Friday, February 27, 2009

സമ്പന്നരായ നായ്ക്കള്‍!

സ്ലം ഡോഗ് മില്യണറിന്റെ ഓസ്കാറാഘോഷവും ചിത്രത്തിന്റെ വിജയവും ഭാ‍രതത്തിന്റെ സംസ്ക്കാരത്തിനേറ്റ കളങ്കമാണെന്നും ഭാരതത്തോട് ഒടുങ്ങാ‍ത്ത പകയും വിദ്വോഷവും ഇന്നും കെടാതെ സൂക്ഷിയ്ക്കുന്ന ബ്രിട്ടീഷുകാരന്‍ നമ്മുടെ ദേശത്തെ താഴ്ത്തികെട്ടാന്‍ വേണ്ടി മാത്രം പടച്ച ചിത്രമാണ് സ്ലം ഡോഗ് മില്യണര്‍ എന്നുമൊക്കെയായി ബൂലോഗത്ത് ദേശസ്നേഹ പോസ്റ്റുകളുടെ ഒരു ഘോഷയാത്ര തന്നെയാണ്.

നമ്മുടെ സംസ്കാരം....
നമ്മുടെ സംസ്കാരം....
നമ്മുടെ സംസ്കാരം....


ചേരിയിലെ കുട്ടി തീട്ടത്തില്‍ ചാടുമോ? ചാടിയ കുട്ടി തീട്ടത്തീന്നു കയറി വരുമോ? തീട്ടം പുരണ്ടകുട്ടി ഓടുന്നത് ചിത്രീകരിയ്ക്കാന്‍ പാടുണ്ടായിരുന്നോ? പിഞ്ചു കുട്ടികളുടെ കണ്ണില്‍ തിളച്ച എണ്ണയൊഴിച്ച് കരിച്ച് ഭിക്ഷാടനത്തിനായി ഉപയോഗിയ്ക്കുന്നവര്‍ ഭാരതത്തില്‍ ഉണ്ടോ? കുട്ടികളെ വലവീശാന്‍ കൊക്കോ കോള കൊടുക്കുമ്പോള്‍ ചേരിയിലെ കുട്ടികള്‍ അതു ആര്‍ത്തിയോടെ വാങ്ങി കുടിയ്ക്കുന്നത് കുട്ടികള്‍ ഇപ്പോഴും വിദേശാധിപത്യത്തെ ഇഷ്ടപ്പെടുന്നു എന്ന സൂചനയല്ലേ? വിരണ്ടോടുന്ന കുട്ടികളെ കാണിയ്ക്കുന്നതിനോടു ചേര്‍ത്ത് അലസമായി കിടക്കുന്ന നായയെ കാട്ടുന്നത് ചേരിയിലെ നായകളുടെ ജീവിതം ചേരി നിവാസികളുടെ ജീവിതത്തേക്കാള്‍ ശാന്തത നിറഞ്ഞതാണ് എന്നു കാട്ടുവാനല്ലേ? ഹോ....എന്നാ ചോദ്യങ്ങള്‍? ഈ ചിത്രത്തോടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നമ്മുടെ സംസ്കാരം മിക്കവാറും കപ്പലുകേറും!

സിനിമയില്‍ കാട്ടുന്ന ചേരിയിലെ സംഭവങ്ങളില്‍ അതിഭാവുകത്വവും സംസ്കാര ധ്വംസനവും ദര്‍ശിയ്ക്കുന്നവര്‍ അറിയാത്ത അല്ലെങ്കില്‍ അറിഞ്ഞിട്ടും അറിയില്ലാ എന്നു നടിയ്ക്കുന്ന മറ്റു ചിലതു കൂടിയില്ലേ? ഇന്നലെയും ഇന്നുമൊക്കെ നാം വായിയ്ക്കുകയും കേള്‍ക്കുകയും കാണുകയും ചെയ്യുന്ന ചിലത്. സംസ്കാരം സംസ്കാരത്തെ കൊന്നു തിന്നുന്ന ചില സത്യങ്ങള്‍...

