Sunday, July 27, 2008

ഹേയ്...ബൂലോഗമേ മലയാള ഭാഷയ്ക്കൊരു കൈത്താങ്ങാകൂ!






മലയാളം മലയാളികളിലേയ്ക്ക് എന്ന മുദ്രാവാക്യവുമായി യൂണിക്കോഡില്‍ ക്രോഡീകരിയ്ക്കപ്പെട്ടു കൊണ്ടിരിയ്ക്കുന്ന പദമുദ്ര ഒരു സമ്പൂര്‍ണ്ണ ഓണ്‍ലൈന്‍ മലയാളം നിഘണ്ടുവാണ്.

മലയാളം മരിയ്ക്കുകയാണോ എന്ന ചോദ്യത്തിന് മലയാളം മരിച്ചു കൊണ്ടേയിരിയ്ക്കുന്നു എന്ന് തന്നെ ഉത്തരം പറയേണ്ടി വരും. പതിനായിരക്കണക്കിന് പദങ്ങളാല്‍ സമ്പന്നമായ മലയാളത്തിന്റെ ഇന്ന് ഉപയോഗത്തിലുള്ള പദങ്ങള്‍ കേവലം മൂവായിരത്തിനും താഴെ മാത്രമേ ഉള്ളൂ‍ എന്ന് തിരിച്ചറിയുമ്പോള്‍ മാത്രമേ മലയാളം മലയാളിയില്‍ നിന്നും എന്ത് മാത്രം അകന്നു പോയിരിയ്ക്കുന്നു എന്ന് മനസ്സിലാകുള്ളൂ. മലയാളം ബ്ലോഗുകളില്‍ ഇന്ന് എഴുതപ്പെടുന്ന പോസ്റ്റുകളിലെ എല്ലാ വാക്കുകളും കൂടെയെണ്ണിയാലും ഈ മൂവായിരത്തിനുള്ളില്‍ നില്‍ക്കും. പത്രങ്ങളും ആനുകാലികങ്ങളും പുതിയ കഥകളും കവിതകളും ലേഖനങ്ങളും എല്ലാം കൂടി പരതിയാലും പദങ്ങള്‍ മൂവായിരത്തിനും മുകളില്‍ കാണില്ല തന്നെ.

പദമുദ്ര എന്ന സമ്പൂര്‍ണ്ണ ഓണ്‍ലൈന്‍ നിഘണ്ടു പദ്ധതിയിലേയ്ക്ക് പദങ്ങള്‍ ചേര്‍ക്കാന്‍ ഒരവസരം കിട്ടിയപ്പോഴാണ് മലയാള ഭാഷ എന്നില്‍ നിന്നും എത്രയോ അകലെയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. ഭാഷയില്ലാത്തവന്റെ മലയാള ഭാഷാ ബ്ലോഗിങ്ങാണ് ഞാന്‍ നടത്തുന്നത് എന്ന തിരിച്ചറിവ് എന്നില്‍ ഉണ്ടാക്കിയത് പദമുദ്ര എന്ന നിഘണ്ടു പദ്ധതിയാണ് എന്ന് പറയുന്നതില്‍ സന്തോഷമേ ഉള്ളൂ. മലയാള ഭാഷയിലേയ്ക്ക് തിരികെ ചെല്ലാനായിരുന്നു പിന്നെയെന്റെ ശ്രമം. മക്കളുടെ മലയാളം പാഠപുസ്തകങ്ങളും ശബ്ദതാരാവലിയും ഒക്കെ എടുത്ത് വെച്ച് മലയാളം പഠിയ്ക്കാന്‍ തുടങ്ങി. അപ്പോഴാണ് അക്ഷരാര്‍ത്ഥത്തില്‍ മലയാളത്തിന്റെ മഹത്വം മനസ്സിലാകുന്നത്. ജീവിതത്തില്‍ ഇന്നേവരെ ഉപയോഗിച്ചിട്ടില്ലാത്ത എത്രയോ വാക്കുകള്‍ മലയാളത്തില്‍ ഉണ്ട്? ആ വാക്കുകളൊന്നും കേട്ടിട്ടു പോലുമില്ലാത്ത ഞാനും മലയാളിയാണ്!

