Wednesday, September 17, 2008

അമ്മയുടെ കാമവും മകളെന്ന ശല്യവും.

അമ്മമാര്‍ക്ക് കാമുകര്‍ ഉണ്ടാകുന്നതോ ഭര്‍ത്താവിനെ വിട്ട് മക്കളുടെ പ്രായമുള്ള കുഞ്ഞു കാമുകര്‍ക്കൊപ്പം അമ്മ പൊറുതി തുടങ്ങുന്നതോ ഇന്ന് വാര്‍ത്തയല്ല. അതുപോലെ തന്നെ വാത്സല്യ നിധികളായ പിതാക്കന്മാരുടെ കാമപൂരണത്തിനിരയായി യമപുരി പൂകുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്മക്കളും, സ്വന്തം പിതാവിന്റെ തന്നെ കുഞ്ഞുങ്ങളെ പ്രസവിയ്ക്കേണ്ടി വരുന്ന കൌമാരക്കാരികളും ഭൂമിമലയാളത്തില്‍ വാര്‍ത്തയേ ആകുന്നില്ല. നിത്യ സംഭവങ്ങള്‍ അല്ലാത്തവയാണല്ലോ വാര്‍ത്തയാകുന്നത്.

ഭര്‍ത്താവ് നഷ്ടപ്പെട്ട മാതാവ് - പഴയ കാലത്ത് വിധവ എന്ന് വിളിച്ചിരുന്നു - ശിഷ്ടകാലം മക്കളെ വളര്‍ത്തി കഴിഞ്ഞു കൂടണം എന്ന ക്രൂരതയൊന്നും ഒരു സ്ത്രീയോടും ചെയ്യാന്‍ പാടില്ല. അതും ഇരുപത്തി ഏഴ് വയസ്സില്‍ കണവന്‍ ഇഹലോക വാസം വെടിഞ്ഞാല്‍ പിന്നെ നല്ലപാതി വെള്ളവസ്ത്രമുടുത്ത് ചമയങ്ങളില്‍ നിന്നും വിട്ട് സമൂഹത്തില്‍ നിന്നും അകന്ന് ഏകാന്ത വാസം നയിയ്ക്കാന്‍ ഇത് എന്താ സ്വാമിജി മനുവിന്റെ കാലഘട്ടമോ?

നാഗരിക മധ്യവര്‍ഗ്ഗത്തിന്റെ ജീവിത ശൈലിയില്‍ കണ്ടു വരുന്ന ലൈംഗിക അരാജകത്വം ഇന്ന് ഗ്രാമങ്ങളിലേയ്ക്ക് പടര്‍ന്നിറങ്ങിയിരിയ്ക്കുന്നു. നഗരങ്ങളിലെ ലൈംഗിക തൃഷ്ണയ്ക്ക് ശമനമേകാന്‍ ഉപാധികള്‍ അനവധിയുള്ളപ്പോള്‍ ഗ്രാമങ്ങളില്‍ പക്ഷേ പരിഹാരത്തിന് തെറ്റിയോ തെറിച്ചോ ഒന്നോ രണ്ടോ ദേവദാസി പുരകള്‍ ഉണ്ടായാല്‍ ആയി. പക്ഷേ അവിടേയും ആണിന് കാമം ഒഴുക്കാനുള്ള സൌകര്യമല്ലേയുള്ളൂ. പെണ്ണെന്തു ചെയ്യും? ഇരുട്ടിന്റെ മറവില്‍ ആരെയെങ്കിലും വിളിച്ച് അകത്ത് കയറ്റിയാല്‍ കയറുന്നവന്‍ തന്നെ പിറ്റേ ദിവസം ബ്ലൂട്യൂത്തുമായി ഇറങ്ങും.ലൈവായി ചാനല്‍ റിപ്പോര്‍ട്ടുകള്‍ വരവാകും. മരത്തില്‍ തൂങ്ങിയാടുകയല്ലാതെ പിന്നെന്തുണ്ട് മാര്‍ഗ്ഗം?

കാമവെറിയ്ക്ക് മാതാവെന്നോ പിതാവെന്നോ വിഭാര്യനെന്നോ വിധവയെന്നോ വിവാഹിതരെന്നോ അവിവാഹിതരെന്നോ വ്യത്യാസമില്ലല്ലോ? കത്തിക്കയറിയാല്‍ ശമിപ്പിയ്ക്കാനുള്ള ഉപാധികള്‍ ഉണ്ടായേ കഴിയുള്ളൂ. ഉപാധികള്‍ ലഭ്യമല്ലാ എങ്കില്‍ സ്വയം കണ്ടെത്താന്‍ ശ്രമിയ്ക്കും. കപട സദാചാരം ജീവിത രീതിയായ മലയാളീ പൊതുസമൂഹത്തില്‍ കത്തുന്ന കാമം ആറ്റിതണുപ്പിയ്ക്കാന്‍ കണ്ടെത്തുന്ന മാര്‍ഗ്ഗങ്ങള്‍ പലപ്പോഴും രക്തം മരവിപ്പിയ്ക്കും. ഏറ്റവും ഒടുവില്‍ അഞ്ചുവര്‍ഷം മുന്നേ ഭര്‍ത്താവ് മണ്ണായ ഒരു സാധു സ്ത്രീ തിരുവോണ ദിവസം ചെയ്ത പ്രായോഗികതയും അതു തന്നെ.

