Monday, January 05, 2009

മമ്മൂട്ടി - മലയാളം - ആദ്യാക്ഷരി.

മമ്മൂട്ടി ബ്ലോഗറായി!
വാര്‍ത്ത കാട്ടു തീ പോലെ ഭൂമിമലയാളത്തില്‍ പടര്‍ന്ന് പിടിയ്ക്കാന്‍ നിമിഷങ്ങള്‍ മതിയായിരുന്നു. ബൂലോഗത്തില്‍ മമ്മൂട്ടിയ്ക്ക് ലഭിച്ച വരവേല്പിനു തുല്യം വെയ്ക്കാന്‍ മറ്റെന്തുണ്ട് കൂട്ടരെ ബാക്കി. എപ്പോള്‍ നോക്കിയാലും സ്നേഹപൂര്‍വ്വം മമ്മൂട്ടിയില്‍ മുപ്പതില്‍ കുറയാത്ത സന്ദര്‍ശകര്‍. ബൂലോഗ മലയാളം ഇന്നോളം കണ്ടിട്ടില്ലാത്ത ഐഡികളില്‍ നിന്നും അനുദിനം പ്രവഹിയ്ക്കുന്ന കമന്റുകള്‍. ആനന്ദലബ്ദിയ്ക്കിനി മറ്റെന്തു വേണ്ടൂ.

ബൂലോഗത്തിന്റെ ഇന്നോളം കണ്ടിട്ടില്ലാത്ത ഒരു മുഖമാണ് സ്നേഹപൂര്‍വ്വം മമ്മൂട്ടിയില്‍ ദര്‍ശിയ്ക്കാന്‍ കഴിയുക. ഭൂലോക മലയാളിയുടെ ആരാധനാ പാത്രം ബൂലോഗത്തേയ്ക്കെത്തിയത് ബൂലോഗത്തിന്റെ സന്ദേശം ഭൂമിമലയാളത്തില്‍ കൂടുതല്‍ ചര്‍ച്ചയാക്കുന്നതിനു കാരണമാകുമെന്നതില്‍ തര്‍ക്കമില്ല. മമ്മൂട്ടി തന്റെ ബ്ലോഗ് സജീവമായി നിലനിര്‍ത്തിയാല്‍ അത് മലയാള ബ്ലോഗിങ്ങിനു വിലമതിയ്ക്കാനാകാത്ത പിന്തുണയാകും. അതിന്റെ നാന്ദി ഇപ്പോള്‍ തന്നെ കാണുന്നുമുണ്ട്. ഇന്നോളം ഒരു ബ്ലോഗിലും കാണാത്ത സന്ദര്‍ശകരെയാണ് സ്നേഹപൂര്‍വ്വം മമ്മൂട്ടിയില്‍ കാണുന്നത്. ഒരു പക്ഷേ ഇതിലേറെയും മമ്മൂട്ടിയുടെ ഫാന്‍സ് ക്ലബ്ബ് അംഗങ്ങള്‍ ആകാം. എങ്കില്‍ കൂടിയും ഇത്രയും നാള്‍ മലയാള ബ്ലോഗിങ്ങിനെ കുറിച്ച് ചിന്തിയ്ക്കുകയോ അറിയുകയോ ചെയ്യാത്ത ഒരു വിഭാ‍ഗം കൂടി ബൂലോഗത്തേയ്ക്ക് എത്തുക എന്നാല്‍ ബൂലോഗം അത്രയും കൂടി പ്രചരിയ്ക്കപ്പെട്ടു എന്ന് തന്നെയാണര്‍ത്ഥം.

