Saturday, July 29, 2017

പരിശീലക അല്ലാത്ത പീ.ടീ. ഉഷ പരിശീലക ആകുമ്പോൾ...

പരിശീലക എന്ന നിലയിൽ പീ.ടി. ഉഷ ആഡിറ്റ് ചെയ്യപ്പെടാൻ സാഹചര്യം ഒരുക്കപ്പെട്ടു എന്നതാണ് ആഗോള അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ നിന്നും ചിത്ര തഴയപ്പെട്ടതോടെ സംഭവിച്ച ഏറ്റവും ഗുണപരം ആയ കാര്യം. രണ്ടായിരത്തി രണ്ടിൽ കൊട്ടിഘോഷിച്ച് പ്രവർത്തനം ആരംഭിച്ച പീ.ടി. ഉഷയുടെ കായിക പരിശീലന കേന്ദ്രം കഴിഞ്ഞ പതിനഞ്ച് വര്ഷം കൊണ്ട് കായിക ഭാരതത്തിനു എന്ത് സമ്മാനിച്ചു എന്ന് പഠിക്കാൻ ശ്രമിക്കുന്ന ഒരാൾ ചെന്നെത്തുക ടിന്റു ലൂക്ക എന്ന കായിക താരത്തിന് മുന്നിൽ ആയിരിക്കും. അവിടുന്ന് അങ്ങോട്ട് പിന്നെ യാത്ര ഇല്ല. എല്ലാം അവിടെ അവസാനിക്കും.
.
പീ.ടീ. ഉഷയുടെ ശിക്ഷണത്തിൽ തിളങ്ങിയ കായിക താരങ്ങൾ ആരൊക്കെയാണ്? എത്ര പേർ അന്താരാഷ്ട്രാ വേദിയിൽ വെന്നിക്കൊടി പാറിച്ചു? ദേശീയ നിലവാരത്തിലേക്ക് പീ.ടീ. ഉഷ ഉയർത്തി കൊണ്ട് വന്ന താരങ്ങൾ എത്ര? സംസ്ഥാന തലത്തിൽ ഉഷാ സ്‌കൂളിൽ നിന്നും വിജയ സോപാനം കയറിയവർ  എത്ര? എല്ലാത്തിനും കൂടി കേന്ദ്ര, സംസ്ഥാന, പ്രാദേശിക ഭരണകൂടങ്ങൾ ചിലവഴിച്ച തുക എത്ര? ആ തുകയ്ക്ക് ആനുപാതികം ആയ നേട്ടം ഉഷ രാജ്യത്തിനു സമ്മാനിച്ചിട്ടുണ്ടോ? ചോദ്യങ്ങൾ ഉഷയോടു ചോദിച്ചാൽ ഇപ്പോൾ ദൃശ്യമാധ്യമങ്ങൾക്ക് മുന്നിൽ മുഖം തിരിച്ച പോലെ  സമൂഹത്തിനു മുന്നിൽ നിന്നും ഉഷയ്ക്ക് ഓടി ഒളിക്കേണ്ടി വരും.
.
പീ.ടീ. ഉഷയുടെ ശിക്ഷണത്തിൽ രാജ്യാന്തര തലത്തിൽ ഉയർന്നു വന്നതിൽ ഏറ്റവും മുന്നിൽ അർജുന അവാർഡ് നേടിയ ഒളിമ്പ്യാൻ ടിന്റു ലൂക്ക തന്നെ. അതും  ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻ ഷിപ്പിൽ സ്വർണം നേടിയ വിജയത്തിന് അപ്പുറം ഒരു മെഡൽ നേടാൻ പീ.ടീ. ഉഷയുടെ ഈ സ്റ്റാർ പെർഫോമറിന് കഴിഞ്ഞിട്ടും ഇല്ല. ഒളിമ്പിക്സിൽ പങ്കെടുത്തപ്പോഴും  നാൽപത്തി ഒമ്പതാം (സെമി ഫൈനൽ രണ്ടാം ഹീറ്റിൽ അഞ്ചാം സ്ഥാനം) എത്തിക്കാൻ മാത്രമേ ഉഷയ്ക്ക് തന്റെ എക്കാലത്തെയും ഏറ്റവും കഴിവുള്ള കായിക താരത്തെയും  കഴിഞ്ഞിട്ടുള്ളൂ.. ഉഷയുടെ ട്രാക്ക് ആൻഡ് ഫീൽഡ് കാലത്ത് തനിക്ക് നഷ്ടപ്പെട്ടു എന്ന് അവർ വിലപിച്ചിരുന്ന എല്ലാ സൗകര്യങ്ങളും ലഭ്യമാക്കി കൊടുത്തിട്ടും ടിന്റുവിനെ ആ കായിക താരം അർഹിക്കുന്ന തലത്തിലേക്ക് എത്തിക്കാൻ പീ.ടി. ഉഷയ്ക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയം ആണ്.
