ഇത്തിരി നേരം നടക്കുക പതിവുള്ളതാണ്. അന്ന് ടെറസിലെ ഉലാത്തലിനും അഛന്‍ ഒറ്റയ്ക്കായിരുന്നു.

അമ്മ പാത്രമെല്ലാം മെഴുക്കി വെച്ച് കിടക്കും വരെ മണിക്കുട്ടി അടുക്കളയില്‍ തന്നെ ചുറ്റിത്തിരിഞ്ഞു. പടം വരപ്പും കളര്‍ ചെയ്യലും എല്ലാം മണിക്കുട്ടിയില്‍ നിന്നും അന്ന് അകന്ന് നിന്നു.

അമ്മ കിടപ്പറയിലേയ്ക്ക് കടക്കവേ മണിക്കുട്ടി അമ്മയുടെ സാരിയില്‍ പിടിച്ച് വലിച്ചു.

“അമ്മേ...നമ്മുക്ക് മറ്റേ മുറിയില്‍ കിടക്കാം.”
മണിക്കുട്ടിയുടെ നിറഞ്ഞ മിഴികളില്‍ നിന്നും കണ്ണുനീര്‍ ഇപ്പം ചാടും എന്നനിലയിലായിരുന്നു.
“ഈ പെണ്ണിനിത് എന്നാത്തിന്റെ കേടാ. ഇങ്ങോട്ട് വാ കൊച്ചേ...”
മണിക്കുട്ടിയെ ശകാരിച്ച് കൊണ്ട് അമ്മ മകളെ പിടിച്ച് വലിച്ച് കിടപ്പറയിലേയ്ക്ക് കയറി.
“വേണ്ടമ്മേ...നമ്മുക്കീമുറിയില്‍ കിടക്കണ്ട.”
മണിക്കുട്ടിയുടെ വിതുമ്പല്‍ കരച്ചിലായി മാറിയിരുന്നു. എന്താണ് സംഭവിയ്ക്കുന്നതെന്നറിയാതെ അഛനും വിഷമത്തിലായി.
“എന്താ മോളേ നീയിങ്ങനെ...നിനക്കിതെന്തു പറ്റി?”
അഛന്റെ വാക്കുകളും തൊണ്ടയില്‍ കുടുങ്ങി.
“വേണ്ടാ...മോള്‍ക്കഛനെ പേടിയാ....അഛനെ മണിക്കുട്ടിയ്ക്ക് കാണണ്ടാ...”
“മോളേ...”
അഛന്റെ ശബ്ദം നോവ് നിറഞ്ഞ് വിറങ്ങലിച്ചതായിരുന്നു. മണിക്കുട്ടിയുടെ രോദനം വീണ്ടും മുഴങ്ങി...
“അഛന്‍ മോളെ ബലാത്സംഗം ചെയ്തു കൊല്ലും അമ്മേ....അഛനെ മണികൂട്ടിയ്ക്ക് പേടിയാ...”

പിതാവിനാല്‍ പീഡിപ്പിയ്ക്കപ്പെട്ട് അരുംകൊലചെയ്യപ്പെട്ട പതിനാലു വയസ്സുകാരിയുടെ ദാരുണ മരണം ആഘോഷിയ്ക്കുകയായിരുന്നു ചാനലുകളായ ചാനലുകളെല്ലാം - അപ്പോഴും!

10 comments:

അഞ്ചല്‍ക്കാരന്‍. said...

മണിക്കുട്ടിയുടെ ഭയം.

കനല്‍ said...

ചാനലുകളും സിനിമകളും എഴുത്തുകാരും കാട്ടുന്ന ഒരു ദോഷം അഞ്ചല്‍ക്കാരന്‍ ചൂണ്ടി കാട്ടിയിരിക്കുന്നു.

തങ്ങളുടെ വിവരണങ്ങള്‍ പ്രേക്ഷകഭൂരിപക്ഷങ്ങളുടെ ആര്‍ത്തിയ്ക്കും അഭിരുചിയ്ക്കും അനുസ്യതമായി ഒരുക്കിയെടുക്കുമ്പോള്‍ ഇതുപോലെയുള്ള ഫലങ്ങളും അവര്‍ ചിന്തിക്കേണ്ടതാണ്.

ഭാവുകങ്ങള്‍ അഞ്ചല്‍ക്കാരാ..

അനൂപ്‌ കോതനല്ലൂര്‍ said...

