Tuesday, April 14, 2009

ആ മഴനാളില്‍...

(ബ്ലോഗിങ്ങിന്റെ ആദ്യദിനങ്ങളില്‍ എഴുതിയിട്ട ഒരു ഓര്‍മ്മ കുറിപ്പ്. കൊച്ചിയിലെ ജീവിതം വീണ്ടും ഓര്‍ക്കാന്‍ ഇടയായതിന്റെ ഓര്‍മ്മയ്ക്കായി പുനര്‍ പ്രസിദ്ധീകരിയ്ക്കുന്നു. നേരത്തേ വായിച്ചിട്ടുള്ളവരോട് ക്ഷമാപണം.)

കൊച്ചിയിലാണ്-
കുറച്ചും കൂടി കൃത്യമാക്കിയാല്‍ തമ്മനത്ത്.
ഞാനും ജയകുമാറും മാത്രമേ ആ വീട്ടില്‍ താമസമുള്ളൂ. അടച്ചു പൂട്ടുള്ള വീടാണ്. പക്ഷേ ഭാര്‍ഗ്ഗവീനിലയമല്ല. എങ്കിലും താരതമ്യേന പഴക്കമുള്ള പഴമയുടെ ചൂര് നിറഞ്ഞ് നില്‍ക്കുന്ന വീടാണ്.
താമസം തുടങ്ങിയിട്ട് ഇന്ന് മൂന്നാം നാള്‍.
പുറത്ത് കോരിച്ചൊരിയുന്ന മഴ. ഏകദേശം പത്ത് മണിയോടെ പതിവുള്ള ചാറ്റിങ്ങുമെല്ലാം കഴിഞ്ഞു ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു.ചന്നം പിന്നം പെയ്യുന്ന മഴയുടെ താരാട്ടില്‍ സുഖ നിദ്രയിലേക്ക്...
എന്റെ പുതപ്പ് പെട്ടെന്ന് ആരോ വലിച്ച് മാറ്റിയതു പോലെ...ഞെട്ടിയുണര്‍ന്നു...ശരിയാണ്..പുതപ്പ് അങ്ങ് മുറിയുടെ മൂലയില്‍....
ജയകുമാര്‍ നല്ല ഉറക്കത്തില്‍ തന്നെ...പിന്നെയും സംശയം..അവന്‍ ഉറങ്ങുകയാണോ...അതോ ഉറക്കം നടിക്കുകയാണോ...
‘ജയാ..’
അവനൊന്ന് തിരിഞ്ഞു കിടന്നു. അത്ര തന്നെ. ക്ലോക്കില്‍ ഒരു മണി കഴിഞ്ഞിരിക്കുന്നു. ഒരു ചെറുഭയം അരിച്ചു കയറിയെങ്കിലും വെള്ളം കുടിച്ചു വീണ്ടും കിടന്നു. എപ്പോഴാണ് ഉറങ്ങിയതെന്നറിയില്ല...
ഒരു അലര്‍ച്ച...
ഞെട്ടി പിടഞ്ഞ് ലൈറ്റിടുമ്പോള്‍..‍..കറണ്ടുമില്ല.
എന്തൊക്കെയോ തട്ടിമറിച്ചിടുന്ന ശബ്ദം. ഇടക്ക് ജയകുമാറിന്റെ അലറി കരച്ചിലും. വല്ലവിധേനയും മെഴുകുതിരി തപ്പിപ്പിടിച്ച് വെളിച്ചം പരന്നപ്പോള്‍ കണ്ട കാഴ്ച...
മുതുക് ഭാഗത്ത് നിന്ന് രക്തം ഒലിപ്പിച്ച് ഭ്രാന്തമായി നില്‍ക്കുന്ന ജയകുമാര്‍...ഷര്‍ട്ട് തലങ്ങും വിലങ്ങും വലിച്ച് കീറിയിട്ടുണ്ട്...പുതപ്പും പിച്ചിപറിച്ചിട്ടിരിക്കുന്നു.
“എന്താ പറ്റിയേ ജയാ...” ഭയപ്പാടോടെ ഞാന്‍ വിളിച്ചു ചോദിച്ചു.
അവന് നാക്കു വഴങ്ങുന്നില്ല. കയ്യിനും പുറത്തിനുമെല്ലാം ശവത്തിന്റെ തണുപ്പ്...
ഒരു വിധത്തില്‍ അവനെ ഓര്‍മ്മയിലേക്ക് തിരിച്ചു കൊണ്ടു വന്നപ്പോള്‍-
“എന്നെ ആരോ മാന്തി പറിച്ചു..” അവന്റെ വിറയാര്‍ന്ന ശബ്ദം.
അത് മാത്രമേ അന്നും ഇന്നും ഞങ്ങള്‍ക്കറിയുള്ളു.
എന്റെ പുതപ്പ് പറന്ന് റൂമിന്റെ മൂലയിലേക്ക് പോയതും ഞാന്‍ അവനെ ഹൊസ്പിറ്റലില്‍ കൊണ്ടു പോയിട്ട് വരുമ്പോള്‍ പറഞ്ഞു.
അത് ആ വീട്ടിലെ ഞങ്ങളുടെ അവസാന ദിവസമായിരുന്നു.
പ്രിയരേ...ഞങ്ങള്‍ രണ്ടു പേരും മാത്രം താമസിച്ചിരുന്ന ആ വീട്ടില്‍ ആ മഴനാളില്‍ എന്താണ് സംഭവിച്ചത്?
------------------------------------------------------------------
(ആദ്യകാല പോസ്റ്റുകള്‍ തിരികേ പോയി വായിയ്ക്കുക നനുനനുത്ത സുഖമുള്ള ഒരനുഭവമാണ്. ഒരു പോസ്റ്റ് എഴുതിയിട്ട് കമന്റുകള്‍ വരുന്നതും കാത്തിരുന്ന ഒരു കാലം. ഈ പോസ്റ്റ് എഴുതാന്‍ അന്ന് എത്രയോ മണിയ്ക്കൂര്‍ എടുത്തിട്ടുണ്ടാകും. വിരലുകള്‍ക്ക് വഴങ്ങാത്ത കീമാനും അക്ഷരത്തെറ്റും എല്ലാം കൂടി ഈ പോസ്റ്റു പോലും നൊസ്റ്റാള്‍ജിക് ആണ്. രണ്ടായിരത്തി ആറ് ആഗസ്റ്റ് പതിനാറിന് ബ്ലോഗിങ്ങ് തുടങ്ങിയ എന്റെ ആദ്യ ബ്ലോഗ് പോസ്റ്റായിരുന്നു ആ മഴനാളില്‍. ആദ്യ ബ്ലോഗ് പോസ്റ്റിനു കമന്റുകളുമായി വന്നവരില്‍ ശ്രീജിത്തും വക്കാരിയും സഞ്ചാരിയും മുല്ലപ്പൂവും ഒക്കെ ബ്ലോഗില്‍ നിന്നേ മറഞ്ഞു. വിശ്വാപ്രഭയും അരവിന്ദും ഇക്കാസും കമന്റുകളിലേയ്ക്ക് മാത്രമായി ഒതുങ്ങി കൂടി. വക്കാരിയുടെ നെടുനെടുങ്കന്‍ കമന്റുകളും പിന്മൊഴിയും ബൂലോഗ ക്ലബ്ബും തമ്മില്‍ തല്ലും മാപ്പിരക്കലും ഓഫു യൂണിയനും ഒക്കെയായ ഒരു കാലം....ഇന്നലെകള്‍ ഇല്ലാതെ ഇന്നുകള്‍ ഉണ്ടാകുന്നില്ല. ഓര്‍മ്മകള്‍ ഉണ്ടായിരിയ്ക്കുന്നതാണ് ഓര്‍ക്കാന്‍ ഒന്നുമില്ലാതിരിയ്ക്കുന്നതിലും സുഖം.)

7 comments:

പ്രിയ said...

"ഒരു മുറൈ വന്ത് പാത്തായാ ???"

സണ്ണി ഡോക്ടറ് ബിസിയാ. സിയ മതിയാകുമോ?

നരിക്കുന്നൻ said...

ഇങ്ങനെ അവിടെയും ഇവിടെയും എത്തിക്കാതെ മനുഷ്യനെ പേടിപ്പിച്ച് നിർത്തല്ലേ മാഷേ. എന്തുവാ പറ്റീന്ന് പറയൂ..

പഴയ നനുത്ത ഓർമ്മകളിലേക്ക് മനസ്സിനെ തിരിച്ച് വിടുക. പഴയ പോസ്റ്റുകൾ വായിക്കുക, പഴയ കമന്റുകൾ വായിക്കുക എല്ലാം മനസ്സിന് കുളിര് കോരുന്ന അനുഭവം തന്നെ. പലരും തിരക്കിന്റെ ലോകത്തേക്ക് ചുരുങ്ങിയിരിക്കുന്നു.

വിഷു ആശംസകൾ!

ബഷീർ said...

പൂച്ചയെ മുറിക്കുള്ളിലിട്ട് പൂട്ടിയോ ?

ബഷീർ said...

ആശംസകൾ

Bindhu Unny said...

ആരോടും അന്വേഷിച്ചുമില്ലേ?
ചിലപ്പോള്‍ ജയകുമാര്‍ തന്നെ ഉറക്കത്തില്‍ ചെയ്തതാവും. :-)

Jayasree Lakshmy Kumar said...

അപ്പൊ അവിടെ മരപ്പട്ടി ശല്ല്യം ഉണ്ടായിരുന്നൂല്ലേ?

sHihab mOgraL said...

പേടിപ്പിച്ച് കളഞ്ഞല്ലോ ഇഷ്ടാ.. :)

ഓര്‍മ്മകളിലേക്കൂളിയിടുന്നത് വല്ലാത്ത അനുഭൂതിയാണ്. അത് ജീവിതത്തിന്നും ഉപകരിക്കും.. ല്ലേ ?