മലയാളത്തിന്റെ പദസമ്പത്ത് കാലഹരണപ്പെടുകയാണ്. ഭാഷ അങ്ങിനെയാണ്. നമ്മള്‍ അകലുന്നതിനേക്കാള്‍ വേഗം അത് നമ്മളില്‍ നിന്നും അകലും. അങ്ങിനെ അകന്ന് കൊണ്ടിരിയ്ക്കുന്ന ഭാഷയെ നമ്മുടെ വിരല്‍ തുമ്പിലേയ്ക്ക് വീണ്ടുമെത്തിയ്ക്കാന്‍ പദമുദ്ര എന്ന നിഘണ്ടു പദ്ധതിയ്ക്ക് കഴിയും എന്നതില്‍ യാതൊരു തര്‍ക്കവും ഇല്ല.

മലയാളം കമ്പൂട്ടറുകളില്‍ സജീവമാകുന്നതോടു കൂടി പദങ്ങളുടെ ഉപയോഗം കൂടണം. കമ്പൂട്ടറില്‍ തന്നെ വാക്കുകള്‍ തിരയാനുള്ള അവസരം സംജാതമാക്കുകയാണ് പദമുദ്ര ലക്ഷ്യമിടുന്നതും. പദമുദ്രയും പരമ്പരാഗത മലയാളം നിഘണ്ടുവും തമ്മില്‍ വ്യത്യാസപ്പെടുന്നത് അതിന്റെ ഉപയോഗത്തിലുള്ള ലാളിത്യം കൊണ്ടാണ്. അക്ഷരമാല കൃത്യമായി അറിയാത്ത ഒരുവന് പരമ്പരാഗത നിഘണ്ടുവില്‍ നിന്നും വാക്കര്‍ത്ഥം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായിരിയ്ക്കും. എന്നാല്‍ പദമുദ്രയില്‍ ഒരു പദത്തിന്റെ അര്‍ത്ഥം എന്താണെന്നറിയാന്‍ നിശ്ചിത സ്ഥലത്ത് പദം ടൈപ്പ് ചെയ്ത് തിരയാനുള്ള നിര്‍ദ്ദേശം കൊടുത്താല്‍ മാത്രം മതി. ആ വാക്കിന്റെ അര്‍ത്ഥങ്ങളും പദഛേദം അടക്കം ബന്ധപ്പെട്ട വിവരങ്ങളും അടുത്ത നിമിഷം നമ്മുടെ മുന്നിലെത്തും. അതായത് കേവല ഭാഷാ പരിജ്ഞാനം ഇല്ലാത്ത ഒരാള്‍ക്ക് പോലും പദമുദ്രയിലൂടെ വാക്കര്‍ത്ഥങ്ങള്‍ ലളിതമായി മനസ്സിലാക്കാന്‍ കഴിയും എന്ന് ചുരുക്കം.

പദമുദ്രയുടെ ക്രോഡീകരണം പുരോഗമിയ്ക്കുന്നത് ജനകീയമായിട്ടാണ്. നിലവില്‍ ഇരുപത്തഞ്ചോളം അംഗങ്ങള്‍ ഈ പദ്ധതിയില്‍ പങ്കു ചേര്‍ന്നിരിയ്ക്കുന്നു. നമ്മുക്ക് ഏവര്‍ക്കും സുപരിചിതനായ തമനു എന്ന ബ്ലോഗറാണ് ഏറ്റവും കൂടുതല്‍ വാക്കുകള്‍ ഇതുവരെ പദമുദ്രയ്ക്ക് സംഭാവന ചെയ്തിരിയ്ക്കുന്നത്. തൊട്ടു പിറകില്‍ മുസ്തഫ തൊഴിയൂറെന്ന അഗ്രജന്‍ ഉണ്ട്. അചിന്ത്യയും, ശിവകുമാറും, കൈപ്പള്ളിയും, സിദ്ധാര്‍ത്ഥനും, രെഞ്ജിത് സിങ്ങും, പച്ചാളവും, ജിജിയും, അനില്‍ശ്രീയും, കണ്ണൂസും, സുനില്‍ കെ.ചെറിയാനും, എതിരവന്‍ കതിരവനും, ഹരിയണ്ണനും, തറവാടിയും, ഉമേഷ് നായരും, കരീം മാഷും, അതുല്യയും, സനാതനനും തങ്ങളുടേതായ സംഭാവനകള്‍ മലയാള ഭാഷയ്ക്ക് നല്‍കി കൊണ്ടാണ് പദമുദ്രയുടെ വളര്‍ച്ചയില്‍ പങ്കാളികളാകുന്നത്. ആര്‍ക്കും ഈ പദ്ധതിയില്‍ തങ്ങളുടേതായ പങ്കു ചേര്‍ക്കാനുള്ള അവസരം ഈ പദ്ധതിയുടെ ചുക്കാന്‍ പിടിയ്ക്കുന്ന നമ്മുടെ പ്രിയപ്പെട്ട സുഹൃത്ത് സിദ്ധാര്‍ത്ഥന്‍ ഒരുക്കുന്നുണ്ട്.