പതിനാലും പതിമൂന്നും വയസ്സുള്ള രണ്ടു പെണ്മക്കളുടെ മാതൃത്വത്തിന്റെ നല്ലപാതി അഞ്ചുവര്‍ഷം മുന്നേ മണ്ണടിഞ്ഞു. അപ്പോള്‍ ആ പാവം മാതാവിന് വയസ്സ് ഇരുപത്തി ഏഴ്. നല്ല പ്രായം. ഇന്ന് പതിനാലും പതിമൂന്നും വയസ്സുള്ള ആ പെണ്മക്കള്‍ക്ക് ഭര്‍ത്താവ് പോകുമ്പോള്‍ പ്രായം യഥാക്രമം ഒമ്പതും എട്ടും. വ്യവസ്ഥാപിതമായ രീതിയില്‍ ഒരു പുനര്‍വിവാഹത്തിനു തടസമേതുമില്ലാത്ത ജീവിതക്രമത്തില്‍ പക്ഷേ ഈ മാതാവ് അതിനു മുതിരാതെ തന്റെ കൂട്ടുകാരിയുടെ പത്തൊമ്പതു വയസ്സുകാരനായ മകനുമായി ചങ്ങാത്തം സ്ഥാപിയ്ക്കുന്നു. അമ്മയുടേയും തങ്ങളുടെ കളികൂട്ടുകാരനായ ഇക്കാക്കയുടേയും ഒളിച്ചുകളികള്‍ കണ്ണില്‍ പെട്ട മൂത്തമകളില്‍ നിന്നും രക്ഷപെടുവാന്‍ മാതാവും കാമുകനും ഒളിച്ചോടുന്നു. കൂട്ടത്തില്‍ കാര്യങ്ങളൊന്നും അത്രയ്ക്ക് വശമില്ലാത്ത ഇളയ മകളേയും കൂട്ടുന്നു. സഹായത്തിനൊരാള് വേണമല്ലോ? കൂടെയുള്ളവന്‍ സഹോദരതുല്യനാണെന്ന് മാതാവ് മകളെ പറഞ്ഞ് ധരിപ്പിയ്ക്കുന്നു. പക്ഷേ പന്ത്രണ്ട് വയസ്സുകാരിയ്ക്കു മനസ്സിലാകാത്ത തരത്തില്‍ മാതാവും സഹോദരതുല്യനും കാണപ്പെട്ട നിമിഷം ആ പിഞ്ചു കുഞ്ഞിന്റെ നിമിഷങ്ങളും എണ്ണപ്പെട്ടു കഴിഞ്ഞിരുന്നു.

മകളെ കൊലപ്പെടുത്തുവാനായി കൊടിയ വിഷം ശേഖരിച്ചു സൂക്ഷിയ്ക്കുക. ദാഹജലം ചോദിച്ച മകള്‍ക്ക് കഞ്ഞിവെള്ളത്തില്‍ വിഷം കലര്‍ത്തി നല്‍കുക. മകളുടെ മരണം മനസ്സക്ഷി കുത്തില്ലാതെ നോക്കി നിന്നു ഉറപ്പ് വരുത്തുക. മരിച്ചു എന്നുറപ്പാക്കിയിട്ട് അലമുറയിട്ട് കരച്ചില്‍ അഭിനയിയ്ക്കുക. മരിച്ച മകളെ രക്ഷപ്പെടുത്തുവാന്‍ അയല്‍ക്കാരെ വിളിച്ചു കൂട്ടുക. പുല്ലു ചെത്താന്‍ പോയ വഴിയ്ക്ക് പൊന്നുമോളെ പാമ്പു കടിച്ചതാണെന്ന കള്ളം പറഞ്ഞ് നാട്ടുകാ‍രെയും ആശുപത്രി ജീവനക്കാരേയും പോലീസിനേയും കബളിപ്പിയ്ക്കുക. ഇളയ മകളെ മൂത്തമകളായി അവതരിപ്പിയ്ക്കുക. ഒടുവില്‍ വിഷം ഉള്ളില്‍ ചെന്നാണ് മരണം നടന്നത് എന്ന് ശവപരിശോധനയില്‍ തെളിഞ്ഞ് പിടിയ്ക്കപ്പെടുമ്പോള്‍ ആ മാതാവ് കൂസലന്യാ നടന്ന സംഭവം പോലീസിനോട് വെളിപ്പെടുത്തുക.

