Monday, September 21, 2009

ഔചിത്യം!

എറണാകുളത്തെ സേവന കാലം. അതോ പഠന കാലമോ? എന്തായാലും എറണാകുളത്തെ ജീവിത കാലം. അത്ര തന്നെ!

ഒരിയ്ക്കല്‍ ഒരു ദിനം ഉച്ചയൂണിന്റെ ആലസ്യത്തില്‍ ലെഡ്ജറില്‍ കൈ തലയിണയാക്കി ഒന്നു മയങ്ങാന്‍ തുടങ്ങുമ്പോഴാണ് ആ പെണ്‍കുട്ടി എത്തിയത്. ഒരു പതിനൊന്നു വയസ്സുകാരി.

“സാറേ...ഓണം ബമ്പറാ...പത്തു രൂപയേ ഉള്ളൂ‍.” ആ ദൈന്യം ഇപ്പോഴും മായാതെ മനസ്സിലുണ്ട് - വര്‍ഷം ഇരുപത് കഴിഞ്ഞിട്ടും!

നീട്ടിപിടിച്ച ഓണം ബമ്പറുമായി ദൈന്യതയോടെ പെണ്‍കുട്ടി മുന്നില്‍. ലോട്ടറി എടുക്കുക ശീലമല്ലാത്തതു കൊണ്ടും ലോട്ടറി എന്നത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് തട്ടിപ്പാണെന്നു വിശ്വാസിച്ചിരുന്നൊരു കാലമായിരുന്നതു കൊണ്ടും ലോട്ടറിക്കാരെ നിരുത്സാഹപ്പെടുത്തുകയായിരുന്നു പതിവ്. പക്ഷേ കുട്ടിയുടെ ദൈന്യം അവളെ മടക്കാന്‍ മനസ്സനുവദിയ്ക്കുന്നുമില്ല. എന്തു ചെയ്യണമെന്നാലോചിച്ചിരിയ്ക്കേ വെറുതേ ചോദിച്ചു.

“നിന്റെ പേരെന്താ?”

“ആതിര”

“നീ സ്കൂളില്‍ ഒന്നും പോകുന്നില്ലേ?”

“ഞാന്‍ ആറാം ക്ലാസിലാ സാറേ പഠിയ്ക്കുന്നേ.” സ്കൂളിന്റെ പേരും പറഞ്ഞു.

അന്ന് ശനിയാഴ്ചയാണെന്ന് പെട്ടെന്ന് ഞാനോര്‍ത്തു. എന്തോ കുട്ടിയെ കുറിച്ച് കൂടുതല്‍ അറിയണം എന്നു തോന്നി.

“വീട്ടില്‍ ആരൊക്കെയുണ്ട്....നീയെന്താ ലോട്ടറി വില്‍ക്കാന്‍ നടക്കുന്നേ?” ഒരു ഔചിത്യവും ഇല്ലാത്ത ചോദ്യമാണെന്നറിയാം. പക്ഷേ ആറാം ക്ലാസില്‍ പഠിയ്ക്കുന്നൊരു കുട്ടി ലോട്ടറി വില്‍ക്കാന്‍ നടക്കുന്നതിലുള്ള ആകാംക്ഷയാണ് അങ്ങിനെയൊരു ചോദ്യത്തില്‍ എത്തിച്ചത്.

അതിന് ആ കുട്ടി ഉത്തരമൊന്നും പറഞ്ഞില്ല. മൌനമായിരുന്നു മറുപടി.

“സാറ് ഒരു ലോട്ടറി എടുക്കുമോ? പത്തു രൂപയേ ഉള്ളൂ‍.”

വീണ്ടും കുട്ടി.

ലോട്ടറി എടുക്കണ്ട എന്നു തീരുമാനിച്ചിട്ട് ഇരുപത് രൂപയെടുത്ത് കുട്ടിയ്ക്ക് കൊടുത്തു.

കുട്ടി രണ്ടു ലോട്ടറി എനിയ്ക്കു തന്നു.

