Saturday, April 11, 2009

ചെരുപ്പുകള്‍ സൂക്ഷിച്ചു വെയ്ക്കുക....ആവശ്യം വരും!

ഭിന്നിച്ച് നിന്നവര്‍ ഒന്നിച്ച് ഭരിയ്ക്കുക.
ഒന്നിച്ച് നിന്നവര്‍ ഭിന്നിച്ച് തിരഞ്ഞെടുപ്പിനെ നേരിടുക.
ഒന്നിയ്ക്കുന്നത് ഭരണം പങ്കിടാന്‍ വേണ്ടി മാത്രമാണെന്ന മിനിമം പൊതു പരിപാടിയുടെ അടിസ്ഥാനത്തില്‍ വീണ്ടും ഭിന്നിച്ച് മത്സരിച്ച് ഒന്നിച്ച് ജയിച്ച് ഒരുമിച്ച് ഭരിയ്ക്കാനുള്ള കച്ചമുറുക്കാണ് ലൊകസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍ അണിയറയില്‍ നടക്കുന്നത്. പരസ്പരം ചെളിവാരിയെറിഞ്ഞും വിഴുപ്പലക്കിയും തമ്മില്‍ തല്ലി തല കീറിയും തിരഞ്ഞെടുപ്പിനെ നേരിട്ട് വിജയിയ്ക്കുന്നവര്‍ മുന്നോട്ട് വെയ്ക്കുന്ന പ്രത്യാ‍യ ശാസ്ത്രങ്ങളേയും പ്രകടനത്തിനുമാത്രമായി തട്ടികൂട്ടുന്ന പത്രികയേയും പോലും തൃണവല്‍ഗണിച്ചു കൊണ്ട് ഭരണം പങ്കിടാന്‍ വേണ്ടി മാത്രം ശത്രുതയെല്ലാം മറന്ന് അധികാര സോപാ‍നങ്ങളില്‍ അടുത്ത തിരഞ്ഞെടുപ്പ് വരെ മധുവിധു ആഘോഷിയ്ക്കുന്ന കാഴ്ചയില്‍ ജനാധിപത്യത്തിന്റെ വികൃത രൂപമാണ് പ്രതിഫലിപ്പിയ്ക്കുന്നത്.

ഒറ്റയ്ക്ക് ഭരിയ്ക്കുവാനുള്ള അംഗബലം ഭാരതത്തിലെ ഏതെങ്കിലും പാര്‍ട്ടിയ്ക്ക് കിട്ടും എന്ന് ഒരു പാര്‍ട്ടിക്കാരും അവകാശപ്പെടുന്ന സ്ഥിതിയിലല്ല ഭാരതത്തിലെ ഇന്നിന്റെ ജനാധിപത്യം. ഏച്ചു കെട്ടിയ സഖ്യങ്ങളുമായി മൂന്ന് മുന്നണികള്‍ ഗോദയില്‍ തമ്മിലടിയ്ക്കുകയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഈ സഖ്യങ്ങളിലെ കക്ഷികള്‍ എവിടെയൊക്കെ ആയിരിയ്ക്കും എന്ന് അതാതു സഖ്യങ്ങളിലെ നേതാക്കന്മാര്‍ക്കു പോലും ഇപ്പോള്‍ പറയാന്‍ കഴിയില്ല എന്നതാണ് വസ്തുത. പോയ അഞ്ചു വര്‍ഷം ഭാരതം ഭരിച്ച മുന്നണിയില്‍ ഇന്ന് പാര്‍ട്ടികള്‍ വല്ലതും ബാക്കിയുണ്ടോ എന്ന് ചെയര്‍ പേഴ്സണു പോലും ഒരു പിടിയും ഇല്ലാ എന്നതാണ് നേരമ്പോക്ക്!

തിരഞ്ഞെടുപ്പായപ്പോള്‍ തട്ടികൂട്ടിയ കാരാട്ട് മുന്നണിയും കൂരിരിട്ടില്‍ തന്നെ. മുന്നണിയുണ്ട്. പേരിനു പോലും ഒരു പേരില്ല. നേതാവും ഇല്ല. നേതാവില്ലാത്തത് നേതാവിനെ കിട്ടാത്തതു കൊണ്ടല്ല. നേതാവിനെ തിരഞ്ഞെടുക്കണം എന്ന് ഒന്നാലോചിച്ചാല്‍ പോലും മൂന്നാം മുന്നണി മുപ്പത് കഷണമാകും. അപ്പോള്‍ പിന്നെ പേരില്ലാതെ, വിലാസമില്ലാതെ, പരിപാടികള്‍ ഇല്ലാതെ ഒരു തട്ടിക്കൂട്ട് മുന്നണി. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഭരണത്തില്‍ വരാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിയ്ക്കുക എന്നതല്ലാതെ മൂന്നാം മുന്നണിയ്ക്ക് എന്തെങ്കിലും പരിപാടി ഉണ്ടോ എന്നു ചോദിച്ചാല്‍ “ഞങ്ങള്‍ ഭരണം പിടിയ്ക്കും” എന്ന് മൂന്നാം ചേരീ നേതാക്കന്മാര്‍ ഇപ്പോ അലമുറയിടും.

കാരാട്ടിന്റെ കൂരുട്ട് മുന്നണിയിലെ കൂട്ടരാരൊക്കെയാ? ചില്ലറക്കരൊന്നുമല്ല കേട്ടോ...മുന്‍ പ്രധാനമന്ത്രി ദേവഗൌഡ അവര്‍കളുടെ മതേതര ജനതാദള്‍‍, സി.പി.ഐ., പഴയ ദേശീയ മുന്നണിയെ വഴിയിലിട്ട് പോയി മന്ത്രിയായ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കു ദേശം, അഴിമതിയും സ്വജനപക്ഷപാതവും തൊട്ടുതീണ്ടിയിട്ടില്ലാത്ത കുമാരി ജയലളിതാമ്മയുടെ എ.ഐ.ഏ.ഡി.എം.കെ, ഫോര്‍വേഡ് ബ്ലോക്ക്, ആര്‍.എസ്.പി., ഹരിയാനാ ജനഹിത് പാര്‍ട്ടി, പി.എം.കെ., ബിജു ജനതാദള്‍...ഇന്നിയും വരാനുണ്ടെന്നാണ് സഗാവ് കാരാട്ടിന്റെ വാദം! വരട്ടെ...വരട്ടെ...വന്നു ഭാരതീയ ജനാധിപത്യത്തിനു കരുത്തേകട്ടെ!

കാര്യങ്ങളിങ്ങനെയൊക്കെ ആണേലും തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എന്നതായിരിയ്ക്കും സംഭവിയ്ക്കാന്‍ പോകുന്നത്? ആരായിരിയ്ക്കും പ്രധാനമന്ത്രി? സാധ്യതകള്‍ എന്തൊക്കെ? സാഹചര്യങ്ങള്‍ ആര്‍ക്കൊക്കെ അനുകൂലം?

ഏറ്റവും കൂടുതല്‍ സീറ്റു നേടുന്ന ഒറ്റക്കക്ഷിയെ ചുറ്റിപ്പറ്റി തന്നെയായിരിയ്ക്കുമല്ലോ പുതിയ സര്‍ക്കാറിന്റെ സാധ്യതകള്‍. ലോകസഭയിലെ നിലവിലുള്ള അംഗബലം നിലനിര്‍ത്താന്‍ കഴിയാതെ കോണ്‍ഗ്രസ് ഏറ്റവും വല്ലിയ ഒറ്റകക്ഷിയാവുന്ന സാഹചര്യത്തിലും സോണിയാ മാഡം സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അവകാശവാദം ഉന്നയിയ്ക്കാം. പക്ഷേ പേരിനെങ്കിലും ഭൂരിപക്ഷം തെളിയിയ്ക്കേണ്ടേ? എന്നാ ചെയ്യും. മാരത്തോണ്‍ ചര്‍ച്ചകള്‍... യൂ.പീ.ഏ യിലാണോ എന്നു ചോയിച്ചാല്‍ അല്ലെന്നും അല്ലേ എന്നു ചോയിച്ചാല്‍ ആണെന്നും പറഞ്ഞ് നില്‍ക്കുന്ന പവാര്‍ ലാലു മുലായം പ്രഭൃതികളില്‍ ലാലുവും മുലായവും പസ്വാനും കാണ്‍ഗ്രസിനു നിരുപാധിക പിന്തുണ നല്‍കി മാഡത്തിന്റെ മോഹങ്ങള്‍ക്ക് ചിറക് നല്‍കും. പവാര്‍ പക്ഷേ പിടി കൊടുക്കില്ല. ഇപ്പോഴുള്ള യൂ.പീ.ഏയും ഇന്നി യൂ.പീ.യേയിലേയ്ക്ക് വരാനുള്ളവരേം കൂടെ ചേര്‍ത്താലും ഇരുന്നൂറ്റി അറുപത്തി മുന്നില്‍ എത്താന്‍ പിന്നെയും വഴി ബാക്കിയായിരിയ്ക്കേം ചെയ്യും.

