Friday, January 16, 2009

ബഹു. കോടതികളുടെ അതിവേഗം!

2002ല്‍ നടന്ന ഒരു കൊലപാതകത്തിന്റെ വിചാരണാനന്തരം വിധി കഴിഞ്ഞ ദിവസം കോടതി പുറപ്പെടുവിച്ചു. വിധി പുറപ്പെടുവിച്ചത് കൊല്ലം അതിവേഗ കോടതി. അതിവേഗ കോടതിയില്‍ ഒരു കേസിന്റെ വിചാരണയ്ക്കും വിധി പറച്ചിലിനുമായി എടുത്തത് കേവലം ഏഴു വര്‍ഷം! മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവും അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന അഷ്‌റഫിന്റെ വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നവരെ സംഭവം നടന്ന സമയത്ത് തന്നെ പിടി കൂടിയിരുന്നു. പ്രതികളില്‍ മൂന്ന് പേര്‍ അന്നും ഇന്നും ഒളിവിലാണ്. പ്രധാനപ്പെട്ട പ്രതികളെയെല്ലാം സംഭവം നടന്ന കാലഘട്ടത്തില്‍ തന്നെ ഇരുമ്പഴിയ്ക്കുള്ളില്‍ അടയ്ക്കാന്‍ കഴിഞ്ഞിട്ടും ഒരു കേസിന്റെ വിചാരണ തുടങ്ങുവാനും വിധി വരുവാനും അതിവേഗ കോടതിയിലും ഏഴുവര്‍ഷത്തില്‍ അധികം കാലതമസം വന്നു എന്നത് എങ്ങിനെ നീതീകരിയ്ക്കപ്പെടും. അഞ്ചല്‍ വാര്‍ത്തയായതു കൊണ്ടും കൊല്ലപ്പെട്ട അഷ്‌റഫ് ബന്ധുവായതു കൊണ്ടുമായിരിയ്ക്കാം അതിവേഗ കോടതിയുടെ ഈ വേഗം ശ്രദ്ധയില്‍പ്പെട്ടത്. ബഹുമാനപ്പെട്ട അതിവേഗ കോടതിയുടെ കേസ് തീര്‍പ്പാക്കുന്നതിലുള്ള അതിവേഗവും ബഹുദൂരം പിന്നില്‍ തന്നെയാണ്.

വൈകിയെത്തുന്ന നീതി, നീതി നിഷേധത്തിനു തുല്യമാണെന്ന്, കേള്‍വികേട്ട ഭാരതീയ നീതിശാസ്ത്രം തന്നെ അടിവരയിടുന്നു. എന്നിട്ടും എന്തേ കോടതികളില്‍ പത്തും നാല്പതും വര്‍ഷത്തിലധികം കേസുകള്‍ വിചാരണയ്ക്കും വിധിയ്ക്കും വേണ്ടി കാത്തു കെട്ടി കിടക്കുന്നു?. വളരെ വേഗത്തില്‍ വിചാരണ പൂര്‍ത്തീകരിയ്ക്കേണ്ട ക്രിമിനല്‍ കേസുകളില്‍ തന്നെ എട്ടും പത്തും പതിനഞ്ചും വര്‍ഷം കാത്തിരുന്നിട്ടും കോടതി നടപടികള്‍ പൂര്‍ത്തീകരിയ്ക്കപ്പെടാത്തത് എന്തു കൊണ്ട്? സിവില്‍ കേസുകളില്‍ പെടുന്ന സാധാരണക്കാരന് കേസുകൊടുത്തവന്റെ കൊച്ചു മക്കളുടെ കാലത്ത് പോലും വിധിവരും എന്നും കരുതുക വയ്യ. നീതി തന്റെ പക്ഷത്താണെന്ന് ബോധ്യമുള്ളൊരുവനു കൂടി കോടതികളിലെ കുറ്റകരമായ മെല്ലെപ്പോക്കിനു മുന്നില്‍ വ്യവഹാരം നടത്താനുള്ള ത്രാണി നഷ്ടപ്പെടുകയാണ് പതിവ്. വാഹനാപകട നഷ്ടപരിഹാര കേസുകളിലെ സ്ഥിതിയും വ്യത്യസ്ഥമല്ല.

