Thursday, October 15, 2009

സുരേഷ് സാറ് സേവനത്തിലേയ്ക്ക് മടങ്ങുമ്പോള്‍....

മുഖ്യമന്ത്രി സഖാവ് നിറം നോക്കാതെ രണ്ടു വര്‍ഷം മുന്നേ മൂന്നാറില്‍ തുറന്ന് വിട്ട പൂച്ചകളില്‍ മുഖ്യ പൂച്ച നിറമൊന്നും നോക്കാതെ തന്നെ എലിയെ പിടിച്ച് തുടങ്ങിയപ്പോള്‍ വെട്ടിലായത് മുഖ്യമന്ത്രിയും മുഖ്യന്റെ പാര്‍ട്ടിയും ഘടക കക്ഷികളും. എലിയെ നിറം നോക്കിയേ പിടിയ്ക്കാവൂ എന്നറിയാതെ പൂച്ച എലിയെ പിടിച്ചു... എലികളുടെ പിറകേ പോയി പോയി ഒടുവില്‍ പൂച്ച തന്നെയും വെട്ടിലായി.

ഒടുവില്‍ കൂടും, കുടുക്കയും, ടാറ്റായുടെ ബോര്‍ഡിനു പകരം മുഖ്യന്‍ നാട്ടിയ ബോര്‍ഡും, ഒക്കെ ചുമന്ന് സര്‍ക്കാര്‍ പരിവാരം ഹൈറേഞ്ച് ഇറങ്ങിയപ്പോള്‍ സുരേഷ് കുമാര്‍ ഐ.ഏ.എസ്സിനു സര്‍ക്കാര്‍ നല്‍കിയ ലാവണം സംസ്ഥാന കാര്‍ഷിക വികസന ബാങ്ക്. നല്ല ബാങ്ക്. പക്ഷേ പണ്ടേ “കൃഷിയില്‍” ഒട്ടും പിന്നിലല്ലാത്ത സുരേഷ് സാറിനാണേല്‍ കൃഷിയിറക്കാന്‍ കൂടുതല്‍ ഇഷ്ടം മുഖ്യന്റെ ആപ്പീസിലായിരുന്നു എന്നു മാത്രം. അവിടെയുള്ള സഖാക്കളോ... ഈ പാവം കര്‍ഷകനെ അങ്ങാട്ട് ഒട്ടു അടുപ്പിച്ചുമില്ല. അന്യ കര്‍ഷകര്‍ ഇങ്ങാട്ട് കൃഷിയിറക്കണ്ടായെന്നും വെട്ടിനിരത്തിക്കളയുമെന്നും മുഖ്യമന്ത്രിയുടെ ആപ്പീസ്.... എന്നാല്‍ മുഖ്യമന്ത്രിയുടെ ആപ്പീസില്‍ തന്നെ താനും കൃഷിയിറക്കുമെന്ന് സുരേഷ് സാറും. പോരേ പൂരം?

സുരേഷ് കുമാര്‍ ഐ.ഏ.എസ്സ് കര്‍ത്തവ്യ നിര്‍വ്വഹണത്തിനിടയ്ക്ക് മുഖ്യമന്ത്രിയുടെ ആപ്പീസില്‍ എത്തിനോക്കി അവിടെ നടക്കുന്ന കാര്യങ്ങള്‍ അറിയാതെ വിളിച്ചു പറഞ്ഞതൊന്നുമല്ല. സുരേഷ് സാറിനെ മുഖ്യമന്ത്രി സഖാവിന്റെ സ്വകാര്യ ജീവനക്കാരായ ചില സഖാക്കള്‍ കേറി ചൊറിഞ്ഞു. ചൊറിയല്‍ വിദഗ്ദനായ ഐ.ഏ.എസ്സ് സാറ് തിരിച്ചും ചൊറിഞ്ഞു. അത്രയേ ഉള്ളൂ കാര്യം. ചൊറിഞ്ഞപ്പോള്‍ മുഖ്യന്‍ സഖാവ് ആ സുഖത്തില്‍ സുരേഷ് സാറിനു പിന്തുണ നല്‍കുമെന്ന് ഐ.ഏ.എസ്സ് സാറ് വെറുതേ അങ്ങ് ആഗ്രഹിച്ചു പോയി. പക്ഷേ പാര്‍ട്ടിക്കാരും സഹപാര്‍ട്ടിക്കാരും പീ.ബീയും എല്ലാരും കൂടി ചൊറിഞ്ഞ് ചൊറിഞ്ഞ് ഒരു പരുവമായ സഖാവ് മുഖ്യനാണേല്‍ സുരേഷ് സാറിന്റെ പാലവും വലിച്ചു. സുരേഷ് സാറോ തെരുവാധാരവും!

