Monday, December 19, 2011

ഗീബത്സിന്റെ ജാര സന്തതികള്‍ !


ഗീബല്സ്  ആത്മ ഹത്യ ചെയ്തത്   മക്കള്‍ ആറു പേരെ സയനൈഡില്‍ അവസാനിപ്പിച്ചു ഭാര്യ മഗ്ദയെ വെടിവെച്ചു  കൊന്നിട്ടാണ്. ഗീബത്സിന്റെ പരമ്പര അതോടെ അന്ന് അഡോള്‍ഫ് ഹിട്ലരിനോടൊപ്പം ചത്തൊടുങ്ങി എന്ന് ചരിത്രം. പക്ഷെ ഗീബത്സിന്റെ സന്തതി പരമ്പര ഇന്നും ജീവിച്ചിരിക്കുന്നു. ഇങ്ങു കൊച്ചു കേരളത്തില്‍...  അത് പക്ഷെ ഗീബത്സിന്റെ ജാര സന്തതി  പരമ്പര ആണെന്ന് മാത്രം.

നാസി ജര്‍മനയില്‍ ഹിട്ലരുടെ എല്ലാ കൊള്ളരുതായ്മകള്‍ക്കും വെള്ള പൂശുകയായിരുന്നു അദ്ദേഹത്തിന്റെ പ്രോപ്പഗണ്ടാ   മിനിസ്ടര്‍ ആയിരുന്ന  ഗീബല്സില്‍ നിക്ഷിപ്തം ആയിരുന്ന കര്‍ത്തവ്യം. "ഒരു കളവു പല  വട്ടം പറഞ്ഞാല്‍ അത് സത്യം ആയി മാറും" എന്ന ലോക തത്വത്തിന്റെ ഉപജ്ഞാതാവ്.  പക്ഷെ മലയാളക്കരയില്‍  ഗീബത്സിന്റെ ജാര സന്തതി പരമ്പര തിമിര്‍ത്താടുകയാണ്. പത്തു തവണ പറഞ്ഞാല്‍ ഏത് കളവും ഇന്ന് ഭൂമി മലയാളത്തില്‍ സത്യം ആയി മാറും. ഓരോ നേതാവും ഓരോ  പാര്‍ട്ടിയും  ഓരോ പ്രോപ്പഗണ്ടാ മിനിസ്ടരും ആണ്. കളവുകള്‍ മാത്രം പറഞ്ഞു കൊണ്ടിരിക്കുന്ന, തെറ്റാണു ചെയ്യുന്നത് എന്ന് പൂര്‍ണ വിശ്വാസം ഉള്ള കാര്യങ്ങള്‍ പോലും ഒരിളിപ്പുമില്ലാതെ,  ജനങ്ങള്‍ക്ക്‌ വേണ്ടി എന്ന് ആണയിടാന്‍ കഴിയുന്ന ഗീബത്സിന്റെ ജാര സന്തതികള്‍...

മുഖ്യ മന്ത്രി മുതല്‍ പ്രതി പക്ഷ നേതാവ് വരെ ഒരെണ്ണം പോലും സത്യം പറയില്ല. എല്ലാവരും എപ്പോഴും ജനപക്ഷത്ത് ആണ് എന്ന വ്യജേന നാടിന്റെ നന്മകളെ ഊറ്റി കുടിക്കും. ജനമോ എപ്പോഴും മറു പക്ഷത്തും. ജനപക്ഷത്തു നില്‍ക്കുന്ന ഏതെങ്കിലും ജനകീയന്‍ ഉണ്ടെങ്കില്‍ അവനെ ഗീബല്സീയന്‍ സിദ്ധാന്ധത്തില്‍ മുക്കി കൊല്ലും. അണികള്‍ തെരുവില്‍ തല്ലി മരിക്കും. അഴിമതിയില്‍, പെണ്‍ വാണിഭത്തില്‍, വ്യാജ  വാറ്റില്‍, കൊട്ടേഷന്‍ സംഘങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ എല്ലാം ഒറ്റ കെട്ടും. എപ്പോഴും ഭരണ പ്രതിപക്ഷ കക്ഷികളുടെ ഒരു അധോലോക രാഷ്ട്രീയ അടിത്തറയില്‍ ആണ് മുഖ്യ ധാര രാഷ്ട്രീയം കെട്ടിപ്പടുത്തിരിക്കുന്നത്. പുറമേ നിന്ന് നോക്കിയാല്‍ പരസ്പരം കടിച്ചു കീറാന്‍ വെമ്പല്‍ കൊള്ളുന്ന പ്രത്യായ ശാസ്ത്രങ്ങള്‍. പക്ഷെ അഴിമതിയുടെയും അവമതിയുടെയും ചൂഷണത്തിന്റെയും ജനദ്രോഹത്തിന്റെയും  കാര്യത്തില്‍ എല്ലാ കൊടികളെയും നേതാക്കന്മാരെയും  കൂട്ടി യോജിപ്പിക്കുന്ന ഒരു അദൃശ്യ ചങ്ങല കേരള രാഷ്ട്രീയത്തെ ചൂഴ്ന്നു നില്‍ക്കുന്നു. അത് ഏറ്റവും ഒടുവില്‍ വെളിവാക്ക പെട്ടത് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആണ് താനും.