കോടതികളില്‍ കേസുകള്‍ കുമിഞ്ഞു കൂടുമ്പോഴും ദിനേന നടപ്പാക്കപ്പെടുന്ന നടപടികളില്‍ മിക്കതും കേസുകള്‍ മാറ്റിവെയ്ക്കപ്പെടലുകള്‍ മാത്രമാണ്. അനന്തമായി നീളുന്ന മാറ്റിവെയ്ക്കപ്പെടലുകളിലൂടെ കേസുകള്‍ കോടതികള്‍ക്ക് ഭാരമായി തുടങ്ങിയപ്പോഴാണ് അതിവേഗ കോടതികള്‍ നിലവില്‍ വന്നത്. പേറെടുക്കാന്‍ വന്നവള്‍ ഇരട്ടപെറ്റു എന്നു പറയുന്നതു പോലെയാണ് ഇന്ന് അതിവേഗകോടതികളുടേയും ഗതി. അവധിയ്ക്കുവെയ്ക്കലും വിചാരണ അനന്തമായി നീളലും അതിവേഗ കോടതിയിലും ഒട്ടും കുറവല്ല. കേസുകളിന്മേലുള്ള നടപടികള്‍ അവസാനിപ്പിയ്ക്കുകയല്ല കോടതികളുടേയും അഭിഭാഷകരുടേയും ലക്ഷ്യം എന്നു തോന്നും കോടതി നടപടികള്‍ കാണുമ്പോള്‍. എങ്ങിനേയും കേസു തീര്‍പ്പാക്കാതെ വലിച്ചു നീട്ടുന്നതിലാണ് എപ്പോഴും അഭിഭാഷകനും താല്പര്യം. സേവനം എന്ന നിലയില്‍ നിന്നും നിയമ സഹായം കച്ചവടമായി അധഃപതിച്ചതിന്റെ അനന്തരഭലമാണ് ഇന്ന് കോടതികളില്‍ കാണുന്നത്.

ഭാരത രാജ്യത്തെ കോടതികളിലെല്ലാം കൂടി ഏകദേശം നാലുകോടിയോളം കേസുകള്‍ വിചാരണയും വിധിയും കാത്തു പൊടിയടിച്ചു കിടക്കുകയാണെന്നാണ് കണക്ക്. ക്രിമിനല്‍ കേസുകളും സിവില്‍ കേസുകളുമിതില്‍ പെടും. കുടുംബകോടതികളിലേയും ഉപഭോത്കൃ തര്‍ക്കപരിഹാര ഫോറങ്ങളിലെയും കണക്ക് ഇതില്‍ പെടുകയും ഇല്ല. അതും കൂടി കൂട്ടി ചേര്‍ത്താല്‍ സംഗതി കെങ്കേമമായി. കേസുകള്‍ കൊടുക്കുന്നവന് നീതി എപ്പോഴെങ്കിലും ലഭിച്ചിട്ട് ആര്‍ക്ക് എന്തു ഛേതം?

കേരളത്തിന്റെ കഥയാണെങ്കില്‍ ഇപ്പോള്‍ ഏകദേശം പത്ത് ലക്ഷത്തോളം കേസുകള്‍ എങ്ങുമെത്താതെ കിടക്കുകയാണ്. എപ്പോള്‍ വിചാരണയ്ക്കെടുക്കുമെന്നോ എപ്പോള്‍ വിധിയെത്തുമെന്നോ ആര്‍ക്കും പ്രവചിയ്ക്കാന്‍ കഴിയാത്ത തരത്തില്‍ പത്തുലക്ഷത്തോളം കേസുകള്‍ വിധികാത്തു കിടക്കുന്നു. ഒരോ കേസിലും വാദിയും പ്രതിയും സാക്ഷികളും ചേര്‍ന്ന് അഞ്ചു ആള്‍ക്കാര്‍ ഉള്‍പ്പെടുന്നു എന്ന് കരുതുകയാണെങ്കില്‍ അമ്പത് ലക്ഷം മലയാളികള്‍ എന്നു തീരുമെന്ന് അറിയാത്ത കേസുകെട്ടുകളുടെ നൂലാമാലയില്‍ കുടുങ്ങി കിടക്കുകയാണ്. മൂന്നു കോടിയില്‍ അമ്പത് ലക്ഷം എന്നാല്‍ ഒരോ ആറു മലയാളിയിലും ഒരാള്‍ വീതം എന്നു വിധിവരുമെന്നറിയാത്ത കേസുകളും ചുമന്ന് നടക്കുന്നു എന്നു ചുരുക്കം.