.
ടിന്റു ലൂക്ക മുതൽ ടിന്റു ലൂക്ക വരെ. ഉഷ സ്‌കൂൾ ഓഫ് അത്ലറ്റിക്സിന്റെ നേട്ടം അങ്ങിനെ സംഗ്രഹിക്കാം.
.
പിന്നെ താഴേക്ക് വന്നാൽ ജെസ്സി ജോസഫ്, ഷഹർബാന, ആബിദ, ജിസ്ന. അവിടെ തീർന്നു! ഉഷയുടെ ശിക്ഷണത്തിൽ അന്താരാഷ്‌ട്ര തലത്തിൽ സാനിദ്ധ്യം അറിയിച്ചവർ നാലേ നാലു പേർ! വീണ്ടും താഴേക്ക് വന്നാൽ ദേശീയ നിലവാരത്തിലേക്ക് എത്തിയവർ സ്നേഹയും, അതുല്യയും, ബിസ്മിയും സൂര്യ മോളും. അവിടം കൊണ്ട് ആ ലിസ്റ്റിനും ഫുൾ സ്റ്റോപ്പ് . സംസ്ഥാന തലത്തിൽ വെന്നിക്കൊടി പാറിച്ചവർ വെറും അഞ്ചു പേർ. അന്താരാഷ്‌ട്ര നിലവാരത്തിൽ ഉള്ള കായിക പരിശീലന കേന്ദ്രം കഴിഞ്ഞ പതിനഞ്ച് വർഷം രാജ്യത്തിനു വേണ്ടി അടവെച്ചു വിരിയിച്ച കായിക താരങ്ങൾ.! തുലച്ച് കൊണ്ടിരിക്കുന്ന ശതകൊടികളെ നീതീകരിക്കുന്ന റിസൾട്ട് ആണോ ഇതു?
.
പീ.ടീ. ഉഷ നല്ല അത്ലറ്റ് ആണ്. അത് പക്ഷേ ലോസേഞ്ചൽസ് ഒളിമ്പിക്സിലെ നാലാം സ്ഥാനം കൊണ്ടല്ല. 1984 ഒളിംപിക്സ് സോവിയറ്റ്  ബഹിഷ്ക്കരിച്ചിരുന്നു. ലോസേഞ്ചൽസ് ട്രാക്കിൽ സോവിയറ്റ് യൂണിയൻ എത്തിയിരുന്നു ഏങ്കിൽ കൊട്ടിപ്പാടുന്ന നാലാമതു സ്ഥാനം ഇപ്പോൾ ശിഷ്യയുടെ ഒളിമ്പിക്സ് റാങ്കിന് അടുത്ത് എവിടെ എങ്കിലും ആയിരുന്നിരിക്കും ഉണ്ടാവുക. എന്നാലും അതിനെ കുറച്ചു കാണുന്നില്ല. റാങ്കോ മെഡലോ അല്ല പങ്കെടുക്കുക എന്നത് തന്നെ ഒളിമ്പിക്സിന്റെ മഹത്വം. അത് പോലെ തന്നെയാണ് ചിത്ര ലോക ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കണം എന്ന് ആഗ്രഹിക്കുന്നതും. അത് മെഡൽ നേടും എന്ന പ്രതീക്ഷ കൊണ്ടല്ല. അങ്ങിനെയുള്ള വേദികളിൽ പങ്കെടുക്കുന്നത് തന്നെയാണ് പ്രഥമ പരിഗണന. ഒളിമ്പിക്സിൽ പങ്കെടുത്തില്ലെങ്കിലും നാലാം സ്ഥാനത്ത് എത്തിയില്ല എങ്കിലും ഉഷ കായിക കേരളത്തിന്റെ അഹങ്കാരവും വികാരവും ആയിരുന്നു. ഏഷ്യൻ ചാമ്പ്യാൻ എന്ന നിലക്ക് തന്നെ അവർ നമുക്ക് ലോക ചാമ്പ്യൻ ആയിരുന്നു. ഇന്നും അങ്ങിനെ തന്നെ.
