Tuesday, September 06, 2011

ബാലകൃഷ്ണ പിള്ളയുടെ സുഖ തടവ് ഉണര്‍ത്തുന്ന സംശയങ്ങള്‍...

കേരള മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, അന്വോഷണാത്മക പത്രപ്രവര്‍ത്തകര്‍, നീതി പാലകര്‍, നിയമ വിദഗ്ദര്‍, നീതി പീഠം, സാമൂഹ്യ വിമര്‍ശകര്‍, നിയമ സഭാ സാമാജികര്‍, പൂജപ്പുര ജയില്‍ ഐജി സര്‍വ്വോപരി കേരളത്തിന്റെ പൊതു സമൂഹം എന്നിവര്‍ക്ക് മുമ്പാകെ വിവര ദോഷിയും സദാ സംശ്യാലുവുമായ ഒരു സാദാ പ്രവാസി മലയാളിയുടെ കേവലമായ ചില സംശയങ്ങള്‍ സമര്‍പ്പിക്കുന്നു.


വിഷയം: ആര്‍.ബാലകൃഷ്ണ പിള്ളയുടെ പഞ്ച നക്ഷത്ര ജയില്‍ വാസം.

സംശയം നമ്പര്‍ ഒന്ന്: ആര്‍. ബാലകൃഷ്ണ പിള്ള എന്ന മുന്‍ മന്ത്രിക്ക് ഭാരതത്തിന്റെ പരമോന്നത നീതി പീഠം നല്‍കിയ ഒരു വര്‍ഷം കഠിന തടവ് (വെറും തടവ് അല്ല) പഞ്ച നക്ഷത്ര ചികിത്സാ വിധിയായി മാറ്റിയത് കോടതി അലക്ഷ്യം അല്ലേ? അതെനിക്കറിയാം... കോടതി അലക്ഷ്യം ഒന്നും അല്ലെടാ ചെക്കാ... എല്ലാം നിയമ വിധേയമാണ് എന്നല്ലേ ഇപ്പോ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയാന്‍ പോകുന്നത്? അപ്പോഴാണ് ദേണ്ടെ അടുത്ത സംശയം ഉണര്‍ന്ന് എഴുന്നേല്‍ക്കുന്നത്.

സംശയം നമ്പര്‍ രണ്ട്: തടവുകാരന് പിടിപെട്ടു എന്നു പറയപ്പെടുന്ന അസുഖത്തിനു കേരളത്തിലെ മറ്റൊരു ആശുപത്രിയിലും ചികിത്സ ഇല്ലാ എന്നുണ്ടോ? മറ്റേതെങ്കിലും സ്വകാര്യ ആശുപത്രിയില്‍ മേപ്പടി സൂക്കേടിനു ചികിത്സ ഉണ്ട് എങ്കില്‍ പ്രസ്തുത ചികിത്സാലയത്തില്‍ നിന്നും സീല്‍ഡ് ടെണ്ടര്‍ വാങ്ങിയിട്ട് ചികിത്സാ ചിലവ് കുറഞ്ഞ ആശുപത്രി എന്ന നിലക്ക് കിംസിലേക്ക് തടവു കാരനെ മാറ്റുകയായിരുന്നോ? അങ്ങിനെ ചിലവു കുറഞ്ഞ മറ്റൊരു ആശുപത്രി നിലവില്‍ ഉണ്ടെങ്കില്‍ അവിടെ ചികിത്സാ സൌകര്യം ലഭ്യമാക്കാതെ താരതമ്യേന ചിലവു കൂടിയ കിംസില്‍ തടവുകാരനെ പ്രവേശിപ്പിച്ചതും അഴിമതി അല്ലേ? അഴിമതി കേസില്‍ കഠിന തടവ് (വെറും തടവ് അല്ല) അനുഭവിക്കുന്ന തടവുകാരനു അനുവദിച്ച ചികിത്സാ സൌകര്യവും അഴിമതി തന്നെയെന്നു വരുന്നത് എന്തു കൊണ്ട് അന്വോഷണാത്മക പത്ര പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെടുന്നില്ല?

