നെത്തോലി കുഞ്ഞിനെ പോലെയൊരു പെങ്കൊച്ച്. ഒന്നാം വര്‍ഷ പ്രീ ഡിഗ്രിയിലേക്കുള്ള പ്രവേശനം നടക്കുമ്പോള്‍ വിമുക്തഭടനായ പിതാവിന്റെ നിഴല്‍ പറ്റി ഇന്റര്‍വ്യൂ ബോര്‍ഡിനു മുന്നില്‍ തലകുനിച്ച് നിന്നവള്‍. അതായിരുന്നു ആദ്യ ദര്‍ശനം!
ഒന്നാംവര്‍ഷക്കാരുടെ പ്രവേശനം കഴിഞ്ഞു. ക്ലാസ്സുകള്‍ തുടങ്ങി. പുതുമുഖങ്ങളെ പരിചയപ്പെടല്‍ പരിപാടിയിക്കിടയിലെ ഒരു നിമിഷം. പരിചയപ്പെടലിന്റെ വിഷയങ്ങള്‍ എപ്പോഴും ആവര്‍ത്തിയ്ക്കപ്പെടുന്നത് തന്നെ. പേര്, നാട്, ഹോബി, പാടുമോ, നൃത്തം ചെയ്യുമോ അങ്ങിനെ അങ്ങിനെ.....വെറുതേ ചില ചോദ്യങ്ങള്‍. അങ്ങിനെയുള്ള വെറും ചോദ്യങ്ങള്‍ക്ക് അവളും വെറും വെറുതേ ഉത്തരം പറഞ്ഞു. പക്ഷേ നൃത്തം ചെയ്യുമോ എന്ന ചോദ്യത്തിന് “ഒപ്പന” കളിക്കും എന്ന മറുപടി. മാപ്പിളപാട്ടും ഒപ്പനയും നാടന്‍ ശീലുകളും ഒക്കെ ഹരമായിരുന്ന കാലമായിരുന്നു എങ്കിലും “ഓ... ഒപ്പന നൃത്തമാണോ?” എന്നൊരു കളിയാക്കലുമായി അടുത്ത പുതുമുഖ നാരിയുടെ പരിചയപ്പെടല്‍ ചടങ്ങിലേക്ക്....
ദിവസങ്ങള്‍ കൊഴിഞ്ഞു...പുതുമുഖങ്ങള്‍ പഴയ മുഖങ്ങളായി തുടങ്ങി. പരിചയപ്പെടലും പെടുത്തലുമൊക്കെ കഴിഞ്ഞു. സമരം, അടി, പിടി, കല്ലേറ് തുടങ്ങി പഠനം ഒഴികെ ബാക്കി കലാപരിപാടികളൊക്കെയായി കാമ്പസ് പതിവ് പോലെ മുന്നോട്ട്. പതിവ് പോലെ തന്നെ കാമ്പസ് വീക്കും കടന്നു വന്നു. നാലുഹൌസുകളില്‍ ഒന്ന് എല്ലോ ഹൌസ്. എല്ലോ ഹൌസിന്റെ ക്യാപ്റ്റന്‍ ഞാന്‍. മത്സരിക്കാനുള്ള കുട്ടികളെ കണ്ടെത്തണം. കുട്ടികളെ തപ്പിയിറങ്ങി..
ഒപ്പനക്ക് കുട്ടികള്‍ വേണം. പുതുമുഖ പരിചയപ്പെടലിനിടക്ക് പരിചയപ്പെട്ട ഒപ്പന കളിക്കുന്ന ഒരു പെണ്‍ കുട്ടി ഓര്‍മ്മയിലെത്തി. നേരേ തേര്‍ഡ് എഫിലേക്ക്.
“കുട്ടീ... ഒപ്പനക്ക് ചേരുന്നുണ്ടോ?”
“ഒപ്പനക്ക് സ്കൂളില്‍ വെച്ച് ഞാന്‍ മണവാട്ടിയായിട്ടാണ് കളിച്ചത്....”
“അതു ശരി....അപ്പോ ചേരുന്നില്ലാ എന്നാണോ?”
“മണവാട്ടിയാക്കാമെങ്കില്‍ വരാം...”
“ഞാനൊന്നാലിചിക്കട്ടെ...”
ഒപ്പനക്കുള്ള മണവാട്ടി കോളേജ് ബ്യൂട്ടിയായിരിയ്ക്കുമെന്ന് നേരത്തേ തന്നെ നിശ്ചയിച്ചിരുന്നതു കൊണ്ട് തന്നെ അതൊരു വെറും വാക്കായിരുന്നു. കുട്ടിനേതാവായിരുന്നതു കൊണ്ടുള്ള ഡിപ്ലോമാറ്റിക്കായുള്ള ഒരു മറുപടി അത്ര മാത്രം.
പക്ഷേ വിധി മറ്റൊന്നായിരുന്നു!
അവള്‍ ഇന്ന് എന്റെ മണവാട്ടി. രണ്ടു കുഞ്ഞുങ്ങളുടെ അമ്മ. പ്രവാസത്തിന്റെ പ്രയാസങ്ങളിലും തോളോടു ചേര്‍ന്ന്.....
കാമ്പസ് എനിക്ക് തന്ന മണവാട്ടി.
പ്രണയം കാമ്പസുകളില്‍ നിന്നും നെറ്റില്‍ തൂങ്ങി മൊബൈല്‍ വഴി ഹോട്ടല്‍ മുറികളിലെക്ക് ചേക്കേറുന്ന ഇക്കാലത്ത് ഇരുപത് വര്‍ഷം മുന്നേയുള്ള ആ ദിനങ്ങള്‍ ഇപ്പോഴും ഓര്‍മ്മയിലേക്ക് കൊണ്ടു വരുന്നത് എത്ര സുന്ദരമായ നിമിഷങ്ങളാണ്...
Thursday, February 11, 2010
Subscribe to:
Post Comments (Atom)
8 comments:
ചെറുതെങ്കിലും നല്ല ഓര്‍മ്മകുറിപ്പ്. ആശംസകള്‍
ഭാഗ്യവാൻ.....
മണവാട്ടിയാക്കാമെങ്കില്‍ വരാമെന്നല്ലേ പറഞ്ഞതു്. മണവാട്ടിയാക്കി. കൂടെ വന്നു. സ്വന്തം ജീവിതത്തിലേക്കായിരുന്നു എന്നു മാത്രം.
ഇനിയും തോളോടുതോള്‍ ചേര്‍ന്നു് എപ്പോഴും കൂടെയുണ്ടാവട്ടെ.
aashamsakal... നല്ലൊരു ഓര്‍മ്മകുറിപ്പു
സന്ദര്‍ഭോചിതമായ... പ്രേമത്തിന്റെ 20ആം വാര്‍ഷിക
ഓര്‍മ്മക്കുറിപ്പ് മനോഹരമായി.
അഞ്ചല്‍ കുടുംബത്തിന് ഹാര്‍ദ്ദവമായ ആശംസകള്‍ !!!
“മണവാട്ടിയാക്കാമെങ്കില്‍ വരാം...”
“ഞാനൊന്നാലിചിക്കട്ടെ...”
ഏതായാലും ആലോചിച്ച് ഇവിടെ വരെ എത്തിയല്ലോ.. ഹാറ്റ്സ് ഓഫ് ടു യു.
ഇനിയും ഒരു നൂറ് കൊല്ലം- കൂടിപ്പോയോ? എന്നാല്‍ ഒരിച്ചിരി കുറച്ചോ :)- പ്രണയം ഇങ്ങനെ തന്നെ തുടരാനാവട്ടെ.
ആശംസകള്‍ !
“എന്താ കുട്ടി, അപ്പോ ഒപ്പനക്കു ചേരില്ലേ?”
“ചേരാമോന്നു ചോദിച്ചാൽ ഉവ്വെന്നും ഇല്ലെന്നും പറയേണ്ടി വരും”
“അതെന്താപ്പാ അങ്ങിനെ?. കുട്ടി ടോപ്പോളജിയിൽക്കേറിയാണല്ലോ അലക്ക്! ”
“അതെന്തൂട്ടപ്പാ?”
“അതേ, യൂണിവേഴ്സൽസെറ്റ് എന്നു പറയണ ഒരു സാധനോണ്ട്. അതു ഒരേ സമയത്തു തുറന്നും അടഞ്ഞും കിടക്കും. കുട്ടി കാര്യം പറ, ചേരണുണ്ടോ ഇല്യോ?”
“എന്നു ചോദിച്ചാൽ.... ”
“? ? ?”
“.....മണവാട്ടി ആക്കാമോ എന്നെ? എന്നാൽ ആവാം”
“ഞാൻ ഒന്നാലോശിക്കട്ട്”
അവസാനം മണവാട്ടി ആക്കി പൊരേലേക്കു കൂട്ടിക്കൊണ്ടു പോയി. എന്റെ അഞ്ചലേ, രസനിഷ്യന്ദിയായ അലക്ക്! ഇതാണലക്ക്!
അഞ്ചലിനും അഞ്ചലിക്കും ആശംസകളുടെ മലവെള്ളപ്പാച്ചിൽ ഇതാ.
സസ്നേഹം
ആവനാഴി
Post a Comment