ചപ്പാത്തെ  സമരം മുഖ്യ ധാര രാഷ്ട്രീയക്കാര്‍ ഏറ്റെടുത്തതിനു ശേഷം പെട്ടെന്ന് സമരത്തിന്റെ ഗതി മാറിയത് ജയലളിത ഒരു പ്രസ്താവന ഇറക്കിയതിനു ശേഷം ആണ്. കമ്പത്തും തേനിയിലും ഉള്ള കേരള നേതാക്കന്മാരുടെ ഭൂ സ്വത്തിന്റെ വിവരം പുറത്തു വിടും എന്ന ഭീഷണിക്ക് ശേഷം സമരങ്ങളുടെ ഗതി മാറി. കേരള സര്‍ക്കാരിന്റെ നില നില്പ് തന്നെ അപകടത്തില്‍ ആക്കാന്‍ തക്ക ശേഷിയുള്ള പിറവം ഉപ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ ഇടതു പക്ഷത്തിനു വ്യക്തമായ മേല്‍കൈ ലഭിക്കാന്‍ കഴിയും ആയിരുന്ന മുല്ലപ്പെരിയാര്‍ സമര മുഖത്ത്  നിന്നും പിന്മാറാന്‍ തയ്യാറാണെന്ന് സര്‍വ്വ കക്ഷി സംഘം പ്രധാന മന്ത്രിയെ കണ്ടപ്പോള്‍ ആദ്യം പറഞ്ഞത് പിണറായി വിജയന്‍ ആണ്. തുടര്‍ന്ന് സര്‍വ്വ കക്ഷി സംഘത്തില്‍ പെട്ട എല്ലാവരും അതേറ്റു പിടിച്ചു. പ്രധാന മന്ത്രിയില്‍ നിന്നും വ്യക്തമായ  ഒരു ഉറപ്പും ലഭിക്കാതെ തിരിച്ചു പോരും വഴി ഉമ്മന്‍ ചാണ്ടി പറഞ്ഞത് പ്രധാന മന്ത്രി ഉടന്‍ പ്രശ്നത്തില്‍ ഇടപെടും എന്നാണ്. അങ്ങിനെ അല്ല എന്ന് കൃത്യം ആയി അറിയാവുന്ന പ്രതിപക്ഷത്തെ ഒരാള്‍ പോലും ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനയെ എതിര്‍ത്തില്ല. സത്യത്തോട് പുല ബന്ധം പോലും ഇല്ലാത്ത ഒരു സംഗതിയെ സത്യം ആയി അവതരിപ്പിച്ച മുഖ്യ മന്ത്രിയുടെ  ഗീബല്സീയന്‍ പ്രസ്താവനയെ മറ്റെല്ലാ ഗീബല്സുകളും കൈടിച്ചു അങ്ങീകരിക്കുന്ന കാഴ്ചയാണ് പിന്നെ കണ്ടത്.

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ജയലളിത തന്റെ പ്രസ്താവനയില്‍ ഉറച്ചു നിന്ന് കൊണ്ട് കേരള ഭൂ ഉടമകളുടെ പേര് വിവരം പ്രഖ്യാപിച്ചാല്‍ തങ്ങള്‍ക്കുണ്ടാകുന്ന നഷ്ടത്തെ കുറിച്ച് കൂട്ടായി ചര്‍ച്ച ചെയ്യാനുള്ള അവസരമാക്കുക ആയിരുന്നു ദില്ലി യാത്രയുടെ രഹസ്യ അജണ്ട എന്ന് തോന്നുന്ന തരത്തില്‍ ആയിരുന്നു സമരത്തിനുണ്ടായ വഴിത്തിരുവുകള്‍.