അങ്ങിനെയൊരു സാഹചര്യത്തില്‍ പിന്നെ സാധ്യത ഇടതു പക്ഷത്തിന്റെ പിന്തുണയാണ്. മന്മോഹന സിംഗിന്റെ നേതൃത്വത്തില്‍ ഒരു സര്‍ക്കാറുണ്ടാകുന്നതിനെ ഇടതുപക്ഷം പിന്തുണയ്ക്കുമെന്നു സാക്ഷാല്‍ മാഡം പോലും സ്വപ്നം കാണുമെന്നു തോന്നുന്നുമില്ല. അറുപത് കയ്യുകള്‍ മായാവതി പറയുന്നതുപോലെ പൊങ്ങുമെങ്കില്‍ മായാവതി ഉപപ്രധാനമന്ത്രിയായി മന്മോഹന സിംഗ് പ്രധാനമന്ത്രിയായേക്കും-ഇടതു പക്ഷത്തിന്റെ പിന്തുണയില്ലാതെ തന്നെ. പക്ഷേ അതിനുള്ള സാധ്യത മായാവതിയ്ക്ക് പ്രധാനമന്ത്രിയാകാനുള്ള സാഹചര്യം എത്രയും കുറയുന്നോ അത്രയുമേ ഉണ്ടാവുകയും ഉള്ളൂ. മായാ‍വതിയ്ക്ക് ഒരു തട്ടിക്കൂട്ട് മന്ത്രിസഭ ഉണ്ടാക്കാനുള്ള സാധ്യത ഇല്ലാതായെങ്കില്‍ മാത്രമേ ഇങ്ങിനെയൊരു സാഹചര്യത്തിനും സാധ്യതയുള്ളൂ. മായാവതി ആ ഒത്തുതീര്‍പ്പിനു തയ്യാറാവാതിരിയ്ക്കുകയാണേല്‍ ഇടതുപക്ഷത്തിന്റെ പിന്തൂണയ്ക്ക് വേണ്ടി കോണ്‍ഗ്രസിനു പണിയെടുക്കേണ്ടി വരും. അവിടെ മന്മോഹന സിംഗ് പുറത്ത്. ഇടതു പക്ഷവും കൂടി ചേര്‍ന്ന ഒരു സര്‍ക്കാര്‍ അങ്ങിനെയെങ്കില്‍ പിറവിയെടുക്കാം. ഒരു പക്ഷേ ഏ.കേ. ആന്റണിയോ പ്രണാബ് സാറോ പ്രധാനമന്ത്രിയാകാം.

കോണ്‍ഗ്രസ് വിരോധം പ്രധാന പ്രചരണയുധമാക്കി ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളില്‍ നേരിട്ട് കോണ്‍ഗ്രസിനെ എതിര്‍ത്ത് എം.പീമാരാകുന്നവര്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രിയ്ക്ക് വേണ്ടി കൈ പൊക്കിയത് കഴിഞ്ഞ നാലര വര്‍ഷം ഭാരത ജനാധിപത്യം കണ്ടു. ബീ.ജേ.പീ വിരോധത്തിന്റെ പേരില്‍ വീണ്ടും അതു തന്നെ സംഭവിയ്ക്കാം. വ്യത്യസ്ത പ്രകടന പത്രികയും പ്രത്യായ ശാസ്ത്രവുമായി ഇലക്ഷനില്‍ തമ്മില്‍ തല്ലിയവര്‍ അധികാരത്തിന്റെ ഇടനാഴികളില്‍ സമരസപ്പെടുന്ന ചീഞ്ഞു നാറിയ കാഴ്ചകള്‍ക്കാണ് വീണ്ടും ഇന്ദ്രപ്രസ്ഥം സാക്ഷിയാകാന്‍ പോകുന്നത്. ഏറ്റവും വല്ലിയ ഒറ്റകക്ഷിയായി കോണ്‍ഗ്രസ് മാറുകയാണെങ്കില്‍ ഒരു സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഇടതു പക്ഷം കോണ്‍ഗ്രസിനു പിന്തുണ നല്‍കും എന്നതില്‍ തര്‍ക്കത്തിനു വകയില്ല. അങ്ങിനെയെങ്കില്‍ പിന്നെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ കാട്ടികൂട്ടുന്ന കാടടച്ച പ്രചാരണ പ്രകടനങ്ങളുടെ അര്‍ത്ഥം എന്താണ്?

ഇന്നി ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ ജയിച്ചു വരുന്ന ഒറ്റ കക്ഷി ബീ.ജേ.പി ആണെങ്കിലും സാ‍ഹചര്യങ്ങളില്‍ വല്ലിയ വിത്യാസം ഒന്നും ഉണ്ടാകില്ല. അപ്പോള്‍ സര്‍ക്കാറുണ്ടാക്കാന്‍ ബീ.ജേ.പിയ്ക്ക് കൂട്ട് ഇന്ന് മൂന്നാം മുന്നണിയുമായി മുന്നോട്ടു പോകുന്ന ജയലളിതയും ചന്ദ്രബാബു നായിഡുവും ഒരു പക്ഷേ ശരത് പവാറും, പസ്വാനും ഒക്കെയായിരിയ്ക്കും. ഒന്നുകില്‍ മായാവതി അല്ലെങ്കില്‍ മുലായം സിങ്ങ് - എന്‍.ഡി.ഏയില്‍ എത്തിയാലും അത്ഭുതമില്ല. കണ്ടിടത്തോളം ഒറ്റകക്ഷിയായി ബീ.ജേ.പി മുന്നിലെത്തിയാല്‍ മൂന്നാം മുന്നണിയിലെ മിക്ക പാര്‍ട്ടികളും നാ‍ലാം മുന്നണിയും എന്‍.ഡി.ഏ സര്‍ക്കാറിന്റെ ഭാഗമാകാനാണ് സാധ്യത.

ഇടതു പക്ഷത്തിനും മായാവതിയ്ക്കും ജയലളിതയ്ക്കും മതേതര ജനതാദളിനും കൂടി ഭരിയ്ക്കാനുള്ള സീറ്റിനടുത്തെങ്ങാനും എത്താന്‍ കഴിഞ്ഞാലും സംഭവിയ്ക്കാന്‍ പോകുന്നത് ഇതൊക്കെ തന്നെ. മായാവതി പ്രധാന മന്ത്രി. കൂടെ പവാര്‍ ഉണ്ടാകും. നാലാം മുന്നണിയിലെ മൂന്ന് സഹോദരന്മാരില്‍ രണ്ട് സഹോദരന്മാര്‍ മായവതി സര്‍ക്കാറില്‍ ചേരും. മുലായം പുറത്ത്. ലാലുവും പസ്വാനും അകത്ത്. എന്‍.ഡി.ഏയില്‍ ബീ.ജേ.പി ഒഴികെയുള്ള കക്ഷികള്‍ മായാവതി സര്‍ക്കാറില്‍ പങ്കാളികള്‍ ആയിരിയ്ക്കുകയും ചെയ്യും. യൂ.പിയേയില്‍ ഇപ്പോഴുള്ള കക്ഷികള്‍ ലീഗും ഡി.എം.കെയും മാണി കാണ്‍ഗ്രസും മാത്രമാകയാല്‍ ഇന്നിയും അതില്‍ നിന്നും കൂടുതല്‍ ചോര്‍ച്ചയുണ്ടാകാന്‍ വഴിയില്ല. പക്ഷേ കാണ്‍ഗ്രസില്‍ നിന്നും ഏതെങ്കിലും വിഭാഗം അടര്‍ന്ന് മാറി മൂന്നാം മുന്നണി സര്‍ക്കാറില്‍ ചേര്‍ന്നാലും അത്ഭുതപ്പെടരുത്.