ഏതൊരു ഭാഷാ സ്നേഹിയ്ക്കും ഈ പദ്ധതിയോട് ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കാം.പദമുദ്രയില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതോടെ നിങ്ങളും ഈ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞു. ചേര്‍ക്കപ്പെടുന്ന പദങ്ങള്‍ പരിശോധിച്ച് നല്‍കിയിരിയ്ക്കുന്ന അര്‍ത്ഥങ്ങളുടെ ആധികാരികത എഡിറ്ററന്മാര്‍ ഉറപ്പാക്കിയതിന് ശേഷം പദമുദ്രയിലേയ്ക്ക് മുതല്‍കൂട്ടും. ഏഴ് പേരുടെ ഒരു സമിതിയാണ് എഡിറ്റോറിയല്‍ ബോര്‍ഡ്. അവരുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ വാക്കുകള്‍ അംഗീകരിയ്ക്കപ്പെടുകയുള്ളൂ. അതുകൊണ്ട് തന്നെ പദമുദ്രയുടെ ആധികാരികത ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയും തുലോം വിരളമാണ്. ഇന്ന് കേവല ഭാഷാ പരിജ്ഞാനം ഇല്ലാത്തവര്‍ക്ക് കൂടി ഉപയോഗിയ്ക്കാന്‍ കഴിയുന്ന പദമുദ്ര നാളെ ഓണ്‍ലൈന്‍ ഉപയോഗത്തില്‍ മലയാള ഭാഷയ്ക്ക് ഒഴിച്ക് കൂടാന്‍ വയ്യാത്ത ഒരു സങ്കേതം ആയിരിയ്ക്കും എന്ന് സംശയമില്ല തന്നെ.

പദങ്ങളെ കുറിച്ചുള്ള ചര്‍ച്ചയ്ക്കും പദമുദ്ര അവസരം ഒരുക്കുന്നുണ്ട്. ചിത്രങ്ങളുടെ സഹായത്തോടെ വാക്കര്‍ത്ഥം ചേര്‍ക്കാനും പദമുദ്രയില്‍ കഴിയും. പദമുദ്രയുടെ പ്രവര്‍ത്തന രീതികള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ ഉതകുന്ന തരത്തിലാണ് നിഘണ്ടുവിന്റെ ആമുഖം. ആമുഖം മനസ്സിലാക്കിയതിന് ശേഷം ആര്‍ക്കും പദമുദ്രയിലേയ്ക്ക് ലളിതമായി പദങ്ങള്‍ കൂട്ടി ചേര്‍ക്കാം.

കമ്പൂട്ടറിന്റെ മലയാള ഉപയോഗം ഏറ്റവും കൂടുതല്‍ മനസ്സിലാക്കിയിട്ടുള്ളവര്‍ മലയാള ബ്ലോഗെഴുത്ത് കാരാണ് എന്നതുകൊണ്ട് തന്നെ മലയാള ബ്ലോഗറന്മാരുടെ കൂട്ടായ ശ്രമം ഉണ്ടായാല്‍ മലയാളത്തിലെ മുഴുവന്‍ വാക്കുകളും ഈ നിഘണ്ടുവില്‍ ക്രോഡീകരിയ്ക്കുവാന്‍ കഴിയുമെന്നതില്‍ സംശയമൊന്നുമില്ല. മലയാളത്തിന്റെ കാലഹരണപ്പെട്ടുകൊണ്ടിരിയ്ക്കുന്ന പദസമ്പത്തിന് ഒരു പുനര്‍ജനി തന്നെയായിരിയ്ക്കും പദമുദ്രയിലൂടെ സംഭവിയ്ക്കുന്നത്.

പദമുദ്രയുടെ സാങ്കേതിക വിഭാഗത്തിന് മേല്‍നോട്ടം നല്‍കുന്നത് കൈപ്പള്ളിയും ഓണ്‍ലൈന്‍ നിഘണ്ടു പദ്ധതിയ്ക്ക് നേതൃത്വം നല്‍കുന്നത് സിദ്ധാര്‍ത്ഥനും ആണ്.