മലയാള ബ്ലോഗിങ്ങിനു കൂടുതല്‍ പ്രചാരം ലഭിയ്ക്കുക എന്നാല്‍ കമ്പ്യൂട്ടറിലെ മലയാളത്തിനു കൂടുതല്‍ സ്വീകാര്യത ലഭിയ്ക്കുന്നു എന്നൊരു ഗുണം കൂടിയുണ്ടല്ലോ? കമ്പ്യൂട്ടറില്‍ മലയാളം എഴുതാന്‍ അനായാസം കഴിയും എന്ന് തിരിച്ചറിയുന്നവര്‍ ഇന്നും തുലോം കുറവാണ്. ബ്ലോഗിങ്ങിലേയ്ക്ക് കടന്നു വരുന്ന ചെറിയ ഒരു ശതമാനം മലയാളികള്‍ക്കിടയില്‍ മാത്രം ചര്‍ച്ചയാകുന്ന കമ്പ്യൂട്ടറിലെ മലയാളം കൂടുതല്‍ ആള്‍ക്കാരിലേയ്ക്ക് എത്തുവാന്‍ മമ്മൂട്ടിയെ പോലെയുള്ള ഒരാളുടെ സാനിദ്ധ്യം കാരണമാക്കും. സ്നേഹപൂര്‍വ്വം മമ്മൂട്ടിയില്‍ കമന്റെഴുതിയിരിയ്ക്കുന്ന നല്ലൊരു ശതമാനം ആള്‍ക്കാരും ഇംഗ്ലീഷിലോ മംഗ്ലീഷിലോ ആണ് കമന്റുകള്‍ എഴുതാന്‍ ശ്രമിച്ചിരിയ്ക്കുന്നത്. ഇവരൊക്കെയും മലയാളം എങ്ങിനെ എഴുതാം എന്ന് ചിന്തിയ്ക്കുകയും അതിനുള്ള സങ്കേതങ്ങള്‍ തിരഞ്ഞ് പിടിയ്ക്കാന്‍ ശ്രമിയ്ക്കകയും ചെയ്യുമെന്നതില്‍ തര്‍ക്കമില്ല. മമ്മൂട്ടിയുടെ അടുത്ത പോസ്റ്റിലെങ്കിലും മലയാളത്തില്‍ തന്നെ അദ്ദേഹത്തോടു സംവേദിയ്ക്കാന്‍ ഇപ്പോള്‍ ഇംഗ്ലീഷില്‍ കമന്റിയിരിയ്ക്കുന്നവര്‍ ശ്രമിയ്ക്കും.

ഇവിടെയാണ് അപ്പു എന്ന ബൂലോഗവാസി സൃഷ്ടിച്ചിരിയ്ക്കുന്ന ആദ്യാക്ഷരി എന്ന ബ്ലോഗിന്റേയും അതിലെ പോസ്റ്റുകളുടേയും പ്രസക്തി. മമ്മൂട്ടിയിലൂടെ മലയാള ബ്ലോഗിങ്ങിലേയ്ക്ക് കടന്നു വരുന്ന നവ ബ്ലോഗറന്മാര്‍ക്കും സന്ദര്‍ശകര്‍ക്കും ഏറെ ഗുണകരമാണ് അപ്പുവിന്റെ ആദ്യാക്ഷരി. മമ്മൂട്ടിയുടെ കടന്നു വരവോടെ കൂടുതല്‍ പ്രചാരം നേടുന്ന മലയാള ബ്ലോഗിങ്ങിലേയ്ക്ക് എത്തിപ്പെടുന്ന നവബ്ലോഗര്‍മാര്‍ക്ക് എല്ലാതരത്തിലും വഴികാട്ടുന്ന തരത്തിലാണ് ആദ്യാക്ഷരിയുടെ അവതരണം.

ഒരു ബ്ലോഗ് എങ്ങിനെ തുടങ്ങാം എന്നു തുടങ്ങി മലയാളാക്ഷരങ്ങള്‍ കമ്പ്യൂട്ടറില്‍ എങ്ങിനെ‍ കുടിയിരുത്താമെന്നുവരെ സ്ക്രീന്‍ ഷോട്ടുകളുടെ സഹായത്തോടെ സൂഷ്മമായി കാട്ടിതരുന്ന അപ്പുവിന്റെ ആദ്യാക്ഷരി മലയാള ബ്ലോഗിങ്ങിനു തന്നെ മുതല്‍ കൂട്ടാണ്. ഏതൊരു നവ ബ്ലോഗര്‍ക്കും മറ്റാരുടേയും സഹായം തേടാതെ ആദ്യാക്ഷരിയുമായി സംവേദിച്ച് ബ്ലോഗിങ്ങിന്റെ സാങ്കേതികത്വം മനസ്സിലാക്കാന്‍ കഴിയും. തുടക്കത്തില്‍ വരുന്ന‍ പിഴവുകള്‍ അങ്ങേയറ്റം ഒഴിവാക്കി നിര്‍ത്താന്‍ സഹായകമാണ് ആദ്യാക്ഷരിയുടെ കൈത്താങ്ങ്.