ഓരോ പാര്‍ട്ടികളും കമ്മിറ്റി കൂടിയതിനു ശേഷം സെക്രട്ടറിയോ പ്രസിടെണ്ടോ വിളിച്ചു കൂട്ടുന്ന പത്ര സമ്മേളനങ്ങളില്‍ ഓരോ തവണയും കേള്‍ക്കുന്നത് ഗീബല്സീയന്‍ ഗീര്‍വാണങ്ങള്‍  ആണ്. പരസ്പരം കണ്ടാല്‍ മുഖം തിരിച്ചു നടക്കുന്ന നേതാക്കന്മാര്‍ ഒരുമിച്ചിരിന്ന് കൂടുന്ന മീറ്റിങ്ങുകളില്‍  ആദ്യമത്യാന്തം തൊഴുത്തില്‍  കുത്തും തമ്മിലടിയും ആയിരിക്കും. എന്നാല്‍ വെളുക്കെ ചിരിച്ചു കൊണ്ട് പത്രക്കാരോട് പറയുക ഒറ്റ കെട്ടായി തീരുമാനം എടുത്തു എന്നും. എടുത്ത തീരുമാനങ്ങള്‍ ഒരു പക്ഷെ ചര്‍ച്ചക്ക് പോലും വന്നിട്ടുണ്ടാവില്ല.

ജനാധിപത്യ വ്യവസ്ഥിതിയില്‍ എല്ലാം അറിയേണ്ടുന്നത് പ്രജകള്‍ തന്നെയാണ്.  ജനാധിപത്യ പാര്‍ട്ടികള്‍ നിലനില്‍ക്കുന്നതും പ്രവര്‍ത്തിക്കുന്നതും പാര്‍ടി പ്രവര്‍ത്തകര്‍ക്ക് വേണ്ടിയല്ല. ജനങ്ങള്‍ക്ക്‌ വേണ്ടിയാണ്. ഓരോ പാര്‍ടിയുടെയും ആശയങ്ങളും സന്ദേശങ്ങളും ജനങ്ങളിലേക്ക് എത്തിക്കുകയും ജന നന്മക്കു വേണ്ടി പ്രവര്‍ത്തിക്കുകയും ആണ് ഓരോ പാര്‍ടി പ്രവര്ത്തകന്റെയും ധര്‍മം. അത് കൊണ്ഗ്രെസ്സ് ആയാലും കമ്മ്യുണിസ്റ്റ്  ആയാലും സംഘപരിവാര്‍ ആയാലും ലീഗ് ആയാലും അങ്ങിനെ തന്നെ. പക്ഷെ ഇപ്പോഴും പാര്‍ട്ടികള്‍ക്ക് ഉള്ളില്‍  നടക്കുന്ന സംഗതികളും ചര്‍ച്ചകളും ജനങ്ങളില്‍ നിന്നും ഒളിച്ചു വെച്ച് ജനത്തെ സുഖിപ്പിക്കുന്ന  പ്രസ്താവനകള്‍ ആണ്  ഓരോ പാര്‍ട്ടിക്കാരും  നടത്തികൊണ്ടിരിക്കുന്നത്.

കണ്ടാല്‍ മുഖം തിരിക്കുന്ന നേതാക്കന്മാര്‍ നിറഞ്ഞ,  അഭിപ്രായങ്ങള്‍ക്ക് അജഗജാന്തരം  ഉള്ള സി.പി.എമ്മില്‍ വിഭാഗീയത ഉണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന്  നിര്‍ലജ്ജം പത്രക്കാരോടും ജനത്തോടും പറയും. പക്ഷെ സി.പി.എമ്മില്‍ വിഭാഗീയത ഇല്ലാത്തതു കളവു പറയുന്ന കാര്യത്തില്‍ മാത്രമാണെന്ന് ഇന്ന് ഓരോ സാധാരണ കാരനും അറിയാം.