പദമുദ്രയെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ പദമുദ്ര എന്ന ബ്ലോഗും സന്ദര്‍ശിയ്ക്കാം.

പദമുദ്ര എന്ന സമ്പൂര്‍ണ്ണ ഓണലൈന്‍ നിഘണ്ടു പദ്ധതിയ്ക്ക് സര്‍വ്വ മംഗളങ്ങളും!




17 comments:

അഞ്ചല്‍ക്കാരന്‍ said...

പദമുദ്രയില്‍ പങ്ക് ചേരാം മലയാള ഭാഷയ്കൊരു കൈതാങ്ങാകാം..

കരീം മാഷ്‌ said...

നിഘണ്ടു
പദങ്ങളെ അക്ഷരക്രമത്തിൽ അടുക്കി ഓരോ പദത്തിന്റെയും അർത്ഥവും ബന്ധപ്പെട്ട സാധ്യമായത്ര മറ്റു വിവരങ്ങളും രേഖപ്പെടുത്തിയ ഗ്രന്ഥം
(ഇതിനു നിഘണ്ടുവെന്ന നാമം യോചിക്കുമോ?
ഗ്രന്ഥമല്ലല്ലോ?)
പുതിയ നാമം തെരയുക.

മാരീചന്‍ said...

അ‍ഞ്ചല്‍ക്കാരാ,
പദമുദ്രയെ പരിചയപ്പെടുത്തിയത് നന്നായി. വേര്‍ഡ് വെബുപോലെയൊക്കെ ഓണ്‍ സങ്കേതവുമായി പൊരുത്തപ്പെടുന്ന ഒരു നിഘണ്ടു മലയാളത്തിനും സ്വന്തമായി ഉണ്ടാകുന്നത് അഭിമാനകരവും സന്തോഷകരവുമാണ്. പ്രതിഫലേച്ഛയില്ലാതെ അതിനു വേണ്ടി പണിയെടുക്കുന്ന എല്ലാ സുമനസുകളോടും നന്ദിയുണ്ട്. കടപ്പാടും.

പക്ഷേ, താങ്കളുടെ ഈ പരിചയപ്പെടുത്തലിലെ ഒരു ഭാഗത്തോട് വിയോജിപ്പുണ്ട്.....
ഉദാഹരണമായി “ഛത്രം” എന്ന പദത്തിന്റെ അര്‍ത്ഥം ശബ്ദതാരാവലിയില്‍ നിന്നും തിരയാന്‍ ആദ്യം അക്ഷരമാലയില്‍ “ഛ”യുടെ സ്ഥാനം അറിയണം. പിന്നെ “ത” യിലേയ്ക്ക് പോയി തുടര്‍ന്ന് “ത്ര”യിലേയ്ക്ക് എത്തിച്ചേരണം. അങ്ങിനെ “ഛത്രം” കുടയാണെന്നും കുമിളാണെന്നും തിരിച്ചറിയുമ്പോഴേയ്ക്കും കേവല ഭാഷാ പരിജ്ഞാനമില്ലാത്ത ഒരുവന്‍ ഭാഷയെ തന്നെ ശപിച്ചിട്ടുണ്ടാകും.

സാങ്കേതിക വിദ്യയുടെ സ്ഫോടനം, ഛത്രം എന്ന വാര്‍ക്കിന്റെ അര്‍ത്ഥം ഒരു മൗസ് ക്ലിക്കിന്റെ അകലത്തിലാക്കിയത് നല്ലത് തന്നെ. ശബ്ദതാരാവലിയുമായി പദമുദ്രയെ താരതമ്യം ചെയ്യുമ്പോള്‍ ശബ്ദതാരാവലിയുടെ പരിമിതിയായി ചൂണ്ടിക്കാണിച്ച ഉദാഹരണം കണ്ട് ചിരിക്കാതെ വയ്യ.