തന്നെ ജയിപ്പിച്ച് വിട്ട വോട്ടറന്മാരെ വഞ്ചിച്ച് എതിര്‍ ചേരിയ്ക്ക് വേണ്ടി ലോകസഭയില്‍ കൈപൊക്കുന്ന രാഷ്ട്രീയ പാപ്പരത്തം ഭാരത ജനാധിപത്യത്തിലെ ഏറ്റവും ചീഞ്ഞ മുഖമാണ് തുറന്ന് കാട്ടുന്നത്. അതായത് തിരുവനന്തപുരം ലോകസഭാ മണ്ഡലത്തില്‍ ഇടതു പക്ഷ സ്ഥാനാര്‍ത്ഥി ജയിക്കുകയും ലോകസഭയില്‍ കൈ പൊക്കേണ്ടി വരുമ്പോള്‍ തിരുവനന്തപുരത്ത് തോല്പിച്ച കക്ഷിയ്ക്ക് വേണ്ടി തിരുവനന്തപുരത്തെ എം.പി കൈ പൊക്കുകയും ചെയ്യുന്നിടത്ത് എന്തു ജനാധിപത്യ മര്യാദയാണ് പാലിയ്ക്കപ്പെടുന്നത്?

ചെരുപ്പുകള്‍ക്ക് ജനാധിപത്യത്തിലുള്ള പ്രാധാന്യം ഇവിടെയാണ് പ്രസക്തമാകുന്നത്. ലോകസഭയില്‍ എന്തിന്റെ പേരിലായാലും എതിര്‍ ചേരിയ്ക്ക് വേണ്ടി കൈപൊക്കുന്നവനെ ചെരുപ്പ് കൊണ്ടാണ് സ്വീകരിയ്ക്കേണ്ടുന്നത്. ജയിയ്ക്കുന്നതോടെ അവസാനിയ്ക്കേണ്ടുന്നതല്ല വോട്ടറന്മാരോടുള്ള വിധേയത്വം. തിരഞ്ഞെടുപ്പില്‍ മുന്നോട്ടു വെയ്ക്കുന്ന വിഷയങ്ങളോട്, പ്രത്യായ ശാസ്ത്രത്തോട്, പ്രകടന പത്രികയോട്, വോട്ടു നല്‍കി വിജയിപ്പിച്ച വോട്ടറന്മാരോട് നീതി പുലര്‍ത്താന്‍ കഴിയാത്ത എം.പി.മാരെ കൈകാര്യം ചെയ്യാനുള്ള സാധനമാണ് പഴകി ദ്രവിച്ച ചെരുപ്പുകള്‍!

ആര്‍ക്കും ഒറ്റയ്ക്ക് ഭരിയ്ക്കാനുള്ള അംഗബലം ഈ തിരഞ്ഞെടുപ്പില്‍ ലഭിയ്ക്കില്ലാ എന്ന വസ്തുത മനസ്സിലാക്കാതെയല്ല ഇങ്ങിനെ പറയേണ്ടി വരുന്നത്. ഒരു ഒറ്റ കക്ഷിയ്ക്ക് ഭൂരിപക്ഷം ഇല്ലാതെ വന്നാല്‍ പിന്നെ കൂട്ടുമുന്നണീ സര്‍ക്കാറിനേ സാധ്യതയുള്ളൂ. അല്ലെങ്കില്‍ ആര്‍ക്കും മന്ത്രിസഭയുണ്ടാക്കാന്‍ കഴിയാതെ വരികയും വീണ്ടും തിരഞ്ഞെടുപ്പ് പ്രഖ്യാപിയ്ക്കേണ്ടി വരികയും ചെയ്യും. ആ തിരഞ്ഞെടുപ്പിലും ആര്‍ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയില്ലാ എങ്കില്‍ വീണ്ടും വീണ്ടും തിരഞ്ഞെടുപ്പ് നടത്തുക എന്ന അവസ്ഥ സംജാതമാകും. ഭരണഘടനാ പ്രതിസന്ധിയായിരിയ്ക്കും പരിണിതി.

ഒരു കക്ഷിയ്ക്കും ഒറ്റയ്ക്ക് ഭരിയ്ക്കാന്‍ കഴിയാത്തിടത്ത് കൂട്ടുമുന്നണികള്‍ അനിവാര്യമാണ്. പക്ഷേ അത് തിരഞ്ഞെടുപ്പിനു മുന്നേ ഉണ്ടാകണം. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഉണ്ടാക്കുന്ന ഏതു തരം നീക്കുപോക്കുകളും അവിശുദ്ധം തന്നെയാണ്. ജനങ്ങളുടെ മുന്നില്‍ പരാജയപ്പെടുന്നവനെ കുറുക്കു വഴികളിലൂടെ അധികാരത്തിലെത്തിയ്ക്കാനേ തിരഞ്ഞെടുപ്പാനന്തര നീക്കുപോക്കുകളിലൂടേയും മിനിമം പൊതു പരിപാടി എന്ന പൊതുജനത്തെ പറ്റിപ്പു പരിപാടികളിലൂടേയും സാഹചര്യം ഒരുക്കകയുള്ളൂ‍. അല്ലെങ്കില്‍ തോറ്റവര്‍ക്ക് ഭരണം പിടിയ്ക്കാനുള്ള പൊതുമിനിമം പരിപാടിയാണ് തിരഞ്ഞെടുപ്പാനന്തര മുന്നണി രൂപീകരണത്തിലൂടെ സംഭവിയ്ക്കുന്നത്.

ഒന്നു പറഞ്ഞ് ജയിയ്ക്കുക മറ്റൊന്നു പറഞ്ഞ് ഭരിയ്ക്കുക വേറൊന്നു പറഞ്ഞ് വീണ്ടും വൊട്ടു തെണ്ടിയെത്തുക...
പ്രിയപ്പെട്ട വോട്ടറന്മാരേ,
ഇവര്‍ക്കായി കരുതി വെയ്ക്കുക- തേഞ്ഞു പഴകിയ ചെരുപ്പുകള്‍!
ആവുന്നിടത്തോളം സൂക്ഷിച്ചു വെയ്ക്കക!
കിട്ടുന്ന അവസരങ്ങളില്‍ ഉന്നം തെറ്റാതെ കീച്ചുക!
--------------------------------------
പ്രിയ വായാനക്കാരാ,
താങ്കള്‍ ഈ കുറിപ്പിനെ എങ്ങിനെ വിലയിരുത്തി?
താഴെ കാണുന്ന റേറ്റിങ്ങില്‍ ഒന്നമര്‍ത്തുന്നതിലൂടെ ഈ കുറിപ്പ് എങ്ങിനെ വായിയ്ക്കപ്പെട്ടു എന്നു ലേഖകനു സ്വയം വിലയിരുത്തുവാന്‍ ഒരവസരമാണ് താങ്കള്‍ നല്‍കുന്നത്. ഒരു നിമിഷം ചിലവഴിയ്ക്കുമല്ലോ?
നന്ദി..

13 comments:

സാജന്‍| SAJAN said...

അഞ്ചലേ, പൂർണ്ണമായും യോജിക്കുന്നു, താങ്കളുടെ നിക്ഷ്പക്ഷ നിലപാട് പ്രംശസീനയമായ മാതൃകയാവട്ടെ, ഇവിടെ പക്ഷം പറയുന്ന പോസ്റ്റുകളുടെ ഇടയിൽ ജനത്തിന്റെ ഭാഗത്ത് നിന്ന് സംസാരിക്കാനും ആളുകൾ ഉണ്ടാവുകയെന്നത് അഭിനന്ദനം അർഹിക്കുന്നു.