പന്ത്രണ്ട് വയസ്സുകാരിയായ സ്വന്തം മകളെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയിട്ട് ശവശരീരത്തെ പോലും കാമപൂരണത്തിനുപയോഗിച്ച പിതാവിന്റെ നാട്ടില്‍, പതിനാലു വയസ്സുകാരിയെ തന്റെ ഇംഗിതത്തിന് ഇരയാക്കിയിട്ട് ഹോട്ടലുകള്‍ തോറും കൊണ്ടു നടന്ന് വില്പന നടത്തിയ പിതാവിന്റെ കേരളത്തില്‍‍, നാടുവിട്ട് പോയി തിരിച്ചു വന്ന പിതാവിന്റെ പിതൃസ്നേഹത്താല്‍ കൊലചെയ്യപ്പെട്ട് തെയിലതോട്ടത്തില്‍ ചീഞ്ഞളിയേണ്ടി വന്ന പന്ത്രണ്ട് വയസ്സുകാരിയുടെ നാട്ടില്‍ - മാതാവ് എന്തിന് കുറയ്ക്കണം?

ആ അമ്മയ്ക്ക് വ്യവസ്ഥാപിതമായ രീതിയില്‍ പുനര്‍ വിവാഹം നടത്തി തന്റെ പെണ്‍കുഞ്ഞിനെ ജീവിയ്ക്കാന്‍ അനുവദിയ്ക്കാമായിരുന്നു. ജീവിത സുഖം ഉറപ്പ് വരു‍ത്തുവാനായി ശല്യമായ മകളെ വകവരുത്തുവാന്‍ കഞ്ഞിവെള്ളത്തില്‍ വിഷം കലര്‍ത്തി ദാഹിച്ച മകള്‍ക്ക് നല്‍കിയ ആ മാതാവിനെ വിഷം കലര്‍ത്തിയ നിമിഷം ഭരിച്ച വികാരം എന്തായിരിയ്ക്കും? പെണ്മക്കളുള്ള വിധവ പുനര്‍വിവാഹം കഴിച്ചാല്‍ ഇളയച്ഛന്റെ കാമവെറിയില്‍ നിന്നും പെണ്മക്കളെ രക്ഷപെടുത്തുവാന്‍ ഇന്നത്തെ കപട സദാചാര കേരളത്തില്‍ ആ മാതാവിനു കഴിയുമായിരുന്നോ? അമ്മയുടെ ക്രൂരതയില്‍ നിന്നും ഭാഗ്യം കൊണ്ടു മാത്രം രക്ഷപെട്ട മൂത്തമകള്‍, ഗുരുതരമായ മനോരോഗത്തിനടിപ്പെട്ടു കഴിഞ്ഞിരിയ്ക്കുന്ന കേരളീയ പൊതു സമൂഹത്തില്‍ ഇന്നി എങ്ങിനെ ജീവിയ്ക്കും?

കേരളം അതി സങ്കീര്‍ണ്ണമായ ലൈംഗികാരജകത്വത്തിലേയ്ക്ക് വഴുതി വീഴുകയാണ്. പെണ്‍കുഞ്ഞുങ്ങള്‍ ഭ്രൂണാവസ്ഥമുതല്‍ പീഡിപ്പിയ്ക്കപ്പെടുന്നു. പിതാവിനാല്‍, അയല്‍‌വാസിയാല്‍, ഗുരുക്കന്മാരാല്‍, സഹപാഠിയാല്‍, സഹോദരനാല്‍ ഇപ്പോള്‍ ഇതാ മാതാവിനാലും.

31 comments:

അഞ്ചല്‍ക്കാരന്‍. said...

തന്റെ ജീവിത സുഖത്തിനായി മകള്‍ക്ക് കഞ്ഞിയില്‍ വിഷം കലര്‍ത്തി നല്‍കിയ മാതാവ്-കേരളത്തിന്റെ ഏറ്റവും പുതിയ ഭാവങ്ങളില്‍ ഒന്നു കൂടി!

കാന്താരിക്കുട്ടി said...