പക്ഷേ ഭൂമിമലയാളത്തിനു അന്നേ അറിയാമായിരുന്നു സുരേഷ് സാറിന്റെ സസ്പെന്‍ഷന്‍ എങ്ങിനെ അവസാനിയ്ക്കും എന്ന്. അതു പോലെ തന്നെ സംഭവിച്ചിരിയ്ക്കന്നു. ഭരിയ്ക്കുന്ന പാര്‍ട്ടിയിലെ പടലപ്പിണക്കത്തിനു ബലിയാടാകേണ്ടി വന്ന സുരേഷ് സാറിനെ തിരിച്ചെടുക്കാന്‍ ഹൈക്കോടതി വിധിച്ചു—കോടതി ചിലവടക്കം. സ്വാഹയായ പൊതുപണത്തിന്റെ കണക്കാ കണക്കായത്.

ഇല്ലാത്ത കാരണത്തിനു ഒരു സര്‍ക്കാര്‍ ജീവനക്കാരനെ പുറത്ത് നിര്‍ത്തിയപ്പൊള്‍ പൊതുഖജനാവില്‍ നിന്നു ചോര്‍ന്ന പണത്തിനു ആരാ സമാധാനം പറയുക? കോടിക്കണക്കായ കേസുകള്‍ കെട്ടിക്കിടക്കുമ്പോള്‍ അടിയന്തിര പ്രാധാന്യത്തോടെ പരിഗണനക്കെടുക്കേണ്ടി വരികയും വിധി പ്രസ്താവിയ്ക്കേണ്ടി വരികയും ചെയ്തിടത്ത് ഇല്ലാത്ത കേസിന്റെ പേരില്‍ നഷ്ടപ്പെടുത്തിയ ന്യായാസനത്തിന്റെ വിലപ്പെട്ട സമയം.... അഡ്വക്കേറ്റ് ജനറലിന്റെ ആപ്പീസിനു നഷ്ടപ്പെട്ട പ്രവര്‍ത്തി ദിനങ്ങള്‍....ഇപ്പോള്‍ ഇല്ലാത്ത കാരണത്താല്‍ പുറത്താക്കപ്പെട്ട് തിരിച്ചെടുക്കേണ്ടി വരുമ്പോള്‍ സുരേഷ് സാറിനു വകവെച്ചു കൊടുക്കേണ്ടി വരുന്ന പ്രവര്‍ത്തി എടുക്കാത്ത ദിവസങ്ങളിലെ ശമ്പളം....

പണ്ടേ കള്ളുകുടിയില്‍ കുപ്രസിദ്ധിയുള്ള പുറത്താക്കപ്പെട്ട ഐ.ഏ.എസ്സ് കാരനു വെറുതേയിരുന്നു സമയം കളഞ്ഞവകയില്‍ സര്‍ക്കാര്‍ വകവെച്ചു നല്‍കേണ്ടി വരുന്ന ശമ്പളത്തിനു ഉത്തരവാദികള്‍ ആരാ? ആ....ആരാണോ ആവോ?

കാട്ടില്‍ നിന്നും പൊക്കിയ തടി...
കൂട്ടിലായ കാട്ടിലെ ആന...
വലിയെടാ സഖാവേ വലി...

പൊതുജനമേ നിങ്ങളറിയുന്നുണ്ടോ ഈ വലിപ്പീരുകള്‍ വല്ലതും?

3 comments:

kichu / കിച്ചു said...

അഞ്ചലേ.

ആത്മരോഷത്തിനൊരു കൂട്ട് ദേ ഇവിടെ.

അരോട് ചോദിക്കാന്‍ !!

നരിക്കുന്നൻ said...

ആത്മരോഷം തിളച്ച്മറിയട്ടേ..

Joker said...

കൈക്കൂലി കേസുകളില്‍ അടക്കം, നമ്മള്‍ കേള്‍ക്കുന്ന സസ്പെന്‍ഷന്‍ മഹാ മഹങ്ങളില്‍ എല്ലാം ഇങ്ങനെയൊക്കെ തന്നെയാണ്. അന്വേഷണം അവസാനിക്കും വരെ സുഖ ചികിത്സ. അത്ര തന്നെ.അപ്പോഴും പൊതുജനം അന്തം കമ്മികളായി മാറും.