ഏറ്റവും കുറഞ്ഞത്, അക്ഷരങ്ങളും അവയുടെ സ്ഥാനവുമെങ്കിലും അറിഞ്ഞെങ്കില്‍ മാത്രമേ ഏത് ഭാഷയിലെയും നിഘണ്ടു നോക്കി അര്‍ത്ഥം കണ്ടുപിടിക്കാനാകൂ. pyx എന്ന ഇംഗ്ലീഷ് വാക്കിന്റെ അര്‍ത്ഥം നിഘണ്ടുവില്‍ നോക്കുന്നതിനും വേണം താങ്കള്‍ പറയുന്ന ഈ "ബുദ്ധിമുട്ട്". അക്ഷരമാലയിലെ എത്രാമത്തെ അക്ഷരമാണ് pയെന്നും yയെന്നുമൊക്കെ അറിയാത്തവന് എങ്ങനെ ഈ വാക്കിന്റെ അര്‍ത്ഥം കണ്ടുപിടിക്കും.

ഇതെന്നല്ല, ഏത് വാക്കിന്റെ അര്‍ത്ഥവും ഏത് ഭാഷയിലെ നിഘണ്ടുവില്‍ നോക്കുന്നതിനും അക്ഷരമാല അറിഞ്ഞിരിക്കണമെന്ന് നിര്‍ബന്ധം.

കേവല ഭാഷാജ്ഞാനമില്ലാത്തവന്റെ ശാപം പദമുദ്രയ്ക്കും ചിലപ്പോള്‍ കിട്ടിയേക്കാം. ഛ, ത്ര എന്നീ അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യാന്‍ അറിയാത്തവന്‍ എങ്ങനെ പദമുദ്ര വഴി അര്‍ത്ഥം കണ്ടുപിടിക്കും? കീബോഡില്‍ "ഛ" എവിടെയെന്നും "ത്ര" എങ്ങനെ അടിക്കുമെന്നും അറിയേണ്ടേ?

ഛത്രം എന്ന് കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് ഉച്ചരിക്കുമ്പോള്‍, കുടയെന്നര്‍ത്ഥം സ്ക്രീനില്‍ തെളിയുന്ന നിഘണ്ടു നാളെയിറങ്ങിയാലും പ്രശ്നമുണ്ടാകും. ഛ എങ്ങനെ ഉച്ചരിക്കണമെന്ന് അറിഞ്ഞിരിക്കേണ്ടേ.. ചത്രം എന്നോ, ഝത്രം എന്നോ ആയിപ്പോയാല്‍ അര്‍ത്ഥം വരുമോ?

ശബ്ദതാരാവലിയുടെയോ അതിനെക്കാള്‍ വലുതായോ ഒരു സ്ഥാനം പദമുദ്രയ്ക്കുണ്ടാകുന്നതില്‍ സന്തോഷമേയുളളൂ. എന്നാല്‍ ഭാഷയുടെ വളര്‍ച്ചയില്‍ ശബ്ദതാരാവലിയുടെ സ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തി വേണോ അതെന്ന് നൂറുവട്ടം ആലോചിക്കണം. ശബ്ദതാരാവലിയ്ക്ക് താങ്കള്‍ ചൂണ്ടിക്കാട്ടുന്ന പരിമിതി, അച്ചടിയുടെ പരിമിതിയാണ്.

ഛത്രം എന്ന് ശബ്ദതാരാവലിയ്ക്കു മുന്നിലിരുന്ന് ഉച്ചരിക്കുമ്പോള്‍ അര്‍ത്ഥം അച്ചടിച്ച പേജ് താനെ തുറന്നു വരുന്ന സാങ്കേതിക വിദ്യ കണ്ടുപിടിക്കപ്പെടാത്തതിന് പാവം ശ്രീകണ്ഠേശ്വരം പത്മനാഭപിളള എന്തുപിഴച്ചു?

കേവല ‍ജ്ഞാനം പോലുമില്ലാത്തവന് എന്തിനെയും ശപിക്കാം. ശബ്ദതാരാവലിയെയും. അങ്ങനെ ആരെങ്കിലും ശപിച്ചെന്നുവെച്ച് ഭാഷയ്ക്ക് ഒരു ചുക്കും സംഭവിക്കില്ല.

അഞ്ചല്‍ക്കാരന്‍ said...

മരീചന്‍,
പരോക്ഷമായിട്ടാണെങ്കില്‍ കൂടിയും ശബ്ദതാരാവലിയെ താഴ്ത്തികെട്ടുന്ന തരത്തില്‍ ഒരു വാചകം പോസ്റ്റില്‍ കടന്നു കൂടിയതില്‍ ഖേദിയ്ക്കുന്നു.