പെറ്റിയില്ലാണ്ട് സ്റ്റാർ അഞ്ചും ഇട്ടിട്ടുണ്ട്:)

ശ്രീ said...

കൊള്ളാം മാഷേ. നല്ല പോസ്റ്റ്
:)

Pongummoodan said...

വിശദമായി പറഞ്ഞിരിക്കുന്നു. നന്നായി. 5 നക്ഷത്രങ്ങൾ ഒട്ടും മടിക്കാതെ ഞാൻ തന്നിരിക്കുന്നു :)

അനില്‍ശ്രീ... said...

സത്യം സത്യമായി എഴുതിയിരിക്കുന്നു. മുന്നണികള്‍ എങ്ങുമെത്താതെ ഇരുട്ടില്‍ കഴിയുന്ന അവസ്ഥയാണുള്ളത്.

ഇനിയാണ് ചൊദ്യം. ജനങ്ങള്‍ എന്ത് ചെയ്യണമെന്നാണ് അഞ്ചല്‍ പറയുന്നത്? ഇത്രയും വലിയൊരു രാജ്യത്ത് നിന്ന് അഞ്ഞൂറിലേറെ പ്രതിനിധികള്‍ ഇത്രയും വലിയൊരു ജനാധിപത്യ സം‌വിധാനത്തിന്റെ ഭാഗമാകുമ്പോള്‍ ഏതെങ്കിലും ഒരു കക്ഷിക്ക് മൃഗീയ ഭൂരിപക്ഷം കിട്ടും എന്ന് വിചാരിക്കാന്‍ ഇന്നത്തെ സഹചര്യത്തില്‍ സാധ്യമല്ല.

ആര്‍ക്കുവേണ്ടിയെങ്കിലും കൈപൊക്കിയില്ലെങ്കില്‍ മറ്റൊരു തെരെഞ്ഞടുപ്പിലേക്ക് ഇറങ്ങുക എന്നതാണ് സാഹചര്യം എങ്കില്‍ തങ്ങളുടെ തത്വങ്ങള്‍ക്ക് ഒരിക്കലും യോജിക്കാത്തവരൊട് ചേരാതെ, തത്വങ്ങളോട് അടുത്തെങ്കിലും വിശ്വസിക്കുന്നതെന്ന് കരുതുന്നവര്‍ക്ക് വേണ്ടി കൈപൊക്കുക എന്നതല്ലേ ജനാധിപത്യ മര്യാദ. കഴിഞ്ഞ തവണ ഇടതു മുന്നണി ചെയ്തപോലെ തത്വാധിഷ്ടിത പിന്തുണ നല്‍കുന്നതില്‍ എന്താണ് തെറ്റ്? ഏതെങ്കിലും നയങ്ങള്‍ തെറ്റാണെങ്കില്‍ വിളിച്ചു പറയാമല്ലോ, പിന്തുണ പിന്‍‌വലിക്കുകയുമാവാം... ‍

ഇനിയുള്ളത്, വോട്ട് ചെയ്യാതിരിക്കാം. പക്ഷേ അതൊരു ശരിയായ കീഴ്വഴക്കമാണോ? നയങ്ങള്‍ക്ക് കൈപൊക്കുക എന്നതില്‍ കവിഞ്ഞ് തങ്ങളുടെ മണ്ഡലങ്ങള്‍ക്ക് വേണ്ടി തന്നേക്കൊണ്ട് കഴിയുന്നപോലെ എന്തെങ്കിലുമൊക്കെ ചെയ്യുകയെന്നതും ഒരു എം.പി-യുടെ പണിയാണ്. അങ്ങനെ വരുമ്പോള്‍, തന്റെ മണ്ഡലത്തിന് യോജിച്ചവനാരെന്ന് കൂടി നോക്കി വേണം വോട്ട് ചെയ്യാന്‍.

നാടിനെ അറിയാത്തവനെ, നാട്ടുകാരനെ അറിയാത്തവനെ, പട്ടിണിപ്പാവങ്ങളെ അറിയാത്തവനെ ജയിപ്പിച്ച് വിട്ടിട്ട് അവന്‍ മന്ത്രിയായത് കൊണ്ട് നാടിനെന്തു ഗുണം !!! ജനങ്ങള്‍ ചിന്തിക്കട്ടെ...

അനില്‍ശ്രീ... said...

ഒരു കാര്യം കൂടി.. വിദേശത്തിരുന്ന് നോക്കുമ്പോള്‍ നമുക്ക് ഇതൊരു തമാശക്കളിയായി തോന്നും. അങ്ങനെയാണോ യഥാര്‍ത്ഥത്തില്‍..

ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ, അല്ലെങ്കില്‍ ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഒരു രാജ്യത്തിന്റെ തെരെഞ്ഞെടുപ്പാണ് നടക്കുന്നത് എന്നോര്‍ക്കുക..

അഞ്ചല്‍ക്കാരന്‍ said...

അനില്‍ശ്രീ,
താങ്കളുടെ കമന്റ് വരുന്നതിനു മുന്നേ തന്നെ ലേഖനം എഡിറ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റ് ചെയ്ത് കഴിഞ്ഞപ്പോഴാണ് താങ്കള്‍ ഉന്നയിച്ച പോലെയൊരു സംശയം എന്നിലും ഉടലെടുത്തത്. ശരിയാണ്. ആര്‍ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിയ്ക്കാത്ത നിലയ്ക്കും ഗവണ്മെന്റ് ഉണ്ടാവുക തന്നെ ചെയ്യണം. പക്ഷേ അതിനു തിരഞ്ഞെടുപ്പിനു മുന്നേ സഖ്യങ്ങള്‍ ഉണ്ടാക്കണം. ആ സഖ്യങ്ങളും ജനഹിത പരിശോധനയ്ക്ക് പാത്രമാകണം - തിരഞ്ഞെടുപ്പില്‍. തിരഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യങ്ങള്‍ ജനഹിതത്തിനു എതിരു തന്നെയാണ്. ഭാരതീയ ജനതാപാര്‍ട്ടിക്ക് എതിരേ കുത്തിയ വോട്ടുകളായിരുന്നു ആയിരത്തി തൊള്ളായിരത്തി തൊണ്ണൂ‍റ്റി ഒമ്പതില്‍ ആന്ത്രയില്‍ ചന്ദ്രബാബു നായിഡുവിന്റെ പെട്ടിയില്‍ വീണത്. സംഭവിച്ചതോ ചന്ദ്രബാബു നായിഡു വാജ്പേയീ സര്‍ക്കാറില്‍ ചേര്‍ന്നു.

രണ്ടായിരത്തി നാലില്‍ കോണ്‍ഗ്രസിനെതിരേ വീണ വോട്ടുകള്‍ ലോകസഭയില്‍ കോണ്‍ഗ്രസിനു അനുകൂലമായി മാറി. എന്തിന്റെ പേരിലായാലും ഇതൊക്കെയും ജനഹിതത്തിനു വിരുദ്ധമാണ്.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

താങ്കൾ ഉന്നയിച്ചിരിക്കുന്ന പ്രശ്നങ്ങളിലെ ആത്മാർത്ഥതയെ അംഗീകരിയ്ക്കുന്നു.അതേ സമയം ചുമ്മാ കാടടച്ച് വെടിവയ്ക്കുന്നതും ശരിയല്ല.എന്റെ ഒന്നു രണ്ട് നിരീക്ഷണങ്ങൾ പറയട്ടെ.