അതു മാതാവല്ല..മാതാവ് എന്ന വിശേഷണം തന്നെ അവര്‍ക്ക് കൊടുക്കരുത്.മകളെ സംരക്ഷിക്കാന്‍ കഴിയാത്തവളെ എങ്ങനെ മാതാവ് എന്നു പറയും.ഇപ്പോള്‍ എവിടെയും കേള്‍ക്കുന്ന വാര്‍ത്ത ഇതു തന്നെ അല്ലേ..തികച്ചും നൈമിഷികമായ ലൈംഗിക സുഖത്തിനു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറുള്ളവരെ പറ്റി..ഇതാവും കലികാലം എന്നു പറയുന്നത്.അമ്മ ,അച്ഛന്‍,ചേട്ടന്‍ തുടങ്ങിയ ബന്ധങ്ങള്‍ക്കൊന്ന്നും ഒരു വിലയുമില്ലാത്ത കാലം

ചിന്തിക്കേണ്ട വിഷയം..ചിന്തിച്ചാലും ഫലം ഇല്ലാത്ത വിഷയം..നല്ല പോസ്റ്റ്

കുഞ്ഞന്‍ said...

5ത്സ്..

നല്ലൊരു പോസ്റ്റ്.

ഇതിന് ഒരു പരിഹാരം, വേശ്യാത്തെരുവ് പോലെ വേശ്യന്‍ തെരുവും ഉണ്ടായാല്‍..ഒ അപ്പോഴും സമൂഹം കണ്ണിലെണ്ണയൊഴിച്ച് നോക്കിയിരിപ്പുണ്ടാകും.

കാന്താരീസ്..ഇതൊന്നും നൈമിഷികമായ സുഖത്തിനു വേണ്ടിയല്ലെന്നാണ് എനിക്കു തോന്നുന്നത് കാരണം, ആ സ്ത്രീയുടെ ജീവിതത്തില്‍ അവര്‍ ആഗ്രഹിച്ച സ്നേഹം,സ്വാന്തനം കിട്ടിയില്ലായിരിക്കാം. സ്നേഹം ചിലപ്പോള്‍ ലഭിക്കുന്നത് ഒരു വാക്കിലൂടെയായിരിക്കാം,നോട്ടത്തിലൂടെയായിരിക്കും, ചിലപ്പോള്‍ സ്നേഹം ലഭിക്കാന്‍ വേണ്ടി ലൈംഗീകമായി വഴങ്ങിക്കൊടുക്കുന്നു ഇത് കാമുകന്റെ സ്നേഹം നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി മാത്രമായിരിക്കും. സൂര്യപ്രകാശം തേടിപ്പോകുന്ന ചെടികള്‍ അത് തടസ്സങ്ങളെ അതിജീവിക്കാന്‍ നോക്കും..!

കുറുമാന്‍ said...
This comment has been removed by the author.
കുറുമാന്‍ said...

ഇന്നലെ ഈ വാര്‍ത്തവായിച്ചപ്പോള്‍ ഞെട്ടിയ ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ല. മാതൃവാത്സല്യം, പിതൃവാത്സല്യം, സഹോദരവാത്സല്യം, മനുഷ്യത്വം ഒക്കെ നശിച്ചുകൊണ്ടിരിക്കുകയാണ് ഈ ലോകത്ത്.

Joker said...

കേരളത്തിന്റെ വടക്കന്‍ ഭാഗങ്ങളിലേക്ക് പോകുമ്പോള്‍ ,പ്രത്യേകിച്ച് (കണ്ണൂര്‍,കോഴിക്കോട്) ചില പ്രായമായ സ്ത്ര്രീകളെ പരിഛയപ്പെടുമ്പോഴോ എന്നാല്‍ കുടും ബങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ക്കാണ്‍ഊമ്പോഴെല്ലാം ഞാന്‍ അല്‍ഭുതപ്പെടാറുണ്ട്.കരണം ഓരോ സ്ത്രീകളും പല പ്റാവശ്യം കല്യാണം കഴിഞ്ഞവരാണ് എന്നുള്ളതാണ് അത്.ഭര്‍ത്താവ് മരിക്കുമ്പോഴോ അല്ലെങ്കില്‍ മുന്‍ ഭര്‍ത്താവ് അവരെ വിവാഹ മോചനം ചെയ്യ്യുമ്പോഴോഒ അവര്‍ പുതിയ വിവാഹത്തില്‍ ഏര്‍പ്പെടുന്നു.എന്നാല്‍ ഇതൊക്കെ അഭ്യസ്ത വിദ്യരായ നമ്മള്‍ പറയുന്ന ചരിത്രാതീത കാലത്ഥ് നടന്നതാണ്.എന്നാല്‍ ബുദ്ധിയും വിവരവും ഉണ്ട് എന്ന് നടിക്കുന്ന നമ്മള്‍ക്ക് ഇതൊന്നും പറ്റില്ല നമ്മള്‍ അവരെ പുച്ചത്തോടേ നോക്കും.അങ്ങനെ വിവാഹം കഴിക്കാന്‍ സ്ത്രീകള്‍ക്ക് താല്പര്യമുണ്ട് എങ്കില്‍ തന്നെ അവരെ കാമവേറിയുള്ളവരായി പരിഗണിക്കും.പുരുഷന്‍ ചെയ്യുന്ന വേണ്ടാതീനങ്ങള്‍ക്ക് കാരണങ്ങള്‍ നിരത്തും , മലീമസമായ സാഹചര്യം , മാറേണ്ടത് സാഹചര്യം എന്നൊക്കെ.പക്ഷെ സ്ത്രീകളൌടെ കാര്യത്തില്‍ ഇത്തൊന്നും ബാധകമല്ല തന്നെ.എവിടെയും പോലെ തന്നെ യുക്തി ഹീനമായ പുരുഷന്റെ നിയമങ്ങളാണ് ഒരു പരിധിവരെ പ്രശ്നങ്ങള്‍ക്ക് ഹേതു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