സംശയം നമ്പര്‍ മൂന്ന്: ബാലകൃഷ്ണ പിള്ളയുടെ കിംസ് എന്ന പഞ്ചനക്ഷത്ര ആശുപത്രിയിലെ ചികിത്സാ ചിലവ് ആരാണ് വഹിക്കുന്നത്? സര്‍ക്കാര്‍ ആണെങ്കില്‍ കിംസ് എന്ന ആശുപത്രി തന്നെ ചികിത്സക്ക് തിരഞ്ഞാടുക്കാനുള്ള കാരണം എന്താണ്?

സംശയം നമ്പര്‍ നാല്‍: ചികിത്സാ ചിലവ് ബാലകൃഷ്ണ പിള്ള സ്വന്തം നിലക്കാണ് വഹിക്കുന്നത് എങ്കില്‍ തടവു കാരന് തടവ് കാലത്തെ ചിലവുകള്‍ സ്വന്തം നിലക്ക് വഹിക്കാന്‍ വകുപ്പുണ്ടോ? അങ്ങിനെയെങ്കില്‍ മറ്റു തടവുകാര്‍ക്കും മേപ്പടി വകുപ്പ് അനുവദിച്ചു കൊടുക്കേണ്ടേ? ചികിത്സാ ചിലവ് അല്ലാതെ മറ്റു എന്തൊക്കെ കാര്യങ്ങളാണ് തടവുകാരന് സ്വന്തം നിലക്ക് ചെയ്യാന്‍ വകുപ്പ് ഉള്ളത്?

സംശയം നമ്പര്‍ അഞ്ച്: ബാലകൃഷ്ണ പിള്ളക്ക് ബാധിച്ചിരിക്കുന്നു എന്ന് മന്ത്രി ഗണേഷ് കുമാര്‍ പത്ര സമ്മേളനം നടത്തി പറഞ്ഞ "ആ" രോഗത്തിനുള്ള ചികിത്സ കേരളത്തിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലും ഇല്ലാ എന്നുണ്ടോ? ആ രോഗത്തിനു കേരളത്തിലെ ഒരു ആതുര ചികിത്സാലയത്തിലും ചികിത്സയില്ലാത്തതു കൊണ്ടായിരിക്കും അല്ലോ സ്വാകാര്യ ആശുപത്രിയില്‍ തടവു കാരനെ പ്രവേശിപ്പിച്ചത്. അങ്ങിനെയെങ്കില്‍ കേരളത്തിന്റെ പുകള്‍ പെറ്റ ചികിത്സാ സൌകര്യങ്ങള്‍ എല്ലാം പരാജയം ആണെന്നു സമ്മതിക്കെണ്ടി വരില്ലേ? കിംസ് ആശുപത്രിയുടെ ഏഴയലത്തു പോലും ചെല്ലാന്‍ സാമ്പത്തിക ശേഷി ഇല്ലാത്ത ഒരുവനു മേപ്പടി സൂക്കേട് ബാധിച്ചാല്‍ അവന്‍ ചത്തൊടുങ്ങട്ടെ എന്നാണോ സര്‍ക്കാര്‍ നിലപാട്?

സംശയം നമ്പര്‍ ആറ്: കഠിന തടവിനു ശിക്ഷിക്കപെട്ടവര്‍ ജയിലില്‍ പണിയെടുക്കണം എന്നും മറ്റുമാണ് സാമാന്യ നിലക്ക് മനസ്സിലാകുന്നത്. ബാലകൃഷ്ണ പിള്ള പഞ്ചനക്ഷത്ര ആശുപത്രിയില്‍ അങ്ങിനെ പണികള്‍ വല്ലതും എടുക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അത് എന്തു തരം പണിയാണ്?

സംശയം നമ്പര്‍ ഏഴ്: ജയില്‍ വാസം തുടങ്ങിയ ഇടക്ക് പരോള്‍ ലഭിക്കാന്‍ ബാലകൃഷ്ണ പിള്ള പറഞ്ഞ ന്യായം ഭാര്യക്ക് സൂക്കേടാണ്, അവരെ പരിചരിക്കണം എന്നാണ്. ഇപ്പോള്‍ വാമഭാഗത്തിന്റെ അസുഖങ്ങള്‍ക്ക് ശമനം ഉണ്ടോ? ആദ്യകാല പരോള്‍ സമയത്ത് ഭാര്യ ആശുപത്രിയില്‍ ആയിരുന്നുവോ അതോ വീട്ടില്‍ വൈദ്യന്മാര്‍ വന്നു ചികിത്സിക്കുകയായിരുന്നോ? ആശുപത്രിയില്‍ ആയിരുന്നു എങ്കില്‍ ഏത് ആശുപത്രിയില്‍ എന്തു രോഗത്തിനുള്ള ചികിത്സയായിരുന്നു? കേരളത്തിലെ ജയിലുകളില്‍ കഴിയുന്ന എല്ലാ തടവുകാര്‍ക്കും ജയിലില്‍ പ്രവേശിപ്പിക്കുന്ന ദിനങ്ങളില്‍ തന്നെ ഇങ്ങിനെ ഭാര്യയെ ശുശ്രൂഷിക്കാന്‍ പരോള്‍ നല്‍കാറുണ്ടോ?

സംശയം നമ്പര്‍ എട്ട്: ഇപ്പോള്‍ ബാലകൃഷ്ണ പിള്ളക്ക് അപൂര്‍വ്വ രോഗം ബാധിച്ച് കിംസില്‍ ചികിത്സയില്‍ ആയിരിക്കുമ്പോള്‍ രോഗിയായ ഭാര്യയെ ആരാണ് ശുശ്രൂഷിക്കുന്നത്? അങ്ങിനെ ഇപ്പോള്‍ ആരെങ്കിലും മിസ്സിസ്സ് പിള്ളയെ ശുശ്രൂഷിക്കാനും പരിചരിക്കാനും ഉണ്ട് എങ്കില്‍ എന്തു കൊണ്ട് ആദ്യകാല പരോള്‍ ആവശ്യപ്പെടുന്ന സമയത്ത് ഈ പരിചാരകര്‍ ഇല്ലാതെ പോയി?

സംശയം നമ്പര്‍ ഒമ്പത്: ബാലകൃഷ്ണപിള്ളയുടെ മകനും കൂടി ഉള്‍പെട്ട ഒരു സര്‍ക്കാര്‍ അല്ലാ ഇപ്പോള്‍ കേരളം ഭരിക്കുന്നത് എങ്കില്‍ കിംസ് പോലെയുള്ള ആശുപത്രിയില്‍ പഞ്ചനക്ഷത്ര ചികിത്സാ സൌകര്യം ബാലകൃഷ്ണ പിള്ളക്ക് ലഭിക്കുമായിരുന്നുവോ? അങ്ങിനെ ലഭിക്കും ആയിരുന്നില്ലാ എങ്കില്‍ സര്‍ക്കാറിനു താല്പര്യം ഉള്ളവര്‍ക്കു വേണ്ടി കോടതി വിധിയും ജയില്‍ ശിക്ഷയും അട്ടിമറിക്കുക എന്ന നിലയിലല്ലേ കര്യങ്ങള്‍ എത്തുന്നത്? സ്വന്തക്കാര്‍ക്ക് വേണ്ടി ജയില്‍ നിയമങ്ങളില്‍ വെള്ളം ചേര്‍ക്കുന്നത് മുഖ്യമന്ത്രി തൊട്ടു താഴോട്ടുള്ള എല്ലാവരും സത്യപ്രതിജ്ഞാ ലംഘനം നടത്തുന്നതിനു തുല്യമല്ലേ?

സംശയം നമ്പര്‍ പത്ത്: കിംസ് ആശുപത്രിയില്‍ തടശിക്ഷ അനുഭവിക്കുന്ന ബാലകൃഷ്ണ പിള്ള പോലീസ് കാവലില്‍ ആണോ ചികിത്സ സ്വീകരിക്കുന്നത്? സാധാരണ തടവുകാര്‍ ചികിത്സയില്‍ ആണെങ്കില്‍ അവരെ ഏറ്റവും അടുത്ത ബന്ധുക്കള്‍ പോലും സന്ദര്‍ശിക്കുന്നതിനു ജയില്‍ വകുപ്പില്‍ ചില നിബന്ധനകളും മാനദണ്ഡങ്ങളും ഉണ്ടാകും. ബാലകൃഷ്ണ പിള്ളയുടെ കാര്യത്തില്‍ കാര്യങ്ങള്‍ എങ്ങിനെയാണ്? ആശുപത്രി ജീവനക്കാര്‍ ആല്ലാതെ മറ്റാരെങ്കിലും തടവുകാരനെ പരിപാലിക്കാന്‍ ആശുപത്രിയില്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട് എങ്കില്‍ അതും നിയമ വിരുദ്ധം അല്ലേ? അങ്ങിനെ ആരെങ്കിലും അധിക്രമിച്ച് തടവുകാരനു ബൈസ്റ്റാന്റായി ഉണ്ടെങ്കില്‍ അവരെ നിയമ വിരുദ്ധ പ്രവര്‍ത്തിയുടെ പേരില്‍ അറസ്റ്റ് ചെയ്യേണ്ടേ?