നമ്മുടെ ജനാധിപത്യ സംവിധാനത്തിൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടുന്നവനാണു വിജയിക്കുന്നത്.ഒരു മണ്ഡലത്തിൽ മൊത്തം 10,000 വോട്ട് ഉണ്ടെന്നും അതിൽ 5 സ്ഥാനാർത്ഥികളും ഉണ്ടെന്നും കരുതുക.അവർ യഥാക്രമം,4000,2000,2000,1000,1000 എന്നിങ്ങനെ വോട്ടുകൾ നേടി എന്നും കരുതുക.അപ്പോൾ ആരാണു വിജയിക്കുന്നത്? 4000 വോട്ടു കിട്ടിയ ആൾ തന്നെ.അപ്പോൾ ബാകിയുള്ള ഭൂരിപക്ഷമായ 6000 മോ? അപ്പോൾ 4000 കിട്ടിയവനെ വിജയി ആക്കുന്ന സമ്പ്രദായം താങ്കൾ പറയുന്ന രീതിയിൽ ജനാഭിലാഷത്തിനു എതിരല്ലേ?

എതിരാണു എന്നു ഞാനും സമ്മതിയ്ക്കുന്നു.അതാണു നമ്മുടെ ജനാധിപത്യത്തിന്റെ സംവിധാനത്തിനെ ഒരു തകരാറും.മറ്റു പല രാജ്യങ്ങളിലുമുള്ള പോലെ 51% വോട്ട് കിട്ടണമെന്നോ അല്ലെങ്കിൽ രണ്ടിലൊരാൾക്ക് അത് കിട്ടുന്ന വരെ തെരഞ്ഞെടുപ്പ് നടത്തണമെന്നോ ഇവിടെ നിയമം ഇല്ല.
ഇനി മറ്റൊരു സമ്പ്രദായത്തിൽ വ്യക്തികൾക്ക് പകരം പാർട്ടികൾ മത്സരിയ്ക്കുകയും , ഓരൊ പാർട്ടിയ്ക്കും കിട്ടിയ വോട്ടു ശതമാനം അനുസരിച്ച് സീറ്റുകൾ നൽ‌കുകയും ചെയ്യുന്നു.

ഇപ്പോൾ പറഞ്ഞ ഈ രണ്ട് മാതൃകകളും നമ്മുടെ രാജ്യത്ത് അനുകരണീയമാകണമെങ്കിൽ നമ്മുടെ രാജ്യം സാകഷരതയിലും, ജീവിത രീതികളിലും ഒക്കെ ഒട്ടനവധി മുന്നേറ്റം നടത്തേണ്ടിയിരിയ്ക്കുന്നു.ഭാരതത്തിലെ സർക്കാരുകൾക്ക് ( എന്നു വച്ചാൽ ഭരണകൂടങ്ങൾക്ക്) അതിൽ താൽ‌പര്യമില്ല.അവർക്കിപ്പോളും ചിഹ്നം നോക്കി, ജാതി നോക്കി,ഒക്കെ വോട്ട് ചെയ്യുന്ന നിരക്ഷര കുക്ഷികളെ തന്നെയാണ് വേണ്ടത്.അപ്പോൾ ഇങ്ങനെ ഒക്കെയേ നടക്കൂ..

ഇനി ഇടതു പക്ഷം കോൺ‌ഗ്രസിനെ പിന്തുണച്ചത് .ആ സന്ദർഭത്തിൽ അതല്ലാതെ ബി.ജെ.പിയെ മാറ്റി നിർത്താൻ വേറെന്തായിരുന്നു പോം വഴി?അതോ ബി.ജെ.പി യെ പിന്തുണമായിരുന്നൊ?എന്നിട്ടും കണ്ണുമടച്ചു പിന്തുണയ്ക്കുയല്ലായിരുന്നു ഇടതു പക്ഷം ചെയ്തത്.ഒരു മിനിമം പരിപാടിയെ ആണു പിന്താങ്ങിയതും, അതിലെ പദ്ധതികൾ നടപ്പിലാക്കാൻ നിരന്തരം ഇടതുപക്ഷ്ത്തിന്റെ ഇടപെടലുകൾ ഉണ്ടായി എന്നതും ചുമ്മാ വിസ്മരിച്ചു കൂടാ.തൊഴിലുറപ്പു നിയമവും ( നടക്കുമോ എന്ന് ഉറപ്പില്ലെങ്കിലും), പൊതു മേഖലയുടെ സ്വകാര്യവത്കരണത്തെ എതിർത്തതും,തൊഴിൽ നിയമങ്ങൾ സംരക്ഷിച്ചതും എല്ലാം അതിന്റെ ഭാഗമായല്ലേ?എപ്പോൾ അതിനു മാറ്റം വന്നു വോ അപ്പോൾ ആപിന്തുണ പിൻ വലിയ്ക്കുകയും ചെയ്ത്?

എന്താണു അതിന്റെ പരിണതി? ഈ അഞ്ചു വർഷം കൊണ്ട് ബി.ജെ.പി വീണ്ടും തകർച്ചയിലേയ്ക് കൂപ്പുകുത്തി.ഇന്നിപ്പോൾ ബി.ജെ.പി അധികാരത്തിൽ വരുമെന്ന് അവർ പോലും പറയുന്നില്ല.ഇത് ഇടതു പക്ഷം രാജ്യത്തിനു നൽ‌കിയ ഏറ്റവും വലിയ സേവനം അല്ലേ? അതിനെ ഒക്കെ മറന്നു കൊണ്ട് താങ്കളെപ്പോലെ ശരിയായി ചിന്തിയ്ക്കുന്ന ഒരാൾ ഇങ്ങനെ ഒക്കെ ബ്ലോഗിലൂടെ പ്രചരിപ്പിയ്ക്കാമോ?ഇടതു പക്ഷം ചെയ്തത് വെറും കൈ പൊക്കൽ അല്ലായിരുന്നു എന്നോർക്കുക.ഭരണത്തിൽ പങ്കാളികൾ ആകാമായിരുന്നിട്ടും അതൊന്നും ചെയ്തില്ല.

അപ്പോൾ കുറഞ്ഞ പക്ഷം ഇടതു പക്ഷത്തെ ഒന്നു അനുമോദിയ്ക്കുകയെങ്കിലും ചെയ്യേണ്ടേ താങ്കളെപ്പോലെയുള്ളവർ??

ഇന്നിപ്പോൾ കോൺ‌ഗ്രസും, ബി.ജെ.പിയുമല്ലാത്തെ ഒരു ശക്തി ഉണ്ടാവുന്നതിനു സാഹചര്യം ഉണ്ട്.അതു പൂർണ്ണമായും എല്ലാം തികഞ്ഞത് ആണെന്നൊന്നും ഞാൻ പറയുന്നില്ല.എന്നാലും കോൺഗ്രസിന്റെ സാമ്രാജ്യത്വ ദാസ്യ വേല ചെയ്യാത്ത ഏതു ശക്തിയും ഭാരതത്തിനു ഗുണം ചെയുമെന്നാണു എന്റെ വിശ്വാസം.കാത്തിരുന്നു കാണാം

പിന്നെ, ചന്ദ്ര ബാബു നായുഡു ഒക്കെ ബൂർഷ്വാ പാർട്ടികളുടെ ഉത്തമ ഉദാഹരണമാണ്.അതു ഡി.എം.കെയും അങ്ങനെ തന്നെ.മൂന്നാം മുന്നണിയുടെ ചെയർമാൻ ആയിരുന്ന സമയത്താണു നായിഡു ബി.ജെ.പിയ്ക്കൂ പിന്തുണയ്യുമായി പോയത്.അവരൊക്കെ അന്നത്തെ അനുഭവങ്ങളിൽ നിന്നു പാഠം ഉൾക്കൊണ്ട് എന്ന് പ്രതീക്ഷിയ്ക്കാം.

മനനം മനോമനന്‍ said...

പ്രിയ അഞ്ചൽ.

താങ്കൾ നിരീക്ഷണങ്ങളിൽ നിന്ന്‌ തെരഞ്ഞെടുപ്പിനു ശേഷം സംഭവിയ്ക്കാവുന്ന ഒരു വിധ സാധ്യതകളേയും ഒഴിവാക്കിയിട്ടില്ല. തീർച്ചയായും താ‍ങ്കൾ നിരീക്ഷിച്ചവയിൽ ഏതെങ്കിലും തന്നെയേ സംഭവിയ്ക്കൂ. ഇതിപ്പോൾ എല്ലാ‍ാവർക്കും അറിയാവുന്ന കാര്യമാണ്. പക്ഷെ യാഥാർഥ്യങ്ങൾക്കു നേരേ കണ്ണടയ്ച്ചിട്ടു മാത്രമേ ഇങ്ങനെ കാടടച്ച്‌ അധിക്ഷേപിയ്ക്കാൻ കഴിയുകയുള്ളു.