കമ്പ്യൂട്ടറില്‍ മലയാളം സര്‍വ്വ സാധാരണമാകുന്ന ദിനങ്ങളാണ് കടന്നു വരുന്നത്. ഒരു സൂപ്പര്‍സ്റ്റാറിന്റെ ബ്ലോഗിലേയ്ക്കുത്തുന്നവര്‍ കമ്പ്യൂട്ടറിനെ കൊണ്ട് മലയാളം എഴുതിയ്ക്കാന്‍ ശ്രമിയ്ക്കും എന്നിടത്ത് കമ്പ്യൂട്ടര്‍മലയാളത്തിന്റെ പ്രചാരം വര്‍ദ്ധിയ്ക്കുമെന്നതിനു സംശയമൊന്നുമില്ല. കമ്പ്യൂട്ടറില്‍ മലയാളം പ്രചരിപ്പിയ്ക്കുന്നതില്‍ അപ്പുവിന്റെ ആദ്യാക്ഷരിയും അതിന്റേതായ പങ്കു വഹിയ്ക്കുന്നുണ്ട്. മമ്മൂട്ടിയുടെ ബ്ലോഗില്‍ നിന്നും ആദ്യാക്ഷരിയിലേയ്ക്കൊരു ലിങ്ക് വന്നാല്‍ അദ്ദേഹത്തിന്റെ ബ്ലോഗിലെത്തുന്നവര്‍ക്ക് ബ്ലോഗിങ്ങിനെ കുറിച്ച് പ്രത്യേകിച്ചും മലയാള ബ്ലോഗിങ്ങിനെ കുറിച്ചും കമ്പ്യൂട്ടറിലെ മലയാളത്തെ കുറിച്ചും വ്യക്തമായ ധാരണ ലഭിയ്ക്കാന്‍ സഹായകമായിരിയ്ക്കും.

നവബ്ലോഗറായ മമ്മൂട്ടിയ്ക് ആശംസകള്‍.
ഒപ്പം,
നവബ്ലോഗറന്മാര്‍ക്ക് കൈത്താങ്ങാകുന്ന ആദ്യാക്ഷരിയ്ക്ക് അഭിനന്ദനങ്ങളും!

8 comments:

അഞ്ചല്‍ക്കാരന്‍ said...

മമ്മൂട്ടിയുടെ ബൂലോഗ പ്രവേശത്തോടെ മലയാള ബ്ലോഗിങ്ങിനു കൂടുതല്‍ പ്രചാരം ലഭിയ്ക്കും. ഒപ്പം കമ്പ്യൂട്ടറിലെ മലയാളത്തിനും. കമ്പ്യൂട്ടറിലെ മലയാളത്തെ സാധാരണക്കാരന് സ്വയത്തമാക്കാന്‍ സഹായിയ്ക്കുന്ന ഒരു ബ്ലോഗാണ് അപ്പുവിന്റെ അദ്യാക്ഷരി.

Anonymous said...

ലാ‍ലേട്ടന് സന്ദര്‍ശകര്‍ കുറവാണെന്ന് കരുതിയോ. ഇപ്പോഴും ഇരുപത്തിരണ്ട് സന്ദര്‍ശകര്‍ ഉണ്ട്.
http://i-am-lalettan.blogspot.com/

Unknown said...

അങ്ങനെയങ്ങനെ ബൂലോകം വളരട്ടെ!

ആശംസകൾ!

Haree said...

ഇതെന്തിനാണ് രണ്ടു ബ്ലോഗുകളുടേയും പേരുകളില്‍ ഹൈപ്പര്‍ലിങ്ക് ആവര്‍ത്തിക്കുന്നത്. വിക്കി മോഡലില്‍ ആദ്യപ്രാവശ്യം മാത്രം നല്‍കിയാല്‍ പോരേ!