രണ്ടര വയസ്സ് മാത്രം പ്രായമുള്ള പിഞ്ചു പെണ്‍ കുഞ്ഞിനെ ചേരിയിലിട്ട് അമ്പത്തി അഞ്ച് വയസ്സുള്ള ബാലന്‍ ബലാത്സഗം ചെയ്യുന്ന സുന്ദര നിമിഷങ്ങള്‍ എന്തേ ദാനി ബോയല്‍ ചിത്രീകരിച്ചില്ല?

ഒമ്പത് വയസ്സുള്ള യുവതിയെ ബലാത്സഗം ചെയ്തു ചാക്കില്‍ കെട്ടി തട്ടും പുറത്ത് ഇട്ട അറുപത് വയസ്സുള്ള കൌമാരക്കാരന്റെ കാണാന്‍ സുഖമുള്ള ക്രിയകള്‍ എന്തേ ഈ ദാനി ബോയല്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയില്ല?

ചേരിയിലെ ഇരുപതോളം കുഞ്ഞുങ്ങളെ പ്രകൃതി വിരുദ്ധ ലൈംഗികോപകരണങ്ങളാക്കി പുഴുങ്ങി തിന്ന കോടീശ്വരന്റെ നന്മകളെ എന്തേ ഈ കോന്തന്‍ ദാനീ ബോയല്‍ തന്റെ ചിത്രത്തില്‍ നിന്നും വിട്ടുകളഞ്ഞു?

പ്രേയസിയെ ജീവനോടെ ചൂളയില്‍ കേറ്റി ചുട്ടുകരിച്ച രാഷ്ട്രീയ നേതാവിന്റെ കലാപരിപാടികള്‍ ഈ ദാനിബോയല്‍ മറന്നു പോയതാണോ?

പൂര്‍ണ്ണ ഗര്‍ഭിണിയുടെ ഉദരം ശൂലം കൊണ്ടു കുത്തി കുഞ്ഞിനെ പുറത്തെടുക്കുന്ന നയന മനോഹരമായ കാഴ്ചകള്‍ ഇങ്ങേര്‍ പകര്‍ത്തിയിരുന്നേല്‍ അത് ഭാരത സംസ്കാ‍രത്തിനു തന്നെ മുതല്‍കൂട്ടാകുമായിരുന്നില്ലേ?

പച്ച ജീവനോടെ അഗ്നിക്കിരയാകേണ്ടി വരുന്ന ദളിതന്റെ സംഗീതാത്മകമായ അലറിക്കരച്ചില്‍ ഈ ബിലാത്തിക്കാരന്‍ എന്തേ സിനിമയുടെ സംഗീതവുമായി ലയിപ്പിച്ചില്ല?

വയറ്റിപ്പിഴപ്പിനായി കൌമാരക്കാരികളായ സ്വന്തം പെണ്മക്കളെ വേശ്യാവൃത്തിയിലേയ്ക്ക് തള്ളി വിടുന്ന ചേരിയിലെ അമ്മമാരുടെ ദൈന്യം കാണാന്‍ നല്ല രസമല്ലേ?