“കുട്ടീ...എനിയ്ക്ക് ലോട്ടറി വേണ്ട. ഞാന്‍ ലോട്ടറി എടുക്കാറില്ല.... നീ ആ പൈസ എടുത്തു കൊള്ളൂ‍.”

പ്രതീക്ഷിയ്ക്കാത്തതായിരുന്നു സംഭവിച്ചത്. കുട്ടി പണം മടക്കി.

“വേണ്ട സാറേ. സാറ് ലോട്ടറി എടുത്താല്‍ എനിയ്ക്ക് ലോട്ടറിയുടെ കമ്മീഷന്‍ കിട്ടും. എനിയ്ക്കതുമതി. സാറിനു ലോട്ടറി വേണ്ടാങ്കി ഞാന്‍ പോട്ടെ...” ഉറച്ച വക്കുകള്‍.... ദൈന്യത വിട്ടകന്ന തീഷ്ണമായ ശബ്ദം...

സാറിന്റെ ഔദാര്യം വേണ്ടെന്ന്...ആ കൊച്ചു കുട്ടിയുടെ മുന്നില്‍ ചൂളിപോയ നിമിഷങ്ങള്‍....

കുട്ടി തിരിഞ്ഞു നടക്കാന്‍ തുടങ്ങവേ തിരിച്ചു വിളിച്ചു ലോട്ടറി വാങ്ങി പണം നല്‍കുകയല്ലാതെ എന്റെ മുന്നില്‍ മറ്റു മാര്‍ഗ്ഗമൊന്നുമേയുണ്ടായിരുന്നില്ല.

പിന്നെയും ഞാന്‍ പ്രതീക്ഷിച്ചിരുന്നു അവള്‍ വരുമെന്ന് - ലോട്ടറി വില്പനയ്ക്കായി. പക്ഷേ, പിന്നീടൊരിയ്ക്കലും അവള്‍ ആ പടികടന്നു വന്നിട്ടേയില്ല!

ലോട്ടറിയുമായി എന്നെ സമീപിച്ചിട്ടുള്ള ഒരാളേയും അതിനു ശേഷം നിരാശരായി മടക്കി അയയ്ക്കാന്‍ എനിയ്ക്കായിട്ടുമില്ല....

13 comments:

Joseph Thomas said...

അഞ്ചല്‍ക്കാരാ, ആ ലോട്ടറി അടിച്ചായിരുന്നോ? ഇല്ലെങ്കില്‍ നമുക്ക് ബൂലോകത്തെ സി ഐ ഡികളുടെ കയ്യില്‍ ഡീറ്റെയിത്സ് കൊടുത്ത് ഒരു ഇന്വെസ്റ്റിഗേഷന്‍ നടത്തി ആ പെണ്‍കുട്ടിയുടെ സകല വിവരങ്ങളും കണ്ട് പിടിച്ച് ബ്ലോഗില്‍ കൊടുത്ത് ഒരു ചര്‍ച്ചയൊക്കെ നടത്തി കാശ് തിരികെ മേടിക്കാം. അവള്‍ ശരിക്കും സ്കൂളില്‍ പോയിട്ടുണ്ടൊ അതോ കള്ളം പറഞ്ഞതാണൊ?? അവളുടെ വീട്ടില്‍ പട്ടിണിയായിരുന്നോ? ഇതെല്ലം പുറത്ത് കൊണ്ടുവരണം!!!!
വേഗം തന്നെ സി ഐ ഡികളെ വിവരമറിയിക്കൂ!!!

ജിവി/JiVi said...

ലോട്ടറിക്കാരെ എന്നല്ല, മാന്യമായി കച്ചവടം/തൊഴില്‍ ചെയ്ത് ജീവിക്കാന്‍ ശ്രമിക്കുന്ന ആരെയും നിരാശപ്പെടുത്താതിരിക്കുക. കഴിയാവുന്ന രീതിയില്‍ കച്ചവടമോ തൊഴിലോ നല്‍കി അവരെ പ്രോത്സാഹിപ്പിക്കുക. അര്‍ക്കും സൌജന്യങ്ങള്‍ വച്ചുനീട്ടാതിരിക്കുക. ഇതുപോലെ ആരൊക്കെയോ എന്നെയും പഠിപ്പിച്ച കാര്യങ്ങളാണിത്. ആ പെണ്‍കുട്ടി കുറെക്കൂടി മെച്ചപ്പെട്ട ജീവിതം കൈക്കലാക്കിയിട്ടുണ്ടാവും എന്ന് വിശ്വസിക്കുന്നു.