കൊടുത്താലെന്താ കുഴപ്പം? ഒരു കുഴപ്പവുമില്ല. ചുമ്മാ പറഞ്ഞുവെന്നു മാത്രം. :-)

ഇതുവരെ അവിടെ 760+ കമന്റുകള്‍, 700‌+ Followers! കിടിലോല്‍ക്കിടിലം. പക്ഷെ, ഇനിയൊരു പൊട്ടപടമിറങ്ങിയാല്‍ ഇത്രേം തെറിയും കേള്‍ക്കേണ്ടിവരുമല്ലോ എന്നോര്‍ക്കുമ്പഴാ... പബ്ലിഷ് ചെയ്തില്ലേലും, വായിക്കാനുള്ളത് വായിക്കണമല്ലോ... അല്ലേല്‍ പാസ്‌വേഡും കൊടുത്ത് വേറൊരാളെ ഇരുത്തണം. :-D
--

ഏറനാടന്‍ said...

മമ്മൂട്ടി ബ്ലോഗാരംഭിച്ചത് മലയാള ബൂലോഗത്തിനൊരു അമൃതാണ്‌ എന്നാണ്‌ തോന്നുന്നതെങ്കിലും..
ഗൂഗിളുകാര്‍ ഈ ബ്ലോഗിലെ സന്ദര്‍ശകബാഹുല്യം കണ്ട് ഞെട്ടി ഇനി വല്ല വരിസംഖ്യയോ ഫീസോ മറ്റോ ഈടാക്കാന്‍ തുനിയുമോ?? (എല്ലാ ബ്ലോഗിനും ബാധകമായത്)

എന്നാല്‍ എല്ലാരും ബ്ലോഗാപ്പീസ് പൂട്ടിയിരിക്കേണ്ടിവരും. (അങ്ങിനെ വരില്ലെന്നാശിക്കാം.)

Joseph Antony said...

അഞ്ചല്‍ ജി,
പുതുവത്സരാശംസകള്‍.

'സ്‌നേഹപൂര്‍വം മമ്മുട്ടി'യില്‍ ഫോളോവര്‍ ആയ കാക്കത്തൊള്ളായിരം പേരില്‍ 90 ശതമാനത്തിനും സ്വന്തമായി ബ്ലോഗില്ല എന്ന കാര്യം ശ്രദ്ധിച്ചോ. ഏതായാലും താങ്കള്‍ പ്രകടിപ്പിച്ച ശുഭാപ്‌തിവിശ്വാസം പോലെ, മലയാളം കമ്പ്യൂട്ടിങിന്‌ ഒരു ബൂസ്റ്റിങ്‌ ആകട്ടെ മമ്മുട്ടിയുടെ രംഗപ്രവേശം എന്ന്‌ ആശിക്കാം.

അപ്പുവിന്റെ ആദ്യാക്ഷരി പരിചയപ്പെടുത്തിയതില്‍ സന്തോഷം. എങ്ങനെ ബ്ലോഗ്‌ തുടങ്ങാം, എങ്ങനെ സൂപ്പര്‍ബ്ലോഗറാകാം എന്നൊക്കെ ചോദിച്ച്‌ ശല്യപ്പെടുത്തുന്നവന്‍മാരെ ഇനി ആദ്യാക്ഷരിയിലേക്ക്‌ തള്ളിയിടാമല്ലോ.

Kaippally said...

മമ്മൂട്ടി ബ്ലോഗു തുടങ്ങി. നല്ല കാര്യം.
പക്ഷെ മമ്മൂട്ടി comment എഴുതിയോ?

ഇതുവരെ ഇല്ല. ഉണ്ടാകുമെന്നും തോന്നുന്നുമില്ല. മമ്മൂട്ടി തിരക്കേറിയ ഒരു സിനിമാ താരമാണു്. ബ്ലോഗർ അല്ല. ആവുകയും ഇല്ല.

അദ്ദേഹം അദ്ദേഹത്തിന്റെ കഴിവുകൾ വെള്ളിത്തിരയിൽ കാണിക്കുന്നതാണു് ഭേതം. എഴുത്തു അത്ര അങ്ങോട്ടു് ഏക്കുന്നില്ല.