ഒരു കുബുദ്ധിയുടെ ഒരാവശ്യവും ഇല്ലാത്ത സംശയങ്ങള്‍ ആണ്. ഒരു പക്ഷേ മന്ത്രിയായ മകനും സ്വന്തക്കാര്‍ക്കും സ്വന്തം സര്‍ക്കാറിനും ബാലകൃഷ്ണ പിള്ള നിരപരാധിയായിരിക്കാം. എന്നാല്‍ ഭാരതത്തിന്റെ പരമോന്നത നീതി പീഠമാണ് അദ്ദേഹം കുറ്റക്കാരനാണെന്നും ശിക്ഷ അനുഭവിക്കണം എന്നും വിധി പുറപ്പെടുവിപ്പിച്ചത്. എന്തെല്ലാം കൊള്ളരുതായ്മകള്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട് എങ്കിലും കോടതികളാണ് തെറ്റുകുറ്റങ്ങളുടെ അവസാന വാക്ക് എന്നു ചിന്തിക്കുന്നവരായിരിക്കും ഭൂമിമലയാളത്തില്‍ ഭൂരിപക്ഷവും. സ്വന്തം തട്ടകത്തില്‍ പോലും ജനങ്ങളെ തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ ബാലകൃഷ്ണ പിള്ളക്ക് കഴിഞ്ഞിട്ടും ഇല്ല. അങ്ങിനെയായിരുന്നു എങ്കില്‍ കൊട്ടാരക്കരയില്‍ മുരളി ഡോക്ടര്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചു കയറും ആയിരുന്നു. അപ്പോള്‍ കുറ്റവാളി ശിക്ഷിക്കപ്പെടണം. ആ ശിക്ഷ സ്വന്തക്കാരനായതു കൊണ്ട് വഴിവിട്ട നിലക്ക് ഭരണ കൂടം ഇളവു ചെയ്യുക എന്നാല്‍ അത് ഭരണഘടനക്കും സത്യപ്രതിജ്ഞക്കും എതിരാണ്. ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ കേരള പൊതു സമൂഹം കാട്ടുന്ന നിസ്സംഗത അഴിമതി സ്ഥാപനവല്‍ക്കരിക്കപ്പെട്ടതിനു തെളിവുമാണ്.

അറിയാനുള്ള ആഗ്രഹമല്ല മറിച്ച് നിയമങ്ങള്‍ എങ്ങിനെയൊക്കെ വളച്ചൊടിക്കപ്പെടുന്നു എന്ന ഭയമാണ് ഏതൊരു സാധാരണക്കാരനെയും ബാലകൃഷ്ണപിള്ളയുടെ പഞ്ചനക്ഷത്ര തടവും ഉളവാക്കുന്നത്. ഇല്ലാത്തവന്‍ റൊട്ടി മോഷ്ടിച്ചാല്‍ അവനു കാരാഗൃഹം. ഭാര്യയുടെ ചികിത്സക്കെന്നല്ല മാതാവോ പിതാവോ മക്കളോ ചത്തൊടുങ്ങിയാലും ഒരു പക്ഷേ പരോളോ എന്തിനു ഒരു നോക്ക് കാണാനോ ഉള്ള അവസരം നീതി പീഠം നല്‍കണം എന്നില്ല. പക്ഷേ സര്‍ക്കാറിനു വേണ്ടപ്പെട്ടവനാണെങ്കില്‍ തടവി തന്നെ തടവ് തീര്‍ക്കാം.