ശ്രദ്ധയില്‍പ്പെടുത്തിയതിന് നന്ദി. വാചകം തിരുത്തിയിട്ടുണ്ട്.

നന്ദി.

ഭൂമിപുത്രി said...

ആദ്യമായാണ്‍ ‘പദമുദ്ര’യേപ്പറ്റി അറിയുന്നതു.
വളരെ സന്തോഷം തോന്നുന്നു.
ഒരു ഓണ്‍-ലൈന്‍ മലയാളം നിഘണ്ടുവിനായി
പലപ്പോഴും ഞാനും ആഗ്രഹിച്ചിട്ടൂണ്ട്.
ഈ ഉദ്യമത്തില്‍ പങ്ക്ചേരണമെന്ന് കരുതുന്നു.
വിവരത്തിന്‍ നന്ദി അഞ്ചല്‍

അനംഗാരി said...

പദമുദ്രയിലെന്തിനാണ് പരസ്യം?

Bindhu Unny said...

‘പദമുദ്ര’യെപ്പറ്റി അറിയിച്ചതിന് നന്ദി. :-)

തമനു said...

അഞ്ചല്‍ക്കാരനു്,

വളരെ നന്നായി പദമുദ്രയെപ്പറ്റിയുള്ള ലേഖനം. അഭിനന്ദനങ്ങള്‍.

മാരീചന്‍,

ശബ്ദതാരാവലിയെ താഴ്ത്തിക്കെട്ടാനുള്ള ഒരു ശ്രമമായിരുന്നില്ല അഞ്ചല്‍ക്കാരന്റേതെന്നു വ്യക്തമാണു്. അങ്ങനെ ആരെങ്കിലും വിചാരിച്ചാല്‍ താഴ്ന്നു പോകുന്നതുമല്ല ആ മഹത്തായ ഗ്രന്ഥവും, അതിനു പിന്നിലെ ആ മഹാപ്രയത്നവും.

പക്ഷേ അഞ്ചല്‍ക്കാരന്‍ ഉദ്ദേശിച്ചതു, ശബ്ദതാരാവലിയില്‍ പലപ്പോഴും വാക്കുകള്‍ തിരയാന്‍ കേവലഭാഷാ ജ്ഞാനം മാത്രം പോരാ എന്നതാണു്. ഇംഗ്ലീഷില്‍ ഓര്‍ത്തിരിക്കാന്‍ നമുക്കു 26 അക്ഷരങ്ങള്‍ മാത്രമേ ഉള്ളൂ എന്നുള്ളതു ഒരെളുപ്പമാണു്, എന്നാല്‍ മലയാളത്തിലെ അക്ഷരക്രമങ്ങളെ കൃത്യമായി ഓര്‍ത്തിരിക്കാത്തവര്‍ വളരെ ഉണ്ട്. അതാവും മലയാള നിഘണ്ടുവില്‍ പദങ്ങള്‍ തിരയാന്‍ നമുക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍ ഒന്നാ‍മത്തേതു്.

മാത്രവുമല്ല കേവലഭാഷാജ്ഞാനം മാത്രം പോരാ പലപ്പോഴും ശബ്ദതാരാവലിയില്‍ പദങ്ങള്‍ തിരയാന്‍.

ഉദാ : ഗംഗ, ഗംഭീരം എന്നീ പദങ്ങള്‍.

കേവല ഭാഷാജ്ഞാനം മാത്രമുള്ളവര്‍ അവ രണ്ടും ഗം എന്നാരംഭിക്കുന്നതാകയാല്‍ അടുത്തടുത്തു വരും എന്നു മാത്രമേ കരുതൂ. പക്ഷേ തന്നെ ഗംഗ എന്ന പദം ഉള്ള കൂട്ടത്തില്‍ ഗംഭീരം കണ്ടെത്താന്‍ കഴിയില്ല. അതു കാണണമെങ്കില്‍ ഏകദേശം പത്തു താളുകള്‍ മറിച്ചു നോക്കണം. കാരണം ഗംഗ എന്നുള്ളതിലെ ഗം എന്നതു ഗ+അം എന്നും, ഗംഭീരം എന്നുള്ളതിലെ ഗം എന്നതു ഗ+മ്‌ എന്നും ആണു് എന്നതാണു്.