.
പീ.ടി. ഉഷ നല്ലൊരു അത്‌ലറ്റ് ആണ്. അല്ലെങ്കിൽ ഭാരതം കണ്ട എക്കാലത്തെയും ഏറ്റവും നല്ല അത്‌ലറ്റ് ആണ്. പക്ഷെ ഒരു നല്ല പരിശീലക അല്ല. നല്ലൊരു പരിശീലക ആയിരുന്നു പീ.ടീ. ഉഷ എങ്കിൽ അവരുടെ  സ്റ്റാർ പെർഫോർമർ നിരന്തരം മത്സരം പൂർത്തി ആക്കാതെ ട്രാക്കിൽ നിന്നും മടങ്ങില്ലായിരുന്നു. ടിന്റു ലൂക്കയെ നല്ലൊരു ഫൈറ്റർ ആക്കി മാറ്റാൻ പീ.ടി. ഉഷയ്ക്ക് കഴിഞ്ഞിട്ടില്ല. പരാജയപ്പെടും എന്ന് തോന്നുന്നിടത്ത് മത്സരം കളയുക എന്നത് ടിന്റുവിന്റെ സ്ഥിരം രീതിയാണ്. പനിയായിയുരുന്നു , വയറിളക്കം ആയിരുന്നു, ചൂട് കൂടുതൽ ആയിരുന്നു, ഉറക്കം ശെരിയായില്ലായിരുന്നു, എന്നൊക്കെ ഉള്ള ന്യായീകരണങ്ങളും  ആയി ടിന്റുവിന്റെ മത്സരശേഷം പീ.ടി. ഉഷ പത്രസമ്മേളനം നടത്തുന്നത് ഇപ്പോൾ ഒരു തരം കോമഡിയാണ്.   ഒരു അത്‌ലറ്റ് മത്സരം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുന്നത് പരിശീലകയുടെ പിടിപ്പു കേടാണ് എന്ന് പീ.ടീ. ഉഷയെ ആരും പറഞ്ഞു പഠിപ്പിക്കേണ്ടത് ഇല്ലല്ലോ.
.
പീ.ടീ. ഉഷയ്ക്ക് ഒരു കോച്ച് ആകാൻ ഉള്ള അടിസ്ഥാന പരിശീലനങ്ങൾ ലഭ്യം ആയിട്ടുണ്ടോ എന്ന് സംശയം ആണ്. സ്പ്രിന്റിൽ തനിക്ക് ലഭിച്ച പരിശീലനം ഓടാൻ ഉള്ള പരിശീലനം ആണ്. ആ പരിചയം വെച്ച് നല്ലൊരു പരിശീലക ആകാൻ കഴിയുമോ?
.
ഒരു അർത്ഥത്തിൽ ലോകോത്തര നിലവാരം ഉള്ള ടിന്റു ലൂക്കയുടെ വളർച്ചക്ക് തടയിട്ടത് പരിശീലക അല്ലാത്ത, പരിശീലിപ്പിക്കാൻ അറിയാത്ത, പരിശീലക ആകാൻ വേണ്ടുന്ന അടിസ്ഥാന പരിശീലനം ലഭ്യം ആയിട്ടില്ലാത്ത പീ.ടീ. ഉഷ തന്നെയാണ് എന്നത് എപ്പോഴെങ്കിലും പീ.ടീ. ഉഷ മനസിലാക്കുമോ? ഒരു നല്ല പരിശീലകന് നല്ല അത്‌ലറ്റ് ആകാൻ കഴിയില്ല എന്നത് പോലെ തന്നെ ഒരു  അത്‍ലറ്റിനു  നല്ല പരിശീലക ആകാനും കഴിയില്ല. പരിശീലിപ്പിക്കുക എന്നത് അധ്യാപനം ആണ്. അത് എലലാവർക്കും ലഭ്യം ആകുന്ന സംഗതി അല്ല. ട്രാക്കിൽ നിന്നും പിരിയുമ്പോൾ പീ.ടീ. ഉഷയിൽ ഒരു അധ്യാപിക ഉണ്ടായിരുന്നോ എന്ന് അവർ സ്വയം ചോദിക്കണം. അതിനു ഉത്തരം അല്ല എന്ന് തന്നെ ആയിരിക്കും അവർക്ക് ലഭിക്കുക.