ലീഗിന്റെ പാര്‍ടി സമ്മേളനത്തിന് ശേഷം സ്ഥിരം ആയി കേള്‍ക്കുന്ന ഒരു പ്രസ്താവനയാണ് "എല്ലാം പാണക്കാട് തങ്ങളുടെ തീരുമാനത്തിന് വിട്ടു" എന്നത്. അതും പേരും  നുണയാണ്. കേരള രാഷ്ട്രീയത്തില്‍ പാണക്കാട് തറവാട്ടിന്  മാത്രമായി എന്തെങ്കിലും തീരുമാനം എടുക്കാന്‍ കഴിയുമോ? തീരുമാനം എടുക്കുക എല്ലായിപ്പോഴും   കുഞ്ഞാലി കുട്ടി തന്നെയായിരിക്കും. പക്ഷെ പറയുന്നതോ പാണക്കാട്  തങ്ങള്‍ എല്ലാം തീരുമാനിക്കും എന്ന കളവും.

കോണ്‍ഗ്രസ്‌  മീറ്റിങ്ങുകളില്‍ അജണ്ട ഒന്നും, ചര്‍ച്ച വേറൊന്നും, തീരുമാനം മറ്റൊന്നും ആയിരിക്കും. തുടര്‍ന്ന്, പത്രക്കാരോടും ജനത്തോടും വിശദീകരിക്കുന്നത് ഇതൊന്നും അല്ലാത്ത മറ്റു  എന്തെങ്കിലും ഒക്കെ ആയിരിക്കുകയും ചെയ്യും. പത്ര സമ്മേളനത്തിലെ വിശദീകരണം കേള്‍ക്കുമ്പോള്‍  തങ്ങള്‍ ഉള്‍പെട്ട മീറ്റിങ്ങില്‍ എടുത്ത തീരുമാനം ആണോ ഇതെന്ന രീതിയില്‍ അന്തം വിട്ടിരിക്കുന്നത് കാണാം - ചില സാധുക്കള്‍. ചിലപ്പോഴെങ്കിലും പ്രതികരിക്കുന്നത് വി.എം.സുധീരന്‍ മാത്രവും! ഓരോ നേതാവും ഓരോ ഗ്രൂപ്പ്‌ ആയ കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ ഓരോരോ വഴിക്കായിരിക്കും എങ്കിലും തീരുമാനം ഏകഖണ്ഡം ആയിട്ടാണെന്ന് പച്ച കള്ളം പത്രക്കാര്‍ക്ക് മുന്നില്‍ എഴുന്നുള്ളിക്കാന്‍ പ്രസിടെന്റിനു ഒരു മനസാക്ഷി കുത്തും ഉണ്ടാവാറില്ല.

പത്ര സമ്മേളനം വിളിച്ചിട്ട് "ലീഗിന് അഞ്ചു മന്ത്രി സ്ഥാനം യൂ.ഡി.എഫ് സര്‍ക്കാരില്‍ ഉണ്ടാകും" എന്ന് പോയ നിയമ സഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രസ്താവിച്ച പാണക്കാട് തങ്ങള്‍ക്കു അറിയാം - അതൊരു വെറും വാക്കാണെന്നും അങ്ങിനെ ഒരു തീരുമാനം എടുത്തിട്ടില്ല എന്നും. എന്നിട്ടും യാതൊരു വിധ ഭാവ വിത്യാസവും ഇല്ലാതെ ആണ് ആ പ്രസ്താവന ലീഗിന്റെ ആത്മീയ നേതാവ് പുറപ്പെടുവിച്ചത്. മഞ്ഞളാം കുഴി അലിയുടെ അനുയായികളെ തൃപ്തി പെടുത്താന്‍ അങ്ങിനെ ഒരു പ്രസ്താവന ലീഗ് നേതാവിന് വേണ്ടി വന്നു എന്നതാണ് വസ്തുത. ആത്മീയ നേതാവും കേരളത്തില്‍ ഗീബല്സീയന്‍ പ്രഭാവത്തില്‍ തന്നെ! ആ കളവിന്റെ തുടര്‍ കളവുകള്‍ ഇടയ്ക്കിടയ്ക്ക് ഇപ്പോഴും അലയടിക്കുന്നത് കേള്‍ക്കാം.

പോയ സര്‍ക്കാരിന്റെ കാലത്ത് അവസാനം ആയി അവതരിപ്പിച്ച ബജറ്റില്‍ ഡോക്ടര്‍ തോമസ്‌ ഐസക് പറഞ്ഞ ഒരു ഹിമാലയന്‍ കളവായിരുന്നു നാല്‍പതിനായിരം കോടി രൂപ മുടക്കി കേരളത്തിലെ റോഡുകള്‍ നവീകരിക്കും എന്നത്. ഫണ്ട് കൊണ്ട് വരുന്നത് ഭാവിയില്‍ തുടങ്ങാന്‍ പോകുന്ന അല്‍ബറാക് ഇസ്ലാമിക് ബാങ്കില്‍ നിന്നും വായ്പ എടുത്തിട്ടും. ബാങ്ക് തുടങ്ങിയിട്ട് പോലും ഇല്ല. ഇല്ലാത്ത ബാങ്കില്‍ നിന്നും കിട്ടാത്ത വായ്പ കൊണ്ട് കേരളത്തിന്റെ റോഡു വികസനം. കളവാണെന്ന് ഐസക്കിന് അറിയാം. എന്നിട്ടും അത് ബജറ്റില്‍ ഉള്‍പെടുത്താന്‍ തക്ക ചങ്കൂറ്റം ഉണ്ടാകുന്നത് രക്തത്തില്‍ ഗീബത്സിന്റെ പാരമ്പര്യം  ഇഴകി ചേര്‍ന്നിരിക്കുന്നത് കൊണ്ട് മാത്രമാണ്.

കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ശശി അവധിയില്‍ പ്രവേശിച്ച കാര്യം വെളുപ്പെടുത്തിയ പിണറായി വിജയന്‍റെ പത്ര സമ്മേളനത്തില്‍ കല്ല്‌ വെച്ച നുണ പറയുമ്പോഴും അദ്ധേഹത്തിന്റെ ശരീര ഭാഷയില്‍ ഒരു വ്യതിയാനവും ഉണ്ടായിരുന്നില്ല. പെണ്‍ കേസില്‍ സഖാവിനെ പുറത്താക്കുക ആയിരുന്നു എന്ന പകല്‍ പോലത്തെ സത്യം മറച്ചു വെച്ച് എത്ര തന്മയത്വത്തോടെ ആണ് പാര്‍ട്ടി  സെക്രട്ടറി പത്രക്കാരുടെയും ജനങ്ങളുടെയും മുന്നില്‍ പച്ച കള്ളം പറഞ്ഞത്. അതേ കള്ളം അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കൊടിയേരിയും അതേ പടി ആവര്‍ത്തിച്ചു. നട്ടാല്‍ കുരുക്കാത്ത നുണ പറയുന്നത് നാടിന്റെ ആഭ്യന്തര മന്ത്രി ആയിരുന്നു എന്നോര്‍ക്കണം!

കളവുകളില്‍ നിന്നും കളവുകളിലെക്കുള്ള ഞാണിന്‍മേല്‍ കളിയാണ് ഇന്നത്തെ കേരള രാഷ്ട്രീയം.  അഴിമതി ആരോപണങ്ങള്‍ പോലും കല്ല്‌ വെച്ച നുണകള്‍ ആണ്. കൃത്യമായി സംഭവിക്കുന്ന  അഴിമതികള്‍ പുറത്ത് വരാതിരിക്കാന്‍ ഓരോരുത്തരും പരസ്പരം സഹായിക്കുകയും ചെയ്യും. ഇല്ലാത്ത അഴിമതികഥകള്‍ വിളിച്ചു പറഞ്ഞു കോലാഹലം ഉണ്ടാക്കി യഥാര്‍ത്ഥ അഴിമതികളെ മറച്ചു വെക്കാനാണ് നേതാക്കന്മാര്‍ പരസ്പരം ശ്രമിക്കുന്നത്. അഴിമതിയില്‍ മുങ്ങി കേരളം നില്‍ക്കുമ്പോഴും ഒരു അഴിമതിക്കാരും പിടിക്കപെടാത്തതും ശിക്ഷിക്കപെടാത്തതും ആരോപിക്കുന്നവരും ഇരകളും തമ്മിലുള്ള ഇഴയടുപ്പം കൊണ്ടാണ്.