ഇതാണു് എന്നെപ്പോലെയുള്ള സാധാരണക്കാരെ വലയ്ക്കുന്ന ഏറ്റവും വലിയ പ്രശ്നം. അഞ്ചല്‍ക്കാരനും ഇതാവും ഉദ്ദേശിച്ചതു. :)

മാരീചന്‍ said...

തമനു,
ഒരു തര്‍ക്കത്തിനോ വാഗ്വാദത്തിനോ ഇല്ല. ഉദ്ദേശിച്ചത് എന്തു തന്നെയായാലും വിപരീതമായ ഒരു ധ്വനി സ്വന്തം വാചകങ്ങള്‍ക്കുണ്ടെന്ന് രണ്ടാം വായനയില്‍ അഞ്ചല്‍ക്കാരനും ബോധ്യപ്പെട്ടിരിക്കാം. അതുകൊണ്ടാണല്ലോ അതദ്ദേഹം പിന്‍വലിച്ചത്..

താങ്കള്‍ ചൂണ്ടിക്കാണിക്കുന്ന പ്രശ്നം ശബ്ദതാരാവലിയില്‍ ഉണ്ടായിരിക്കാം. ഭാഷാശാസ്ത്രമൊക്കെ ഇത്രയും വളരുന്നതിനു മുമ്പ്, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍, ഒരഭിഭാഷകനായിരുന്ന ശ്രീകണ്ഠേശ്വരമായിരുന്നല്ലോ ശബ്ദതാരാവലി തയ്യാറാക്കിയത്.

താന്‍ ആഗ്രഹിക്കുന്ന വാക്കിന്റെ അര്‍ത്ഥം എളുപ്പത്തില്‍ കിട്ടാത്തതു കൊണ്ട് കേവലജ്ഞാനം മാത്രമുളളവര്‍ ഭാഷയെ ശപിച്ചേക്കാം എന്ന അഞ്ചല്‍ക്കാരന്റെ നിഗമനത്തോടാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്.

അദ്ദേഹം ആ പ്രസ്താവന പിന്‍വലിക്കുകയും ചെയ്തു... സംഗതി കോംപ്ലിമെന്റായില്ലേ... :))

തമനു said...

എപ്പോഴേ കോമ്പ്ലിമെന്‍സായി :)

മാരീചന്‍ പറഞ്ഞതിനോടു പരിപൂര്‍ണ്ണമായി യോജിക്കുകയും ചെയ്യുന്നു. ഭാഷാശാസ്ത്രവും, ടെക്നോളജിയും ഇത്രയും വളരുന്നതിനു മുന്‍പേ ഇത്തരമൊരു ഗ്രന്ഥം തയ്യാറാക്കിയതിനു പിന്നിലെ പരിശ്രമത്തിന്റെയും, അര്‍പ്പണബോധത്തിന്റെയും, ഗവേഷണങ്ങളുടെയും മുന്നില്‍ ഒരു നൂറു നമോവാകങ്ങള്‍.

evuraan said...

കൈത്താങ്ങാകൂ.. എന്നല്ലേ ശരി?

അഞ്ചല്‍ക്കാരന്‍ said...

ഏവൂരാനേ,
കൈത്താങ്ങിന് നന്ദി.

ഭൂമിപുത്രി said...

പദമുദ്രയില്‍ച്ചേറ്ന്നു.പക്ഷെ,എങ്ങിനെയാണ്‍ എവിടെയാണ്‍ വാക്കുകള്‍ ചേറ്ക്കേണ്ടതെന്ന മനസ്സിലാകുന്നില്ലല്ലൊ,സഹായിയ്ക്കാമോ?

തമനു said...

ഭൂമിപുത്രീ,

പദമുദ്രയില്‍ ലോഗിന്‍ ചെയ്തു കഴിഞ്ഞാലുടന്‍ ‘പദങ്ങള്‍ ചേര്‍ക്കൂ’ എന്നൊരു ബട്ടണ്‍ കിട്ടും. അതില്‍ അമര്‍ത്തിയാല്‍ പദങ്ങള്‍ ചേര്‍ത്തു തുടങ്ങാം.

ഭൂമിപുത്രി said...

തമനു,ലോഗിന്‍ ചെയ്തു.ഭൂതക്കണ്ണാടിവെച്ചുനോക്കീട്ടും
‘പദങ്ങള്‍ ചേറ്ക്കു’എന്ന ബട്ട്ന്‍ കാണുന്നില്ല.
ആദ്യപേജില്‍ത്തന്നെയാണോ?

wattakatan said...