.
നല്ലൊരു പരിശീലകനെ - ഗുരുവിനെ കിട്ടിയിരുന്നു എങ്കിൽ ടിന്റു ലൂക്ക ട്രാക്കിൽ അത്ഭുതങ്ങൾ കാട്ടും ആയിരുന്നു. ആ കുട്ടിയുടെ ഭാവി തുലച്ചത് പീ.ടീ. ഉഷയാണ് എന്ന് ടിന്റു ലൂക്ക നാളെ തന്റെ ആത്മകഥയിൽ എഴുതുന്ന ഒരു കാലം വരാതിരിക്കട്ടെ.
.
വെറും മണ്ണിൽ, കൊട്ടത്തറയിൽ നിന്നും നൂറു കണക്കിന് കുട്ടികളെ ഓടിച്ച് സ്വര്ണ സ്വാപാനം കയറ്റിയ കോരുത്തോട് സ്‌കൂളിലെ തോമസ് മാഷിനെ പീ.ടീ. ഉഷ മാതൃക ആക്കണം ആയിരുന്നു. ഒരു അടിസ്ഥാന  സൗകര്യവും ഇല്ലാതെ, കുട്ടികൾക്ക് അത്യാവശ്യം വേണ്ടുന്ന പോഷകാഹാരം  ഇല്ലാതെ കായിക വേദികളിൽ വെന്നിക്കൊടി പാറിക്കാൻ തോമസ് മാഷിന് കഴിഞ്ഞിട്ടുണ്ട്. കാരണം അദ്ദേഹം നല്ല ഗുരുവായിരുന്നു. പീ.ടീ. ഉഷയ്ക്ക് രാജ്യം ലഭ്യം ആക്കിയ  സൗകര്യങ്ങൾ തോമസ് മാഷിന് കിട്ടിയിരുന്നു എങ്കിൽ ട്രാക്കിൽ നിന്നും ഒളിമ്പിക്സ് സ്വർണം ഭാരതത്തിലേക്കും വിമാനം കയറും ആയിരുന്നു. പക്ഷെ പീ.ടീ. ഉഷയ്ക്ക് നൽകിയ പണം രാജ്യത്തിനു പാഴായി എന്ന് മനസിലാക്കുവാൻ ഒരു ചിത്ര വേണ്ടി വന്നു.
.
പീ.ടീ. ഉഷ അവരുടെ സ്‌കൂളിൽ പഠിപ്പിക്കാൻ അറിയാവുന്നവരെ പരിശീലനത്തിന് വെക്കണം. കുശുമ്പും കുന്നായ്മയും അസൂയയും ഈഗോയും കൊണ്ട് തന്റെ ശിഷ്യകളുടെയും മറ്റു കുഞ്ഞുങ്ങളുടെയും ഭാവി തുലക്കരുത്. പീ.ടീ. ഉഷ ഒരു നല്ല പരിശീലക അല്ലാ എന്ന് അവർ സ്വയം തിരിച്ചറിയണം. ഉഷാ സ്‌കൂൾ അങ്ങിനെ നടക്കട്ടെ. ഒരു വിരോധവും ഇല്ല. ഉഷയ്ക്ക് പ്രിന്സിപ്പാളോ മാനേജരോ ആയിരിക്കാം.  പക്ഷെ പരിശീലിപ്പിക്കാൻ അറിയുന്നവരെ അതിനു യോഗ്യത ഉള്ളവരെ  പണിക്ക് വെക്കണം.
.
നാളെ പീ.ടീ. ഉഷയ്ക്ക് ഒരു പക്ഷെ ദ്രോണാചാര്യ പുരസ്കാരം ലഭിച്ചേക്കാം. പക്ഷെ അപ്പോൾ ഭൂമി മലയാളത്തിന്റെ പൊതു ബോധത്തിന് മുന്നിൽ ഏകലവ്യനും ചിത്രയും നിറഞ്ഞു നിൽക്കും. എന്തിനു കൂടുതൽ  - ദ്രോണാചാര്യ പുരസ്കാരം ലഭിക്കാൻ ഇന്ന്  ഏറ്റവും യോഗ്യത ഉള്ള പരിശീലക എല്ലാ അർത്ഥത്തിലും പീ.ടീ. ഉഷ തന്നെ ആണ്.


No comments: