Sunday, April 19, 2009

കാളപ്പേറെടുക്കുന്ന കേരളാ ചാനലുകള്‍.

വോട്ടെടുപ്പ് നടന്ന ഏപ്രില്‍ പതിനാറാം തീയതി.

രാവിലെ.

ഇമ്മിണിപോന്ന ഭൂമിമലയാളത്തിലെ ഡസന്‍ ചാനലുകളിലും കേരളത്തിലെ വോട്ടിംങ്ങ് ശതമാനം എമ്പതിനു മുകളിലേയ്ക്ക് ഉയരുകയായിരുന്നു. ചാനലുകളുടെ തത്സമയ ലേഖകന്മാര്‍ ഇരുന്നും, കിടന്നും, നെടുങ്ങനെ ഓടിയും, ഉറഞ്ഞു തുള്ളിയും, കുട്ടിക്കരണം മറിഞ്ഞും പോളിങ്ങില്‍ ജനം കാട്ടുന്ന ആവേശം ഒട്ടും ചോരാതെ പ്രേക്ഷകരിലേയ്ക്ക് എത്തിച്ചു കൊണ്ടേയിരുന്നു. മന്ത്രിമാര്‍, സിനിമാ നടന്മാര്‍, അബദ്ധത്തില്‍ എപ്പോഴോ സീരിയലില്‍ മുഖം കാണിച്ചവര്‍ എന്നു വേണ്ട ഒരുത്തര്‍ക്കും തത്സമയക്കാര്‍ സ്വൈരം കൊടുക്കുന്നുണ്ടായിരുന്നില്ല. തിരിച്ചറിയല്‍ കാര്‍ഡ് മറന്നു പോയ മെഗാതാരം സ്ക്രോളായത് ദിനം മുഴുവനുമാണ്. രാവിലെ വോട്ടും കുത്തി അവരവരുടെ തൊഴിലുകളിലേയ്ക്ക് മടങ്ങാന്‍ ക്യൂ നിന്നവരുടെ നീണ്ട നിരകാട്ടി കേരളം ഏറ്റവും ഉയര്‍ന്ന പോളിങ്ങ് ശതമാനത്തിലേയ്ക്ക് നീങ്ങുന്ന ചരിത്ര മുഹൂര്‍ത്തത്തിലേയ്ക്ക് ചാനലുകാര്‍ ചര്‍ച്ചകള്‍ നയിച്ചു.

ചര്‍ച്ചകള്‍ നീണ്ടു. കുത്തനെ ഉയരുന്ന പോളിങ്ങ് ആര്‍ക്ക് തുണയാകും? അവരവരുടെ മുന്നണികള്‍ക്കും പാര്‍ട്ടികള്‍ക്കും പിന്തുണച്ചവര്‍ക്കും നേതാക്കന്മാര്‍ വിജയം ഉറപ്പിച്ചു കൊണ്ടേയിരുന്നു. തോല്‍ക്കുന്നവര്‍ ആരുമില്ല. എല്ലാവരും ജയിച്ചു കയറുന്നവര്‍. എല്ലാ ചാനലുകളിലും പോളിങ്ങ് ശതമാനം അടിയ്ക്കടി വന്നു കൊണ്ടിരുന്നു. പക്ഷേ എല്ലാ ശതമാനങ്ങളും പരസ്പര വിരുദ്ധമായിരുന്നു. എവിടുന്നൊക്കെയോ കിട്ടിയ ഒരോ മുറി പേപ്പറുമായി അനൌദ്യോഗിക പോളിങ്ങ് ശതമാനം അനുനിമിഷം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്നവര്‍ ഏതാണ്ട് രണ്ടു മണിയോടെ കളം മാറ്റി തുടങ്ങി.

ഉച്ചയ്ക്ക്.

കേരളത്തില്‍ രാവിലെ കണ്ട ആവേശം ഉച്ചയ്ക്ക് ശേഷം കാണുന്നില്ല. വോട്ടു ചെയ്യാന്‍ നില്‍ക്കുന്നവരുടെ നിര ശുഷ്കിച്ചു തുടങ്ങി. വോട്ടിങ്ങ് കുത്തനെ താഴേയ്ക്ക് പോകാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. മിനിറ്റുകള്‍ക്കകം ചാനലായ ചാനലുകളിലൊക്കെ കേരളത്തിലെ പോളിങ്ങ് നാല്‍പ്പതു ശതമാനത്തിനും താഴേയ്ക്ക് പോകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുമായി ചര്‍ച്ച തുടങ്ങി.

കേരള ജനത അനാരോഗ്യകരമായ അരാഷ്ട്രീയ വാദത്തിലേയ്ക്ക് വീണിരിയ്ക്കുന്നു. ജനാധിപത്യത്തിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമായിരിയ്ക്കുന്നു. ആറു ലക്ഷത്തിലധികമുള്ള കന്നി വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടിട്ടില്ല. ഇരുമുന്നണികളിലും കക്ഷിരാഷ്ട്രീയത്തിലുമുള്ള കേരള ജനതയുടെ വിമുഖത ആഗോള ജനാധിപത്യത്തിനു തന്നെ ഭീഷണിയാകുന്നു....

ചര്‍ച്ച മുറുകി തുടങ്ങി.

കേരളത്തിലെ പോളിങ്ങില്‍ വന്ന വന്‍ കുറവ് ആരെ ബാധിയ്ക്കും? ആരും വോട്ട് ചെയ്തില്ലേല്‍ ഏതു കക്ഷി ജയിച്ചു കയറും? കേരളം എന്തു കൊണ്ട് ജനാധിപത്യ വിരുദ്ധ നിലപാടിലേയ്ക്ക് പോകുന്നു? തിരുവനന്തപുരത്ത് മുപ്പത്തി എട്ടു ശതമാനം പേരേ വോട്ടു ചെയ്തിട്ടുള്ളൂ. അതിനാല്‍ ആരു ജയിയ്ക്കും? തോല്‍ക്കാന്‍ ആര്‍ക്കായിരിയ്ക്കും വിധി? ചാനലുകളിലെ ഉണ്ണാക്കന്മാര്‍ അനുനിമിഷം ചോദ്യശരങ്ങളുമായി മുന്നണികളിലേയും രാഷ്ട്രീയ കക്ഷികളിലേയും ഉണ്ണാക്കന്മാരെ ചര്‍ച്ചകളിലേയ്ക്ക് വലിച്ചിഴച്ചു കൊണ്ടിരുന്നു. ചാനലുകള്‍ കെട്ടിതാഴ്ത്തിയ കേരളത്തിലെ പോളിങ്ങ് ശതമാനം കണ്ട് നല്ല ബോധം പോയ പ്രതിപക്ഷ നേതാവ് മുങ്കൂര്‍ ജാമ്യം നേടി. “കേരളത്തില്‍ വ്യാപകമായ കള്ളവോട്ട്....” ദേണ്ടെ കിടക്കുന്നു... ആകപ്പാടെ അമ്മാണി ഇമ്മാണി നാല്‍പ്പത് ശതമാനം വോട്ട്. അതിപ്പോ കള്ളവോട്ടും കൂടിയായാല്‍. പിന്നെ ചര്‍ച്ച ആ വഴിയ്ക്കായി. വോട്ടിങ്ങ് ശതമാനം കുറയുകയും കള്ളവോട്ടു വ്യാപകമാവുകയും ചെയ്താല്‍ ആരു ജയിയ്ക്കും?

ചാനല്‍ ചര്‍ച്ചകളില്‍ കേരളീയ പൊതുസമൂഹത്തിന്റെ ജനാധിപത്യ പൌരധര്‍മ്മം തലങ്ങും വിലങ്ങും വ്യഭിചരിയ്ക്കപ്പെട്ടുകൊണ്ടേയിരുന്നു....

സമയം വൈകിട്ട് അഞ്ചു മണി.

പോളിങ്ങ് അവസാനിച്ചിരിയ്ക്കുന്നു. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്തവിധം താഴ്ന്ന പോളിങ്ങ്. കേരളം വോട്ടു ചെയ്യാന്‍ വിമുഖത കാട്ടി. പോളിങ്ങ് അമ്പത് ശതമാനത്തിനു മുകളില്‍ എത്തില്ല. അമ്പതു ശതമാനം കേരളീയരും വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. കേരളം അരാഷ്ട്രീയ വാദത്തിലേയ്ക്ക് നീങ്ങി കഴിഞ്ഞിരിയ്ക്കുന്നു!

അഞ്ചു മണി കഴിഞ്ഞതോടെ കേരളം ജനാധിപത്യ വിരുദ്ധമാവുകയായിരുന്നു - ചാനലുകളിലൂ‍ടെ. ഒരൊറ്റ ചാനല്‍ തത്സമയ റിപ്പോര്‍ട്ടിങ്ങില്‍ പോലും പോളിങ്ങ് എഴുപത് ശതമാനം കഴിയുമെന്ന വസ്തുതയുണ്ടായിരുന്നില്ല. മുന്‍ വര്‍ഷത്തെ പോളിങ്ങ് ശതമാനവുമായി താരതമ്യം ചെയ്ത് ഇരുപത് ശതമാനത്തോളം കുറവില്‍ പോളിങ്ങ് അവസാനിയ്ക്കുമെന്ന രീതിയില്‍ ചാനലുകളില്‍ ചര്‍ച്ചകള്‍ കൊഴുത്തു. ചോദ്യം ചോദിയ്ക്കുന്ന ഉണ്ണാക്കന്മാരും ഉത്തരം പറയുന്ന ഉണ്ണാക്കന്മാരും നിജസ്ഥിതി മനസ്സിലാക്കാന്‍ ശ്രമിയ്ക്കകയോ ഏറ്റവും കുറഞ്ഞത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അവസാന പോളിങ്ങ് കണക്കുകള്‍ വരുന്നതു വരെ ഒന്നു സമാധാനിയ്ക്കാന്‍ നിര്‍ദ്ദേശിയ്ക്കുകയോ ചെയ്യുന്നുണ്ടായിരുന്നില്ല.

ആറുമണിയ്ക്കുള്ള ബുള്ളറ്റിനുകളിലും പോളിങ്ങ് താഴെ പോകാനുള്ള കാര്യകാരണങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു തത്സമയക്കാര്‍. ഒരോ കക്ഷി നേതാക്കളും പോളിങ്ങ് താഴെ പോയതിനു എതിര്‍ കക്ഷികളേയും മുന്നണികളേയും കുറ്റം പറഞ്ഞ് കൊണ്ടേയിരുന്നു. എന്നിട്ടും ഒരുത്തനും അപ്പോഴും മനസ്സിലാക്കിയിരുന്നില്ല എഴുപത് ശതമാനം മലയാളികളും പോളിങ്ങ് ബൂത്തില്‍ എത്തിയിരുന്നു എന്ന്.

പതിനാറാം തീയതി അര്‍ദ്ധരാത്രി.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പോളിങ്ങ് കണക്കുകള്‍ പുറത്തു വന്നു.
കേരളത്തിന്റെ മുക്കാല്‍ ഭാഗം ജനങ്ങളും വോട്ടു ചെയ്തിരിയ്ക്കുന്നു! ജനാധിപത്യത്തിന്റെ മഹത്വം മലയാളിയെ വിഡ്ഡിപ്പെട്ടിയുടെ പ്രതിനിധികള്‍ പഠിപ്പിയ്ക്കേണ്ടതില്ലാ എന്ന മുഖവുരയോടെ! തത്സമയ വാര്‍ത്താ വിതരണക്കാരുടെ മുഖത്ത് ആട്ടും പോലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പോളിങ്ങ് ശതമാനം പുറത്ത് വന്നത്. എഴുപത്തി മൂന്നര ശതമാനം കേരള ജനതയും വോട്ടു ചെയ്തിരിയ്ക്കുന്നു.

ഉളിപ്പേതുമില്ലാതെ അതും ചാനലുകളില്‍ സ്ക്രോളായി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പോളിങ്ങ് കൂടുതല്‍! കേരളം ആവേശത്തോടെ വോട്ടെടുപ്പില്‍ പങ്കെടുത്തു! ചാനലുകളില്‍ വീണ്ടും ചര്‍ച്ച. ശതമാനം കൂടിയതിനാല്‍ ആരു ജയിയ്ക്കും. മിനിറ്റുകള്‍ക്ക് മുന്നേ തൂറിയതെല്ലാം കൂടി ചാനലുകള്‍ വാരി വലിച്ചു വിഴുങ്ങി പുതിയ ചര്‍ച്ച തുടങ്ങി. അപ്പോഴും നേതാക്കന്മാര്‍ ചാനലുകളിലെ ഉണ്ണാക്കന്മാര്‍ ചോദിയ്ക്കുന്ന വിഡ്ഡിത്തരങ്ങള്‍ക്ക് ഉത്തരം പറയുകയായിരുന്നു. നിമിഷങ്ങള്‍ക്ക് മുന്നേ പറഞ്ഞതിനു വിപരീതമായി. കഷ്ടം... തത്സമയ സം‌പ്രക്ഷേപണത്തിനു മറ്റെന്തെങ്കിലും പേരു കണ്ടുപിടിയ്ക്കേണ്ടിയിരിയ്ക്കുന്നു.

തിരഞ്ഞെടുപ്പിലെ പോളിങ്ങ് ശതമാനം മിനിറ്റു വെച്ച് തത്സമയമാക്കാന്‍ ആരും ആരേയും ചുമതലപ്പെടുത്തിയിരുന്നില്ല. തിരഞ്ഞെടുപ്പ് അഞ്ചുമണിയ്ക്ക് കഴിയും. അതിനു ശേഷം ഒരു മൂന്ന് മണിയ്ക്കൂറിനുള്ളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൃത്യമായ കണക്ക് വരും. അതുവരെ ക്ഷമിയ്ക്കാനുള്ള സാമാന്യ മര്യാദ പാലിയ്ക്കാന്‍ കേരളത്തിലെ ഒരു ചാനലിനും കഴിഞ്ഞില്ല. മണിയ്ക്കൂറുകളോളം ഇല്ലാത്ത കാര്യങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു തലങ്ങും വിലങ്ങും. വോട്ടിങ്ങ് ശതമാനം അറുപതിലും എഴുപതിലും എത്തിക്കഴിഞ്ഞപ്പോഴും ചാനലുകളില്‍ അമ്പതു ശതമാനത്തിന്റെ തര്‍ക്കവിതര്‍ക്കങ്ങള്‍ നടക്കുകയായിരുന്നു. ആര്‍ക്കായിരുന്നു ഇത്ര തിരക്ക്. കേരളീയ പൊതു സമൂഹത്തെ മണിക്കൂറുകളോളം ജനാധിപത്യ വിരുദ്ധരാക്കിയ ഒരൊറ്റ ചാനലും പറ്റിയ കൊടിയ തെറ്റിനു ക്ഷമചോദിച്ചും കണ്ടില്ല.

അക്ഷരാര്‍ത്ഥത്തില്‍ കാളപ്പേറിനു കയറെടുക്കന്ന മാധ്യമ സംസ്കാരമാണ് മലയാള ചാനലുകളെയൊക്കെയും ഇന്നു ഭരിയ്ക്കുന്നത്. എങ്ങിനേയും വാര്‍ത്തകള്‍ പടച്ചെടുക്കുക. എന്നിട്ട് അതിന്മേല്‍ നിരര്‍ത്ഥകമായ ചര്‍ച്ചകള്‍ നടത്തുക. നിരര്‍ത്ഥകമെന്നു തിരിച്ചറിഞ്ഞിട്ടും ആ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ കോട്ടും തുന്നി കുറേ ഉണ്ണാക്കന്മാര്‍ വേറേയും. ആ നിരര്‍ത്ഥക ചര്‍ച്ചകള്‍ ഒന്നും വിടാതെ കണ്ട് കഴുത കരഞ്ഞ് തീര്‍ക്കുന്നതുപോലെ ബ്ലോഗെഴുതി അരിശം തീര്‍ക്കുന്ന എന്നേ പോലെയുള്ള കുറേ ഉണ്ണാക്കന്മാര്‍ ഇതാ ഇവിടേയും....

-----------------------------------------------
പ്രിയ വായാനക്കാരാ,
താങ്കള്‍ ഈ കുറിപ്പിനെ എങ്ങിനെ വിലയിരുത്തി?
താഴെ കാണുന്ന റേറ്റിങ്ങില്‍ ഒന്നമര്‍ത്തുന്നതിലൂടെ ഈ കുറിപ്പ് എങ്ങിനെ വായിയ്ക്കപ്പെട്ടു എന്നു ലേഖകനു സ്വയം വിലയിരുത്തുവാന്‍ ഒരവസരമാണ് താങ്കള്‍ നല്‍കുന്നത്. ഒരു നിമിഷം ചിലവഴിയ്ക്കുമല്ലോ?
നന്ദി..

18 comments:

ജെയിംസ് ബ്രൈറ്റ് said...

വളരെ രസകരമായിരിക്കുന്നു.
ചാ‍നലുകാരുടെ കാര്യം വളരെ കഷ്ടം!

Calvin H said...

നല്ല ലേഖനം അഞ്ചല്‍,
എനിക്കിപ്പോഴത്തെ വാര്‍ത്താചാനല്‍ സംസ്കാരം തീരെ പിടിക്കുന്നില്ല....
അമിതാബ് ബച്ചന് ജലദോഷപ്പനി വന്നാല്‍ ബ്രേക്കിംഗ് ന്യൂസ് എന്നും പറഞ്ഞ് കൊടുക്കുന്ന കൃത്രിമ ന്യൂസ് വാല്യൂ കൊണ്ട് ആര്‍ക്ക് എന്ത് പ്രയോജനം?

അതിനപ്പറം ഈ കാളയുടെ പേറെടുക്കല്‍.. സത്യം അറിയുന്നതു വരെ വായ മൂടിക്കെട്ടണം എന്ന് പറയുന്നില്ല.. പക്ഷേ അറ്റ് ലീസ്റ്റ് ചര്‍ച്ചയും സമ്വാദവും തുടങ്ങാതിരുന്നു കൂടെ?

24 മണിക്കൂര്‍ വാര്‍ത്താ ചാനല്‍ ഉപയോഗശൂന്യമാണ്. പരിപാടികള്‍ വൈവിധ്യം ഉണ്ടാക്കാനാവില്ല എന്നത് കൊണ്ട് ആളുകളെ പിടിച്ചിരുത്താന്‍ എന്തെങ്കിലും ഗിമ്മിക്ക് അവര്‍ക്ക് കാട്ടിയേ മതിയാവൂ... പക്ഷേ റിയാലിറ്റി ഷോയും സീരിയലും പോലെ നിരുപദ്രവകരം കാണേണ്ടവര്‍ കണ്ടോട്ടെ എന്ന രീതിയില്‍ തള്ളിക്കളയാവുന്നതല്ല ഇത്തരം ന്യൂസ് റിയാലിറ്റി ഷോകള്‍

റോഷ്|RosH said...

thathsamayamaakumbol, appo kaanunnavane appaa ennu vilikkanamallo... :-D

വാഴക്കോടന്‍ ‍// vazhakodan said...

"അപ്പന്‍ ചത്താലും ഇല്ലെങ്കിലും കൃത്യം നാലുമണിക്ക് അപ്പന്റെ ശവമടക്ക് നടക്കും" എന്ന് പറഞ്ഞ പോലെയാണ് ഈ ചാനലിലെ കാര്യങ്ങള്‍. വാര്‍ത്തകള്‍ അവരാല്‍ സൃഷ്ടിക്കപെടുന്നു.അവര്‍ അതിന്റെ ആയുസ്സും തീരുമാനിക്കുന്നു. നല്ല ലേഖനം!ഇഷ്ട്ടപ്പെട്ടു.

vahab said...

നല്ല ലേഖനം. വാര്‍ത്താചാനലുകളിലെ ചര്‍ച്ചകള്‍ പലതും അരോചകവും നിലവാരമില്ലാത്തതും അനാവശ്യവുമാണ്‌. ഇരിക്കുന്നതിനുമുമ്പ്‌ കാല്‍നീട്ടുന്ന പരിപാടി ആര്‍ക്കുവേണ്ടിയാണ്‌? അല്‍പം കാത്തിരിക്കൂ എന്നു പറയാനുള്ള ആര്‍ജ്ജവം ചര്‍ച്ചയിലേക്ക്‌ ക്ഷണിക്കപ്പെടുന്നവര്‍ക്ക്‌ വേണം. ചാനലുകാരെ സന്തോഷിപ്പിക്കാനായിട്ട്‌ പലരും അതിന്‌ തയ്യാറാകുന്നില്ല എന്നതാണ്‌ പ്രശ്‌നം.

പകല്‍കിനാവന്‍ | daYdreaMer said...

നിരര്‍ത്ഥകമെന്നു തിരിച്ചറിഞ്ഞിട്ടും ആ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ കോട്ടും തുന്നി കുറേ ഉണ്ണാക്കന്മാര്‍ വേറേയും. ആ നിരര്‍ത്ഥക ചര്‍ച്ചകള്‍ ഒന്നും വിടാതെ കണ്ട് കഴുത കരഞ്ഞ് തീര്‍ക്കുന്നതുപോലെ ബ്ലോഗെഴുതി അരിശം തീര്‍ക്കുന്ന എന്നേ പോലെയുള്ള കുറേ ഉണ്ണാക്കന്മാര്‍ വേറെയും....

കമെന്റ് എഴുതി
അരിശം തീര്‍ക്കുന്ന എന്നേ പോലെയുള്ള കുറേ ഉണ്ണാക്കന്മാര്‍ വേറെയും....
:) നന്നായി..

കിരണ്‍ തോമസ് തോമ്പില്‍ said...

ഈ ആഭാസ ചര്‍ച്ചകള്‍ മുഴുവന്‍ കണ്ടിരുന്ന ഞാന്‍ ഒന്നു രണ്ട്‌ സംഭവങ്ങള്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു

പോളിംഗ്‌ കഴിഞ്ഞ ശേഷം ഏതാണ്ട്‌ 8 മണിയോടെ ഏഷ്യാനെറ്റ്‌ ന്യൂസില്‍ കോഴിക്കോട്‌ ലേഖകകന്‍ ഷാജഹാന്‍ സാധ്യതകള്‍ വിലയിരുത്തുന്നു. വടകരയില്‍ 65% മാത്രമെ പോളിംഗ്‌ നടന്നിട്ടുള്ളൂ അത്‌ സൂചിപ്പിക്കുന്നത്‌ വിമതര്‍ക്ക്‌ കാര്യമായ ചലനം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലാ എന്നതാണ്‌. ജനതാദള്ളിന്‌ കാര്യമായ സ്വാധീനമുള്ള പ്രദേശങ്ങളില്‍ വോട്ടിംഗ്‌ ശതമാനം കുറവാണ്‌. CPM ന്‌ ഭീക്ഷിണി ഇല്ല

എന്നാല്‍ സംഭവിച്ചത്‌ വടകരയില്‍ പോളിംഗ്‌ ശതമാനം 80% കടന്നു എന്ന് മാത്രമല്ല ദള്ളിന്‌ സ്വാധീനമുള്ള മേഖലകളിലെല്ലാം 80% അടുത്ത്‌ പോളിംഗ്‌ നടന്നു. എന്തായാലും പുതിയ സാഹചര്യത്തില്‍ ഷാജഹാന്‍ പ്രവചനത്തിനൊന്നും മുതിര്‍ന്നില്ല ( CPM ന്റെ കോട്ടയം സ്മ്മേളനം നടക്കുമ്പോള്‍ അവസാനം വരെ വി.എസ്‌ മുന്‍തൂക്കം നേടും എന്ന് പ്രവചിച്ച പാരമ്പര്യവും ഈ ലേഖകന്‌ സ്വന്തം)

ഇനി വൈകുന്നേരത്തെ ന്യൂസ്‌ ഹവര്‍. പോളിംഗ്‌ കുറഞ്ഞത്‌ ഇടതുമുന്നണിയിലെ വിഭാഗീയതയിലും CPMന്റെ ആഭ്യന്തര പ്രശ്നത്തിലും മനം മടുത്ത്‌ ഇടത്‌ അണികള്‍ വോട്ട്‌ ചെയ്യാത്തതാണ്‌ എന്ന് UDF കാര്‍. വടകര്യില്‍ 65% മാത്രം പോളിംഗ്‌ നടന്നത്‌ അതാണ്‌ സൂചിപ്പിക്കുന്നത്‌ എന്നത്‌ ഉദാഹരണമായി ചൂണ്ടിക്കാണിച്ചാണ്‌ ഈ വാദം അടിച്ചേള്‍പ്പിച്ചത്‌. എന്നാല്‍ വടകരിയില്‍ പോള്‍ ചെയ്ത 65% മുഴുവന്‍ തങ്ങളുടെ വോട്ടാണ്‌ എന്ന് ഇടത്‌ നേതാക്കള്‍. അങ്ങനെ തമ്മില്‍ തല്ലിയും ചൊറിഞ്ഞും ആ ചര്‍ച്ചയും തീര്‍ന്നു

ഇനി ഞായറാഴ്ച വൈകുന്നേരം ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഹവര്‍. രാജ്സ്ഥാന്‍ റോയല്‍സ്‌ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ ബൗള്‍ ചെയ്ത്‌ ഒതുക്കിക്കൊണ്ടിരിക്കുന്നു. റോയല്‍സ്‌ ഒരു വലിയ സംഭവമാണ്‌ എന്നും, അവരുടെ ക്യാപറ്റം ഷെയിന്‍ വോണിന്റെ തന്ത്രങ്ങള്‍ക്കുമുന്നില്‍ ബാംഗ്ലൂര്‍ വീണു പോയിരിക്കുന്നു എന്നും വിലയിരുത്തല്‍. പക്ഷേ ദയനീയമയി റോയല്‍സ്‌ തോറ്റു തുന്നം പാടി എന്നത്‌ ആന്റി ക്ലൈമാക്സ്‌

Anonymous said...

ജീര്‍ണത,അജ്ഞത,എന്നിവ അങ്ങേ അറ്റം അതിന്‍റെ കൊടുമുടിയില്‍ എത്തി നില്‍ക്കുന്ന ഒരു രംഗമാണ് ഇന്ന് മാധ്യമരംഗം.ഇവിടുത്തെ രാഷ്ട്രീയക്കാരെ നോക്കൂ. അവരെ,നാം കുറ്റം പറയാറുണ്ട്.പരിഹസിക്കാരുണ്ട്,വിചാരണ ചെയ്യാറുണ്ട്.അതിനു അവര്‍ അര്ര്‍ഹരുമാണ്. അതായത്,അവര്‍ നിരന്തരം auditing നു വിധേയമാണ് എന്നര്‍ത്ഥം. അതാവശ്യവുമാണ്. എന്നാല്‍ മാധ്യമരംഗാമോ,ഈ പോസ്റ്റില്‍ സൂചിപ്പിച്ച പോലെ,എന്തും വായില്‍ തോന്നിയത് പൂമുഖത്ത് തൂറിവെക്കാം, നിങ്ങള്ക്ക് വേണമെന്കില്‍ കഴുകി ക്കളയാം,വീണ്ടും, നേരെ വിപരീത മായ കാര്യം മണിക്കൂര് കള്‍ക്കുള്ളില്‍ പറയാം. ഈ ചൂലുകള്‍ ജനങ്ങളെ സത്യം അറിയിക്കെണ്ടാവരാണ്.നാട്ടിന്‍ പുറത്തെ സാധാരണ നിരക്ഷരന് ഉള്ളത്ര പോലും ദീര്‍ഘ ദൃഷ്ടിയോ പക്വതയോ,വിവരമോ ഉണ്ടെങ്കില്‍ ഇങ്ങനെ പരസ്പരെ വിരുദ്ധത പറഞ്ഞു വെര്‍ബല്‍ ഡയേറിയ പ്രകടിപ്പിക്കുമോ.
ഇനി, രാഷ്ട്രീയക്കാര്‍ പോയി ഇവരുടെ താളത്തിനോത്തുതുള്ളുന്നത്.എന്തു ചെയ്യാം, ഭൂരിപക്ഷം രാഷ്ട്രീയക്കാര്‍ക്കറിയാം, സഹകരിച്ചി ല്ലെങ്കില്‍ എഴുതിയോ പറഞ്ഞോ നാറ്റിക്കാന്‍ കഴിവുള്ള വരാണെന്ന്. അതുകൊണ്ട് കേരളത്തിലെ പ്രമുഖ രാഷ്ട്രീയ കക്ഷിയുടെ ഉയര്‍ന്ന നേതാവിനെ കുറിച്ചു ഒരു കേട്ട് കേള്‍വി ഉണ്ട്. അതിങ്ങനെ,എവിറെയെങ്കിലും എത്തിയാല്‍ ടിയാന്‍ ആദ്യം പത്ര,ദൃശ്യ മാധ്യമങ്ങള്ടെ ലേഖകനെ, പ്രമുഖ ലേഖകനെ/ലേഖകരെ കാണും എന്നിട്ട് ചോദിക്കും.എന്താ അനിയാ/ചേട്ടാ വിശേഷം, അളിയനെങ്ങനെ ജോലി ശരിയായോ, ഇല്ലെങ്കില്‍ ഒരു ലറ്റര്‍ തരാം,ഇന്ന ആളെ കണ്ടാ മതി. മോള്‍ക്ക്‌ സുഖാണോ,ഞാന്‍ അന്ന് ഏര്‍പ്പാടാക്കി തന്ന ആയ എങ്ങനെ, .....അതിനു ശേഷമേ സ്വന്തം പാര്‍ടിയുടെ മണ്ഡലം/ ലോക്കല്‍ നേതാവിനോ പ്രവര്‍ത്തകറ്ക്കോ മുഖം കൊടുക്കൂ.

രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ക്കാള്‍ വലിയ മാഫിയ ആയി, ഒരു ചെറിയ വിഭാഗം ഒഴിച്ച് മാധ്യമ രം ഗം മാറി ക്കൊണ്ടിരിക്കുന്നു.

Anonymous said...

മത്തി കച്ചവടം ചെയ്യുന്നവര്‍ക്ക്‌ പോലും ഈ ചാനലുകളിലെ ഉണ്ണാക്കന്മാരെക്കാളിലും വിവരമുണ്ട്. ഇവന്മാരുടെ ഉച്ചാരണ ശ്രദ്ധിച്ചിട്ടുണ്ടോ, പള്ളിക്കുടത്തില്‍ പോയിട്ടുണ്ട് എന്ന് പറയില്ല.

നല്ല ലേഖനം.

Anonymous said...

It happend an year ago !

There was a plane crash in banglore in which Mr.Joy Alukkas lost his air craft and his staff members.

There comes "Vinu" in News Hour and he asked Mr. Joy Alukkas, "Are you going to buy another aircraft ?" with a dirty smile on his face.

പാര്‍ത്ഥന്‍ said...

അഭിപ്രായം ഇരുമ്പുലക്കയാണോ അണ്ണാ.
അത് മാറിക്കൊണ്ടിരിക്കില്ലേ.

എന്താ‍യാലും ഇനിയുള്ള ലൈവ് ജനങ്ങൾ വേണ്ടവിധം നോക്കിക്കോളും.

Anonymous said...

ഇതിലും ഭീകരമായിരുന്നു മിനിയാന്ന് ഐപി.എല്‍ തുടങ്ങും മുന്‍പ് അനില്‍ അടൂര്, ജോബി ജോര്‍ജ്, പിന്നെ കുറെ കളിക്കാരോ, സ്പോര്‍ട്സ് ലേഖകരോ ആരെല്ലാമോ മുടിഞ്ഞ പ്രവചനം നടത്തിയത്. അനില്‍ അടൂരിനാണെങ്കില്‍ സച്ചിന്‍ ടെണ്ഡുല്‍ക്കര്‍ കഴിഞ്ഞൊരു ടൊന്‍റീ-ടോന്‍റി(?) താരത്തെയും അറിയില്ല. ജോബി മുംബൈ ആക്രമണ റിപ്പോര്‍ട്ടിങിനിടയില്‍ 'മുംബൈയുടെ മുഖ്യമന്ത്രി' എന്നൊക്കെ വിളിച്ച് കൂവിയതു പോലെ പതിവ് ബ്ലണ്ടറുകള്‍ തട്ടുന്നു, അര മണിക്കൂര്‍ തീര്‍ക്കാന്‍ പരസ്പര വിരുദ്ധമായി എന്തെല്ലാമോ പറയുന്നു. എന്‍ഡിടിവിയുടെ ഉഗ്രന്‍ വിശകലനം മാറ്റിവെച്ചിട്ടാണ് മലയാള ലൈവ് വെച്ച് ശിക്ഷ വാങ്ങിയത്....ഇവരെക്കാളൊക്കെ ക്രിക്കറ്ററിയാവുന്ന കണ്ണൂരിലെ കൊച്ചുമിടുക്കന്മാര്‍ നല്‍കിയ വീക്ഷണങ്ങള്‍ കണ്ടപ്പോഴാണ് സ്റ്റുഡിയോയില്‍ അനിലിനും ജോബിക്കുമൊക്കെ പിന്നില്‍ ആലു കിളിര്‍ത്തു വരുന്നത് കണ്ടത്...കുറച്ചൊക്കെ ഹോം വര്‍ക്ക് വേണ്ടേ ചേട്ടന്മാരെ...

കാട്ടിപ്പരുത്തി said...

ചാനല്‍ ഒരു കച്ചവടമാണു- ഏതിനാണൊ ചിലവ് അതു കച്ചവടം ചെയ്യപ്പെടും- നിങ്ങള്‍ക്കു വേണ്ടാത്തതും അടിച്ചേല്പിക്കുന്നത് മാര്‍കെറ്റിങ്-ഇവിടെ കേള്‍ക്കുന്ന നമ്മള്‍ കൂടിയാണു ചോദ്യം ചെയ്യപ്പെടുന്നത്-നമ്മുടെ ആവശ്യങ്ങളെ അളക്കാന്‍ കഴിയുക എന്നത് കച്ചവട തന്ത്രം-

അഞ്ചലിന്റെ വിഷയത്തെ കുറച്ചു കാണുകയല്ല - നമ്മുടെ റോളിനെ ചൂണ്ടുകയാണ്

Anonymous said...