അപ്പോള്‍ ആര്‍ക്കാണ് ചികിത്സ വേണ്ടത്?





10 comments:

aneel kumar said...

കേരള മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, അന്വോഷണാത്മക പത്രപ്രവര്‍ത്തകര്‍, നീതി പാലകര്‍, നിയമ വിദഗ്ദര്‍, നീതി പീഠം, സാമൂഹ്യ വിമര്‍ശകര്‍, നിയമ സഭാ സാമാജികര്‍, പൂജപ്പുര ജയില്‍ ഐജി

ഇവരിൽ ആർക്കെങ്കിലും ഇത് അയച്ചോ?

ഷൈജൻ കാക്കര said...

രാത്രിയുടെ മറവിൽ നിയമത്തെ വ്യഭിചരിക്കുമെന്ന് കണ്ടിട്ടുണ്ട്... ഇപ്പോൾ പകലിന്റെ വെളിച്ചത്തിലും വ്യഭിചരിക്കാമെന്നായിട്ടുണ്ട്...

kARNOr(കാര്‍ന്നോര്) said...

സംശയം പതിനൊന്ന്. ഇങ്ങനെ അധികമായി നല്‍കുന്ന പരോളും ചികിത്സാ‍ അവധികളും ശിക്ഷാകാലാവധിയോടു കൂട്ടിച്ചേര്‍ത്ത് അധികകാല ശിക്ഷ നല്‍കുന്നതിന് നിയമത്തില്‍ വകുപ്പില്ലേ ?

ബഷീർ said...

ഈ വക സംശയങ്ങളൊക്കെയുള്ള മറ്റൊരു വിവരദോശി.. എന്ന്

ഒപ്പ്


കാക്കര,

കാലം പുരോഗമിക്കുമ്പൊൾ മനുഷ്യൻ താങ്കൾ പറഞ്ഞ രീതിയിലെക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു

ബഷീർ said...

പോസ്റ്റിനു അഭിനന്ദനങ്ങൾ

ഗ്രീഷ്മയുടെ ലോകം said...

നിങ്ങള്‍ പ്രവാസി ആയതുകൊണ്ടാണീ സംശയങ്ങള്‍. നാട്ടില്‍ ജീവിക്കുന്ന(?) ആളുകള്‍ക്ക് സംശയമേ ഇല്ലല്ലോ ;)

Raveena Raveendran said...

ചികിത്സ നല്‍കേണ്ടത് ജനത്തിനാണ് . കണ്‍മുന്നില്‍ ഇത്രയൊക്കെ കണ്ടിട്ടും ശക്തമായി പ്രതികരിക്കാത്തതിന്

അനില്‍ഫില്‍ (തോമാ) said...

ഇന്നു ഞാന്‍ നാളെ നീ.... ഇപ്പോള്‍ ഭരിക്കുന്ന പലരും പൂജപ്പുരക്കു ടിക്കെറ്റ് പ്രതീക്ഷിച്ചിരിക്കുന്നവരാണ് അതിനാല്‍ ഇപ്പോള്‍തന്നെ ഇമ്മതിരി ഒരു കീഴ്വഴക്കംസൃഷ്ടിച്ച് വയ്ക്കുന്നത് എന്തുകൊണ്ടും പിന്നിട് ഉപകാരപ്പെടും എന്ന് മന്ത്രിപുംഗവന്മാര്‍ക്ക് ഒക്കെ അറിയാം, തിരഞ്ഞെടുപ്പ് അട്ത്തൊന്നും ഇല്ലത്തകൊണ്ട് പൊതുജനം എന്ന കഴുതയെ ഭയപ്പെടേണ്ടതുമില്ല.

ദീപക് രാജ്|Deepak Raj said...

തിരക്കില്‍ കമന്റിടാന്‍ അല്‍പ്പം വൈകി.