കണ്ണനുണ്ണി said...

ലോട്ടറിയില്‍ അല്പം പോലും വിശ്വാസം ഇല്ലെങ്കിലും പലപ്പോഴും ഞാനും ലോട്ടറി എടുക്കുന്നത് അത് എന്റെ നേരെ നീട്ടുന്ന മുഖങ്ങളിലെ ദൈന്യത കണ്ടിട്ടാണ്.

അത് കൊണ്ട് തന്നെ താങ്കളുടെ ഈ കുറിപ്പ് മനസ്സില്‍ തൊട്ടു മാഷെ.

Unknown said...

ലോട്ടറി എന്നത് ഒരു അധാര്‍മ്മികമായ പരിപാടിയാണ്. അന്യന്റെ മുതല്‍ അന്യായമായി ആഗ്രഹിക്കലാണത്. സര്‍ക്കാര്‍ തന്നെ അത് നടത്തുന്നത് കഷ്ടം എന്നേ പറയാന്‍ കഴിയൂ. തൊഴിലവസരം,സര്‍ക്കാര്‍ വരുമാനം എന്നൊക്കെ പറഞ്ഞു കേരളീയര്‍ ലോട്ടറിയെ ന്യായീകരിക്കുമ്പോള്‍ ധാര്‍മ്മീകതയുടെ പേരില്‍ തമിഴ്‌നാടും കര്‍ണ്ണാടകയും അത് ഒഴിവാക്കിയിട്ടുണ്ട്. ന്യായമായി സമ്പാദിക്കുന്ന മുതല്‍ മാത്രമേ എനിക്കവകാശപ്പെട്ടതായിട്ടുള്ളൂ എന്ന ബോധം ഒരു പൌരസമൂഹത്തിന് നഷ്ടപ്പെടരുതായിരുന്നു.

ഇന്നിപ്പോള്‍ ഒരു ലോട്ടറിടിക്കറ്റെങ്കിലും കീശയിലില്ലെങ്കില്‍ ഒരു ശരാശരി മലയാളിക്ക് ഉറക്കം വരില്ല എന്നായിട്ടുണ്ട്. ഒരു പരിഷ്കൃത സമൂഹത്തില്‍ ലോട്ടറി പാടില്ലാത്തതാണ്. സര്‍ക്കാര്‍ ലോട്ടറി നിരോധിച്ച്,ലോട്ടറി വില്പനക്കാരെ പുനരധിവസിപ്പിക്കുകയാണ് വേണ്ടത്.

സമാനമായ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. സാറിന്റെ ഔദാര്യം വേണ്ടെന്ന ഉത്തരത്തിന് മുന്നില്‍ ചൂളിപ്പോയ നിമിഷങ്ങള്‍!

Typist | എഴുത്തുകാരി said...

ലോട്ടറി എടുക്കുന്ന ശീലമില്ലെങ്കിലും, പലപ്പോഴും അതു നീട്ടിപ്പിടിച്ച കൈകളില്‍നിന്നു മുഖത്തേക്കൊന്നു നോ‍ക്കുമ്പോള്‍ വേണ്ടെന്നു പറയാന്‍ കഴിയാറില്ല. അങ്ങനെ പലപ്പോഴും വാങ്ങാറുണ്ട്.

അഞ്ചല്‍ക്കാരന്‍ said...

സുകുമാരന്‍ മാഷേ,
ഈ പോസ്റ്റെഴുതി വരുമ്പോള്‍ എനിയ്ക്ക് കിട്ടാതെ പോയൊരു വാചകമാണ് താങ്കള്‍ ദാനമാക്കിയിരിയ്ക്കൂന്നത്. ആ വാചകം ഇല്ലാതെ ഈ പോസ്റ്റ് അപൂര്‍ണ്ണമാണ്.