കേവല ഭാഷാജ്ഞാനം മാത്രമുള്ളവര്‍ക്കല്ലേ നിഖണ്ടുവിന്റെ ആവശ്യം കൂടുതല്‍? അങ്ങിനെയുള്ളവര്‍ക്കെല്ലാം ശബ്ദതാരാവലി ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നതു പറയാതിരിക്കുന്നതുകൊണ്ടു പ്രത്യേകം ഗുണമൊന്നുമില്ല.ഛത്രം പോലെതന്നെ മറ്റനേകമനേകം വാക്കുകള്‍ ശബ്ദതാരാവലിയില്‍ കണ്ടെത്താന്‍ ചെറിയചെറിയ ഗെവേഷണങ്ങള്‍‍ തന്നെ നടത്തണം. ഒരു പക്ഷെ അതില്‍ ശ്രീകണ്ഠേശ്വരം പത്മനാഭപിളള യുടെതെറ്റെന്നു പറയില്ല,ഭാഷയുടെ കുഴപ്പം തന്നെയാണു കാരണം

Kaippally said...

അനംഗാരി
പദമുദ്രയിൽ പരസ്യം വെച്ചിരിക്കുന്നതു് site hostingന്റെ ചിലവു വഹിക്കാനാണു്.

ശബ്ദതാരാവലിയല്ല ഇനി ഏത് അച്ചടിച്ച നിഘണ്ടുവായാലും അതിനു അച്ചടിയുടെ സാങ്കേതിക പ്രശ്നങ്ങളുണ്ട്.

അച്ചടിച്ച നിഘണ്ടുവിൽ ഒരു പദത്തിന്റെ അർത്ഥം തിരയുമ്പോൾ, അർത്ഥത്തിൽ പറയുന്ന ചില പദങ്ങൾ മനസിലാക്കാൻ വീണ്ടും താളുകൾ മറിക്കണം. cross referencing സൌകര്യം പദമുദ്രയിലുണ്ട്.

ഉദാഹരണം: പദമുദ്രയിൽ കടിഞ്ഞൂൽ എന്ന പദം അന്വേഷിക്കുമ്പോൾ, പദച്ഛേദത്തിൽ [കടി+ചൂൽ] എന്നു കാണാം. പദങ്ങളിൽ click ചെയ്താൽ അതിന്റെ അർത്ഥം കാണാം.

ശ്രീകണ്ഠേശ്വരം പത്മനാഭപിളള അനേകം വർഷങ്ങളുടെ കഠിനാധ്വാനംകൊണ്ടു കടലാസിൽ ശേഘരിച്ച പദങ്ങളാണു് ഗ്രന്ഥ രൂപത്തിൽ പില്ക്കാലത്തിൽ അച്ചടിച്ചത്. അതിന്റെ ചില പ്രശ്നങ്ങൾ നമുക്ക് കാണാൻ കഴിയും.

ശബ്ദതാരാവലിയിൽ ഒരു പദത്തിനു് ഒന്നിലധികം അർത്ഥങ്ങൾ വരുംബോൾ അർത്ഥങ്ങളുടെ വിഭജനം പലയിടത്തും ഒരുപോലെയല്ല കാണുന്നതു്. ചില ഇടങ്ങളിൽ പദങ്ങളുടെ അരുകിൽ അക്കം എഴുതി വിഭജിച്ചിട്ടുണ്ട്. മറ്റു ചില ഇടങ്ങളിൽ ഒരു പദം എഴുതിയിട്ട് അർത്ഥങ്ങൾക്ക് അക്കം കൊടുത്തു. പദങ്ങളുടെ വിഭജനം എല്ലായിടത്തും ഒരുപോലെയല്ല.

കേരള പാണിനീയം കഴിഞ്ഞാൽ ശ്രീകണ്ഠേശ്വരം പത്മനാഭപിളളയുടെ ശബ്ദതാരാവലി മലയാളത്തിലെ ഏറ്റവും ബ്രഹത്തായ ഭാഷാ ഗ്രന്ഥം തന്നെയാണു്.
പക്ഷെ പദമുദ്ര 21ആം നൂറ്റാണ്ടിന്റെ ഗ്രന്ഥമാണു്. ഈ നൂറ്റാണ്ടിന്റെ ആവശ്യങ്ങൾ അനുസരിച്ച് എഴുതപ്പെടുന്ന ഗ്രന്ഥം.