കനല്‍ said...

ഇവിടെ ആരാണ് തെറ്റു ചെയ്തത്?

അകാലത്തില്‍ ആ സ്ത്രീയുടെ ഭര്‍ത്താവിന്റെ ജീവനെടുത്ത ദൈവമോ?

ഒരു പുനര്‍ വിവാഹം മാന്യതയില്ലായ്മയാണെന്ന് അവളെ ബോധിപ്പിച്ച , അല്ലെങ്കില്‍ ആ കുട്ടികളെ സ്വന്തം മക്കളായി കണക്കാക്കി അവളെ സ്വീകരിക്കാന്‍ തയ്യാറാവത്ത പുരുഷന്മാരില്ലാത്ത സമൂഹമോ?

സ്വന്തം ശരീരത്തിന്റെ ആര്‍ത്തി അടക്കാനാവാതെ അന്ധയായി തീര്‍ന്ന ആ സ്ത്രീയോ?

അമ്മയുടെ കാമുകനെ അംഗീകരിക്കാന്‍ കഴിയാത്ത ആ
കുഞ്ഞുമനസുകളോ?

ആകെ കണ്‍ഫ്യൂഷനായി...

അനില്‍ശ്രീ... said...

അഞ്ചല്‍സ്...
അര്‍ത്ഥവത്തായ ചോദ്യങ്ങള്‍ അടങ്ങിയ പോസ്റ്റ്. മറുപടി പലതരത്തില്‍ എഴുതാം. കാമപൂരണത്തിന് വേണ്ടിയോ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടിയോ ഒരു മകളെ കൊന്നതിന് ഒരിക്കലും ന്യായീകരണമില്ല. കാന്താരി പറഞ്ഞപോലെ അവളെ മാതാവ് എന്ന് വിളിക്കുന്നതില്‍ കാര്യമില്ല.

ഇനി ഇന്നത്തെ വ്യവസ്തിതിയെപറ്റി പറഞ്ഞതിനെ പല രീതിയില്‍ കാണാം. ഇന്ന് കാണുന്നു എന്ന് പറയുന്ന ലൈംഗിക അരാജകത്വം ആധുനികതയുടെ സംഭാവന ആണോ? അല്ല. പക്ഷേ പണ്ട് ഉണ്ടായിരുന്നതില്‍ നിന്ന് കൂടിയെന്ന് പറഞ്ഞാല്‍ ശരിയാണ്. അതിന് ഇന്നത്തെ ആധുനിക സംസ്കാരവും സൗകര്യങ്ങളും വഴി ഒരുക്കി എന്നത് സത്യം. ആധുനിക മാധ്യമങ്ങളും മീഡിയകളും ഒരളവു വരെ പാശ്ചാത്യതയെ അനുകരിക്കുന്നു. അത് ജനങ്ങളില്‍ നെഗറ്റീവ് ഇമ്പാക്റ്റ് ഉണ്ടാക്കുന്നു എന്നതും നേര്.

ഞങ്ങളുടെ നാട്ടില്‍ ഒരു മധ്യ വയസ്കന്‍ മരിച്ചു. രണ്ട് കുട്ടികളുടെ അച്ഛന്‍. കുട്ടികള്‍ക്ക് 20,18 വയസ്സ്. അമ്മക്ക് പ്രായം 40-42. അതു വരെ ഒരു പേരുദോഷവും കേള്‍ക്കാത്ത സ്ത്രീ, ഭര്‍ത്താവ് മരിച്ച് കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ മറ്റൊരുവനോടൊപ്പം സ്വന്തം വീട്ടില്‍ വച്ച് അയല്‍ വീട്ടിലെ പെണ്ണുങ്ങള്‍ കൈയോടെ പിടിക്കുന്നു. അന്നവര്‍ ചോദിച്ച ചോദ്യം സമൂഹത്തിന്റെ മുമ്പില്‍ വക്കുന്നു. "ഇതല്ലാതെ വേറെ വഴിയില്ലായിരുന്നു, ഇല്ലെങ്കില്‍ എനിക്ക് വേണ്ടത് നിങ്ങള്‍ തരുമോ"?