കൊച്ചു കുട്ടികളുടെ മനസ്സിനെ പോലും വല്ലാതെ പിടിച്ചു മുറുക്കുകയാണ് വൃത്തികെട്ട ഈ ചാനല്‍ സംസക്കാരം
കുട്ടികളെ ചീത്തയാക്കുന്നതില്‍ ഒരു വലിയ പങ്ക് ചാനലുകള്‍ക്കുണ്ട്

ചിത്രകാരന്‍chithrakaran said...

ഈ ഭയം നമ്മുടെ സ്ത്രീപക്ഷവും വളരെ വ്യാപകമായി ജനങ്ങളില്‍ കുത്തിവച്ചുകൊണ്ടിരിക്കുന്നുണ്ട്. സ്ത്രീപക്ഷ ചിന്തതന്നെ ഭയത്തിന്റെയും,സംശയത്തിന്റേയും സൃഷ്ടിയായതിനാല്‍ സാമൂഹ്യ ശാസ്ത്രജ്ഞരുടേയും,മനശ്ശാസ്ത്രജ്ഞരുടേയും സത്വര ശ്രദ്ധ പതിയേണ്ട പ്രവണതയാണ് ഇത്.
എരിവും,പുളിയും കൂടുതലുള്ള വിഷയമായതിനാല്‍ മീഡിയ ഇതിനെ ആഘോഷമോ,ക്രിക്കറ്റോ ആയി വിറ്റു കാശാക്കുന്നു.

ബഷീര്‍ വെള്ളറക്കാട്‌ said...

എന്ത്‌ എഴുതണമെന്നറിയില്ല..

ഒരു മരവിപ്പില്‍ നിന്നും മറ്റൊരു മരവിപ്പിലേക്ക്‌ ദിനങ്ങള്‍ മുന്നേറുമ്പോള്‍ നാളെ എന്ത്‌ കേള്‍ക്കേണ്ടിവരുമെന്ന് ഭീതിയില്‍ കഴിയുകയാണിന്ന്..

മക്കളോടുള്ള വാത്സല്യം സംശയ ദ്യഷ്ടിയോടെ സമൂഹം വീക്ഷിക്കുന്ന അവസ്ഥയിലേക്ക്‌ കാര്യങ്ങള്‍ നീങ്ങുകയാണ്

ബഷീര്‍ വെള്ളറക്കാട്‌ said...

agreed with Chithrakaaran too

പിതാമഹം said...

പത്രങ്ങള്‍ തുറന്ന് വിട്ട സെന്‍സേഷ്ന്‍ ഭൂതം തിരിഞ്ഞു കടിച്ച് പല ചാനല്‍ പ്രൊഡ്യൂസര്‍മാരും വിഷയ ദാരിദ്ര്യ പേ പിടിച്ചു കിടക്കുന്നു...

റീയാലിറ്റി ഷോകള്‍ വൈക്രുതങ്ങള്‍..

അനില്‍@ബ്ലോഗ് said...

ചൂളിപ്പോകുന്നു, അഞ്ചല്‍കാരാ, സത്യത്തില്‍ വയിച്ചു മനം പുരട്ടിയ വരികള്‍.ഇപ്പൊഴും എനിക്കു ശര്‍ദ്ദിക്കാന്‍ വരുന്നു.
ഒരപേക്ഷമാത്രം,
ഒന്നൊ രണ്ടൊ മനോരോഗികള്‍ കാട്ടുന്ന മാനസിക വൈക്രുതങ്ങല്‍ക്കു ഒരു സമൂഹം മുഴുവന്‍ ഉത്തരം പറയേണ്ട അവസ്ഥയാണു.ഇന്നും വാര്‍ത്തയുണ്ടായിരുന്നു,വേറെ ഒരു സംഭവം.
സെന്‍സേഷനുകള്‍ക്കു പിറകെ പായുമ്പോള്‍ മുറിപ്പെടുന്ന അച്ഛ്ന്മാരുടെ മനസ്സു, ഭയന്നു വിറക്കുന്ന കുരുന്നുകളുടെ മനസ്സു ആരും കാണാതെ പൊകുന്നു.വെറും മനോരോഗികളുടെ ദോഷം കൊണ്ടു

പാമരന്‍ said...

അഞ്ചല്‍ക്കാരാ.. കുറേ കനലുകളാണ്‌ നിങ്ങള്‌ കോരിയിട്ടു തന്നത്‌.

അഗ്രജന്‍ said...

അഞ്ചലേ...!