താങ്കളുടെ കമന്റിലെ അവസാന വാചകം ഞാന്‍ പോസ്റ്റിലേയ്ക്ക് ചേര്‍ത്ത് വെയ്ക്കുന്നു.

നന്ദി.

Manikandan said...

ഈ പോസ്റ്റ് എന്നെ ഓർമ്മിപ്പിക്കുന്നത് എന്റെ തന്നെ നാട്ടുകാരനായ പ്രിൻ‌സിനേയാണ്. ഞാൻ സ്കൂളിൽ പഠിക്കുന്ന കാലം മുതൽ കാണുന്നതാണ് പ്രിൻ‌സിനെ. കൈയ്യിൽ ഒരു ബാഗും കുറച്ചു ലോട്ടറി ടിക്കറ്റുകളും. അല്പം ബുദ്ധിമാന്ദ്യം ഉള്ള വ്യക്തിയാണ് പ്രിൻസ്. എന്നേക്കാൾ അധികം പ്രായം കാണില്ല പ്രിൻസിന്. കുട്ടിക്കാലത്ത് ഞങ്ങളുടെ നാട്ടിൽ മാത്രം ആയിരുന്നു പ്രിൻസ് ലോട്ടറി വിറ്റിരുന്നത്. ഇന്ന് ബസ്സിൽകയറി എറണാകുളത്ത് വരെ എത്തി പ്രൻസ് ലോട്ടറി വിൽക്കുന്നു. മറ്റൊരു ജോലിയും പ്രിൻസിനു ചെയ്യാൻ കഴിയും എന്നു തോന്നുന്നില്ല. ലോട്ടറി എന്ന സമ്പ്രതായത്തോട് എതിർപ്പുണ്ടെങ്കിലും പ്രിൻസിനേപ്പോലെ എത്രയോ ആളുകൾക്ക് മാന്യമായ ഒരു തൊഴിൽ ഇതിലൂടെ ലഭിക്കുന്നു.

Joseph Thomas said...

ശാരീരികമോ മാനസികമോ ആയ വൈകല്യമുള്ളവരോ, മറ്റു ജോലികള്‍ ചെയ്യാന്‍ ആരോഗ്യം ഇല്ലാത്തവരോ ആണ് ലോട്ടറി വില്‍പ്പനയ്ക്ക് പോകുന്നവരില്‍ കൂടുതലും എന്നാണ് അനുഭവങ്ങളില്‍ നിന്നു മനസ്സിലാകുന്നത്. ഒരു കുടുംബം പുലര്‍ന്നു പോകുന്നത് തന്നെ ഇതില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നും ആയിരിക്കും. അങ്ങനെയുള്ള നമ്മുടെ നാട്ടില്‍ ലോട്ടറി നിരോധിക്കണം, അവരെ പുനധിവസിപ്പിക്കണം എന്നൊക്കെ പറയുന്നത് കേട്ടിട്ട് മനസ്സിലാകുന്നില്ല! ആരോഗ്യവും കൃഷി ചെയ്യാന്‍ സ്ഥലവുമുള്ള കര്‍ഷകര്‍ക്ക് അവര്‍ക്കു വേണ്ടുന്ന സഹായം കൊടുക്കാന്‍ കഴിയാത്ത സര്‍ക്കാരുകള്‍ മാറി മാറി ഭരിക്കുന്ന നമ്മുടെ നാട്ടില്‍ പുനരധിവാസം എന്നൊക്കെ പറയാനും കേള്‍ക്കാനും മാത്രമേ സുഖം ഉണ്ടാവൂ.അല്ലാതെ നടന്നു കാണാന്‍ വലിയ പ്രയാസമായിരിക്കും. പാവം ലോട്ടറി കച്ചവടക്കാര്‍ വഴിയാധാരമാവുന്നതു മാത്രം മിച്ചം. കുറച്ചു കൂടി ആത്മഹത്യകള്‍ കൂടും. അത്രമാത്രം. അത് കൊണ്ട് ഇപ്പോഴുള്ള ഈ സൌകര്യങ്ങളില്‍ അവര്‍ ജീവിച്ചു പൊകട്ടെ. തമിഴ്നാടിന്റെയും ആന്ധ്രയുടെയും ലെവലില്‍ നമ്മുടെ ജനസേവകരും സേവനവും എത്തുമ്പോള്‍ ലോട്ടറി നിറുത്തുകയോ പുനരധിവസിപ്പിക്കുകയോ എന്തു വേണമെങ്കിലും ചെയ്യാം. ഇത് എന്റെ ചിന്ത!