അഞ്ച്ചുപേറരുള്ളതിൽ മൂന്നു പേർ കാൽ പൊക്കിയിട്ട്‌ ഇതു കയ്യാണെന്നും രണ്ടുപേർ കാൽ പൊക്കിയിട്ട്‌ ഇതു കാലാണെന്നും പറഞ്ഞാൽ മൂന്നുപേർ ഭൂരിപക്ഷമായതുകൊണ്ട്‌ കാലു കൈയ്യാണെന്ന്‌ അംഗീകരിയ്ക്കേണ്ടി വരുന്നതാണ് നമ്മുടെ ജനാധിപത്യം. ജനാധിപത്യം നേരിടുന്ന പരിമിതികളിൽ ഒന്നും ഇതുതന്നെ .പക്ഷെ എന്നു വച്ച്‌ ജനാധിപത്യത്തെ നിരാകരിയ്ക്കാൻ സാധിക്കുമോ?

കാലാകാലങ്ങളിൽ തെരഞ്ഞെടുപ്പു നടക്കണം. ഭരണ സംവിധാനം രൂപപ്പെടുകയും വേണം.ബഹുകക്ഷി ജനാധിപത്യം ആയതിനാൽ വ്യത്യസ്ഥ ലക്ഷ്യങ്ങളുമായി നിൽക്കുന്ന എണ്ണമറ്റ രാഷ്ട്രീയകക്ഷികളുടെ ബാഹുല്യവുമുണ്ട്‌. .ഏതെല്ലാം ആദർശങ്ങളും ലക്ഷ്യങ്ങളും ഉയർത്തി പിടിയ്ക്കുന്ന കക്ഷികളാണെങ്കിലും ആത്യന്തിക ലക്ഷ്യം ഭരണം തന്നെയാണ്. ഭരണകൂടം ഉണ്ടാക്കുവാനോ, ഭരണത്തെ സ്വാധീനിയ്ക്കുവാനോ അല്ലെങ്കിൽ പിന്നെ തെരഞ്ഞെടുപ്പിൽ മത്സരിയ്ക്കേണ്ടതും ഇല്ല. ഈ യാഥാർഥ്യവും മുൻ നിർത്തിവേണം ഒരു തെരഞ്ഞെടുപ്പു വിശകലനം നടത്താൻ.

ആരു ഭരിയ്ക്കണം എന്നു തീരുമാനിയ്ക്കുവാനാണ് തെരഞ്ഞെടുപ്പ്‌ എന്നിരിയ്ക്കെ, കക്ഷികളുടെ അധികാര മോഹത്തെ കുറിച്ചുള്ള ആക്ഷേപങ്ങൾക്കു പ്രസക്തിയില്ല. പിന്നെ മറ്റൊന്നുള്ളത്‌ അധികാര ലബ്ധിയ്ക്കു വേണ്ടിയുള്ള പരിശ്രമങ്ങളെപ്പോലും കക്ഷികൾക്ക് അവർ ഉയർത്തിപ്പിടിയ്ക്കുന്ന ആദർശങ്ങളുമായി എത്ര കണ്ട്` പൊരുത്തപ്പെടുത്തി കൊണ്ടുപോകാൻ കഴിയുന്നു എന്നുള്ളതാണ്. എന്തെങ്കിലും ചില ആദർശങ്ങലും, പ്രത്യയശാസ്ത്രങ്ങളും, പ്രഖ്യാപിത ലക്ഷ്യങ്ങളും, ഉയർത്തി പിടിയ്ക്കുന്ന കക്ഷികളെ സംബന്ധിച്ച്‌ ഇതൊരു പ്രതിസന്ധി തന്നെയാണ്. അങ്ങനെ നോക്കുമ്പൊൾ എണ്ണപ്പെട്ട കക്ഷികൾക്കേ ഭരിയ്ക്കുക എന്നതിനപ്പുറം ഭരണം തങ്ങളുടെ ലക്ഷ്യ സാധൂകരണത്തിനുള്ള ഒരു ഉപാധി ആകുന്നുള്ളു.

നിർഭാഗ്യ വശാൽ ഇൻഡ്യയിലെ മിക്ക കക്ഷികളും അധികാര ലഭ്യതയെ മുന്നിർത്തിയുള്ളവയാണ്. അതിനിടയിൽ തങ്ങൾ ഉയർത്തുന്ന എല്ലാ മൂല്യങ്ങളിലും ഉറച്ചു നിന്നു കൊണ്ട്‌ ഒരു തെരഞ്ഞെടുപ്പു പോരാട്ടം എന്നത്‌ രാഷ്ട്രീയ കക്ഷികൾക്കു മുന്നിലെ ഒരു കീറാമുട്ടിയാകുന്നു. ഇവിടെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ അഭിമുഖീകരിയ്ക്കുന്നതും അത്തരം ഒരു പ്രതിസന്ധിയെ ആണ്. അവയുടെ പ്രത്യയ ശാസ്ത്രങ്ങൾക്കു എളുപ്പം വഴിപ്പെടുന്ന ഒരു സമൂഹമോ സാമൂഹ്യസാഹചര്യങ്ങളോ അല്ല ഇന്ത്യയിൽ ഉള്ളത്‌.

താങ്കൾ ഇടതുപക്ഷത്തേയും പരാമർശിച്ചിട്ടുണ്ടല്ലോ! താങ്കൾ പറയൂ. ഇന്ത്യയിലെ ഇന്നും നിലനിൽക്കുന്ന സാഹചര്യങ്ങളിൽ ഇടതുപക്ഷത്തിന് വിമർശനാതീതമായ ഏതൊരു നിലപാടിലാണ് എത്താൻ കഴിയുക: താൽക്കാലികമായ വിട്ടു വീഴ്ചകളിൽ അല്ലാതെ ? ആരെയും കൂട്ടാതെ കേരളത്തിലും ബംഗാളിലും, ത്രിപുരയിലും നിന്നു കിട്ടാവുന്ന നാമമാത്രമായ അംഗസംഖ്യയും കൊണ്ട്‌ ചെന്ന്‌ ദേശീയ രാഷ്ട്രീയത്തിൽ നിഷ്പക്ഷത കളിച്ചാൽ മതിയോ?
തെരഞ്ഞെടുപ്പിനെപ്പോലും ഒരു പോരാട്ടമായി കാണുകയല്ലാതെ അവർക്ക്‌ എന്താണു ചെയ്യാൻ കഴിയുക? പരിമിതികൾ മനസ്സിലാക്കി അവർ സ്വയം പിരിഞ്ഞു പോകണമെന്നോ?

വർഗ്ഗീയത മറ്റെന്തിനെക്കാളും വലിയ വിപത്താകുമ്പോൾ അതിനെനെ പ്രതിരോധിയ്ക്കുവാൻ ബാധ്യതപ്പെട്ട ഒരു മുന്നണി കഴിഞ്ഞ തവണ ഒരു മതേതര ഗവർണ്മെന്റിനു വഴിയൊരുക്കുകയല്ലാതെ പിന്നെ എന്തു ചെയ്യണമായിരുന്നു? പണ്ട്‌ കോൺഗ്രസ്സിനെതിരെ ഒരു ജനവിധിയുണ്ടായപ്പോൾ ആ വിധി സമ്മാനിച്ച ജനങ്ങളെ നിരാശരാക്കരുതെന്നു കരുതി പുറത്തുനിന്നു ബി.ജെ.പി കൂടി പിന്തുണയ്ക്കുന്ന വിധം ഒരു ഗവർണ്മെന്റുണ്ടാക്കിയതിന്റെ അപകടകരമായ അനന്തരഫലങ്ങൾ നല്കിയ ചരിത്രപാഠം ഇടതുപക്ഷം വിസ്മരിക്കണമോ?