ഗ്രാമപ്രദേശങ്ങളില്‍ ഈ ചോദ്യത്തില്‍ നിന്നാണ് ഇത്തരം ബന്ധങ്ങളുടെ പലതിന്റെയും തുടക്കം എന്ന് തോന്നുന്നു. അത് ശരിയാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ പലപ്പോഴും ഒരിക്കല്‍ ഉണര്‍ന്ന ലൈഗീകത സ്ത്രീകളില്‍ ഉറങ്ങാത്തതാണ് ഇത്തരം ബന്ധങ്ങളില്‍ ചെന്ന് തീരുന്നത് എന്ന് തോന്നുന്നു.

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ദുഖകരം.. കൂടുതല്‍ എഴുതാന്‍ ഒന്നും ഇല്ല. മൂല കാരണം കണ്ടെത്തി ചികിത്സ നടത്തുക വേണം അല്ലാതെ ആരിലും പഴി ചാരിയിട്ട്‌ കാര്യമില്ല

krish | കൃഷ് said...

kaamam santhoshapradamalla, dukhapradam koodiyaaNu.

:(

kaithamullu : കൈതമുള്ള് said...

ഉത്തരങ്ങളെക്കാള്‍ ചോദ്യങ്ങള്‍ക്കാണിവിടെ പ്രസക്തി.
- ചോദ്യങ്ങള്‍ അമ്പുകളായി തറച്ച് കയറേണ്ടത് മനസ്സാക്ഷിയുടെ ഉരുളടഞ്ഞ് മാറാല കെട്ടിയ അകത്തളങ്ങളിലും!

വിദുരര്‍ said...

ഇത്‌ ഇക്കാലത്ത്‌ തുടങ്ങിയതൊന്നുമല്ല. പഴയ സമൂഹത്തിന്റെ നേര്‍കാഴ്‌ച കഥകള്‍ പറയുന്ന പുരാണങ്ങളില്‍ പോലും ഇത്തരം സംഭവങ്ങള്‍ ഏറെ കാണാം. ദേവഗുരുവായ ബൃഹസ്‌പതി ഗര്‍ഭിണിയായ സ്വന്തം പുത്രഭാര്യയെ പുണരാന്‍ കൊതിക്കുന്നതും ഗര്‍ഭത്തിലിരിക്കുന്ന കുഞ്ഞ്‌ അതിനെ ചോദ്യം ചെയ്യുന്നതും ആ കുഞ്ഞിനെ ബൃഹസ്‌പതി ശപിക്കുന്നതുമായ കഥ വായിച്ചിട്ടില്ലെ. ഇത്തരം നെറികേടുകള്‍ക്കെതിരെ മറുദിശയിലേക്ക്‌ സമൂഹത്തെ നയിക്കുന്ന ദര്‍ശനങ്ങളും കാഴ്‌ചപ്പാടുകളുമായി നീതിബോധമുള്ളവര്‍ മുന്നോട്ടുവരും. അതും ഇത്തരം പുരാണങ്ങളിലൂടെ ആവര്‍ത്തികുന്നു.

അദ്ധ്വാനമില്ലാത്ത, ആര്‍ത്തിമൂത്ത്‌ തിന്നുമുടിച്ച്‌ അര്‍മാദിക്കുന്ന ഏതൊരു സമൂഹത്തിലും നിങ്ങള്‍ സൂചിപ്പിച്ച അളിഞ്ഞ പെരുമാറ്റങ്ങള്‍ സ്വാഭാവികം. കാമവെറിക്ക്‌ കായികാദ്ധ്വാനം ഒരു പ്രധാന പരിഹാരമാണ്‌. അതിനപ്പുറം സമൂഹികബോധവും നീതിബോധവും. അമിതപ്രാധാന്യത്തോടെ ഇത്തരം അളിഞ്ഞ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ കെട്ടിഎഴുന്നള്ളിക്കുന്നതും നന്നല്ല. നല്ല ശീക്ഷകളും ശിക്ഷണങ്ങളും ആവശ്യമാണ്‌.

കാപ്പിലാന്‍ said...

No Coments
:(

ഏറനാടന്‍ said...

ഒരു പോം‌വഴി അത്യാവശ്യമായി കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിലിനിയും ഇതിലും വല്യ ഷോക്കിംഗ് ന്യൂസ് കേട്ടുണരുന്ന കേരളമായിരിക്കും എന്നും. എന്താ നമ്മുടെ നാടിനും നാട്ടാര്‍ക്കും പറ്റിയതാവോ!!!!