ഷിഹാബ് അദ്ദേഹത്തിന്റെ എഴുത്തിനെ പറ്റി എന്തെ ഒന്നും പറയാത്തതു്?

അഞ്ചല്‍ക്കാരന്‍ said...

കൈപ്പള്ളീ,
താങ്കള്‍ പറഞ്ഞതിനോടു യോജിപ്പില്ല. ബ്ലോഗിങ്ങില്‍ എന്ത് എഴുതണം എന്നത് ഒരോരുത്തരുടേയും ഇഷ്ടമല്ലേ? നിലവാരം ഉള്ളത് മാത്രം എഴുതാനാണെങ്കില്‍ അവനവന്‍ പ്രസാധകരാകുന്ന ബ്ലോഗിനേക്കാള്‍ നല്ലത് അച്ചടിയല്ലേ?

പിന്നെ മമ്മൂട്ടിയുടെ പോസ്റ്റിനെന്തെങ്കിലും പ്രാധാന്യം ഉണ്ട് എന്നു തോന്നുന്നില്ല. അദ്ദേഹം മലയാള ബ്ലോഗിങ്ങിലേയ്ക്ക് കടന്നു വന്നതോടെ ഇന്റര്‍ നെറ്റില്‍ ഇങ്ങിനെയൊരു സാങ്കേതം കൂടിയുണ്ട് എന്ന് നാലു മലയാളികള്‍ കൂടുതല്‍ അറിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ ബൂലോഗ പ്രവേശത്തിന്റെ പ്രാധാന്യം. അല്ലാതെ ബ്ലോഗെഴുതി ഭൂമി മലയാളത്തിന്റെ ഇന്നത്തെ മൂല്യച്യുതികള്‍ക്ക് അറുതി വരുത്താന്‍ മമ്മൂട്ടിയ്ക്ക് കഴിയുമെന്നൊന്നും കരുതണ്ട.

അദ്ദേഹം എന്തെങ്കിലും ഒക്കെ എഴുതി (താങ്കളുടെ തന്നെ ഭാഷയില്‍: മാവേലെറിഞ്ഞതും വള്ളിനിക്കറിട്ട് നടന്നതും ആയാലും മതി) ബൂലോഗത്ത് നിറ സാനിധ്യമാവുകയാണെങ്കില്‍ മലയാള ബ്ലോഗിങ്ങിനു അതൊരു മുതല്‍ കൂട്ടു തന്നെയായിരിയ്ക്കും-രണ്ടു തരത്തില്‍:

ഒന്ന്: സാധാരണ ജനതയിലേയ്ക്ക് ബ്ലോഗിങ്ങിനെ കുറിച്ചൊരു അവബോധം ഉണ്ടാകും. കൂടുതല്‍ ബ്ലോഗറന്മാരുണ്ടാവുക എന്നതല്ല. ബ്ലോഗ് വായിയ്ക്കാന്‍ കൂടുതല്‍ വായനക്കാര്‍ ഉണ്ടാകും.

രണ്ട്: സിനിമാ മേഖലയില്‍ നിന്നും തന്നെ കൂടുതല്‍ പ്രമുഖര്‍ ബ്ലോഗിങ്ങിലേയ്ക്ക് കടന്നു വരും. അതിലൂടെ കൂടുതല്‍ വായനക്കാരും ഉണ്ടാകും.

മമ്മൂട്ടി എന്തെങ്കിലും എഴുതട്ടെ. എന്തെങ്കിലുമൊക്കെ എഴുതി ബ്ലോഗ് സജീവമാക്കി നിര്‍ത്തട്ടെ. അല്ലാതെ ഒരു പോസ്റ്റുകൊണ്ട് അവസാനിയ്ക്കാനുള്ള സാഹചര്യം ഉണ്ടാക്കുകയല്ല വേണ്ടത്. കണ്ടിടത്തോളം അദ്ദേഹം ബ്ലോഗ് അപ്‌ഡേറ്റ് ചെയ്യും എന്നാണ് തോന്നുന്നത്.

നന്ദി.