കോടതികളില്‍ കേസുകള്‍ കെട്ടി കിടക്കുന്നതിനുള്ള കാരണങ്ങളില്‍ ഒന്നു കോടതികളുടെ സമയക്രമം തന്നെയാണ്. പതിനൊന്നു മണിയ്ക്കു തുടങ്ങി അഞ്ച് മണിയ്ക്ക് അവസാനിയ്ക്കുന്ന കോടതി നടപടികള്‍ക്കിടയിലാണ് ഉച്ചയൂണിനു പിരിയേണ്ടിയും വരുന്നത്. ഇതിനിടയ്ക്ക് ഫലപ്രദമായി ഉപയോഗിയ്ക്കാന്‍ ലഭിയ്ക്കുന്ന സമയം എത്ര മണിക്കൂര്‍ വരും? ഏകദേശം നാലു മണിയ്ക്കുര്‍ കഷ്ടി. ഈ മൂന്നു നാലു മണിയ്ക്കൂര്‍ കൊണ്ട് കോടതി ചെയ്യുന്നതോ ഉച്ചയൂണും കാപ്പികുടിയും അവധിയ്ക്കുവെയ്ക്കലും. ഇടയ്ക്ക് വല്ലപ്പോഴും ഒരു കേസ് വിചാരണയ്ക്കെടുക്കുകയോ വിധി പറയുകയോ ചെയ്താലായി. വിചാരണക്കോടതിയില്‍ ആണെങ്കില്‍ പറയുകയും വേണ്ട. പരിഹാര മാര്‍ഗ്ഗങ്ങളില്‍ പ്രധാ‍നം കോടതികളുടെ സമയ ക്രമം മാറ്റുക എന്നുള്ളതാണ്. രാവിലെ എട്ടു മണിയ്ക്കു കോടതി തുടങ്ങി ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് അവസാനിപ്പിയ്ക്കുക. ഉച്ചയൂണൊക്കെ കോടതി പിരിഞ്ഞിട്ട് മതിയെന്നുവെച്ചാല്‍ തന്നെ ഒന്നൊന്നര മണിക്കൂര്‍ ലാഭം.