നരിക്കുന്നൻ said...

കേരളം അതി സങ്കീര്‍ണ്ണമായ ലൈംഗികാരജകത്വത്തിലേയ്ക്ക് വഴുതി വീഴുകയാണ്. പെണ്‍കുഞ്ഞുങ്ങള്‍ ഭ്രൂണാവസ്ഥമുതല്‍ പീഡിപ്പിയ്ക്കപ്പെടുന്നു. പിതാവിനാല്‍, അയല്‍‌വാസിയാല്‍, ഗുരുക്കന്മാരാല്‍, സഹപാഠിയാല്‍, സഹോദരനാല്‍ ഇപ്പോള്‍ ഇതാ മാതാവിനാലും.

ആഞ്ചത്സ്...
എന്തു പറയണമെന്നില്ല. എല്ലാം എല്ലാ‍വരും പറഞ്ഞിരിക്കുന്നു. മനസ്സിൽ കൊള്ളുന്നു താങ്കളുടെ ഈ പോസ്റ്റ്.

അനൂപ് തിരുവല്ല said...

നല്ലൊരു പോസ്റ്റ്

ചിത്രകാരന്‍chithrakaran said...

വളരെ നന്നായിരിക്കുന്നു.
സമകാലീന യാഥാര്‍ത്ഥ്യങ്ങള്‍ ഇങ്ങനെ വെളിച്ചത്തു ചര്‍ച്ച ചെയ്ത് മൂലകാരണം കണ്ടുപിടിച്ചാല്‍ മാത്രമേ നമുക്ക് ഭാവിയിലെങ്കിലും രക്ഷയുണ്ടാകു.

ഒരു “ദേശാഭിമാനി” said...

അമിതമായ കാമ വികാരം ആണു ഇത്തരം നീചപ്രവർത്തികളിലേക്കു മനുഷ്യരെ നയിക്കുന്നതു. തീർച്ചയായും ഇതൊരു മനോവൈകല്യമാണു. അതായതു രോഗം! ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാ‍ത്ത ഈ രോഗം, രോഗികൾ സ്വയം അറിഞ്ഞ് ചികത്സിക്കണം! വിഷയകാര്യങ്ങളോടുള്ള അമിതതാല്പര്യം ജനിപ്പിക്കുന്ന രീതിയിലുള്ള കൂട്ടുകാരുടെ സംസാരങ്ങളും ചേഷ്ടകളും ഇത്തരം വൈകല്യങ്ങൾ ചിലരിൽ ഉടലെടുക്കാൻ ഇടയാക്കിയേക്കും. അതിനാൽ ഒരു പരിധിവരെ സമൂഹത്തിനു,ഈ തരത്തിലുള്ള മനോരോഗികളുടെ ആവിർഭാവത്തിനു ഉത്തരവാദിത്വവുമുണ്ട്. ഒരാൾ ചെയ്ത തെറ്റ് വലിയ പ്രാധാന്യത്തോടെ മാധ്യമങ്ങൾ “ആഘോഷത്തോടെ” വെളിച്ചത്ത് കൊണ്ട് വരുന്നതു ഒഴിവാക്കണം. പകരം അതു അധിക്രുതരെ അറിയിക്കുകയും, ലഭിച്ച തെളിവുകൾ അവർക്കു കൈമാറുകയും ചെയ്യുകയാണു നല്ലതു. ചില കുറ്റവാളികളാകാൻ സാധ്യതയുള്ളവരുടെ മനസ് ഇത്തരം വാർത്തകൾ അവരെ കുറ്റക്രുത്യത്തിലേക്കു കൂടുതൽ പ്രേരിപ്പിച്ചു എന്നും വരാം.

സമൂഹവും, മാധ്യമങ്ങളും, അധികാരികളു, വളരെ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ട വിഷയങ്ങളാണു ഇതു.

അരൂപിക്കുട്ടന്‍/aroopikkuttan said...

നല്ല ഉദ്യമം!

കാമം മൂക്കുമ്പോള്‍ ജാതിമതങ്ങളില്ലാതാവുന്നതും കാണുന്നു!

വാല്‍:
ലൈംഗികാരജകത്വത്തിലേയ്ക്ക്...
ഒന്നു തിരുത്താമോ?

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

നല്ല പോസ്റ്റ്.

കുഞ്ഞാണ്ടി said...

swantham makkale itra easy aayi kollunna amma/achan maar laksha kanankkinu paisa mudakky oru kunjikaal kaanan vendy fertility clinc nte munbil manikkoorukal q nilkkunnathu onnu kaanuka

Suvi Nadakuzhackal said...