മുംബൈ സിനിമയില്‍ മണിരത്നം കാട്ടിയതൊക്കെയും മുംബൈ കലാപത്തില്‍ നടന്ന ക്രൂരതകളുടെ ഒരു ശതമാനം പോലും വരില്ലാ എന്നാണ് മുംബൈ കലാപം നേരിട്ടു അനുഭവിച്ചിട്ടുള്ളവര്‍ പറയുന്നത്. കലാപത്തെ അത്രയും ലളിതമായി ചിത്രീകരിച്ചിട്ടും ചിത്രം കണ്ടിറങ്ങുമ്പോള്‍ കലാപത്തിന്റെ കനലുകള്‍ നീറ്റലായി പടരുന്നുണ്ടായിരുന്നു. എത്രയോ ദിവസങ്ങള്‍ വേണ്ടി വന്നു അന്നു മുംബൈ സിനിമ കണ്ട മരവിപ്പ് മാറി കിട്ടാന്‍. ചേരിയിലെ ജീവിതത്തിന്റെ ഒരു ശതമാനം പോലും സ്ലം ഡോഗ് മില്യനറിലൂടെ ദാനി ബോയല്‍ ചിത്രീകരിച്ചിട്ടില്ല. ഇരുകാലുകളില്‍ നടക്കുന്നതു കൊണ്ടു മാത്രം മനുഷ്യരായി ഗണിയ്ക്കപ്പെടുന്ന ഒരു സമൂഹമാണ് ചേരികളില്‍ ഉള്ളത്. അവിടുത്തെ ജീവിതവും നിയമങ്ങളും ശൈലികളും ഒക്കെയും പുറം ലോകത്തിനു എന്നും അന്യമായിരിയ്ക്കും. അറപ്പ് വെറുപ്പ് എച്ചില്‍ ദയ അനുകമ്പ ഈ വാക്കുകള്‍ക്കൊന്നും പുറം ലോകം നല്‍കുന്ന അര്‍ത്ഥങ്ങളല്ല ചേരികള്‍ക്കുള്ളില്‍ ഉള്ളത്.

ആഘോഷങ്ങളുടെ അവസാനം പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ നിന്നും തള്ളുന്ന അവശിഷ്ടങ്ങള്‍ക്കായി നായകളോടു മത്സരിയ്ക്കുന്നവരാണ് ചേരികളുടെ പരിശ്ചേതം. ചേരികളിലെ ജീവിതം കാട്ടുന്ന ഒരു ചിത്രത്തില്‍ മണിമന്ദിരങ്ങളിലാണ് ചേരി നിവാസികള്‍ വസിയ്ക്കുന്നത് എന്നു കാണിയ്ക്കാന്‍ കേരളത്തിലെ ചില സിനിമാക്കാര്‍ക്കേ കഴിയുള്ളൂ. ചേരിയിലെ കുട്ടി അന്നത്തെ അഷ്ടിയ്ക്കായി വയറ്റത്തടിച്ചു പാടുമ്പോള്‍ ചുറ്റിനും നൃത്തം ചെയ്യുന്ന അല്പ വസ്ത്രധാരിണികളായ എക്ശ്ട്രാ നടിമാരും ഒട്ടക കൂട്ടങ്ങളും ആനയും അമ്പാരിയും ഒക്കെ ചിത്രീകരിയ്ക്കാന്‍ ഉളിപ്പില്ലാത്തവരല്ല എല്ലാ സിനിമാക്കാരും. ചേരി വിഷയമായാല്‍ ചേരിയില്‍ പോയ പോലെയുള്ള അനുഭവമായിരിയ്ക്കണം പ്രേക്ഷകന് ഉണ്ടാകേണ്ടുന്നത്. അല്ലാതെ ചേരിയിലെ മണിമന്ദിരത്തിലെ ആട്ടുകട്ടിലില്‍ ഇരുന്ന് പ്ലാസ്മാ ടിവി കണ്ടു മൊബൈല്‍ ഫോണില്‍ കുവൈറ്റിലുള്ള മമ്മിയോടു സംസാരിയ്ക്കുന്ന ചെരിയിലെ കുട്ടികളെ കാട്ടിയാല്‍ അദ്ദാണു ഭാരതീയ സംസ്കാരത്തിന്റെ മഹനീയ ഭാവം എന്നങ്ങ് ധരിയ്ക്കാന്‍ ലോക സിനിമാക്കാരെല്ലാവര്‍ക്കും പിരിയഴിഞ്ഞു കിടക്കുകയുമല്ല.