ഇവരെല്ലാം കൂടി നികേഷ് കുമാറിനെ അനുകരിച്ചനുകരിച്ച് നികേഷ് പോലും ഇപ്പോള്‍ കന്‍ഫ്യൂഷനിലാണ്. എന്തിനാണപ്പാ എല്ലാവരും, പെണ്ണുങ്ങള്‍ പോലും കോട്ടിട്ട് വാര്‍ത്ത വായിക്കാന്‍ ഇരിക്കുന്നത്. പെണ്ണുങ്ങളെ, നിങ്ങള്‍ക്ക് നാലു സാരിയെങ്കിലും നാട്ടാരെ കാണിക്കാമല്ലോ...ഒരു ചാനലില്‍ ആണുങ്ങള്‍ നെക്ക് കവറിംഗ് ഉള്ള സ്വെറ്റ് ഷര്‍ട്ടും കോട്ടും ആണ്. സ്റ്റുഡിയോ ഇരിക്കുന്നത് വേനല്‍ ചൂടില്‍ പൊരിയുന്ന തിരുവനന്തപുരത്തും കൊച്ചിയിലും (ഏ.സി ആണെങ്കിലും). ഇവരുടെയൊക്കെ ഡല്‍ഹി റിപ്പോര്‍ട്ടര്‍മാരാണെങ്കില്‍ വരുന്നത് സാദാ ഹാഫ് സ്ലീവ് ഷര്‍ട്ടില്‍...

സത്യത്തില്‍ ചാനലുകാരുടെ ആക്രാന്തം കണ്ടിട്ടാണോ പ്രചരണം തീരുന്ന സമയത്തുള്ള "കൊട്ടിക്കലാശം"(അനാവശ്യ മാധ്യമ സൃഷ്ടിയാണീ വാക്ക്) പിരി കയറി മൂത്ത് പലയിടത്തും അനാവശ്യ ഉരസലില്‍ കലാശിച്ചത് എന്ന് സംശയിക്കട്ടെ. ഓരോ ചാനലും വിവിധ മണ്ഡലങ്ങളില്‍ നടത്തിയ സ്ഥാനാര്‍ഥി അഭിമുഖ പരിപാടികളൂം പലയിടത്തും വിവിധ കക്ഷികളെ ഉരസിപ്പിച്ചിരുന്നു. സ്ഥാനാര്‍ഥികള്‍ തൊണ്ണൂറു ശതമാനവും ഫലപ്രദമായ മറുപടി പറയാതെ പരസ്പരം കുറ്റപ്പെടുത്തുകയും, ഉഴപ്പുകയും, കോപിക്കുകയും ചെയ്യുകയും. ചാനലുകാര്‍ക്ക് അര മണിക്കൂര്‍ കഴിഞ്ഞ് കിട്ടുമല്ലോ. ഇടക്കിടെ ഏതെങ്കിലും സ്വര്‍ണക്കടയുടെയോ, മറ്റോ പരസ്യം കാണിക്കാമല്ലോ.....കെ.പി.മോഹനന്‍ ഭാഷയെ കൊടുവാളാക്കാറുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ കണ്‍വെട്ടം അല്പം നേരൊക്കെ മുക്കി മുക്കി പറയുന്നുണ്ട്...

Anonymous said...

ആരാണീ നികേഷ് കുമാര്‍ന്നു,സമകാലിക മലയാളം വാരികയില്‍ കുറച്ചു നാള്‍ മുമ്പ് ലേഖനത്തില്‍ ഉണ്ടായിരുന്നു.എം.പി.ബഷീറിന്റെ അടക്കം അഭിപ്രായം, റെജീന-കുഞ്ഞാലിക്കുട്ടി വെളിപ്പെടുത്തലിനു ശേഷമുണ്ടായ അണിയറ നാടകങ്ങള്‍ എല്ലാം അതില്‍ പറയുന്നുണ്ട്..

ബിനോയ്//HariNav said...

ഉജ്ജ്വലമായ ലേഖനം. മാനം മര്യാദയായി തൊഴിലെടുത്ത് വീട്ടിലെത്തി, ഇന്നു നാട്ടിലെന്തു സംഭവിച്ചു എന്നറിയാനായി വാര്‍ത്താചാനലിനു മുന്‍പിലെത്തുന്നവരെ ജവുളി പൊക്കിക്കാണിക്കുന്നതിന്‍റെ പേരോ മാദ്ധ്യമസംസ്ക്കാരം! വായാടിത്തീര്‍ക്കാന്‍ ബാദ്ധ്യതപ്പെട്ട ഒരു മണിക്കൂര്‍ ചര്‍ച്ചക്കായി വിളിച്ചുവരുത്തുന്ന ഏമ്പോക്കികള്‍ക്ക് എനിമ കൊടുത്തു വിസര്‍‌ജ്ജിപ്പിച്ച് പ്രേക്ഷകര്‍ക്കായി വിളമ്പുന്ന കൂതറസംസ്ക്കാരം.

Anonymous said...

like they say "Nunayode,Nirlejjam,Nirantharam"

Appu Adyakshari said...

ഇക്കൂട്ടര്‍ക്കെതിരെ സര്‍വ്വത്ര രോഷം കൊള്ളുന്ന മറ്റൊരുണ്ണാക്കന്‍...

ഈ ടി.വി കാണല്‍ നമ്മള്‍ക്ക് ബഹിഷ്കരിക്കാം അഞ്ചലേ. ആ നേരത്തിന് മറ്റുവല്ല കാര്യങ്ങളും ചെയ്താല്‍ ഇതിലും എത്രയോ പ്രയോജനപ്രദം.