1 ) രാഷ്ട്രീയ ലക്ഷ്യങ്ങളോടെ വേട്ടയാടുന്നു എന്ന് കോണ്‍ഗ്രസ്സും ബാലകൃഷ്ണ പിള്ളയും ആരോപിക്കുന്ന വി.എസിനെപോലെ ഒരാള്‍ അല്ല കേരളം ഭരിക്കുന്നത്‌.
2 ) അഴിമതി ( ജയില്‍ അഴി ഇവര്‍ക്ക് മതി !) എന്ന് ജനങ്ങള്‍ പറയണം. സ്വന്തം കാര്യം മാത്രം നോക്കാന്‍ പഠിച്ച പ്രതികരണ ശേഷിയും ആത്മാഭിമാനവും ഇല്ലാത്ത മലയാളി
ഇതിനെതിരെ പ്രതികരിക്കില്ല.. ( മലയാളി മനുഷ്യനെ അല്ല എന്നാണ് ഒരു സുഹൃത്ത് പറയുന്നത്.)
3 .) മന്‍മോഹന്‍ സിംഗിന്റെ ജൂനിയര്‍ അല്ലെ ഉമ്മച്ചന്‍ .. അപ്പോള്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കും..
4 ) ഇന്ന് ഞാന്‍ നാളെ നീ.. കീഴ്വഴക്കങ്ങള്‍ നല്ലതല്ലേ.. അല്‍പ്പം ജയില്‍ സൌകര്യങ്ങള്‍ കൂട്ടിയാല്‍ ഇപ്പോഴുള്ളവര്‍ക്ക് നാളെ ഗുണപ്പെടും.

ഇനി ഒന്ന് പറയട്ടെ. കുറ്റാരോപിതന്‍ അല്ല പിള്ള. കുറ്റം ചെയ്തവന്‍ ആണ്. അപ്പോള്‍ കുറ്റവാളികള്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തുന്നവരും ഓശാന പാടുന്നവരും ഒരു ഗണത്തില്‍ പെട്ടവര്‍ തന്നെ. ഇനി കുഞ്ഞാപ്പ തെറ്റ് ചെയ്തെന്നു പറഞ്ഞപ്പോള്‍ പക്ഷെ ജനങ്ങള്‍ കൂടെ നിന്നില്ലേ. വമ്പന്‍ ഭൂരിപക്ഷത്തില്‍ ജയിപ്പിചില്ലേ.. ഒരു നേതാവിന്റെ ഏറ്റവും വലിയ ശക്തി ജനങ്ങള്‍ ആണ്.. ഈ ജനപിന്തുണ പോലും പിള്ളയ്ക്കില്ല.. അല്ലെങ്കില്‍ അയാളുടെ മൂക്കിന്‍ കീഴില്‍ ആയിഷ പോറ്റി ജയിക്കുമോ..?

കുറ്റം ചെയ്യുന്നവര്‍ ശിക്ഷിക്കപെടണം.

കുറ്റം ചെയ്യുന്നവരെ പോലെ കുറ്റത്തിന് കൂട്ടുനില്‍ക്കുന്നവരും പടച്ചോന്റെ മുമ്പില്‍ മാപ്പര്‍ഹിക്കുന്നില്ല.. ( ഏതു സൂറത്തിലെ ആയത്തെന്നു ചോദിക്കല്ലേ.. മറന്നു.. പ്രായം അതിന്റെ കളി ചെയ്തു തുടങ്ങി..)

K.P.Sukumaran said...

മന്ത്രിയായിരിക്കുമ്പോള്‍ ഏര്‍പ്പെട്ട ഔദ്യോഗികമായ ജോലിയുടെ ഭാഗമായിട്ടാണ് ജയിലിലായത് എന്ന പരിഗണന ബാലകൃഷ്ണ പിള്ളയ്ക്ക് ഞാന്‍ കൊടുക്കും. ഇതേ പോലെ മറ്റാരെങ്കിലും ജയിലില്‍ പോയാലും നിലപാട് മാറ്റുകയില്ല. ലാവലിന്‍ കേസ് ഒക്കെ ഉള്ളത്കൊണ്ട് പറയുന്നതാണ്. പിന്നെ, ബാലകൃഷ്ണപിള്ളയെ ശിക്ഷിച്ച വിധിയെ പറ്റി ഒന്നും പറയുന്നില്ല. കോടതി അലക്ഷ്യമാവുമല്ലോ.

അഞ്ചല്‍ക്കാരന്‍ ബ്ലോഗ് പൂട്ടി എന്ന് എവിടെയോ കണ്ടു. അത്കൊണ്ട് വന്നുനോക്കിയതാണ് :)