അംഗബലത്തേക്കാൾ നേതാക്കൻ മാരുടെ ബുദ്ധിപരമായ ശേഷികൊണ്ട്‌ ദേശീയ രാഷ്ട്രീയത്തിൽ സ്വന്തം ഉത്തരവാദിത്വങ്ങൾ ഒരു പരിധിവരെയെങ്കിലും നിർവഹിയ്ക്കാൻ ശ്രമിയ്ക്കുന്ന ഇടതുപക്ഷത്തെ നിക്ക്ഷ്പക്ഷതയുടെ മുഖപടമണിഞ്ഞ്‌ വർഗീയകക്ഷികൾ അടക്കമുള്ള ഇന്ത്യയിലെ മറ്റെല്ലാ കഷികളേയും മുന്നണികളേയും പോലെ ഇടതുപക്ഷത്തേയും തുല്യപ്പെടുത്തുന്ന വിമർശനം ഈ തെരഞ്ഞെടുപ്പു ഘട്ടത്തിലും ഉയർത്തിക്കൊണ്ടുവരുന്നതിലൂടെ എല്ലാരും കണക്കുതന്നെന്ന ഒരു തരം ഉദാസീന ന്യായമായേ കരുതാൻ തരമുള്ളു. ഒരുതരം പറഞ്ഞു കയ്യൊഴിയൽ തന്ത്രം.

നിക്ഷ്പക്ഷത എന്നത്‌ ഒരു സങ്കല്പം മാത്രമാണ് . അച്ഛനോടോ അമ്മയോടോ സ്നേഹം, മകനോടോ മകളോടോ സ്നേഹം തുടങ്ങിയ വ്യക്തി കേന്ദ്രീക്ര്‌തമായ ചോദ്യങ്ങൾക്കു മുന്നിൽ മാത്രമാണ് നിഷ്പക്ഷത ഒരു യാഥാർഥ്യമാവുക. അല്ലാതെ സാമൂഹ്യവും. രാഷ്ട്രീയവും മറ്റുമായ സാമൂഹ്യ വ്യവഹാരങ്ങളിൽ നിഷ്പക്ഷത എന്നത്‌ മനസാക്ഷിയ്ക്കു നിരക്കാത്ത ഒരു അടവു നയം മാത്രമാണ്. അതെല്ലായ്പ്പോഴും വിലപ്പോവില്ല.

ഇത്രയൊക്കെ വിശദമായി എഴുതാനും ഫലിപ്പിയ്ക്കാനും കഴിയുന്ന ഏതൊരാളും ഇങ്ങനെയൊക്കെ ആണ് എന്നു പറയുന്നതോടൊപ്പം എങ്ങനെയൊക്കെ ആയിരിയ്ക്കണം എന്നോ അതും കഴിയില്ലെങ്കിൽ ഇങ്ങനെയൊക്കെ ആയിരുന്നെങ്കിൽ എന്നൊരു ആത്മഗതമെങ്കിലും നടത്തുന്നതിൽ തെറ്റില്ല. എല്ലാവരും വിമർശിയ്ക്കുന്നു. നിർദേശങ്ങൾ ആർക്കും ഒട്ടില്ല താനും. വിമർശിയ്ക്കുന്നവർ പരിഹാരവും നിർദ്ദേശിയ്ക്കണമെന്ന്‌ ഭരണഘടനാ അനുശാസനമൊന്നും ഇല്ല. എങ്കിലും താങ്കൾക്ക്‌ കോൺഗ്രസ്സിന് എന്ത്‌ ഉപദേശമാണ് നൽകാനുള്ളത്? ബി.ജെ.പിയ്ക്ക്‌ എന്ത്‌ ഉപദേശമാണ് നൽകാനുള്ളത്‌? ഇടതുപക്ഷം എന്തു ചെയ്യണമെന്നാണ് നിർദ്ദേശിയ്ക്കുവാനുള്ളത്.

ഇപ്പോൾ നടക്കുന്നതൊന്നുംശരിയല്ലെന്നു സമർഥിയ്ക്കുമ്പോൾ ശരിയായിട്ടുള്ള ഒരുപാട്‌ ഉണ്ടെനല്ലേ? ശരികളെക്കുറിച്ച്‌ ഒരു സൂചനയെങ്കിലും....

പകല്‍കിനാവന്‍ | daYdreaMer said...

ഒന്നു പറഞ്ഞ് ജയിയ്ക്കുക മറ്റൊന്നു പറഞ്ഞ് ഭരിയ്ക്കുക വേറൊന്നു പറഞ്ഞ് വീണ്ടും വൊട്ടു തെണ്ടിയെത്തുക...

ഒരൊപ്പ്... വളരെ നല്ല പോസ്റ്റ്..
അഞ്ചു സ്റ്റാര്‍ *****

ഇ.എ.സജിം തട്ടത്തുമല said...
This comment has been removed by the author.
ഇ.എ.സജിം തട്ടത്തുമല said...

പ്രിയ അഞ്ചൽ

പോസ്റ്റു വായിച്ചു. താങ്കൾ പറഞ്ഞതിൽ എന്തും സംഭവിയ്ക്കാം.

പക്ഷെ, ഈ ഒരു സമയത്ത്‌ എല്ലാവരും ഒന്നു പോലെ എന്ന തരത്തിൽ അടച്ചാക്ഷേപിച്ച്‌ നിഷ്പക്ഷനാകാനുള്ള വ്ര്‌ഥാശ്രമം എഴുതാനും പറയാനും ഉള്ള പൌരാവകാശത്തിന്റെ ആനുകൂല്യം മാത്രമേ അർഹിയ്ക്കുന്നുള്ളു. ക്രിയാത്മകമായ നിർദ്ദേശങ്ങളുടെ അകമ്പടിയില്ലാത്ത വിമർശനങ്ങൾ വിമർശിയ്ക്കാൻ വേണ്ടിയുള്ള വിമർശനങ്ങൾ മാത്രമ്മാണ്. തീർച്ചയായും താങ്കൾക്ക്‌ അതിനും ഉള്ള അവകാശം ഉണ്ട്‌.

ചുരുക്കി ഒന്നു മാത്രം പറഞ്ഞു നിർത്താം. ബി.ജെ. പി യെപോലെയല്ല കോൺഗ്രസ്സ്. കോൺഗ്രസ്സിനെ പോലെയല്ല ഇടതുപക്ഷം. എത്രയൊക്കെ നിഷ്പക്ഷവാദങ്ങൾ ഉന്നയിച്ചാലും ഒന്നു മറ്റൊന്നിനോട്‌ ഇവിടെ സദ്ര്‌ശ്യകില്ലതന്നെ. തെരഞ്ഞെടുപ്പുമായി ബന്ധമുള്ള എഴുത്തായതുകൊണ്ട്‌ പറയട്ടെ.

വരുന്ന തെരഞ്ഞെടുപ്പിൽ പൌരബോധമുള്ളവർ വോട്ടു രേഖപ്പെടുത്തിയേ പറ്റൂ. .പോളിംഗ് ബൂത്തിൽ നിഷ്പക്ഷരാകാൻ ആർക്കും കഴിയില്ല. ബാലറ്റിൽ ഒരു ചിഹ്നത്തിലേ വോട്ടു ചെയ്യാനാകൂ. പോളിഗ് ബൂത്തിലും നിഷ്പക്ഷരായാൽ വോട്ട്‌ അസാധുവാകും. അങ്ങനെയുള്ളവർ വീട്ടിലിരിയ്ക്കുന്നതാണ് നല്ലത്‌. വേണമെങ്കിൽ ഇങ്ങനെ ചില പോസ്റ്റുകൾ എഴുതി സമാധാനിയ്ക്കുകയും ആകാം.

ഇങ്ങനെ എഴുതി എന്നു കരുതി താങ്കളുടെ പോസ്റ്റിലെ വസ്തുതകളെ നിഷേധിക്കുന്നതൊന്നുമില്ല,കേട്ടൊ!

ജനശക്തി said...