ബിനോയ്//HariNav said...

KPS മാഷിന്‍റെ കമന്‍റിനു താഴെ ഒരൊപ്പ്. നല്ല കുറിപ്പ് അഞ്ചല്‍‌ക്കാരാ :)

ഷിനില്‍ നെടുങ്ങാട് said...

ഞാന്‍ ജോസഫിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. പ്രത്യേകിച്ചും ആദ്യത്തെ കമന്റ് തീര്‍ച്ചയായും പ്രാധാന്യമര്‍ഹിക്കുന്നതാണു.

തൊഴിലെടുക്കുന്നവരെ അതിനു അനുവദിക്കുക. സൌകര്യമുണ്ടെങ്കില്‍ അവനവനു കഴിയുന്ന വിധത്തില്‍ സഹായിക്കുക. ഇനി സഹായിച്ചാല്‍ തന്നെ അതു പരസ്യമായി പറഞ്ഞ് അവരെ അവഹേളിക്കാതിരിക്കുക. ലോട്ടറി വില്‍ക്കുന്നവരൊക്കെ ആരുടേയോ ഔദാര്യം കാക്കുന്നവരാണു എന്ന ഭാവത്തില്‍ ലോട്ടറി എടുക്കുന്നവരും അവരുടെ ഉള്ളിന്റെ ഉള്ളില്‍ കരുതുന്ന ഒന്നുണ്ട് ദൈവമേ ഇതൊന്നു അടിച്ച് ഒരു ലക്ഷപ്രഭു ആയെങ്കില്‍ എന്നു!! . അങ്ങിനെ എങ്ങാനും ലോട്ടറി അടിച്ചാല്‍ ഒരു ലോട്ടറിക്കാരനെങ്കിലും കിട്ടിയതില്‍ പകുതി കൊണ്ടുകൊടുക്കുന്നവര്‍ ഉണ്ടാകുമോ?

നമ്മളൊക്കെ പതിനായിരങ്ങളില്‍ നിന്ന് പത്ത് രൂപ ദാനം കൊടുത്ത് അതിന്റെ പേരില്‍ ഊറ്റം കൊള്ളുന്നവരാണു.

ഹാഫ് കള്ളന്‍||Halfkallan said...

മറ്റു പല കാര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ലോട്ടറി ഒരു വല്ല്യ തെറ്റാണോ ? ഓണ്‍ലൈന്‍ ലോട്ടറികള്‍ ആഘോഷമാക്കിയ സമൂഹത്തില്‍ നാല് പേര്‍ക്ക് കഞ്ഞി കുടിക്കാനുള്ള വക കിട്ടുന്ന സര്‍ക്കാര്‍ ലോട്ടറി നിരോധിക്കേണ്ട കാര്യമില്ല എന്നാണു അഭിപ്രായം . നാട്ടുകാരുടെ കാശ് കൊള്ളയടിക്കുന്നു എന്നാ പരാതിയെങ്കില്‍ ആദ്യം മദ്യശാലകളും മദ്യവില്പന കടകളും നിര്‍ത്തട്ടെ . ലോട്ടറി വിക്കുന്നവര്‍ ഒരിക്കലും ഔദാര്യം കൈപ്പട്ടാറില്ല !! ഞാനും കണ്ടിരിക്കുന്നു പല വട്ടം . ഇത് വരെ ലോട്ടറി എടുത്തിട്ടില്ല .

ഹാഫ് കള്ളന്‍||Halfkallan said...
This comment has been removed by the author.
നാട്ടുകാരന്‍ said...

ഇത് വായിച്ചു നോക്കിയിരുന്നോ ? ഇതും ലോട്ടറിയെക്കുറിച്ച്.