നാസി ജര്‍മനിയോടും അഡോള്‍ഫ് ഹിട്ലരോടും ദേശീയ സോഷ്യലിസത്തോടും ഗീബല്സിനു കൂറ് ഉണ്ടായിരുന്നു. താന്‍ വിശ്വസിച്ച പ്രത്യായ ശാസ്ത്രത്തിനും ജനതക്കും നേതാവിനും വേണ്ടിയാണ് ഗീബല്സ് കളവുകള്‍ പ്രചരിപ്പിച്ചു കൊണ്ടേയിരുന്നത്. പക്ഷെ ഭൂമി മലയാളത്തിലെ ഗീബത്സിന്റെ ജാര സന്തതികള്‍ക്ക് കൂറ് തങ്ങളുടെ കീശകളോട് മാത്രമാണ്. തങ്ങളുടെ തല്പര്യങ്ങളോട് മാത്രമാണ്. ജനതയോടോ,അണികളോടോ, എന്തിനു ആശ്രിതരോടോ പോലും ലവലേശം ആത്മാര്‍ഥതയോ  സ്നേഹമോ താല്പര്യമോ ഉണ്ടെന്നു തെറ്റിദ്ധരിക്കേണ്ട. ഗീബല്സും മലയാള രാഷ്ട്രീയവും തമ്മില്‍ അല്പം എങ്കിലും വേറിട്ട്‌ നില്‍ക്കുന്നത് ഇക്കാര്യത്തില്‍ ആണ് താനും. അവിടെയും ഭേതം ഗീബല്സു ആണ്!

നുണപരിശോധനാ യന്ത്രങ്ങള്‍ക്കു  പോലും കേരള രാഷ്ട്രീയത്തിലെ നുണകളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയില്ല. നുണ പറയുമ്പോള്‍ ഉണ്ടാകുന്ന തലച്ചോറിന്റെ  വ്യതിയാനങ്ങള്‍ ആണല്ലോ നുണ പരിശോധനാ യന്ത്രത്തിന്റെ വിജയത്തിന് അടിസ്ഥാനം. ഗീബത്സിന്റെ നുണകള്‍ ഗീബല്സിനെ സംബന്ധിച്ചിടത്തോളം സത്യം ആയതിനാല്‍ ശരീര ചലനങ്ങളിലും തലച്ചോറിലും ഒരു വ്യതിയാനവും ഉണ്ടാക്കില്ല. കേരളത്തിന്റെ  രാഷ്ട്രീയ നേതാക്കന്മാരെ നുണ പരിശോധനക്ക് വിധേയം ആക്കിയാലും സ്ഥിതി അതായിരിക്കും. നുണ പരിശോധനാ യന്ത്രം നാണിച്ചു തല താഴ്ത്തും. 

5 comments:

HIFSUL said...

ഗീബല്‍സ് നാണിച്ചുപോകുന്ന നുണകള്‍ പറയുന്ന നമ്മുടെ "സ്വന്തം" നേതാക്കള്‍...

പതിമൂന്നാം പാരഗ്രാഫിലെ അവസാന ഭാഗത്തെ "രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി" എന്നത് "സസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രി" എന്ന ഒരു ചെറിയ തിരുത്ത് നടത്തിയാല്‍ നനന്നായിരുന്നു..

പോസ്റ്റു നന്നായിട്ടുണ്ട്,,,ആശംസകള്‍

Pheonix said...

ഈ രാഷ്ട്രീയ ഊച്ചാളി കൂട്ടുകെട്ടിന്റെ ഫലമായിരിക്കാം ലാവ്‌ലിന്‍ കേസില്‍ കാര്‍ത്തികേയനൊപ്പം പിണറായി സഖാവും കുറ്റം ചെയ്തിട്ടില്ല എന്ന നിലയിലേക്ക് സംഗതികള്‍ വരുന്നത്.

അഞ്ചല്‍ക്കാരന്‍ said...

ഹിഫ്സുല്‍,
തെറ്റ് ശ്രദ്ധയില്‍ പെടുത്തിയതിനു നന്ദി. തിരുത്തിയിട്ടുണ്ട്.

അഞ്ചല്‍ക്കാരന്‍ said...

ഫിയോനിക്സ്,
തീര്‍ച്ചയായും. അഴിമതി ആരോപണങ്ങള്‍ എല്ലാം ആരോപണങ്ങള്‍ക്ക് വേണ്ടി മാത്രം ഉള്ളവയാണ്. അതിപ്പോ ലാവ്ലിന്‍ കേസ് ആണെങ്കിലും പെണ്‍ വാണിഭം ആണെങ്കിലും.

Anonymous said...

Read
http://indianrealist.wordpress.com/2010/01/16/mullaperiyar-dam-controversy-and-sabarimala/

There is lot more to 'chapath' struggle.