കൂടെ സായഹ്ന കോടതികളും വേണം. വൈകിട്ട് മൂന്ന് മണിയ്ക്ക് തുടങ്ങി എട്ടു മണിയ്ക്ക് അവസാനിപ്പിയ്ക്കുന്ന തരത്തില്‍ സായഹ്ന കോടതികള്‍ കൂടിയുണ്ടെങ്കില്‍ കേസുകള്‍ പരിഗണിയ്ക്കുന്നതില്‍ കൂടുതല്‍ വേഗത ലഭിയ്ക്കും. ഗുജറാത്തിലും ഡെല്‍ഹിയിലും മാത്രമാണ് ഇന്ന് സായഹ്ന കോടതികള്‍ ഉള്ളത്. എന്തിനും ഏതിനും കോടതിയെ ആശ്രയിയ്ക്കുന്ന സംസ്കാരം വളര്‍ന്നു വരുന്ന, കോടതിയെ അല്ലാതെ മറ്റൊന്നിനേയും വിശ്വേസത്തിലെടുക്കാത്ത കേരളീയ പൊതുസമൂഹത്തിനും എത്രയും വേഗം സായഹ്ന കോടതികള്‍ അനുവദിച്ചു കിട്ടണം. പ്രൊഫഷണല്‍ കോഴ്സായ വക്കീല്‍ പരീക്ഷ പാസ്സായിട്ടും തൊഴിലില്ലായ്മ അനുഭവിയ്ക്കേണ്ടി വരുന്ന യുവ വക്കീലന്മാര്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരവും സായഹ്നക്കോടതികളുടെ വരവോടെ കരഗതമാകും. ഇപ്പോള്‍ കൊലപാതകം മുതല്‍ പോക്കറ്റടിവരെയും വണ്ടിചെക്കു കേസുമുതല്‍ അതിരുമാന്തല്‍ വരെയും ഒരേ കോടതികളിലാണ് വിചാരണയ്ക്ക് വരുന്നത്. ഇതിനു പകരം താരതമ്യാന ഗൌരവം കുറഞ്ഞ കേസുകള്‍ സായഹ്ന കോടതികള്‍ ഉണ്ടാക്കി അതിലേയ്ക്ക് മാറ്റിയാല്‍ ജൂനിയര്‍ വക്കീലന്മാര്‍ക്കും പുതുമുഖ ന്യായാധിപന്മാര്‍ക്കും അതൊരു പരിശീലന കളരിയാവുകയും ചെയ്യും.

കീഴ് കോടതികള്‍ മാത്രമല്ല ഹൈക്കോടതികളും സുപ്രീം കോടതിയും രണ്ടു ഷിഫ്റ്റായി പ്രവര്‍ത്തനം നടത്തണം. എങ്കില്‍ മാത്രമേ അര്‍ഹിയ്ക്കുന്ന നീതി അര്‍ഹിയ്ക്കുന്നവന് അവനര്‍ഹിയ്ക്കുന്ന സമയത്ത് ലഭിയ്ക്കുള്ളൂ. ശിക്ഷയര്‍ഹിയ്ക്കുന്ന കുറ്റവാളി അര്‍ഹിയ്ക്കുന്ന സമയത്ത് ശിക്ഷിയ്ക്കപ്പെടണമെങ്കിലും കോടതികളുടെ നടപടികള്‍ വേഗത്തിലാകണം. സാക്ഷികള്‍ക്ക് കേസുകളുടെ നൂലാമാലകളില്‍ നിന്നും വിമുക്തി നേടാനും കോടതികള്‍ സമയബന്ധിതമായി പ്രവര്‍ത്തിയ്ക്കേണ്ടിയിരിയ്ക്കുന്നു. സാക്ഷികളായി പോയതിന്റെ പേരില്‍ കോടതികളുടെ അവധിയ്ക്കു വെയ്ക്കലുകള്‍ക്ക് വിധേയരായി കോടതികളുടെ തിണ്ണ നിരന്തരം നിരങ്ങേണ്ടി വരുന്നവരും ഒരര്‍ത്ഥത്തില്‍ ശിക്ഷിയ്ക്കപ്പെടുകയാണ് ചെയ്യുന്നത്.

ചെറിയ ചെറിയ തര്‍ക്കങ്ങള്‍ കോടതിയിലേയ്ക്ക് എത്തുന്നത് തടയുകയും വേണം. ഇതിനായി പഞ്ചായത്ത് തലത്തില്‍ തര്‍ക്ക പരിഹാര സമിതികള്‍ ഉണ്ടാക്കണം. ഈ സമിതികളും ഒരു തരത്തില്‍ കീഴ് കോടതികള്‍ ആയിരിയ്ക്കണം. തര്‍ക്കങ്ങള്‍ പരിഹരിയ്ക്കുക എന്നത് തന്നെയായിരിയ്ക്കണം ഈ സമിതികളുടെ ധര്‍മ്മവും. കോടതി ഫീസുകളോ വക്കിലന്മാരോ ഇല്ലാതെ പരാതിക്കാരുടെ പരാതികള്‍ നേരിട്ട് കേട്ട് പരിഹാരം നിര്‍ദ്ദേശിയ്ക്കാന്‍ കഴിയുന്ന തരത്തിലുള്ള സംവീധാനം. ഈ സംവീധാനത്തിന്റെ പരിഹാരനിര്‍ദ്ദേശം ലംഘിച്ചും മേല്‍ക്കോടതികളിലേയ്ക്ക് പോകുന്നവരില്‍ നിന്നും വന്‍ തുക കോടതി ചിലവായി വാങ്ങണം. കീഴ് കോടതികളുടെ വിധികള്‍ ഇപ്പോള്‍ ആരും ശ്രദ്ധിയ്ക്കാറില്ല. എല്ലാവര്‍ക്കും അപ്പീലിലാണ് നോട്ടം. സുപ്രീം കോടതിയില്‍ നിന്നും വിധി വന്നെങ്കില്‍ മാത്രമേ തൃപ്തിയാകുള്ളൂ എന്ന ധാരണ മാറണമെങ്കില്‍ അപ്പീലുകളുടെ ചിലവ് കൂടുക തന്നെ വേണം.

അപ്പീലുകള്‍ സര്‍വ്വസ്സാധാരണമാകുന്നതും കോടതികളുടെ പിടിപ്പുകേടു മൂലമാണ്. വന്നു വന്നു കീഴ്‌ കോടതി വിധികളിന്മേലുള്ള സര്‍വ്വ അപ്പീലുകളും മേല്‍ക്കോടതികള്‍ വകവച്ചുകൊടുക്കുന്നതാണ് കാണാന്‍ കഴിയുന്നത്. കീഴ് കോടതികളിന്മേലുള്ള പൊതു സമൂഹത്തിന്റെ വിശ്വാസം നഷ്ടപ്പെടുന്ന പ്രവണതയാണിത്. മേല്‍ കോടതിയില്‍ എത്തിയാല്‍ അപ്പീലുകള്‍ അംഗീകരിച്ചു കിട്ടും എന്നുള്ളതു കൊണ്ടു തന്നെ കീഴ് കോടതികളിലെ നടപടികളും വിധിയും വെറും പ്രഹസനം ആയി മാറുകയാണ്. വിധി കീഴ് കോടതിയുടേതല്ലേ? ഇതിനു മുകളിലും കോടതികള്‍ ഉണ്ടല്ലോ? നമ്മുക്ക് അപ്പിലുപോകാം...ഈ ചിന്തയാണ് വ്യവഹാരികളെ ഇന്നു ഭരിയ്ക്കുന്നത് തന്നെ. കീഴ് കോടതിയുടെ വിധി വന്നാല്‍ വക്കീലും പറയും-നമ്മുക്ക് അപ്പിലു പോകാം. അത് അയാളുടെ കച്ചവടത്തിന്റെ കാതലാണെന്ന് കക്ഷികള്‍ മനസ്സിലാക്കുന്നുമില്ല.

ഒരേ കേസില്‍ വ്യത്യസ്ഥ സമീപനങ്ങള്‍ ന്യായാധിപന്മാര്‍ക്ക് ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റീസ് ബാലകൃഷ്ണന്‍ പറഞ്ഞതും ഇതിനോടു ചേര്‍ത്തു വായിയ്ക്കണം. നീതിന്യായ വ്യവസ്ഥയുടെ പരമോന്നത പദവിയില്‍ ഇരുന്നു കൊണ്ടു പറയാന്‍ പാടില്ലാത്തതല്ലേ അദ്ദേഹം പറഞ്ഞത്? ന്യായാധിപന്മാരുടെ മനോ വ്യാപാരങ്ങള്‍ക്കും സ്വഭാവത്തിനും മൂഡിനും അനുസൃണമായി മാറുന്നതാണോ ഭാരതിയ നീതിന്യായ വ്യവസ്ഥയിലെ ഏടുകള്‍? ആണ് എന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തന്നെ പറയുമ്പോള്‍ അപ്പീലുകള്‍ കൂടുന്നതില്‍ അത്ഭുതത്തിനു വകയൊന്നുമേയില്ല തന്നെ.

കീഴ് കോടതിയുടെ ഒരു വിധി, മേല്‍ കോടതി റദ്ദ് ചെയ്യുമ്പോള്‍ കീഴ് കോടതിയ്ക്ക് പ്രസ്തുത കേസ് വിലയിരുത്തുന്നതില്‍ വീഴ്ച പറ്റി എന്നാണല്ലോ മനസ്സിലാക്കേണ്ടുന്നത്? അപ്പോള്‍ കീഴ് കോടതിയില്‍ നടന്ന നടപടികള്‍ അപ്പാടെ തെറ്റാകുന്നില്ലേ? അങ്ങിനെ തെറ്റു വരുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദി ആ കോടതിയിലെ ജഡ്ജി ആകണമല്ലോ? അങ്ങിനെ തെറ്റു വരുന്നൊരു ജഡ്ജിയ്ക്ക് പിന്നെ എങ്ങിനെ മറ്റു കേസുകളിന്മേല്‍ വാദം കേള്‍ക്കാന്‍ കഴിയും? മാത്രമല്ല. കീഴ് കോടതിയുടെ വിധി റദ്ദാക്കുമെങ്കിലും മേല്‍ കോടതി കീഴ് കോടതിയ്ക്ക് വന്ന തെറ്റിന്മേല്‍ കോടതിയെ ശാസിയ്ക്കുകയോ തെറ്റുകളിന്മേല്‍ വിശദീകരണം തേടുകയോ ചെയ്യാറില്ല. തെറ്റുകള്‍ അങ്ങിനെ തുടര്‍ന്നു കൊണ്ടേയിരിയ്ക്കട്ടെ എന്നു എല്ലാവരും കൂടിയങ്ങ് സമ്മതിച്ചു കൊടുത്ത പോലെയാണ് കോടതികളിലെ കാര്യങ്ങള്‍. ഇത് കോടതിയാണ്. കോടതികളുടെ നടപടികളിന്മേല്‍ ചോദ്യം വേണ്ട എന്ന നിലപാടും കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം വരുത്തുന്നുണ്ട്.

നീതി നിര്‍വ്വഹണം വേഗത്തിലും സുതാര്യവുമാക്കാനായി വില്ലേജ് അടിസ്ഥാനത്തില്‍ കോടതികള്‍ സ്ഥാപിയ്ക്കാനുള്ള സാധ്യതകള്‍ ആരായുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത് ഏതാനും ദിനങ്ങള്‍ മുന്നേയാണ്. അപ്പോഴേ വന്നു നമ്മുടെ സര്‍ക്കാറിന്റെ മുട്ടാപ്പോക്ക്. വില്ലേജടിസ്ഥാനത്തില്‍ കോടതികള്‍ സ്ഥാപിയ്ക്കുന്നതൊക്കെ കൊള്ളാം പക്ഷേ അതിന്റെ ചിലവ് കേന്ദ്രം വഹിയ്ക്കണം. പറഞ്ഞത് എം.വിജയകുമാര്‍ സാറാണ്. ഇന്നി വരാന്‍ പോകുന്ന വില്ലേജ് കോടതികളുടെ ചിലവ് ആരു വഹിയ്ക്കണമെന്ന തര്‍ക്കം ഇപ്പോഴേ തുടങ്ങി. ആ തര്‍ക്കം ഇന്നി കോടതി കേറുന്നതും കാണാം. വില്ലേജ് കോടതികളുടെ ചിലവ് കേന്ദ്രം വഹിയ്ക്കണമെന്നും പറഞ്ഞ് സമരം വരും. ഹര്‍ത്താലും വരും. കല്ലേറു വരും. കേസുകള്‍ വരും. പക്ഷേ വില്ലേജ് കോടതികള്‍ മാത്രം വരവുണ്ടാവില്ല. തര്‍ക്കങ്ങളാണല്ലോ നമ്മുക്ക് പഥ്യം. തര്‍ക്ക പരിഹാരം ദശ്ശാബ്ദങ്ങള്‍ കഴിഞ്ഞാലും ആര്‍ക്കെന്ത് നഷ്ടം?

7 comments:

അഞ്ചല്‍ക്കാരന്‍ said...

കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ കോടതികള്‍ വരുത്തുന്ന കുറ്റകരമായ അനാസ്ഥയും കുറ്റകൃത്യങ്ങള്‍ കൂടുന്നതിനുള്ള കാരണങ്ങളില്‍ ഒന്നാണ്. അതിവേഗ കോടതികളും കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ ബഹുദൂരം പിന്നിലാണ്. കൊടതികളുടെ ഇത്തിരി സമയ നടപടികളാണ് കേസുകള്‍ തീര്‍പ്പാക്കുന്നതിനു തടസ്സം നില്‍ക്കുന്നത്.

അനില്‍@ബ്ലോഗ് // anil said...

പ്രായോഗിക സമീപനങ്ങള്‍.

ആശംസകള്‍.

dethan said...

ന്യായാധിപന്മാരുടെയും വക്കീലന്മാരുടെയും മനോഭാവം മാറാതെ ആര്‍ക്കും നീതി ലഭിക്കാന്‍ പോകുന്നില്ല.വൈകി വന്ന നീതി നിഷേധിക്കപ്പെട്ട നീതിക്കു തുല്യമാണെന്നൊക്കെ അറിയാവുന്നവര്‍
തന്നെയാണ് കേസ്സ് വൈകിക്കാന്‍ ബോധപൂര്‍ വ്വം ശ്രമിക്കുന്നത്.10 മുതല്‍ 5 വരെയാണ് കോടതി
സമയം എങ്കിലും മജിസ്ട്രേട്ടും ജഡ്ജിയും ഒക്കെ കോടതിയില്‍ വരുന്നത് 11 മണി കഴിഞ്ഞാണ്.
വന്നാലോ കേസ് വിളിച്ചു മാറ്റി വയ്ക്കുകയാണ് പ്രധാന പണി.അതിനാകട്ടെ ബഞ്ചുക്ലാര്‍ക്കു മാത്രം മതി.സാധാരണ സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസ് സമയത്തിന്റെ മൂന്നിലൊന്നു പോലും പണിയെടുക്കുന്നില്ലെന്ന് പരാതിപ്പെടുകയും പ്രതികരിക്കുകയും ചെയ്യുന്ന മാദ്ധ്യമങ്ങളും വിമര്‍ശകരും ജോലിസമയത്തിന്റെ പത്തില്‍ ഒരംശം പോലും സാര്‍ത്ഥകമായി വിനിയോഗിക്കാത്ത ന്യായാധിപന്മാരെ കുറിച്ച് ഒരക്ഷരം പോലും ഉരിയാടില്ല.

നിയമ ബിരുദ ധാരികള്‍ക്ക് ജോലിയുണ്ടാക്കി കൊടുക്കാന്‍ വേണ്ടി ആയിരിക്കരുത് സായാഹ്നകോടതി
സ്ഥാപിക്കുന്നത്.കണ്‍സ്യൂമര്‍ റിഡ്രസ്സല്‍ ഫോറങ്ങളില്‍ ആദ്യകാലത്ത് വക്കീലന്മാരുടെ സഹായവും
ഇടപെടലും ഉണ്ടായിരുന്നില്ല.അന്ന് വേഗത്തില്‍ പരാതികളില്‍ തീര്പ്പു കല്പിച്ചിരുന്നു.ഇന്ന് വക്കിലന്മാ
രും നടപടിക്രമങ്ങളും എല്ലാം കൂടി ഉപഭോക്താവിനെ ഭയപ്പെടുത്തുന്ന ബാലികേറാമലയായി അവ
മാറിക്കഴിഞ്ഞു.
താങ്കള്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതു പോലെ പ്രവര്‍ത്തിച്ചാല്‍ നിലവിലുള്ള കോടതികള്‍ക്കു തന്നെ മിക്ക
കേസും തീര്‍പ്പാക്കാവുന്നതേ ഉള്ളു.അതിന് ന്യായാധിപന്മാര്‍ ഹര്‍ത്താല്‍ മനോഭാവം മാറ്റണം.ഒരു
മണിക്കൂര്‍ പണിയും ബാക്കി സമയം ഹര്‍ത്താലുമാണ് ഇപ്പോള്‍ അവര്‍ നടത്തുന്നത്.
-ദത്തന്‍

ചാണക്യന്‍ said...