ഒരിയ്ക്കല്‍ കൊച്ചിയിലെ ചേരിയില്‍ കണ്ട ഒരു രംഗം ഇപ്പോഴും ഓര്‍മ്മയില്‍ ഉണ്ട്. ആറു വയസ്സു പ്രായമുള്ള ഒരു കുട്ടി ചാലിട്ടു ഒഴുകുന്ന ഓടയുടെ കരയില്‍ ഇരുന്ന് കമ്പു കൊണ്ടു നീക്കി നീക്കി കരയ്ക്കടുപ്പിയ്ക്കുന്ന തലേന്നു ആരോ കടിച്ചിട്ടെറിഞ്ഞ ഒരു ചിക്കന്‍ കാല്‍. ഒരു വിധത്തില്‍ എത്തി വലിഞ്ഞ് ചിക്കന്‍ കാല്‍ കൈപ്പിടിയിലൊതുക്കി ഒന്നു കുടഞ്ഞു ആര്‍ത്തിയോടെ കടിച്ചു തിന്നുന്ന രംഗം. ചേരിയെന്നാല്‍ അതൊക്കെയാണ്. ഭാരതത്തിലെ മാത്രമല്ല. ലോകത്തിലെവിടെയൊക്കെ ചേരികള്‍ ഉണ്ടോ അതിന്റെയൊക്കെയും പൊതുസ്വഭാവം ഒന്നു തന്നെയായിരിയ്ക്കും. മുംബൈയിലെ ചേരി ഭാരതത്തില്‍ ആയതു കൊണ്ട് ആ ചേരിയ്ക്ക് ഏതെങ്കിലും തരത്തിലുള്ള മഹത്വം ഉണ്ട് എന്നു കരുതുക വയ്യ. അല്ലെങ്കില്‍ ഭാരതത്തിലെ ചേരികള്‍ ഭാരതീയര്‍ മാത്രം ചേരികളായി കണ്ടാല്‍ മതി,വിദേശീയര്‍ അത് ഭൂലോകത്തില്‍ ഒരു സ്വര്‍ഗ്ഗം ഉണ്ടെങ്കില്‍ അത് ഇതാണ് ഇതാണ് എന്ന് ലോകത്തോടു വിളിച്ചു പറയുകയാണ് വേണ്ടത് എന്ന നിലപാട് കാപട്യമാണ്.

ലോകത്തിലെ ഏറ്റവും വളര്‍ച്ചയുള്ള നാടുകളില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോഴും ഭൂരിപക്ഷ ജനതയും ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള സമ്പന്നതയാണ് നമ്മുടേത്. ഒരര്‍ത്ഥത്തില്‍ ഓസ്കാറുകള്‍ വാരികൂട്ടിയ സ്ലം ഡോഗ് മില്യണര്‍ എന്ന ചിത്രത്തിന്റെ പേരുകള്‍ അന്വേര്‍ത്ഥമാക്കുന്ന സംസ്കാരം. ദാരിദ്ര്യവാസികളുടെ സമ്പന്ന രാഷ്ട്രം അല്ലെങ്കില്‍ കോടീശ്വരന്മാരുടെ ദരിദ്ര രാഷ്ട്രം. എന്തായാലും ചേരികളും കോടികളും ഇഴ ചേര്‍ന്നതാണ് ഇന്ന് നമ്മുടെ സംസ്കാരം. ചേരിയിലെ ജീവിതം ഒരു വിദേശി അതേപടി ഒപ്പിയെടുത്തപ്പോള്‍‍ ഭാരതത്തിലേയ്ക്ക് പറന്ന് വന്നത് മൂന്ന് ഓസ്കാറുകള്‍. ഭാരതീയനു അപ്രാപ്യമെന്നു കരുതിയിരുന്ന ലോക സിനിമയുടെ നെറുകയില്‍ രണ്ടു ഭാരതീയര്‍. അതില്‍ അഭിമാനിയ്ക്കാം. അല്ലാതെ നമ്മുടെ ദാരിദ്ര്യം ചിത്രീകരിയ്ക്കാന്‍ സായിപ്പേ താനാരാ കൂവേ എന്ന നിലപാട് കണ്ണടച്ച് ഇരുട്ടാക്കലാണ്. ഇരുട്ട് കണ്ണുകളില്‍ മാത്രമേ ഉണ്ടാകുള്ളൂ. മനസ്സ് അപ്പോഴും വെളുത്തിട്ടായിരിയ്ക്കും. ഇന്നി മനസ്സും കറുത്തിട്ടാണെങ്കില്‍ ഒന്നും പറയാനും ഇല്ല.

ജയ്....ഹോ!
-----------------------------------
ഒടുക്കത്തെ ന്യായം:

“കേട്ടോ ചേട്ടാ, മലയാളിയായ അരുന്ധതീ റോയിയ്ല്ല് ബുക്കര്‍ പ്രൈസ് കിട്ടീന്ന്.”
“ഓ...എന്തോന്ന് ബുക്കറ്. ഓള്‍ടെ ഇംഗ്ലീഷ് ബുക്കിനല്ലേ ബുക്കറ് കിട്ടീത്. അതിലും നല്ല എത്ര മലയാളം നോവലെറങ്ങിയിരിയ്ക്കുന്നു. അതിനൊന്നും ആരും എന്തേ ബുക്കറ് കൊടുക്കാത്തെ?”

19 comments:

Unknown said...

Just a sound... WOW!

തറവാടി said...

പടം കണ്ടിരുന്നു , തുറന്ന് പറഞ്ഞാല്‍ ഹിന്ദിയില്‍ ഇതിലും നല്ല സിനിമകള്‍ മുമ്പും ഉണ്ടായിട്ടുണ്‍ടെന്നാണ്. ഈ സിനിമ കൊണ്ട് ഇന്‍‌ഡ്യന്‍ സംസ്കാരത്തിനെ തെറ്റായി വ്യഖ്യാനിച്ചു എന്നൊരിക്കലും തോന്നിയിട്ടില്ല.

അവാര്‍ഡ് ഓരോ വിഭാഗങ്ങള്‍ക്കായതിനാല്‍ പൂക്കുട്ടിക്കും , ഗുല്‍‌സാറിനും റഹ്‌മാനുമൊക്കെ ഒരു പ്ലാറ്റ് ഫോം ഡാനിയേല്‍ കൊടുത്തുഎന്നല്ലാതെ സായിപ്പിനാല്‍ കിട്ടിയെന്നൊന്നും എനിക്കഭിപ്രായമില്ല.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

അഞ്ചല്‍ക്കാരാ -
താങ്കള്‍ പറഞ്ഞത് തികച്ചും സത്യങ്ങള്‍.
സ്ലംഡോഗിനെ തള്ളിപ്പറഞ്ഞ പ്രമുഖരില്‍പ്പെടുന്ന അമിതാഭ് ബച്ചനായാലും, നമ്മുടെ ‘ബോളിവുഡ്’ സംവിധായകന്‍ പ്രിയദര്‍ശനായാലും സ്വപ്നങ്ങള്‍ വിറ്റ് സ്വന്തം മടിശ്ശീല നിറയ്ക്കുക എന്നതിനപ്പുറം സാമൂഹികമായി എത്രത്തോളം പ്രതിബദ്ധരാണെന്നതിന് അവരുടെ സിനിമകള്‍ തന്നെ തെളിവ്.

അമിതാഭിന്റെ ‘കൂലി’ കണ്ടവര്‍ക്ക് കൂലിത്തൊഴിലാളിയുടെ ദു:ഖം മനസ്സില്‍ ഒരു പോറല്‍ പോലുമേറ്റുവാങ്ങാനാവാതെ രണ്ടര മണിക്കൂര്‍ രസിച്ച് സമയം കൊല്ലാന്‍ കഴിയുന്നതും, സ്ലം ഡോഗ് കണ്ടവന്റെ മനസ്സിലേക്ക് ചേരിയുടെ ദു:ഖവും, ഭയാനകതയും, അറപ്പും ഒരു തേങ്ങലായി കടന്നു വരുന്നതും ഈ രണ്ടു സിനിമകളും മനുഷ്യനെ എങ്ങിനെ സ്വാധീനിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തങ്ങളാണ്.

സമ്പന്നരായ നായ്ക്കളുടെ ലോകം, ദരിദ്രരായ നാള്‍ക്കളുടെ ലോകത്തെ, മറ്റു മാലോകരുടെ കണ്ണില്‍ നിന്നും മറച്ചു പിടിക്കാന്‍ ശ്രമിക്കുന്ന കാപട്യമാണ് സ്ലംഡോഗിനെതിരെയും, ഇതിനു മുന്‍പ് സത്യജിത് റേ തുടങ്ങിയ സംവിധായകര്‍ക്കു നേരെയും ഇടക്കിടെ ഉയരുന്ന കുരയായി മുഴങ്ങിക്കൊണ്ടിരിക്കുന്നത്.

സ്ലംഡോഗ്, സലാം ബോംബെ തുടങ്ങി ചേരികളില്‍ ചിത്രീകരിച്ച സിനിമകള്‍ അവയിലഭിനയിച്ച തെരുവുകുട്ടികളുടെ ഭാവിക്കായി ട്രസ്റ്റുകള്‍ രൂപീകരിക്കുകയും‍ അവരുടെ ജീവിത നിലവാരം മെച്ചപ്പെട്ടതാക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുമ്പോള്‍ ഇത്തരം സിനിമകളെ തള്ളിപ്പറയുന്നവര്‍ ചേരികള്‍ ഉള്ള രാജ്യത്തല്ല ജീവിക്കുന്നത് എന്ന തോന്നലാണുണ്ടാക്കുന്നത്.

Mr. K# said...

ചിത്രം കണ്ടില്ല. പക്ഷേ പോസ്റ്റിൽ പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നു.

തറവാടി said...

പോസ്റ്റില്‍ പറഞ്ഞതിനൊടൊക്കെ യോജിപ്പെന്നത് ഒറ്റവാക്കില്‍ പറയാന്‍ മറന്നു :)

കുറ്റ്യാടിക്കാരന്‍|Suhair said...

അഞ്ചല്‍ക്കാ..

സിനിമ കണ്ടിരുന്നു.

പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങളോട് പൂര്‍ണമായും യോജിക്കുന്നു.

സുല്‍ |Sul said...

ഈ സിനിമക്ക് വന്ന റിവ്യൂകളില്‍ ഇത്തരത്തില്‍ ഒന്ന് ആദ്യമായി. പൂര്‍ണ്ണമായും യോജിക്കുന്നു.
-സുല്‍

ചാണക്യന്‍ said...

ഇന്‍ഡ്യ ഒരു ചേരി ചേരാ രാഷ്ട്രമാണെന്ന് അറിയില്ലേ അഞ്ചല്‍ക്കാരാ..:):):):)

നന്നായി.മാഷെ നല്ല പോസ്റ്റ്....

വിന്‍സ് said...

I am glad more people in blog are coming out with positive reviews and talking about reality.

paaratha samskaaram...phuuuuuu

പാമരന്‍ said...

തീര്‍ച്ചയായും യോജിക്കുന്നു..

പകല്‍കിനാവന്‍ | daYdreaMer said...

നല്ല പോസ്റ്റ് അഞ്ചല്‍ക്കാര... പചെന്കില് ഒരല്പം താമസിച്ചു പോയോന്നൊരു സംശയം.. ...!

Nachiketh said...

നല്ലൊരു പോസ്റ്റ് അഞ്ചല്‍ക്കാരാ.........

നമ്മുടെ തന്നെ യാഥാര്‍ത്ഥ്യങ്ങള്‍ നമ്മുടെ മുന്നില്‍ വിളമ്പാന്‍ പുറത്തു നിന്നും ഓരാള്‍ വരേണ്ടി വന്നു, ട്രാഫിക്ക് സിഗ്നലിലും , സലാം ബോബെയൊന്നും ആര്‍ക്കും ഏശിയില്ല................

Manikandan said...

താങ്കളുടെ വീക്ഷണങ്ങളോട് യോജിക്കുന്നു.

Kaippally said...

അഞ്ചൽ സിനിമയെ കുറിച്ചൊന്നും എഴുതിയില്ലല്ലോ. സിനിമയുടെ പശ്ചാത്തലവും, ചേരികളുടെ സത്യാവസ്ഥയും വർണിച്ചിട്ട് കാര്യമില്ല.
1980 മുതൽ സിനിമ കാണുന്ന ഏതൊരു ഇന്ത്യക്കാരനും അറിയാം Slumdog Millionair ചേരികളെ കുറിച്ചും, ദാരിദ്ര്യത്തേക്കുറിച്ചും, മുമ്പൈ നഗരത്തേകുറിച്ചും എടുത്ത വെറും ഒരു സാദ സിനിമയാണെന്നുള്ളതു്.

ഒരു ഇന്ത്യൻ oru Bollywood നിർമിത സിനിമ ആയിരുന്നു എങ്കിൽ ഈ സിനിമക്ക് ഒരു state award പോലും കിട്ടില്ലയിരുന്നു.

സിനിമ ഒരു കലാരൂപമാണു. നഗ്നത ഒട്ടും ചിത്രീകരിക്കാതെ ലൈംഗിക ഭാവങ്ങൾ അവതരിപ്പിക്കുന്നതിനെ കലയെന്നും, പച്ചയായ ലൈംഗികത കാണിക്കുന്നതിനെ pornography എന്നു് പറയും. ഈ നിർവചനങ്ങളുടേ തുടക്കവും അവസാനവും പ്രേക്ഷരാണു് നിർണ്ണയുക്കുന്നതു്. Slumdogൽ അഞ്ചൽ പറയുന്ന വാർത്തയും നാട്ടിൽ നടക്കുന്ന അക്രമങ്ങളും പച്ചയായി അവതരിപ്പിച്ചാൽ അതു സിനിമ ആവില്ല, Documentary ആവുകയെഉള്ളു. അങ്ങനെ തുടർച്ചയായി വാർത്ത കാണണമെങ്കിൽ etislat e-visionന്റെ cable TV connection എടുത്തു് വാർത്ത chanel കാണുക.

Slumdog Millionaireലൂടേ Dany Boyle കാണിച്ചതിനെ Poverty-pornography എന്നല്ലാതെ മറ്റൊന്നും പറയാൻ കഴിയില്ല. അവിടേ കഥയിൽ ഒട്ടും ആവശ്യമല്ലാത്ത ചില രംഗങ്ങൾ അവതരിപ്പിച്ചതായി ചില പ്രേക്ഷകർക്ക് തോന്നി. എനിക്കും തോന്നി.

പിന്നെ A.R. Rahman രചിച്ച ചില സംഗീതങ്ങൾ എനിക്ക് വളരെ ഇഷ്ടമാണു്. എന്നാൽ അഞ്ചു nominationൽ നിന്നും മികച്ച സംഗീതം Rahman ചെയ്തതാണെന്നും എനിക്ക് അഭിപ്രായമില്ല. അഞ്ചണ്ണതിൽ മൂന്നണ്ണം കണ്ടതുകൊണ്ടു പറയുന്നതാണു്.

t.k. formerly known as thomman said...

അഞ്ചല്‍,
സിനിമ എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും (സിനിമയും അതിലെ അഭിനയവുമൊക്കെ മോശമാണെന്ന് തോന്നിയതിലാണ്) താങ്കള്‍ പറഞ്ഞ കാര്യങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു. ചേരിയിലെ ജീവിതം കാണിക്കുന്നു എന്ന് പറഞ്ഞ് ഈ സിനിമയെ വിമര്‍ശിക്കൂന്നത് ഒട്ടും ശരിയല്ല.

