ദുബായി അമേരിയ്ക്കന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും പഠിച്ചിറങ്ങിയ രണ്ട് യൂ.ഏ.യീ പ്രജകള്‍ ഷാര്‍ജ്ജാ ലേബര്‍ ഓഫീസില്‍ എന്റെ സമീപത്തെ കസേരയില്‍ ഇരുന്ന് സംസാരിയ്ക്കുന്നു. എനിയ്ക്കൊന്നുമേ മനസ്സിലായില്ല. അവര്‍ സംസാരിച്ചത് അവരുടെ മാതൃഭാഷയായ അറബിയില്‍ ആയിരുന്നു.
എനിയ്ക്കോ?
അറിബി അറിയില്ലായിരുന്നു.
രണ്ട് ഫ്രാന്‍സ് പൌരന്മാര് ബസ്സിന്റെ മുന്‍സീറ്റില്‍ ഇരുന്ന് സംസാരിയ്ക്കുന്നു. പിന്നിലിരിയ്ക്കുന്ന എനിയ്ക്കൊന്നുമേ മനസ്സിലാകുന്നില്ല. അവര്‍ സംസാരിച്ചത് അവരുടെ മാതൃഭാഷയായ ഫ്രഞ്ചിലായിരുന്നു.
എനിയ്ക്കോ?
ഫ്രഞ്ച് അറിയില്ലായിരുന്നു.
മുന്ന് അമ്മമാര്‍ ആശുപത്രിയില്‍ വച്ച് കണ്ടു മുട്ടി. മൂന്ന് പേരും ശ്രീലങ്കയില്‍ നിന്നുമുള്ളവര്‍. തൊഴില്‍ എമിരേറ്റ്സ് എയര്‍വേയ്സിലെ ഫ്രണ്ട് ഓഫീസില്‍. മക്കളും അമ്മമാരും സംസാരിയ്ക്കുന്നത് തൊട്ടടുത്തിരുന്ന എനിയ്ക്കോ എന്റെ ഭാര്യയ്ക്കോ മനസ്സിലായില്ല. അവര്‍ സംസാരിച്ചത് അവരുടെ മാതൃഭാഷയായ സിംഗളയിലായിരുന്നു.
ഞങ്ങള്‍ക്കോ?
സിംഗള അറിയില്ലായിരുന്നു.
സ്ഥലം: മലയാള സമാജം ഓണാഘോഷവേദി. (മാസം രണ്ടില്ലേ ഓണത്തിനെന്നൊന്നും ചോദിയ്ക്കരുത്. ഇവിടുത്തെ ഓണം വേദി കിട്ടുന്ന മുറയ്ക്കാ) ഭാരതത്തിലെ കൊച്ചു കേരളത്തില്‍ നിന്നും പ്രവാസത്തിലെത്തിയവരുടെ കൂട്ടായ്മ. മലയാളത്തെ പരിപോഷിപ്പിയ്ക്കാനായി ഒത്തുകൂടിയിരിയ്ക്കുകയാണ്. അവര്‍ ഘോര ഘോരം പ്രസംഗിച്ചത് മാതൃഭാഷയിലായിരുന്നു. പക്ഷേ അവിടെ പറഞ്ഞതൊന്നും എനിയ്ക്ക് മനസ്സിലായില്ല.
കരണം?
എനിയ്ക്ക് ഇംഗ്ലീഷ് അറിയില്ലായിരുന്നു.
ശേഷം: എന്നോടൊപ്പം അഥിതികളായി മലയാള സമാജത്തില്‍ എത്തിയ അറബിയ്ക്കും, ഫ്രഞ്ച് കാരനും, ശ്രീലങ്കക്കാര്‍ക്കും എല്ലാം മനസ്സിലായിരുന്നു. എല്ലാം...
ഒടുവില്‍,
“മെലയാലം വളരെ എളുപ്പമാണ് മനസ്സിലാക്കാന്‍-അല്ലേ?”
എന്ന ഫ്രാന്‍സ് പൌരനായ എന്റെ സുഹൃത്തിനോട്:
“മലയാളികള്‍ക്കൊഴികെ എല്ലാവര്ക്കും എളുപ്പം മനസ്സിലാകും ഇപ്പോഴത്തെ മലയാളം” എന്ന് ഞാന്‍ തിരിച്ച് പറഞ്ഞില്ല.
കാരണം?
അവിടെ കേട്ട മലയാളം എനിയ്ക്കറിയാത്ത “മെലയാലം” ആയിരുന്നു!
Subscribe to:
Post Comments (Atom)
8 comments:
മലയാളിയ്ക്ക് മനസ്സിലാകാത്ത മലയാളം വളരുന്ന കാലം.
5ത്സ്..
ഇവിടെ നിന്നു നോക്കുമ്പോള്‍ അക്കരപ്പച്ച..!
അറബികള്‍ ഇംഗ്ലീഷ് സംസാരിക്കുന്നത് കാണാത്തതെന്താണ്..ഫ്രഞ്ചുകാര്‍ ഇംഗ്ലീഷില്‍ സംസാരിക്കുന്നുണ്ട്.... ഇനിയൊരു സിംഹളനോട് ചോദിച്ചു നോക്കു അവരുടെ ഭാഷയെപ്പറ്റി അപ്പോള്‍ അവനും പറയും അറബികള്‍ അറബി പറയുന്നു..പാക്കിസ്ഥാനികള്‍ ഉറുദു സംസാരിക്കുന്നു..ഞങ്ങള്‍ മാത്രം സിംഹളീസ് ഭാഷയെ കൊല്ലുന്നു.. കാരണം അവനും അക്കരപ്പച്ചയാണ്. ലോകം വേഗത്തിലോടുകയാണ്, ഒരു ചെറിയ പ്രദേശങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല അപ്പോള്‍ ഇതും അങ്ങട് കണ്ണടക്കാം..!
മലയാളികള്‍ തന്നെ മലയാളം മറക്കുന്നു. കഷ്ടം
:(
അഞ്ചലേ, മലയാളം പറയാന്‍ മാത്രമല്ല, എഴുതാനും നാമെല്ലാം മറന്നുകൊണ്ടിരിക്കുന്നു. നമ്മളിപ്പോള്‍ (ഞാനുള്‍പ്പെടെ) അമ്മ എഴുതുന്നത് അ+മ+മ എന്നാണോ അതോ a+m+m+a എന്നാണോ.
ഒരു പേനയെടുത്ത മലയാളം എഴുതിയ കാലം മറന്നു. എന്തിനു, ഓണ്‍ ലൈനിലും, ഓഫ് ലൈനിലും കിടക്കയല്ലേ വരമൊഴിയും കീമാനും. (സിബുവിനോടും, പെരിംഗോടനോടും മാപ്പ്).
മലയാളി എല്ലാം മറക്കുന്നു.
നന്നായിട്ടുണ്ടു...നന്മകള് നേരുന്നു
സ്വന്തം ഭാഷയെ അവജ്ഞയോടെ നോക്കുന്നതിലൂടെ മലയാളി സ്വയം പരിഹാസ്യനാവുകയാണ്. ഒരു ഭാഷയും തെറ്റുകൂടാതെ കൈകാര്യം ചെയ്യുവാന്‍ ഒരു സാധാരണ മലയാളി ശ്രമിക്കുന്നില്ല എന്നതാണ് സത്യം. അവന്റെ ഭാഷ പല ഭാഷകളുടെ വൈകൃതാനുകരണങ്ങളാല് കോര്‍ത്തിണക്കിയ ഒരു ‘കലപില’ യാണ്. ഇന്നസെന്നിന്റെ ചില ചലച്ചിത്ര കഥാപാത്രങ്ങളെയാണ് ഇതോര്‍മ്മപ്പെടുത്തുന്നത്.
ഭാഷയുടെ കാര്യത്തില്‍ നമ്മള് ബംഗാളികളേയും, മറാഠികളേയും, തമിഴനേയുമെല്ലാം കണ്ടു പഠിക്കേണ്ടിയിരിക്കുന്നു. എത്ര ഉന്നതന്മാരായിരുന്നാലും രണ്ടു ബംഗാളികള്‍ പരസ്പരം കണ്ടു മുട്ടുമ്പോള്‍ സംസാരം ബംഗാളിയിലായിത്തീരുന്നത് സാധാരണമാണ്. ലോകത്തു മറ്റൊരു രാജ്യക്കാര്ക്കുമില്ലാത്ത മിഥ്യാഭിമാനം ഭാഷയുടെ കാര്യത്തില്‍ മലയാളി പുലര്‍ത്തുന്നു എന്നത് വളരെ ശോചനീയമാണ്.
ഭാഷയും സംസ്കാരവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഭാഷയോടുള്ള സ്നേഹം - അതു സ്വന്തം കുടുംമ്പാന്തരീക്ഷത്തില് നിന്നും വളര്‍ന്നു വരേണ്ടതാണ്. മക്കളെ മാതൃഭാഷ പഠിപ്പിക്കാതിരിക്കുകയും,വീട്ടില്‍ മാതൃഭാഷ സംസാരിക്കതിരിക്കുകയും ‘മലയാലം അരിയില്ല’ എന്നു മക്കള്‍ പറയുന്നത് കേട്ട് പുളകമണിയുകയും ചെയ്യുന്ന രക്ഷിതാക്കള്‍ തന്നെയാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണക്കാര്‍.
ഉദരപൂരണത്തിനായി മറുനാടുകളെ ആശ്രയിച്ചു ജീവിക്കേണ്ടി വരുന്ന വലിയൊരു മലയാളി സമൂഹം തങ്ങളുടെ മക്കളുടെ ഭാവി സുരക്ഷിതമാക്കുന്നതിലേക്കായി, അവരെ മറ്റു ഭാഷകള്‍ പരിശീലിപ്പിക്കുവാന്‍ നിര്‍ബ്ബന്ധിതരായിത്തീരുന്നു എന്ന സത്യത്തിന് അതര്‍ഹിക്കുന്ന പ്രാധാന്യം കൊടുത്തു കൊണ്ടു തന്നെ മക്കളെ സ്വന്തം ഭാഷ കൂടി പഠിപ്പിക്കുക എന്നത് ഓരോ മലയാളിയും തന്റെ കടമയായെടുത്താല് ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളു.
ഇതിലേക്കായി രക്ഷിതാക്കളെ ബോധവല്ക്കരിക്കുവാന് മലയാളി സംഘടനകള്‍ ഈര്‍ജ്ജിതമായി മുന്നോട്ടു വരികയും മാതൃഭാഷാ പഠനത്തിനു വേണ്ടതായ സന്ദര്ഭങ്ങളൊരുക്കുകയും വേണം.
ഇത്തരത്തിലൊരു മാറ്റം വരുത്തുവാനായി ആദ്യം നമ്മള് നേരെയാക്കേണ്ടത് മനം പിരട്ടലുണ്ടാക്കുന്ന മാതിരി ഭാഷാവൈകല്ല്യങ്ങള് വകവയ്ക്കാതെ പ്രോഗ്രാമുകള്‍ പടച്ചു വിടുന്ന ടി.വി. ചാനലുകാരെയാണ്. അവര്‍ വളരുന്ന തലമുറയുടെ ബോധതലങ്ങളിലേക്കടിച്ചേല്പ്പിച്ചു കൊണ്ടിരിക്കുന്ന ഭാഷ അത്രമാത്രം വികൃതവും ശുഷ്കവുമാണ്. മാധ്യമരംഗത്തെ വമ്പന്മാര് കയ്യാളുന്ന ഇത്തരം ചാനലുകള്‍ മലയാളത്തോടു ചെയ്യുന്ന ദ്രോഹം കുറച്ചൊന്നുമല്ല.
ഇതിനെതിരെ ഒരു ചെറുവിരലനക്കാന്‍ ‘പുരോഗമനക്കരുടേതെന്നഭിമാനിക്കുന്ന‘ കേരള സര്‍ക്കാര്‍ പോലും തുനിയുന്നില്ല എന്നത് ഇക്കാര്യത്തില്‍ അധികാരികള്‍ക്കുള്ള അനാസ്ഥയുടെ ഭീതിദമായ ആഴത്തെയാണ് കാണിക്കുന്നത്. സര്‍ക്കാര്‍ തലത്തിലുള്ള, അനാകര്‍ഷണീയമായ ഭാഷാപഠന സന്നാഹങ്ങളുമായി മുന്നോട്ടു പോകുവാന്‍ മാത്രമാണ് അവര്‍ക്കു താല്പര്യം.
ഈ അവസ്ഥ മാറേണ്ടിയിരിക്കുന്നു. അതിനായി ഗവര്‍മ്മെന്റും, ചാനലുകളും, അച്ചടി മാധ്യമങ്ങളും, വിദേശത്തുള്ള മലയാളിക്കൂട്ടായ്മകളും ആത്മാര്‍ത്ഥമായിത്തന്നെ ഒത്തൊരുമിച്ചു ശ്രമിക്കേണ്ടിയിരിക്കുന്നു.
മലയാളി മാത്രമാകും ലോകത്ത് ഒരു പക്ഷെ
അവന്റെ മാതൃഭാഷയെ ഇത്ര അവഹേളിക്കുന്നത്
കഷ്ടം.
നാലാളു കൂടുന്നിടത്ത് ഇങ്ളീഷു പറഞ്ഞാളാവാന് നോക്കുമെങ്കിലും മലയാളികള്‍ പ്രവാസിയാകുമ്പോള്‍ എവിടെ വേറൊരു മലയാളിയുണ്ടെന്നറിഞ്ഞാലും ഓടിച്ചെന്നു മലയാളത്തില്‍ തന്നെ സംസാരിക്കും എന്നാണെന്റെ അനുഭവം.
പക്ഷേ മീറ്റിങ്ങുകളിലും മറ്റും ജാടകൂട്ടാന് ഇംഗ്ളീഷേ പറയൂ താനും.
എല്ലാ അവികസിത രാജ്യങ്ങളില്‍ നിന്നുമുള്ള പ്രവാസികളുടെ സ്ഥിതി ഇതുതന്നെയാണെന്നാണ് എനിക്കു തോന്നുന്നത്.
Post a Comment