ഞാന്‍ എഴുതണമെന്നു കരുതിയത്‌ തന്നെ ആണ് "കനല്‍" എഴുതിയത്? വീണ്ടും ആവര്‍ത്തിക്കുന്നില്ല. പോസ്റ്റിയതിനു നന്ദി!!

ബീരാന്‍ കുട്ടി said...

അഞ്ചൽ‌സ്,
ബ്ലോഗിലെ സദാചാര പ്രേമികൾക്ക് ഇതോന്നും സഹിക്കില്ല, കേരളത്തിന്റെ വികലമായ മനശാസ്ത്രം ഞാൻ അല്പം വിശദീകരിച്ചപ്പോൾ കിട്ടിയത്, ചീമുട്ടയും, തക്കാളിയും. ഇതോന്നും കേരളത്തിലില്ലെന്ന് വരുത്തിതീർക്കാൻ ആർക്കോക്കെയോ ഉത്സാഹമുണ്ട്.

ഗൾഫിലും, മലയാളികൾക്കിടയിൽ, ലൈഗിക അരാജകത്വം വർദ്ധിക്കുന്നു. വിശ്വസനീയമായ വിവരങ്ങൾ ശേഖരിക്കുന്നു ഞാൻ. പുറത്ത് വിടും.

നല്ല ലേഖനം, തുടരുക, ജീർണ്ണിച്ച സമൂഹത്തിനെതിരെ.

കൃഷ്‌ണ.തൃഷ്‌ണ said...

ഞാന്‍ ഇതിപ്പോഴാണു കണ്ടത്..
എനിക്കൊന്നും പറയാനില്ല

കാട്ടിപ്പരുത്തി said...

യഥാര്ത്യങ്ങളെ കാണാതിരിക്കരുത് - രതി ഒരാവശ്യമാണ്. കുറെയേറെ നിയന്ത്രണ വിധേയമാക്കാമെങ്കിലും . മാനസികമായി പോരുത്തപ്പെടാത്തവര്‍ തമ്മില്‍ വിവാഹമോച്ചനത്തിന്നു സമ്മതിക്കാത്ത, വിധവയായാല്‍ പുനര്‍വിവാഹത്തിനു സമ്മതിക്കാത്ത സാമൂഹിക വ്യവസ്ഥിതിയുടെ ഉപോല്‍പ്പന്നമാണ് ഈ സംഭവങ്ങള്‍ - മതമേതായാലും

Suvi Nadakuzhackal said...

കാട്ടിപ്പരുത്തി പറഞ്ഞതിനോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു.

കുറുമാന്‍ said...

എഴുതാന്‍ ഒന്നും കിട്ടാത്തപ്പോള്‍ പഴയതെന്തെങ്കിലും തപ്പി എടുത്തെഴുതുന്നത് ശരിയല്ല മാഷെ.

ഓര്‍ക്കാന്‍, കേള്‍ക്കാന്‍ ഇഷ്ടമില്ലാത്ത സബ്ജക്റ്റ് ആയതിനാല്‍ പറയുന്നതാ.......

അപ്പു said...

കുറുമാനിത് എന്നതാ ഈ പറയുന്നത്? ഇത് അഞ്ചല്‍ സെപ്റ്റംബറില്‍ ഇട്ട പൊസ്റ്റല്ലേ. ഞാനിന്നിത് കാണാനിടയായത്, കൈപ്പള്ളിയുടെ ഇതുമായി ബന്ധപ്പെട്ട പൊസ്റ്റ് വായിച്ചപ്പോഴാണ്. കുറുമാനൂം അങ്ങനെയാവും എന്നു കരുതട്ടെ?

അഞ്ചല്‍, വൈകിയെങ്കിലും വളരെ വൈകാരികമായ പോസ്റ്റ്. ലേബലില്‍ താങ്കള്‍ പറഞ്ഞപോലെ സാത്താന്റെ സ്വന്തം നാടുതന്നെ.

ഇര said...

കാപട്യങ്ങളുടെ മുഖമൂടിക്കുള്ളിൽ ഞാനും നിങ്ങളുമടങ്ങുന്ന ഈ സമൂഹം ജീവിക്കുകയാണ്. പലപ്പോഴും ഇതൊരു കവചമാണ്; മറ്റ് പലപ്പോഴും വലയുമാണ്.. ഞാൻ എന്നെ തന്നെ പേടിക്കേണ്ട അവസ്ഥ...

poor-me/പാവം-ഞാന്‍ said...

ഇവര്‍ കല്ല്യാണം കഴിച്ചിരുന്നെങ്കില്‍ ഇങനെ വരാന്‍ സാധ്യത കുറ.....

Rashad Kv said...

ഇങനെയുളളവരെ മാതാവ് എനനു വിളികരുത്