യഥാര്‍ഥ ലോകത്ത്, സിനിമയില്‍ കിട്ടുന്നതുപോലുള്ള അവസരങ്ങള്‍ ഒരു സ്ലംഡോഗിന്ന് കിട്ടില്ലല്ലോ എന്നതാണ് ഈ സിനിമ അവശേഷിപ്പിക്കുന്ന ദുഖം.

അനില്‍ വേങ്കോട്‌ said...

പ്രസ്തുത സിനിമ ഒരു നല്ല സിനിമയാണെന്ന അഭിപ്രായം എനിക്കില്ല. ഒരു സാധാരണ കൊമേഴ്സ്യൽ പടം. പക്ഷേ അത്തരം സിനിമകൾക്ക് നൽകുന്ന അവാർഡാണു ഓസ്കാർ. അതുകൊണ്ട് ഇതിനു കലാമൂല്യം കുറവാണെന്നു പറയുന്നതിൽ അർത്ഥവുമില്ല. ഇന്ത്യൻ നഗരങ്ങളുടെ പിന്നാമ്പുറങ്ങൾ ചിത്രീകരിച്ചത് ഇന്ത്യക്കു നാണക്കേടാണെന്നു പറയുന്ന വാദം ശരിയല്ല. മലയാളത്തിലെയും മറ്റും സൂപ്പർ സ്റ്റാറുകൾ നടിച്ചുവിടുന്ന സിനിമകൾ നമ്മുടെ സംസ്കാ‍കാരത്തിനും ഭാഷയ്ക്കും ഉണ്ടാക്കുന്ന നാണക്കേട് ഈ സിനിമ ചെയ്തിട്ടില്ല.മത്രമല്ല നഗരങ്ങളിൽ കുട്ടികൾക്കും സ്ത്രീകൾക്കും മേൽ ഇന്നും നടക്കുന്ന ഭീകരതയ്ക്കു നേരെ നമ്മുടെ അലക്കി വെളുപ്പിച്ച മനുഷ്യാവകശപ്രവർത്തകർ ഉറക്കത്തിലാണു.

kichu / കിച്ചു said...

രണ്ടു കൈയും പൊക്കി സപ്പോര്‍ട്ട്

sHihab mOgraL said...

പ്രചരണങ്ങള്‍ക്ക് വളരെ നല്ല പ്രതികരണം.
ചോദ്യങ്ങള്‍ വളരെ പ്രസക്തം..
"സ്ലം ഡോഗ്" അത്ര മാത്രം കടമ (ചേരികളുടെ സത്യാവസ്ഥ കാണിക്കുക വഴി ഭാരത സംസ്ക്കാരത്തെ താഴ്ത്തിക്കെട്ടുന്നത്) നിര്‍‌വ്വഹിക്കുന്നുവെന്ന് സിനിമ കണ്ടിട്ട് തോന്നിയിട്ടില്ല. അതിനപ്പുറം അതൊരു സിനിമ മാത്രമായിരുന്നുവെന്നേ ഏറ്റവും അവസാനം മനസില്‍ നില നില്‍ക്കുന്നുള്ളൂ. പല ഘടകങ്ങളും അതിന്‌ കാരണമായിട്ടുണ്ടാവാം. പക്ഷേ, അതിനിടയിലും ചില നഗ്നതകള്‍ തുറന്നു കാട്ടിയതിന്‌ ആരും വായിട്ടലച്ചിട്ട് കാര്യമില്ലല്ലോ... അല്ലേ..

yousufpa said...

അഞ്ചല്‍ക്കാരന്‍ ശിഹാബേ....
ഇങ്ങനെ കാണാതെ പോകുന്ന എത്ര കാര്യങ്ങള്‍.