മാഷെ,
ശരിയായ ചിന്തകള്‍.....അഭിനന്ദനങ്ങള്‍...

ഒരു നിര്‍ദേശത്തില്‍ വിയോജിപ്പുണ്ട്- പഞ്ചായത്ത് തല തര്‍ക്ക പരിഹാര സമിതികളുടെ പ്രവര്‍ത്തനം നീതിപൂര്‍വ്വമായിരിക്കില്ല എന്ന് തോന്നുന്നു....

yousufpa said...

തികച്ചും ചിന്തിപ്പിക്കുന്ന ഒന്നാണിത്.എന്തുകൊണ്ടാണ് ഒരു കേസ് തീര്‍പ്പാക്കാന്‍ താമസിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.

പാമരന്‍ said...

നല്ല ചിന്തകള്‍..

G Joyish Kumar said...

അഞ്ചത്സ് പറഞ്ഞതു പോലെ, കോടതികളുടെ എണ്ണം കൂട്ടുന്നതോടൊപ്പം പ്രവൃത്തി സമയവും കൂടിയാലെ കാലതാമസം കുറയ്ക്കുവാന്‍ കഴിയൂ.

അടുത്തകാലത്ത് ഏതോ ഒരു പത്രം (കൌമുദി മുഖപ്രസംഗമാണെന്ന് തോന്നുന്നു) ചൂണ്ടികാണിച്ചിരുന്നത് പോലെ, ഇപ്പോള്‍ എന്തിനും ഏതിനും മാനേജര്‍മാരുണ്ട്. ഒന്നുകില്‍ കോടതികള്‍ മാനേജര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തണം അല്ലെങ്കില്‍ ജഡ്ജിമാര് നല്ല മാനേജര്‍മാരാണെന്ന് തെളിയിക്കണം. കൂടാതെ ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തണം - കോടതികളില്‍ മാത്രമല്ല, നിയമ വ്യവസ്ഥിതി ഒന്നാകെ. (എന്റെ പഴയ പോസ്റ്റ് - നിയമ വ്യവസ്ഥിതിയും സാങ്കേതികവിദ്യയും).

നിയമങ്ങളെ ഓരൊരുത്തരും അവരവരുടെ രീതിയില്‍ വ്യാഖ്യാനിക്കുന്നത് മൂലമാണ് പലപ്പോഴും കേസുകള്‍ പെരുകുന്നത്. ഉദാഹരണത്തിന് സ്വന്തം ചൊല്‍‌പ്പടിക്ക് നില്‍‌ക്കാത്ത ഉദ്ദ്യോഗസ്ഥനെ വലയ്ക്കണമെന്ന് മേലുദ്ദ്യോഗസ്ഥന് തോന്നിയാല്‍, അയാള്‍ക്ക് തോന്നുന്ന രീതിയില്‍ സര്‍വീസ് റുളുകള്‍ ദുര്‍‌വ്യാഖ്യാനം ചെയ്യാന്‍ കഴിയും. അങ്ങനെ കീഴുദ്ദ്യോഗസ്ഥന്‍ നീതിക്ക് വേണ്ടി കോടതി കേറി നിരങ്ങിക്കൊള്ളും! - അതാണെല്ലോ ഏറ്റവും വലിയ ശിക്ഷ. കീഴ്കോടതി ജഡ്ജിമാരുടെ കാര്യം പോലെ ഇത്തരം ദുര്‍‌വ്യാഖ്യാനങ്ങള്‍ക്ക് പലപ്പോഴും ശിക്ഷ ലഭിക്കാറില്ല.