സുനില്‍ കൃഷ്ണന്‍, മനോമനന്‍,സജിം എന്നിവര്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളില്‍ പലതിനോടും യോജിപ്പുണ്ട്. “ഒന്നിയ്ക്കുന്നത് ഭരണം പങ്കിടാന്‍ വേണ്ടി മാത്രമാണെന്ന മിനിമം പൊതു പരിപാടി“ എന്ന് തുടക്കത്തില്‍ തന്നെ എഴുതിയിരിക്കുന്നത് എന്തായാലും ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളമെങ്കിലും വാസ്തവമല്ല. കഴിഞ്ഞ യു.പി.എ. ഭരണത്തിനാധാരമായ പൊതുമിനിമം പരിപാടി വളരെ പോസിറ്റീവ് ആയ ഒന്നായിരുന്നു. നില നില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇതല്ലാതെ എന്ത് ചെയ്യാന്‍ കഴിയും എന്ന് അഞ്ചല്‍ക്കാരന്‍ വിശദീകരിച്ചാല്‍ കൊള്ളാമായിരുന്നു. ആ പൊതു മിനിമം പരിപാടി പോലും അട്ടിമറിച്ച കോണ്‍ഗ്രസ് ഏത് രീതിയിലാണ് ഇടതിനു തുല്യരാകുന്നത്? എല്ലാം കണക്കാണെന്നു പറയുന്നതിലും ഒരു കണക്കൊക്കെ വേണ്ടേ? ഭരണം കിട്ടാനുള്ള പൊതു മിനിമം പരിപാടി എന്നെഴുതുമ്പോള്‍ ഇടതുപക്ഷം മുന്നോട്ട് വെച്ച പൊതുമിനിമം പരിപാടി എന്ന കണ്‍സെപ്റ്റും, അതിന്റെ പുരോഗമനപരമായ വശവുമാണ് കളിയാക്കപ്പെടുന്നത്.

Haree said...

വിഷയം അത്ര എളുപ്പത്തില്‍ പിടി തരുന്ന ഒന്നല്ല. ആലോചിച്ചാല്‍ ഒരു എത്തും പിടിയും കിട്ടുകയുമില്ല.
> കോണ്‍‌ഗ്രസ് - ബി.ജെ.പി - ഇടതുപക്ഷം. ഇവയില്‍ ഏതെങ്കിലും രണ്ടുപേര്‍ ഒന്നിച്ചാല്‍ മാത്രമേ ഭരണത്തിനു സാധ്യതയുള്ളൂ. കോണ്‍‌ഗ്രസിന്റേയും ഇടതുപക്ഷത്തിന്റേയും നയങ്ങളും പ്രവര്‍ത്തികളും തമ്മിലാണ് കൂടുതല്‍ ഐക്യം (മറ്റു കോംബിനേഷനുകളേക്കാളും). അതിനാല്‍ ഇടതുപക്ഷം കഴിഞ്ഞതവണ ചെയ്തതും, ഇപ്പോള്‍ ചെയ്തേക്കാവുന്നതും ശരിവെയ്ക്കുക തന്നെ വേണം. ബി.ജെ.പി-യ്ക്കാണ് കൈ പൊക്കുന്നതെങ്കില്‍, അഞ്ചല്‍ പറഞ്ഞതു ശരിയെന്നു കാണാം. അല്ലതെ കോണ്‍‌ഗ്രസിനെ അനുകൂലിച്ചാല്‍ തെറ്റു പറയുവാനാവില്ല.

> പിന്നെ, മുന്നണി തിരഞ്ഞെടുപ്പിനു മുന്‍പ് ഉണ്ടാക്കുന്നത്. ഇടതുപക്ഷം കോണ്‍ഗ്രസിനുവേണ്ടി കൈപൊക്കില്ല എന്നു ധരിച്ചൊന്നുമല്ല വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തുന്നത്. ബി.ജെ.പിക്കു വേണ്ടി കൈപൊക്കില്ല എന്നു വിശ്വാസമുണ്ട്. അതു തെറ്റിച്ചാല്‍ നമുക്ക് ചെരുപ്പുകള്‍ ഉപയോഗിക്കാം.

> ഇപ്പോള്‍ ഇടതുപക്ഷം മത്സരിക്കുന്ന സ്ഥലങ്ങളില്‍ കോണ്‍ഗ്രസിനെ എതിര്‍ക്കുന്നത്. അത് അങ്ങിനെ തന്നെ വേണം. പിന്തുണയ്ക്കുന്നതിനോടൊപ്പം, നയപരമായ തീരുമാനങ്ങളില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുവാന്‍ ഇടതിനു കഴിയണമെങ്കില്‍ തിരഞ്ഞെടുപ്പിനു മുന്‍പ് കൂട്ടുകൂടാതെ, എതിര്‍ക്കപ്പെടേണ്ടവയെ എതിര്‍ത്ത് മത്സരിക്കുക തന്നെവേണം. ഇടതിന്റെ നയങ്ങള്‍ക്ക് ജനപിന്തുണയുണ്ടെങ്കില്‍ കൂടുതല്‍ പ്രതിനിധികള്‍ സഭയിലെത്തും, അതിനനുസരിച്ച് കോണ്‍ഗ്രസിന്റെ നയങ്ങള്‍ക്ക് കടിഞ്ഞാണിടുവാനും ഇടതിനു സാധിക്കും. ഇത് സത്യത്തില്‍ ജനാധിപത്യത്തിന്റെ ശക്തി തന്നെയാണെന്ന് തോന്നുന്നു.

> 51% വോട്ടു നേടുന്നതിന്റെ കാര്യം സുനില്‍ കൃഷ്ണന്‍ പറഞ്ഞിരിക്കുന്നു. ഭാരതത്തില്‍ ഇന്ന് സംഭവിച്ചിരിക്കുന്നത്, പ്രാദേശിക പാര്‍ട്ടികള്‍ ഓരോ പ്രദേശത്തും ദേശീയപാര്‍ട്ടികളേക്കാള്‍ വോട്ടു നേടുകയും, പ്രതിനിധികളെ വിജയിപ്പിക്കുകയും ചെയ്യുന്നു എന്നതാണ്. ഈ ഒരു സാഹചര്യത്തില്‍ 51% വോട്ടെന്നത് പ്രായോഗികമല്ല. ദേശീയപാര്‍ട്ടികള്‍ക്കു മാത്രമേ തിരഞ്ഞെടുപ്പില്‍ ആളെ നിര്‍ത്തുവാന്‍ പാടുള്ളൂ എന്നു ഭരണഘടന ഭേദഗതി ചെയ്താല്‍ ഇതു സാധിക്കും. മുന്നണി തിരഞ്ഞെടുപ്പിനു മുന്‍പു തന്നെ ഉണ്ടാക്കുക എന്ന അഞ്ചലിന്റെ ആവശ്യവും ഈ രീതിയില്‍ നടപ്പിലാവും. എന്നാല്‍ സ്വതന്ത്രന്മാര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ സാധിക്കുകയില്ല എന്നൊരു പ്രശ്നം ഇതിലുണ്ട്.

> പ്രാദേശിക പാര്‍ട്ടികള്‍ മത്സരിച്ച് വിലപേശുന്നതിന് കൂച്ചുവിലങ്ങിടുക എന്നത് ഇന്നല്ലെങ്കില്‍ നാളെ നടപ്പിലാക്കേണ്ടി വരുമെന്നു തന്നെ തോന്നുന്നു. അല്ലെങ്കില്‍ ഒടുവില്‍ ദേശീയപാര്‍ട്ടികള്‍ ഉണ്ടാവില്ല. പ്രാദേശിക പാര്‍ട്ടികള്‍, പ്രാദേശിക അജന്‍ഡകള്‍ക്ക് മുന്‍‌തൂക്കം നല്‍കി ഭരിക്കുക എന്ന ദുസ്ഥിതിയാവും ഉണ്ടാവുക.

പോസ്റ്റിന് 3/5 റേറ്റിംഗ് നല്‍കുന്നു. എല്ലാ വശങ്ങളും ചിന്തിച്ച് സമഗ്രമായ ഒരു പോസ്റ്റാണെന്ന് എനിക്കു തോന്നിയില്ല.
--